10 കല്പനകൾ – ⭐


വ്യത്യസ്ത പ്രമേയത്തിന്റെ നിരാശാജനകമായ അവതരണം! – ⭐

1000 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമമുള്ള ഇന്ത്യൻ ഭരണഘടനയോട് ഭൂരിഭാഗം ജനങ്ങൾക്കും വിയോജിപ്പാണുള്ളത്. തെളിവുകളില്ല എന്നതുകൊണ്ട് ഒരുപക്ഷെ നിരപരാധിയായിരിക്കാം എന്ന സംശയത്തിന്റെ ആനുകൂല്യം ലഭിച്ചു കുറ്റവാളികൾ വധശിക്ഷയിൽ നിന്ന് രക്ഷപെടുന്നു. നിർഭയയോട് ഏറ്റവും ക്രൂരത കാണിച്ച 18 വയസ്സ് തികയാത്ത കൊലപാതകിയ്ക്ക് വധശിക്ഷ വിധിക്കാത്തതിലും പ്രക്ഷോഭങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

ഇനിയുമൊരു പെൺകുട്ടിയ്ക്ക് നിർഭയയ്ക്കോ സൗമ്യയ്ക്കോ ജിഷയ്ക്കോ ഉണ്ടായ പോലൊരു ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കോളിളക്കം സൃഷ്ടിക്കാൻ കഴിവുള്ള മറ്റൊരു വാർത്ത വരുന്നതുവരെയുള്ള ആയുസ്സേ മേല്പറഞ്ഞ നിയമ മാറ്റം വേണമെന്ന സമരത്തിനുള്ളു എന്നത് ദൗർഭാഗ്യകരമാണ്. ഇത്രയും ലളിതമായ നിയമമുള്ള ഇന്ത്യയിൽ ആസൂത്രിതമായ കൊലപാതകവും ബലാൽസംഘവും ചെയ്യുന്നവർക്ക് വധശിക്ഷയേക്കാൾ വലിയ ശിക്ഷ നൽക്കണമെന്നാണ് 10 കല്പനകൾ എന്ന സിനിമയിലൂടെ ഡോൺമാക്സ് പ്രേക്ഷരോട് സംവാദിക്കുന്നത്.

മലയാളത്തിലും തെന്നിന്ത്യയിലെ മറ്റു ഭാഷകളിലുള്ള സിനിമകളിലും സന്നിവേശകനായി പ്രവർത്തിച്ച ഡോൺമാക്സ് ആദ്യമായി കഥയെഴുതി സംവിധാനം നിർവഹിച്ച സിനിമയാണ് 10 കല്പനകൾ. ഷട്ടർ ബഗ്‌സിന്റെ ബാനറിൽ നടൻ തമ്പി ആന്റണിയും സുഹൃത്തുക്കളും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന 10 കല്പനകൾ വിതരണം ചെയ്തിരിക്കുന്നത് അനന്യ ഫിലിംസും യു.ജി.എം.ഗ്രൂപ്പും ചേർന്നാണ്.

പ്രമേയം: ⭐⭐
10 കല്പനകളിലെ ഒന്നാണ് ‘കൊല്ലരുത്’. മറ്റൊരാളുടെ ജീവനെടുക്കുക എന്ന കൊടുംപാപം ചെയ്യുന്നവരെ ശിക്ഷയുടെ ഭാഗമായി കൊല്ലുന്നതിനേക്കാൾ വലിയ ശിക്ഷ നൽകണമെന്നാണ് ഈ സിനിമയുടെ പ്രമേയം. നാല് പെൺകുട്ടികളെ മൃഗീയമായി കൊല്ലുന്ന മാനസിക രോഗിയായ പ്രതിക്ക് ഇതുവരെ ആരും നൽകാത്ത ഒരു ശിക്ഷയാണ് ഈ സിനിമയിലൂടെ നടപ്പിലാക്കുന്നത്. അത്തരത്തിലുള്ള ഒരു വിധി ഇന്ത്യൻ ഭരണഘടനയിൽ വരണമെന്ന ജനങ്ങളുടെ അഭിപ്രായത്തോടെ സിനിമ അവസാനിക്കുന്നു.

തിരക്കഥ: ⭐
ഡോൺമാക്സിന്റെ കഥയെ തിരക്കഥയുടെ രൂപത്തിലെത്തിക്കുവാൻ ഡോൺമാക്സിനെ സഹായിച്ചവരാണ് സൂരജ്-നീരജ് എന്നിവർ. സംഗീത്‌ ജെയ്ൻ ആണ് ഈ സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. മൃഗീയമായ കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണത്തിലും പ്രതിയെ പോലീസ് പിടികൂടുന്നു. ആ പ്രതി എന്തുകൊണ്ട് കൊലപാതകം ചെയ്തു എന്നു അറിയുവാനും അതിനുള്ള തെളിവുകൾ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനു പകരം, വർഷങ്ങൾക്കു മുമ്പ് നടന്ന മറ്റൊരു മൃഗീയ കൊലപാതകത്തിന്റെ പിന്നിലും ഇതേ പ്രതിയാണെന്ന് സംശയിച്ചു നിജസ്ഥിതി അറിയുവാൻ ശ്രമിക്കുന്നതുമാണ് ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ. പ്രതി അന്നും ഇന്നും നടത്തിയ കൊലപാതകങ്ങൾക്ക് ഒരൊറ്റ തെളിവുപോലും പൊലീസിന് കണ്ടെത്താനാകുന്നില്ല എന്നത് യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് കഥാസന്ദർഭങ്ങളാക്കിയിരിക്കുന്നത്‌. പട്ടാപ്പകൽ പ്രതി നടത്തുന്ന കൊലപാതകങ്ങൾക്ക് ഒരു സാക്ഷിയോ തെളിവോയില്ല എന്നതു അവിശ്വസനീയമായിരുന്നു. അതിനു മാറ്റുകൂട്ടുന്നു കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങൾ കൂടെ ചേർന്നപ്പോൾ ഈ സിനിമയുടെ തിരക്കഥ ഒരു പൂർണ്ണ പരാജയമായി എന്ന് വേണം വിലയിരുത്തുവാൻ. പ്രേക്ഷകരെ വിഡ്ഢികളാകുന്നതും എളുപ്പത്തിൽ പ്രവചിക്കാനാവുന്നതുമായ ട്വിസ്റ്റുകളോടെ കഥ എങ്ങനെയൊക്കെയോ അവസാനിപ്പിച്ചു. ഈ കുറവുകൾ സിനിമയിലുടനീളം മുഴച്ചു നിൽക്കുന്നുണ്ടെങ്കിലും, ശിക്ഷ വിധിച്ച രീതി കുറ്റവാളികൾക്കു നൽകണമെന്നു സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് തോന്നുമെന്നുറപ്പാണ്.

സംവിധാനം: ⭐
രംഗങ്ങൾ സന്നിവേശം ചെയ്യുന്ന രീതിയിൽ ഏറെ പുതുമകൾ സംഭാവന ചെയ്ത ചിത്രസന്നിവേശകനാണ് ഡോൺമാക്സ്. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ സിനിമാ സംരംഭത്തിൽ പുതുമകളൊന്നും തന്നെ അവകാശപ്പെടാനില്ല. ഒരു അന്തവും കുന്തവുമില്ലാതെ മുൻപോട്ടു നീങ്ങുന്ന കഥാഗതിയും സംവിധാനവുമാണ് ഈ സിനിമയുടെ സുപ്രധാന പോരായ്മകൾ. ഈ സിനിമയിലെ നടീനടന്മാർ ഡബ്ബിങ് ചെയ്തുകൊണ്ടിരുന്നപ്പോൾ സംവിധായകൻ ഉറക്കത്തിലായിരുന്നോ? ഇത്രയും മോശം ഡബ്ബിങ് അടുത്തകാലത്തൊന്നും ഒരു മലയാള സിനിമയിലും കണ്ടിട്ടില്ല. സിനിമയുടെ ആദ്യാവസാനം തിരുകികയറ്റിയ അനാവശ്യമായ പാട്ടുകൾ എന്തിനാണെന്ന് പോലും മനസ്സിലാകുന്നില്ല. ഏതൊക്കെയോ ഇംഗ്ലീഷ് സിനിമകൾ കോപ്പിയടിച്ചു എഴുതിയ തിരക്കഥയും അതിനെ സമ്പൂർണ്ണ ദുരന്തമാക്കിയ സംവിധാന രീതിയുമാണ് 10 കല്പനകൾ എന്ന സിനിമയിൽ കണ്ടത്.

സാങ്കേതികം: ⭐⭐
ഭൂമിയിൽ ക്യാമറവെക്കുവാൻ സൗകര്യമില്ലാത്തതിനാലാണോ ഒട്ടുമിക്ക രംഗങ്ങളെല്ലാം ആകാശത്തു നിന്ന് ചിത്രീകരിച്ചത്? ഒരോ അഞ്ചു മിനിറ്റിലും ക്യാമറയെ ആകാശത്തെത്തിക്കുവാൻ ഛായാഗ്രാഹകൻ കിഷോർ മണി ഏറെ ബുദ്ധിമുട്ടിക്കാണണം. കിഷോർ മണി പകർത്തിയ രംഗങ്ങൾ സന്നിവേശം ചെയ്തത് ഡോൺമാക്‌സാണ്. രംഗങ്ങൾ കോർത്തിണക്കിയതിൽ പുതുമകൾ ഒന്നും അവകാശപ്പെടാനില്ല. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി രംഗങ്ങൾ സിനിമയുടെ ആദ്യ പകുതിയിൽ കാണുവാൻ സാധിക്കും. മിഥുൻ ഈശ്വർ ഈണമിട്ട പാട്ടുകൾ നിരാശപെടുത്തിയെങ്കിലും പശ്ചാത്തല സംഗീതം ചില രംഗങ്ങളിൽ നിലവാരം പുലർത്തി. ബോബന്റെ കലാസംവിധാനം സിനിമയുടെ കഥയ്ക്കും പശ്ചാത്തലത്തിനും യോജിച്ചതായിരുന്നു. സഹീർ അബ്ബാസാണ്‌ ശബ്ദലേഖനം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐
ചെറിയ ഒരു ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ മലയാള സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നു ഈ സിനിമയുടെ പ്രത്യേകത. ഷാസിയ അക്ബർ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷം തന്നാലാകുംവിധം അഭിനയിച്ചു ഫലിപ്പിക്കുവാൻ മീര ജാസ്മിൻ ശ്രമിച്ചിട്ടുണ്ട്. ഉന്നം എന്ന സിബി മലയിൽ സിനിമയിലൂടെ മലയാളത്തിൽ അഭിനയിച്ച മലയാളികൂടിയായ പ്രശാന്ത് നാരായണൻ ഹിന്ദി സിനിമകളിലെ അറിയപ്പെടുന്ന ഒരു നടനാണ്. വിക്ടർ ധൻരാജ് എന്ന വില്ലൻ വേഷം മികവോടെ അവതരിപ്പിക്കുവാൻ പ്രശാന്ത് നാരായണന് സാധിച്ചു. അനൂപ് മേനോൻ തന്റെ കഥാപാത്രത്തെ സ്ഥിരം ശൈലിയിൽ അവതരിപ്പിച്ചു. ഇവരെ കൂടാതെ ജോജു ജോർജ്, തമ്പി ആന്റണി, ഷെബിൻ ബെൻസൺ, ബിനു അടിമാലി, ഇടവേള ബാബു, കനിഹ, കവിത നായർ, അജയ്, ആനന്ദ് ആറ്റുകാൽ, ജിജി അജ്ഞാനി, റിറ്റ്സ് ബദിയാനി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാൽക്കഷ്ണം: യുവാക്കൾക്കോ കുടുംബങ്ങൾക്കോ കുട്ടികൾക്കോ ആസ്വാദ്യകരമല്ലാത്ത ഒരു സിനിമ!

കഥ, സംവിധാനം: ഡോൺമാക്സ്
തിരക്കഥ: ഡോൺമാക്സ്, സൂരജ്-നീരജ്
സംഭാഷണം: സംഗീത് ജെയ്ൻ
നിർമ്മാണം: ഷട്ടർ ബഗ്‌സ്
ഛായാഗ്രഹണം: കിഷോർ മണി
ചിത്രസന്നിവേശം: ഡോൺമാക്സ്
പശ്ചാത്തല സംഗീതം: മിഥുൻ ഈശ്വർ
ഗാനരചന: റോയ് പുറമടം
കലാസംവിധാനം: ബോബൻ
ശബ്ദമിശ്രണം: വിനോദ് പി.ശിവറാം
ശബ്ദലേഖനം: സഹീർ അബ്ബാസ്
വസ്ത്രാലങ്കാരം: അരവിന്ദ്
വിതരണം: അനന്യ ഫിലിംസ്, യു.ജി.എം.ഗ്രൂപ്പ്.