ഗാനഗന്ധർവ്വൻ – ⭐️⭐️

ഗാനഗന്ധർവ്വൻ – അപ്രസക്തമായ ഗാന്ധർവ്വകഥ! ⭐️⭐️

“ഞാൻ ചെയ്യുന്ന സിനിമകളിലെ എന്റെ കഥാപാത്രത്തിന്റെ ജോലി മാത്രമാണ് വ്യത്യസ്തമാകുന്നത്, കഥ ഒന്നു തന്നെയാണ്”. ഗാനഗന്ധർവ്വൻ എന്ന സിനിമയുമായി ബന്ധപെട്ടു നടന്ന ഒരു അഭിമുഖ സംഭാഷണത്തിൽ മമ്മൂട്ടി പറഞ്ഞ ഒരു വാചകമാണിത്. അദ്ദേഹം പറഞ്ഞ വാചകം അക്ഷരാർത്ഥത്തിൽ സത്യം തന്നെ. മമ്മൂട്ടിയുടെ തന്നെ മുൻകാല സിനിമകളായ സന്ദർഭവും, വേഷവും, ബസ് കണ്ടക്റ്ററും പോലെ തന്നെ നന്മയുള്ള ഒരു മനുഷ്യൻ വീട്ടുകാരാലും നാട്ടുകാരാലും തെറ്റുധരിക്കപ്പെടുന്നതു തന്നെയാണ് ഗാനഗന്ധർവ്വന്റെയും കഥാതന്തു.

പഞ്ചവർണ്ണതത്ത എന്ന സിനിമയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം നിർവഹിച്ച ഗാനഗന്ധർവ്വൻ നിർമ്മിച്ചത് ആന്റോ ജോസഫ്, ശ്രീലക്ഷ്മി, ശങ്കർ രാജ് എന്നിവർ ചേർന്നാണ്. മമ്മൂട്ടിയെ കൂടാതെ വമ്പൻ താരനിര തന്നെ ഈ സിനിമയിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഴഗപ്പൻ ഛായാഗ്രഹണവും, ലിജോ പോൾ സന്നിവേശവും, ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം ⭐️
സഹജീവികൾക്ക് വേണ്ടി സ്വന്തം ജീവിതവും കുടുംബവും മറന്നു ഉപകാരവും ത്യാഗവും ചെയ്യുന്ന ഇട്ടിമാണിമാരും ഗന്ധർവ്വൻമാരും നായകന്മാരാകുന്ന കാലഘട്ടമാണിത്. നായകനെ നന്മമരമായി അവതരിപ്പിക്കുക എന്ന പ്രമേയത്തിൽ വീണ്ടുമൊരു സിനിമ. ഇത്തരത്തിലുള്ള പ്രമേയങ്ങളിൽ എന്ത് പുതുമയാണ് രമേശ് പിഷാരടിക്കും ഹരി പി. നായരിനും തോന്നിയത് എന്ന് മനസ്സിലാകുന്നില്ല. പറഞ്ഞു പഴകിയ സംഭവങ്ങളായ സാധാരണക്കാരന്റെ ദുരിതം, പണത്തിനോടുള്ള പ്രലോഭനം, നായകനു പറ്റുന്ന ചതി, കുടുംബത്തിന്റെ തെറ്റുധാരണ, കഥാവസാനം നായകനെന്ന നന്മമരത്തെ തിരിച്ചറിയുക തുടങ്ങിയവയാണ് ഈ സിനിമയിലും കാണപ്പെടുന്നത്.

തിരക്കഥ ⭐️⭐️
കലാസദൻ എന്ന ഗാനമേള ട്രൂപ്പും, ട്രൂപ്പിലെ ഗായകരും അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും ഉൾപ്പെടുത്തിയ കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടെ ആദ്യ പകുതിയിലെ രംഗങ്ങൾ. അവയിൽ ഒട്ടുമിക്ക രംഗങ്ങളും ചില കഥാപാത്രങ്ങളും സിനിമയുടെ കഥാഗതിയിൽ യാതൊരു പ്രാധാന്യവും അർഹിക്കാത്തവ ആയിരുന്നു. ഉല്ലാസിന്റെ അയല്പക്കത്തെ വീട്ടിലെ ഫിസിക്സ് ടീച്ചറും അവരുടെ ഫിസിക്സ് തിയറികളും, ദേവനും സോഹൻ സീനുലാലും ഉൾപ്പെട്ട രംഗങ്ങൾ, ഗായകരുടെ ഫോട്ടോസ് എടുക്കുന്ന രംഗങ്ങൾ എന്നിവയെല്ലാം ഉദാഹരണങ്ങൾ. ആദ്യ പകുതിയേ അപേക്ഷിച്ചു ഈ സിനിമയുടെ കഥയോട് നീതിപുലർത്തുന്നവയായിരുന്നു രണ്ടാം പകുതിയിലെ രംഗങ്ങൾ. ജയിലിലെ രംഗങ്ങളും, കോടതി മുറിയിലെ രംഗങ്ങളും വാദങ്ങളും, ഉല്ലാസിന്റെ മകൾ വീട്ടിലേക്കു വരുന്ന രംഗവും മികവ് പുലർത്തി. സങ്കീർണ്ണമായ അവസ്ഥയിലൂടെ പോകുന്ന സന്ദർഭങ്ങൾ ആണെങ്കിലും, ചില സംഭാഷണങ്ങൾ ചിരിയുണർത്തുന്നവ ആയിരുന്നു. ഹാസ്യ രംഗങ്ങളും സംഭാഷണങ്ങളും ക്‌ളൈമാക്‌സിലുള്ള ട്വിസ്റ്റും രണ്ടാം പകുതിയിൽ പ്രേക്ഷകരെ രസിപ്പിക്കുന്നവയായിരുന്നു.

സംവിധാനം ⭐️⭐️
ആസ്വാദനത്തിനുള്ള ചേരുവകളെല്ലാം ചേർത്ത സിനിമകൾ ഒരുക്കുക എന്നത് തന്നെയാണ് എല്ലാ സംവിധായകരുടെയും ലക്ഷ്യം. അത്തരത്തിലുള്ള ഘടകങ്ങൾ എല്ലാം തന്നെ ഗാനഗന്ധർവ്വനിലുമുണ്ട്. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളെ ഒരല്പമെങ്കിലും കണ്ടിരിക്കാനാവുന്ന രീതിയിലാക്കിയത് ഹാസ്യ രംഗങ്ങൾ അവതരിപ്പിക്കാനുള്ള പിഷാരടിയുടെ കഴിവ് തന്നെ. ചില രംഗങ്ങൾ അനാവശ്യമായി വലിച്ചുനീട്ടി അവതരിപ്പിച്ചപ്പോൾ, മറ്റു ചിലതിനു വേണ്ടത്ര പ്രാധാന്യം നൽകാതെ അവസാനിപ്പിച്ചു. കഥാവസാനമുള്ള കോടതി രംഗങ്ങൾ തന്നെ ഉദാഹരണം. എന്നിരുന്നാലും, പഞ്ചവർണ്ണതത്ത എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ ഗാനഗന്ധർവ്വൻ ഭേദപെട്ട നിലയിൽ സംവിധാനം ചെയ്യുവാൻ പിഷാരടിക്കു കഴിഞ്ഞിട്ടുണ്ട്.

സാങ്കേതികം ⭐️⭐️
പ്രത്യേകിച്ച് പുതുമകളൊന്നും നൽകാതെ സംവിധായകന്റെ നിർദേശമനുസരിച്ചു ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുക എന്നത് മാത്രമാണ് അഴഗപ്പൻ ചെയ്തത്. മൂന്നാർ പോലെയുള്ള സ്ഥലങ്ങളിൽ ചിത്രീകരിച്ചിട്ടു പോലും മറ്റു സിനിമകളിൽ കണ്ട മൂന്നാറിന്റെ ഭംഗി ഈ സിനിമയിൽ കാണാൻ കഴിഞ്ഞില്ല. സിനിമയുടെ ആദ്യപകുതിയിൽ ഒട്ടനവധി രംഗങ്ങൾ വലിച്ചുനീട്ടി അവതരിപ്പിച്ചത് സന്നിവേശകന്റെ പിഴവ് തന്നെ. ലിജോ പോളാണ് സന്നിവേശം നിർവഹിച്ചത്. ദീപക് ദേവ് ഈണമിട്ട ഗാനങ്ങളും ശരാശരിയിലൊതുങ്ങി. കോടതിയിലെ രംഗങ്ങളിൽ പോലും ആകാംഷ ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതം നൽകാൻ ദീപക് ദേവിന് കഴിഞ്ഞില്ല. ജയദേവൻ നിർവഹിച്ച സിങ്ക് സൗണ്ട് ശബ്ദ സംവിധാനം മികവ് പുലർത്തി.

അഭിനയം ⭐️⭐️⭐️
കലാസദൻ ഉല്ലാസ് എന്ന സാധാരണക്കാരന്റെ റോൾ മമ്മൂട്ടി മികവോടെ അവതരിപ്പിച്ചു. വൈകാരികത നിറഞ്ഞ രംഗങ്ങളിൽ മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നു. ഏറെ നാളുകൾക്കു ശേഷം സുരേഷ് കൃഷ്ണക്ക് ലഭിച്ച വേഷം രസകരമായി അവതരിപ്പിക്കുവാൻ സുരേഷ് കൃഷ്ണക്ക് സാധിച്ചു. മനോജ് കെ. ജയന്റെ കഥാപാത്രവും അദ്ദേഹം പതിവുപോലെ രസകരമായി അവതരിപ്പിച്ചു. വന്ദിത മനോഹരൻ, അതുല്യ ചന്ദ്ര എന്നിവരാണ് ഈ സിനിമയിലെ നായികമാർ. ഇവരെ കൂടാതെ മുകേഷ്, സിദ്ദിക്ക്, അനൂപ് മേനോൻ, മണിയൻപിള്ള രാജു, ഇന്നസെന്റ്, അശോകൻ, ബൈജു എഴുപുന്ന, മോഹൻ ജോസ്, ധർമജൻ, കുഞ്ചൻ, ജോണി ആന്റണി, റാഫി, സലിം കുമാർ, രാജേഷ് ശർമ്മ, സാദിഖ്, ദേവൻ, സോഹൻ സീനുലാൽ, സുധീർ കരമന, ഹരീഷ് പെരുമണ്ണ, സുനിൽ സുഖദ, ചാലി പാലാ, കലാഭവൻ പ്രജോദ്, കോട്ടയം നസീർ, അപ്പഹാജ, ഡാൻ ഓസ്റ്റിൻ, കൊച്ചുപ്രേമൻ, അബു സലിം, കിഷോർ വർമ്മ, ബിനു തൃക്കാക്കര, ശ്രീലക്ഷ്മി, ഷൈനി സാറ, സിന്ധു വർമ്മ, ആര്യ രോഹിത്, സിതാര കൃഷ്ണകുമാർ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: രസകരമായ സംഭാഷണങ്ങളും മമ്മൂട്ടിയുടെ അഭിനയ മികവും ഈ ഗന്ധർവ്വനു രക്ഷയായേക്കും!

സംവിധാനം: രമേശ് പിഷാരടി
രചന: ഹരി പി. നായർ, രമേശ് പിഷാരടി
നിർമ്മാണം: ആന്റോ ജോസഫ്, ശ്രീലക്ഷ്മി, ശങ്കർ രാജ്
ഛായാഗ്രഹണം: അഴഗപ്പൻ
സന്നിവേശം: ലിജോ പോൾ
സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ത്യാഗു തവന്നൂർ
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദ സംവിധാനം: ജയദേവൻ ചക്കാടത്
വിതരണം: ആൻ മെഗാ മീഡിയ

പുത്തൻപണം – ⭐


കാസർക്കോടൻ ഷേണായ്: ഒരു തോക്കുനഷ്ടപെട്ടവന്റെ കഥ! – ⭐

അന്ന്, നവംബർ 8നു അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ടു പ്രധാനമന്ത്രി ഏവരെയും ഞെട്ടിച്ചു. ഇന്ന്, ഏപ്രിൽ 12നു പുത്തൻപണം എന്ന സിനിമ പുറത്തിറക്കി രഞ്ജിത്ത് ഏവരെയും ഞെട്ടിച്ചു. ആവേശകരമായ ആദ്യ 20 മിനിറ്റുകൾക്ക് ശേഷം കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ദിശതെറ്റി സഞ്ചരിച്ചു ഒടുവിൽ മൂക്കുംകുത്തി നിലംപതിച്ച ഒന്നാണ് രഞ്ജിത്തിന്റെ പുത്തൻപണം. സിനിമയുടെ തുടക്കത്തിൽ പടം പുത്തനാണെന്നു തോന്നിപ്പിക്കുമെങ്കിലും, കഥാവസാനം അതൊരു പൂത്തപടമായിരുന്നു എന്ന പ്രേക്ഷകർക്ക് ബോധ്യമാകുന്ന രംഗങ്ങളും അവതരണവുമാണ് രഞ്ജിത്ത് സ്വീകരിച്ചത്. അധികം വൈകാതെ പ്രദർശനശാലകളിൽ നിന്നും പുത്തൻപണം പിൻവലിക്കാനാണ് സാധ്യത.

ത്രീ കളർ സിനിമയുടെ ബാനറിൽ സംവിധായകൻ രഞ്ജിത്ത്, അബാം മൂവീസിന്റെ സാരഥി അബ്രഹാം മാത്യു, നടൻ അരുൺ നാരായണൻ എന്നിവരാണ് പുത്തൻപണം നിർമ്മിച്ചിരിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് രഞ്ജിത്താണ്. കാസർകോട് ഭാഷയിലുള്ള കന്നഡ കലർന്ന മലയാള സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ടേക്ക് ഓഫിന്റെ തിരക്കഥാകൃത്തായ പി.വി.ഷാജികുമാറാണ്. ത്രീ കളർ സിനിമ തന്നെയാണ് ഈ സിനിമ കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്.

പ്രമേയം: ⭐⭐
നോട്ടുനിരോധനമുൾപ്പടെ ഒന്നിൽ കൂടുതൽ പ്രമേയങ്ങൾ ചർച്ചചെയ്യുന്ന സിനിമയാണ് പുത്തൻപണം. നോട്ടുനിരോധനം കള്ളപ്പണക്കാരെ പ്രതികൂലമായി ബാധിച്ച നിരവധി വാർത്തകൾ നമ്മൾ കേട്ടിരുന്നു. വൻകിട ബിസിനെസ്സുകാർ തങ്ങളുടെ അനധികൃത സ്വത്തുക്കൾ വെളുപ്പിക്കാൻ ശ്രമിക്കുന്നതായ വാർത്തകൾ പത്രങ്ങളിലൂടെ നമ്മൾ അറിഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു പ്രശ്നത്തിൽ, കാസർക്കോട്ടുകാരനായ നിത്യാനന്ദ ഷേണായിക്ക് ഇരുപത്തിയഞ്ച് കോടി രൂപ നഷ്ടമാകുന്നു. ആ പണം തിരിച്ചുപിടിക്കുവാൻ ഷേണായിയും കൂട്ടരും ശ്രമിക്കുന്നതിനിടയിൽ മറ്റു ചില പ്രശ്നങ്ങൾ ചെന്നുപെടുന്നു. അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് രഞ്ജിത്ത് തന്റെ പുത്തൻ സിനിമയായ പുത്തൻപണത്തിലൂടെ അവതരിപ്പിക്കുന്നത്. ഇന്നേവരെ ഇന്ത്യയിലെ ഒരു ഭാഷയിലും നോട്ടു നിരോധനം പ്രമേയമാക്കിയ സിനിമകൾ നിർമ്മിച്ചിട്ടില്ല എന്ന അവകാശവാദം ഉന്നയിക്കുന്ന അണിയറപ്രവർത്തകർ മറന്നുപോയ വിഷയമെന്തെന്നാൽ, ഈ സിനിമയുടെ പ്രമേയം നോട്ടു നിരോധനമല്ല അതിലുപരി കളഞ്ഞുപോയ തോക്കു അന്വേഷിച്ചിറങ്ങിയ അധോലോകനായകന്റെ ദുരവസ്ഥയാണെന്ന വസ്തുതയാണ്. “ഷേണായി ആൻഡ് ദി ഗൺബോയ്” എന്നോ “കാസർക്കോടൻ ഷേണായ്: ഒരു തോക്കുനഷ്ട്ടപ്പെട്ടവന്റെ കഥ” എന്നോ ഈ സിനിമയ്ക്ക് നാമകരണം ചെയ്യുന്നതായിരുന്നു ഉചിതം!

തിരക്കഥ: ⭐
ഒരു പ്രമേയമോ കഥയോ കഥാസന്ദർഭങ്ങളായി രൂപപ്പെടുത്തുമ്പോൾ അതിന്റെ കാതൽ നഷ്ടപെട്ടുപോകുന്ന അവസ്ഥ സിനിമയ്ക്ക് ദോഷകരമാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുത്തൻപണം. നോട്ടുനിരോധനം വിഷയമാക്കി എഴുതിത്തുടങ്ങിയിട്ട് പകുതിവഴിയിൽ എത്തിയപ്പോൾ ആരെയോ ഭയന്ന് കഥ മറ്റൊരു ദിശയിലേക്കു തിരിച്ചുവിട്ടതുപോലെ അനുഭവപെട്ടു. ദാവൂദ് ഇബ്രാഹിമിനോട് വരെ ആത്മബന്ധമുള്ള അധോലോകനായകൻ നിത്യാനന്ദ ഷേണായ് കേവലം ഒരു പത്തു വയസ്സുകാരന്റെ മുമ്പിൽ തോക്ക് കെഞ്ചിനടക്കുന്നതു കണ്ടപ്പോൾ, ദേവാസുരവും പ്രാഞ്ചിയേട്ടനും ഇന്ത്യൻറുപ്പിയുമൊക്കെ എഴുതിയത് ഇതേ രഞ്ജിത്ത് തന്നെയാണോ എന്ന തോന്നലുണ്ടായി. നോട്ടുനിരോധനത്തിൽ തുടങ്ങിയ കഥ ഒടുവിൽ ചെന്നെത്തിയത് തോക്കു അന്വേഷണത്തിലാണ് എന്നത് അവിശ്വസനീയമാണ്. തോക്കു അന്വേഷിക്കുന്നതിനിടെയുള്ള കഥാസന്ദർഭങ്ങൾ ഹാസ്യത്തിന് വേണ്ടി കൃത്രിമമായി കെട്ടിച്ചമച്ചത്താണെന്നു വളരെ വ്യക്തമായി അനുഭവപെട്ടു. അതിനു മാറ്റുകൂട്ടുവാൻ ആവശ്യത്തിനും അനാവശ്യത്തിനും ഒട്ടനവധി കഥാപാത്രങ്ങളും. നിത്യാനന്ദ ഷേണായിക്ക് അധോലോക പരിവേഷം നൽകി അവതരിപ്പിച്ചിട്ടു അവസാനം പോലീസിനെയും പത്തു വയസ്സുകാരനെയും കണ്ടപ്പോൾ പേടിക്കുന്നത് എന്തുകൊണ്ടാണ്? ഇതേയാൾ കഥാവസാനം അതിമാനുഷിക പരിവേഷത്തോടെ ഗുണ്ടകളെ ഒറ്റയ്ക്ക് നേരിടുന്നു. നായകന്റെ കഥാപാത്ര രൂപീകരണം പോലും രഞ്ജിത്ത് കൈവിട്ടു കളഞ്ഞ അവസ്ഥയാണ് സിനിമയിലുടനീളം കണ്ടത്. ടേക്ക് ഓഫിന്റെ തിരക്കഥകൃത്ത് പി.വി.ഷാജികുമാറും രഞ്ജിത്തും ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയത്. ആദ്യമൊക്കെ കേൾക്കാൻ രസമുണ്ടായിരുന്നെങ്കിലും, അവസാനമായപ്പോഴേക്കും കാസർകോടൻ ഭാഷ വിരക്തി മാത്രമാണ് സമ്മാനിച്ചത്. ഈ സിനിമയ്ക്കോ നിത്യാനന്ദ ഷേണായിക്കോ കാസർകോടൻ ഭാഷ നൽകിയതിന്റെ ആവശ്യകത എന്തെന്ന് മനസിലാകുന്നില്ല. ഭാഷയിലുള്ള വ്യസ്തസ്ഥയ്ക്ക് വേണ്ടിയാണെങ്കിൽ അത് അസ്ഥാനത്തുകൊണ്ടു എന്ന് വരുംനാളുകളിൽ ബോധ്യമാകും.

സംവിധാനം: ⭐
പ്രതീക്ഷയുടെ അമിതഭാരമായിട്ടാണ് ഓരോ രഞ്ജിത്ത് സിനിമകളും പ്രേക്ഷകർക്ക് മുമ്പിൽ പ്രദർശനത്തിനെത്തുന്നത്. മമ്മൂട്ടിയുമായി ഒന്നിക്കുന്ന ഒരു രഞ്ജിത്ത് സിനിമ എന്ന പേരിലും, ഏവർക്കും ഇഷ്ടപെട്ട ഇന്ത്യൻ റുപ്പി എന്ന സിനിമയുമായി സമാനതയുള്ള ഒരു നാമകരണവും പുത്തൻപണത്തിനു ആവശ്യത്തിലധികം പ്രതീക്ഷ പ്രേക്ഷകന് നൽകി. അതെല്ലാം അസ്ഥാനത്തായി അവസ്ഥയാണ് സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകന് സമ്മാനിക്കുന്നത്. സിനിമയുടെ അവതരണ രീതിയാണ് അതിനു കാരണമായത്. പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ, വേഗതയില്ലാത്ത അവതരണം, പ്രവചിക്കാനാവുന്ന വഴിത്തിരുവുകൾ, ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള സംഭാഷണങ്ങൾ, നല്ല പാട്ടുകളുടെ അഭാവം തുടങ്ങി അവതരണത്തിൽ പാളിപ്പോയ നിരവധി ഘടകങ്ങളാണ് ഈ സിനിമയിലുള്ളത്. കഥാവസാനം നിത്യാനന്ദ ഷേണായിയെ അതിമാനുഷികനാക്കിയ അവിശ്വസനീയമായ സംഘട്ടന രംഗങ്ങളും. ഇതൊരു ആക്ഷേപഹാസ്യ സിനിമയാണോ അതോ അന്വേഷണ സ്വഭാവമുള്ള ത്രില്ലർ സിനിമയാണോ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. ഈ സിനിമയും പുത്തൻപണവും തമ്മിലുള്ള ബദ്ധമെന്തെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ചിന്തിക്കുന്നത്. രഞ്ജിത്തിന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു.

സാങ്കേതികം: ⭐⭐⭐
തമിഴ് സിനിമകളിലെ പ്രശസ്ത ഛായാഗ്രാഹകൻ ഓം പ്രകാശാണ് പുത്തൻപണത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. പുതുമയുള്ള കളർടോൺ ഉപയോഗിച്ചാണ് ഓം പ്രകാശ് ഈ സിനിമ ചിത്രീകരിച്ചത്. ഒരു ത്രില്ലർ സ്വഭാവമുള്ള സിനിമയ്ക്കുതകുന്ന ഛായാഗ്രഹണം എന്നതിലുപരി സവിശേഷതയുള്ള ഫ്രേയിമുകളൊന്നും ഈ സിനിമയിൽ കണ്ടില്ല. മനോജ് കണ്ണോത്താണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലായത് പ്രേക്ഷകരെ മുഷിപ്പിച്ചു. തോക്കു തേടിയുള്ള യാത്രയിൽ ഒരു പ്രയോജനവുമില്ലാത്ത ഒരു പാട്ടും അവസാനം തിരുകികയറ്റി പ്രേക്ഷകരെ ബോറടിപ്പിച്ചു. ശബ്ദകോലാഹലങ്ങൾ കൃത്യതയോടെ രംഗങ്ങൾക്ക് അകമ്പടിയായി എന്നതാണ് അച്ചു രാജാമണി നിർവഹിച്ച പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയേണ്ടത്. റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരാണ് ഗാനരചന. ഷാൻ റഹ്‌മാൻ ഈണമിട്ട രണ്ടു പാട്ടുകളും ശ്രദ്ധനേടുന്നില്ല. രഞ്ജിത്ത് അമ്പാടിയുടെ ചമയവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും കഥാപാത്രങ്ങൾക്ക് അനിയോജ്യമായിരുന്നു. സന്തോഷ് രാമന്റെ കലാസംവിധാനത്തിൽ ഒരുക്കിയ ചവറുകൂമ്പാരം മികവ് പുലർത്തി.

അഭിനയം: ⭐⭐⭐
മമ്മൂട്ടി, മാസ്റ്റർ സ്വരാജ്, മാമുക്കോയ, ബൈജു, സിദ്ദിഖ്, ജോയ് മാത്യു, സായികുമാർ, ഹരീഷ് പെരുമണ്ണ, ഇന്ദ്രൻസ്, നിർമ്മൽ പാലാഴി, സുരേഷ് കൃഷ്ണ, ബിനു കുതിരവട്ടം പപ്പു, പി.ബാലചന്ദ്രൻ, അനിൽ മുരളി, ഗണപതി, വിശാഖ് നായർ, കോട്ടയം നസീർ, കുഞ്ചൻ, ചെമ്പിൽ അശോകൻ, കലാഭവൻ ഹനീഫ്, രാജീവ് കളമശേരി, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സാണ്ടർ, രഞ്ജി പണിക്കർ, വിജയകുമാർ, അബു സലിം, മദൻമോഹൻ, പ്രവീൺ, മജീദ്, അരുൺ, ഇനിയ, നിരഞ്ജന അനൂപ്, ഷീലു അബ്രഹാം, പാർവതി നമ്പ്യാർ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. നിത്യാനന്ദ ഷേണായിയുടെ രൂപഭാവങ്ങളും ശരീരഭാഷയും കാസർക്കോടൻ സംഭാഷണങ്ങളും മമ്മൂട്ടി മികവോടെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ വ്യക്തതയുള്ള ഉച്ചാരണം ആ കഥാപാത്രത്തിന് കൂടുതൽ വിശ്വസനീയത നൽകുന്നു. നാളിതുവരെ ലഭിച്ച ഓരോ കഥാപാത്രവും തന്നാലാകുംവിധം ഗംഭീരമാക്കാനുള്ള കഴിവ് സിദ്ദിഖിനുണ്ട്. പോലീസ് കഥാപാത്രങ്ങൾ നിരവധി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, അവയിൽ നിന്നും വ്യത്യസ്തമായിരുന്നു പുത്തൻപണത്തിലെ സിദ്ദിഖിന്റെ പോലീസ് കഥാപാത്രം. സുരാജ് വെഞ്ഞാറമൂടിന് ശേഷം തിരോന്തരം ഭാഷ മികവോടെ സംസാരിക്കുവാൻ കഴിവുള്ള നടനാണ് ബൈജു. ബാലതാരമായി സിനിമയിലെത്തിയ ബൈജുവിന് ഒരുപാട് നാളുകൾക്കു ശേഷം ലഭിച്ച ഒരു വില്ലൻ വേഷമാണ് ഈ സിനിമയിലേത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ ആ കഥാപാത്രം ബൈജു ഗംഭീരമാക്കി. പ്രാധാന്യമേറെയുള്ള ഒരു കഥാപാത്രമായിരുന്നു പത്തു വയസ്സുകാരൻ മുത്തുവിന്റേത്. മാസ്റ്റർ സ്വരാജ് തനിക്കാവുംവിധം പരിശ്രമിച്ചുവെങ്കിലും, പലയിടങ്ങളിലും അത് അമിതാഭിനയമായി അനുഭവപെട്ടു. ഇന്ദ്രൻസും ഹരീഷും മാമുക്കോയയും വിശാഖ് നായരും അവരവരുടെ കഥാപാത്രങ്ങൾ നന്നായി അവതരിപ്പിച്ചു.

വാൽക്കഷ്ണം: മമ്മൂട്ടിയുടെ ആരാധകരെ പോലും മുഷിപ്പിക്കുന്ന പുത്തൻപണം ഉടൻ പിൻവലിക്കാനാണ് സാധ്യത!

തിരക്കഥ, സംവിധാനം: രഞ്ജിത്ത്
സംഭാഷണം: രഞ്ജിത്ത്, പി.വി.ഷാജികുമാർ
നിർമ്മാണം: രഞ്ജിത്ത്, അരുൺ നാരായണൻ, അബ്രഹാം മാത്യു
ബാനർ: ത്രീ കളർ സിനിമ
ഛായാഗ്രഹണം: ഓം പ്രകാശ്
സന്നിവേശം: മനോജ് കണ്ണോത്
സംഗീതം: ഷാൻ റഹ്‌മാൻ
ഗാനരചന: ഹരിനാരായണൻ, റഫീഖ് അഹമ്മദ്
പശ്ചാത്തല സംഗീതം: അച്ചു രാജാമണി
കലാസംവിധാനം: സന്തോഷ് രാമൻ
ചമയം: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ത്രീ കളർ സിനിമ റിലീസ്.

ദി ഗ്രേറ്റ് ഫാദർ – ⭐⭐

താരരാജാവിന്റെ താരപ്പകിട്ടിൽ ഒരുവട്ടം കണ്ടിരിക്കാം! – ⭐⭐

കാലികപ്രസക്തിയുള്ള ഒരു പ്രമേയത്തെ കണ്ടുപരിചിതമായ കഥാസന്ദർഭങ്ങളിലൂടെ പ്രവചിക്കാനാവുന്ന കഥാഗതിയിലൂടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. സസ്പെൻസ് നിലനിർത്തിയിരിക്കുന്ന രീതിയും ത്രസിപ്പിക്കുന്ന സംഭാഷണങ്ങളും മമ്മൂട്ടിയുടെ അഭിനയവും അദ്ദേഹത്തിന്റെ ആരാധകരെ ആവേശഭരിതരാക്കും എന്നുറപ്പ് !അതിനപ്പുറത്തേക്കുള്ള മികവൊന്നും ഈ സിനിമയുടെ കഥാസന്ദർഭങ്ങൾക്കോ അവയുടെ അവതരണത്തിനോ ഇല്ല എന്നതാണ് ദൗർഭാഗ്യകരമായ സത്യം.

നവാഗതനായ ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ നിർമ്മിച്ചിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നതും ഓഗസ്റ്റ് സിനിമാസാണ്. പൃഥ്വീരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരാണ് ഈ സിനിമയുടെ നിർമ്മാതാക്കൾ. മമ്മൂട്ടി, ആര്യ, ശാം, സ്നേഹ, ബേബി അനിഘ, മിയ, കലാഭവൻ ഷാജോൺ, സോഹൻ സിനുലാൽ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, കലാഭവൻ പ്രജോദ്, പ്രശാന്ത്, സുനിൽ സുഖദ, വി.കെ.ബൈജു, ഐ.എം.വിജയൻ, ബാലാജി ശർമ്മ, ഡോക്ടർ റോണി ഡേവിഡ്, ഷാജി നടേശൻ, ദീപക് പറമ്പൊൾ, അനീഷ് മേനോൻ, മാളവിക മോഹൻ, അനു ജോസഫ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

പ്രമേയം: ⭐⭐
ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിൽ കഴിഞ്ഞ കുറെ മാസങ്ങളായി കേൾക്കുന്ന പീഡന കഥകൾ ഞെട്ടിക്കുന്നതാണ്. എഴുപതു കഴിഞ്ഞ വൃദ്ധ മുതൽ ഏഴു മാസം പോലും തികയാത്ത കുട്ടികളെ വരെ പീഡിപ്പിക്കുന്ന മാനസിക രോഗികൾ ഉള്ള നാടായി മാറിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ സ്വന്തം കേരളം. അത്തരത്തിലുള്ള പശ്ചാത്തലത്തിൽ ഏറെ ഗൗരവമുള്ള ഒരു വിഷയമാണ് ഹനീഫ് അദേനി ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നത്. കുറച്ചു മാസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള സിനിമയിലും ഇതേ പ്രമേയമാണ് അവതരിപ്പിച്ചത്. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും അതിനൊത്തൊരു കഥയെഴുതുവാൻ ഹനീഫ് അദേനി ശ്രമിച്ചില്ല എന്നിടത്താണ് ഈ സിനിമയുടെ പരാജയം. മമ്മൂട്ടിയുടെ ആരാധകർക്കും കുടുംബകഥകൾ ഇഷ്ടപെടുന്നവർക്കും ആസ്വാദ്യകരമായ ഒരു കഥ കൃത്രിമമായി രൂപപെടുത്തി എടുക്കുകയാണ് ഹനീഫ് അദേനി ചെയ്തത്.

തിരക്കഥ: ⭐⭐
കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർ കുടുംബത്തോടൊപ്പമാണ് സിനിമ കാണുവാൻ പോകുന്നത്. അതുകൂടാതെ, മമ്മൂട്ടിയുടെ ആരാധകർക്കായി എല്ലാ ചേരുവകളും ചേർത്തൊരു സിനിമ പുറത്തിറങ്ങിയിട്ട് കുറെ മാസങ്ങളുമായി. മേല്പറഞ്ഞ രണ്ടു വസ്തുതകളും മനസ്സിൽ കണ്ടെഴുതിയ കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടെ തിരക്കഥയിലുടനീളം. കുടുംബ പ്രേക്ഷകർക്കായി എഴുതിയ വൈകാരികത നിറഞ്ഞ രംഗങ്ങളാണ് ആദ്യ പകുതിയിലെങ്കിൽ, കൊലപാതകിയെ തേടിയിറങ്ങുന്ന സസ്പെൻസ് മുഹൂർത്തങ്ങളാണ് രണ്ടാം പകുതിയിൽ. ആദ്യ പകുതിയിലെ രംഗങ്ങൾ ഭൂരിഭാഗവും ഊഹിക്കാനാവുന്നതും കുറെ സിനിമകളിൽ കണ്ടുമടുത്തതുമാണ്. രണ്ടാം പകുതിയിലേക്കു കടക്കുമ്പോൾ, കൊലപാതികയേ തേടിയിറങ്ങുന്ന രംഗങ്ങളിൽ പുതുമയില്ലായെങ്കിലും കൊലപാതകിയെ ആരാണെന്ന സൂചനയൊന്നും നൽകാതെ സസ്പെൻസ് നിലനിർത്തിയിരുന്ന രീതി മികവ് പുലർത്തി. ആസ്വാദനത്തിനു വേണ്ടി എഴുതിയ കഥാസന്ദർഭങ്ങളിൽ അബദ്ധങ്ങൾ വേണ്ടുവോളമുണ്ട്. കൊലപാതകി നിരന്തരം മൊബൈൽ ഫോണിൽ നിന്ന് ഡേവിഡ് നൈനാനെയും മറ്റു പലരെയും ഫോൺ ചെയ്യുന്നുണ്ട്. അത്തരത്തിൽ പെരുമാറുന്ന ഒരാൾ വസിക്കുന്ന സ്ഥലം കണ്ടെത്താൻ ഡേവിഡും ആര്യ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രവും നെട്ടോട്ടമോടുന്നതു കാണുമ്പോൾ പ്രേക്ഷകർക്ക് ചിരിയാണ് വരുന്നത്. കഥാവസാനം കൊലപാതകിയോടു പ്രതികാരവും ചെയ്തു പോകുന്ന നായകനോട് പോലീസിന്റെ വക പ്രശംസയും. ഈ കുറവുകളൊക്കെ ക്ഷമിച്ചു സിനിമ കണ്ടവർക്ക് ആശ്വാസമായത് സംഭാഷണങ്ങളാണ്. ഡേവിഡും ആൻഡ്രുസും തമ്മിലുള്ള സംഭാഷണങ്ങൾ പ്രേക്ഷകരെ ആവേശഭരിതരാക്കുന്നതായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഒരല്പം പുതുമ അർഹിക്കുന്ന കഥാസന്ദർഭങ്ങൾ ഹനീഫ് അദേനി എഴുതാത്തത് ഒരു തിരിച്ചടിയാകുമോ എന്ന് വരും നാളുകളിൽ അറിയാം.

സംവിധാനം: ⭐⭐⭐
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചൂടേറിയ ഒരു വിഷയം, മമ്മൂട്ടി, ആര്യ എന്നിവരുടെ താരമൂല്യം, ഓഗസ്റ്റ് സിനിമാസ് പോലൊരു നിർമ്മാണ കമ്പിനി തുടങ്ങിയ ചേരുവകളൊക്കെ കൂടെയുണ്ടായിട്ടും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ഒരുക്കുവാൻ ഹനീഫ് അദേനിയ്ക്ക് സാധിച്ചില്ല. മമ്മൂട്ടിയുടെ അഭിനയമികവും ആര്യയുടെ താരപ്പകിട്ടും, സസ്പെൻസ് നിലനിർത്തിയ രീതിയും, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവുമാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. തിരക്കഥയിലുള്ള ന്യൂനതകൾ പരിഹരിക്കപ്പെടുന്നത് സാങ്കേതിക മികവോടെയുള്ള അവതരണം ഒന്നുകൊണ്ടു മാത്രമാണ്. മികച്ചൊരു സസ്പെൻസ് സിനിമ ഒരുക്കണോ അതോ മമ്മൂട്ടിയുടെ ആരാധകരെ സന്തോഷിപ്പിക്കണോ എന്ന ആശയകുഴപ്പത്തിലായ ഹനീഫ് അദേനി ആദ്യത്തേത് തിരഞ്ഞെടുത്തിരുന്നുവെങ്കിൽ, യവനികയും ഈ തണുത്ത വെളുപ്പാൻ കാലത്തും ഉത്തരവും പോലെയൊരു ഉഗ്രൻ സസ്പെൻസ് സിനിമ പ്രേക്ഷകർക്ക് ലഭിക്കുമായിരുന്നു. സിനിമ കണ്ടിറങ്ങുന്ന മമ്മൂട്ടിയുടെ ആരാധകർ സംതൃപ്തരായതുകൊണ്ടു ഹനീഫിന് ആശ്വസിക്കാം.

സാങ്കേതികം: ⭐⭐⭐
റോബി വർഗീസ് രാജ് തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. മമ്മൂട്ടിയുടെ ആദ്യ കാർ ജമ്പ് രംഗം മുതൽ ക്‌ളൈമാക്‌സ് സംഘട്ടനം വരെ ആരാധകരെ ആവേശംകൊള്ളിക്കുന്ന രീതിയിലായിരുന്നു ഫ്രേയിമുകൾ. മഴ പെയ്യുന്ന രംഗങ്ങളിൽ കൃത്രിമത്വം തോന്നി എന്നതല്ലാതെ മറ്റൊരു കുറവും ഛായാഗ്രഹണത്തിൽ കണ്ടില്ല. ആദ്യാവസാനം സിനിമയ്ക്ക് ഒരു ഉണർവ്വ് പകരുവാൻ റോബി വർഗീസിന്റെ രംഗങ്ങൾക്കു സാധിച്ചു. ആദ്യ പകുതിയുടെ തുടക്കത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഒരല്പം ഇഴഞ്ഞു നീങ്ങുന്ന രീതിയിലായി രംഗങ്ങളുടെ സന്നിവേശം. പക്ഷെ, കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും ഈ സിനിമയിൽ കണ്ടില്ല എന്നതാണ് നൗഫൽ അബ്ദുള്ളയുടെ മികവ്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ഒരുപരിധിവരെ ആവേശഭരിതരാക്കുവാൻ സഹായിച്ചു. ഈ സിനിമയിലെ മമ്മൂട്ടിയുടെ ആദ്യ രംഗത്തിലെ പശ്ചാത്തല സംഗീതം ഇതിനുദാഹരണം. അതുപോലെ ക്‌ളൈമാക്‌സിൽ കൊലപാതകിക്ക് നൽകിയിരിക്കുന്ന പാശ്ചാത്യ ശൈലിയിലുള്ള പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ഹരി നാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് ഗോപി സുന്ദറാണ്. ഒരുവട്ടം കേട്ടുമറക്കാം എന്നതിനപ്പുറം സവിശേഷതയൊന്നും പാട്ടുകൾക്കില്ല. ജി നിർവഹിച്ച സംഘട്ടന രംഗങ്ങൾ തരക്കേടില്ലായിരുന്നു. കാർ ജമ്പ് രംഗങ്ങളും സിനിമയുടെ തുടക്കത്തിലെ കാർ അപകടവും മികവ് പുലർത്തി. എന്നാൽ, ക്‌ളൈമാക്‌സിലെ സംഘട്ടന രംഗം ശരാശരിയിലൊതുങ്ങി. സുബാഷിഷ് ആണ് കലാസംവിധാനം നിർവഹിച്ചത്. ക്‌ളൈമാക്‌സിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ രൂപം വിശ്വസനീയത നൽകുന്നതായിരുന്നു. അതിനൊപ്പം പ്രതിനായകന്റെ മുഖത്തുള്ള ചമയവും പുതുമയുള്ളതായിരുന്നു. റോണക്സ് സേവര്യറാണ് ചമയം. സ്നേഹയുടെ മുഖത്തെ മേക്കപ് ഒരല്പം കൂടുതലായതു പോലെയും തോന്നി. സ്റ്റെഫി സേവ്യറിന്റെ വസ്ത്രാലങ്കാരത്തിൽ ഡേവിഡ് നൈനാൻ കൂടുതൽ പൗരുഷമുള്ള ഒരാളായി അനുഭവപെട്ടു.

അഭിനയം: ⭐⭐⭐
ഡേവിഡ് നൈനാൻ മമ്മൂട്ടിയുടെ കരങ്ങളിൽ ഭദ്രമായിരുന്നു. ഡേവിഡ് നൈനാന്റെ പകയും സങ്കടവും ഒരുപോലെ ആദ്യാവസാനം മികവോടെ അവതരിപ്പിക്കുവാൻ മമ്മൂട്ടിയ്ക്ക് സാധിച്ചു. ബിലാൽ ജോൺ കുരിശിങ്കൽ ഏറെക്കുറെ ഇതേ മാനസിക വ്യഥ അനുഭവിക്കേണ്ടി വരുന്ന ഒരു കഥാപാത്രമാണ്. അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഡേവിഡ് നൈനാനെ മമ്മൂട്ടി അവതരിപ്പിച്ചത്. പ്രതീക്ഷ തെറ്റിക്കാതെ വളരെ മികവോടെ സാറാ ഡേവിഡിനെ ബേബി അനിഖ അവതരിപ്പിച്ചു. മലയാളത്തിലേക്കുള്ള ആര്യയുടെ രണ്ടാംവാരവും മികവ് പുലർത്തി. കഥാപാത്ര രൂപീകരണത്തിൽ പോരായ്മ ഉണ്ടെങ്കിലും, ആൻഡ്രുഡ് ഈപ്പനെ രസകരമായി ആര്യ അവതരിപ്പിച്ചിട്ടുണ്ട്. കലാഭവൻ ഷാജോണും ബാലാജിയും മിയയും തങ്ങളുടെ വേഷങ്ങളിൽ തിളങ്ങി. ഇവരെ കൂടാതെ ഈ സിനിമയിൽ വേഷമിട്ട എല്ലാവരും അവരവരുടെ വേഷങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: കാലികപ്രസക്തിയുള്ള പ്രമേയത്തിന്റെ കണ്ടുമടുത്ത അവതരണമാണ് ദി ഗ്രേറ്റ് ഫാദർ!

രചന, സംവിധാനം: ഹനീഫ് അദേനി
നിർമ്മാണം: പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ
ബാനർ: ഓഗസ്റ്റ് സിനിമാസ്
ഛായാഗ്രഹണം: റോബി വർഗീസ് രാജ്
ചിത്രസന്നിവേശം: നൗഫൽ അബ്ദുള്ള
പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുഭാഷിഷ്‌
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
സംഘട്ടനം: ജി.
നൃത്തസംവിധാനം: ഷോബി പോൾരാജ്
ശബ്ദസംവിധാനം: രംഗനാഥ് രവി
വിതരണം: ഓഗസ്റ്റ് സിനിമ റിലീസ്.

തോപ്പിൽ ജോപ്പൻ – ⭐⭐


ആരാധകരെ 50% രസിപ്പിക്കും 50% വെറുപ്പിക്കും ജോപ്പൻ! – ⭐⭐

50% നൗഷാദ് ആലത്തൂരും 50% ജീവൻ നാസറും പണം ചിലവഴിച്ചു ഗ്രാന്റേ ഫിലിം കോർപറേഷന്റെയും എസ്.എൻ.ഗ്രൂപ്പിന്റെയും ബാനറിൽ നിർമ്മിച്ച തോപ്പിൽ ജോപ്പന്റെ മനസ്സിൽ 50% പ്രണയവും ശരീരത്തിൽ 50% മദ്യവും എന്ന അളവിലാണുള്ളത്. ഏറെ നാളുകൾക്കു ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമയിൽ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവരെ 50% ത്രിപ്ത്തിപെടുത്തുന്ന ഘടകങ്ങൾ പോലുമില്ല. നിഷാദ് കോയ എഴുതിയ തിരക്കഥയിൽ 50% രസിപ്പിക്കുന്ന ഫലിതങ്ങളും 50% വളിപ്പ് തമാശകളുമാണുള്ളത്.

പ്രമേയം:⭐
തോപ്പ്രംകുടിയിലെ തോപ്പിൽ തറവാട്ടിലെ അവിവിവാഹിതനായ തോപ്പിൽ ജോപ്പന്റെ പ്രണയവും പ്രണയനൈരാശ്യവും പ്രണയ സാഫല്യത്തിനായുള്ള കാത്തിരിപ്പും അതിനു വേണ്ടിയുള്ള പ്രയത്നങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. നിഷാദ് കോയയുടേതാണ് കഥ. കൗമാര പ്രായത്തിൽ ആദ്യനോട്ടത്തിൽ തന്നെ ജോപ്പന് പ്രണയം തോന്നിയ ആനി ഇന്ന് മറ്റൊരാളുടെ ഭാര്യയാണെന്ന ദുഃഖം താങ്ങാനാവാത്ത ജോപ്പൻ മുഴുകുടിയനായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ജോപ്പന്റെ ജീവിതത്തിൽ മരിയ എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് തോപ്പിൽ ജോപ്പന്റെ കഥ.

തിരക്കഥ: ⭐⭐
ഓർഡിനറി, മധുര നാരങ്ങ എന്നീ സിനിമകൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന തോപ്പിൽ ജോപ്പൻ ഒരു പ്രണയകഥയാണ്. സ്നേഹിച്ച പെൺകുട്ടിയെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കുടിയനായി നടക്കുന്ന ജോപ്പന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ. കബഡി കളിയിലൂടെ ആരംഭിക്കുന്ന കഥ ചെന്നെത്തുന്നത് കബഡി കളിയിലെ എതിർ ടീമിന്റെ ക്യാപ്‌റ്റനും ദുഷ്ടനുമായ പോലീസ് ഉദ്യോഗസ്ഥനുമായുള്ള സംഘട്ടനത്തിലാണ്. അവിടെന്നു പിന്നീട് മരിയ കഥാപാത്രവുമായുള്ള ജോപ്പന്റെ സൗഹൃദത്തിലാണ് കഥയുടെ സഞ്ചാരം. ഒടുവിൽ ആനി എന്ന ജോപ്പന്റെ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്നു. അതിനിടയിൽ ധ്യാന കേന്ദ്രം, മരിയയുടെ ഒളിച്ചോട്ടം തുടങ്ങിയ കഥാസന്ദർഭങ്ങളും വന്നുപോകുന്നു. മേല്പറഞ്ഞതുപോലെ ഒരു അന്തവും കുന്തവുമില്ലാതെ ദിശയില്ലാതെ സഞ്ചരിക്കുന്ന പട്ടം പോലെയാണ് ഈ സിനിമയുടെ തിരക്കഥ രചന. പ്രവചിക്കാനാവുന്ന കഥാഗതിയും വളിപ്പ് തമാശകളും മാത്രമാണ് ഈ സിനിമയിലുടനീളമുള്ളത്. തോപ്പിൽ ജോപ്പന്റെ കഥാപാത്രരൂപീകരണം പോലും ഓരോസമയവും ഓരോ രീതിയിലാണ്. അലസമായ തിരക്കഥ രചന എന്നതാണ് ഒറ്റവാക്കിൽ പറയുവാനുള്ളത്.

സംവിധാനം: ⭐⭐
ജോണി ആന്റണി സിനിമകളുടെ സ്ഥിരം ചേരുവകളൊന്നും ഈ സിനിമയിലില്ല. റിയലിസ്റ്റിക് കഥാസന്ദർഭങ്ങളിലൂടെയാണ് കഥയുടെ അവതരണം. മമ്മൂട്ടി എന്ന അഭിനേതാവിനെയോ മമ്മൂട്ടി എന്ന താരത്തെയോ പൂർണ്ണതയോടെ അവതരിപ്പിക്കുവാൻ ജോണി ആന്റണിയ്ക്കു സാധിച്ചില്ല. മുൻകാല ജോണി ആന്റണി സിനിമകളായ തുറുപ്പുഗുലാനും പട്ടണത്തിൽ ഭൂതവും അപേക്ഷിച്ചു ഭേദമാണ് ഈ സിനിമ. ഒരു കോട്ടയം കുഞ്ഞച്ചനോ കുട്ടപ്പായിയോ പ്രതീക്ഷിച്ചു പോകുന്നവരെ നിരാശപ്പെടുത്തുന്ന അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടിയുടെ മഴയത്തുള്ള ഡാൻസും മമ്ത മോഹൻദാസുമായുള്ള ആ പാട്ടും ആരാധകരെ പോലും വെറുപ്പിച്ചു. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങൾ പതിഞ്ഞ താളത്തിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്കു നന്നേ ബോറടിച്ചു. പ്രേക്ഷകരെ രണ്ടു മണിക്കൂർ പിടിച്ചിരുത്തുവാനുള്ള ഒരു പുതുമയും തോപ്പിൽ ജോപ്പനിലില്ല. മമ്മൂട്ടിയെ സ്നേഹിക്കുന്നവർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു സിനിമ എന്നതിലുപരി ഒരു സവിശേഷതകളുമില്ല.

സാങ്കേതികം: ⭐⭐⭐
സുനോജ് വേലായുധമാണ് ഈ സിനിമയുടെ ഛായാഗ്രഹണം. ഇടുക്കിയിലെ കണ്ടുമടുത്ത കാഴ്ചകൾക്ക് അപ്പുറം പുതുമകളൊന്നും ഛായാഗ്രഹണത്തിലില്ല. മഴ പെയ്യുന്ന ഫ്രയിമുകളെല്ലാം കൃത്രിമത്വം തോന്നിപ്പിക്കുന്ന രീതിയിലായതു വ്യക്തമായി മനസ്സിലാകും. പതിഞ്ഞ താളത്തിലാണ് രഞ്ജൻ എബ്രഹാം രംഗങ്ങൾ കോർത്തിണക്കിയിരിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന ന്യൂനതകളിൽ ഒന്ന്. കഥാസന്ദർഭങ്ങൾക്കു അനിയോജ്യമല്ലാത്ത പശ്ചാത്തല സംഗീതമാണ് വിദ്യാസാഗർ ഈ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. അതുപോലെ പാട്ടുകളും നിലവാരം പുലർത്തിയില്ല. ഏലേലംകിടി എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് ഭേദമായി തോന്നിയത്. സാലു കെ.ജോർജിന്റെ കലാസംവിധാനം കഥാപശ്ചാത്തലത്തിനു യോജിച്ചതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരത്തിൽ തോപ്പിൽ ജോപ്പൻ കൂടുതൽ സുന്ദരനായിരുന്നു.

അഭിനയം: ⭐⭐⭐
അച്ചായൻ കഥാപാത്രങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിക്കുവാൻ മലയാള സിനിമയിലെ മഹാനടനുള്ള കഴിവ് പ്രേക്ഷകർ കണ്ടാസ്വദിച്ചതാണ്. കോട്ടയം കുഞ്ഞച്ചനും സംഘത്തിലെ കുട്ടപ്പായിയും അനശ്വരമാക്കിയ മമ്മൂട്ടിയുടെ വ്യത്യസ്ത അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മരിയ എന്ന കഥാപാത്രത്തെ മമ്ത മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ ആനിയായി ആൻഡ്രിയ നിരാശപ്പെടുത്തി. സോഹൻ സീനുലാലും സാജു നവോദയയും ഹാസ്യരംഗങ്ങളിൽ തിളങ്ങിയപ്പോൾ സലിംകുമാർ വെറുപ്പിക്കുന്ന രീതിയിൽ അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം സോഹൻ സീനുലാൽ, അലൻസിയാർ, സാജു നവോദയ, ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, സലിംകുമാർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സുധീർ, ജൂഡ് ആന്തണി ജോസഫ്, മേഘനാഥൻ, ലിഷോയ്, കലാഭവൻ ഹനീഫ്, മോഹൻജോസ്, ആൻഡ്രിയ ജെർമിയ, മമ്ത മോഹൻദാസ്, കവിയൂർ പൊന്നമ്മ, രശ്മി ബോബൻ, അക്ഷര കിഷോർ, ശാന്തകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വാൽക്കഷ്ണം: മമ്മൂട്ടിയുടെ ആരാധകരെ മാത്രം രസിപ്പിക്കുന്ന സിനിമ!

സംവിധാനം: ജോണി ആന്റണി
രചന: നിഷാദ് കോയ
നിർമ്മാണം: നൗഷാദ് ആലത്തൂർ, ജീവൻ നാസർ
ബാനർ: ഗ്രാന്റേ ഫിലിം കോർപറേഷൻ, എസ്.എൻ.ഗ്രൂപ്പ്
ഛായാഗ്രഹണം: സുനോജ് വേലായുധം
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
സംഗീതം, പശ്ചാത്തല സംഗീതം: വിദ്യാസാഗർ
ഗാനരചന: റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്ര വർമ്മ
കലാസംവിധാനം: സാലു കെ. ജോർജ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഗ്രാന്റേ ഫിലിം കോർപറേഷൻ.

വൈറ്റ് – ⭐

രണ്ടര മണിക്കൂർ ലണ്ടൻ സഫാരി – ⭐

വെള്ളക്കാരുടെ നാടാണല്ലോ ലണ്ടൻ. പിന്നെ, പരിശുദ്ധിയുടെ നിറമാണല്ലോ വെള്ള. അതുകൂടാതെ നമ്മുടെയൊക്കെ ജീവിതം വെള്ളനിറമുള്ള ബ്ലാങ്ക് പേപ്പറുമാണ്. അതിലുപരി നായികയായ ഹുമ ഖുറേഷി വെളുത്ത നിറമുള്ള സുന്ദരിയാണ്. ഇതിനൊക്കെ പുറമേ വെളുത്ത വർഗക്കാർ ഈ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. മേല്പറഞ്ഞ സവിശേഷതകൾ ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു ഉദയ് അനന്തൻ ഈ സിനിമയ്ക്ക് വൈറ്റ് എന്ന നാമകരണം ചെയ്തത്.

സിനിമയായും മെഗാ സീരിയലായും ടീ വിയിൽ സംപ്രേഷണം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഉദയ് അനന്തൻ വൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. വൈറ്റിനു വേണ്ടി എന്റർറ്റെയിന്മെന്റ് ചാനലുകളും യാത്രാവിവരണ ചാനലായ സഫാരിയും തമ്മിൽ കടുത്ത മത്സരത്തിലാണ്. വൈറ്റിന്റെ ടീ വി സംപ്രേഷണ അവകാശം സഫാരി ചാനലിനു ലഭിച്ചാൽ ഒരു 100 എപ്പിസോഡിനു സാധ്യതയുണ്ട്.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഉദയ് അനന്തൻ സംവിധാനം നിർവഹിച്ച വൈറ്റ്
നിർമ്മിച്ചിരിക്കുന്നത് ആർ.വി.ഫിലിംസും ഇറോസ് ഇന്റെർനാഷണലും ചേർന്നാണ്.

പ്രമേയം:⭐
രണ്ടു പ്രായത്തിലുള്ള വ്യക്തികളാണ് പ്രകാശ്‌ റോയിയും റോഷ്ണിയും. അവിചാരിതമായി കണ്ടുമുട്ടുന്ന ഇരുവരുടെയും പരിചയം വളർന്നു സൗഹൃദവും, പിന്നീട് ഒരാൾക്ക് മറ്റൊരാളോട് പ്രണയമാവുകയും ചെയ്യുന്നു. അവർ പ്രണയസാഫല്യത്തിലെത്തുമോ? എന്നതാണ് ഈ സിനിമയുടെ കഥ. പ്രകാശ്‌ റോയ് വിവാഹിതനാണ് എന്നറിഞ്ഞുകൊണ്ടാണ് റോഷ്ണി അയാളെ പ്രണയിക്കുന്നത്. പക്ഷെ, പ്രകാശ് റോഷ്ണിയെ കണ്ടെത്തുന്നതും കൂടെകൂട്ടുന്നതും മറ്റൊരു കാരണത്താലാണ്. കണ്ടുമടുത്ത പ്രമേയവും കഥയും തന്നെയാണ് വൈറ്റ് എന്ന സിനിമ എന്നത് മമ്മൂട്ടിയുടെ ആരാധകരെ നിരാശരാകുന്ന ഘടകങ്ങളിൽ ഒന്ന്.

തിരക്കഥ:⭐
പ്രവീണ്‍ ബാലകൃഷ്ണൻ, നന്ദിനി വത്സൻ, ഉദയ് അനന്തൻ എന്നിവർ ചേർന്നാണ് വൈറ്റിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. കേട്ടുപഴകിയ പ്രണയകഥകളിൽ നമ്മൾ കണ്ടുവന്നിട്ടുള്ള കഥാസന്ദർഭങ്ങളും സാധാരണ പ്രേക്ഷകന് ദഹിക്കാത്ത സംഭാഷണങ്ങളും കൃത്യമായി സമന്വയിപ്പിച്ച തിരക്കഥയാണ് ഈ സിനിമയുടെത്. അതിനു മാറ്റുകൂട്ടുന്ന ക്ലൈമാക്സ് രംഗങ്ങളും കൂടെ ചേർന്നപ്പോൾ സമ്പൂർണ്ണ ദുരന്തമായി വൈറ്റ് എന്ന സിനിമ. ഓരോ വ്യകതികളുടെ ജീവിതവും ഒരു ബ്ലാങ്ക് പേപ്പറുപോലെയാണ് എന്ന പ്രകാശ്‌ റോയ് പറയുന്ന സംഭാഷണവും, കഥാവസാനം ശങ്കർ രാമകൃഷ്ണൻ അവതരിപ്പിച്ച അൻവർ പറയുന്ന ഒരു സംഭാഷണവും മാത്രമാണ് മികച്ചതായി തോന്നിയത്. ഈ സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണ് വൈറ്റ്? ഉത്തരം ഉദയ് അനന്തന് മാത്രമറിയാം!

സംവിധാനം:⭐
ഓരോ കഥയും പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് അവതരിപ്പിക്കുക എന്നതാണ് യുക്തിയുള്ള സംവിധായകർ ചെയ്യേണ്ടത്. രണ്ടു മനസ്സുകൾ തമ്മിൽ പ്രണയം തോന്നണമെങ്കിൽ അതിനു പിന്നിൽ ശക്തമായ ഒരു കാരണമുണ്ടാകണം. അത്തരത്തിലുള്ള ഒരു കാരണം ഈ കഥയിലുണ്ടെങ്കിലും അവയൊന്നും പ്രേക്ഷകന് ഗ്രഹിക്കാൻ സാധിക്കാത്ത രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സമ്പന്നമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ ദൃശ്യമികവുണ്ടായിരുന്നു എന്നതുകൊണ്ട്‌ ആ രംഗത്തിലൂടെ സംവിധായകൻ പറയാനുദ്ദേശിച്ച വിഷയം പ്രേക്ഷകരിലേക്കെത്തണമെന്നില്ല. എവിടെയൊക്കെയോ കണ്ടുമറന്നതൊക്കെ ആവർത്തിച്ച് കാണേണ്ടി വന്ന അവസ്ഥയായി പ്രേക്ഷകർക്ക്‌. കഥാപാത്രങ്ങൾക്ക് അനിയോജ്യരല്ലാത്ത അഭിനേതാക്കളെ അന്വേഷിച്ചു കണ്ടെത്തുന്നതിൽ സംവിധായകനെ സഹായിച്ച ഒരുപറ്റം വിദേശികൾക്ക് പ്രത്യേക നന്ദി. രാഹുൽ രാജ് ഈണമിട്ട പാട്ടുകൾ മികച്ചതായിരുന്നുവെങ്കിലും അവയെല്ലാം അസ്ഥാനത്താണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിൽ ചിത്രീകരിച്ച ക്ലൈമാക്സ് കൂടെ കണ്ടതോടെ കുട്ടികളും സ്ത്രീകളുമടക്കം ക്ഷമ നശിച്ചു തിയറ്ററിൽ നിന്നിറങ്ങിപോകുന്ന അവസ്ഥയിലായി സിനിമയുടെ ഗതി.

സാങ്കേതികം:⭐⭐⭐
ലണ്ടനിലെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത അമർജീത് സിംഗ് അഭിനന്ദനം അർഹിക്കുന്നു. ദ്രിശ്യമികവോടെ ചിത്രീകരിച്ച രംഗങ്ങൾ ഓരോന്നും പ്രേക്ഷകന് പുതുമയുള്ള അനുഭവമായിരുന്നു. പാട്ടുകളുടെ ചിത്രീകരണവും ലൊക്കേഷനുകളും അതിമനോഹരമായ കാഴ്ചയായിരുന്നു. മലയാള ഭാഷ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള അന്യഭാഷ നടീനടന്മാരുടെ ക്ലോസ് അപ്പ് രംഗങ്ങൾ ഒഴിവാക്കാമായിരുന്നു എന്നത് മാത്രമാണ് അമർജീത്തിന്റെ ഛായാഗ്രഹണത്തിൽ പോരായ്മയായി തോന്നിയത്. അച്ചു വിജയനാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. വിദേശത്തു ചിത്രീകരിക്കുന്ന പ്രണയകഥകൾ പതിഞ്ഞ താളത്തിൽ മാത്രമേ അവതരിപ്പിക്കാനാവുകയുള്ളു എന്നൊരു നിയമം സിനിമയിലുണ്ടോ? കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെയും ക്ഷമ നശിക്കുന്നത്രയും പതുക്കെയാണ് ഈ സിനിമയിലെ രംഗങ്ങൾ. പ്രേക്ഷകർ ഉറങ്ങാതെയിരിക്കുവാൻ വേണ്ടിയാണ് രാഹുൽ രാജിന്റെ വക ശബ്ദകോലാഹലങ്ങൾ കൃത്യമായ ഇടവേളകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം പ്രണയ രംഗങ്ങളിൽ മികവു പുലർത്തി എന്നാൽ മറ്റു ചിലയിടത്തു അരോചകമായി തോന്നി. ശ്വേതാ മോഹൻ പാടിയ “ഒരു വേള” എന്ന പാട്ട് കഥാപശ്ചാത്തലത്തിനു യോജിക്കുന്ന ഒന്നായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണമിട്ട 3 പാട്ടുകളാണ് ഈ സിനിമയിലുള്ളത്. കരിഷ്മ ആചാര്യയുടെ വസ്ത്രാലങ്കാരം മികവു പുലർത്തി.

അഭിനയം:⭐⭐
പ്രണയകഥകൾ പ്രമേയമാക്കിയ വിരളം സിനിമകളിലെ നിത്യയൗവനം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ചിട്ടുള്ളു. പ്രകാശ് റോയ് എന്ന സമ്പന്നനായ വ്യക്തിയുടെ വേഷം മമ്മൂട്ടി തനതായ ശൈലിയിൽ സ്ഥിരം ഭാവാഭിനയങ്ങളിലൂടെ അവതരിപ്പിച്ചു. ഹിന്ദി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് വൈറ്റ്. മലയാള ഭാഷ സംസാരിക്കുവാൻ അറിയില്ലാത്ത നടിയായിരുന്നിട്ടും റോഷ്ണി എന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തുവാൻ ഹുമ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളിലും മമ്മൂട്ടിയും ഹുമയുമാണ് ഉള്ളത്. മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളായി സിദ്ദിക്കും ശങ്കർ രാമകൃഷ്ണനും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. കെ.പി.എ.സി. ലളിത, സോനാ നായർ, കലാഭവൻ അൻസാർ എന്നിവരും വിദേശികളായ അഭിനേതാക്കളും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: സമ്പൂർണ്ണ നിരാശ നൽക്കുന്ന സിനിമയാണ് വൈറ്റ്.

സംവിധാനം: ഉദയ് അനന്തൻ
രചന: പ്രവീണ്‍ ബാലകൃഷ്ണൻ, നന്ദിനി വത്സൻ, ഉദയ് അനന്തൻ
നിർമ്മാണം: ജ്യോതി ദേശ്പാണ്ഡെ
ചായാഗ്രഹണം: അമർജീത് സിംഗ്
ചിത്രസന്നിവേശം: അച്ചു വിജയൻ
സംഗീതം: രാഹുൽ രാജ്
ഗാനരചന: റഫീക്ക് അഹമ്മദ്
കലാസംവിധാനം: പ്രദീപ്‌ എം.
വസ്ത്രാലങ്കാരം: കരിഷ്മ ആചാര്യ
ശബ്ദലേഖനം: രാജേഷ്‌ പി.എം.
വിതരണം: ഈറോസ് ഇന്റർനാഷണൽ.

കസബ – ⭐⭐

image

താരരാജാവും തറവേലകളും – ⭐⭐

കസബ – പോലീസ് സിനിമകളിലെ രംഗങ്ങളും അഡൽറ്റ്സ് ഒൺലി സിനിമകളിലെ സംഭാഷണങ്ങളും കൂട്ടികൊഴച്ചു മൂന്ന് നേരവും മനഃപാഠമാക്കി വെട്ടിത്തിരുത്തി കുത്തിക്കുറിച്ചു എഴുതി സംവിധാനം ചെയ്ത ഇതുപോലുള്ള ക്ലീഷേ സിനിമകൾക്കെ ആ പേര് ചേരു, മറ്റു സിനിമകൾക്ക് ചേരില്ല. ജസ്റ്റ്‌ റിമംബർ ദാറ്റ്!

കസബയുടെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ ആദ്യമായി കണ്ട സിനിമയാണ് ഇൻസ്പെക്റ്റർ ബൽറാം. സഹ സംവിധായകനാകുന്ന ആദ്യ സിനിമയാണ് അച്ഛൻ രഞ്ജി പണിക്കരുടെ രൗദ്രം. ആദ്യം കണ്ട സിനിമയിലും ആദ്യമായി ജോലി നിർവഹിച്ച സിനിമയിലും നായക കഥാപാത്രം പോലീസ് ഉദ്യോഗസ്ഥനാണ്. ആ രണ്ടു കഥാപാത്രങ്ങളും അവതരിപ്പിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയും. സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമ മേല്പറഞ്ഞ രണ്ടു സിനിമകളുടെയും പ്രചോദനമാണെന്ന് വ്യക്തം.

മേല്പറഞ്ഞ സിനിമകൾ പോലെ അച്ഛൻ രഞ്ജി പണിക്കരുടെ തൂലികയിൽ പിറന്ന പല സിനിമകളും പോലീസ് കഥാപാത്രങ്ങളും തന്നിലെ എഴുത്തുകാരനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിഥിൻ പറഞ്ഞിട്ടുണ്ട്. രഞ്ജി പണിക്കരിലെ അച്ഛന് അഭിമാനിക്കാവുന്ന ഒന്നാണ് നിഥിൻ പറഞ്ഞ കാര്യങ്ങൾ. എന്നാൽ, നിഥിന്റെ ആദ്യ സിനിമയായ കസബ കാണുന്ന ഈ തലമുറയിലെ ഒരൊറ്റ കുട്ടി പോലും അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ വരുംതലമുറ പോലും ഇതുപോലുള്ള ഒരു സിനിമ ചെയ്യുവാൻ തയ്യാറാകില്ല എന്ന് എഴുതുന്നതിൽ ഖേദിക്കുന്നു.

പ്രമേയം:⭐
മലയാള സിനിമയിൽ കാലാകാലങ്ങളായി കണ്ടുവരുന്ന സ്ഥിരം പോലീസ് കുറ്റാന്വേഷണ കഥയാണ് കസബയുടേതും. പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ നായകന്റെ പ്രിയപെട്ട ഒരാൾ കൊല്ലപ്പെടുന്നു. അത് അന്വേഷിക്കുവാനായി ഇറങ്ങി പുറപ്പെടുന്ന നായകൻ നേരിടുന്ന വെല്ലുവിളികളേ അതിജീവിച്ചു കഥാവസാനം നായകൻ ജയിക്കുന്നു. പുതുമയുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു കയ്യടിനേടുന്ന പുതുമുഖ സംവിധായകരുടെ പാത പിന്തുടരാതെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പഴഞ്ചൻ പ്രമേയവും കഥയും നിഥിൻ സ്വീകരിച്ചത് എന്നത് അവ്യക്തമാണ്.

തിരക്കഥ:⭐⭐
കേരള കർണ്ണാടക അതിർത്തിയിൽ നടക്കുന്ന കൊലപാതകവും അത് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനും. ആ ഉദ്യോഗസ്ഥൻ കുറ്റാന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ മറികടന്നു കുറ്റവാളികളെ കണ്ടെത്തുന്നു. കണ്ടുമടുത്ത കഥാസന്ദർഭങ്ങളും അസഭ്യ സംഭാഷണങ്ങളും കൃത്യമായി എഴുതിച്ചേർക്കുവാൻ നിഥിനിലെ എഴുത്തുകാരൻ മറന്നില്ല. കൊലപാതകം ചെയ്ത കുറ്റവാളികളെ അന്വേഷിച്ചിറങ്ങിയ നായകൻ വേശ്യാലയം ശുദ്ധികരിക്കുവാൻ ശ്രമിക്കുന്നതും ഒരു അഭിസാരികയെ മർദിച്ച സഹപ്രവർത്തകനായ പോലീസ് ഉദ്യോഗസ്ഥനെ തല്ലിയതും രാജൻ സഖറിയയുടെ മനസ്സിന്റെ നന്മയാണെങ്കിൽ പിന്നെന്തിനാണ് ഭക്ഷണം വിളമ്പിതരുന്ന മറ്റൊരു സഹപ്രവർത്തകന്റെ ഭാര്യയോട് അസഭ്യം പറയുന്നത്? രാജൻ സഖറിയ എന്ന കഥാപാത്രരൂപീകരണത്തിലുള്ള പാളിച്ചകളാണ് ഇവയെല്ലാം. ഈ കഥാപാത്രം കുറ്റവാളികളെ കണ്ടെത്തുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും കണ്ടെത്തുന്നത് അന്വേഷണ മികവുകൊണ്ടല്ല. അലൻസിയർ അവതരിപ്പിക്കുന്ന തങ്കച്ചൻ എന്ന കഥാപാത്രവും, ജഗദീഷ് അവതരിപ്പിക്കുന്ന മുകുന്ദൻ എന്ന കഥാപാത്രവും നടത്തുന്ന ഏറ്റുപറച്ചിലുകൾ കാരണമാണ്. രാജൻ സഖറിയയുടെ കഥാപാത്ര രൂപീകരണത്തിനിടയിൽ കെട്ടുറപ്പുള്ള ഒരു തിരക്കഥ എഴുതുവാൻ നിഥിൻ രഞ്ജി പണിക്കറിനു സാധിച്ചില്ല.

സംവിധാനം: ⭐⭐
ഒരു മാസ്സ് മസാല എന്റർറ്റെയിനർ ഒരുക്കുവാനുള്ള പാഴായിപോയ ശ്രമമാണ് കസബ. പുതുമയുള്ള കഥാപശ്ചാത്തലമോ സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയോ അഭിനയ മികവുള്ള നടീനടന്മാരോ ഒന്നും തന്നെയില്ലാത്ത ഈ സിനിമയെ ഒരുപരുധിവരെ രക്ഷിച്ചത് മമ്മൂട്ടിയുടെ താരമൂല്യമാണ്. മമ്മൂട്ടിയുടെ നായക കഥാപാത്രത്തേക്കാൾ കൂടുതൽ രംഗങ്ങൾ വരലക്ഷ്മിയ്ക്കും സമ്പത്തിനും നൽകിയിട്ടുണ്ട് സംവിധായകൻ. ഉദ്യോഗജനകമായ അവതരണ രീതിയോ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളോ സസ്പെൻസോ ഒന്നുമില്ലാതെ അവസാനിച്ച ഒരു സാധാരണ സിനിമയായി കസബ. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ നാളിതുവരെയുള്ള റെക്കോർഡുകളെല്ലാം മാറ്റിമറിച്ച സിനിമ, ഇതുവരെ കാണാത്ത ശൈലിയിൽ മമ്മൂട്ടിയെ അവതരിപ്പിക്കുവാൻ സാധിച്ച സിനിമ എന്നീ വിശേഷണങ്ങൾ കസബയ്ക്കും നിഥിൻ രഞ്ജി പണിക്കർക്കും സ്വന്തം.

സാങ്കേതികം: ⭐⭐⭐
സമീർ ഹഖ് ചിത്രീകരിച്ച രംഗങ്ങൾ ഒരു മസാല സിനിമയ്ക്ക് ചേരുന്ന രീതിയിലാണ്. അതിനു പാകത്തിലുള്ള ലൊക്കേഷനുകളും ലൈറ്റിംഗ് രീതിയുമാണ് സിനിമയിലുടനീളം കാണപെടുന്നത്. സംഘട്ടന രംഗങ്ങളുടെ ചിത്രീകരണവും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വേഷപ്പകർച്ചയുള്ള രംഗങ്ങളുടെ ചിത്രീകരണവും മികവു പുലർത്തി. നവാഗതനായ മൻസൂർ മാത്തുക്കുട്ടിയാണ് രംഗങ്ങൾ കോർത്തിണക്കിയത്. ആദ്യ പകുതിയിൽ കൈവരിച്ച വേഗതയൊന്നും രണ്ടാം പകുതിയിൽ കണ്ടില്ല. കഥയിൽ യാതൊരു വഴിത്തിരുമുണ്ടാക്കാത്ത ഒട്ടനവധി രംഗങ്ങൾ വലിച്ചുനീട്ടിയാണ് മൻസൂർ അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷ്‌ രാമന്റെ കലാസംവിധാനത്തിൽ ഒരുക്കിയ പോലീസ് സ്റ്റേഷനും വേശ്യാലയവും വഴിയോര ബാറും മികവു പുലർത്തി. രാഹുൽ രാജാണ് പശ്ചാത്തല സംഗീതം നൽകിയത്. രാജൻ സഖറിയയുടെ നടത്തിന്റെ മ്യൂസിക് രസകരമായിരുന്നു. മറ്റു രംഗങ്ങളിൽ പ്രത്യേകതയുള്ളതോ ത്രസിപ്പിക്കുന്നതോ ആയ പശ്ചാത്തല സംഗീതമില്ല. കുറെ ശബ്ദകോലാഹലങ്ങൾ ചിട്ടപ്പെടുത്തി എന്നതിലുപരി മറ്റൊന്നും ചെയ്യുവാൻ രാഹുൽ രാജ് ശ്രമിച്ചിട്ടില്ല. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് യോജിച്ചവയായിരുന്നു.

അഭിനയം: ⭐⭐⭐
നാളിതുവരെ മമ്മൂട്ടി അവതരിപ്പിച്ച പോലീസ് കഥാപാത്രങ്ങളിൽ നിന്നും വ്യതസ്ഥതകൾ ഏറെയുള്ള കഥാപാത്രമാണ് രാജൻ സഖറിയ. വേറിട്ട മാനറിസങ്ങളുള്ള അഭിനയ ശൈലിയിലൂടെയാണ് ഈ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. നടത്തിലുള്ള പ്രത്യേകത പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കാണുമ്പോൾ രസകരമായിരുന്നു. പക്ഷെ, രാജൻ സഖറിയ മുണ്ട് ധരിച്ചു ജീപ്പിൽ നിന്നും ഇറങ്ങി നടക്കുന്ന ഒന്ന്-രണ്ട് രംഗങ്ങളിൽ നടത്തിത്തിന്റെ ശൈലി മാറിപ്പോകുന്നുതുമുണ്ട്. രാജൻ സഖറിയ എന്ന കഥാപാത്രത്തെ രസകരമായി അവതരിപ്പിക്കുവാൻ മമ്മൂട്ടി പരമാവധി ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിലെ അത്യുജ്വല നടനെ ഈ സിനിമയിൽ കാണാനാകാത്തതിൽ ഒരു ആരാധകനെന്ന നിലയിൽ ദുഖിക്കുന്നു.

മമ്മൂട്ടിയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, സമ്പത് രാജ്, ജഗദീഷ്, സിദ്ദിക്ക്, മക്ബൂൽ സൽമാൻ, ഷഹീൻ സിദ്ദിക്ക്, നേഹ സക്‌സേന, അലൻസിയാർ, ബിജു പപ്പൻ, ഇർഷാദ്, അബു സലിം, ശ്രീധന്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഏറെ വെല്ലുവിളികളുള്ള കഥാപാത്രമായ കമലയെയാണ് തെന്നിത്യൻ അഭിനേത്രി വരലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്. വരലക്ഷ്മിയ്ക്ക് വേണ്ടി ശബ്ദം നൽകിയ ആ കലാകാരി അഭിനന്ദനം അർഹിക്കുന്നു. മികച്ച  ഡബ്ബിംഗ് ആയതിനാൽ വരലക്ഷ്മിയുടെ ഭാവാഭിനയത്തിന്റെ പോരായ്മകൾ അത്രകണ്ട് പ്രേക്ഷകർക്ക്‌ മനസ്സിലാകുന്നില്ല. ഷോബി തിലകൻ വീണ്ടും കഴിവ് തെളിയിച്ചതിനാൽ സമ്പത്തിന്റെ ഭാവഭിനയവും മോശമായില്ല. ജഗദീഷും സിദ്ദിക്കും ബിജു പപ്പനും അലൻസിയാറും അവരവരുടെ കഥാപാത്രങ്ങളെ മോശമാക്കാതെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: താരരാജാവിന്റെ കപട ആരാധകർക്ക് കസബയൊരു ആക്ഷൻ കോമഡി എന്റർറ്റെയിനറും യഥാർത്ഥ ആരാധകർക്ക് ഇതൊരു നോസിയേറ്റിങ് വെർബൽ ഡൈറിയയും.

രചന, സംവിധാനം: നിഥിൻ പണിക്കർ
നിർമ്മാണം: ആലീസ് ജോർജ്
ചായാഗ്രഹണം: സമീർ ഹഖ്
ചിത്രസന്നിവേശം: മൻസൂർ മുത്തുകുട്ടി
പശ്ചാത്തല സംഗീതം: രാഹുൽ രാജ്
കലാസംവിധാനം: സന്തോഷ്‌ രാമൻ
മേക്കപ്പ്: റോണക്സ്‌ സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആന്റോ ജോസഫ്‌

പുതിയ നിയമം – ⭐⭐

Puthiya Niyamam

അര്‍ത്ഥശൂന്യമായ നിയമങ്ങളുടെ പാളിപ്പോയ അവതരണം – ⭐⭐

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത കുറ്റകൃത്യങ്ങള്‍ സംഭവിച്ച നമ്മുടെ രാജ്യത്ത്, നിയമം അനുശാസിക്കുന്ന ശിക്ഷ വളരെ കുറഞ്ഞതാണെന്നും അവയൊന്നും കുറ്റവാളികളെ യാതൊരു തരത്തിലും ബാധിക്കുന്നില്ലയെന്നും, നമ്മുടെ നിയമങ്ങളില്‍ മാറ്റം വരണമെന്നും കഠിനമായ ശിക്ഷ കുറ്റവാളികള്‍ക്ക് ലഭിക്കണമെന്നുമാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഡിസംബര്‍ 16നു ഡല്‍ഹിയില്‍ നടന്ന കൊടുംക്രൂരതയിലെ പ്രതികളില്‍ ഒരാള്‍ ഇന്ന് നിയമത്തിന്റെ ന്യൂനതകള്‍ കാരണം സ്വതന്ത്രനായി നടക്കുന്നു. സൗമ്യ എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗോവിന്ദചാമി സുഖമായി ജയിലില്‍ കഴിയുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമത്തിലെ കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ വിധിക്കാത്തതിനാലാണ് പീഡനം പോലുള്ള കുറ്റകൃത്യങ്ങള്‍ വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാണു ഈ നിയമത്തില്‍ ഒരു മാറ്റം സംഭവിക്കുന്നത്‌?

ഏ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ മേല്പറഞ്ഞ സംഭവങ്ങള്‍ നടന്നാല്‍ അവര്‍ക്കെതിരെ ജനങ്ങള്‍ തന്നെ വിധിക്കേണ്ട പുതിയ നിയമത്തെ കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. അഭിഭാഷകനും സിനിമ നിരൂപകനുമായ ലൂയിസ് പോത്തനും കഥകളി നടിയായ വാസുകി അയ്യരും അവരുടെ ഏക മകള്‍ ചിന്തയും സന്തോഷകരമായ ജീവിതം നയിക്കുന്നു. അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങള്‍ അവരുടെ കുടുംബത്തെ ബാധിക്കുന്നു. അതിനെതിരെ പ്രതികരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പുതിയ നിയമമാണ് ഈ സിനിമയുടെ കഥ. ലൂയിസ് പോത്തനായി പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിയും, വാസുകി അയ്യരായി നയന്‍താരയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമത്തില്‍ വിശ്വാസമില്ലാത്തവര്‍ കുറ്റവാളികള്‍ക്കെതിരെ സ്വയം ശിക്ഷ നടപ്പിലാക്കണമെന്നാണ് സംവിധായകന്‍ അവതരിപ്പിക്കുന്ന പുതിയ നിയമം. 80കളുടെ മദ്ധ്യത്തില്‍ മമ്മൂട്ടി തന്നെ അഭിനയിച്ച നിരവധി സിനിമകളില്‍ ഇതേ തരത്തിലുള്ള പ്രേമയങ്ങള്‍ വിഷയമാക്കിയിട്ടുണ്ട്‌. ആ സിനിമകളുടെ പേര് വെളിപ്പെടുത്തിയാല്‍ പുതിയ നിയമം സിനിമയുടെ കഥയെന്താണെന്ന് ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വായനക്കാര്‍ക്ക് മനസ്സിലാകും. മലയാളത്തില്‍ തന്നെ ഒട്ടനവധി സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ള ഇതേ പ്രമേയം പുതിയ നിയമം എന്ന ലേബലില്‍ വീണ്ടും അവതരിപ്പിക്കുവാന്‍ സംവിധായകന്‍ കാണിച്ച ധൈര്യം അപാരം തന്നെ!

തിരക്കഥ: ⭐⭐
ഗൗരവമുള്ള പ്രമേയങ്ങള്‍ യുക്തിയുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുക എന്നത് ഒട്ടനേകം കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിട്ടുള്ള ഒരു തിരക്കഥകൃത്തിനു ശ്രമകരമായ ഒരു പ്രവര്‍ത്തിയേയല്ല. കാലികപ്രസക്തിയുള്ള ഒരു പ്രമേയത്തെ കഥയുടെ രൂപത്തിലാക്കുന്നതിലും കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയിലും ഏ.കെ.സാജന്‍ പരാജയപെട്ടു. യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കൃത്രിമമായി കെട്ടിച്ചമച്ച കഥാസന്ദര്‍ഭങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന തിരക്കഥ രചനയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളില്‍ ഒന്ന്. ആദ്യ പകുതിയിലെ സംഭാഷണങ്ങള്‍ അരോചകമായതാണ് മറ്റൊന്ന്. അവിഹിത ബന്ധത്തിന്റെയും സംശയത്തിന്റെയും പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്തുവാന്‍ വരുന്ന കക്ഷികളോട് ലൂയിസ് പോത്തനെകൊണ്ട് പറയിപ്പിച്ച നിലവാരമില്ലാത്ത സംഭാഷങ്ങള്‍ തമാശയുള്ള സംഭാഷണങ്ങള്‍ സിനിമയില്‍ വേണമല്ലോ എന്ന തോന്നലുകൊണ്ടാകണം ഉള്‍പ്പെടുത്തിയത്. കഥയുടെ രണ്ടാം പകുതിയിലെത്തുമ്പോള്‍ സംഭാഷണങ്ങള്‍ക്ക് നിലവാരം വന്നതായി അനുഭവപെട്ടു. അതുകൂടാതെ കഥയിലെ ഒന്ന് രണ്ടു വഴിത്തിരുവുകളും ഭേദമായി തോന്നി. കഥാവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി മികച്ചതായി അനുഭവപെട്ടു. പ്രതികാരത്തിനായി തിരഞ്ഞെടുത്ത വഴികള്‍ പുതുമയുള്ളതായി തോന്നിയില്ലെങ്കിലും, വാസുകിയെ സഹായിച്ച രീതിയില്‍ പുതുമയുള്ളതുപോലെ തോന്നി.

സംവിധാനം: ⭐⭐
തിരക്കഥയിലുള്ള പരിമിതികള്‍ ഒരുപരുധിവരെ ഒഴിവാക്കി ചിത്രീകരിക്കുവാന്‍ കഴിവുള്ള ഒരു സംവിധായകന് സാധിച്ചേക്കും. മലയാള സിനിമയിലെ ഒരു സമീപകാല സിനിമയുടെ അവതരണ ശൈലി പകര്‍ത്തിയത്കൊണ്ട് ആ സിനിമ വിജയിച്ചപോലെ ഈ സിനിമയും വിജയിക്കുമെന്ന് സംവിധയകന്‍ കരുതിയെങ്കില്‍ അത് വെറും മിഥ്യാധാരണ മാത്രമാണെന്ന് ഇതിനോടകം തന്നെ സംവിധായകന് ബോധ്യപെട്ടിട്ടുണ്ടാകണം. രണ്ടാം പകുതിയില്‍ 3 മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. സാധാസമയം നഗരത്തില്‍ ചുറ്റിയടിക്കുന്ന പോലിസ് ആ 3 മരണങ്ങളും എന്ത് കാരണത്താലാണ് സാധാരണ മരണമെന്ന് വിധിയെഴുതിയത് എന്ന് സംവിധായകന്‍ മാത്രമറിയാവുന്ന കാര്യമാണ്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫ്ലാറ്റില്‍ വാസുകി അയ്യര്‍ക്ക് നേരിടേണ്ടിവന്നിട്ടുള്ള ദുരന്തം സംഭവിച്ചു എന്നതും അവിശ്വസനീയമായി അനുഭവപെട്ടു. ഈ ന്യൂനതകളൊക്കെ പ്രേക്ഷകര്‍ ക്ഷമിച്ചത് സിനിമയുടെ അവസാന ഭാഗം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും അതിലെ യുക്തിയുമാണ്. മമ്മൂട്ടിയും നയന്‍താരയും ഒഴികെ മറ്റു നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ എന്ന നിലയില്‍ ഏ.കെ.സാജന് അബദ്ധം പറ്റിയിരിക്കുന്നു.

സാങ്കേതികം: ⭐⭐
രാജീവ്‌ മേനോന്‍, ജോമോന്‍ ടി ജോണ്‍ എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ച റോബി വര്‍ഗീസ്‌ രാജാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. പുതുമകളൊന്നും അവകാശപെടാനില്ലെങ്കിലും സംവിധായകന്റെ കഥാവതരണ രീതിയോട് നീതിപുലര്‍ത്തുന്ന വിഷ്വല്‍സ് ഒപ്പിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ട് റോബി വര്‍ഗീസിന്. സിനിമയുടെ ആദ്യപകുതിയില്‍ ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലെ രംഗങ്ങളുടെ സന്നിവേശം ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണെങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്സും മെച്ചപെട്ടതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടത്‌ വിവേക് ഹര്‍ഷന്റെ ചടുലതയോടെയുള്ള സന്നിവേശത്തിനാലാണ്. സിനിമാരംഭം ഉപയോഗിച്ചിരിക്കുന്ന കഥകളി പദം മികച്ചതായിരുന്നു. റഫീക്ക് അഹമ്മദ്-വിനു തോമസ്‌ എന്നിവരാണ് ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയിലുടനീളം ആവശ്യത്തിനും അനാവശ്യത്തിനും ചേര്‍ത്തിരിക്കുന്ന പശ്ചാത്തല സംഗീതം പലപ്പോഴും ആസ്വാദനത്തെ ബാധിച്ചിരുന്നു. ഗോപി സുന്ദര്‍ ആണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ്‌ കോവിലകത്തിന്റെ കലാസംവിധാനം സിനിമയുടെ പ്രമേയത്തോട് ചേര്‍ന്ന് പോകുന്നവയായിരുന്നു. ഷാജി പുല്പള്ളിയാണ് മേക്കപ്പ്.

അഭിനയം: ⭐⭐⭐
വാസുകി അയ്യരായി മികച്ച അഭിനയം കാഴ്ചവെച്ചുകൊണ്ട് നയന്‍‌താര വീണ്ടും മലയാള സിനിമയില്‍ ശക്തമായി സാന്നിധ്യം അറിയിച്ചിരിക്കുന്നു. ലൂയിസ് പോത്തനെ രസകരമായി അവതരിപ്പിക്കുവാന്‍ മമ്മൂട്ടിക്കും സാധിച്ചു. ഇവരെ കൂടാതെ എസ്.എന്‍.സ്വാമി, സോഹന്‍ സിനുലാല്‍, സാദിക്ക്, അജു വര്‍ഗീസ്‌, കോട്ടയം പ്രദീപ്‌, ആര്യന്‍, രചന നാരായണ്‍കുട്ടി, ഷീലു എബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയും നയന്‍താരയും ഒഴികെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ ആരും കഥാപാത്രത്തോട് നീതിപുലര്‍ത്തുന്നതായി അനുഭവപെട്ടില്ല. രചനയും ഷീലുവും സാമാന്യം ബോറന്‍ രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.

വാല്‍ക്കഷണം: മമ്മൂട്ടിയുടെയും നയന്‍താരയുടെയും ആരാധകരെ തൃപ്തിപെടുത്തുന്ന പുതിയ നിയമങ്ങള്‍!

രചന, സംവിധാനം: ഏ.കെ.സാജന്‍
നിര്‍മ്മാണം: പി.വേണുഗോപാല്‍, ജിയോ എബ്രഹാം
ചായാഗ്രഹണം: റോബി വര്‍ഗീസ്‌ രാജ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: വിനു തോമസ്‌
കലാസംവിധാനം: രാജേഷ്‌ കോവിലകം
മേക്കപ്പ്: ഷാജി പുല്പള്ളി
വിതരണം: അബാം