കാറ്റ് – ⭐️⭐️⭐️

കാറ്റ് – വൈകാരിക ബന്ധനകാറ്റ്! ⭐️⭐️⭐️

മദ്ധ്യകേരളത്തിലെ ഒരു ഗ്രാമത്തിൽ എഴുപതുകളുടെ അവസാനം നടക്കുന്ന കഥയാണ് അരുൺകുമാർ അരവിന്ദിന്റെ കാറ്റ്. വൈകാരിക മുഹൂർത്തങ്ങളിലൂടെ ആത്മബന്ധനങ്ങളുടെ തീവ്രമായ മുഖം വരച്ചുകാട്ടുന്ന വേറിട്ട സിനിമയാണ് കാറ്റ്. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളിലൂടെ പഴമയുടെ ലോകത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുചെല്ലുന്ന സിനിമായാണിത്. ആസ്വാദനത്തിനു വേണ്ടി മാത്രം സിനിമയെ സമീപിക്കുന്നവരെ ഒരുപക്ഷെ കാറ്റ് ത്രിപ്തിപെടുത്തിയെന്നുവരില്ല.

യശ്ശശരീരനായ പി.പത്മരാജന്റെ റാണിമാരുടെ കുടുംബം എന്ന ചെറു കഥയിലെ കഥാപാത്രങ്ങളെ മാത്രമെടുത്തു അദ്ദേഹത്തിന്റെ മകൻ അനന്തപത്മനാഭൻ രചന നിർവഹിച്ച കാറ്റ്, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ചെല്ലപ്പനും അയാളുടെ സന്തത സഹചാരിയായ നൂഹുകണ്ണും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്. മുരളി ഗോപിയും ആസിഫ് അലിയുമാണ് മേല്പറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രമേയം: ⭐️⭐️
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ വൈവിധ്യമാർന്ന സ്വഭാവക്കാരായ രണ്ടുപേരാണ് ചെല്ലപ്പൻ എന്ന സ്ത്രീലമ്പടനും നൂഹ്കണ്ണ് എന്ന നിഷ്കളങ്കനും. എഴുപത്-എൺപത് കാലഘട്ടങ്ങളിൽ കേരളത്തിൽ നടന്നു വന്നിരുന്ന ചില സംസ്കാരങ്ങളെ രണ്ടു വ്യക്തികളുടെ ജീവിതകഥയിലൂടെ അനാവരണം ചെയ്തിരിക്കുന്ന സിനിമയാണിത്. അന്നത്തെ കാലഘട്ടത്തിലെ ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രതയും ഈ സിനിമയിൽ പ്രമേയമാകുന്നു.

തിരക്കഥ: ⭐️⭐️
ആഗസ്റ്റ് ക്ലബ് എന്ന സിനിമയ്ക്ക് ശേഷം അനന്തപത്മനാഭൻ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് കാറ്റ്. ശക്തമായ ഒരു കഥയും കഥപാത്രങ്ങളും സംഭാഷണങ്ങളും ഈ സിനിമയുടെ മുതൽക്കൂട്ടാണ്. എഴുപതുകളുടെ അവസാനം കേരളത്തിലെ ഉൾഗ്രാമങ്ങളിൽ കണ്ടുവരുന്ന രീതികളൊക്കെ അതേപടി കഥാസന്ദർഭങ്ങളാക്കുവാൻ അനന്തപത്മനാഭനു സാധിച്ചു. ചെല്ലപ്പനും നൂഹ്കണ്ണും മൂപ്പനും ശിവൻകുട്ടിയും പോളിയും മുത്തുലക്ഷ്മിയും നമ്മൾ എവിടെയോ കണ്ടുമറന്ന മനുഷ്യരാണെന്ന തോന്നൽ പ്രേക്ഷകരിൽ സൃഷ്ടിക്കാൻ എഴുത്തുകാരന് സാധിച്ചു. എന്നാൽ, മേല്പറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച കഥാസന്ദർഭങ്ങൾ പുതുമയില്ലാത്തതും പ്രവചിക്കാനാവുന്നതുമായിരുന്നു. കാറ്റ് സിനിമ സഞ്ചരിക്കുന്ന കഥാഗതിയും ഊഹിക്കാവുന്നതായിരുന്നു. രണ്ടാം പകുതിയുടെ അവസാനം നാടകീയമായ ഒട്ടനവധി മുഹൂർത്തങ്ങളും സിനിമയുടെ കലാമൂല്യത്തിനെ സാരമായി ബാധിച്ചു. കഥാപാത്രങ്ങളുടെ സൃഷ്ടിയും വൈകാരികത നിറഞ്ഞ സംഭാഷണങ്ങളും മാറ്റി നിർത്തിയാൽ ശരാശരി നിലവാരമുള്ള തിരക്കഥയാണ് ഈ സിനിമയുടേത്.

സംവിധാനം: ⭐️⭐️⭐️
മലയാള സിനിമയിലെ സംവിധായകരൊന്നും പരീക്ഷിക്കാൻ തയ്യാറാകാത്ത സിനിമകളാണ് അരുൺകുമാർ അരവിന്ദ് എന്നും സിനിമയക്കിയിട്ടുള്ളത്. അവയുടെ കൂട്ടത്തിലേക്കു കാറ്റ് എന്ന സിനിമയും ചേർക്കപെടുന്നു. കേരളത്തിലെ പഴയ കാലഘട്ടത്തെ ഇത്രയും മികച്ച ദൃശ്യമികവോടെ അവതരിപ്പിച്ച സിനിമയൊന്നും സമീപകാലഘട്ടത്തിൽ മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടില്ല. ഓരോ കഥാപാത്രങ്ങളുടെയും മാനസിക വ്യഥകളെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സംവിധായകൻ എന്ന നിലയിൽ അരുൺകുമാറിന് സാധിച്ചു. ഈ സിനിമയുടെ കഥയോടും കഥാസന്ദർഭങ്ങളോടും കഥ നടക്കുന്ന കാലഘട്ടത്തിനോടും നീതിപുലർത്തുന്ന അവതരണ രീതിയാണ് സംവിധായകൻ സ്വീകരിച്ചത്. മികച്ച ലൊക്കേഷനുകൾ തിരഞ്ഞെടുത്തതും, കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുകയും ചെയ്യുന്നിടത്തു സംവിധായകൻ പൂർണ വിജയം കൈക്കൊണ്ടു. എന്നാൽ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇത്തരത്തിലുള്ള ഒരു കഥ പ്രേക്ഷകരുമായി സംവദിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല. ഇന്നത്തെ തലമുറയിലെ സിനിമാ ആസ്വാദകർക്ക് ദഹിക്കാൻ ഒരല്പം പ്രയാസമുള്ള അവതരണ രീതിയാണ് സിനിമയ്ക്ക് ദോഷകരമായത്. സിനിമയുടെ ദൈർഘ്യവും പ്രവചിക്കാനാവുന്ന കഥാഗതിയും പ്രതികൂലമായി സിനിമയെ ബാധിച്ചിട്ടുണ്ട്. എന്നരിന്നാലും, ഈ വർഷത്തെ അംഗീകാരങ്ങൾ തേടിവരാൻ സാധ്യതയുള്ള സിനിമകളിൽ ഒന്നാണ് കാറ്റ് എന്നുറപ്പ്!

സാങ്കേതികം: ⭐️⭐️⭐️
പ്രശാന്ത് രവീന്ദ്രൻ എന്ന ഛായാഗ്രാഹകനും പ്രതാപ് രവീന്ദ്രൻ എന്ന കലാസംവിധായകനും എന്നും അഭിമാനിക്കാവുന്ന സിനിമയായിരിക്കും കാറ്റ്. അത്യുഗ്രൻ ഛായാഗ്രഹണവും കലാസംവിധാനവും കാറ്റ് എന്ന സിനിമയെ മറ്റൊരു തലത്തിലേക്കെത്തിച്ചു. എഴുപതുകളുടെ അവസാനം കേരളത്തിലെ ഓരോ ഉൾഗ്രാമങ്ങളും എത്തരത്തിലുള്ളവയായിരുന്നു എന്ന് കണ്ടുപഠിക്കാൻ ഈ സിനിമ ഉപയോഗപെടുത്തം. അത്രയ്ക്ക് സൂക്ഷമതയോടെയാണ് കലാസംവിധായകൻ ഓരോ രംഗങ്ങളും ഒരുക്കിയത്. അവയോരോന്നും ഒപ്പിയെടുത്ത പ്രശാന്ത് രവീന്ദ്രന്റെ ഛായാഗ്രഹണവും ഗംഭീരമായിട്ടുണ്ട്. അരുൺകുമാർ അരവിന്ദ് തന്നെയാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. കഥ പറയുന്ന കാലഘട്ടത്തിനോട് നീതിപുലർത്തുന്ന വേഗതയെ സിനിമയ്ക്ക് നൽകിയിട്ടുള്ളു. ഇന്നത്തെ സിനിമാ ആസ്വാദകർക്ക് കഥയുടെ വിശദമായ വിവരണം ആവശ്യമാണോ എന്നിടത്താണ് സന്നിവേശകൻ ആശയകുഴപ്പത്തിലായത്. കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ഇത്രയും വിവരിച്ചു കാണിക്കേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. രണ്ടരമണിക്കൂർ ദൈർഘ്യം ഈ സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഓരോ കഥാസന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനിയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കുവാൻ ദീപക് ദേവിനും സാധിച്ചു. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ദീപക് ദേവ് ഈണമിട്ട രണ്ടു പാട്ടുകളും കഥാപശ്ചാത്തലത്തിനോടും സന്ദർഭങ്ങളോടും ചേർന്നുപോകുന്നവയാണ്. റഹിം കൊടുങ്ങല്ലൂരിന്റെ ചമയവും എസ്.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും മികവ് പുലർത്തി. ക്‌ളൈമാക്‌സ് രംഗത്തിലുള്ള സംഘട്ടന രംഗം നാടകീയത നിറഞ്ഞതാണെങ്കിലും ത്യാഗരാജൻ മാസ്റ്ററുടെ സംഘട്ടന സംവിധാനം കഥയോട് നീതിപുലർത്തുന്നവയായിരുന്നു. അരുൺ എസ്. മണി-വിഷ്ണു പി.സി. എന്നിവരുടെ ശബ്ദ സംവിധാനം ചിലയിടങ്ങളിൽ മികവ് പുലർത്തി. കാറ്റ് വീശുന്ന രംഗങ്ങളിൽ ചിലതിൽ കാറ്റിന്റെ വൈകാരികത കുറഞ്ഞുപോയോ എന്ന് തോന്നുന്ന വിധത്തിലായിരുന്നു ശബ്ദസംവിധാനം.

അഭിനയം: ⭐️⭐️⭐️⭐️
പരുക്കൻ പരിവേഷത്തിലുള്ള കഥാപാത്രങ്ങൾ മികവോടെ അവതരിപ്പിക്കുവാനുള്ള മുരളി ഗോപിയുടെ അസാമാന്യ കഴിവിനെ എത്രകണ്ട് പ്രശംസിച്ചാലും മതിവരില്ല. ചെല്ലപ്പൻ എന്ന സ്ത്രീലമ്പടന്റെ കഥാപാത്രം ഇന്ന് മലയാള സിനിമയിൽ അവതരിപ്പിക്കാൻ മറ്റാർക്കും സാധിക്കില്ല. നൂഹ്കണ്ണ് എന്ന കഥാപാത്രത്തെ ആസിഫ് അലി അവതരിപ്പിച്ചപ്പോൾ ആസിഫ് അലി എന്ന നടനെ പ്രേക്ഷകർ മറന്നു, നൂഹുകണ്ണായി സങ്കൽപ്പിക്കാൻ തുടങ്ങി. ഒഴിമുറിക്കു ശേഷം ആസിഫിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഈ സിനിമയിലേതാണ്. മൂപ്പനായി അഭിനയിച്ച പങ്കൻ താമരശ്ശേരി, പോളിയായി അഭിനയിച്ച ഉണ്ണി രാജൻ പി. ദേവ്, മുത്തുലക്ഷ്മിയായി അഭിനയിച്ച വരലക്ഷ്മി എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ജയശങ്കർ, ഷെബിൻ ബെൻസൺ, മാനസ രാധാകൃഷ്ണൻ എന്നിവരും ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: വൈകാരിക മുഹൂർത്തങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന ആത്മബന്ധനങ്ങളുടെ കാറ്റ് വ്യത്യസ്തമാണ്!

സന്നിവേശം, സംവിധാനം: അരുൺകുമാർ അരവിന്ദ്
എഴുത്ത്: അനന്തപത്മനാഭൻ
നിർമ്മാണം: കർമ്മയുഗ് ഫിലിംസ്
ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: ദീപക് ദേവ്
കലാസംവിധാനം: പ്രതാപ് രവീന്ദ്രൻ
ചമയം: റഹിം കൊടുങ്ങല്ലൂർ
വസ്ത്രാലങ്കാരം: എസ്. ബി. സതീഷ്
സംഘട്ടനം: ത്യാഗരാജൻ
ശബ്ദസംവിധാനം: അരുൺ എസ്. മണി, വിഷ്ണു പി.സി.
വിതരണം: കർമ്മയുഗ് ഫിലിംസ്.

1971 ബിയോണ്ട് ബോർഡേഴ്സ് – ⭐


2017 ബിയോണ്ട് ടോളറൻസ് – ⭐

നേന്ത്രക്കായ, മുരിങ്ങക്കായ, ചേന, കുമ്പളങ്ങ, പടവലങ്ങ, ബീൻസ്, പച്ചമുളക്, മഞ്ഞൾപൊടി, തേങ്ങാ ചിരണ്ടിയത്, തൈര്, ജീരകം, കറിവേപ്പില, ചെറിയഉള്ളി, വെളിച്ചെണ്ണ എന്നിവ കൃത്യമായ അളവിൽ ചേർത്താൽ തനതായ കേരളം വിഭവം അവിയൽ തയ്യാർ. മേല്പറഞ്ഞ പച്ചക്കറികൾ സ്വന്തം കൃഷിയിടങ്ങളിൽ നിന്നാണ് ലഭിക്കുന്നതെങ്കിൽ അത്യുത്തമം!

ഇത് പാചക നിരൂപണമല്ല. 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയുടെ തിരക്കഥ എഴുതുവാൻ സംവിധായകൻ മേജർ രവി സ്വീകരിച്ച രീതിയോട് ഉപമിച്ചതാണ്. മേജർ രവിയുടെ മുൻകാല പട്ടാള ചിത്രങ്ങളായ കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നിവയുടെ കഥാസന്ദർഭങ്ങൾ പുതിയ കഥാപശ്ചാത്തലത്തിലേക്കു മാറ്റിയെഴുതി അവതരിപ്പിച്ച സിനിമയാണ് 1971 ബിയോണ്ട് ബോർഡേഴ്സ്. ഒറ്റവാചകത്തിൽ പറഞ്ഞാൽ, അദ്ദേഹത്തിന്റെ തന്നെ മുൻകാല സിനിമകളിലെ വിജയ ഘടകങ്ങൾ ചേർത്തൊരുക്കി അവിയൽ പരുവത്തിലാക്കിയ ഒരു സിനിമ. സ്വന്തം സിനിമകളിലെ തിരക്കഥകളിൽ നിന്നും കടമെടുത്തു എന്നത് ആശ്വാസകരം!

കർമ്മയോദ്ധ എന്ന സിനിമയ്ക്ക് ശേഷം റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ് നിർമ്മിക്കുന്ന മോഹൻലാൽ-മേജർ രവി സിനിമയാണ് 1971 ബിയോണ്ട് ബോർഡേഴ്സ്. മേജർ രവിയുടെ തിരക്കഥയ്ക്ക് സംഭാഷണങ്ങൾ എഴുതിയത് ഷിജു നമ്പ്യാത്താണ്. സുജിത് വാസുദേവ് ഛായാഗ്രഹണവും, സംജിത് സന്നിവേശവും, സാലു കെ. ജോർജ് കലാസംവിധാനവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും, മാഫിയ ശശി സംഘട്ടന സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
ഇന്ത്യൻ ക്യാമ്പുകളിൽ ആക്രമണം നടത്തിയ പാക്കിസ്ഥാനാണ് യുദ്ധത്തിന് തുടക്കമിട്ടത്. 1971ൽ നടന്ന ഈ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം നീണ്ടുനിന്നത് 13 ദിവസമാണ്. ഡിസംബർ 16നു പാകിസ്ഥാൻ അടിയറവു പറഞ്ഞതോടെ കിഴക്കേ പാകിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന രാജ്യം(ഇപ്പോഴത്തെ ബംഗ്ലാദേശ്)രൂപപെട്ടത്. ആ യുദ്ധത്തിൽ വീരമൃത്യുവരിച്ച യോദ്ധാക്കൾക്കുള്ള സമർപ്പണമാണ് മേജർ രവിയുടെ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമ. ആ യുദ്ധത്തിനിടെ പാക്കിസ്ഥാൻ പട്ടാളക്കാരനും ഇന്ത്യൻ പട്ടാളക്കാരും തമ്മിൽ ഉടലെടുത്ത ബന്ധമാണ് ഈ സിനിമയുടെ പ്രമേയം. അവർ തമ്മിൽ ശത്രുതയാണെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. ആ യുദ്ധം നയിച്ച പട്ടാളക്കാരുടെ ജീവിതകഥയാണ് ഈ സിനിമയിലൂടെ മേജർ അവതരിപ്പിക്കുന്നത്.

തിരക്കഥ: ⭐
കീർത്തിചക്രയിലെ വൈകാരിക നിമിഷങ്ങളും കുരുക്ഷേത്രയിലെ രാജ്യസ്നേഹവും പിക്കറ്റ് 43യിലെ മതസൗഹാർദ്ദവും മോഹൻലാലിന്റെ താരമൂല്യവും സമന്വയിപ്പിച്ചു എഴുതിയ കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടേത്. വിഭജന കാലത്തുള്ള ചരിത്രമോ യുദ്ധസമയത്തുള്ള അന്തരീക്ഷമോ തിരക്കഥയിൽ എവിടെയും പരാമർശിക്കുന്നില്ല. യുദ്ധം സംഭവിക്കാനുള്ള കാരണങ്ങളും അന്ന് സംഭവിച്ചിട്ടുള്ള ദുരന്തങ്ങളും വിക്കിപീഡിയയിൽ ലഭ്യമാണ്. അതിലെഴുതിയ പോലെയൊന്നുമല്ല ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ. പട്ടാളക്കാരുടെ കുടുംബത്തെപ്പറ്റിയുള്ള ഓർമ്മകളും യുദ്ധഭൂമിയിൽ വീരമൃത്യുവരുന്നവരെ ദുരവസ്ഥയും പാകിസ്ഥാൻ പട്ടാളവുമായി അനാവശ്യ ശത്രുതയുടെ ആവശ്യകതയില്ല എന്നുമാണ് ഈ സിനിമയിലൂടെ മേജർ രവി പറയുവാൻ ശ്രമിക്കുന്നത്. മേല്പറഞ്ഞ രംഗങ്ങളിലുള്ള ആവർത്തനവിരസത കണ്ടുമടുത്ത പ്രേക്ഷകരെ കൂടുതൽ മുഷിപ്പിക്കാനായി മേജർ സഹദേവനെ ധീര യോദ്ധാവാക്കാനുള്ള രംഗങ്ങൾ വേറെ. മോഹൻലാലും വില്ലന്മാരും ഒഴികെയുള്ള ഓരോ കഥാപാത്രങ്ങളിലും മൂപ്പൻ എഫെക്റ്റ് കൊണ്ടുവരാൻ മേജർ ശ്രമിച്ചിട്ടുണ്ട്. പുലിമുരുകനിലെ പുകഴ്ത്തൽ രീതി സ്വീകരിച്ചതാണെങ്കിൽ, ഈ സിനിമയ്ക്കോ മേജർ സഹദേവൻ എന്ന കഥാപാത്രത്തിനോ പുകഴ്ത്തലിന്റെ ആവശ്യകതയില്ല. നായകൻ നേരിടുന്നത് മൃഗത്തെയാകുമ്പോൾ നായകനെ അതിമാനുഷികനായി ചിത്രീകരിക്കേണ്ട ആവശ്യതയുണ്ട്. അതിലുപരി, സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിൽ മുരുകന്റെ കഴിവ് പറഞ്ഞുഫലിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് മൂപ്പൻ എന്ന കഥാപാത്രത്തിന് അത്തരത്തിലുള്ള സംഭാഷണങ്ങൾ നൽകിയത്. അതെ രീതി സ്വീകരിച്ച മേജർ രവിക്കും സംഭാഷണങ്ങൾ എഴുതിയ ഷിജു നമ്പ്യാത്തും പുലിമുരുകനിലെ സംഭാഷണങ്ങൾ അത്തരത്തിലായതു എന്തുകൊണ്ടെന്ന് മനസിലായില്ല എന്നുവേണം കരുതാൻ. നിവിൻ പോളി നായകനാകുന്ന മേജർ രവിയുടെ സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നു എന്ന് മേജർ രവി അറിയരുതേ എന്ന പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

സംവിധാനം: ⭐⭐
പുനർജനി, കീർത്തിചക്ര, മിഷൻ 90 ഡെയ്‌സ്, തൂഫാൻ, കുരുക്ഷേത്ര, കാണ്ഡഹാർ, കർമ്മയോദ്ധ, ഒരേ യാത്രയിൽ, പിക്കറ്റ് 43 തുടങ്ങിയ ഒൻപതു സിനിമകൾ സംവിധാനം ചെയ്ത ഒരാളാണ് മേജർ രവി. ഇത്രയും പരിചയസമ്പത്തുള്ള ഒരു സംവിധായകൻ പക്വതയില്ലാത്ത അവതരണ രീതി സ്വീകരിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ തകിടം മറയുകയാണ് ചെയ്യുന്നത്. പഴഞ്ചൻ അവതരണ രീതിയും ആവേശകരമല്ലാത്ത യുദ്ധ രംഗങ്ങളും അവിശ്വസനീയമായ രീതിയിലാണ് മേജർ രവി അവതരിപ്പിച്ചത്. കഥാവസാനമുള്ള യുദ്ധ രംഗങ്ങളിൽ ആരൊക്കെയാണ് കൊല്ലപ്പെട്ടത് എന്നുപോലും അവ്യക്തമായിരുന്നു. ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധ രംഗങ്ങൾ മാത്രമാണ് ഒരല്പമെങ്കിലും മികവ് പുലർത്തിയത്. കഥാപാത്രങ്ങൾക്ക് അനിയോജ്യമല്ലാത്ത അഭിനേതാക്കളെ അന്വേഷിച്ചു കണ്ടുപിടിച്ചു അഭിനയിപ്പിച്ച മേജർ രവിയെ സമ്മതിക്കണം. അന്യഭാഷയിൽ സിനിമ വിറ്റഴിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ, ആ ഭാഷകളിലെ കഴിവുള്ള അഭിനേതാക്കളെ കണ്ടെത്തുകയെങ്കിലും ചെയ്യാമായിരുന്നു. മോഹൻലാൽ എന്ന അഭിനേതാവിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ താരമൂല്യത്തെയാണ് മേജർ രവി ആരാധിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലും ആരാധകരുള്ള മോഹൻലാൽ എന്ന താരത്തെ വിറ്റഴിച്ചു നേട്ടങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ മേജർ രവി സംവിധാനം ചെയ്തത് എന്നത് വ്യക്തം. അതിനുദാഹരണമാണ് കൃത്യമായ ഇടവേളകളിൽ സംഭാഷണങ്ങളിലൂടെ മേജർ സഹദേവനെ വാനോളം പുകഴ്ത്തുന്നത്. മേജർ മഹാദേവന്റെ അഞ്ചാമത്തെ വരവിനുള്ള തയ്യാറെടുപ്പിലാണ് മേജർ രവി എന്നുള്ള വാർത്തകൾ ആരാധകരും പ്രേക്ഷകരും ഞെട്ടലോടെയാണ് കേൾക്കുന്നത്.

സാങ്കേതികം: ⭐⭐⭐
സുജിത് വാസുദേവ് നിർവഹിച്ച ഛായാഗ്രഹണം മികവ് പുലർത്തി. ഈ സിനിമയുടെ ജീവൻ നിലനിർത്തിയ ഏക ഘടകമെന്നത് ഛായാഗ്രഹണമാണ്. ടാങ്ക് ചെയ്‌സ് രംഗങ്ങളും ക്‌ളൈമാക്‌സിലെ യുദ്ധങ്ങളും വിശ്വസനീയതയോടെ ചിത്രീകരിച്ചു. പേസിപ്പോകാതെ എന്ന തമിഴ്‍ ഗാനചിത്രീകരണവും മനോഹരമായിരുന്നു. ഒരു വാക്കിനാൽ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിലെ ട്രെയിൻ പോകുന്ന രംഗമൊഴികെ മറ്റെല്ലാ രംഗങ്ങളും മികവ് പുലർത്തി. സാലു കെ. ജോർജ് എന്ന കലാസംവിധായകൻ അതിഗംഭീരമായ രീതിയിലാണ് യുദ്ധ ഭൂമിയിലെ സെറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ആവേശമുണർത്തുന്ന രീതിയിലായിരുന്നില്ല. സംജിത് കൂട്ടിയോജിപ്പിച്ച രംഗങ്ങൾ ഇഴഞ്ഞുനീങ്ങുന്ന പോലെ അനുഭവപെട്ടു. ചടുലത അർഹിക്കുന്ന യുദ്ധ രംഗങ്ങൾ പോലും വേഗതയില്ലാതെ അനുഭവപെട്ടു. നജിം അർഷാദ് ഈണമിട്ട ഹിന്ദി ഗാനം യുദ്ധത്തിനിടയിൽ കേൾക്കുമ്പോൾ പ്രത്യേകതയുള്ള പോലെ തോന്നി. രാഹുൽ സുബ്രമണ്യവും സിദ്ധാർഥ് വിപിനും ഈണമിട്ട മലയാള ഗാനവും തമിഴ് ഗാനവും തരക്കേടില്ലായിരുന്നു. മാഫിയ ശശിയാണ് സംഘട്ടനങ്ങൾ സംവിധാനം ചെയ്തത്. യുദ്ധത്തിന്റെ വീര്യം പകുതിയിൽ ചോർന്നുപോകുന്ന രീതിയിലായിരുന്നു പല സംഘട്ടന രംഗങ്ങളും. സായ് നിർവഹിച്ച ചമയം കൃത്രിമത്വം നിറഞ്ഞതായിരുന്നു. സുദേവനാണ് വസ്ത്രാലങ്കാരം.

അഭിനയം: ⭐⭐
മേജർ സഹദേവനായും മേജർ മഹാദേവനായും അഭിനയിച്ച മോഹൻലാൽ രണ്ടു കഥാപാത്രങ്ങളെയും ഒരുപോലെ അവതരിപ്പിച്ചു. രണ്ടു കഥാപാത്രങ്ങളിലും അഭിനയത്തിന്റെ കാര്യത്തിൽ വ്യത്യസ്ത കൊണ്ടുവരാനൊന്നും അദ്ദേഹം ശ്രമിച്ചിട്ടില്ല. രണ്ടു കഥാപാത്രങ്ങളും കാഴ്ചയിലും പെരുമാറ്റത്തിലും ഒരുപോലെ തന്നെ. പാക് ആർമിയുടെ തലവനായി ഹിന്ദി നടൻ അരുണോദയ് സിംഗ് തിളങ്ങി. ഈ സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അഭിനയവും അരുണോദയിന്റെതാണ്. ഇവരെ കൂടാതെ ആശാ ശരത്, അല്ലു സിരിഷ്, രഞ്ജി പണിക്കർ, സുധീർ സുകുമാരൻ, കണ്ണൻ പട്ടാമ്പി, സൈജു കുറുപ്പ്, സുധീർ കരമന, വിജയകൃഷ്ണൻ, മണിക്കുട്ടൻ, ടിനി ടോം, കൃഷ്ണകുമാർ, പത്മരാജ് രതീഷ്, ദേവൻ, ബാലാജി, ഷാജു ശ്രീധർ, കൃഷ്ണപ്രസാദ്‌, മേഘനാഥൻ, കോഴിക്കോട് നാരായണൻ നായർ, കൊല്ലം തുളസി, സേതുലക്ഷ്മി എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നു. അവരവരുടെ വേഷങ്ങൾ തരക്കേടില്ലാതെ ഏവരും അഭിനയിച്ചു.

വാൽക്കഷ്ണം: ആവേശമുണർത്തുന്ന യുദ്ധ രംഗങ്ങളുമില്ല വികാരമുണർത്തുന്ന പട്ടാള സിനിമയുമല്ല!

തിരക്കഥ, സംവിധാനം: മേജർ രവി
സംഭാഷണം: ഷിജു നമ്പ്യാത്
നിർമ്മാണം: ഹനീഫ് മുഹമ്മദ്
ബാനർ: റെഡ് റോസ് ക്രിയേഷൻസ്
ഛായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: സംജിത്
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: സാലു കെ.ജോർജ്
സംഗീതം: സിദ്ധാർഥ് വിപിൻ, നജിം അർഷാദ്, രാഹുൽ സുബ്രമണ്യം
ഗാനരചന: ഹരിനാരായണൻ, മോഹൻ രാജൻ, കമാൽ കാർത്തിക്, നിഖിൽ മട്ടത്തിൽ
ചമയം: സായ്
വസ്ത്രാലങ്കാരം: സുദേവൻ
സംഘട്ടനം: മാഫിയ ശശി
നൃത്തസംവിധാനം: പ്രസന്ന സുജിത്
വിതരണം: റെഡ് റോസ് റിലീസ്.

ഒരേ മുഖം – ⭐⭐


ആവർത്തനവിരസമീ മുഖം! – ⭐⭐

അവ്യക്ത കഥാപാത്രങ്ങളും അറുബോറൻ കഥാസന്ദർഭങ്ങളും അപക്വ സംവിധാനവും കൂടിച്ചേർന്ന അപ്രിയ സിനിമയാണ് ഒരേ മുഖം. കോളേജ് ക്യാംപസ്സ് കഥാപശ്ചാത്തലമാക്കിയ ഒരു സിനിമയിൽ പ്രണയവും ചട്ടമ്പിത്തരവും കാന്റീനും ഹോസ്റ്റലും അശ്ലീലവും അനിവാര്യമായ ഘടകങ്ങളാണെന്നു ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സും, വൈശാഖിന്റെ സീനിയേഴ്‌സും നമ്മൾക്ക് കാണിച്ചു തന്നിട്ടുണ്ട്. മേല്പറഞ്ഞ രണ്ടു സിനിമകളിലും നമ്മൾ കണ്ട കഥാസന്ദർഭങ്ങളും കേട്ട സംഭാഷണങ്ങളും ഒരിക്കൽക്കൂടി കാണാനും കേൾക്കാനും ആഗ്രഹമുള്ളവർക്കായി ഒരുക്കിയ സിനിമയാണ് ഒരേ മുഖം.

രാജീവ് പിള്ള നായകനായി അഭിനയിച്ച കാശ് എന്ന ആദ്യ സിനിമ സംവിധാന ദുരന്തത്തിനു ശേഷം സജിത്ത് ജഗദ്‌നന്ദൻ സംവിധാനം ചെയ്തിരിക്കുന്ന ഒരേ മുഖത്തിൽ ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ദീപു എസ്.നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ഒരേ മുഖത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം ചിത്രസന്നിവേശവും ബിജിബാൽ പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ബാക്ക്വാട്ടർ സ്റ്റൂഡിയോസിന്റെ ബാനറിൽ ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് അനിൽ ബിശ്വാസും ജയലാൽ മേനോനും ചേർന്നാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിമ്സാണ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാംപസ്സ് സിനിമകളിൽ ഒന്നാണ് ലാൽ ജോസിന്റെ ക്ലാസ്സ്മേറ്റ്സ്. സുകുവിന്റെയും താരയുടെയും മുരളിയുടെയും ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചുരുളഴിയുന്നത് വർഷങ്ങൾക്കു ശേഷമുള്ള ഒരു കൊലപാതക ശ്രമത്തിലൂടെയാണ്. ഒരേ മുഖം എന്ന സിനിമയുടെ പ്രമേയവും ക്ലാസ്മേറ്റ്സ് സിനിമ പോലെയാണ്. 36 വർഷങ്ങൾക്കു മുമ്പ് നടന്ന ഇരട്ട കൊലപാതകത്തിന്റെ നിജസ്ഥിതി പുറംലോകമറിയുന്നത് ആരോ ഒരാളുടെ പ്രതികാരത്തിന്റെ ഭാഗമായി നടക്കുന്ന കൊലപാതകത്തിന്റെ കേസ് അന്വേഷണത്തിലൂടെയാണ്. മലയാള സിനിമ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് കോളേജ് ക്യാംപസ്സ് കഥകൾ. അതിൽ ഒരല്പം പ്രണയവും സസ്‌പെൻസും ഉണ്ടെങ്കിൽ തൃപ്തരാകും പ്രേക്ഷകർ. അത് പഴയ കാലഘട്ടത്തിലൂടെ അവതരിപ്പിക്കുമ്പോൾ ആ സിനിമയ്ക്ക് മാറ്റു കൂടുകയാണ് പതിവ്. ഒരേ മുഖം എന്ന സിനിമയുടെ കഥയും മേല്പറഞ്ഞ ഘടകങ്ങളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കഥ: ⭐
ദീപു എസ്.നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ഒരേ മുഖത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. നവാഗതരുടെ പരിചയക്കുറവുമൂലമാണോ അതോ ക്ലാസ്മേറ്റ്സും സീനിയേഴ്‌സും പ്രേമവും
കണ്ടിഷ്ടപ്പെട്ടു തലക്കുപിടിച്ചതിന്റെ കെട്ടുവിടാത്തതുകൊണ്ടാണോ ഇതുപോലൊരു സാഹസത്തിനു ഇരുവരും മുതിർന്നത്?. സിനിമയുടെ ആദ്യാവസാനം കണ്ടുമടുത്ത കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും കൃത്യമായി എഴുതിച്ചേർക്കപെട്ട തിരക്കഥയാണ് ഈ സിനിമയുടേത്. സുഹൃത്തുക്കളുടെ ആത്മബന്ധമോ അവരുടെ പ്രണയമോ ഓരോ കഥാപാത്രങ്ങളുടെ സ്വഭാവ വിവരണമോ ഒന്നും തന്നെ കഥാസന്ദർഭങ്ങളാകുന്നില്ല. സഖറിയ പോത്തൻ എന്നയാളുടെ വ്യക്തിത്വം എങ്ങനെയായിരുന്നു എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പുതിയ കാലഘട്ടത്തിൽ കുറ്റാന്വേഷണവും ജേർണലിസവും കൂട്ടിയോജിപ്പിച്ച സ്ഥിരം സന്ദർഭങ്ങൾ അവർത്തനവിരസമായി അനുഭവപെട്ടു. എസ്റ്റേറ്റ് കൊലപാതകവും അതിലേക്കു നയിച്ച കഥാസന്ദർഭങ്ങളും സിനിമയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷകർക്ക് എളുപ്പത്തിൽ ഊഹിക്കാനാവുന്നതാണ്. രണ്ടു കാലഘട്ടങ്ങളിലെ ഒരേ കഥാപാത്രങ്ങളുടെ പേരുകൾ ഓർത്തുവെക്കുക എന്നതായിരുന്നു പ്രേക്ഷകരെ മുഷിപ്പിച്ച മറ്റൊരു കാര്യം. തരക്കേടില്ലാത്തൊരു പ്രമേയം ലഭിച്ചിട്ടും നല്ലൊരു കഥയോ കഥാസന്ദർഭങ്ങളോ കഥാപാത്രങ്ങളോ ഒന്നും തന്നെ രൂപപ്പെടുത്തിയെടുക്കുവാൻ തിരക്കഥാകൃത്തുക്കൾ ശ്രമിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്.

സംവിധാനം: ⭐
പല സിനിമകളും യഥാർത്ഥത്തിൽ ജനിക്കുന്നത് എഡിറ്റിങ് ടേബിളിൽ ആണെന്ന് പരിഹാസത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. അത്തരത്തിലാണോ ഒരേ മുഖവും ഉണ്ടാക്കപ്പെട്ടതു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ബന്ധവുമില്ലാത്ത കുറെ സന്ദർഭങ്ങൾ സമന്വയിപ്പിച്ചു പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചാൽ അതൊരു ത്രില്ലർ സിനിമയാകുമോ? സജിത്ത് ജഗദ്‌നന്ദൻ എന്ന സംവിധായകന്റെ ശ്രമങ്ങൾ പാഴായിപോയത് സിനിമയുടെ അവതരണത്തിലാണ്. പുതിയ കാലഘട്ടവും പഴയ കാലഘട്ടവും അവതരിപ്പിച്ചപ്പോൾ കഥയിൽ ഒളിപ്പിച്ചുവെച്ച സസ്പെൻസ് പ്രേക്ഷകർ ഊഹിച്ചെടുത്തു. കഥാപാത്രങ്ങൾക്ക് അനിയോജ്യരല്ലാത്ത അഭിനേതാക്കളെയാണ് സംവിധായകൻ ഈ സിനിമയിൽ തിരഞ്ഞെടുത്തിരിക്കുന്നത്. എസ്റ്റേറ്റ് കൊലപാതകം നടന്നിട്ട് വർഷം കുറെയായിട്ടും അതിനിടയിൽ തോന്നാത്ത പ്രതികാരം ഇത്രയും വർഷങ്ങൾക്കു ശേഷം തോന്നുവാനുള്ള കാരണം അവ്യക്തമാണ്. ഒന്നിനും ഒരു വ്യക്തതയില്ലാതെയാണ് ഓരോ കഥാസന്ദർഭങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷരുടെ മുന്നിലെത്തിയ ഒരേ മുഖം എന്നേക്കുമായി മറന്നേക്കാവുന്ന മുഖമായി മാറുമെന്ന് കരുതിയില്ല.

സാങ്കേതികം:⭐⭐⭐
അവതരണത്തിൽ പാകപ്പിഴകൾ ഏറെയുണ്ടെങ്കിലും ബിജിബാലിന്റെ പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് അനിയോജ്യമായിരുന്നു. ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ ആയിട്ടുണ്ടെങ്കിൽ അത് പശ്ചാത്തല സംഗീതത്തിന്റെ മികവുകൊണ്ട് മാത്രമാണ്. സദിരുമായി വരികയായ് എന്ന് തുടങ്ങുന്ന പാട്ടിന്റെ ഈണം പകരുന്നതും ബിജിബാലാണ്. റഫീഖ് അഹമ്മദാണ് ഗാനരചന. ലാൽജി എഴുതിയ ആരും അറിയാത്തൊരു എന്ന് തുടങ്ങുന്ന പാട്ടും ഈ സിനിമയിലുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിക്കാതെ ശരാശരിയിലൊതുങ്ങി. പുതിയ കാലഘട്ടം മഞ്ഞ നിറത്തിലുള്ളതാക്കിയത് എന്ത് കാരണത്താലാണ്? രൂപേഷ് പീതാംബരന്റെ തീവ്രം എന്ന സിനിമയ്ക്ക് ശേഷം രണ്ടു കാലഘട്ടങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് ഒരേ മുഖത്തിലാണ്. രഞ്ജൻ എബ്രഹാമാണ് രംഗങ്ങൾ സന്നിവേശം ചെയ്തത്. ഒരു രംഗവും തൊട്ടടുത്ത രംഗവും തമ്മിൽ പരസ്പര ബദ്ധം പോലുമില്ലാതെയാണ് ഈ സിനിമ അവതരിപ്പിച്ചത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തിയപ്പോൾ പ്രദീപ് രംഗന്റെ ചമയം ശരാശരിയിലൊതുങ്ങി. സാബു മോഹനാണ് കലാസംവിധാനം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന പഴമൊഴിയുടെ ഉത്തമ ഉദാഹരണമാണ് സഖറിയ പോത്തൻ എന്ന കഥാപാത്രം അവതരിപ്പിക്കുവാൻ ധ്യാൻ ശ്രീനിവാസനെ തിരഞ്ഞെടുത്തത്. തിരയിലൂടെ ത്രസിപ്പിക്കുകയും കുഞ്ഞിരാമായണത്തിലൂടെ നമ്മളെ രസിപ്പിക്കുകയും ചെയ്ത ധ്യാൻ, തന്നാലാകുംവിധം സഖറിയ പോത്തനെ വിശ്വസനീയതയോടെ അവതരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ ധ്യാൻ നേരിട്ടതിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രമായിരിക്കും സഖറിയ പോത്തൻ. ദാസ് എന്ന കഥാപാത്രത്തെ അജു വർഗീസ് തന്റെ സ്ഥിരം ശൈലിയിൽ രസകരമായി അവതരിപ്പിച്ചു. ഈ സിനിമയിലെ മറ്റെല്ലാ നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചിട്ടുണ്ട്. ദീപക് പറമ്പോൾ, അർജുൻ നന്ദകുമാർ, ജൂബി നൈനാൻ, മണിയൻ പിള്ള രാജു, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ദേവൻ, നോബി, കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി, ഹരീഷ് പരേഡി, പ്രയാഗ മാർട്ടിൻ, ഗായത്രി സുരേഷ്, സ്നേഹ, ജുവൽ മേരി, അഭിരാമി, നീന കുറുപ്പ്, ദേവി അജിത്, സ്നേഹ ശ്രീകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാൽക്കഷ്ണം: സമ്പൂർണ്ണ നിരാശ സമ്മാനിക്കുന്ന ഒരുപിടി കഥാസന്ദർഭങ്ങളും ഒരേ മുഖങ്ങളും!

സംവിധാനം: സജിദ് ജഗദ്‌നന്ദൻ
നിർമ്മാണം: അനിൽ ബിശ്വാസ്, ജയലാൽ മേനോൻ
രചന: ദീപു എസ്.നായർ, സന്ദീപ് സദാനന്ദൻ
ഛായാഗ്രഹണം: സതീഷ് കുറുപ്പ്
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
ഗാനരചന: റഫീഖ് അഹമ്മദ്, ലാൽജി കാട്ടിപ്പറമ്പൻ
സംഗീതം: ബിജിബാൽ
കലാസംവിധാനം: സാബു മോഹൻ
ചമയം: പ്രദീപ് രംഗൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദലേഖനം: എൻ. ഹരികുമാർ
വിതരണം: മാജിക് ഫ്രെയിമ്സ്.