മുന്തിരിവള്ളികൾ തളിർക്കുമ്പോൾ – ⭐⭐⭐


ദാമ്പത്യ പ്രണയം പൂവിടുമ്പോൾ… – ⭐⭐⭐

“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം, അതികാലത്ത് മുന്തിരിതോട്ടങ്ങളിൽപോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം.
അവിടെ വെച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും.” – കെ.കെ.സുധാകരന്റെ ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എന്ന നോവലിലെ ഒരു വാചകം.

ഒരു വ്യക്തിയുടെ സമസ്തമേഖലകളിലെയും വിജയം ദാമ്പത്യ ജീവിതത്തിലെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു. തകർന്ന കുടുംബബന്ധങ്ങൾ മറ്റു മേഖലകളിലെ പരാജയത്തിന് കാരണമാകുന്നു. ‘എന്റെ ഭാര്യയാണ് എന്റെ ജീവിതം’ എന്ന സന്ദേശം അർത്ഥവത്താക്കുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്ന ഈ സിനിമയിൽ ഒട്ടനവധി സന്ദേശങ്ങൾ കുടുംബങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

വി.ജെ.ജെയ്മ്സിന്റെ ‘പ്രണയോപനിഷത്’ എന്ന ചെറുകഥയെ ആസ്പദമാക്കി എം.സിന്ധുരാജ് രചന നിർവഹിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സംവിധാനം ചെയ്തിരിക്കുന്നത് ജിബു ജേക്കബാണ്. പ്രമോദ് പിള്ള ഛായാഗ്രഹണവും, സൂരജ് എസ്. ചിത്രസന്നിവേശവും, ബിജിബാൽ പശ്ചാത്തല സംഗീതവും, എം.ജയചന്ദ്രൻ-ബിജിബാൽ ടീം പാട്ടുകളുടെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ബാംഗ്ലൂർ ഡെയ്‌സ്, കാട് പൂക്കുന്ന നേരം എന്നീ സിനിമകൾക്ക്‌ ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്ററിന്റെ ബാനറിൽ സോഫീയ പോൾ നിർമ്മിച്ചിരിക്കുന്ന ഈ സിനിമയിൽ മോഹൻലാലും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
ദമ്പതികൾ തമ്മിൽ എങ്ങനെ സ്നേഹിക്കണമെന്നും, ആശയവിനിമയം എങ്ങനെ ഫലപ്രദമാക്കാം എന്നും, മറ്റു ബന്ധങ്ങളുടെ പ്രലോഭനങ്ങളിൽ നിന്നും എങ്ങനെ രക്ഷപെടാമെന്നും, മക്കളോട് എങ്ങനെ സ്നേഹം പ്രകടിപ്പിക്കണമെന്നും, മാതാപിതാക്കൾ തമ്മിലുള്ള സ്നേഹം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്നും ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നു. കുടുംബങ്ങളിൽ വലിയ അളവിൽ സ്വാധീനം ചെലുത്തുവാൻ സാധ്യതയുള്ള ഒരു വിഷയം ഒരുപാട് നാളുകൾക്കു ശേഷമാണ് മലയാള സിനിമയിൽ പ്രേമേയമാകുന്നത്. ഒരുപക്ഷെ അത് തന്നെയാകും ഈ സിനിമയുടെ വിജയവും.

തിരക്കഥ: ⭐⭐⭐
എം.സിന്ധുരാജ് തിരക്കഥയും സംഭാഷണങ്ങളും രചിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോളിൽ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന പല സംഭവങ്ങളും ചർച്ചാവിഷയമാകുന്നുണ്ട്. അവിഹിത ബന്ധങ്ങളും അമിതമായ ഫോൺ ഉപയോഗവും മൂലം കുടുംബത്തിൽ ചിലവിടാൻ സമയമില്ലായ്മ ഉണ്ടാവുകയും ചെയ്യുന്നു. മേല്പറഞ്ഞ വിഷയം കുടുംബങ്ങളെ ബാധിക്കാതിരിക്കണമെങ്കിൽ, കുടുംബനാഥൻ അയാളുടെ സുഹൃത്തുക്കളെയോ മറ്റു ബന്ധങ്ങളെയോ സ്നേഹിക്കുന്നതിനേക്കാൾ തന്റെ ഭാര്യയെ സ്നേഹിക്കുക എന്ന സന്ദേശമാണ് ഈ സിനിമയിലൂടെ സമൂഹത്തിനു നൽകുന്നത്. ഈ ആശയം പ്രേക്ഷകരിലേക്കെത്തിക്കുവാനുള്ള കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടെ തിരക്കഥയിലുള്ളത്. വിശ്വസനീയമായ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളുമാണ് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നത്. സിനിമയുടെ ആദ്യപകുതിയുടെ തുടക്കത്തിൽ മേല്പറഞ്ഞ വിഷയത്തിലേക്കു എത്തിച്ചേരുവാൻ ഒട്ടനവധി കഥാസന്ദർഭങ്ങൾ ഉൾപ്പെടുത്തേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല. അതുപോലെ മൂലകഥയിൽ പ്രാധാന്യമില്ലാത്ത കുറെ കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളമുണ്ട്. ഈ പറഞ്ഞ കുറവുകളൊക്കെ തിരക്കഥയിൽ ഉണ്ടെങ്കിലും, എന്റെ ജീവിതം എന്റെ ഭാര്യയാണ് എന്നത്തിന്റെ പൂർണ അർഥം പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്നിറങ്ങുവാൻ സാധിക്കുന്ന രീതിയിൽ തിരക്കഥ എഴുതുവാൻ എം.സിന്ധുരാജിന് സാധിച്ചു എന്നതാണ് തിരക്കഥാകൃത്തിന്റെ വിജയം. അഭിനന്ദനങ്ങൾ!

സംവിധാനം:⭐⭐⭐
വെള്ളിമൂങ്ങ എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന സംവിധായകനാണ് ജിബു ജേക്കബ്. നല്ല പ്രമേയവും കഥയും തിരഞ്ഞെടുത്തു കുടുംബങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള കഥാസന്ദർഭങ്ങൾ കൂട്ടിച്ചേർത്തു കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ അഭിനയിപ്പിച്ചു കൃത്യതയോടെ സംവിധാനം നിർവഹിച്ചു നല്ലൊരു സന്ദേശം സമൂഹത്തിലെത്തിക്കുവാൻ ജിബു ജേക്കബ് നടത്തിയ പരിശ്രമം വിജയിച്ചിരിക്കുന്നു. ഇഴഞ്ഞു നീങ്ങുന്ന അവതരണവും സിനിമയുടെ ദൈർഘ്യവും, കഥയിൽ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളും മാത്രമാണ് ഈ സിനിമയുടെ പോരായ്മയായി അവശേഷിക്കുന്നത്. ദൃശ്യത്തിന് ശേഷം പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന മോഹൻലാലിനെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ വിജയഘടകങ്ങളിൽ ഒന്ന്. സിനിമയുടെ രണ്ടാം പകുതിയും ക്‌ളൈമാക്‌സും മികവോടെ അവതരിപ്പിച്ചതാണ് മറ്റൊരു ഘടകം. ഇനിയും ഇതുപോലുള്ള സിനിമകൾ നിർമ്മിക്കുവാൻ സോഫിയ പോളിനും സാധിക്കട്ടെ. സ്നേഹത്തിന്റെ മുന്തിരിവള്ളികൾ കുടുംബങ്ങളിൽ പൂത്തുതളിർക്കട്ടെ!

സാങ്കേതികം: ⭐⭐⭐
പ്രമോദ് പിള്ളയുടെ ഛായാഗ്രഹണം സിനിമയുടെ കഥയോടും പശ്ചാത്തലത്തിനോടും ചേർന്ന് നിൽക്കുന്നു. എന്നാൽ സൂരജിന്റെ സന്നിവേശം വേണ്ടുവോളം മികവ് പുലർത്തിയില്ല. സിനിമയുടെ ആദ്യ പകുതിയിലെ രംഗങ്ങൾ പലതും കഥയിൽ പ്രാധാന്യമില്ലാത്തതും വലിച്ചുനീട്ടിയിരിക്കുന്ന രീതിയിലുമായി അനുഭവപെട്ടു. സിനിമയുടെ ദൈർഘ്യം ഒരല്പം കൂടുതലായത് പ്രേക്ഷകരിൽ മുഷിപ്പുണ്ടാക്കുന്നതിനു വഴിയൊരുക്കിയിട്ടുണ്ട്. ബിജിബാലിന്റെ പശ്ചാത്തല സംഗീത സംവിധാനം രംഗങ്ങളുടെ മാറ്റുകൂട്ടുന്നതിനു സഹായിച്ചിട്ടുണ്ട്. റഫീഖ് അഹമ്മദ്, മധു വാസുദേവ്, അജിത്കുമാർ എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രനും ബിജിബാലും ഈണമിട്ട മൂന്ന് പാട്ടുകളാണുള്ളത്. ശരാശരിയിലൊതുങ്ങുന്ന പാട്ടുകളാണ് മൂന്നും. അജയ് മങ്ങാടിന്റെ കലാസംവിധാനവും സജി കൊരട്ടിയുടെ ചമയവും മികവ് പുലർത്തി. നിസാർ റഹ്മത്തിന്റെ വസ്ത്രാലങ്കാര മികവിനാൽ മോഹൻലാൽ പതിവിലും പ്രായക്കുറവ് തോന്നിപ്പിക്കുന്ന രീതിയിലായി. രംഗനാഥ് രവിയാണ് ശബ്ദരൂപീകരണം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐⭐
മോഹൻലാൽ, മീന, അനൂപ് മേനോൻ, ശ്രിന്ദ അഷബ്, ഐമ റോസ്മി സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ്, അലൻസിയാർ ലേ ലോപസ്, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, ഷറഫുദ്ധീൻ, സുധീർ കരമന, സുരേഷ് കൃഷ്ണ, മേഘനാഥൻ, സോഹൻ സീനുലാൽ, ജോയ് മാത്യു, രാഹുൽ മാധവ്, കെ.എൽ.ആന്റണി, ലിഷോയ്, രാജേഷ് പറവൂർ, ഗണപതി, നന്ദു, ശശി കലിങ്ക, കുമരകം രഘുനാഥ്, ആശ ശരത്,
നേഹ സക്‌സേന, ബിന്ദു പണിക്കർ, രശ്മി ബോബൻ, മഞ്ജു സുനിൽ, ലീന ആന്റണി, അംബിക മോഹൻ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. ഉലഹന്നാൻ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ മറ്റൊരു നടനും സാധിക്കുകയില്ല എന്ന് അടിവരയിട്ടു സ്ഥാപിച്ചിരിക്കുകയാണ് നടനവിസ്മയം മോഹൻലാൽ. ഇത്രയും ആസ്വാദ്യകരമായി പ്രണയത്തെ അവതരിപ്പിക്കുവാൻ മോഹൻലാലിനല്ലാതെ മലയാള സിനിമയിൽ നിലവിലുള്ള ഒരു നടനും സാധിക്കുകയില്ല എന്നത് നിസംശയം പറയാം. പാവാട ബാബുവിന് ശേഷം അഭിനയ സാധ്യതയുള്ള വേണുക്കുട്ടൻ എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു കയ്യടി നേടുവാൻ അനൂപ് മേനോന് സാധിച്ചു. ദൃശ്യത്തിന് ശേഷം മീനയ്ക്കും ലഭിച്ച നല്ല വേഷമാണ് ഈ സിനിമയിലെ ആനിയമ്മ. അലൻസിയാർ, ഷാജോൺ, ഐമ റോസ്മി, ശ്രിന്ദ, മഞ്ജു സുനിൽ എന്നിവരും അവരവർക്കു ലഭിച്ച കഥാപാത്രം ഗംഭീരമാക്കി.

വാൽക്കഷ്ണം: സ്നേഹത്തിന്റെ സന്തോഷത്തിന്റെ മുന്തിരിവള്ളികൾ നിങ്ങളുടെ കുടുംബത്തിലും പടർന്നുപിടിക്കണമെങ്കിൽ ഈ സിനിമ തീർച്ചയായും കണ്ടിരിക്കണം!

സംവിധാനം: ജിബു ജേക്കബ്
രചന: എം.സിന്ധുരാജ്
നിർമ്മാണം: സോഫിയാ പോൾ
ബാനർ: വീക്കെൻഡ് ബ്ലോക്ബസ്റ്റർ
ഛായാഗ്രഹണം: പ്രമോദ് പിള്ള
ചിത്രസന്നിവേശം: സൂരജ് എസ്.
പശ്ചാത്തല സംഗീതം: ബിജിബാൽ
ഗാനരചന: റഫീഖ് അഹമ്മദ്, മധു വാസുദേവ്, അജിത്കുമാർ ഡി.ബി.
സംഗീതം: എം.ജയചന്ദ്രൻ, ബിജിബാൽ
കലാസംവിധാനം: അജയൻ മാങ്ങാട്
ചമയം: സജി കൊരട്ടി
വസ്ത്രാലങ്കാരം: നിസാർ റഹ്മത്
ശബ്ദമിശ്രണം: അജിത് എ.ജോർജ്
ശബ്ദരൂപീകരണം: രംഗനാഥ് രവി
വിതരണം: വീക്കെൻഡ് ബ്ലോക്ബസ്റ്റർ റിലീസ്.

10 കല്പനകൾ – ⭐


വ്യത്യസ്ത പ്രമേയത്തിന്റെ നിരാശാജനകമായ അവതരണം! – ⭐

1000 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമമുള്ള ഇന്ത്യൻ ഭരണഘടനയോട് ഭൂരിഭാഗം ജനങ്ങൾക്കും വിയോജിപ്പാണുള്ളത്. തെളിവുകളില്ല എന്നതുകൊണ്ട് ഒരുപക്ഷെ നിരപരാധിയായിരിക്കാം എന്ന സംശയത്തിന്റെ ആനുകൂല്യം ലഭിച്ചു കുറ്റവാളികൾ വധശിക്ഷയിൽ നിന്ന് രക്ഷപെടുന്നു. നിർഭയയോട് ഏറ്റവും ക്രൂരത കാണിച്ച 18 വയസ്സ് തികയാത്ത കൊലപാതകിയ്ക്ക് വധശിക്ഷ വിധിക്കാത്തതിലും പ്രക്ഷോഭങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

ഇനിയുമൊരു പെൺകുട്ടിയ്ക്ക് നിർഭയയ്ക്കോ സൗമ്യയ്ക്കോ ജിഷയ്ക്കോ ഉണ്ടായ പോലൊരു ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കോളിളക്കം സൃഷ്ടിക്കാൻ കഴിവുള്ള മറ്റൊരു വാർത്ത വരുന്നതുവരെയുള്ള ആയുസ്സേ മേല്പറഞ്ഞ നിയമ മാറ്റം വേണമെന്ന സമരത്തിനുള്ളു എന്നത് ദൗർഭാഗ്യകരമാണ്. ഇത്രയും ലളിതമായ നിയമമുള്ള ഇന്ത്യയിൽ ആസൂത്രിതമായ കൊലപാതകവും ബലാൽസംഘവും ചെയ്യുന്നവർക്ക് വധശിക്ഷയേക്കാൾ വലിയ ശിക്ഷ നൽക്കണമെന്നാണ് 10 കല്പനകൾ എന്ന സിനിമയിലൂടെ ഡോൺമാക്സ് പ്രേക്ഷരോട് സംവാദിക്കുന്നത്.

മലയാളത്തിലും തെന്നിന്ത്യയിലെ മറ്റു ഭാഷകളിലുള്ള സിനിമകളിലും സന്നിവേശകനായി പ്രവർത്തിച്ച ഡോൺമാക്സ് ആദ്യമായി കഥയെഴുതി സംവിധാനം നിർവഹിച്ച സിനിമയാണ് 10 കല്പനകൾ. ഷട്ടർ ബഗ്‌സിന്റെ ബാനറിൽ നടൻ തമ്പി ആന്റണിയും സുഹൃത്തുക്കളും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന 10 കല്പനകൾ വിതരണം ചെയ്തിരിക്കുന്നത് അനന്യ ഫിലിംസും യു.ജി.എം.ഗ്രൂപ്പും ചേർന്നാണ്.

പ്രമേയം: ⭐⭐
10 കല്പനകളിലെ ഒന്നാണ് ‘കൊല്ലരുത്’. മറ്റൊരാളുടെ ജീവനെടുക്കുക എന്ന കൊടുംപാപം ചെയ്യുന്നവരെ ശിക്ഷയുടെ ഭാഗമായി കൊല്ലുന്നതിനേക്കാൾ വലിയ ശിക്ഷ നൽകണമെന്നാണ് ഈ സിനിമയുടെ പ്രമേയം. നാല് പെൺകുട്ടികളെ മൃഗീയമായി കൊല്ലുന്ന മാനസിക രോഗിയായ പ്രതിക്ക് ഇതുവരെ ആരും നൽകാത്ത ഒരു ശിക്ഷയാണ് ഈ സിനിമയിലൂടെ നടപ്പിലാക്കുന്നത്. അത്തരത്തിലുള്ള ഒരു വിധി ഇന്ത്യൻ ഭരണഘടനയിൽ വരണമെന്ന ജനങ്ങളുടെ അഭിപ്രായത്തോടെ സിനിമ അവസാനിക്കുന്നു.

തിരക്കഥ: ⭐
ഡോൺമാക്സിന്റെ കഥയെ തിരക്കഥയുടെ രൂപത്തിലെത്തിക്കുവാൻ ഡോൺമാക്സിനെ സഹായിച്ചവരാണ് സൂരജ്-നീരജ് എന്നിവർ. സംഗീത്‌ ജെയ്ൻ ആണ് ഈ സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. മൃഗീയമായ കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണത്തിലും പ്രതിയെ പോലീസ് പിടികൂടുന്നു. ആ പ്രതി എന്തുകൊണ്ട് കൊലപാതകം ചെയ്തു എന്നു അറിയുവാനും അതിനുള്ള തെളിവുകൾ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനു പകരം, വർഷങ്ങൾക്കു മുമ്പ് നടന്ന മറ്റൊരു മൃഗീയ കൊലപാതകത്തിന്റെ പിന്നിലും ഇതേ പ്രതിയാണെന്ന് സംശയിച്ചു നിജസ്ഥിതി അറിയുവാൻ ശ്രമിക്കുന്നതുമാണ് ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ. പ്രതി അന്നും ഇന്നും നടത്തിയ കൊലപാതകങ്ങൾക്ക് ഒരൊറ്റ തെളിവുപോലും പൊലീസിന് കണ്ടെത്താനാകുന്നില്ല എന്നത് യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് കഥാസന്ദർഭങ്ങളാക്കിയിരിക്കുന്നത്‌. പട്ടാപ്പകൽ പ്രതി നടത്തുന്ന കൊലപാതകങ്ങൾക്ക് ഒരു സാക്ഷിയോ തെളിവോയില്ല എന്നതു അവിശ്വസനീയമായിരുന്നു. അതിനു മാറ്റുകൂട്ടുന്നു കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങൾ കൂടെ ചേർന്നപ്പോൾ ഈ സിനിമയുടെ തിരക്കഥ ഒരു പൂർണ്ണ പരാജയമായി എന്ന് വേണം വിലയിരുത്തുവാൻ. പ്രേക്ഷകരെ വിഡ്ഢികളാകുന്നതും എളുപ്പത്തിൽ പ്രവചിക്കാനാവുന്നതുമായ ട്വിസ്റ്റുകളോടെ കഥ എങ്ങനെയൊക്കെയോ അവസാനിപ്പിച്ചു. ഈ കുറവുകൾ സിനിമയിലുടനീളം മുഴച്ചു നിൽക്കുന്നുണ്ടെങ്കിലും, ശിക്ഷ വിധിച്ച രീതി കുറ്റവാളികൾക്കു നൽകണമെന്നു സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് തോന്നുമെന്നുറപ്പാണ്.

സംവിധാനം: ⭐
രംഗങ്ങൾ സന്നിവേശം ചെയ്യുന്ന രീതിയിൽ ഏറെ പുതുമകൾ സംഭാവന ചെയ്ത ചിത്രസന്നിവേശകനാണ് ഡോൺമാക്സ്. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ സിനിമാ സംരംഭത്തിൽ പുതുമകളൊന്നും തന്നെ അവകാശപ്പെടാനില്ല. ഒരു അന്തവും കുന്തവുമില്ലാതെ മുൻപോട്ടു നീങ്ങുന്ന കഥാഗതിയും സംവിധാനവുമാണ് ഈ സിനിമയുടെ സുപ്രധാന പോരായ്മകൾ. ഈ സിനിമയിലെ നടീനടന്മാർ ഡബ്ബിങ് ചെയ്തുകൊണ്ടിരുന്നപ്പോൾ സംവിധായകൻ ഉറക്കത്തിലായിരുന്നോ? ഇത്രയും മോശം ഡബ്ബിങ് അടുത്തകാലത്തൊന്നും ഒരു മലയാള സിനിമയിലും കണ്ടിട്ടില്ല. സിനിമയുടെ ആദ്യാവസാനം തിരുകികയറ്റിയ അനാവശ്യമായ പാട്ടുകൾ എന്തിനാണെന്ന് പോലും മനസ്സിലാകുന്നില്ല. ഏതൊക്കെയോ ഇംഗ്ലീഷ് സിനിമകൾ കോപ്പിയടിച്ചു എഴുതിയ തിരക്കഥയും അതിനെ സമ്പൂർണ്ണ ദുരന്തമാക്കിയ സംവിധാന രീതിയുമാണ് 10 കല്പനകൾ എന്ന സിനിമയിൽ കണ്ടത്.

സാങ്കേതികം: ⭐⭐
ഭൂമിയിൽ ക്യാമറവെക്കുവാൻ സൗകര്യമില്ലാത്തതിനാലാണോ ഒട്ടുമിക്ക രംഗങ്ങളെല്ലാം ആകാശത്തു നിന്ന് ചിത്രീകരിച്ചത്? ഒരോ അഞ്ചു മിനിറ്റിലും ക്യാമറയെ ആകാശത്തെത്തിക്കുവാൻ ഛായാഗ്രാഹകൻ കിഷോർ മണി ഏറെ ബുദ്ധിമുട്ടിക്കാണണം. കിഷോർ മണി പകർത്തിയ രംഗങ്ങൾ സന്നിവേശം ചെയ്തത് ഡോൺമാക്‌സാണ്. രംഗങ്ങൾ കോർത്തിണക്കിയതിൽ പുതുമകൾ ഒന്നും അവകാശപ്പെടാനില്ല. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി രംഗങ്ങൾ സിനിമയുടെ ആദ്യ പകുതിയിൽ കാണുവാൻ സാധിക്കും. മിഥുൻ ഈശ്വർ ഈണമിട്ട പാട്ടുകൾ നിരാശപെടുത്തിയെങ്കിലും പശ്ചാത്തല സംഗീതം ചില രംഗങ്ങളിൽ നിലവാരം പുലർത്തി. ബോബന്റെ കലാസംവിധാനം സിനിമയുടെ കഥയ്ക്കും പശ്ചാത്തലത്തിനും യോജിച്ചതായിരുന്നു. സഹീർ അബ്ബാസാണ്‌ ശബ്ദലേഖനം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐
ചെറിയ ഒരു ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ മലയാള സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നു ഈ സിനിമയുടെ പ്രത്യേകത. ഷാസിയ അക്ബർ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷം തന്നാലാകുംവിധം അഭിനയിച്ചു ഫലിപ്പിക്കുവാൻ മീര ജാസ്മിൻ ശ്രമിച്ചിട്ടുണ്ട്. ഉന്നം എന്ന സിബി മലയിൽ സിനിമയിലൂടെ മലയാളത്തിൽ അഭിനയിച്ച മലയാളികൂടിയായ പ്രശാന്ത് നാരായണൻ ഹിന്ദി സിനിമകളിലെ അറിയപ്പെടുന്ന ഒരു നടനാണ്. വിക്ടർ ധൻരാജ് എന്ന വില്ലൻ വേഷം മികവോടെ അവതരിപ്പിക്കുവാൻ പ്രശാന്ത് നാരായണന് സാധിച്ചു. അനൂപ് മേനോൻ തന്റെ കഥാപാത്രത്തെ സ്ഥിരം ശൈലിയിൽ അവതരിപ്പിച്ചു. ഇവരെ കൂടാതെ ജോജു ജോർജ്, തമ്പി ആന്റണി, ഷെബിൻ ബെൻസൺ, ബിനു അടിമാലി, ഇടവേള ബാബു, കനിഹ, കവിത നായർ, അജയ്, ആനന്ദ് ആറ്റുകാൽ, ജിജി അജ്ഞാനി, റിറ്റ്സ് ബദിയാനി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാൽക്കഷ്ണം: യുവാക്കൾക്കോ കുടുംബങ്ങൾക്കോ കുട്ടികൾക്കോ ആസ്വാദ്യകരമല്ലാത്ത ഒരു സിനിമ!

കഥ, സംവിധാനം: ഡോൺമാക്സ്
തിരക്കഥ: ഡോൺമാക്സ്, സൂരജ്-നീരജ്
സംഭാഷണം: സംഗീത് ജെയ്ൻ
നിർമ്മാണം: ഷട്ടർ ബഗ്‌സ്
ഛായാഗ്രഹണം: കിഷോർ മണി
ചിത്രസന്നിവേശം: ഡോൺമാക്സ്
പശ്ചാത്തല സംഗീതം: മിഥുൻ ഈശ്വർ
ഗാനരചന: റോയ് പുറമടം
കലാസംവിധാനം: ബോബൻ
ശബ്ദമിശ്രണം: വിനോദ് പി.ശിവറാം
ശബ്ദലേഖനം: സഹീർ അബ്ബാസ്
വസ്ത്രാലങ്കാരം: അരവിന്ദ്
വിതരണം: അനന്യ ഫിലിംസ്, യു.ജി.എം.ഗ്രൂപ്പ്.

കരിങ്കുന്നം സിക്സസ് -⭐⭐

കരിങ്കുന്നം ക്ലീഷേ സ്മാഷസ് – ⭐⭐

വോളിബോൾ ഇതിഹാസം ജിമ്മി ജോർജ് മരണമടഞ്ഞിട്ട് 30 വർഷങ്ങളാകുന്നു. ഇന്ത്യൻ വോളിബോൾ ടീമിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയതും ഏഷ്യൻ ഗെയിമ്സിൽ വെങ്കലം നേടിയതും ജിമ്മി ജോർജിന്റെ പരിശ്രമത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് വോളിബോൾ കളി പ്രമേയമാക്കിയിട്ടുള്ള മലയാളത്തിലെ ആദ്യത്തെ സിനിമയായ കരിങ്കുന്നം സിക്സസ് അവസാനിക്കുന്നത്.

ബാക്ക് വാട്ടർ സ്റ്റൂഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനും അനിൽ ബിശ്വാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന കരിങ്കുന്നം സിക്സസ് വിതരണം ചെയ്തിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിമസാണ്‌. ഫയർമാൻ എന്ന സിനിമയ്ക്ക് ശേഷം ദീപു കരുണാകരൻ സംവിധാനം നിർവഹിച്ചിരിക്കുന്ന കരിങ്കുന്നം സിക്സസിൽ മലയാള സിനിമയിലെ ഒരു നീണ്ട താരനിര അഭിനയിച്ചിരിക്കുന്നു.

മഞ്ജു വാര്യർ, അനൂപ്‌ മേനോൻ, ബാബു ആന്റണി, സുധീർ കരമന, സമുദ്രക്കനി, ബൈജു, സുരാജ് വെഞ്ഞറമൂട്, മേജർ രവി, ശ്യാമപ്രസാദ്, സുദേവ് നായർ, പത്മരാജ് രതീഷ്‌, ഗ്രിഗറി, കെവിൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദു, കോട്ടയം പ്രദീപ്‌, ശ്രീജിത്ത്‌ രവി, ഷാജി നടേശൻ, മണിയൻപിള്ള രാജു, ജഗദീഷ്, ഹരീഷ് പരേടി, വിജയകുമാർ, ബാലാജി, ഡോക്ടർ അരുണ്‍ ഡേവിഡ്‌, മണിക്കുട്ടൻ, വിവേക് ഗോപൻ, ലെന അഭിലാഷ്, അംബിക മോഹൻ, ഗായത്രി സുരേഷ്, ടാനിയ സ്റ്റാൻലി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.

പ്രമേയം: ⭐⭐
വോളിബോൾ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിനായി തയ്യാറെടുക്കുന്ന കരിങ്കുന്നം സിക്സസ് എന്ന ടീമും ടീമംഗങ്ങളും പരിശീലകയും തമ്മിലുള്ള ആത്മബദ്ധവും, പരീശീലനവും ടൂർണമെൻറ്റും നടക്കുമ്പോൾ അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പ്രമേയമാക്കിയിട്ടുള്ള സിനിമയാണ് കരിങ്കുന്നം സിക്സസ്. ജയിലിലെ വോളിബോൾ കളിക്കുന്ന 8 കളിക്കാരെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചു വോളിബോൾ പ്രീമിയർ ലീഗിൽ കളിപ്പിക്കുന്നതിനിടയിൽ അനുഭവിക്കുന്ന വെല്ലുവിളികൾ സധൈര്യം നേരിട്ട് വിജയിക്കുന്നതാണ് ഈ സിനിമയുടെ കഥ. ഈ കഥപറയുന്നതിനിടയിയിൽ ജയിലിലെ അന്തരീക്ഷവും, വാതുവെപ്പും, നല്ല ടീമിനെ കുതന്ത്രങ്ങൾ പയറ്റി തോൽപ്പിക്കുന്നതും ചർച്ചചെയ്യുന്നുണ്ട്. അരുണ്‍ ലാൽ രാമചന്ദ്രനാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐⭐
വേട്ട എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ലാൽ ഈ വർഷമെഴുതുന്ന രണ്ടാമത്തെ ത്രില്ലർ സിനിമയാണ് കരിങ്കുന്നം സിക്സസ്. കായിക വിനോദത്തിൽ പങ്കെടുക്കുന്ന ടീമിനെയും ടീം അംഗങ്ങളെയും അവരുടെ പരിശീലനവും അവർ നേരിടുന്ന പ്രശ്നങ്ങളും അവസാനം വിജയിക്കുന്നതും ഇന്ത്യൻ സിനിമകളിലെ പല ഭാഷകളിലായി പ്രേക്ഷകർ കണ്ടുമടുത്ത കഥാസന്ദർഭങ്ങളാണ്. ആമിർ ഖാന്റെ ലഗാനും, ഷാറുഖ് ഖാന്റെ ചക്ദേ ഇന്ത്യയും, മാധവന്റെ ഇരുധി സുട്രവും പോലെ തോന്നിപ്പിക്കുന്ന കഥാസന്ദർഭങ്ങളാണ് ഈ സിനിമയിലും. കഥാപശ്ചാത്തലത്തിലും അഭിനേതാക്കളിലും അവർ കളിക്കുന്ന ഗെയിമിലും മാത്രം വ്യത്യാസം. ഒട്ടനവധി സംഭവങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമയുടെ അവസാന മിനിറ്റുകൾ വോളിബോൾ കളി കാണിക്കുന്നതും, പ്രതിസന്ധികൾക്കൊടുവിൽ കരിങ്കുന്നം സിക്സസ് ജയിക്കുന്നതെങ്ങനെ എന്ന് കാണിക്കുന്നതും വ്യതസ്ഥതപുലർത്തി. എന്നിരുന്നാലും സിനിമ കാണുന്ന പ്രേക്ഷകർക്ക്‌ സ്ഥിരം കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും കണ്ടു ബോറടിമാത്രമാണ് ബാക്കിയാവുന്നത്.

സംവിധാനം: ⭐⭐
ഒരു ത്രില്ലർ സിനിമ സംവിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സിനിമയെടുത്ത ദീപു കരുണാകരൻ എന്ന സംവിധായകൻ അക്ഷരാർത്ഥത്തിൽ വോളിബോൾ കളിയിൽ പാലിക്കേണ്ടിയിരുന്ന നിയമങ്ങൾ മറന്നിരിക്കുന്നു. പോയിന്റ് സ്‌കോർ ചെയ്യുന്ന സമയം വലയിൽ കൈകൊണ്ടു തൊടരുതെന്നും, എതിർ ടീമിലെ അംഗങ്ങളുടെ ദേഹത്തു മനപ്പൂർവമിടിച്ചാൽ ഫൗൾ ആണെന്നും വോളിബോൾ കായികവിനോദം അറിയാവുന്ന കൊച്ചുകുട്ടികൾക്കു വരെ സുപരിചിതമാണ്‌. അത്തരത്തിലുള്ള വിവരക്കേടുകൾ വോളിബോൾ പ്രീമിയർ ലീഗിൽ നടക്കുന്നു എന്നതാണോ ഇനി സംവിധായകൻ ഉദ്ദേശിച്ചത്? വോളിബോൾ കളിയറിയാത്ത പ്രേക്ഷകർക്ക്‌ ത്രില്ലടിച്ചു കണ്ടിരിക്കാവുന്ന ചേരുവകളൊക്കെ കൃത്യമായി ചേർത്തൊരുക്കുവാൻ സംവിധായകൻ മറന്നിട്ടില്ല. അതുകൊണ്ട് തന്നെ മഞ്ജു വാര്യരുടെ ആരാധകർക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ഒന്നായിരിക്കും കരിങ്കുന്നം സിക്സസ്.

സാങ്കേതികം: ⭐⭐⭐
ദീപു കരുണാകരൻ തന്നെ സംവിധാനം നിർവഹിച്ച വിൻറ്റർ എന്ന സിനിമയുടെ ഛായാഗ്രാഹകനായി മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ ജയകൃഷ്ണ ഗുമ്മാടി ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ വീണ്ടുമെത്തുന്നു സിനിമയാണിത്. വോളിബോൾ കളിയറിയാവുന്ന ഒരു ഛായാഗ്രാഹകനായിരുന്നു ജയകൃഷ്ണനെങ്കിൽ മേല്പറഞ്ഞ അബദ്ധങ്ങളൊന്നും ഈ സിനിമയിൽ സംഭവിക്കില്ലായിരുന്നു. ഏതൊരു ചായഗ്രാഹകനും ഏറെ വെല്ലുവിളികളുള്ള ഒന്നാണ് ഒരു ഗെയിം ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുക എന്നത്. ആ വിഷയത്തിൽ വിജയിക്കുവാൻ ജയകൃഷ്ണന് സാധിച്ചു. വി. സാജനാണ് രംഗങ്ങൾ കോർത്തിണക്കിയത്. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും തന്നെ ഈ സിനിമയിലില്ല. സിനിമയുടെ അവസാന നിമിഷങ്ങൾ വോളിബോൾ ഗെയിമടങ്ങുന്ന രംഗങ്ങൾ ചടുലമായ രീതിയിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. രാഹുൽരാജിന്റെ പാട്ടുകൾ ശ്രദ്ധ ആകർഷിക്കുന്നില്ലയെങ്കിലും പശ്ചാത്തല സംഗീതം രംഗങ്ങളോട് ചേർന്നുപോകുന്നവയായിരുന്നു. സാബു മോഹനാണ് കലാസംവിധാനം. ജയിലും വോളിബോൾ സ്റ്റേഡിയവും യഥാർത്ഥ സ്ഥലങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതുകൊണ്ടു കലാസംവിധായകന്റെ ജോലി എളുപ്പമായി.

അഭിനയം: ⭐⭐⭐
ബാബു ആന്റണി, സുധീർ കരമന, ബൈജു, ഗ്രിഗറി, സന്തോഷ്‌ കീഴാറ്റൂർ, സുദേവ് നായർ, കെവിൻ, പത്മരാജ് രതീഷ്‌ എന്നിവരാണ് കരിങ്കുന്നം സിക്സസ് ടീമിലെ അംഗങ്ങൾ. അവരുടെ പരിശീലകയായി മഞ്ജു വാര്യരും. വന്ദന എന്ന കഥാപാത്രത്തെ മഞ്ജു വാര്യർ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അനൂപ്‌ മേനോനും സുരാജ് വെഞ്ഞാറമൂടും, സുധീർ കരമനയും വ്യതസ്ഥ അഭിനയമാണ് ഈ സിനിമയിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. സമുദ്രക്കനി, മേജർ രവി തുടങ്ങിയ താരങ്ങൾ ഈ സിനിമയിൽ അതിഥി വേഷങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് വരെ പ്രമുഖ താരങ്ങളാണ്.

വാൽക്കഷ്ണം: കായിക വിനോദങ്ങൾ പ്രമേയമാക്കിയ സിനിമകൾ ഇഷ്ടപെടുന്നവർക്ക്‌ കണ്ടിരിക്കാവുന്ന സിനിമ.

സംവിധാനം: ദീപു കരുണാകരൻ
രചന: അരുണ്‍ ലാൽ രാമചന്ദ്രൻ
നിർമ്മാണം: ജയലാൽ, അനിൽ ബിശ്വാസ്
ചായാഗ്രഹണം: ജയകൃഷ്ണ ഗുമ്മടി
ചിത്രസന്നിവേശം: വി.സാജൻ
സംഗീതം: രാഹുൽ രാജ്
കലാസംവിധാനം: സാബു മോഹൻ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ
വിതരണം: മാജിക് ഫ്രയിമസ് ത്രു മസ്തി റിലീസ്.

പാവാട – ⭐⭐

image

നിറം മങ്ങിയ പാവാട ⭐⭐

മദ്യപാനത്തിന് അടിമപെട്ട രണ്ടു അപരിചിതരാണ് പാമ്പ് ജോയിയും പാവാട ബാബുവും. ഒരു ദിവസാരംഭം മുതൽ ഉറങ്ങുന്നത് വരെ മദ്യത്തിൽ മുങ്ങികുളിക്കുന്ന ഇരുവരും ഒരു പ്രത്യേക സാഹചര്യത്തിൽ സുഹൃത്തുക്കളാകുന്നു. ഇരുവർക്കും അവരുടെ ജീവിതത്തിൽ ഓർമ്മിക്കാനിഷ്ടമില്ലാത്ത ചില സംഭവങ്ങളുണ്ട്. രണ്ടു പേരുടെയും പൂർവകാല സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നു തിരിച്ചറിയുന്നതോടെ കഥയിൽ പുതിയ വഴിതിരുവുകൾ ഉണ്ടാകുന്നു. പാമ്പ് ജോയിയായി പ്രിഥ്വിരാജും, പാവാട ബാബുവായി അനൂപ്‌ മേനോനും അഭിനയിച്ചിരിക്കുന്നു.

മണിയൻ പിള്ള രാജു നിർമ്മിച്ച്‌ ജി. മാർത്താണ്ടൻ സംവിധാനം നിർവഹിച്ച പാവാടയുടെ രചന നിർവഹിച്ചിരിക്കുന്നത് ബിപിൻ ചന്ദ്രനാണ്. നെടുമുടി വേണു, മണിയൻ പിള്ള രാജു, കലാഭവൻ ഷാജോൺ, സുധീർ കരമന, ചെമ്പൻ ജോസ്, സിദ്ദിക്ക്, മുരളി ഗോപി, രൺജി പണിക്കർ, സായ്കുമാർ, ജയകൃഷ്ണൻ, മണികുട്ടൻ, മിയ ജോർജ്, ആശ ശരത് എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ.

പ്രമേയം: ⭐⭐⭐
മലയാള സിനിമയിൽ അധികം ചർചചെയ്യപെട്ടിട്ടില്ലത്ത ഒരു പ്രമേയമാണ് ബിപിൻ ചന്ദ്രനും ഷെബിൻ ഫ്രാൻസിസും തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു പക്ഷെ ആരുടെയെങ്കിലും ജീവിതാനുഭവം ആയേക്കാം. പ്രമേയത്തിലുള്ള പുതുമ കഥയിലും കൊണ്ടുവരാൻ ഇരുവരും ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ പകുതിയിൽ ഒരു സൂചനപോലും പ്രേക്ഷകർക്ക്‌ നൽക്കാതെ ഇടവേളക്കു തൊട്ടു മുമ്പാണ് പാവാട എന്നത് എന്താണെന്ന് പ്രേക്ഷകർക്ക്‌ മനസിലാകുന്നത്.

തിരക്കഥ: ⭐⭐
ബിപിൻ ചന്ദ്രൻ എന്ന എഴുത്തുകാരന്റെ കഴിവ് മനസ്സിലാകുന്നത്‌ സിനിമയുടെ രണ്ടാം പകുതിയിലാണ്. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം മികച്ച രീതിയിൽ തിരക്കഥയിൽ ഉൾപെടുത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന രീതിയിലുള്ള സംഭാഷണങ്ങളും മികവുറ്റതായി. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ആദ്യ പകുതിയിലെ രംഗങ്ങളിൽ പകുതിയിൽ കൂടുതലും കഥയ്ക്ക്‌ ആവശ്യമില്ലത്തതായിരുന്നു എന്ന് തോന്നുന്നതിൽ തെറ്റില്ല. പാവാട ബാബുവിന്റെ ജീവിതവും പാമ്പ് ജോയിയുടെ ജീവിതവും കുറച്ചുകൂടി രസകരമായ സന്ദർഭങ്ങളിലൂടെ അവതരിപ്പിച്ചിരുന്നുവെങ്കിൽ ഈ സിനിമ ഭേദമാകുമായിരുന്നു. സിനിമയുടെ അവസാനം എല്ലാം ശുഭമായി അവസാനിക്കുവാൻ വേണ്ടി കഥാസന്ദർഭങ്ങളെ വളച്ചൊടിച്ചു എന്നത് വ്യക്തമാണ്. പാവാട ബാബു അയാളുടെ കയ്യൊപ്പ് ശ്രദ്ധിക്കാതെ പേപ്പറിൽ എഴുത്തുന്ന രംഗം ഇതിനുദാഹരണം.

സംവിധാനം: ⭐
അഛദിൻ എന്ന സിനിമയ്ക്ക് ശേഷം ജി. മാർതാണ്ടൻ സംവിധാനം ചെയ്ത ഈ സിനിമയും ശരാശരിയായി അവസാനിക്കുവാനാണ് സാധ്യത. നല്ലൊരു പ്രമേയവും കഥയും, ശരാശരി നിലവാരമുള്ള തിരക്കഥയും, കഴിവുള്ള അഭിനേതാക്കളെയും പൂർണമായി ഉപയോഗപെടുത്തുവാൻ സംവിധായകന് സാധിച്ചില്ല. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയാണ് സിനിമയുടെ പ്രധാന പോരായ്മകളിൽ ഒന്ന്. സിനിമയുടെ അവസാന രംഗത്തിൽ മലയാളികൾ ഇഷ്ടപെടുന്ന ഒരു വ്യക്തി പ്രധാനപെട്ട കഥാപാത്രങ്ങളിൽ ഒന്നായി അഭിനയിപ്പിച്ചത്‌ സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്യാതെ പോയത്, ആ കഥാപാത്രം ആ വ്യക്തിക്ക്  അനിയോജ്യമല്ലാത്തതിനാലാണ്. ഇത് നടീ നടന്മാരെ തിരഞ്ഞെടുതതിലുള്ള  സംവിധായകന്റെ പിഴവാണ്. എന്നിരുന്നാലും മാർതാണ്ടന്റെ മുൻകാല സിനിമകളെ അപേക്ഷിച്ച് ഭേദമാണ് പാവാട.

സാങ്കേതികം: ⭐⭐
പ്രദീപ്‌ നായരാണ് ഈ സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചത്. എടുത്തു പറയേണ്ട ചായഗ്രഹണ മികവൊന്നും ഒരു രംഗത്തിൽ പോലുമില്ല. കഥ മുൻപോട്ടു നയിക്കുവാനായി സംവിധയകൻ പറഞ്ഞുകൊടുത്ത രംഗങ്ങൾ ചിത്രീകരിച്ചു എന്നതല്ലാതെ പുതുമയുള്ള ഫ്രെയിമുകൾ ഒന്നുമില്ല. ജോൺ കുട്ടിയുടെ ചിത്രസന്നിവേശം രണ്ടാം പകുതിയിൽ മികച്ചു നിന്നത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ആദ്യ പകുതിയിലെ കുറെ ആവശ്യമില്ലാത്ത രംഗങ്ങൾ ഒഴിവാക്കിയിരുന്നുവെങ്കിൽ ഒരൽപം വേഗത്തിൽ സിനിമ അവസാനിക്കുമായിരുന്നു. ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് എബി ടോം സിറിയക് ആണ്. ജയസുര്യ ആലപിച്ച ആദ്യഗാനം മാത്രം ഓർമ്മയിൽ നിൽക്കുന്നുള്ളൂ. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം രണ്ടാം പകുതിയിലെ ചില രംഗങ്ങളിൽ മികവു പുലർത്തി. പ്രദീപ്‌ രംഗന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മോശമായില്ല.

അഭിനയം: ⭐⭐⭐
പ്രിഥ്വിരാജിന്റെ പാമ്പ് ജോയിയും അനൂപ്‌ മേനോന്റെ പാവാട ബാബുവും ഇരുവരുടെയും അഭിനയ ജീവിതത്തിലെ വ്യതസ്ഥ കഥാപാത്രങ്ങളിൽ ഒന്നാകുന്നു. തമാശ രംഗങ്ങളിലെക്കൾ ഒരുപടി മുകളിലാണ്  സെന്റിമെന്റ്സ് രംഗങ്ങളിലെ പ്രിഥ്വിയുടെ അഭിനയം. സ്ഥിരം മാനറിസങ്ങൾ കൈവിടാതെ അനൂപ്‌ മേനോനും തന്റെ കഥാപാത്രത്തോട് നീതി പുലർത്തി. ചെറിയ വേഷങ്ങളിൽ അഭിനയിച്ച സിദ്ദിക്കും നെടുമുടി വേണും ആശ ശരത്തും മികച്ച അഭിനയം കാഴ്ചവെച്ചു.

വാൽക്കഷ്ണം: സംവിധാന പിഴവ് മൂലം നിറം മങ്ങിയ പാവാട.

സംവിധാനം: ജി. മാർത്താണ്ടൻ
നിർമ്മാണം: മണിയൻ പിള്ള രാജു
കഥ: ഷെബിൻ ഫ്രാൻസിസ്, ബിപിൻ ചന്ദ്രൻ
തിരക്കഥ, സംഭാഷണം: ബിപിൻ ചന്ദ്രൻ
ചായാഗ്രഹണം: പ്രദീപ്‌ നായർ
ചിത്രസന്നിവേശം: ജോൺ കുട്ടി
ഗാനരചന: ഹരിനാരായണൻ
സംഗീതം: എബി ടോം സിറിയക്
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: സുജിത് രാഘവ്
മേക്കപ്പ്: പ്രദീപ്‌ രംഗൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആന്റോ ജോസഫ്‌

മാൽഗുഡി ഡെയ്സ് – ⭐

image

മറന്നേക്കാം ഈ മാൽഗുഡി ദിനങ്ങൾ! ⭐

നാഗാലാൻറ്റിലെ ഒരു സ്കൂളിൽ 2002ൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ സിനിമ ആവിഷ്ക്കാരമാണ് മാൽഗുഡി ഡെയ്സ്. ഒരു യഥാർത്ഥ സംഭവം പ്രമേയമാക്കുമ്പോൾ ആ സംഭവത്തോട് നീതിപുലർത്തുന്നതാകണം സിനിമയുടെ കഥ. വാണിജ്യ വിജയം നേടുവാനായി കഥയിൽ മാറ്റങ്ങൾ വരുത്തുന്നത്തിൽ തെറ്റില്ല. അങ്ങനെ മാറ്റങ്ങൾ വരുത്തുന്നതിനോടൊപ്പം സിനിമയിലൂടെ പ്രേക്ഷകരിലേക്ക് നൽക്കുവാൻ ഉദ്ദേശിക്കുന്ന സന്ദേശം അവരിലേക്ക്‌ എത്തുന്നുണ്ടോ എന്നും സംവിധായകൻ ഉറപ്പുവരുത്തെണ്ടതുണ്ട്. അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ പറഞ്ഞുപോകുന്ന ഒരു കഥ എന്നതിലുപരി തിരക്കഥയിലോ സംവിധാനത്തിലോ യഥാർത്ഥ സംഭവത്തോട് നീതിപുലർത്തുന്നില്ല ഈ സിനിമ.

വർഷങ്ങളായി സിനിമ മോഹവുമായി നടന്നിരുന്ന മൂന്ന്  സഹോദരങ്ങൾ വിശാഖ്, വിവേക്, വിനോദ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച സിനിമയാണ് മാൽഗുഡി ഡെയ്സ്. വി കമ്പനിയുടെ ബാനറിൽ 52 സുഹൃത്തുക്കളുടെ സഹായത്തിൽ നിർമ്മിചിരിക്കുന്ന ഈ സിനിമയിൽ അനൂപ്‌ മേനോനാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അനിൽ നായർ ചായഗ്രഹണവും, പ്രവീണ്‍ സംഗീത സംവിധാനവും, ഷൈജാൽ ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം:⭐⭐
ഹൃദയസ്പർശിയായ ഒരു പ്രമേയമാണ് ഈ സിനിമയുടെത്. സിനിമയുടെ അവസാനം യഥാർത്ഥ സംഭവം എന്താണെന്നു വായിച്ചറിയുമ്പോൾ നമ്മുടെ മനസ്സിനെ സ്പർശിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ നമ്മടെ ചുറ്റും നടക്കുന്നു  എന്നത് ദുഖകരമാണ്. കുട്ടികളുടെ സുരക്ഷിതത്വത്തെകുറിച്ചു  മാതാപിതാക്കൾ കൂടുതൽ ബോധവാന്മാരാകണം എന്നതാണ് ഈ സിനിമയിലൂടെ പ്രേക്ഷകരോട് പറയുന്നത്.

തിരക്കഥ: ⭐
നല്ലൊരു പ്രമേയത്തെ അവിശ്വസനീയമായ സംഭവികാസങ്ങളിലൂടെ, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങളിലൂടെ രൂപപെടുത്തിയ തിരക്കഥയാണ് ഈ സിനിമയുടെത്. തിരക്കഥ രചനയിലുള്ള പരിച്ചയക്കുറവ് സിനിമയുടെ തിരക്കഥയിലും സംഭാഷണങ്ങളിലും വെളിവാകുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് സിനിമ കാണാൻ ആഗ്രഹിക്കുന്നവരെ കണക്കിലെടുത്ത് ഈ നിരൂപണത്തിലൂടെ പങ്കുവെയ്ക്കുന്നില്ല.

സംവിധാനം: ⭐
തിരക്കഥയിലെ പരിമിതികൾ ഒരുപരുധിവരെ ഒഴിവാക്കുവാൻ നല്ലൊരു സംവിധായകന് സാധിച്ചേക്കും. പക്ഷെ, ഈ സിനിമയുടെ കാര്യത്തിൽ വിവേക്, വിനോദ്, വിശാഖ് സഹോദരങ്ങൾക്ക് അതും സാധിക്കാനായില്ല. ഓരോ രംഗങ്ങളുടെ അവതരണവും മോശമായിരുന്നു. അനാവശ്യമായി കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് കൃത്രിമത്വം തോന്നുന്ന രീതിയിൽ അവതരിപ്പിച്ച നിരവധി സന്ദർഭങ്ങളുണ്ട് ഈ സിനിമയിൽ. സ്കൂൾ പരിസരത്ത് ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ലാത്ത പൊളിഞ്ഞ ഒരു കെട്ടിടവും, അവിടേക്ക് എളുപ്പത്തിൽ കുട്ടികൾക്ക് പോകുവാൻ സാധിക്കുന്ന വഴിയും അവിശ്വസനീയം തന്നെ. ഇത്തരത്തിലുള്ള അനവധി അബദ്ധങ്ങളുണ്ട് മാൽഗുഡി ഡെയ്സിൽ.

സാങ്കേതികം: ⭐
അനിൽ നായരെ പോലെ പരിചയസമ്പന്നനായ ഒരു ചായഗ്രാഹകനിൽ നിന്നും പ്രതീക്ഷിക്കാത്ത ഒട്ടനവധി രംഗങ്ങൾ ഈ സിനിമയിലുണ്ട്. മൂന്നാറും കുട്ടിക്കാനവും യേർക്കാടും പോലുള്ള മനോഹരമായ സ്ഥലങ്ങൾ ലഭിച്ചിട്ടും അവയൊന്നും ഉപയോഗിക്കാതെ ഗ്രാഫിക്സ് ഉപയോഗിച്ച് ചിത്രീകരിച്ച ഗാനരങ്ങങ്ങളും, പ്രധാനപെട്ട ചില രംഗങ്ങളും മോശമായി അനുഭവപെട്ടു. പുതുമുഖം ഷൈജാൽ ആണ് ചിത്രസന്നിവേശം നിർവഹിച്ചത്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും അതിന്  മാറ്റുകൂട്ടുന്ന ഒഴുക്കൻ മട്ടിലുള്ള സന്നിവേശവും സിനിമയുടെ പ്രധാന പോരായ്മകളിൽ ഒന്നാകുന്നു. നവാഗതനായ ഡോക്ടർ പ്രവീണ്‍ ആണ് ഈ സിനിമയുടെ സംഗീത സംവിധാനം. നീർമിഴികളിൽ എന്ന പാട്ട് മാത്രമാണ് സിനിമയിലെ 4 പാട്ടുകളിൽ ഭേദമായി അനുഭവപെട്ടത്‌. സിനിമയുടെ കഥാസന്ദർഭങ്ങളോട് യോജിക്കാത്ത മേയിക്കപ്പ് ആണ് പലയിടത്തും കണ്ടത്. മനോജ്‌ അങ്കമാലിയാണ് മേയിക്കപ്.

അഭിനയം: ⭐⭐
അനൂപ്‌ മേനോൻ, ഭാമ, സൈജു കുറുപ്പ്, ടി.പി.മാധവൻ, ജോബി, ഇർഷാദ്‌, പ്രിയങ്ക നായർ, മാസ്റ്റർ വിശാൽ, ബേബി ജാനകി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. അവരവുടെ വേഷങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു എന്നല്ലാതെ വേറിട്ട്‌ നിൽക്കുന്ന അഭിനയ ശൈലിയൊന്നും ഈ സിനിമയിൽ ആരും കാഴ്ചവെച്ചിട്ടില്ല.

വാൽക്കഷ്ണം: യഥാർത്ഥ സംഭവത്തിന്റെ പരിതാപകരമായ സിനിമാ രൂപം.

രചന, സംവിധാനം: വിശാഖ്, വിവേക്, വിനോദ്
നിർമ്മാണം: വി കമ്പനി
ചായാഗ്രഹണം: അനിൽ നായർ
ചിത്രസന്നിവേശം: ഷൈജാൽ
സംഗീതം: പ്രവീണ്‍
മേയിക്കപ്പ്: മനോജ്‌ അങ്കമാലി
വിതരണം: മുരളി ഫിലിംസ്.