ഗാനഗന്ധർവ്വൻ – ⭐️⭐️

ഗാനഗന്ധർവ്വൻ – അപ്രസക്തമായ ഗാന്ധർവ്വകഥ! ⭐️⭐️

“ഞാൻ ചെയ്യുന്ന സിനിമകളിലെ എന്റെ കഥാപാത്രത്തിന്റെ ജോലി മാത്രമാണ് വ്യത്യസ്തമാകുന്നത്, കഥ ഒന്നു തന്നെയാണ്”. ഗാനഗന്ധർവ്വൻ എന്ന സിനിമയുമായി ബന്ധപെട്ടു നടന്ന ഒരു അഭിമുഖ സംഭാഷണത്തിൽ മമ്മൂട്ടി പറഞ്ഞ ഒരു വാചകമാണിത്. അദ്ദേഹം പറഞ്ഞ വാചകം അക്ഷരാർത്ഥത്തിൽ സത്യം തന്നെ. മമ്മൂട്ടിയുടെ തന്നെ മുൻകാല സിനിമകളായ സന്ദർഭവും, വേഷവും, ബസ് കണ്ടക്റ്ററും പോലെ തന്നെ നന്മയുള്ള ഒരു മനുഷ്യൻ വീട്ടുകാരാലും നാട്ടുകാരാലും തെറ്റുധരിക്കപ്പെടുന്നതു തന്നെയാണ് ഗാനഗന്ധർവ്വന്റെയും കഥാതന്തു.

പഞ്ചവർണ്ണതത്ത എന്ന സിനിമയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം നിർവഹിച്ച ഗാനഗന്ധർവ്വൻ നിർമ്മിച്ചത് ആന്റോ ജോസഫ്, ശ്രീലക്ഷ്മി, ശങ്കർ രാജ് എന്നിവർ ചേർന്നാണ്. മമ്മൂട്ടിയെ കൂടാതെ വമ്പൻ താരനിര തന്നെ ഈ സിനിമയിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഴഗപ്പൻ ഛായാഗ്രഹണവും, ലിജോ പോൾ സന്നിവേശവും, ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം ⭐️
സഹജീവികൾക്ക് വേണ്ടി സ്വന്തം ജീവിതവും കുടുംബവും മറന്നു ഉപകാരവും ത്യാഗവും ചെയ്യുന്ന ഇട്ടിമാണിമാരും ഗന്ധർവ്വൻമാരും നായകന്മാരാകുന്ന കാലഘട്ടമാണിത്. നായകനെ നന്മമരമായി അവതരിപ്പിക്കുക എന്ന പ്രമേയത്തിൽ വീണ്ടുമൊരു സിനിമ. ഇത്തരത്തിലുള്ള പ്രമേയങ്ങളിൽ എന്ത് പുതുമയാണ് രമേശ് പിഷാരടിക്കും ഹരി പി. നായരിനും തോന്നിയത് എന്ന് മനസ്സിലാകുന്നില്ല. പറഞ്ഞു പഴകിയ സംഭവങ്ങളായ സാധാരണക്കാരന്റെ ദുരിതം, പണത്തിനോടുള്ള പ്രലോഭനം, നായകനു പറ്റുന്ന ചതി, കുടുംബത്തിന്റെ തെറ്റുധാരണ, കഥാവസാനം നായകനെന്ന നന്മമരത്തെ തിരിച്ചറിയുക തുടങ്ങിയവയാണ് ഈ സിനിമയിലും കാണപ്പെടുന്നത്.

തിരക്കഥ ⭐️⭐️
കലാസദൻ എന്ന ഗാനമേള ട്രൂപ്പും, ട്രൂപ്പിലെ ഗായകരും അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും ഉൾപ്പെടുത്തിയ കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടെ ആദ്യ പകുതിയിലെ രംഗങ്ങൾ. അവയിൽ ഒട്ടുമിക്ക രംഗങ്ങളും ചില കഥാപാത്രങ്ങളും സിനിമയുടെ കഥാഗതിയിൽ യാതൊരു പ്രാധാന്യവും അർഹിക്കാത്തവ ആയിരുന്നു. ഉല്ലാസിന്റെ അയല്പക്കത്തെ വീട്ടിലെ ഫിസിക്സ് ടീച്ചറും അവരുടെ ഫിസിക്സ് തിയറികളും, ദേവനും സോഹൻ സീനുലാലും ഉൾപ്പെട്ട രംഗങ്ങൾ, ഗായകരുടെ ഫോട്ടോസ് എടുക്കുന്ന രംഗങ്ങൾ എന്നിവയെല്ലാം ഉദാഹരണങ്ങൾ. ആദ്യ പകുതിയേ അപേക്ഷിച്ചു ഈ സിനിമയുടെ കഥയോട് നീതിപുലർത്തുന്നവയായിരുന്നു രണ്ടാം പകുതിയിലെ രംഗങ്ങൾ. ജയിലിലെ രംഗങ്ങളും, കോടതി മുറിയിലെ രംഗങ്ങളും വാദങ്ങളും, ഉല്ലാസിന്റെ മകൾ വീട്ടിലേക്കു വരുന്ന രംഗവും മികവ് പുലർത്തി. സങ്കീർണ്ണമായ അവസ്ഥയിലൂടെ പോകുന്ന സന്ദർഭങ്ങൾ ആണെങ്കിലും, ചില സംഭാഷണങ്ങൾ ചിരിയുണർത്തുന്നവ ആയിരുന്നു. ഹാസ്യ രംഗങ്ങളും സംഭാഷണങ്ങളും ക്‌ളൈമാക്‌സിലുള്ള ട്വിസ്റ്റും രണ്ടാം പകുതിയിൽ പ്രേക്ഷകരെ രസിപ്പിക്കുന്നവയായിരുന്നു.

സംവിധാനം ⭐️⭐️
ആസ്വാദനത്തിനുള്ള ചേരുവകളെല്ലാം ചേർത്ത സിനിമകൾ ഒരുക്കുക എന്നത് തന്നെയാണ് എല്ലാ സംവിധായകരുടെയും ലക്ഷ്യം. അത്തരത്തിലുള്ള ഘടകങ്ങൾ എല്ലാം തന്നെ ഗാനഗന്ധർവ്വനിലുമുണ്ട്. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളെ ഒരല്പമെങ്കിലും കണ്ടിരിക്കാനാവുന്ന രീതിയിലാക്കിയത് ഹാസ്യ രംഗങ്ങൾ അവതരിപ്പിക്കാനുള്ള പിഷാരടിയുടെ കഴിവ് തന്നെ. ചില രംഗങ്ങൾ അനാവശ്യമായി വലിച്ചുനീട്ടി അവതരിപ്പിച്ചപ്പോൾ, മറ്റു ചിലതിനു വേണ്ടത്ര പ്രാധാന്യം നൽകാതെ അവസാനിപ്പിച്ചു. കഥാവസാനമുള്ള കോടതി രംഗങ്ങൾ തന്നെ ഉദാഹരണം. എന്നിരുന്നാലും, പഞ്ചവർണ്ണതത്ത എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ ഗാനഗന്ധർവ്വൻ ഭേദപെട്ട നിലയിൽ സംവിധാനം ചെയ്യുവാൻ പിഷാരടിക്കു കഴിഞ്ഞിട്ടുണ്ട്.

സാങ്കേതികം ⭐️⭐️
പ്രത്യേകിച്ച് പുതുമകളൊന്നും നൽകാതെ സംവിധായകന്റെ നിർദേശമനുസരിച്ചു ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുക എന്നത് മാത്രമാണ് അഴഗപ്പൻ ചെയ്തത്. മൂന്നാർ പോലെയുള്ള സ്ഥലങ്ങളിൽ ചിത്രീകരിച്ചിട്ടു പോലും മറ്റു സിനിമകളിൽ കണ്ട മൂന്നാറിന്റെ ഭംഗി ഈ സിനിമയിൽ കാണാൻ കഴിഞ്ഞില്ല. സിനിമയുടെ ആദ്യപകുതിയിൽ ഒട്ടനവധി രംഗങ്ങൾ വലിച്ചുനീട്ടി അവതരിപ്പിച്ചത് സന്നിവേശകന്റെ പിഴവ് തന്നെ. ലിജോ പോളാണ് സന്നിവേശം നിർവഹിച്ചത്. ദീപക് ദേവ് ഈണമിട്ട ഗാനങ്ങളും ശരാശരിയിലൊതുങ്ങി. കോടതിയിലെ രംഗങ്ങളിൽ പോലും ആകാംഷ ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതം നൽകാൻ ദീപക് ദേവിന് കഴിഞ്ഞില്ല. ജയദേവൻ നിർവഹിച്ച സിങ്ക് സൗണ്ട് ശബ്ദ സംവിധാനം മികവ് പുലർത്തി.

അഭിനയം ⭐️⭐️⭐️
കലാസദൻ ഉല്ലാസ് എന്ന സാധാരണക്കാരന്റെ റോൾ മമ്മൂട്ടി മികവോടെ അവതരിപ്പിച്ചു. വൈകാരികത നിറഞ്ഞ രംഗങ്ങളിൽ മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നു. ഏറെ നാളുകൾക്കു ശേഷം സുരേഷ് കൃഷ്ണക്ക് ലഭിച്ച വേഷം രസകരമായി അവതരിപ്പിക്കുവാൻ സുരേഷ് കൃഷ്ണക്ക് സാധിച്ചു. മനോജ് കെ. ജയന്റെ കഥാപാത്രവും അദ്ദേഹം പതിവുപോലെ രസകരമായി അവതരിപ്പിച്ചു. വന്ദിത മനോഹരൻ, അതുല്യ ചന്ദ്ര എന്നിവരാണ് ഈ സിനിമയിലെ നായികമാർ. ഇവരെ കൂടാതെ മുകേഷ്, സിദ്ദിക്ക്, അനൂപ് മേനോൻ, മണിയൻപിള്ള രാജു, ഇന്നസെന്റ്, അശോകൻ, ബൈജു എഴുപുന്ന, മോഹൻ ജോസ്, ധർമജൻ, കുഞ്ചൻ, ജോണി ആന്റണി, റാഫി, സലിം കുമാർ, രാജേഷ് ശർമ്മ, സാദിഖ്, ദേവൻ, സോഹൻ സീനുലാൽ, സുധീർ കരമന, ഹരീഷ് പെരുമണ്ണ, സുനിൽ സുഖദ, ചാലി പാലാ, കലാഭവൻ പ്രജോദ്, കോട്ടയം നസീർ, അപ്പഹാജ, ഡാൻ ഓസ്റ്റിൻ, കൊച്ചുപ്രേമൻ, അബു സലിം, കിഷോർ വർമ്മ, ബിനു തൃക്കാക്കര, ശ്രീലക്ഷ്മി, ഷൈനി സാറ, സിന്ധു വർമ്മ, ആര്യ രോഹിത്, സിതാര കൃഷ്ണകുമാർ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: രസകരമായ സംഭാഷണങ്ങളും മമ്മൂട്ടിയുടെ അഭിനയ മികവും ഈ ഗന്ധർവ്വനു രക്ഷയായേക്കും!

സംവിധാനം: രമേശ് പിഷാരടി
രചന: ഹരി പി. നായർ, രമേശ് പിഷാരടി
നിർമ്മാണം: ആന്റോ ജോസഫ്, ശ്രീലക്ഷ്മി, ശങ്കർ രാജ്
ഛായാഗ്രഹണം: അഴഗപ്പൻ
സന്നിവേശം: ലിജോ പോൾ
സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ത്യാഗു തവന്നൂർ
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദ സംവിധാനം: ജയദേവൻ ചക്കാടത്
വിതരണം: ആൻ മെഗാ മീഡിയ