ഒരു മുറൈ വന്ത് പാർത്തായാ – ⭐⭐

image

ഒരു മുറൈ വന്ത് പാരുങ്കെ സന്തോഷമാ പോങ്കെ! – ⭐⭐

മല്ലാപുരം എന്ന കേരളത്തിലെ ഒരു ഗ്രാമം. ബിരുദ്ധധാരിയായ പ്രകാശനാണ് ആ ഗ്രാമത്തിലെ ഏക എലക്ട്രീഷ്യൻ. വിവാഹപ്രായമെത്തിയ പ്രകാശന് ജാതകത്തിൽ ദോഷമുള്ളതിനാൽ വിവാഹം നടക്കുന്നില്ല. വീട്ടുക്കാരും കൂട്ടുകാരും അറിയാതെ പ്രകാശൻ അശ്വതിയെ പ്രണയിക്കുന്നു. പ്രകാശന്റെ ജീവിതത്തിലേക്ക് ഒരു രാത്രി പാർവതി എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്ന് പ്രകാശന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് പുതുമുഖം സാജൻ കെ. മാത്യു സംവിധാനം ചെയ്ത ഒരു മുറൈ വന്ത്‌ പാർത്തായാ എന്ന സിനിമയുടെ കഥ.

പ്രകാശനായി ഉണ്ണി മുകുന്ദനും, പാർവതിയായി പ്രയാഗ മാർട്ടിനും, അശ്വതിയായി സനുഷയും അഭിനയിച്ചിരിക്കുന്നു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ്  ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌.

പ്രമേയം: ⭐
കഥാനായകനും ഒരുപറ്റം സുഹൃത്തുക്കളും, കഥാനായകന്റെ പ്രണയവും, നിഷകളങ്കരായ ഗ്രാമനിവാസികളും, വർഷാവർഷം അവിടെ നടക്കുന്ന കായിക മത്സരവും ഒക്കെ 90കളിലെ മലയാള സിനിമയിൽ സജീവമായ കഥ പശ്ചാത്തലമായിരുന്നു. അപ്രതീക്ഷിതമായ സാഹചര്യത്തിൽ നിഗൂഡ ലക്ഷ്യങ്ങളുമായി വരുന്ന മറ്റൊരു പെൺകുട്ടി നായകന്റെ കൂടെ സന്തതസഹാചാരിയകുകയും ചെയ്യുമ്പോൾ അത്യന്തം രസകരമായ ഒരു ത്രികോണ പ്രണയകഥയകുമെന്ന് പ്രേക്ഷകർ കരുതും. എന്നാൽ, പ്രണയകഥയെന്നു തോന്നിപ്പിച്ചു മറ്റൊരു തലത്തിലേക്ക് ഈ സിനിമയുടെ കഥ ചെന്നെത്തുന്നു. ഈ 21നാം നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ, സംവിധായകൻ ഉദ്ദേശിച്ചത് ഒരു കെട്ടുകഥയാകം എന്ന് കരുതാം. എന്നിരുന്നാലും സിനിമയിലുടനീളം കഥയുടെ വിശ്വസനീയത ഒരു ചോദ്യമായി പ്രേക്ഷകരുടെ മനസ്സിലുണ്ടാകുമെന്നുറപ്പ്.

തിരക്കഥ: ⭐⭐
നവാഗതനായ അഭിലാഷ് ശ്രീധരനാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്ഥിരം കാഴ്ചകളായി മുൻപോട്ടു പോകുന്ന ആദ്യപകുതി പ്രവചിക്കാനാവുന്നതും കണ്ടുമടുത്തതും തന്നെ. അപ്രതീക്ഷിത ട്വിസ്റ്റൊടെ ആദ്യപകുതി അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആകാംഷയുണ്ടാക്കുവാൻ കഥാസന്ദർഭങ്ങൾക്ക് സാധിച്ചു. സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങളും സുപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ ആകാംഷയോടെ കണ്ടിരുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള തമാശകളില്ല എന്നത് വലിയൊരു ആശ്വാസമാണ്. സുരാജ് വെഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രവും കഥാസന്ദർഭങ്ങളും രസകരമായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സും പ്രവചിക്കാനാവുന്നതായിരുന്നുവെങ്കിലും വ്യതസ്ഥ രീതിയിലായി അവതരിപ്പിച്ചത് പുതുമ നൽകി.

സംവിധാനം: ⭐⭐⭐
പുതുമുഖം സാജൻ കെ. മാത്യുവിന്റെ സംവിധാനമികവ് ഒന്നുകൊണ്ടു മാത്രമാണ് അവിശ്വസനീയമായ ഒരു പ്രമേയവും കഥയും രസകരമായി പ്രേക്ഷകർക്ക്‌ തോന്നിയത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന സത്യസന്ധമായ ഹാസ്യരംഗങ്ങളും, കണ്ണിനു കുളിർമ്മയേകുന്ന ലൊക്കേഷനുകളും, നല്ല പാട്ടുകളും, കഥാപാത്രങ്ങൾക്ക് അനിയോജ്യരായ അഭിനേതാക്കളും അങ്ങനെ എല്ലാ ഘടഗങ്ങളും ഒത്തുചേർന്നു വന്നത് സംവിധായകന് തുണയായി. രണ്ടാം പകുതിയിലെ സന്ദർഭങ്ങൾ പതിഞ്ഞ താളത്തിലായത് പ്രേക്ഷകരെ ബോറടിപ്പിച്ചു. എന്നാലും സിനിമയുടെ അവസാനം വരെ ഒരു ആകാംഷ ജനിപ്പിക്കുവാൻ സംവിധായകന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം.

സാങ്കേതികം: ⭐⭐⭐
അവിശ്വസനീയമായ ഒരു കഥയെ കെട്ടുകഥ എന്ന് വിശേഷിപ്പിക്കാമെങ്കിലും അതു രസകരമായി പ്രേക്ഷകർക്ക്‌ ഇഷ്ടപെടുന്ന രീതിയിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതിനു സംവിധായകനെ സഹായിച്ച വ്യക്തികളാണ് ചായഗ്രാഹകനും സംഗീത സംവിധായകനും. ധനേഷ് രവീന്ദ്രനാഥ് പകർത്തിയ രംഗങ്ങൾ മികവുറ്റതായിരുന്നു. അവയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം നൽക്കുവാൻ വിനു തോമസിന് സാധിച്ചു.
അഭിലാഷ് ശ്രീധരന്റെ വരികൾക്ക് വിനു തോമസ്‌ ഈണമിട്ട 4 ഗാനങ്ങളും മികവു പുലർത്തി. മുഴുതിങ്കൾ എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവും മികച്ചതായി അനുഭവപെട്ടത്‌. ബിബിൻ പോൾ സാമുവലാണ് രംഗങ്ങൾ കോർത്തിണക്കിയത്. രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും പതിഞ്ഞ താളത്തിൽ പറഞ്ഞുപോയത്‌ പ്രേക്ഷകരെ മുഷിപ്പിച്ചു. എം.ബാവയാണ് ഈ സിനിമയ്ക്ക് വേണ്ടി പഴയ കാലഘട്ടം ഒരുക്കിയത്. സജി കാട്ടാക്കടയുടെ മേയിക്കപ്പും മാഫിയ ശശിയുടെ ഗുസ്ത്തി മത്സരത്തിലെ സംഘട്ടന രംഗങ്ങളും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
വിക്രമാദിത്യനു ശേഷം ഉണ്ണി മുകുന്ദന് ലഭിച്ച നായക കഥാപാത്രങ്ങളിൽ മികച്ചതാണ് ഈ സിനിമയിലെ പ്രകാശൻ. തനിക്കാവുന്ന രീതിയിൽ പ്രകാശനെ അവതരിപ്പിക്കുവാൻ ഉണ്ണിയ്ക്ക് സാധിച്ചു. പിസാസ് എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രയാഗ മാർട്ടിൻ പാർവതി എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു. സുധി കോപ്പയും പ്രശാന്ത്‌ ഡോമിനികും സാദിക്കും ബിന്ദു പണിക്കരും അവരവരുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്‌, കലാഭവൻ നാരായണൻകുട്ടി, കൊച്ചുപ്രേമൻ, സാബുമോൻ, സനൂഷ, സീമ ജി.നായർ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: ഒരു വട്ടം കുടുംബസമേതം കണ്ടു ചിരിക്കാം പിന്നെ മറക്കാം!

സംവിധാനം: സാജൻ കെ. മാത്യു
നിർമ്മാണം: സിയാദ് കോക്കർ
രചന: അഭിലാഷ് ശ്രീധരൻ
ചായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്
ചിത്രസന്നിവേശം: ബിബിൻ പോൾ സാമുവൽ
സംഗീതം: വിനു തോമസ്‌
കലാസംവിധാനം: എം.ബാവ
വസ്ത്രാലങ്കാരം: ഷീബ
മേയിക്കപ്പ്: സജി കാട്ടാക്കട
സംഘട്ടനം: മാഫിയ ശശി
വിതരണം: കോക്കേഴ്സ് ത്രു കലാസംഘം

സ്കൂൾ ബസ്‌ – ⭐⭐

image

ദിശതെറ്റി സഞ്ചരിക്കുന്ന സ്കൂൾ ബസ്‌ -⭐⭐

“മനുഷ്യന് പ്രകൃതിയുടെ മേൽ ഉള്ളതുപോലെതന്നെ, പ്രകൃതിയ്ക്ക് മനുഷ്യന്റെ മേലും ഒരു തിരഞ്ഞെടുപ്പുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു” – ദത്താപഹാരം(വി.ജെ.ജയിംസ്)

സഹ്യന്റെ വനാന്തരങ്ങളിൽ നിന്ന് ഇനിയും കണ്ടെത്തപെടാത്ത ഒരു കിളിയുടെ ശബ്ദത്തിന് കാതോർത്ത് കാടിന്റെ വന്യസൗന്ദര്യത്തിലേക്ക് കൂപ്പുകുത്തി മറഞ്ഞുപോയ ഫ്രെഡി റോബർട്ട് എന്ന കൗമാരക്കരന്റെ കഥയാണ് വി.ജെ.ജയിംസിന്റെ ദത്താപഹാരം എന്ന നോവലിലൂടെ പറയുന്നത്.

മാതാപിതാക്കളുടെയും സ്കൂളിലെ അധ്യാപകരുടെയും ശകാരം കേട്ടുമടുത്ത അജോയ് ജോസഫ്‌ എന്ന സ്കൂൾ വിദ്യാർഥി ഒരു പ്രത്യേക സാഹചര്യത്തിൽ ഒളിച്ചോടുന്നു. ആ യാത്രയിലൂടെ അവനും, അവനെ നഷ്ടപെടുന്ന അവസ്ഥയിലെത്തുമ്പോൾ അവന്റെ മാതാപിതാക്കളും തിരിച്ചറിയുന്ന വസ്തുതകൾ ഇന്നത്തെ കാലഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന യഥാർത്യങ്ങളാണെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നു.

ബോബി-സഞ്ജയ്‌ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ്‌ എന്ന സിനിമയിലൂടെ കാലികപ്രസകതിയുളള ഒരു വിഷയമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്. ആകാശ് മുരളീധരൻ, അഞ്ജലീന റോഷൻ, ജയസുര്യ, കുഞ്ചാക്കോ ബോബൻ, അപർണ്ണ ഗോപിനാഥ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

പ്രമേയം: ⭐⭐⭐
മാതാപിതാക്കൾ ഏർപ്പെടുത്തുന്ന അമിത നിയന്ത്രണങ്ങളാൾ കുട്ടികൾക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവും, സ്കൂളുകളിലെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് കുട്ടികൾക്ക് നൽക്കുന്ന ശിക്ഷകളും അവരുടെ മനസ്സിനെയും ചിന്തകളെയും മോശമായി ബാധിക്കാറുണ്ട് എന്ന് തിരിച്ചറിയുന്ന എത്ര മാതാപിതാക്കളും സ്കൂൾ അധികൃതരും സമൂഹത്തിലുണ്ട് എന്ന വിഷയമാണ് ഈ സിനിമയിലൂടെ ബോബി-സഞ്ജയ്‌ ടീം അവതരിപ്പിക്കുന്നത്‌. കൗമാര പ്രായമെത്തുന്ന കുട്ടികൾ അവരുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാണോ എന്ന് അന്വേഷിച്ചുനടക്കുന്നത്‌ അറിയുവാനും, അവരുടെ മനസ്സിൽ തോന്നുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം പറഞ്ഞുകൊടുക്കുവാനും മാതാപിതാകൾക്ക് സമയമില്ല. ഇത്തരത്തിലുള്ള ഒരു പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐⭐
ശക്തമായ പ്രമേയങ്ങൾ വിശ്വസനീയമായ കഥയുടെ രൂപത്തിൽ അതിശയോക്തിയില്ലാത്ത  കഥാസന്ദർഭങ്ങളിലൂടെ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുവാൻ ബോബി-സഞ്ജയ്‌മാരോളം കഴിവുള്ള തിരക്കഥരചയ്താക്കൾ നവയുഗ മലയാള സിനിമയിലില്ല. പക്ഷെ, മേല്പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റിപോയ അവസ്ഥയാണ് സ്കൂൾ ബസ്‌ എന്ന സിനിമയുടെ കാര്യത്തിൽ സംഭവിച്ചത്. ഒരു പ്രമേയത്തിൽ ഉറച്ചുനിൽക്കുന്നതിനു പകരം രണ്ടു പ്രമേയങ്ങളിലും കൈവെച്ചു രണ്ടും മുഴുവനാക്കാൻ പറ്റാത്ത പാന്തിവേന്ത അവസ്ഥയിലായി ഈ സിനിമയുടെ തിരക്കഥ. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദർഭങ്ങളിലൂടെ വികസിക്കുന്ന കഥയിൽ ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ബാക്കിയാവുന്നു. സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങൾ അവിശ്വസനീയമായി തോന്നിപ്പിച്ചു. മാതാപിതാക്കൾ എന്ന നിലയിൽ ഇരുവരും ചെയ്ത തെറ്റുകൾ ഏറ്റുപറയുന്ന സംഭാഷണമൊഴികെ വേറൊരു സംഭാഷണം പോലും മികവു പുലർത്തിയില്ല. ബോബി സഞ്ജയ്‌ ടീമിന്റെ സമീപകാലത്തെ ഏറ്റവും മോശം തിരക്കഥകളിൽ ഒന്നാണ് ഈ സിനിമയുടെത്.

സംവിധാനം: ⭐⭐
ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. അദ്ദേഹത്തിന്റെ ഓരോ സിനിമകളിലൂടെ പ്രേക്ഷകർക്ക്‌ ഉൾകൊള്ളുവാനാകുന്ന ഒരു സന്ദേശമുണ്ടായിരിക്കും. കുട്ടികൾക്ക് വേണ്ടി അച്ഛനും അമ്മയും സമയം കണ്ടെത്തണമെന്നും, സ്വാന്ത്ര്യത്തോടെ അവരെ വളർത്തണമെന്നും തുടങ്ങിയ നല്ല സന്ദേശങ്ങൾ ഈ സിനിമയിലുമുണ്ട്. പക്ഷെ ആ സന്ദേശങ്ങൾ പറയുന്നതിനിടയിൽ സംവിധായകന്റെ സ്കൂൾ ബസ്‌ എവിടെയോവെച്ച് ദിശതെറ്റി സഞ്ചരിക്കുവാൻ തുടങ്ങി. രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങൾ കണ്ടപ്പോൾ ഈ സിനിമയിലൂടെ എന്താണ് സംവിധായകൻ പറയുവാനുദ്ദെശിച്ച വിഷയം എന്ന് സംശയിച്ചുപോയി പാവം പ്രേക്ഷകർ. സ്കൂൾ ബസ്‌ എന്ന ടൈറ്റിൽ ഈ സിനിമയ്ക്ക് നൽക്കുവാനുള്ള കാരണവും മനസ്സിലാകുന്നില്ല. ദ്വയാർത്ഥ പ്രയോഗങ്ങലുള്ള തമാശകളോ യുക്തിയെ ചോദ്യം ചെയ്യുന്ന സന്ദർഭങ്ങളോ ഇല്ല എന്നതിനാൽ കുടുംബങ്ങൾക്ക് കുട്ടികളോടൊപ്പം ഒരുവട്ടം സ്കൂൾ ബസ്സിൽ കയറാം.

സാങ്കേതികം: ⭐⭐⭐⭐
3 ഇഡിയറ്റസ്, പി.കെ. എന്നീ സിനിമകളുടെ ചായാഗ്രാഹകൻ സി.കെ.മുരളീധരൻ മലയാളത്തിൽ ആദ്യമായി ക്യാമറചലിപ്പിച്ച സിനിമയാണ് സ്കൂൾ ബസ്‌. സിനിമയുടെ രണ്ടാം പകുതിയിലെ ദൃശ്യങ്ങൾ മികവുറ്റതായിരുന്നു. വയനാടിന്റെ ഉൾക്കാടുകൾ നൽക്കുന്ന ഭീതി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സി.കെ.മുരളീധരന് സാധിച്ചു. വേഗതയോടെ രംഗങ്ങൾ കോർത്തിണക്കി കൃത്യതയോടെ സന്നിവേശം ചെയ്യുവാൻ വിവേക് ഹർഷന് കഴിഞ്ഞു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിലയിടങ്ങളിൽ മികവ് പുലർത്തി. പി.എം.സതീഷിന്റെ ശബ്ദമിശ്രണം ശരാശരിയിലൊതുങ്ങി. കാടിന്റെതായ ഒരു ശബ്ദവും ഒരു രംഗങ്ങളിലും കേട്ടില്ല. കഥാപാത്രങ്ങളുടെ മേയിക്കപ്പും വസ്ത്രാലങ്കാരവും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
ചായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകൻ ആകാശ് മുരളീധരൻ, റോഷൻ ആൻഡ്രൂസിന്റെ മകൾ അഞ്ജലീന റോഷൻ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു കുട്ടികളും അവരവരുടെ കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ജയസുര്യ, അപർണ്ണ ഗോപിനാഥ്, കുഞ്ചാക്കോ ബോബൻ, സുധീർ കരമന, നിർമ്മാതാവ് എ.വി.അനൂപ്‌, നന്ദു ലാൽ, മേഘ്ന ജാസ്മിൻ എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: സ്കൂൾ ബസ്സിലെ കാഴ്ചകൾ കുട്ടികളെയോ കുടുംബങ്ങളെയോ ഒരു രീതിയിലും സ്വാധീനിക്കുന്നില്ല.

സംവിധാനം: റോഷൻ ആൻഡ്രൂസ്
രചന: ബോബി-സഞ്ജയ്‌
നിർമ്മാണം: എ.വി.അനൂപ്‌
ചായാഗ്രഹണം: സി.കെ.മുരളീധരൻ
ചിത്രസന്നിവേശം: വിവേക് ഹർഷൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: സിറിൽ കുരുവിള
ശബ്ദമിശ്രണം: പി.എം.സതീഷ്‌
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേയിക്കപ്പ്: രഞ്ജിത്ത് അമ്പാടി
വിതരണം: സെൻട്രൽ പിക്ക്ചേഴ്സ്.

കമ്മട്ടിപ്പാടം – ⭐⭐

image

ദി റിയൽ റെഡ് ബ്ലഡ്‌ ഷെഡ്‌! – ⭐⭐

“അക്കാണും മാമാലയോന്നും
നമ്മുടെതല്ലെന്മകനെ
ഇക്കായാൽ കയവും കരയും
ആരുടെയുമല്ലെൻ മകനേ!” – അൻവർ അലി

കമ്മട്ടിപ്പാടത്ത് ജീവിച്ചു മരിച്ച ഒരുപറ്റം ചങ്കൂറ്റമുള്ളവരുടെ ചോരയുടെ മണമുണ്ട് ഇന്ന് കാണുന്ന കൊച്ചി എന്ന മഹാനഗരത്തിന്. ആ മഹാനഗരം അന്നും ഇന്നും കമ്മട്ടിപ്പാടത്തുകാരുടെയല്ല.

എറണാകുളം ജില്ലയിലെ സൗത്ത്  കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാന്റിനു സമീപമുള്ള റെയിൽ പാളത്തിനടുത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് കമ്മട്ടിപ്പാടം. അവിടെ ജനിച്ചു വളർന്ന ബാലനും കൃഷ്ണനും ഗംഗയും ഇന്ന് ജീവനോടെയുണ്ടോ എന്നുപോലുമറിയില്ല. ഗുണ്ടകൾ അഥവാ ക്വട്ടേഷൻ സംഘങ്ങൾ എന്നാണ് ഇവർ അറിയപെട്ടിരുന്നത്. ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ ക്വട്ടേഷൻ സംഘങ്ങളാകം ബാലനും കൃഷ്നനും ഗംഗയും. ഇവരുടെ ജീവിതകഥ വെള്ളിത്തിരയിൽ എത്തിച്ചത് രാജീവ്‌ രവിയാണ്. കമ്മട്ടിപ്പാടം സിനിമയിൽ കൃഷ്ണനായി ദുൽഖർ സൽമാനും, ഗംഗയായി വിനായകനും, ബാലനായി പുതുമുഖം മണികണ്ഠനും അഭിനയിച്ചിരിക്കുന്നു.

ലോർഡ്‌ ലിവിംഗ്സ്റ്റൺ 7000 കണ്ടി എന്ന സിനിമയ്ക്ക് ശേഷം ഗ്ലോബൽ യുണൈറ്റഡ്‌ മീഡിയയുടെ ബാനറിൽ പ്രേം മേനോൻ നിർമ്മിച്ച കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനാണ്. മധു നീലകണ്ഠൻ ചായഗ്രഹണവും, ബി.അജിത്കുമാർ ചിത്രസന്നിവേശവും, നാഗരാജ്-ഗോകുൽദാസ് എന്നിവർ കലാസംവിധാനവും, റോഷൻ മേയിക്കപ്പും, ജോൺ വർക്കി കെ(കൃഷ്ണകുമാർ)എന്നിവർ പശ്ചാത്തല സംഗീത സംവിധാനവും പാട്ടുകളുടെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
അധോലോക സംഘങ്ങൾ തമ്മിലുള്ള പകപോക്കൽ പ്രമേയമാക്കിയുള്ള ഒട്ടനവധി സിനിമകൾ ഇന്ത്യയിലെ പല ഭാഷകളിലായി സിനിമയാക്കിയിട്ടുണ്ട്. മലയാള സിനിമയിലും ഇത്തരത്തിലുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരു നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഒരു സ്ഥലവും അവിടെ നിലകൊണ്ടിരുന്ന ഗുണ്ടാസംഘങ്ങൾ ആ നഗരത്തിന്റെ വളർച്ചയുടെ ഭാഗമായിരുന്നു എന്നും പ്രേക്ഷകർക്ക്‌ മനസ്സിലാക്കികൊടുത്ത കഥയുള്ള ഒരു സിനിമ ഇതാദ്യം. സംവിധായകൻ രാജിവ് രവിയാണ് കമ്മട്ടിപ്പാടത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഒരു കഥ എന്നതിലുപരി കഥാപാത്രങ്ങളുടെ ജീവിതത്തിലെ പല കാലഘട്ടങ്ങൾ കാണിച്ചുതരുന്ന ഒരു സിനിമയാണിത്.

തിരക്കഥ: ⭐⭐
ഉള്ളടക്കം എന്ന കമൽ-മോഹൻലാൽ സിനിമ, പവിത്രം എന്ന ടി.കെ.രാജീവ്കുമാർ-മോഹൻലാൽ സിനിമ, വി.കെ.പ്രകാശിന്റെ ആദ്യ മലയാള സിനിമ പുനരധിവാസം എന്നീ സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ട് സിനിമയിലെത്തിയ പി.ബാലചന്ദ്രൻ പിന്നീട് അഭിനയ മേഘലയിലേക്ക് കടന്നു. അദ്ദേഹം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും രചിച്ച തിരക്കഥയാണ് ഈ സിനിമയുടേത്. കമ്മട്ടിപ്പാടത്ത് ജീവിച്ചിരുന്ന കഥാപാത്രങ്ങളെ ഇത്രയും സൂക്ഷ്മതയോടെ പിന്തുടർന്ന് എഴുതിയതാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു. അവരുടെ സംഭാഷണ രീതിയും തനതായ കൊച്ചി ശൈലിയും എല്ലാം കൃത്യമായി സംഭാഷണങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട്. കഥയ്ക്ക് പകരം കഥാപാത്രങ്ങൾ മുൻപോട്ടു നയിക്കുന്ന ഒരു സിനിമയാണിത്. അതുകൊണ്ട് എന്തിനാണ് ഓരോ കഥാപാത്രത്തിന്റെയും വിശദാംശങ്ങളിലേക്ക് ഇത്രയുമധികം കടന്നു ചെന്നത്? കൃഷ്ണന്റെ ബോംബയിലുള്ള ജോലിയും സുഹൃത്തുക്കളും ജയിലിലെ വഴക്കുകൾ എന്നിവയെല്ലാം അനാവശ്യമായി തിരക്കഥയിൽ ഉൾപ്പെടുത്തി സിനിമയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. ഗംഗയെ അന്വേഷിച്ചുള്ള യാത്രയിൽ കൃഷ്ണൻ തന്റെ ബാല്യകാല സംഭവങ്ങൾ ഓർക്കുന്നതായി തിരക്കഥയിലുണ്ട്. കൃഷ്ണന്റെ ബാല്യകാലവും, ഗംഗയും ബാലൻ ചേട്ടനും മറ്റു സുഹൃത്തുക്കളും അടങ്ങുന്ന കമ്മട്ടിപാടത്തെ കാഴ്ചകൾ ഒരുപാട് വലിച്ചുനീട്ടിയതായി തോന്നി. സിനിമയുടെ പ്രമേയവും കഥയും കമ്മട്ടിപ്പാടം എന്ന സ്ഥലത്തിലെ ക്വട്ടേഷൻ സംഘങ്ങളുടെ ഉത്ഭവം എങ്ങനെയായിരുന്നു എന്നായിരുന്നു എങ്കിൽ കുഴപ്പമില്ലായിരുന്നു. സുഹൃത്തിനെ അന്വേഷിച്ചുള്ള യാത്രയ്ക്ക് കൂടുതൽ പ്രാധാന്യം നൽക്കേണ്ടതായിരുന്നു. പ്രവചിക്കാനവുന്ന കഥാഗതിയും ട്വിസ്റ്റുകളും പ്രേക്ഷകരെ ത്രസിപ്പിക്കുന്നില്ല.

സംവിധാനം: ⭐⭐
അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ സിനിമകൾ പോലെ കമ്മട്ടിപ്പാടവും യാഥാർത്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തിയതിൽ രാജീവ് രവി അഭിനന്ദനം അർഹിക്കുന്നു. സാങ്കേതികത്തികവോടെ അഭിനയമികവോടെ കമ്മട്ടിപ്പാടം അവതരിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞു. പക്ഷെ, പതിഞ്ഞ താളത്തിലുള്ള കഥയുടെ അവതരണം പ്രേക്ഷകരെ ബോറടിപ്പിച്ചു. ഇത്രയും ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയുടെ അവശ്യം എന്തെന്ന് മനസ്സിലാകുന്നില്ല. പ്രവചിക്കാനവുന്ന കഥാസന്ദർഭങ്ങളെ അതിശയോക്തിയില്ലാതെ അവതരിപ്പിച്ചു എന്നത് മാത്രമാണ് ഇതിലെ സംവിധാന മികവ്. വേഗതയോടെ ഈ സിനിമ അവതരിപ്പിക്കാതിരുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സാങ്കേതികം: ⭐⭐⭐
അന്നയും റസൂലും എന്ന സിനിമയിലൂടെ ചായഗ്രഹണത്തിനു സംസ്ഥാന അംഗീകാരം നേടിയ മധു നീലകണ്ഠൻ ഒരിക്കൽ കൂടി തന്റെ കഴിവ് തെളിയിചിരിക്കുകയാണ്. ഗംഭീരമായ ചായഗ്രഹണത്തിലൂടെ സംവിധായകന്റെ മനസ്സിലെ ആശയം പ്രേക്ഷകരിലേക്ക് നൽക്കുവാൻ മധു നീലകണ്ഠനു സാധിച്ചു. കുനാൽ ശർമ്മയുടെ ശബ്ദമിശ്രണവും, ജോൺ വർക്കിയുടെ പശ്ചാത്തല സംഗീതവും മധു നീലകണ്ഠൻ പകർത്തിയ ദൃശ്യങ്ങളുടെ മാറ്റുക്കൂട്ടുന്നു. കൊച്ചിയുടെ ഇരുണ്ടമുഖവും ഭീകരതയും പഴയ കാലഘട്ടവും പുതിയ കാലഘട്ടവും ഒരുക്കിയ കലാസംവിധായകരായ നാഗരാജും ഗോകുൽ ദാസും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അതുപോലെ, മൂന്ന് കാലഘട്ടങ്ങളിൽ വന്നു പോകുന്ന കഥാപാത്രങ്ങളുടെ മേയിക്കപ്പ് മികവു പുലർത്തി. ഈ സവിശേഷതകൾക്ക് കല്ലുകടിയായി അനുഭവപെട്ടത്‌ ബി. അജിത്‌കുമാർ നിർവഹിച്ച രംഗങ്ങളുടെ സന്നിവേശമാണ്. അനാവശ്യമായി വലിച്ചുനീട്ടിയ ഒരുപാട് രംഗങ്ങൾ ഈ സിനിമയിലുണ്ട്. കഥാപാത്രങ്ങളുടെ സ്വഭാവ വിവരണത്തിനായി സമയം കളഞ്ഞത്‌ സിനിമാസ്വാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 3 മണിക്കൂറോളം ദൈർഘ്യമുള്ള ഈ സിനിമയിലെ പല രംഗങ്ങളും കഥയിൽ യാതൊരു അവശ്യവുമില്ലാത്തതാണെന്ന് നിസംശയം പറയാം. അതുകൊണ്ട് പല രംഗങ്ങളും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ് അനുഭവപെട്ടത്‌. ഈ സിനിമയുടെ പ്രധാന ന്യൂനതകളിൽ ഒന്നായിമാറി ബി.അജിത്കുമാറിന്റെ ചിത്രസന്നിവേശം.

അഭിനയം: ⭐⭐⭐⭐
ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ, അനിൽ നെടുമങ്ങാട്, സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, അലൻസിയാർ, പി.ബാലചന്ദ്രൻ, വിനയ് ഫോർട്ട്‌, സിദ്ധാർഥ്, ശ്രീനാഥ് ചന്ദ്രൻ, ഗണപതി, ഷോൺ റോമി, അമാൽദ ലിസ്, മുത്തുമണി, അഞ്ജലി അനീഷ്‌ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. ഓരോ അഭിനേതാക്കളും കഥാപാത്രങ്ങളായി ജീവിക്കുകയാണെന്ന് തോന്നിയ സിനിമയാണിത്. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ഏറ്റവും ഒടുവിലത്തെ നടനാണ്‌ മണികണ്ഠൻ. ബാലൻ എന്ന ഗുണ്ടയുടെ വേഷത്തിൽ അഭിനയിപ്പിക്കുവാൻ ഇതിലും മികച്ച ഒരു നടനെ കണ്ടെത്തുവാനാകില്ല. സംഭാഷണങ്ങൾ ഇല്ലാത്ത രംഗങ്ങളിൽ പോലും ചിരികൊണ്ടും മൂളലുകൾകൊണ്ടും നോട്ടങ്ങൾകൊണ്ട് പോലും അഭിനയിച്ചിട്ടുണ്ട് ഈ പുതുമുഖ നടൻ. ഗംഗ എന്ന കഥാപാത്രമായി വിനായകനും നാളിതുവരെയുള്ള ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങൾ ഈ സിനിമയിലൂടെ കാഴ്ചവെച്ചു. കൃഷ്ണനായി ദുൽഖർ സൽമാനും, സുരേന്ദ്രനാശാനായി അനിൽ നെടുമങ്ങാടും കഥാപാത്രങ്ങളോട് നൂറ്  ശതമാനം നീതി പുലർത്തുന്ന രീതിയിൽ അഭിനയിച്ചു. ഇവരെ കൂടാതെ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പുതുമുഖ നടീനടന്മാർ പോലും അവരവരുടെ രംഗങ്ങൾ മികവുറ്റതാക്കി. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന മഹാനഗരത്തിന്റെ ചുവന്ന മുഖം!

കഥ, സംവിധാനം: രാജീവ്‌ രവി
തിരക്കഥ: പി.ബാലചന്ദ്രൻ
നിർമ്മാണം: പ്രേം മേനോൻ
ചായാഗ്രഹണം: മധു നീലകണ്ഠൻ
ചിത്രസന്നിവേശം: ബി. അജിത്കുമാർ
ഗാനരചന: അൻവർ അലി
സംഗീതം: കെ., ജോൺ വർക്കി, വിനായകൻ
കലാസംവിധാനം: നാഗരാജ്, ഗോകുൽ ദാസ്
മേയിക്കപ്പ്: റോഷൻ
വസ്ത്രാലങ്കാരം: ശുഭ്ര അൻസൂൽ, മഷർ ഹംസ
ശബ്ദമിശ്രണം: കുനാൽ ശർമ്മ
സിങ്ക് സൗണ്ട്: രാധാകൃഷ്ണൻ
വിതരണം: സെഞ്ച്വറി ഫിലിംസ്.

ആടുപുലിയാട്ടം – ⭐⭐

image

ആത്മാവും ദുരാത്മാവും തമ്മിലുള്ള ആടുപുലിയാട്ടക്കളി! – ⭐⭐

വെള്ളി മുതൽ തിങ്കൾ വരെ മാത്രം സിനിമ കൊട്ടകകളിൽ പ്രദർശിപ്പിച്ച തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് ആടുപുലിയാട്ടം. തന്റെ ആദ്യ സിനിമയിലൂടെ കുടുംബകഥകൾ ഇഷ്ടപെടുന്ന സ്ത്രീകളെയും കുട്ടികളെയും കുടുകുടാ ചിരിപ്പിക്കുക എന്നതായിരുന്നു കണ്ണൻ താമരക്കുളത്തിന്റെ ലക്ഷ്യമെങ്കിൽ, രണ്ടാമത്തെ സിനിമയിലൂടെ കുടുംബങ്ങളെയും കുട്ടികളെയും പേടിപ്പിച്ചു വിറപ്പിക്കുക എന്നതായി ലക്ഷ്യം. സംവിധായകന്റെ ആഗ്രഹം സഫലീകരിപ്പിക്കുവാൻ തിരക്കഥകൃത്ത് ദിനേശ് പള്ളത്തും നിർമ്മാതാക്കൾ നൗഷാദും ഹനീഫും അഹോരാത്രം പണിയെടുത്തതിന്റെ അനന്തരഫലമാണ് ആടുപുലിയാട്ടം എന്ന കോമഡി-ഹൊറർ-ഫാമിലി ത്രില്ലർ.

പത്മശ്രീ ജയറാം, പത്മശ്രീ ഓംപുരി, രമ്യ കൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ചേർന്നാണ്. ദിനേശ് പള്ളത്താണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ജിത്തു ദാമോദർ ചായഗ്രഹണവും, സന്ദീപ്‌ നന്ദകുമാർ ചിത്രസന്നിവേശവും, രതീഷ്‌ വേഗ പശ്ചാത്തല സംഗീത സംവിധാനവും, സഹസ് ബാല കലാസംവിധാനവും, മുരുകൻസ് വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
ആടുകളെയും പുലികളെയും ഉപയോഗിച്ച് രണ്ടു വ്യക്തികൾ തമ്മിൽ കളിച്ചിരുന്ന ഒരു കളിയാണ് ആടുപുലിയാട്ടം. തെക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിൽ സജീവമായിരുന്ന ഈ കളി ഇന്ന് നിലവിലില്ല. ഒരു കുടുംബത്തിനു നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു മരണത്തിന്റെ പിന്നിലുള്ള സത്യത്തിന്റെ ചുരുളഴിയുന്ന പ്രമേയമാണ് ഹൊററിന്റെ പശ്ചാത്തലത്തിൽ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌. തമിഴ്നാട് ജില്ലയിലെ ഉൾഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സെമ്പകകോട്ടൈ എന്ന പടുകൂറ്റൻ മാളിക. ആ മാളികയിലേക്ക്‌ ഒരു ലക്ഷ്യം നിറവേറ്റുവാനായി സത്യജിത്ത് എന്നയാൾ എത്തുന്നു. ഗ്രാമവാസികൾ പോലും പോകുവാൻ ഭയക്കുന്ന സെമ്പകകോട്ടയിൽ സത്യജിത്തിനെ കാത്തിരിക്കുന്നത്‌ കുറെ മായക്കാഴ്ചകളാണ്. മഹയോഗിയുടെ നിർദേശ പ്രകാരമാണ് സത്യജിത്ത് സെമ്പകകോട്ടയിൽ എത്തുന്നത്. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐
മലയാള സിനിമയിൽ നിർമ്മിക്കപെട്ട ഒട്ടുമിക്ക പ്രേതകഥകളുടെയും മൂലകഥ എന്നത് വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികാരമായി മരിച്ചയാളുടെ ആത്മാവ്  കൊന്നയാളിനെയോ അവരുടെ പിന്തലമുറക്കാരെയോ കൊന്നൊടുക്കുക എന്നതാണ്. ആ പതിവ് തെറ്റിക്കാതെ ദിനേശ് പള്ളത്ത് കൃത്യമായി ഈ സിനിമയ്ക്ക് വേണ്ടി കഥാസന്ദർഭങ്ങൾ എഴുതിയിട്ടുണ്ട്. പ്രമേയത്തോടോ കഥയോട് നീതിപുലർത്തുന്ന ഒന്നല്ല ഈ സിനിമയുടെ തിരക്കഥ. കഥാരംഭം സത്യജിത്ത് സെമ്പകകോട്ടയിൽ എത്തുന്നത്തിനുള്ള കാരണവും, യോഗിയെ അന്വേഷിച്ചിട്ടുള്ള യാത്രയും, സെമ്പകകോട്ടയിൽ അയാളെ കാത്തിരിക്കുന്ന കാഴ്ചകളും തരക്കേടില്ലാത്ത സന്ദർഭങ്ങളിലൂടെ പറയുവാൻ ദിനേശ് പള്ളത്തിനു സാധിച്ചു. പക്ഷെ, സത്യജിത്തിന്റെ ഫ്ലാഷ് ബാക്ക് രംഗങ്ങളുടെ കഥാസന്ദർഭങ്ങൾ നിരാശപെടുത്തി. പ്രവചിക്കാനാവുന്ന കഥാഗതിയും യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങളും വേണ്ടുവോളമുണ്ട് ഈ തിരക്കഥയിൽ. കഥയിൽ യാതൊരു പ്രധാന്യവുമില്ലാത്ത ചില കഥാപാത്രങ്ങൾ വെറുതെ വന്നുപോകുന്നുണ്ട്‌ ഈ സിനിമയിൽ. ഈ സിനിമയിലെ ചില സംഭാഷണങ്ങൾ രസകരമായിരുന്നുവെങ്കിലും കഥയുടെ ഗൗരവം നഷ്ടപെടുത്തുന്ന തരത്തിലായിപ്പോയി എന്നതാണ് പ്രധാന പോരായ്മകളിൽ ഒന്ന്. ഇംഗ്ലീഷ് സിനിമ ദി കോൺജ്യൂറിംഗ് എന്ന സിനിമയുടെ കഥയുമായി സമാനതകൾ ഏറെയുള്ള ഒന്നാണ് ഈ സിനിമയിലെ പ്രേതത്തിന്റെ പ്രതികാരത്തിന്റെ കാരണം എന്നത് തികച്ചും യാദിർശ്ചചികം.

സംവിധാനം: ⭐⭐
വേനലവധി കാലത്ത് സിനിമ കാണാനെത്തുന്ന കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി അവതരിപ്പിച്ചിരിക്കുന്ന സാധാരണ ഹൊറർ-ഫാന്റസി സിനിമ എന്നതിലുപരി ഒന്നും അവകാശപെടനില്ലാത്ത സിനിമയാണ് ആടുപുലിയാട്ടം. ഹാസ്യ രംഗങ്ങളിൽ അഭിനയിച്ച നടന്മാരുടെ അഭിനയമികവും, ആദ്യപകുതിയിലെ രംഗങ്ങളും ബോറടിപ്പിക്കാതെ അവതരിപ്പിക്കുവാൻ കണ്ണൻ താമരക്കുളത്തിനു കഴിഞ്ഞു. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഹൊറർ സിനിമയായിരിക്കും ആടുപുലിയാട്ടം എന്ന പ്രതീക്ഷയോടെ സിനിമ കാണാനെത്തുന്ന പ്രേക്ഷകരെ പേടിപ്പിക്കാനായില്ല എങ്കിൽ അവർ നിരാശപെടുമെന്നുറപ്പ്. ഫാന്റസി സിനിമകളിൽ യുക്തിയേക്കാൾ പ്രാധാന്യം നൽക്കേണ്ടത് വിശ്വസനീയമായി തോന്നിപ്പിക്കുന്ന ഗ്രാഫിക്സ് രംഗങ്ങളാണ്. മേല്പറഞ്ഞ രണ്ടുകാര്യങ്ങളിലും സംവിധായകൻ പരാജയപെട്ടു. തമാശ രംഗങ്ങൾ ആവശ്യത്തിലധികം ഉൾപെടുത്തി സിനിമയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. കണ്ടുമടുത്ത പശ്ചാത്തലമാണ്‌ മറ്റൊരു പ്രശ്നങ്ങിൽ ഒന്ന്. വർഷങ്ങളായി മലയാള സിനിമയിൽ കണ്ടുവരുന്ന സിനിമയുടെ അവതരണത്തിൽ നിന്ന് വ്യത്യാസവുമില്ലാതെയാണ് ആടുപുലിയാട്ടവും അവതരിപ്പിച്ചിരിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം മലയാളത്തിൽ നിർമ്മിക്കപെട്ട ഹൊറർ സിനിമയായതുകൊണ്ട് ഒരു പക്ഷെ പ്രദർശന വിജയം നേടാൻ സാധ്യതയുണ്ട്. 

സാങ്കേതികം: ⭐⭐⭐
തൊടുപുഴയിലെ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ ചിത്രീകരിച്ച ആദ്യ ഗാനരംഗം മനോഹരമായി ചിത്രീകരിക്കുവാൻ ജിത്തു ദാമോദറിനു കഴിഞ്ഞു. സെമ്പകകോട്ടയും പ്രേതങ്ങളും അവ സൃഷ്ടിച്ച ഭീകരതയും, യോഗിയെ അന്വേഷിച്ചുള്ള കാടിലൂടെയുള്ള രംഗങ്ങളും മികവു പുലർത്തി. അതേസമയം മറ്റു ചില രംഗങ്ങൾ ഒരുപാട് സിനിമകളിൽ കണ്ടുമടുത്ത അതെ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. സന്ദീപ്‌ നന്ദകുമാറിന്റെ ചിത്രസന്നിവേശം മന്ദഗതിയിലായത് സിനിമയുടെ ചടുലതയെ ബാധിച്ചിട്ടുണ്ട്. രതീഷ്‌ വേഗ ഈണമിട്ട 4 പാട്ടുകളിൽ നജീം അർഷദും റിമി ടോമിയും ആലപിച്ച ചിലും ചിലും ചിൽ താളമായി, മമ്ത  മോഹൻദാസ്‌ പാടിയ കറുപ്പാന കണ്ണഴഗി എന്നിവ മികവു പുലർത്തി. ഹൊറർ സിനിമകൾക്ക്‌ അനിയോജ്യമായ പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് നൽക്കുവാൻ രതീഷ്‌ വേഗയ്ക്ക് കഴിഞ്ഞു. ഡാൻ ജോസാണ് ശബ്ദമിശ്രണം നിർവഹിച്ചത്. 600 വർഷങ്ങൾക്കു മുമ്പുള്ള കൊട്ടാരമാണെന്നു തോന്നിപ്പിക്കുവാൻ സഹസ് ബാലയുടെ കലാസംവിധാനത്തിനായില്ല. മൊഹമ്മദ്‌ സനീഫിന്റെ മേയ്ക്കപ്പ് പല കഥാപാത്രങ്ങൾക്കും യോജിച്ചതായിരുന്നില്ല. രമ്യ കൃഷ്ണൻ അവതരിപ്പിച്ച മാതംഗിയുടെ മുഖം മാത്രം പ്രായമേറിയ അവസ്ഥയിലും കൈയ്യിലും കഴുത്തിലും പാടുകൾ ഒന്നുമില്ലാതെ തോന്നിപ്പിച്ചതും മേയ്ക്കപ്പിന്റെ അശ്രദ്ധകൊണ്ടാണ്. റബ്ബർ പന്ത് തെറിച്ചു പോകുന്ന പോലെയാണ് സംഘട്ടന രംഗങ്ങളിൽ ഗുണ്ടകൾ ഇടികൊണ്ട്‌ വീഴുന്നത്. മാഫിയ ശശിയാണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

അഭിനയം: ⭐⭐⭐
ജയറാം, രമ്യകൃഷ്ണൻ, ഓംപുരി, സിദ്ദിക്ക്, സമ്പത്ത്, പാഷാണം ഷാജി, എസ്.പി.ശ്രീകുമാർ, രമേശ്‌ പിഷാരടി, കോട്ടയം പ്രദീപ്‌, ബേബി അക്ഷര, ഷീലു എബ്രഹാം, വത്സല മേനോൻ, വീണ നായർ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ജയറാം സ്ഥിരം ശൈലിയിൽ സത്യജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാളം വഴങ്ങാത്ത ഓംപുരി തന്റെ അഭിനയമികവുകൊണ്ട് സാന്നിധ്യം അറിയിച്ചു. ഷോബി തിലകന്റെ ഡബ്ബിംഗ് മികവുപുലർത്തി. രമ്യകൃഷ്ണനും തന്റെ വേഷം മോശമാക്കാതെ അവതരിപ്പിച്ചു. ബേബി അക്ഷര എന്ന കൊച്ചുമിടുക്കി നന്നായി തന്നെ അഭിനയിച്ചു. പാഷാണം ഷാജിയും ശ്രീകുമാറും പിഷാരടിയും ഹാസ്യ രംഗങ്ങൾ നല്ലപോലെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: ജയറാമിന്റെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന കേട്ടുപഴകിയൊരു പ്രേതകഥ!

സംവിധാനം: കണ്ണൻ താമരക്കുളം
നിർമ്മാണം: നൗഷാദ്‌ ആലത്തൂർ, ഹസീബ് ഹനീഫ്
ബാനർ: ഗ്രാന്റെ ഫിലിം കോർപറേഷൻ
രചന: ദിനേശ് പള്ളത്ത്
ചായാഗ്രഹണം: ജിത്തു ദാമോദർ
ചിത്രസന്നിവേശം: സന്ദീപ്‌ നന്ദകുമാർ
പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
പാട്ടുകളുടെ സംഗീതം: രതീഷ്‌ വേഗ
ഗാനരചന: കൈതപ്രം, ഹരിനാരായണൻ, മോഹൻരാജൻ, ശശികല മേനോൻ
കലാസംവിധാനം: സഹസ് ബാല
വസ്ത്രാലങ്കാരം: മുരുകൻസ്
മേയിക്കപ്പ്: മൊഹമ്മദ്‌ സനീഫ്
സംഘട്ടനം: മാഫിയ ശശി
ശബ്ദമിശ്രണം: ഡാൻ ജോസ്
വിതരണം: ആന്റോ ജോസഫ്‌ ഫിലിം കമ്പനി.

ഹാപ്പി വെഡിംഗ് – ⭐⭐

image

രസകരമായ ഒരു കല്യാണകഥ! – ⭐⭐

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ പ്രേമം സിനിമയിലൂടെ ശ്രദ്ധേയരായ സിജു വിൽസൺ, സൗബിൻ ഷാഹിർ, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ഹാപ്പി വെഡിംഗ്. പുതുമുഖം ഒമർ സംവിധാനം ചെയ്ത ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് നാസിർ അലിയാണ്. പ്രേമം എന്ന സിനിമയുടെ പ്രമേയവും കഥയുമായി സമാനതകളുള്ള ഒരു പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്. എന്നിരുന്നാലും, ഹാസ്യ രംഗങ്ങളും ഹാസ്യം അവതരിപ്പിച്ചിരിക്കുന്ന അഭിനേതാക്കളുടെ കഴിവും ബുദ്ധിപരമായി ഉപയോഗിച്ചതിനാൽ രസകരമായ ഒരു സിനിമ പ്രേക്ഷകർക്ക്‌ മുമ്പിൽ അവതരിപ്പിക്കുവാൻ ഒമറിനും കൂട്ടുകാർക്കും സാധിച്ചു.

പ്രമേയം: ⭐⭐
ഇന്നത്തെ തലമുറയിലെ യുവാക്കളുടെ  പ്രണയവും കല്യാണവും പ്രമേയമാക്കിയിട്ടുള്ള സിനിമകൾ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു എന്ന കാരണത്താലാകണം പ്രേമം സിനിമയുടെ പ്രമേയവും കഥയും വീണ്ടും മറ്റൊരു സിനിമയുടെ പ്രമേയമാകുന്നത്‌. ഒരു യുവാവിന്റെ പഠനകാലത്തെ പ്രണയവും വിവാഹ പ്രായമായപ്പോൾ വന്നുചേർന്ന പ്രണയവുമാണ് ഹാപ്പി വെഡിംഗ് സിനിമയുടെ കഥ.

തിരക്കഥ: ⭐⭐
നവാഗതരായ പ്രണീഷ് വിജയനും മനീഷും ചേർന്നാണ് രസകരമായ കഥാസന്ദർഭങ്ങളും ന്യൂ ജനറേഷൻ ഹാസ്യ സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. കട്ടൻ കാപ്പി എന്ന ഹൃസ്വചിത്രത്തിൻറെ കഥാസന്ദർഭങ്ങളുടെ പുനരാവിഷ്കരണമാണ് ഈ സിനിമയുടെ രണ്ടാം പകുതി. ആദ്യപകുതിയിൽ കഥാനായകന്റെ കോളേജ്  കാലഘട്ടത്തിലെ പ്രണയവും സൗഹൃദവും ഹോസ്റ്റൽ ജീവിതവും രസകരമായ സന്ദർഭങ്ങളിലൂടെ ഒരല്പം അസഭ്യ സംഭാഷണങ്ങളിലൂടെയും വികസിക്കുന്നു. പതിഞ്ഞ താളത്തിൽ അധികം തമാശകളൊന്നും ഇല്ലാതെ ആരംഭിച്ച ഈ സിനിമ രസകരമായ സംഭവവികാസങ്ങളിലേക്ക് കടക്കുന്നത്‌ സൗബിന്റെ കഥാപാത്രത്തിന്റെ  വരവോടെയാണ്. ആദ്യ പകുതിയിക്കാൾ രസാവഹമായ കഥാസന്ദർഭങ്ങളും തമാശകളുമുള്ളത് രണ്ടാം പകുതിയിലാണ്. ബസ്സിലെ രംഗങ്ങളും പെണ്ണുകാണൽ ചടങ്ങും, സൗബിന്റെ കഥാപാത്രം ആരാണെന്ന് നായകന് തോന്നുന്നതും പ്രേക്ഷകരെ രസിപ്പിച്ചു.

സംവിധാനം: ⭐⭐
ഒരു പുതുമുഖ സംവിധായകനാണെന്ന് തോന്നിപ്പിക്കാതെ യുവാകൾക്ക്  ഇഷ്ടമാകാൻ സാധ്യതയുള്ള എല്ലാ ഘടഗങ്ങളും ചേരുംപ്പടി ചേർക്കാനുള്ള ബുദ്ധിയും കഴിവും ഉണ്ടെന്നു തെളിയിക്കാൻ ഒമറിന് സാധിച്ചു. കളർഫുൾ വിഷ്വൽസും പാട്ടുകളും, കോളേജ് ഹോസ്റ്റൽ ജീവിതവും, കോളേജിലെ പ്രണയവും, റാഗിങ്ങും, ഡാൻസും  അങ്ങനെ എല്ലാവിധ തട്ടുപൊളിപ്പാൻ കാര്യങ്ങളും അവതരിപ്പിക്കുവാൻ ഒമർ ശ്രദ്ധിച്ചു. പ്രേമം സിനിമയുടെ കഥയാണ് ഈ സിനിമയുടെത് എന്നതാണ് പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. പക്ഷെ അത് അധികം വെളിവാക്കാതെ സംവിധാനം ചെയ്തത് സിനിമയ്ക്ക് ഗുണകരമായി. രണ്ടാം പകുതിയിലെ ഓരോ രംഗങ്ങളും പ്രേക്ഷകരെ ചിരിപ്പിച്ചത് സംവിധാന മികവുമൂലമാണ്. പ്രേമം പോലെ മറ്റൊരു വിജയമാകട്ടെ എന്നാശംസിക്കുന്നു.

സാങ്കേതികം: ⭐⭐⭐
പുതുമുഖം സിനു സിദ്ധാർഥ് ആണ് ഈ സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചത്. പുതുമകൾ ഒന്നും അവകാശപെടാനില്ലെങ്കിലും, യുവാക്കളുടെ സിനിമ ഏതു തരത്തിലൊക്കെ രസകരമായി ചിത്രീകരിക്കനാകുമോ അത്രയും ചടുലതയോടെ ആ ജോലി നിർവഹിക്കുവാൻ സിനുവിന് സാധിച്ചു. സിനിമയുടെ ആദ്യപകുതി ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് സന്നിവേശം ചെയ്തിരിക്കുന്നത്. പ്രാധാന കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്‌. എന്നാൽ രണ്ടാം പകുതി കുറച്ചുകൂടി വേഗതയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അരുണ്‍ മുരളീധരനാണ്. 3 പാട്ടുകളും ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപെടുന്ന രീതിയിലാണ് ചിട്ടപെടുത്തിയിരിക്കുന്നത്. മറ്റെല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐
സിജു വിൽ‌സൺ, സൗബിൻ ഷാഹിർ, ഷറഫുദീൻ, സുധി കോപ്പ, ജസ്റ്റിൻ, സൈജു കുറുപ്പ്, കലാഭവൻ നവാസ്, അഭി, ശിവജി ഗുരുവായൂർ, വിനോദ് കോവൂർ, അനു സിത്താര, ദ്രിശ്യ രഘുനാഥ്, അംബിക മോഹൻ, തെസ്നി ഖാൻ എന്നിവരെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നടനോ നടിയോ പോലും അമിതാഭിനയം കാഴ്ചവെയ്ക്കാതെ അവരവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അഭിനയിച്ചു. ഹാസ്യ രംഗങ്ങളിൽ തിളങ്ങുവാൻ സൗബിനും ഷറഫുദീനും സാധിച്ചു. ഇവരുടെ പ്രകടനമാണ് ഈ സിനിമയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്. 

വാൽക്കഷ്ണം: ഒരുവട്ടം കണ്ടിരിക്കാവുന്ന രസകരമായ നവയുഗ സിനിമയാണ് ഹാപ്പി വെഡിംഗ്.

കഥ, സംവിധാനം: ഒമർ
തിരക്കഥ, സംഭാഷണം: പ്രണീഷ് വിജയൻ, മനീഷ് കെ.സി.
നിർമ്മാണം: നാസിർ അലി
ചായാഗ്രഹണം: സിനു സിദ്ധാർഥ്
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
സംഗീതം: അരുണ്‍ മുരളീധരൻ
ഗാനരചന: ഹരിനാരായണൻ
വസ്ത്രാലങ്കാരം: പ്രസാദ് ആനക്കര
മേയിക്കപ്: അഭിലാഷ് വലിയകുന്ന്
നൃത്തസംവിധാനം: ശ്രീജിത്ത്‌ പി.
വിതരണം: ഇറോസ് ഇന്റർനാഷണൽ.

ഹല്ലേലൂയാ – ⭐

image

ഇതുപോലൊരു സിനിമ ഇനിയുണ്ടാകതിരിക്കട്ടെ! – ⭐

കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന് തോന്നിയ സുരേന്ദ്രേട്ടൻ പടം പിടിക്കാൻ പൈസ മുടക്കിയതുകൊണ്ട് ആദ്യ പടം പിടിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് സുധി അന്ന. ഈ പടത്തിന് വേണ്ടി എഴുതിയതും പറയണതും ഉണ്ടാക്കിയത് അഭിമാനും സുൻരാജ് കശ്യപ്പുമാണ്. ഈ പടത്തിന് വേണ്ടി ക്യാമറ അനക്കിയതും, തുന്നിചേർത്തതും രാഗേഷ് നാരയണനാണ്. പുറകീ കേക്കണ ഒച്ചപ്പാട് ബിജിബാലിന്റെ വകയാണ്. ഒച്ചേം ബഹളവും ഒപ്പിച്ചത് രംഗനാഥ് രവിയും. പാട്ട് എഴുതിയത് ബി.സന്ധ്യയും, അഭിമാനും ആണെങ്കിൽ പാട്ടിന്റെ സംഗീതം ഒപ്പിച്ചത് ചന്ദ്രൻ രാമമംഗലം ആണ്. തീർന്നിട്ടില്ല…, അതും ഇതും ഉണ്ടാക്കിയത് നിമേഷ് താനൂരും, കുപ്പായം കൊടുത്തത് അരുണ്‍ മനോഹറും, മുഖം മിനുക്കണത് കിശോറുമാണ്‌.

ഈ പടത്തിൽ അഭിനയിച്ച ആളുകളാണ് നരേൻ, മേഘ്ന രാജ്, ഗണേഷ് കുമാർ, സുധീർ കരമന, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, ശശി കലിങ്ക, പാഷാണം ഷാജി, കലാഭവൻ നിയാസ്, മാസ്റ്റർ എറിക്, ബേബി ദുർഗ, സജിത മടത്തിൽ, ശോഭ മോഹൻ, ദേവി അജിത്, ഗായത്രി, പിന്നെ ഒരു സായിപ്പും. പാവങ്ങൾ!

ഇതിനൊക്കെ പുറമേ, ഈ പടം കാണാൻ കയറിയ മണ്ടന്മാരാണ് നമ്മൾ പ്രേക്ഷകർ! ഈ പടത്തിന്റെ പേര് പറഞ്ഞില്ല, ഹല്ലേലൂയാ – ഒരു മടക്ക യാത്ര!

പ്രമേയം: ⭐⭐
പള്ളികൂടങ്ങളിൽ നിന്നും കുട്ടികൾ നേടുന്ന അറിവിനേക്കാൾ വലുതാണ്‌ അവർ ചുറ്റുപാടിൽ നിന്നും മാതാപിതാക്കളിൽ നിന്നും നേടുന്ന അറിവ്. ഓരോ കുട്ടികളുടെ പാഠപുസ്തകം അച്ഛനമ്മമാരാകണം,  അങ്ങനെയാകാൻ അച്ഛനമ്മമാർക്ക് സാധിക്കണമെങ്കിൽ അവർ കുട്ടികളുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കണം എന്നുമാണ് ഈ സിനിമയിലൂടെ തിരക്കഥകൃത്തുക്കളും സംവിധായകനും പ്രേക്ഷകരിലേക്കെത്തിക്കുന്ന പ്രമേയം. ഈ പ്രമേയം കഥാരൂപേണേ ജനങ്ങളിലേക്ക് പകരുവാനും നിർമ്മാതാവിന് മുടക്കിയ പണം തിരികെ ലഭിക്കുവാനും കണ്ടെത്തിയ മാർഗം എന്നത് മലയാളികളുടെ ദൗർബല്യമായ നോസ്റ്റാൾജിയയാണ്.

തിരക്കഥ: ⭐
പുതുമുഖ തിരക്കഥ രചയ്താക്കൾ അഭിമാനും സുൻരാജ് കശ്യപ്പും ചേർന്നാണ് ഹല്ലേലൂയാ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. തരക്കേടില്ലാത്ത ഒരു പ്രമേയം ലഭിച്ചിട്ടും ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളോ സംഭാഷണങ്ങളോ ഈ സിനിമയിൽ ഉൾപ്പെടുത്തുവാൻ ഇരുവർക്കും കഴിഞ്ഞില്ല. ഹാസ്യ രംഗങ്ങൾ സിനിമയിൽ കുത്തിനിറച്ചാൽ മാത്രമേ വാണിജ്യവിജയം നേടുകയുള്ളു എന്ന തോന്നലാകാം കുറെ കോമാളിത്തരങ്ങൾ തിരക്കഥയിൽ ഉൾപ്പെടുത്തിയത്. അസഹനീയമായ തമാശ രംഗങ്ങളിലൂടെ വികസിക്കുന്ന കഥ ഒരുവഴിക്കും സിനിമയുടെ പ്രമേയം വേറൊരു വഴിക്കുമായിരുന്നു സഞ്ചരിച്ചത്. ഈ സിനിമയിലെ കഥാനായകനായ റോയ് തന്റെ ബാല്യകാല ഓർമ്മകളിലേക്ക് സഞ്ചരിക്കുമ്പോൾ എങ്ങനെയാണ് ആ വ്യക്തി നേരിൽ കാണാത്ത കാര്യങ്ങൾ ഓർമ്മകളായി പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത്? ഈ കഥയിൽ യാതൊരു പ്രാധാന്യവും അർഹിക്കാത്ത ഒരു ബസ്സിന്റെ പേര് സിനിമയ്ക്ക് നൽകിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

സംവിധാനം: ⭐
സുധി അന്ന ആദ്യമായി സംവിധാനം നിർവഹിക്കുന്ന സിനിമയാണ് ഹല്ലേലൂയാ. ഇഴഞ്ഞു നീങ്ങുന്ന താളത്തിൽ കണ്ടുമടുത്തതും അരോചകവുമായ ഹാസ്യ രംഗങ്ങളുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ രണ്ടരമണിക്കൂർ കണ്ടിരിക്കുക എന്നത് പ്രയാസമുള്ള കാര്യങ്ങളിൽ ഒന്നാണ്. നൊസ്റ്റാൾജിയും തമാശയും കൂട്ടികലർത്തി വിറ്റാൽ അത് സ്വീകരിക്കുന്ന മണ്ടന്മാരല്ല ഇന്നത്തെ സിനിമ ആസ്വാദകർ. അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു എന്ന സിനിമയിൽ പ്രിഥ്വിരാജിന്റെ ഓർമ്മകളിലൂടെ ബാല്യകാലം യുക്തിയോടെ അവതരിപ്പിച്ചത് പ്രജോദനമായി നിർമ്മിക്കപെട്ടതാണ്‌ ഈ സിനിമ എന്നത് പ്രേക്ഷകർക്ക്‌ വ്യക്തമാണ്. നരേൻ എന്ന നടന്റെ ഓർമ്മകളിലൂടെ ഭൂതകാലത്തിലേക്ക് പോയ സിനിമ രണ്ടുമണിക്കൂർ ശേഷമാണ് വർത്തമാനകാലത്തിലേക്ക് തിരിച്ചെത്തിയത്‌. അവസാനം നരേൻ എന്ന നടനെ ഉപയോഗിച്ച് സിനിമ അവസാനിപ്പിച്ചു. ഇതേപോലുള്ള സിനിമകൾ ഇനിയുണ്ടാകതിരിക്കട്ടെ!

സാങ്കേതികം: ⭐⭐
രാഗേഷ് നാരായണൻ ചായഗ്രഹണവും ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നു. കണ്ണൂരിലെ ഇരിട്ടിയിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമത്തിന്റെ പച്ചപ്പും 80 കാലഘട്ടവും വിശ്വസനീയതയോടെ ക്യാമറയിൽ പകർത്തുവാൻ സാധിച്ചു. പക്ഷെ, സന്നിവേശം നിർവഹിച്ചത് തികച്ചും നിരാശപെടുത്തി. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി രംഗങ്ങൾ കോർത്തിണക്കി നല്ലൊരു പ്രമേയത്തെ കൊന്നൊടുക്കി. ബിജിബാൽ നൽക്കിയ പശ്ചാത്തല സംഗീതം മികവു പുലർത്തി. സന്ധ്യ, അഭിമാൻ എന്നിവരുടെ വരികളും ചന്ദ്രൻ രാമമംഗലത്തിന്റെ സംഗീതവും മോശമായില്ല. രംഗനാഥ് രവിയാണ് ശബ്ദമിശ്രണം.

അഭിനയം: ⭐⭐
റോയ് എന്ന കഥാപാത്രം മോശമാക്കാതെ അവതരിപ്പിക്കുവാൻ നരേന് സാധിച്ചു. ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് മാസ്റ്റർ എറിക് എന്ന 10 വയസ്സുള്ള കുട്ടിയാണ്. സുനിൽ സുഖദയും കലാഭവൻ നവാസും സുധീർ കരമനയും സജിത മടത്തിലും നന്നായി അഭിനയിച്ചു. വൈദീകന്റെ വേഷം തനിക്കു അഭിനയിച്ചു ഫലിപ്പിക്കാൻ പ്രയാസമാണെന്ന് ഗണേഷ് തെളിയിച്ചു. ചെറുതും വലുതുമായ മറ്റു വേഷങ്ങളിൽ അഭിനയിച്ചവരും മോശമാക്കിയില്ല.

വാൽക്കഷ്ണം: “ഇന്നലകളിലേക്കൊരു ഒടുക്കത്തെ യാത്ര” എന്ന വാചകമാണ് ഇപ്പോൾ പരസ്യമാകാൻ പോകുന്നത്.

സംവിധാനം: സുധി അന്ന
നിർമ്മാണം: സുരേന്ദ്രൻ
രചന: അഭിമാൻ, സുൻരാജ് കശ്യപ്
ചായാഗ്രഹണം, ചിത്രസന്നിവേശം: രാഗേഷ് നാരായണൻ
ഗാനരചന: സന്ധ്യ, അഭിമാൻ
സംഗീതം: ചന്ദ്രൻ രാമമംഗലം
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: നിമേഷ് താനൂർ
വസ്ത്രാലങ്കാരം: അരുണ്‍ മനോഹർ
മേയ്ക്കപ്പ്: കിഷോർ.

മുദ്ദുഗൗ – ⭐⭐

image

യുക്തിയില്ലാ ചുംബനകഥ! – ⭐⭐

മലയാള സിനിമ പ്രേക്ഷകർ മറക്കാനിടയില്ലാത്ത ഒന്നാണ് മുദ്ദുഗൗ. 1994ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏക്കാലത്തെയും മികച്ച മലയാള സിനിമകളിൽ ഒന്നായ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കാർതുമ്പി മാണിക്യനെ കളിപ്പിക്കുന്നതിനു വേണ്ടിയും അവളുടെ ഇഷ്ടം തുറന്നു പറയുവാൻ വേണ്ടിയും ചോദിക്കുന്ന ഒന്നാണ് മുദ്ദുഗൗ അഥവാ ചുംബനം. സന്തോഷകരമായ വേളകളിൽ ചിലർ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നത് മറ്റുള്ളവരെ ആലിംഗനം ചെയ്തും ചുംബിച്ചുമാണ്‌. എന്നാൽ, അത്തരത്തിലുള്ള ഒരു സ്വഭാവം സ്ഥിരമായി ഒരാളുടെ ദിനചര്യകളിൽ ഒന്നായി മാറിയാലുള്ള അവസ്ഥയെപറ്റി ചിന്തിച്ചിട്ടുണ്ടോ?

അമ്മയുടെ അമിത ലാളനയിലും വാത്സല്യത്തിലും വളർന്ന ഭരത് തനിക്കു സന്തോഷം വന്നാലുടനെ ചുറ്റുമുള്ള ആരെയെങ്കിലും ചുംബിക്കും. ഭരതിന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു സന്ദർഭത്തിൽ അവൻ തോട്ടടത് നിന്നിരുന്ന അധോലോക സംഘത്തലവനായ റാമ്പോയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നു. അതോടെ അയാളുടെ ജീവിതത്തിലും ഭരതിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഭരതായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും റാമ്പോയായി വിജയ്‌ ബാബുവും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
രസകരമായ ഒരു പ്രമേയമാണ് വിപിൻ ദാസിന്റെ മുദ്ദുഗൗ. ഒരാൾ അയാളുടെ ഏറ്റവും സന്തോഷകരമായ സന്ദർഭത്തിൽ അപരിചിതനായ മറ്റൊരാളെ ചുംബിക്കുന്നു. അതോടെ ഇരുവരുടെയും ജീവിതങ്ങൾ വേറൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. അവരെ ചുറ്റിപറ്റിയുള്ളവരുടെയും ജീവിതത്തെ ബാധിക്കുന്നു. ഈ കഥാതന്തു വികസിപ്പിച്ചു പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയാണ് വിപിൻ ദാസ് മുദ്ദുഗൗവിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐
പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരെ കൂട്ടമണി എന്നീ സിനിമകളുടെ തുടക്കത്തിൽ “യുക്തി വീട്ടിൽ ഉപേക്ഷിച്ചു സിനിമ കാണുക”എന്നെഴുതിയിട്ട് പോലും ഫ്രൈഡേ ഫിലിംസിന് ന്യൂനപക്ഷത്തെ മാത്രം സംതൃപ്തിപെടുത്തുവാനെ സാധിച്ചുള്ളൂ. ആ ന്യൂനപക്ഷത്തിൽ ഉൾപ്പെടുന്ന ഒരാളായിരുന്നു വിപിൻ ദാസ് എന്ന് തോന്നുന്നു. യുക്തിയില്ലാത്തതും കൃത്രിമത്വം നിറഞ്ഞതുമായ കഥാസന്ദർഭങ്ങൾ സംഭാഷണങ്ങൾ എന്നിവ കുത്തിനിറച്ച തിരക്കഥയാണ് വിപിൻ ഈ സിനിമയ്ക്ക് വേണ്ടി എഴുതിയത്. ഭരതിന്റെ പ്രണയം ഒരു വശത്തും റാംമ്പോയും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ മറുവശത്തും കാണിച്ചുകൊണ്ടുള്ള കഥാഗതി അൽഫോൻസ്‌ പുത്രൻ-നിവിൻ പോളി ടീമിന്റെ നേരം എന്ന സിനിമയെ ഓർമ്മപെടുത്തുന്നു. ഇന്ദ്രൻസും സൗബിനും ഹരീഷും അബു സലീമും സുനിൽ സുഖദയും മണ്ടന്മാരായ ഗുണ്ടകളും ഹാസ്യം കൈകാര്യം ചെയ്തിരിക്കുന്ന രീതി മികച്ചതായതുകൊണ്ട് മുദ്ദുഗൗ ഒരുവട്ടം കണ്ടുമറക്കാവുന്ന സിനിമയായി ചിലർക്കെങ്കിലും തോന്നിയേക്കാം. നല്ലൊരു സിനിമയുടെ നട്ടെല്ല് അന്നും ഇന്നും എന്നും തിരക്കഥ തന്നെയെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

സംവിധാനം: ⭐⭐
ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പുതുമുഖ സംവിധായകരിൽ ഏറ്റവും ഒടുവിലത്തെയാളാണ് വിപിൻ ദാസ്. സ്വന്തം തിരക്കഥ സിനിമയാക്കുമ്പോൾ സംവിധായകന്റെ ജോലി എളുപ്പമാകും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, സ്വന്തം തിരക്കഥ പാളിപ്പോയ അവസ്ഥയിലാകുമ്പോൾ ഒരു പുതുമുഖ സംവിധായകന് ഒന്നും ചെയ്യാനാകില്ല. തമാശ സിനിമയ്ക്ക് യുക്തി വേണ്ട എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞു തടിതപ്പാമെങ്കിലും, നല്ലൊരു സിനിമയുണ്ടാക്കി പ്രേക്ഷകരെ രസിപ്പിക്കാനയില്ല എന്നത് എന്നും ഒരു ഭാരമായി വിപിൻ ദാസിനോടൊപ്പം ഉണ്ടാകും. സിനിമയിലുടനീളം ഡബ്ബിംഗ് ചെയ്തിരിക്കുന്ന രീതിയിൽ പ്രശ്നങ്ങൾ കണ്ടിരുന്നു എന്നതും സംവിധാനപിഴവ് മൂലമാണ്. മറ്റൊരു നല്ല അവസരത്തിനായി വിപിൻ ഇനിയും കാത്തിരിക്കേണ്ടിവരും.

സാങ്കേതികം: ⭐⭐⭐
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആദ്യമായി ഈണമിട്ട “ദേവദൂതർ പാടി”(ഭരതൻ-മമ്മൂട്ടി കൂട്ടുകെട്ടിലെ അത്യുഗ്രൻ സിനിമ കാതോട് കാതോരം)എന്ന ഗാനത്തിന്റെ റീമിക്സ് സിനിമയിലുടനീളം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചുക്കൊണ്ട് രാഹുൽ രാജ് ഈ സിനിമയ്ക്ക് ചടുലത നൽക്കിയിട്ടുണ്ട്. അവിയൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധ നേടിയ കുഗൻ എസ്. പളനി ആദ്യമായി മലയാളത്തിൽ ചായാഗ്രഹണം നിർവഹിക്കുന്ന മുദ്ദുഗൗ അദ്ദേഹത്തിന് ഒരു വലിയ നേട്ടം സമ്മാനിക്കുമെന്ന് തോന്നുന്നു. ചടുലതയുള്ള കളർഫുൾ ദ്രിശ്യങ്ങൾ ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ലിജോ പോളിന്റെ ചിത്രസന്നിവേശവും മികവു പുലർത്തി. നായികയും നായകനും പ്രണയരംഗങ്ങളിൽ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു വരുന്നത് അവിശ്വസനീയമായി അനുഭവപെട്ടു. റോണക്സ്‌ സേവ്യറിന്റെ മേയിക്കപ്പ് മോശമായില്ല. ത്യാഗു തവന്നൂർ ഒരുക്കിയ അധോലോക ഗുണ്ടകളുടെ താവളം പഴഞ്ചൻ ശൈലിയിലായത് ബോറൻ രീതിയായി തോന്നി. മനു മഞ്ജിത്ത്-രാഹുൽ രാജ് ടീം ഒരുക്കിയ പാട്ടുകൾ സിനിമയുടെ സ്വഭാവത്തിന് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐
ഗോകുൽ സുരേഷ് ആദ്യ സിനിമയിൽ തന്നെ തനിക്കു ലഭിച്ച കഥാപാത്രത്തോട് നൂറു ശതമാനം നീതിപുലർത്തി. സുരേഷ് ഗോപിയുടെ ചലനങ്ങളും ശബ്ദവും അഭിനയ രീതിയും അതേപടി വീണ്ടും സിനിമയിൽ കണ്ടതുപോലെ പ്രേക്ഷകർക്ക്‌ അനുഭവപെട്ടു. നടൻ വിജയകുമാറിന്റെ മകൾ അർത്ഥനയുടെയും ആദ്യ സിനിമയാണ് മുദ്ദുഗൗ. അർത്ഥനയും ആദ്യ സിനിമ എന്ന് തോന്നിപ്പിക്കാത്ത രീതിയിൽ അഭിനയിച്ചു. റാംമ്പോ എന്ന അധോലോക നായകനെ വിജയ്‌ ബാബു സ്ഥിരം ശൈലിയിൽ അവതരിപ്പിച്ചു. പ്രേക്ഷരുടെ കയ്യടിനേടിയ താരങ്ങൾ സൗബിൻ ഷാഹിറും ഹരീഷ് പെരുമണ്ണയുമാണ്. കൊച്ചി-കോഴിക്കോട് ഭാഷ സംസാരിച്ചുകൊണ്ട് ഇരുവരും സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. ക്ലൈമാക്സിലെ രംഗങ്ങളിൽ ഒരു സംഭാഷണം പോലുമില്ലാതെ തന്നെ സൗബിനും ഹരീഷും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇവരെ കൂടാതെ ബൈജു, സുനിൽ സുഖദ, അബു സലിം, ഇന്ദ്രൻസ്, പ്രേംകുമാർ, അരുണ്‍, സന്തോഷ്‌ കീഴാറ്റൂർ, അനിൽ മുരളി, ആനന്ദ്, നീന കുറുപ്പ് എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങൾ കോർത്തിണക്കിയ മുദ്ദുഗൗ കയ്പ്പേറിയ സിനിമാനുഭവമാകുന്നു.

രചന, സംവിധാനം: വിപിൻ ദാസ്
നിർമ്മാണം: വിജയ്‌ ബാബു & സാന്ദ്ര തോമസ്‌
ബാനർ: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: കുഗൻ എസ്. പളനി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: രാഹുൽ രാജ്
ഗാനരചന: മനു മഞ്ജിത്ത്
കലാസംവിധാനം: ത്യാഗു തവന്നൂർ
മേയിക്കപ്പ്: റോണക്സ് സേവ്യർ
വിതരണം: കാർണിവൽ മോഷൻ പിക്ക്ചേഴ്സ്.

വള്ളീം തെറ്റി പുള്ളീം തെറ്റി – ⭐⭐

image

വള്ളീം പുള്ളീം കുത്തും കോമയും എല്ലാം തെറ്റി! – ⭐⭐

പാലക്കാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന ഒരു പ്രണയകഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച സിനിമയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. നവാഗതനായ ഋഷി ശിവകുമാർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് അച്ചാപ്പു മൂവി മാജിക്കിനു വേണ്ടി ഫൈസൽ ലത്തീഫാണ്. കുഞ്ഞുണ്ണി എസ്. കുമാർ ചായഗ്രഹണവും, പുതുമുഖം സൂരജ് എസ്. കുറുപ്പ് സംഗീതവും, ബൈജു കുറുപ്പ് ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നു.

ശ്രീദേവി ടാക്കീസ് എന്ന സിനിമ കൊട്ടകയിലെ ഓപ്പറേറ്റർ വിനയനും ആ ഗ്രാമത്തിലെ ഏക പണക്കാരനും പലിശക്കാരനുമായ ഭഗവാൻ മേനോന്റെ മകൾ ശ്രീദേവിയും തമ്മിൽ പ്രണയത്തിലാണ്. വിനയന്റെ സുഹൃത്തുക്കളും, ശ്രീദേവി ടാക്കീസിന്റെ ഉടമ മാധവേട്ടനും, തെങ്ങ് ചെത്തുന്ന ആശാൻ എന്ന് വിളിപേരുള്ള രാജനും വിനയൻ-ശ്രീദേവി പ്രണയത്തെ അനുകൂലിക്കുന്നവരാണ്. പക്ഷെ, കൊള്ള പലിശക്കാരനായ ഭഗവാൻ ആ പ്രണയബന്ധത്തിനെതിരുമാണ്. ഭഗവാന്റെ ആദ്യപുത്രി ആ നാട്ടിലെ ഒരു ചെറുപ്പക്കാരനുമായി ഒളിച്ചോടി വിവാഹിതയായതാണ് അതിനു കാരണം. ശ്രീദേവി ടാക്കീസിന്റെ നിലനിൽപ്പിനു വേണ്ടി മാധവേട്ടൻ കുറച്ചു പണം ഭഗവാന്റെയടുത്തു നിന്ന് കടം മേടിക്കുന്നു. ഒരിക്കൽ ശ്രീദേവി ടാക്കീസ് എന്നന്നേക്കുമായി നഷ്ടപെടുന്ന അവസ്ഥയെത്തുന്നു. അതോടൊപ്പം വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ ഗഗൻ എന്ന ചെറുപ്പക്കാരനും ആ നാട്ടിലെത്തുന്നു. തുടർന്ന് ആ നാട്ടിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയിലൂടെ രസകരമായി അവതരിപ്പിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.

വിനയനായി കുഞ്ചാക്കോ ബോബനും, ശ്രീദേവിയായി ശാമിലിയും, ഭാഗവാനായി സുരേഷ് കൃഷ്ണയും, മാധവേട്ടനായി രഞ്ജി പണിക്കരും, ആശാനായി മനോജ്‌ കെ.ജയനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ കൃഷ്ണ ശങ്കർ, അനീഷ്‌ മേനോൻ, സുധീർ കരമന, സൈജു കുറുപ്പ്, ശ്രീജിത്ത്‌ രവി, ചെമ്പിൽ അശോകൻ, കലാഭവൻ ഹനീഫ്, ഉണ്ണികൃഷ്ണൻ, മിയ ജോർജ്, മുത്തുമണി, സീമ ജി.നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നറിയപെടുന്ന 80കളുടെ അവസാനം പുറത്തിറങ്ങിയ ഒരുപിടി നല്ല സിനിമകളുടെ പ്രമേയവുമായി സാമനതയുള്ള പ്രമേയവും കഥയുമായാണ് നവാഗതനായ ഋഷി ശിവകുമാർ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സിബി മലയിലിന്റെ മുത്താംരംകുന്ന് പി.ഓ., ഗിരീഷിന്റെ അക്കരനിന്നൊരു മാരൻ, ലാൽ ജോസിന്റെ മീശമാധവൻ എന്നിവയെല്ലാം ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന പ്രണയ കഥകളാണ്. അതിലുപരി, സാധാരണക്കാരനും പാവപെട്ടവനുമായ നായകനും സുഹൃത്തുക്കളും ഒരു വശത്ത് നായികയുടെ അച്ഛനും തമാശ പറയുന്ന ഗുണ്ടകൾ മറുവശത്ത്. അവസാനം യുക്തിയില്ലാത്ത കുറെ സംഭവബഹുലമായ രംഗങ്ങൾക്ക് ശേഷം നായകനും നായികയും ഒന്നിക്കുന്നു. ഇത്തരത്തിലുള്ള ഒരു പഴഞ്ചൻ കഥ ഒരു പുതുമുഖ സംവിധായകനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.

തിരക്കഥ: ⭐⭐
ഏതൊരു നല്ല സിനിമയുടെയും വിജയത്തിന് പിന്നിൽ കെട്ടുറപുള്ള ഒരു തിരക്കഥയുണ്ടാകും. അത് തിരിച്ചറിയാനുള്ള വിവേകം സാങ്കേതിക മികവിൽ മാത്രം വിശ്വസിച്ചു സിനിമയെടുക്കുന്നവർ കാണുക്കുന്നില്ല എന്നതാണ് ഇന്നത്തെ സിനിമ സംവിധായകരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. കേട്ടുപഴകിയ സംഭാഷണങ്ങളും കണ്ടുമടുത്ത കഥാസന്ദർഭങ്ങളും, പ്രവചിക്കാനവുന്ന കഥാഗതിയും, ചിരിവരാത്ത കുറെ കോമാളിത്തരങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും കൃത്യമായി എഴുതിച്ചേർത്ത തിരക്കഥയാണ് ഈ സിനിമയുടെത്. ഈ സിനിമയിലെ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച വിനയൻ എന്ന കഥാപാത്രം പറയുന്ന സംഭാഷണങ്ങളിൽ ഒന്നിൽ “ജസ്റ്റ്‌ റിമംബർ ദാറ്റ്” എന്ന് പറയുന്നുണ്ട്. കമ്മീഷ്ണർ റിലീസ് ചെയ്ത വർഷം 1993 ആണ്. അങ്ങനെയെങ്കിൽ 1990 ഏപ്രിൽ മാസത്തിൽ നടക്കുന്ന കഥയിൽ ആ സംഭാഷണം എങ്ങനെ വന്നു എന്നത് ഒരു സംശയമായി അവസാനിക്കുന്നു.

സംവിധാനം: ⭐⭐
ഒരു നവാഗതനെന്ന നിലയിൽ തന്റേതായ കഴിവ് തെളിയക്കാൻ ഋഷി ശിവകുമാറിന് ലഭിച്ച സുവർണ്ണ അവസരമാണ് ഈ സിനിമ. പ്രവചിക്കാനവുന്ന കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ധാരാളമുള്ള ഒരു തിരക്കഥയെ ഇഴഞ്ഞുനീങ്ങുന്ന താളത്തിൽ അവതരിപ്പിച്ചു അവിശ്വസനീയമായ ക്ലൈമാക്സിലൂടെ അവസാനിപ്പിച്ചു. കുഞ്ഞുണ്ണി എസ്.കുമാർ എന്ന ചായഗ്രാഹകന്റെ മികവുറ്റ ഫ്രെയിമുകളും, സൂരജ് എസ്. കുറുപ്പിന്റെ സംഗീതവും, പാട്ടുകളുടെ വ്യതസ്ഥതയും ഈ സിനിമയെ കണ്ടിരിക്കാവുന്ന രീതിയിലാക്കി. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. അവരൊക്കെ സിനിമയുടെ രണ്ടാം പകുതിയിലെ അപ്രതീക്ഷിത ട്വിസ്റ്റിനും അവിശ്വസനീയ ക്ലൈമാക്സിനും വേണ്ടിയാണെന്ന് അറിയുമ്പോൾ പോലും അനാവശ്യമായി കുത്തിനിറച്ചതാണ് എന്ന്  തോന്നുന്നു. ഈ കുറവുകളൊക്കെ മോശമായി സിനിമയെ ബാധിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ.

സാങ്കേതികം: ⭐⭐⭐⭐
ലോഹം എന്ന സിനിമയ്ക്ക് ശേഷം പ്രശസ്ത ചായഗ്രാഹകൻ എസ്.കുമാറിന്റെ മകൻ കുഞ്ഞുണ്ണി പകർത്തിയ ഓരോ ഫ്രെയിമുകളും അതിമനോഹരമായിരുന്നു. പാലക്കാടിന്റെ ഭംഗി ഒപ്പിയെടത്തു പഴയ കാലഘട്ടം പുനർസൃഷ്ട്ടിക്കുവാൻ കുഞ്ഞുണ്ണിക്ക് സാധിച്ചു. പാട്ടുകളുടെ ചിത്രീകരണവും, മഴ പെയ്യുന്ന രംഗങ്ങളും മികവുറ്റതായിരുന്നു. അതേപോലെ മികച്ചു നിന്ന മറ്റൊരു സാങ്കേതികവശം കലാസംവിധാനമായിരുന്നു. ജ്യോതിഷ് ശങ്കർ ഒരുക്കിയ അമ്പലപറമ്പും, നാടകവും, ശ്രീദേവി ടാക്കീസും മികച്ചതായിരുന്നു. 2016 ലെ മികച്ച ഗാനങ്ങളുള്ള സിനിമകളിൽ ഒന്നായി ഈ സിനിമ പിൽകാലത്ത് അറിയപെടും. ഹരിചരണും മഡോണയും ചേർന്നാലപിച്ച “പുലർക്കാലം പോലെ വിരൽതുമ്പിനാൽ എൻ നെഞ്ചിനെ”എന്ന ഗാനവും “അരേ തു ചക്കർ” എന്ന ഗാനവും കേൾക്കാനും ഏറ്റുപാടുവാനും രസമുള്ളതാണ്‌. റോണക്സ്‌ സേവ്യർ നിർവഹിച്ച മേയിക്കപ് ശാമിലിയ്ക്ക് ഉചിതമായി തോന്നിയില്ല. ബൈജു കുറുപ്പിന്റെ സന്നിവേശം ശരാശരിയിൽ ഒതുങ്ങിയതിനാൽ ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങൾ വേണ്ടുവോളമുണ്ടായിരുന്നു ഈ സിനിമയിൽ.

അഭിനയം: ⭐⭐
വിനയനെന്ന സാധരക്കാരന്റെ വേഷം ഭംഗിയായി അവതരിപ്പിക്കുവാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. പക്ഷെ, ചാക്കോച്ചനേക്കാൾ കയ്യടി നേടിയത് ഗഗനെ അവതരിപ്പിച്ച കൃഷ്ണ ശങ്കറും, മാധവേട്ടനായി അഭിനയിച്ച രഞ്ജി പണിക്കരുമാണ്. നീർ ആശാനായി മാനോജ് കെ. ജയൻ സ്ഥിരം ശൈലിയിൽ അഭിനയിച്ചു. ചിലയിടങ്ങളിൽ അമിതാഭിനയവുമായി അനുഭവപെട്ടു. സമീപകാലതിറങ്ങിയ സിനിമകളിലെ ഏറ്റവും മോശമായ അഭിനയം കാഴ്ചവെച്ച പുതുമുഖ നായികയായി ശ്യാമിലി. അനാർക്കലി എന്ന സിനിമയ്ക്ക് ശേഷം സുരേഷ് കൃഷ്ണയ്ക്ക് ലഭിച്ച മികച്ച വേഷമാണ് ഈ സിനിമയിലെ ഭഗവാൻ മേനോൻ. അതു മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ സുരേഷ് കൃഷ്ണയ്ക്കും സാധിച്ചു. സൈജു കുറുപ്പും ശ്രീജിത്ത്‌ രവിയും മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റു നടീനടൻമാർ തരക്കേടില്ലാതെ അഭിനയിച്ചു.

വാൽക്കഷ്ണം: കേട്ടുപഴകിയ കണ്ടുമടുത്ത ഒരു പഴങ്കഥയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി!

രചന, സംവിധാനം: ഋഷി ശിവകുമാർ
നിർമ്മാണം: ഫൈസൽ ലത്തീഫ്
ചായാഗ്രഹണം: കുഞ്ഞുണ്ണി എസ്.കുമാർ
ചിത്രസന്നിവേശം: ബൈജു കുറുപ്പ്
സംഗീതം: സൂരജ് എസ്. കുറുപ്പ്
ഗാനരചന: ഹരിനാരായണൻ, സൂരജ് എസ്. കുറുപ്പ്
കലാസംവിധാനം: ജ്യോതിഷ് ശങ്കർ
മേയിക്കപ്പ്: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
വിതരണം: കലാസംഘം റിലീസ്

ജയിംസ് ആൻഡ്‌ ആലീസ് – ⭐⭐

image

ദാമ്പത്യ അസ്വാരസ്യങ്ങളും തിരിച്ചറിവുകളും! – ⭐⭐

മലയാള സിനിമയിലെ പ്രമുഖ ചായഗ്രാഹകരിൽ ഒരാളായ സുജിത് വാസുദേവ് ആദ്യമായി കഥ എഴുതി സംവിധാനം നിർവഹിച്ച ജയിംസ് ആൻഡ്‌ ആലീസ് നവയുഗ ദാമ്പത്യത്തിന്റെ നേർക്കാഴ്ചയാകുന്നു. പ്രണയിക്കുന്ന വേളയിൽ കമിതാക്കൾ കാണുന്ന സ്വപ്നങ്ങൾക്കും പരസ്പരം നൽകുന്ന വാക്കുകൾക്കും വിപരീതമായി വിവാഹാനന്തര ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ അവരുടെ ജീവിതത്തെ മോശമായി ബാധിക്കുന്ന കാഴ്ച ഇന്നത്തെ കാലഘട്ടത്തിൽ സജീവമാണ്. ദാമ്പത്യ ബന്ധം ഒരു പളുങ്ക് പാത്രം പോലെയാണെന്നുള്ള തിരിച്ചറിവ്
ഉണ്ടാകുമ്പോഴേക്കും അത് വീണുടഞ്ഞ അവസ്ഥയിലാകുന്നു. പൊലിഞ്ഞുപോയ ദാമ്പത്യം വീണ്ടെടുക്കുവാൻ ഒരു അവസരം കൊതിക്കുന്നവർ പ്രതീക്ഷയോടെ കാത്തിരുന്നു നിരാശരാവുകയാണ് പതിവ്. ഇത്തരത്തിലുള്ള ഒരു കഥയും കഥാസന്ദർഭങ്ങളുമാണ് സുജിത് വാസുദേവും ഡോക്ടർ എസ്.ജനാർദ്ദനനും ചേർന്ന് ജയിംസ് ആൻഡ്‌ ആലീസ് എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌.

പ്രമേയം: ⭐⭐⭐
ബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്ന അവസ്ഥ ദാമ്പത്യബന്ധങ്ങളിലെ അപ്രിയസത്യമാണ്. ഭൂരിപക്ഷം വിവാഹമോചനങ്ങളും നടക്കുന്നത് പരസ്പരം വച്ചുപുലർത്തുന്ന ഈഗോ മൂലമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇരുവരും സംസാരിച്ചുതീർക്കേണ്ട വിഷയങ്ങൾ കുടുംബ കോടതിയിലെത്തുന്ന അവസ്ഥയാണ് നമ്മൾ ദിനംതോറും കാണുന്നത്. തെറ്റ് തിരുത്തുവാനുള്ള പക്വതയോ ക്ഷമയോ ഇല്ലാത്ത ഇന്നത്തെ തലമുറ ചുരുങ്ങിയപക്ഷം ഏറ്റുപറയുവാനുള്ള വിവേചനബുദ്ധിപോലും കാണിക്കുന്നില്ല. എല്ലാം നഷ്ടപെട്ടതിന് ശേഷം ദുഖിച്ചിരുന്നു മുഴുകുടിയന്മാരായി മാറുന്നത്തിനു പകരം തെറ്റ് തിരുത്തുക, ഈഗോ ഇല്ലാതെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുക എന്ന സന്ദേശം ഒരല്പം ഫാന്റസിയോടെ അവതരിപ്പിച്ചിരിക്കുന്ന പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്. സമീപകാലതിറങ്ങിയ മലയാള സിനിമകളിലെ പ്രമേയങ്ങളിൽ മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ജയിംസ് ആൻഡ്‌ ആലീസ് എന്ന സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐⭐⭐
മഹാസമുദ്രം, സഹസ്രം എന്നീ സിനിമകളുടെ തിരക്കഥ രചയ്താവും സംവിധായകനുമായ ഡോക്ടർ എസ്. ജനാർദ്ദനൻ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഈ സിനിമ, നവയുഗ ദാമ്പത്യത്തിലെ പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ജയിംസ് ആലീസ് ദമ്പതികളുടെ കുടുംബ ജീവിതത്തിലുള്ള കൊച്ചു കൊച്ചു പിണക്കങ്ങളും, ജോലിതിരക്കുമൂലമുണ്ടാകുന്ന അസ്വാരസ്യങ്ങളും, ഈഗോ മൂലമുണ്ടാകുന്ന വഴക്കുകളും വിശ്വസനീയമായ സന്ദർഭങ്ങളിലൂടെ അർത്ഥവത്താകുന്ന സംഭാഷണങ്ങിലൂടെ തിരക്കഥയിൽ ഉൾപ്പെടുതിയിരിക്കുന്നു. ആദ്യപകുതിയിലെ കഥാസന്ദർഭങ്ങൾ ക്ലീഷേയാണെങ്കിലും സംഭാഷണങ്ങൾ മികവു പുലർത്തി. രണ്ടാം പകുതിയിൽ കഥ വേറിട്ട പശ്ചാത്തലത്തിലൂടെ സഞ്ചരിച്ചുക്കൊണ്ട് ഒരുപാട് തിരിച്ചറിവുകൾ നൽകികൊണ്ട് മുൻപോട്ടുപോകുന്നു. പക്ഷെ, അവസാന നിമിഷം കലമുടയ്ക്കുന്ന പോലെ ക്ലൈമാക്സ് നിരാശപെടുത്തിക്കൊണ്ട് സിനിമ അവസാനിച്ചു. ഈ സിനിമ കണ്ടിറങ്ങുന്നവരിൽ ചിലരെങ്കിലും തങ്ങളുടെ പൂർവകാല പ്രവർത്തികൾ ഓർത്ത്‌ പശ്ചാത്തപിക്കുകയും തിരുത്താൻ തയ്യാറാവുകയും ചെയ്തുവെങ്കിൽ സാമ്പത്തിക വിജയത്തിലുപരി സന്തോഷം അണിയറപ്രവർത്തകർക്ക് ലഭിക്കുമെന്നുറപ്പാണ്.

സംവിധാനം: ⭐⭐
മെമ്മറീസ്, ദൃശ്യം, അമർ അക്ബർ ആന്തോണി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ചായാഗ്രാഹകനാണ് സുജിത് വാസുദേവ്. ഇതാദ്യമായി സംവിധായകന്റെ റോളിൽ നല്ലൊരു പ്രമേയവും കഥയുമായി തന്നെ അദ്ദേഹം അരങ്ങേറ്റം നടത്തിയിരിക്കുന്നു. മികച്ച വിഷ്വൽസും നല്ല അഭിനേതാക്കളുടെ സാന്നിധ്യവും ഉപയോഗപെടുത്തി ശരാശരി നിലവാരത്തിലുള്ള സിനിമ പ്രേക്ഷകർക്ക്‌ നൽക്കുവാൻ സാധിച്ചു. ഒരു സംവിധായകനെന്ന നിലയിൽ പൂർണ്ണമായും വിജയിക്കുവാൻ സുജിത് വാസുദേവിന് കഴിഞ്ഞില്ല. പതിഞ്ഞ താളത്തിൽ കഥപറഞ്ഞിരിക്കുന്ന രീതിയും ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റും പ്രേക്ഷരെ ഒന്നടങ്കം മുഷിപ്പിച്ചു. പ്രവചിക്കാനവുന്ന കഥാസന്ദർഭങ്ങൾ വേണ്ടുവോളമുള്ള തിരക്കഥയെ വേഗതയോടെ അവതരിപ്പിചിരുന്നിവെങ്കിൽ ഈ സിനിമയുടെ സ്വീകാരിതയേറുമായിരുന്നു. സുജിത് വാസുദേവ് ചായഗ്രാഹകനായി തുടരുന്നതാവും അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് നല്ലതെന്ന് തോന്നുന്നു.

സാങ്കേതികം: ⭐⭐
ദ്രിശ്യമികവോടെ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ സിനിമയുടെ പ്രമേയവും അതിലടങ്ങുന്ന സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചു. കാർ അപകടം ചിത്രീകരിച്ചിരിക്കുന്നത് വിശ്വസനീയമായിരുന്നുവെങ്കിലും ഇത്രയും തവണ കാർ മറയുമോ എന്നൊരു സംശയം പ്രേക്ഷകർക്ക്‌ തോന്നിയെങ്കിൽ അതിൽ തെറ്റില്ല. സംജിത് ആണ് രംഗങ്ങൾ കോർത്തിണക്കിയത്. സിനിമയുടെ ആദ്യപകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും അനാവശ്യമായി വലിച്ചുനീട്ടിയതുപോലെ അനുഭവപെട്ടു. രണ്ടുമണിക്കൂർ ദൈർഘ്യത്തിൽ പറയാവുന്ന ഒരു കഥയെ രണ്ടേമുക്കാൽ മണിക്കൂറോളം സമയമെടുത്താണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനു മാറ്റുകൂട്ടുവാൻ ഗോപി സുന്ദറിന്റെ വക കുറെ ശബ്ദകോലാഹലങ്ങളും. കെ.എം.രാജീവിന്റെ സെറ്റുകൾ മികവു പുലർത്തി. അരുണ്‍ മനോഹർ നൽക്കിയ വസ്ത്രങ്ങൾ ജയിംസിനെയും ആലീസിനെയും കൂടുതൽ സുന്ദരനും സുന്ദരിയുമാക്കിയിട്ടുണ്ട്.

അഭിനയം: ⭐⭐⭐⭐
പ്രിഥ്വിരാജ്, വേദിക, സായികുമാർ, സിജോയ് വർഗീസ്‌, വിജയരാഘവൻ, കിഷോർ സത്യ, ഷാജു ശ്രീധർ, സുധീർ കരമന, പാർവതി നായർ, മഞ്ജു പിള്ള, അനുപമ പരമേശ്വരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയാണിത്. ജയിംസ് ആയി പ്രിഥ്വിരാജും ആലീസായി വേദികയും മികച്ച അഭിനയം കാഴ്ചവെച്ചു. വേദികയ്ക്ക് ശബ്ദം നൽക്കിയ എയ്ഞ്ചൽ അഭിനന്ദനം അർഹിക്കുന്നു. അതുപോലെ ഈ സിനിമയിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ശബ്ദം നൽക്കിയത് അനൂപ്‌ മേനോനാണ്. സായികുമാറും വിജയരാഘവനും പതിവുതെറ്റിക്കാതെ സൂക്ഷ്മഭാവങ്ങൾ വരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: വിവാഹിതരായവർക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന സിനിമയാണ് ജയിംസ് ആൻഡ്‌ ആലീസ്.

കഥ, ചായാഗ്രഹണം, സംവിധാനം: സുജിത് വാസുദേവ്
തിരക്കഥ, സംഭാഷണം: ഡോക്ടർ എസ്. ജനാർദ്ദനൻ
നിർമ്മാണം: ഡോക്ടർ സജികുമാർ
ചിത്രസന്നിവേശം: സംജിത്
സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: കെ.എം.രാജീവ്‌
ഗാനരചന: റഫീക്ക് അഹമ്മദ്, ഹരിനാരായണൻ, മോചിത
വസ്ത്രാലങ്കാരം: അരുണ്‍ മനോഹർ
മേയിക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂർ
ശബ്ദമിശ്രണം: എൻ. ഹരികുമാർ
വിതരണം: ധാർമ്മിക് ഫിലിംസ്.