മുദ്ദുഗൗ – ⭐⭐

image

യുക്തിയില്ലാ ചുംബനകഥ! – ⭐⭐

മലയാള സിനിമ പ്രേക്ഷകർ മറക്കാനിടയില്ലാത്ത ഒന്നാണ് മുദ്ദുഗൗ. 1994ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏക്കാലത്തെയും മികച്ച മലയാള സിനിമകളിൽ ഒന്നായ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കാർതുമ്പി മാണിക്യനെ കളിപ്പിക്കുന്നതിനു വേണ്ടിയും അവളുടെ ഇഷ്ടം തുറന്നു പറയുവാൻ വേണ്ടിയും ചോദിക്കുന്ന ഒന്നാണ് മുദ്ദുഗൗ അഥവാ ചുംബനം. സന്തോഷകരമായ വേളകളിൽ ചിലർ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നത് മറ്റുള്ളവരെ ആലിംഗനം ചെയ്തും ചുംബിച്ചുമാണ്‌. എന്നാൽ, അത്തരത്തിലുള്ള ഒരു സ്വഭാവം സ്ഥിരമായി ഒരാളുടെ ദിനചര്യകളിൽ ഒന്നായി മാറിയാലുള്ള അവസ്ഥയെപറ്റി ചിന്തിച്ചിട്ടുണ്ടോ?

അമ്മയുടെ അമിത ലാളനയിലും വാത്സല്യത്തിലും വളർന്ന ഭരത് തനിക്കു സന്തോഷം വന്നാലുടനെ ചുറ്റുമുള്ള ആരെയെങ്കിലും ചുംബിക്കും. ഭരതിന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു സന്ദർഭത്തിൽ അവൻ തോട്ടടത് നിന്നിരുന്ന അധോലോക സംഘത്തലവനായ റാമ്പോയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നു. അതോടെ അയാളുടെ ജീവിതത്തിലും ഭരതിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഭരതായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും റാമ്പോയായി വിജയ്‌ ബാബുവും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
രസകരമായ ഒരു പ്രമേയമാണ് വിപിൻ ദാസിന്റെ മുദ്ദുഗൗ. ഒരാൾ അയാളുടെ ഏറ്റവും സന്തോഷകരമായ സന്ദർഭത്തിൽ അപരിചിതനായ മറ്റൊരാളെ ചുംബിക്കുന്നു. അതോടെ ഇരുവരുടെയും ജീവിതങ്ങൾ വേറൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. അവരെ ചുറ്റിപറ്റിയുള്ളവരുടെയും ജീവിതത്തെ ബാധിക്കുന്നു. ഈ കഥാതന്തു വികസിപ്പിച്ചു പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയാണ് വിപിൻ ദാസ് മുദ്ദുഗൗവിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐
പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരെ കൂട്ടമണി എന്നീ സിനിമകളുടെ തുടക്കത്തിൽ “യുക്തി വീട്ടിൽ ഉപേക്ഷിച്ചു സിനിമ കാണുക”എന്നെഴുതിയിട്ട് പോലും ഫ്രൈഡേ ഫിലിംസിന് ന്യൂനപക്ഷത്തെ മാത്രം സംതൃപ്തിപെടുത്തുവാനെ സാധിച്ചുള്ളൂ. ആ ന്യൂനപക്ഷത്തിൽ ഉൾപ്പെടുന്ന ഒരാളായിരുന്നു വിപിൻ ദാസ് എന്ന് തോന്നുന്നു. യുക്തിയില്ലാത്തതും കൃത്രിമത്വം നിറഞ്ഞതുമായ കഥാസന്ദർഭങ്ങൾ സംഭാഷണങ്ങൾ എന്നിവ കുത്തിനിറച്ച തിരക്കഥയാണ് വിപിൻ ഈ സിനിമയ്ക്ക് വേണ്ടി എഴുതിയത്. ഭരതിന്റെ പ്രണയം ഒരു വശത്തും റാംമ്പോയും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ മറുവശത്തും കാണിച്ചുകൊണ്ടുള്ള കഥാഗതി അൽഫോൻസ്‌ പുത്രൻ-നിവിൻ പോളി ടീമിന്റെ നേരം എന്ന സിനിമയെ ഓർമ്മപെടുത്തുന്നു. ഇന്ദ്രൻസും സൗബിനും ഹരീഷും അബു സലീമും സുനിൽ സുഖദയും മണ്ടന്മാരായ ഗുണ്ടകളും ഹാസ്യം കൈകാര്യം ചെയ്തിരിക്കുന്ന രീതി മികച്ചതായതുകൊണ്ട് മുദ്ദുഗൗ ഒരുവട്ടം കണ്ടുമറക്കാവുന്ന സിനിമയായി ചിലർക്കെങ്കിലും തോന്നിയേക്കാം. നല്ലൊരു സിനിമയുടെ നട്ടെല്ല് അന്നും ഇന്നും എന്നും തിരക്കഥ തന്നെയെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

സംവിധാനം: ⭐⭐
ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പുതുമുഖ സംവിധായകരിൽ ഏറ്റവും ഒടുവിലത്തെയാളാണ് വിപിൻ ദാസ്. സ്വന്തം തിരക്കഥ സിനിമയാക്കുമ്പോൾ സംവിധായകന്റെ ജോലി എളുപ്പമാകും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, സ്വന്തം തിരക്കഥ പാളിപ്പോയ അവസ്ഥയിലാകുമ്പോൾ ഒരു പുതുമുഖ സംവിധായകന് ഒന്നും ചെയ്യാനാകില്ല. തമാശ സിനിമയ്ക്ക് യുക്തി വേണ്ട എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞു തടിതപ്പാമെങ്കിലും, നല്ലൊരു സിനിമയുണ്ടാക്കി പ്രേക്ഷകരെ രസിപ്പിക്കാനയില്ല എന്നത് എന്നും ഒരു ഭാരമായി വിപിൻ ദാസിനോടൊപ്പം ഉണ്ടാകും. സിനിമയിലുടനീളം ഡബ്ബിംഗ് ചെയ്തിരിക്കുന്ന രീതിയിൽ പ്രശ്നങ്ങൾ കണ്ടിരുന്നു എന്നതും സംവിധാനപിഴവ് മൂലമാണ്. മറ്റൊരു നല്ല അവസരത്തിനായി വിപിൻ ഇനിയും കാത്തിരിക്കേണ്ടിവരും.

സാങ്കേതികം: ⭐⭐⭐
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആദ്യമായി ഈണമിട്ട “ദേവദൂതർ പാടി”(ഭരതൻ-മമ്മൂട്ടി കൂട്ടുകെട്ടിലെ അത്യുഗ്രൻ സിനിമ കാതോട് കാതോരം)എന്ന ഗാനത്തിന്റെ റീമിക്സ് സിനിമയിലുടനീളം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചുക്കൊണ്ട് രാഹുൽ രാജ് ഈ സിനിമയ്ക്ക് ചടുലത നൽക്കിയിട്ടുണ്ട്. അവിയൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധ നേടിയ കുഗൻ എസ്. പളനി ആദ്യമായി മലയാളത്തിൽ ചായാഗ്രഹണം നിർവഹിക്കുന്ന മുദ്ദുഗൗ അദ്ദേഹത്തിന് ഒരു വലിയ നേട്ടം സമ്മാനിക്കുമെന്ന് തോന്നുന്നു. ചടുലതയുള്ള കളർഫുൾ ദ്രിശ്യങ്ങൾ ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ലിജോ പോളിന്റെ ചിത്രസന്നിവേശവും മികവു പുലർത്തി. നായികയും നായകനും പ്രണയരംഗങ്ങളിൽ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു വരുന്നത് അവിശ്വസനീയമായി അനുഭവപെട്ടു. റോണക്സ്‌ സേവ്യറിന്റെ മേയിക്കപ്പ് മോശമായില്ല. ത്യാഗു തവന്നൂർ ഒരുക്കിയ അധോലോക ഗുണ്ടകളുടെ താവളം പഴഞ്ചൻ ശൈലിയിലായത് ബോറൻ രീതിയായി തോന്നി. മനു മഞ്ജിത്ത്-രാഹുൽ രാജ് ടീം ഒരുക്കിയ പാട്ടുകൾ സിനിമയുടെ സ്വഭാവത്തിന് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐
ഗോകുൽ സുരേഷ് ആദ്യ സിനിമയിൽ തന്നെ തനിക്കു ലഭിച്ച കഥാപാത്രത്തോട് നൂറു ശതമാനം നീതിപുലർത്തി. സുരേഷ് ഗോപിയുടെ ചലനങ്ങളും ശബ്ദവും അഭിനയ രീതിയും അതേപടി വീണ്ടും സിനിമയിൽ കണ്ടതുപോലെ പ്രേക്ഷകർക്ക്‌ അനുഭവപെട്ടു. നടൻ വിജയകുമാറിന്റെ മകൾ അർത്ഥനയുടെയും ആദ്യ സിനിമയാണ് മുദ്ദുഗൗ. അർത്ഥനയും ആദ്യ സിനിമ എന്ന് തോന്നിപ്പിക്കാത്ത രീതിയിൽ അഭിനയിച്ചു. റാംമ്പോ എന്ന അധോലോക നായകനെ വിജയ്‌ ബാബു സ്ഥിരം ശൈലിയിൽ അവതരിപ്പിച്ചു. പ്രേക്ഷരുടെ കയ്യടിനേടിയ താരങ്ങൾ സൗബിൻ ഷാഹിറും ഹരീഷ് പെരുമണ്ണയുമാണ്. കൊച്ചി-കോഴിക്കോട് ഭാഷ സംസാരിച്ചുകൊണ്ട് ഇരുവരും സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. ക്ലൈമാക്സിലെ രംഗങ്ങളിൽ ഒരു സംഭാഷണം പോലുമില്ലാതെ തന്നെ സൗബിനും ഹരീഷും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇവരെ കൂടാതെ ബൈജു, സുനിൽ സുഖദ, അബു സലിം, ഇന്ദ്രൻസ്, പ്രേംകുമാർ, അരുണ്‍, സന്തോഷ്‌ കീഴാറ്റൂർ, അനിൽ മുരളി, ആനന്ദ്, നീന കുറുപ്പ് എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങൾ കോർത്തിണക്കിയ മുദ്ദുഗൗ കയ്പ്പേറിയ സിനിമാനുഭവമാകുന്നു.

രചന, സംവിധാനം: വിപിൻ ദാസ്
നിർമ്മാണം: വിജയ്‌ ബാബു & സാന്ദ്ര തോമസ്‌
ബാനർ: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: കുഗൻ എസ്. പളനി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: രാഹുൽ രാജ്
ഗാനരചന: മനു മഞ്ജിത്ത്
കലാസംവിധാനം: ത്യാഗു തവന്നൂർ
മേയിക്കപ്പ്: റോണക്സ് സേവ്യർ
വിതരണം: കാർണിവൽ മോഷൻ പിക്ക്ചേഴ്സ്.