ആനന്ദം – ⭐⭐⭐


ആനന്ദം പകരുന്ന സൗഹൃദ-പ്രണയ കാഴ്ചകൾ! – ⭐⭐⭐

കലാലയ ജീവിതത്തിലെ സൗഹൃദങ്ങളും പരിഭവങ്ങളും പ്രണയങ്ങളും എല്ലാക്കാലവും നമ്മടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കും. ആ ഓർമ്മകൾ നൽകുന്ന ആനന്ദം ഒരിക്കൽക്കൂടി ആസ്വദിക്കുവാൻ ഗണേഷ് രാജ്-വിനീത് ശ്രീനിവാസൻ ടീം ഒരുക്കിയ സിനിമയാണ് ആനന്ദം.

കോളേജിൽ നിന്നും സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിനു പോകുന്ന ദിവസങ്ങളിലാകും ഒട്ടുമിക്ക പ്രണയങ്ങളും സൗഹൃദങ്ങളും ഉടലെടുക്കുന്നതും ദൃഢമാകുന്നതും. അത്തരത്തിലുള്ള ഒരു വിനോദസഞ്ചാരത്തിനിടയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് സാങ്കേതികമികവോടെ ഗണേഷ് രാജ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ അവതരണമായതിനാൽ തിരക്കഥയിലെ പാകപ്പിഴകൾ മറന്നുകൊണ്ട് ഏവരും ആനന്ദം ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്.

കാസ്റ്റ് ആൻഡ് ക്രൂവും ഹാബിറ്റ് ഓഫ് ലൈഫും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ആനന്ദത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന ഗണേഷ് രാജാണ്. വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിച്ചിരിക്കുന്ന ആനന്ദത്തിൽ വരുൺ എന്ന കഥാപാത്രമായി അരുൺ കുര്യനും, കുപ്പി എന്ന് വിളിപ്പേരുള്ള കഥാപാത്രത്തെ വിശാഖ് നായരും, വെസ്റ്റേൺ റോക്ക് സംഗീതത്തിന്റെ ആരാധകനായ ഗൗതമായി റോഷൻ മാത്യുവും, പഞ്ചപാവം കാമുകനായ അക്ഷയ് ആയി തോമസ് മാത്യുവും, ദിയയായി സിദ്ധി മഹാജങ്കടിയും, ദർശനയായി അനാർക്കലി മരയ്ക്കാറും, ദേവികയായി അനു ആന്റണിയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കിയ മലയാള സിനിമകളെല്ലാം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. എൻജിനിയറിങ് കോളേജ് സൗഹൃദം പ്രമേയമാക്കിയ തെലുങ്ക് സിനിമ ഹാപ്പി ഡെയ്‌സിന്റെ മലയാളം പതിപ്പ് കേരളത്തിൽ വമ്പൻ തരംഗം സൃഷ്ടിച്ചിരുന്നു. ആ കാലഘട്ടത്തിൽ അതേ തരത്തിലുള്ള പ്രമേയം മലയാളത്തിൽ സിനിമയാക്കിയിരുന്നെകിൽ എന്നാഗ്രഹിക്കാത്തവർ ഉണ്ടായിരുന്നില്ല. ആനന്ദം എന്ന സിനിമയിൽ ചർച്ചചെയ്യുന്നതും കോളേജ് പ്രണയവും സൗഹൃദവും പരിഭവവും തന്നെയാണ്.

തിരക്കഥ: ⭐⭐
സംവിധായകൻ ഗണേഷ് രാജ് ആദ്യമായി തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ആനന്ദം ഒരു യാത്രയിലൂടെ ഇതൾവിരിയുന്ന പ്രണയകഥയാണ്. പ്രണയത്തോടൊപ്പം സൗഹൃദവും പരിഭവവും ഒക്കെ വിഷയമാകുന്നു. സിനിമയുടെ ആദ്യാവസാനം യുക്തിയെ ചോദ്യം ചെയ്യുന്ന ഒട്ടനവധി കഥാസന്ദർഭങ്ങൾ ഈ സിനിമയിലുണ്ടായിരുന്നു. കോളേജിൽ നിന്നും വിനോദ സഞ്ചാരത്തിനു പോകുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുമോ എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് കഥാസന്ദർഭങ്ങൾ എഴുതിയിരിക്കുന്നത്. അതിഭാവകത്വം നിറഞ്ഞ സന്ദർഭങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ വിലയറിയുന്ന ഒട്ടനവധി മുഹൂർത്തങ്ങളും സംഭാഷണങ്ങളും ഉണ്ടായിരുന്നു എന്നതല്ലാതെ മറ്റൊരു പുതുമയുമില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടേത്. കഥാപാത്രരൂപികരണം മികച്ചു നിന്നിരുന്നുവെങ്കിലും കഥാസന്ദർഭങ്ങൾ നിരാശപ്പെടുത്തി. യാത്രകളിലെ കാഴ്ചകൾ എന്നും ആകാംഷ ജനിപ്പിക്കുന്നതാണെങ്കിലും യാത്രകളിലെ കഴമ്പില്ലാത്ത കഥാസന്ദർഭങ്ങൾ നിരാശമാത്രം സമ്മാനിക്കുന്നു. കൗമാരക്കാർക്ക് ഇഷ്ടമാകുന്ന രസകരമായ രീതിയിലാണ് ഈ സിനിമയിലെ സംഭാഷണങ്ങൾ. ഈ സിനിമയിലെ ഏഴു പ്രധാന കഥാപാത്രങ്ങളും നമ്മടെ കോളേജ് കാലഘട്ടത്തിൽ നമ്മൾ കണ്ടിട്ടുള്ളവരാണ്. അതുകൊണ്ടു അവരെയും അവരുടെ സൗഹൃദവും പ്രണയവും ഏവർക്കും ഇഷ്ടപെടുമെന്നാണ് തോന്നുന്നത്.

സംവിധാനം: ⭐⭐⭐
ഓരോ സിനിമയും പ്രേക്ഷകർ ആസ്വദിക്കുന്നത് ഓരോ തരത്തിലാണ്. ചിലർ കഥയിലെ പുതുമതേടി പോകുമ്പോൾ മറ്റുചിലർ അവയുടെ അവതരണമികവിൽ ആസ്വാദനത്തിനുള്ള വകയുണ്ടോ എന്നാണ് നോക്കുന്നത്. തട്ടത്തിൻ മറയത്ത് കഥാപരമായി പുതുമ നൽകുന്നില്ലെങ്കിലും, അവതരണമികവിൽ വളരെയേറെ മുന്നിലായിരുന്നു. അതുപോലെ, ആനന്ദവും അവതരണമികവുകൊണ്ട് പ്രേക്ഷകർ സ്വീകരിക്കുവാൻ സാധ്യതയുള്ള സിനിമയാണ്. വ്യത്യസ്ഥ സ്വഭാവക്കാരായ ഏഴു കഥാപാത്രങ്ങളും അവരുടെ സൗഹൃദവും പ്രണയവും രസകരമായ സംഭാഷണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. നല്ല അഭിനേതാക്കളെ കണ്ടെത്തുന്നതിലും മനോഹരമായ ഫ്രേയിമുകൾ ഒരുക്കുന്നതിലും ചടുലമായ രംഗങ്ങളുടെ കോർത്തിണക്കൽകൊണ്ടും രംഗങ്ങളോട് ചേർന്ന് നിൽക്കുന്ന സംഗീതംകൊണ്ടും പുത്തനുണർവ് പകരുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. ഗണേഷ് രാജ് എന്ന സംവിധായകന്റെ അവതരണമികവിൽ മറ്റെല്ലാ ന്യൂനതകളും മറന്നു രണ്ടു മണിക്കൂർ ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും കോർത്തിണക്കി കൗമാരക്കാരെ രസിപ്പിക്കുവാൻ ആനന്ദിപ്പിക്കുവാൻ ഈ സിനിമയ്ക്ക് സാധിക്കും എന്നുറപ്പാണ്!

സാങ്കേതികം: ⭐⭐⭐⭐
നേരത്തിലൂടെ പ്രേമത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനായ ആനന്ദ് സി. ചന്ദ്രൻ അത്യുഗ്രൻ വിഷ്വൽസ് ഒരുക്കി പ്രേക്ഷകർക്ക് കാഴ്ചകളിലൂടെ ആനന്ദം പകർന്നു. ഹംപിയിലെയും ഗോവയിലെയും കാണാകാഴ്ചകൾ മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തു സിനിമയ്ക്ക് ഫ്രഷ്‌നെസ്സ് നൽകുവാൻ ആനന്ദ് സി. ചന്ദ്രന് സാധിച്ചു. നവാഗതനായ അഭിനവ് ആണ് ചടുലതയയോടെ രംഗങ്ങൾ സന്നിവേശം ചെയ്തത്. പുതുമയുള്ള അവതരണ രീതിയ്ക്ക് മാറ്റുക്കൂട്ടുവാൻ സന്നിവേശത്തിനു സാധിച്ചു. അനാവശ്യ രംഗങ്ങൾ ഒന്നുമില്ലാതെ രണ്ടു മണിക്കൂറിനുള്ളിൽ സിനിമയുടെ കഥ പറഞ്ഞ രീതിയാണ് പ്രേക്ഷകർക്കു ഏറ്റവും ഇഷ്ടപെട്ടത്. സച്ചിൻ വാര്യരുടെ സംഗീതത്തിൽ നാല് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. കഥയോടും കഥാസന്ദർഭങ്ങളോടും നീതിപുലർത്തുന്ന പാട്ടുകളാണ് ഈ സിനിമയുള്ളത്.”നിലാവേ…” എന്ന പാട്ടാണ് ഏറ്റവും രസകരമായി തോന്നിയത്. വിനീത് ശ്രീനിവാസനും, മനു മഞ്ജിത്തും, അനു എലിസബത്തും ആണ് ഗാനരചന നിർവഹിച്ചത്. സച്ചിൻ വാര്യർ തന്നെയാണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. രംഗങ്ങളോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സജിയുടെ വസ്ത്രാലങ്കാരവും ജിതേഷിന്റെ ചമയവും മികവുപുലർത്തി.

അഭിനയം: ⭐⭐⭐⭐⭐
മലയാള സിനിമയിലേക്ക് ഏഴു മിടുക്കരായ നടീനടന്മാരെ ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നു. പരുക്കനായ എന്നാൽ ഉള്ളിൽ സ്നേഹമുള്ള വരുൺ എന്ന കഥാപാത്രമായി അരുൺ കുര്യനും, സൗഹൃദത്തിനും സുഹൃത്തുകൾക്കും വിലകല്പിക്കുന്ന കൂട്ടത്തിലെ രസികനായ കുപ്പി എന്ന കഥാപാത്രമായി വിശാഖ് നായരും, കള്ളകാമുകൻ റോക്സ്റ്റാർ ഗൗതമായി റോഷൻ മാത്യുവും, നിഷ്കളങ്ക കാമുകൻ അക്ഷയ് ആയി തോമസ് മാത്യുവും, പ്രസരിപ്പോടെ പ്രകാശം പരത്തുന്ന ദിയയായി സിദ്ധി മഹാജങ്കടിയും, ചിരിയിലൂടെ മാത്രം നമ്മളെ വീഴ്‌ത്തുന്ന ദർശനയായി അനാർക്കലി മരയ്ക്കാരും, ദേവികയായി അന്നു ആന്റണിയും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ അഭിനയിച്ചു. ഡോക്ടർ റോണിയ്ക്കു ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിലെ ചാക്കോ മാഷ്. രസകരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ റോണിക്ക് സാധിച്ചു. ഇവരെ കൂടാതെ രഞ്ജി പണിക്കർ, ദിനേശ് നായർ, കോട്ടയം പ്രദീപ് എന്നിവരുമുണ്ട് ഈ സിനിമയിൽ.അതുകൂടാതെ മറ്റൊരു താരത്തിന്റെ സാന്നിധ്യവും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

വാൽക്കഷ്ണം: കൗമാരക്കാരുടെ പ്രിയപ്പെട്ട ആനന്ദങ്ങളിൽ ഒന്നാകുവാൻ ആനന്ദം എന്ന സിനിമയ്ക്ക് സാധിക്കുമെന്നുറപ്പ്!

രചന, സംവിധാനം: ഗണേഷ് രാജ്
നിർമ്മാണം: വിനീത് ശ്രീനിവാസൻ
ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ
ചിത്രസന്നിവേശം: അഭിനവ് സുന്ദർ നായക്
ഗാനരചന: വിനീത് ശ്രീനിവാസൻ, മനു മഞ്ജിത്, അനു എലിസബത്ത് ജോസ്
സംഗീതം: സച്ചിൻ വാര്യർ
ചമയം: ജിതേഷ്
വസ്ത്രാലങ്കാരം: സജി
വിതരണം: എൽ.ജെ.ഫിലിംസ്.

One thought on “ആനന്ദം – ⭐⭐⭐

  1. Tagged Nivin Pauly, ആ മറ്റൊരു താരം DQ ആയിരുന്നേൽ കുറച്ചൂടെ വിശ്വസനീയമായി ആ രംഗത്തു തോന്നിയേനെ എന്നെനിക്കു തോന്നിപോയി

    Like

Leave a comment