ഓലപ്പീപ്പി – ⭐⭐


ഗൃഹാതുരത്വം മുഴക്കുന്ന ഓലപ്പീപ്പി – ⭐⭐

മുത്തശ്ശി കഥകൾ കേട്ടു വളരാൻ ഭാഗ്യം ലഭിച്ച തലമുറയിൽ ഉൾപെടുന്നവരാണ് നമ്മൾ. മാതാപിതാക്കളെക്കാൾ നമ്മളെ സ്നേഹിച്ചും ലാളിച്ചും വളർത്തിയവരാണ് നമ്മടെ മുത്തശ്ശിമാർ. കുട്ടികാലത്തെ അവരോടൊപ്പമുള്ള ഓർമ്മകൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നവരായിരിക്കും നമ്മൾ മലയാളികൾ. തറവാട് വീടും പാടവും പറമ്പും ഊഞ്ഞാലും പട്ടവും തുടങ്ങി കളിക്കൂട്ടുകാരുടെ കൂടെ കളിച്ച ഓർമ്മകൾ നമ്മൾ എന്നും നിധിപോലെ കാത്തുസൂക്ഷിക്കുന്നു. അത്തരത്തിൽ ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി ഓർമ്മകളിലേക്ക് സഞ്ചരിക്കുന്ന ഉണ്ണി മേനോന്റെയും അയാളുടെ മുത്തശ്ശിയുടെയും കഥയാണ് കൃഷ് കൈമൾ രചനയും സംവിധാനവും നിർവഹിച്ച ഓലപ്പീപ്പി.

പ്രമേയം: ⭐⭐
ഭൂപരിഷ്കൃത നിയമം കേരളത്തിൽ വന്നതോടെ ക്ഷയിച്ചുപോയ ഒട്ടനവധി തറവാടുകൾ കേരളത്തിലുണ്ട്. പട്ടിണിയും ദാരിദ്ര്യവും മോശമായ അവസ്ഥയിലെത്തിച്ച ഒരു നായർ തറവാട്ടിലെ മുത്തശ്ശിയുടെയും കൊച്ചുമകന്റെയും കഥയാണ് ഓലപ്പീപ്പി. ആ കൊച്ചുമകൻ വളർന്നു 30 വർഷങ്ങൾക്കു ശേഷം തന്റെ തറവാടും മുത്തശ്ശിയുടെ ഓർമ്മകളും വീണ്ടെടുക്കുവാനായി കേരളത്തിലെത്തുന്നതാണ് ഈ സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐
നിരവധി മലയാള സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള കൃഷ് കൈമൾ ആദ്യമായ് തിരക്കഥ എഴുതിയ ഓലപ്പീപ്പി അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെയും വായിച്ച പുസ്തകങ്ങളുടെയും അടിസ്ഥാനത്തിൽ എഴുതപെട്ട ഒന്നാണെന്ന് പ്രേക്ഷകന് മനസ്സിലാക്കാൻ സാധിക്കും. സിനിമയുടെ ആദ്യാവസാനം കണ്ടുമടുത്ത കഥാസന്ദർഭങ്ങളും കേട്ടുപഴകിയതും കൃത്രിമത്വം നിറഞ്ഞതുമായ സംഭാഷണങ്ങളും പ്രവചിക്കാനാവുന്ന കഥാഗതിയും തുടങ്ങി ക്ലിഷേകളാൽ സമ്പന്നമാണ് ഈ സിനിമ. നല്ലൊരു പ്രമേയം ലഭിച്ചിട്ടും പുതുമയുള്ള കഥാസന്ദർഭങ്ങൾ എഴുതുവാൻ കൃഷ് കൈമൾ ശ്രമിച്ചില്ല. അലസമായ തിരക്കഥ രചനയല്ലായിരുന്നുവെങ്കിൽ മറ്റൊരു ക്ലാസ് സിനിമയാകുമായിരുന്നു ഓലപ്പീപ്പി.

സംവിധാനം: ⭐⭐
നൊമ്പരമുണർത്തുന്ന മുഹൂർത്തങ്ങളിലൂടെയാണ് ഓരോ കഥാസന്ദർഭങ്ങളും കൃഷ് കൈമൾ അവതരിപ്പിച്ചിരിക്കുന്നത്. മുത്തശ്ശിയും കൊച്ചുമകനും തമ്മിലുള്ള തീവ്രമായ ആത്മബന്ധം പ്രേക്ഷകരുടെ കണ്ണുനനയിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ടെങ്കിലും അതെല്ലാം അതിജീവിച്ചു മുത്തശ്ശി കൊച്ചുമകന് ഭക്ഷണം നൽകുന്നു. ഉണ്ണി മേനോന്റെ ഓർമ്മകളിലൂടെ പഴയകാലഘട്ടത്തിന്റെ പതിഞ്ഞ താളത്തിലുള്ള അവതരണവും പരിചിതമായ കഥാസന്ദർഭങ്ങളും പ്രവചിക്കാനാവുന്ന സംഭാഷണങ്ങളും ഓലപ്പീപ്പിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സാങ്കേതികം: ⭐⭐⭐
കൃഷ് കൈമൾ നിർവഹിച്ച ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി. രണ്ടു കാലഘട്ടങ്ങളുടെ അവതരണത്തിലും ലൊക്കേഷനുകളും പ്രത്യേകിച്ച് വ്യതാസങ്ങളൊന്നും കണ്ടിരുന്നില്ല. ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ് വി. സാജൻ രംഗങ്ങൾ കോർത്തിണക്കിയത്. അനിൽ ജോൺസൺ നിർവഹിച്ച പശ്ചാത്തല സംഗീതം മികവുറ്റതായിരുന്നു. എം. ബാവയുടെ കലാസംവിധാനം രണ്ടു കാലഘട്ടങ്ങളിലുള്ള വീടിന്റെ അവസ്ഥ ഒരുക്കുന്നതിൽ മികവ് പുലർത്തി. ട്വിൻസ് ആണ് വസ്ത്രാലങ്കാരം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐
നാടകനടിയായിരുന്ന പുന്നശ്ശേരി കാഞ്ചനയുടെ അത്യുഗ്രൻ അഭിനയമാണ് ഓലപ്പീപ്പിയുടെ ഏറ്റവും മികച്ച ഘടകം. 85 വയസ്സുള്ള കാഞ്ചന മുത്തശ്ശിയായി ജീവിക്കുകയായിരുന്നു. ബിജു മേനോനാണ് ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മാസ്റ്റർ ദേവാണ്. പാരീസ് ലക്ഷ്മി, അഞ്ജലി അനീഷ്, ശ്രീജിത്ത് രവി, സേതുലക്ഷ്മി, ജബ്ബാർ ചെമ്മാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാൽക്കഷ്ണം: കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാവുന്ന നൊസ്റ്റാൾജിക് മെലോഡ്രാമയാണ് ഓലപ്പീപ്പി.

രചന, സംവിധാനം: കൃഷ് കൈമൾ
ഛായാഗ്രഹണം: കൃഷ് കൈമൾ
നിർമ്മാണം: സുനിൽ ഇബ്രാഹിം
ബാനർ: വൈബ്സോൺ മൂവീസ്
ചിത്രസന്നിവേശം: വി. സാജൻ
ഗാനരചന: ദിനനാഥ് പുത്തഞ്ചേരി
സംഗീതം: അനിൽ ജോൺസൺ
കലാസംവിധാനം: എം.ബാവ
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: ട്വിൻസ്
വിതരണം: ഇറോസ് ഇന്റർനാഷണൽ.