ലെൻസ്‌ – ⭐⭐⭐

image

കണ്ണുതുറപ്പിക്കുന്ന ക്യാമറക്കാഴ്ചകൾ – ⭐⭐⭐

മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ ദിനംതോറും വർദ്ധിക്കുന്നു. നക്സലേറ്റുകളും തീവ്രവാദികളും ഗുണ്ടകളും മാത്രം ചെയ്തിരുന്ന അക്രമങ്ങൾ ഇന്ന് സാധാരണ മനുഷ്യരും അനായാസം ചെയ്തു തുടങ്ങിയിരിക്കുന്നു. മനുഷ്യരുടെ സ്വകാര്യതയിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള സാങ്കേതികവശങ്ങൾ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് വരെ അറിയാം. യുട്യൂബും ഫെയിസ്‍ബുക്കും വിരൽത്തുമ്പിലായതോടെ നല്ലതും ചീത്തയും ഒരുപോലെ ഏവർക്കും ആസ്വദിക്കാം. ഇന്റർനെറ്റ് ചിലർ നല്ല രീതിയിൽ ഉപയോഗിക്കുമ്പോൾ മറ്റുചിലർ അതിനെ ദുര്യോഗപ്പെടുത്തുന്നു.

എന്നൈ അറിന്താൽ എന്ന അജിത്‌ സിനിമയിലൂടെ സുപരിചിതനായ ജയപ്രകാശ് രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ലെൻസ്‌ കാലിക പ്രസക്തിയുള്ളതും ഗൗരവമുള്ളതുമായ ഒരു പ്രമേയമാണ് അവതരിപ്പിക്കുന്നത്‌. ലെൻസിലെ സുപ്രധാന കഥാപാത്രങ്ങളിൽ ഒരെണ്ണം അവതരിപ്പിച്ചിരിക്കുന്നതും ജയപ്രകാശാണ്. ആനന്ദ് സ്വാമി എന്ന പുതുമുഖ നടനാണ്‌ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐⭐⭐
നമ്മളിൽ ചിലരെങ്കിലും ചെയ്തിട്ടുള്ള ചെയ്തുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്നാണ് വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങളിലൂടെ കുറ്റബോധം തോന്നിപ്പിക്കുന്ന രീതിയിൽ ലെൻസിലൂടെ കാണിച്ചുതരുന്നത്. മറ്റൊരാളുടെ ജീവിതം അറിഞ്ഞോ അറിയാതയോ നമ്മളാൽ മുറിവേറ്റു എന്നറിയുമ്പോൾ തോന്നുന്ന കുറ്റബോധത്തിലൂടെ തെറ്റ് ചെയ്യാതിരിക്കുവാൻ ഒരാളെങ്കിലും ശ്രമിച്ചുവെങ്കിൽ അതായിരിക്കും ഇത്തരത്തിലുള്ള സിനിമകളുടെ വിജയം. സമീപകാലത്ത് കണ്ട സിനിമകളിൽ ഇത്രയും ആഴത്തിൽ പ്രേക്ഷകരുടെ മനസ്സിനെ സ്വാധീനിച്ച പ്രമേയമുള്ള മറ്റൊരു സിനിമയും ഇന്ത്യൻ ഭാഷകളിൽ നിർമ്മിക്കപ്പെട്ടിട്ടില്ല.

തിരക്കഥ: ⭐⭐⭐
ഓരോ സിനിമയും പ്രേക്ഷകരോട് സംവാദിക്കുന്ന ഓരോ വിഷയങ്ങളുണ്ട്. ചില തിരക്കഥരചയ്താക്കൾ അവ പ്രേക്ഷകരിലേക്ക് അടിച്ചേൽപ്പിക്കുന്ന രീതിയിൽ ഉപദേശങ്ങളിലൂടെ ഒന്നിൽകൂടുതൽ സന്ദേശങ്ങൾ നൽക്കാൻ ശ്രമിക്കും. ലെൻസ്‌ സിനിമ കണ്ട ഓരോരുത്തരുടേയും മനസ്സിൽ കുറ്റബോധം ജനിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങൾ എഴുതുകയും അതിലൂടെ തെറ്റ് ബോധ്യപ്പെടുത്തികൊടുക്കുകയുമാണ് ജയപ്രകാശ് രാധാകൃഷ്ണൻ ചെയ്തത്. ഏച്ചുകെട്ടലുകൾ ഇല്ലാത്ത കഥാസന്ദർഭങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമയിൽ യുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ഇല്ല. രണ്ടാം പകുതിയിലെ യോഹാന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ നൊമ്പരമുണർത്തുന്ന രീതിയിലായിരുന്നു. അനാവശ്യമായ ഒരൊറ്റ കഥാസന്ദർഭമോ സംഭാഷണമോ ഇല്ലാതെ കൃത്യമായി ഒരുക്കിയ തിരക്കഥയാണ് ഈ സിനിമയുടെത്.

സംവിധാനം: ⭐⭐⭐
ഓരോ കഥയും അവതരിപ്പിക്കേണ്ട താളത്തിൽ അവതരിപ്പിച്ചില്ലായെങ്കിൽ അവയുണ്ടാകുന്ന തോന്നലുകളും വേറെയാകും. ക്യാമറ ഗിമ്മിക്‌സുകളും രംഗങ്ങളുടെ കോർത്തിണക്കളുകളും ഗ്രാഫിക്‌സും കൃത്രിമത്വം തോന്നിപ്പിക്കുന്ന ലൈറ്റുകളും ഉപയോഗിച്ച് ത്രസിപ്പിക്കുന്ന വേഗതയിൽ ഈ സിനിമ അവതരിപ്പിച്ചിരുന്നുവെങ്കിൽ പ്രേക്ഷകർ കണ്ടുമറന്നേക്കാവുന്ന ഒരു ത്രില്ലർ സിനിമയായി മാറുമായിരുന്നു ലെൻസ്‌. പതിഞ്ഞ താളത്തിൽ റിയാലസ്റ്റിക്കായ അവതരണ ശൈലിയിൽ നല്ല അഭിനയ മുഹൂർത്തങ്ങളാൽ അവതരിപ്പിക്കപ്പെട്ട ഈ സിനിമയിലൂടെ മികച്ചൊരു സന്ദേശം സമൂഹത്തിനു നൽക്കുവാൻ സംവിധായകന് സാധിച്ചു. സാമ്പത്തിക വിജയം നേടാൻ സാധ്യതയില്ലാത്ത ഒരു സിനിമ സധൈര്യം വിതരണത്തിനെത്തിച്ച ലാൽ ജോസിനും അഭിമാനിക്കാവുന്ന ഒന്നാണ് ഈ സിനിമ.

സാങ്കേതികം: ⭐⭐⭐
സുബ്രമണ്യപുരം സിനിമയുടെ ചായഗ്രാഹകനായി പ്രവർത്തിച്ച എസ്. ആർ. കതിർ ആണ് ലെൻസിന്റെ ചായാഗ്രഹണം നിർവഹിച്ചത്. ആദ്യ പകുതിയിലെ ഭൂരിഭാഗം രംഗങ്ങളിലും രണ്ടു മുറിയ്ക്കുള്ളിളായി നടക്കുന്ന സംഭവങ്ങളാണ് കാണിച്ചിരിക്കുന്നത്. റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്നു എന്നതിലുപരി മികച്ച ദൃശ്യങ്ങൾക്കുള്ള സാധ്യതകൾ ഒന്നുമില്ലാത്ത കഥാസന്ദർഭങ്ങളായിരുന്നു ആദ്യപകുതിയിൽ. സിനിമയുടെ രണ്ടാം പകുതിയിലെ രംഗങ്ങൾ കൊടൈക്കനാലിന്റെ ദൃശ്യഭംഗിയാൽ സമ്പന്നമാണ്. കഥാവസാനം വീണ്ടും നാലു ഭിത്തികൾക്കുള്ളിൽ ക്യാമറ ചെന്നെത്തുന്നു. കഥയാവശ്യപെടുന്ന ഭീതി നൽക്കുവാൻ ഛായാഗ്രാഹകന് കഴിഞ്ഞു. ജൈനുൽ ആബിദീൻ-ഗൗഗിൻ എന്നിവരാണ് ഈ സിനിമയുടെ രംഗങ്ങൾ കോർത്തിണക്കിയത്. പുതുമകൾ ഒന്നുമില്ലാതെ കോർത്തിണക്കിയ പതിഞ്ഞ താളത്തിൽ തന്നെ പറഞ്ഞുപോകുന്ന രംഗങ്ങളാണ് ഈ സിനിമയുടെത്. വി.ആർ. രമേശിന്റെ കലാസംവിധാനം മികവുറ്റതായി അനുഭവപെട്ടു. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളിലെ ബാത്ത്റൂമിലെ അന്തരീക്ഷം മികവു പുലർത്തി. സിദ്ധാർഥ് വിപിനിൻറെ പശ്ചാത്തല സംഗീതം രംഗങ്ങളോട് ചേർന്നുപോകുന്നവയാണ് എന്നതിലുപരി മറ്റൊരു സവിശേഷതയുമില്ല. 

അഭിനയം: ⭐⭐⭐
ജയപ്രകാശ് രാധാകൃഷ്ണൻ അരവിന്ദ് എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്ചവെച്ചു. യോഹൻ എന്ന പ്രതിനായക വേഷത്തെ തന്മയത്വത്തോടെ പുതുമുഖം ആനന്ദ് സ്വാമി അവതരിപ്പിച്ചു. രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണങ്ങൾ വൈകാരികമായ പല തലങ്ങളിലേക്ക് പോകുന്നുണ്ടെങ്കിലും അവയെല്ലാം കൃത്രിമത്വമില്ലാതെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ഇരുവർക്കും സാധിച്ചു. ഭയ്യാ ഭയ്യാ എന്ന സിനിമയിൽ അഭിനയിച്ച വിനുത ലാലാണ് ഈ സിനിമയിലെ ഊമയായ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

വാൽക്കഷ്ണം: നവയുഗ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.

രചന, സംവിധാനം: ജയപ്രകാശ് രാധാകൃഷ്ണൻ
നിർമ്മാണം: ജയപ്രകാശ് രാധാകൃഷ്ണൻ, സിദ്ധാർഥ് വിപിൻ
ചായാഗ്രഹണം: കതിർ എസ്.ആർ.
ചിത്രസന്നിവേശം: ജൈനുൽ ആബിദീൻ, ഗോഗിൻ
കലാസംവിധാനം: വി.ആർ.കെ.രമേശ്‌
സംഗീതം: സിദ്ധാർഥ് വിപിൻ
വിതരണം: എൽ.ജെ.ഫിലിംസ്