ഇതു താൻടാ പോലീസ്! – ⭐

image

പോലീസ് ഓഫ്‌ ഡ്യൂട്ടി! ⭐

ഏലത്തൂർ എന്ന മലയോര ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വനിത പോലീസ് സ്റ്റേഷനിൽ ഡ്രൈവർ ജോലിക്കായിയെത്തുന്ന ആദ്യ പുരുഷനാണ് രാമകൃഷ്ണൻ. ഏലത്തൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ അരുന്ധതി വർമ്മയും ഡ്രൈവർ ആയി ജോലിചെയ്യുന്ന രാമകൃഷ്ണനും ഒരു പ്രത്യേക ദൗത്യത്തിൽ ഏർപ്പെടുന്നു. മെട്രോ റെയിൽ മേധാവിയ്ക്ക് ഭീകരരുടെ വധഭീഷണിയെ തുടർന്ന് സുരക്ഷതിത്വം നൽക്കുക എന്നതാണ് ദൗത്യം. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് തമാശയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. രാമകൃഷ്ണനായി ആസിഫ് അലിയും അരുന്ധതിയായി അഭിരാമിയും മെട്രോ  റെയിൽ മേധാവിയായി തമ്പി ആന്റണിയും അഭിനയിച്ചിരിക്കുന്നു.
ഏലൂ ഫിലിംസിന്റെ ബാനറിൽ കെ. ആർ. മണി നിർമ്മിച്ച്‌ മനോജ്‌ പലോടാൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഇതു താൻടാ പോലീസ് സിനിമയുടെ ആദ്യ പേര് ഡ്രൈവർ ഓൺ ഡ്യൂട്ടി എന്നായിരുന്നു. സമീപകാലത്തെ ഹിറ്റ്‌ പോലീസ് സിനിമകൾ പോലെ ഈ സിനിമയും ഒരു വിജയമായിതീരട്ടെ എന്ന തോന്നലാകും തമിഴ്-തെലുങ്ക്‌ സിനിമകൾ പോലെ തോന്നിപ്പിക്കുന്ന ഇതു താൻടാ പോലീസ് എന്ന പേര് നൽകുവാൻ കാരണം.

പ്രമേയം: ⭐
പ്രത്യേകിച്ച് പ്രമേയമോ കഥയോ പുതുമകളോ ഒന്നും തന്നെ അവകാശപെടാനില്ലാതെ ഒരു സിനിമയാണ് ഇത് താൻടാ പോലീസ്. ഇത്തരത്തിലുള്ള ഒരു സിനിമ നിർമ്മിക്കാൻ മുൻപോട്ടു വന്ന കെ.ആർ.മണിയെയും, അഭിനയിക്കാൻ തയ്യാറായ അഭിരാമി-ആസിഫ് അലി എന്നിവരെയും ഈ സിനിമയിലേക്ക് ആകർഷിച്ച ഘടകം എന്താണെന്നു മനസ്സിലാകുന്നില്ല.

തിരക്കഥ: ⭐
മാവോയിസ്റ്റ് തീവ്രവാദികളുടെ ഭീഷണിയുള്ള മെട്രോ റെയിൽ മേധാവിയും അദ്ദേഹത്തിന് സുരക്ഷ നൽക്കുന്ന വനിത പോലീസുകാരും ഒരു വശത്ത്‌. ഏലത്തൂർ പോലീസ് എസ്. ഐ അരുന്ധതി വർമ്മയും ആ ഗ്രാമത്തിലെ എം.എൽ.എയും തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ എസ്.ഐ.യും തമ്മിലുള്ള ശത്രുതയും മറുവശത്ത്. ഇതിനു മാറ്റുക്കൂട്ടുവാനായി വനിത പോലീസിലെ ചിലർക്ക് രാമകൃഷ്ണനോട് തോന്നുന്ന പ്രേമം, മെട്രോ റെയിൽ മേധാവിയുടെ മകളും രാമകൃഷ്ണനും തമ്മിലുള്ള അടുപ്പം, കുറെ തമാശകളെന്നു തോന്നിപ്പിക്കുന്ന വളിപ്പുകൾ, ഒരു മസാല ഗാനം, ഒരു യുഗ്മ ഗാനം, ക്ലൈമാക്സിൽ ഒരു സംഘട്ടനം, വില്ലന്മാരെ പിടികൂടുന്നു, നായകനും നായികയും ഒന്നിക്കുന്നു. ഇതാണ് ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ! സംവിധായകൻ മനോജും രഞ്ജിത്തും ചേർന്നൊരുക്കിയ ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല.

സംവിധാനം: ⭐
മലയോര ഗ്രാമാന്തരീക്ഷം, നാട്ടിൻപുറത്തെ ക്ലീഷേ കഥാപാത്രങ്ങൾ, വനിത പോലീസ് സ്റ്റേഷനിൽ ആദ്യമായി ഒരു പുരുഷൻ ജോലിക്കായി എത്തുമ്പോൾ സംഭവിക്കാവുന്ന കോമാളിത്തരങ്ങൾ, നായകനെ പ്രേമിക്കനായി മാത്രം നടക്കുന്ന ചിരിച്ചു കളിച്ചു നടക്കുന്ന നായിക, വില്ലന്മാരെ ബുദ്ധികൊണ്ട് നേരിടുന്ന കൗശലക്കരനായ നായകൻ, മസാല പാട്ടും നൃത്തവും, ശുഭപര്യവസായിയായ കഥയുടെ അവസാനം തുടങ്ങിയ ചേരുവകൾ ചേർത്താൽ സിനിമ വിജയിക്കുമെന്ന് നിർമ്മാതാവിനെയും അഭിനേതാക്കളെയും വിശ്വസിപ്പിച്ചു എന്ന കാര്യത്തിൽ അഭിമാനിക്കാം മനോജ്‌ പലോടന്. ഇതു താൻടാ ഡയറക്ടർ!

സാങ്കേതികം: ⭐
ഹരി നായരുടെ ചായഗ്രഹണവും സംജിത് ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നു. സംവിധായകൻ നിർദേശിച്ച രംഗങ്ങൾ പകർത്തി അവയെല്ലാം കോർത്തിണക്കി 2 മണിക്കൂർ സിനിമയാക്കി എന്നലാതെ മറ്റൊന്നും ഹരി നായരും സംജിതും ചെയ്തിട്ടില്ല. പാട്ടെന്നു തോന്നിപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ ചിട്ടപെടുത്തിയത് സുമേഷ് പരമേശ്വർ ആണ്. റഫീക്ക് അഹമ്മദ്, സന്തോഷ്‌ വർമ്മ എന്നിവരാണ് ഗാനരചന. പോലീസ് ഉദ്യോഗസ്ഥരുടെ പദവിക്കനുസരിച്ചിട്ടുള്ള യൂണിഫോം നൽകാതിരുന്നത് ഷീബ മണിശങ്കറിന്റെ വസ്ത്രാലങ്കാരത്തിലെ പിഴവുകളിൽ ഉൾപ്പെടുന്നു. പ്രദീപ്‌ രംഗന്റെ മേയ്ക്കപ്പും ചിലയിടങ്ങളിൽ ബോറായി അനുഭവപെട്ടു.

അഭിനയം: ⭐⭐
ആസിഫ് അലി, അഭിരാമി, ജനനി അയ്യർ, സുനിൽ സുഖദ, സുധീർ കരമന, തമ്പി ആന്റണി, ഷാജു ശ്രീധർ, സജിത മഠത്തിൽ, നീന കുറുപ്പ്, ശ്രുതി ലക്ഷ്മി, കൃഷ്ണപ്രഭ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അവരവരുടെ കഥാപാത്രങ്ങൾ അഭിനയിച്ചു അവസാനിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും ചെയ്യുവാനില്ല ഒരു അഭിനേതാവിനും. ഈ നിലവാരമില്ലാത്ത സിനിമകളിൽ എന്തു കാരണത്താലാണ് അഭിനയിക്കുവാൻ മേൽപറഞ്ഞ അഭിനേതാക്കളെ പ്രേരിപ്പിക്കുന്നത്.

വാൽക്കഷ്ണം: ചിത്രീകരണ വേളയിൽ  സംവിധായകനും നിർമ്മാതാവും സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ഓഫ്‌ ഡ്യൂട്ടിയായിരുന്ന ഒരു സിനിമ!

സംവിധാനം: മനോജ്‌ പലോടൻ
നിർമ്മാണം: ഏലു ഫിലിംസ്
രചന: മനോജ്‌-രഞ്ജിത്ത്
ചായാഗ്രഹണം: ഹരി നായർ
ചിത്രസന്നിവേശം: സംജിത്
ഗാനരചന: റഫീക്ക് അഹമ്മദ്, സന്തോഷ്‌ വർമ്മ
സംഗീതം: സുമേഷ് പരമേശ്വർ
വസ്ത്രാലങ്കാരം: ഷീബ മണിശങ്കർ
മേയ്ക്കപ്പ്: പ്രദീപ്‌ രംഗൻ
വിതരണം: ഏലു ഫിലിംസ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s