രാമലീല – ⭐️⭐️⭐️

രാമലീല – ആസ്വാദ്യകരം ആവേശകരം! ⭐️⭐️⭐️

ജനപ്രിയ നായകൻ ജനപ്രിയ സിനിമയുമായി ജനഹൃദയങ്ങൾ കീഴടക്കുന്ന കാഴ്ച കാണുമ്പോൾ, മലയാളികൾ വ്യക്തികളോടൊപ്പമല്ല, നല്ല സിനിമയോടൊപ്പമാണെന്ന സത്യം ബോധ്യമാകും. കുട്ടികൾക്കും കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന തരക്കേടില്ലാത്തൊരു എന്റർറ്റെയിനറാണ് ദിലീപിന്റെ രാമലീല. യുക്തിയില്ലാത്ത കഥാസന്ദർഭങ്ങൾ എന്നൊരു പോരായ്മ മാറ്റിനിർത്തിയാൽ സമീപകാലത്തിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള മികച്ച കുറ്റാന്വേഷണ സിനിമ തന്നെയാണിത്. അരുൺ ഗോപിയുടെ സംവിധാന മികവും ദിലീപിന്റെ അഭിനയ മികവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മാറ്റുകൂട്ടിയിട്ടുണ്ട്.

പുലിമുരുകനു ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീല സംവിധാനം ചെയ്തത് നവാഗതനായ അരുൺ ഗോപിയാണ്. സച്ചിയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ സന്നിവേശവും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ദിലീപിനെ കൂടാതെ മലയാള സിനിമയിലെ ഒരു വമ്പൻ താരനിര തന്നെ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.

പ്രമേയം: ⭐⭐
രാഷ്ട്രീയ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒട്ടുമിക്ക സിനിമകളുടെയും പ്രമേയം ഒന്ന് തന്നെയാകും. നിലവിലുള്ള രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളൊക്കെയാകും അവയിൽ വിഷയമാകുന്നത്. രാമലീലയെ സംബന്ധിച്ചിടത്തോളം, ഇതൊരു പൂർണ രാഷ്ട്രീയ സിനിമയല്ല. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു പ്രതികാര കഥയും അതിനോടൊപ്പം ഒരു കുറ്റാന്വേഷണ കഥയുമാണ്. പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ആകാംഷയുളവാക്കുന്ന ഒരു കഥ രൂപപെടുത്തിയെടുക്കാൻ സച്ചിക്കു കഴിഞ്ഞിട്ടുണ്ട്.

തിരക്കഥ: ⭐⭐
പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ കൃത്യമായി മനസിലാക്കി തിരക്കഥ എഴുതുന്നവരിൽ പ്രാവിണ്യം നേടിയ എഴുത്തുകാരിൽ പ്രധാനിയാണ് സച്ചി. ചോക്കളേറ്റ് മുതൽ അനാർക്കലി വരെ അതിനുദാഹരണങ്ങളാണ്. ജോഷിയുടെ റൺ ബേബി റൺ പോലെയുള്ള ഒരു കഥയും തിരക്കഥയുമാണ് രാമലീലയുടേത്. എന്നാൽ, മേല്പറഞ്ഞ സച്ചിയുടെ തിരക്കഥകളിലെല്ലാം യുക്തിയെ ചോദ്യം ചെയ്യുന്ന ഒരു സന്ദർഭം പോലുമുണ്ടായിരുന്നില്ല. എന്നാൽ,രാമലീലയിൽ അത് വേണ്ടുവോളമുണ്ട്. കുറ്റാരോപിതനായ രാമനുണ്ണി കേസിലെ തനിക്കെതിരായ തെളിവുകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന രംഗങ്ങൾ അതിനുദാഹരണം. കേരളത്തിലെ പോലീസുകാർ രാമനുണ്ണി നിരത്തുന്ന തെളിവുകൾ വിശ്വസിച്ചു എന്നത് സച്ചിയെപ്പോലെയുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിച്ചില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന ഒന്ന് രണ്ടു സന്ദർഭങ്ങൾ മാറ്റിനിർത്തിയാൽ ഏവർക്കും ഇഷ്ടമാകുന്നതും ത്രസിപ്പിക്കുന്നതുമായ രംഗങ്ങളാണ് സിനിമയിലുടനീളം.ഇന്നത്തെ സാഹചര്യത്തിൽ അനുകൂലമായ ചില സംഭാഷണങ്ങളും മികവുറ്റതായിരുന്നു.

സംവിധാനം: ⭐⭐⭐
ജോഷിയുടെ പൊളിറ്റിക്കൽ സിനിമകളെ അനുസ്മരിപ്പിക്കുന്ന അവതരണമാണ് അരുൺ ഗോപി സ്വീകരിച്ചത്. സിനിമയുടെ ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളെ മികച്ച ഛായാഗ്രഹണത്തിന്റെയും സന്നിവേശത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ ത്രസിപ്പിക്കുന്ന രംഗങ്ങളും ക്‌ളൈമാക്‌സ് രംഗങ്ങളും കയ്യടക്കത്തോടെ അരുൺ ഗോപി സംവിധാനം നിർവഹിച്ചു.രണ്ടാം പകുതിയിലെ ഹാസ്യ രംഗങ്ങൾ സിനിമയുടെ ഗൗരവത്തിനു ദോഷകരമായി ബാധിച്ചിട്ടുണ്ട്. അതുപോലെ, കഥാഗതി നിർണ്ണയിക്കുന്ന സുപ്രധാന രണ്ടാം പകുതിയിലെ ഒരു രംഗവും യുക്തിയെ ചോദ്യംചെയ്യുന്ന രീതിയിലായത് പ്രേക്ഷകരിൽ മുഷിപ്പുളവാക്കിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ അരുൺ ഗോപിക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കും രാമലീല എന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐
ഷാജികുമാറിന്റെ ഛായാഗ്രഹണം രാമലീലയ്ക്കു ത്രില്ലർ പരിവേഷം നൽകുവാൻ സഹായിച്ചു. ഈ സിനിമയിലെ രംഗങ്ങളെല്ലാം തന്നെ രാഷ്ട്രീയ-കുറ്റാന്വേഷണ സിനിമയ്ക്ക് അനിയോജ്യമായ രീതിയിലായിരുന്നു ചിത്രീകരിച്ചിരിക്കുന്നത്. വിവേക് ഹർഷന്റെ സന്നിവേശവും രംഗങ്ങൾക്ക് അനിയോജ്യമായിരുന്നു. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും തന്നെ ആദ്യപകുതിയില്ല. എന്നാൽ, സിനിമയുടെ ഗൗരവം നഷ്ടപ്പെടുത്തുന്ന ചില ഹാസ്യ രംഗങ്ങൾ രണ്ടാം പകുതിയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. പ്രേക്ഷകരിൽ ആകാംഷയും ആവേശവും ഒരുപോലെ ജനിപ്പിക്കുവാൻ ഗോപി സുന്ദറിന് സാധിച്ചിട്ടുണ്ട്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട രണ്ടു പാട്ടുകളും ശരാശരിയിലൊതുങ്ങി. സുജിത് രാഘവന്റെ കലാസംവിധാനം സിനിമയ്ക്കുതകുന്നവയായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങളുടെ സ്വഭാവത്തിന് ഉതകുന്നവയായിരുന്നു.

അഭിനയം: ⭐⭐⭐
ദിലീപ്, കലാഭവൻ ഷാജോൺ, രാധിക ശരത്കുമാർ, സിദ്ദിഖ്, മുകേഷ്, വിജയരാഘവൻ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായികുമാർ, സലിം കുമാർ, സാദിഖ്, അനിൽ മുരളി, ഷാജു ശ്രീധർ, നിർമ്മാതാവ് സുരേഷ് കുമാർ, പ്രശാന്ത് അലക്‌സാണ്ടർ, അശോകൻ, ശ്രീജിത്ത് രവി, വിനോദ് കെടാമംഗലം, അമീർ നിയാസ്, ചാലി പാലാ, മജീദ്, പ്രയാഗ മാർട്ടിൻ, ലെന എന്നിവരാണ് രാമലീലയിലെ അഭിനേതാക്കൾ. രാമനുണ്ണിയായി തകർപ്പൻ അഭിനയം ദിലീപ് കാഴ്ചവെച്ചു. ആദ്യപകുതിയിൽ ഗൗരവമുള്ള ഭാവപ്രകടനവും രണ്ടാം പകുതിയിൽ കുശാഗ്രബുദ്ധിയുള്ള ഒരാളിനെ പോലെ പക്വതയാർന്ന അഭിനയവും കാഴ്ചവെച്ചു ദിലീപ് കയ്യടി നേടി. ഹാസ്യരസവാഹമായ സംഭാഷണങ്ങളിലൂടെ ഷാജോണും, കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി മുകേഷും, ഉദയഭാനു എന്ന രാഷ്ട്രീയക്കാരനായി സിദ്ദിക്കും, വില്ലൻ പരിവേഷമുള്ള സഖാവായി വിജയരാഘവനും അഭിനയ മികവ് പുലർത്തി. ഇവരെ കൂടാതെ ഈ സിനിമയിലുള്ള ഓരോ അഭിനേതാക്കളും ഊർജസ്വലമായ രീതിയിൽ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: രാമനുണ്ണിയുടെ ലീലകളിൽ യുക്തിയില്ലെങ്കിലിലും, ആസ്വാദ്യകരവും ആവേശകരവുമാകുന്ന അവതരണമാണ് രാമലീലയെ വ്യത്യസ്ഥമാക്കുന്നത്.

സംവിധാനം: അരുൺ ഗോപി
എഴുത്ത്: സച്ചി
നിർമ്മാണം: ടോമിച്ചൻ മുളകുപാടം
ഛായാഗ്രഹണം: ഷാജികുമാർ
സന്നിവേശം: വിവേക് ഹർഷൻ
സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: സുജിത് രാഘവ്
ഗാനരചന: ഹരിനാരായണൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ചമയം: ജിതേഷ് പൊയ്യ
ശബ്ദസംവിധാനം: രംഗനാഥ് രവി
വിതരണം: മുളകുപാടം ഫിലിംസ്.

ഫുക്രി – ⭐


ഫുക്രി – ചളുവിൽ ചാലിച്ച ചളിച്ചിത്രകാവ്യം!⭐

ശ്രീമതികളെ ശ്രീമാന്മാരെ,

ഭാസ്കര ചരിതമെഴുതി പെരുംനുണപ്പുഴ നീന്തി കടന്നു ഉദയപുരം സുൽത്താന്റെ കൊട്ടാരത്തിലെത്തിയ സിനിമാ സംവിധായകനും ഉത്സാഹ കമ്മിറ്റിക്കാരും കൊട്ടാരത്തിലെ കാര്യസ്ഥന്റെ ജീവിത കഥ കേട്ടു കോരിത്തരിച്ചു. സംവിധായകനും കൂട്ടരും സംവിധായകന്റെ മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലെത്തിയ ഉടനെ ഒരു സിനിമയ്ക്കുള്ള തിരക്കഥ എഴുതി. ആ തിരക്കഥയുടെ ചളിച്ചിത്ര ആവിഷ്കാരമാണ് ഫുക്രി.

പ്രമേയം: ⭐
മലയാള സിനിമയിൽ ഒരുകാലത്തെ സ്ഥിരം പ്രമേയമായിരുന്നു ആൾമാറാട്ടം. ഒരു പ്രത്യേക ദൗത്യം നിറവേറ്റുവായി ഒരുപാട് കുടുംബാംഗങ്ങുള്ള ഒരു തറവാട് വീട്ടിലെത്തുന്ന അനാഥനായ നായകൻ. നായകന്റെ സഹായത്തിനായി രണ്ടോ മൂന്നോ മണ്ടന്മാർ. അവരെ മുഴുവൻ കുടുംബത്തിൽ കയറ്റി താമസിപ്പിക്കുന്ന തറവാട് വീട്ടിലെ അംഗങ്ങൾ. തറവാട്ട് വീട്ടിലെ സുന്ദരിയായ നായികയ്ക്ക് നായകനോട് പ്രണയം. ഒടുവിൽ, നായകൻ ദൗത്യം നിറവേറ്റുന്നതോടെ ആൾമാറാട്ട കഥ എല്ലാവരുമാറിയുന്നു. നായികയും നായകനും തമ്മിലുള്ള പ്രണയം കാരണം എല്ലാം എല്ലാവരും ക്ഷമിക്കുന്നു. ശുഭം! വള്ളിപുള്ളി തെറ്റാതെ ഇതേ പ്രമേയം തിരഞ്ഞെടുത്ത സിദ്ദിക്ക് എന്ന സംവിധായകനോട് ഈ അവസരത്തിൽ മലയാള സിനിമ പ്രേമികൾക്കു പറയുവാനുള്ളത് ഒന്നുമാത്രം – പഴയ വീഞ്ഞ് ആവശ്യത്തിനധികം നിത്യേനെ രുചിച്ചുകൊണ്ടിരിക്കുന്നു. പുതിയ കുപ്പിയിലാക്കി ഇനിയും വിളമ്പരുത്!

തിരക്കഥ: ⭐
അവധിക്കാലത്ത്‌ സിനിമ കാണുവാനെത്തുന്ന കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി സിനിമ ഒരുക്കുമ്പോൾ, ഹാസ്യത്തിന് പ്രാധാന്യം നൽകിയിട്ടുള്ള മുഴുനീള എന്റർറ്റെയിനർ വേണമെന്ന് നിർമ്മാതാവ് നിർബന്ധം പിടിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ഒരു സംവിധായകൻ തന്നെ നിർമ്മാതാകുമ്പോൾ, അത്തരത്തിലുള്ള നിബന്ധനകളുടെ ആവശ്യമില്ല. ഫുക്രി എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ സിദ്ദിക്ക്, വാണിജ്യ വിജയം മാത്രം മുന്നിൽ കണ്ടുകൊണ്ടു തന്റെ മുൻകാല സിനിമകളിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും അതേപടി തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞ കാരണമാണ് ഫുക്രി എന്ന സിനിമയെ പ്രേക്ഷകരിൽ നിന്നും അകറ്റുന്നതും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീവി ചാനലിലെ കോമഡി പരിപാടികളുടെ വിധികർത്താവായിരിക്കവേ കേട്ട തമാശകളെന്നു തോന്നിപ്പിക്കുന്ന വളിപ്പുകൾ ഒന്ന് പോലും വിട്ടുപോകാതെ സംഭാഷണങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. അസഹനീയമായിരുന്നു അവ ഓരോന്നും എന്ന് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു. അച്ഛൻ-മകൻ ബന്ധമോ, പ്രണയമോ, നായകന്റെ നിസ്സഹായാവസ്ഥയോ ഒന്നും പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല. മലയാള സിനിമയിലെ സിദ്ദിഖിന്റെ തൂലികയിൽ പിറന്ന ഏറ്റവും മോശം തിരക്കഥയാണ് ഫുക്രി എന്ന ഈ സിനിമയുടേത്.

സംവിധാനം: ⭐
ഹാസ്യ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ കഴിവുള്ള നടീനടന്മാർ, പ്രഗൽഭരായ സാങ്കേതിക വിദഗ്ദർ, പണം മുടക്കാൻ നിർമ്മാതാക്കൾ, എല്ലാ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്ത പരിചയസമ്പത്ത്. ഇവയെല്ലാം ഉണ്ടായിരുന്നിട്ടും നല്ലൊരു പ്രമേയമോ കഥയോ സംഭാഷണങ്ങളോ അവതരണ മികവോ ഒന്നും ഫുക്രി എന്ന സിനിമയ്ക്ക് വേണ്ടി രൂപപെടുത്തിയെടുക്കുവാൻ സിദ്ദിക്കിന് സാധിച്ചില്ല. സിനിമയുടെ ആദ്യാവസാനം കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും, വളിപ്പ് സംഭാഷണങ്ങളും ഒരുവശത്തു പ്രേക്ഷകരെ മുഷിപ്പിക്കുമ്പോൾ, മറുവശത്തു അഭിനേതാക്കളുടെ താല്പര്യമില്ലാത്ത അഭിനയ രീതിയും അലസമായ അവതരണ രീതിയും പ്രേക്ഷകരെ ബോറടിപ്പിച്ചു. നാളിതുവരെ മലയാള സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും മോശം സിദ്ദിക്ക് സിനിമ എന്ന വിശേഷണം ഫുക്രിയ്ക്ക് ലഭിച്ചു.

സാങ്കേതികം: ⭐⭐⭐
തിരക്കഥയ്ക്ക് അനിയോജ്യമായ രംഗങ്ങൾ പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിക്കാതെ ക്യാമറയിൽ പകർത്തുവാൻ വിജയ് ഉലകനാഥിന് സാധിച്ചു. പാട്ടുകളുടെ ചിത്രീകരണം പോലും മുമ്പ് കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്ഥമല്ല. കെ.ആർ.ഗൗരിശങ്കർ ആണ് രംഗങ്ങൾ സന്നിവേശം ചെയ്തത്. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങൾ നിരവധി കാണപ്പെട്ടു. ഹാസ്യത്തിന് വേണ്ടി ഉൾപ്പെടുത്തിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും അനാവശ്യമായിരുന്നു. ഗോപി സുന്ദർ നിർവഹിച്ച പശ്ചാത്തല സംഗീതം കേട്ടതായി ഓർമ്മപോലുമില്ല. ഫുക്രിമാരുടെ വീട് ഒരുക്കിയ ജോസഫ് നെല്ലിക്കൽ അഭിനന്ദനം അർഹിക്കുന്നു. പാട്ടുകളുടെ ചിത്രീകരണത്തിൽ വീടിനകത്തുള്ള കലാസംവിധാനവും മികവ് പുലർത്തി. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം നൽകിയത് വിശ്വജിത്തും ഡോക്ടർ സുധീപും ചേർന്നാണ്. ‘ഒരേ ഒരു വാക്കിൽ’ എന്ന് തുടങ്ങുന്ന പാട്ടു മികവ് പുലർത്തി. പ്രവീൺ വർമ്മയുടെ വസ്ത്രാലങ്കാരം കഥാസന്ദർഭങ്ങളോടും കഥാപാത്രങ്ങളോടും നീതി പുലർത്തുന്നവയായിരുന്നു. ലിബിൻ മോഹനനാണ് ചമയം.

അഭിനയം: ⭐⭐⭐
ജോയ് താക്കോൽക്കാരനായും, അങ്കൂർ റാവുത്തറായും, രഘുറാമായും, സുധിയായും, ഡോൺബോസ്‌കോയായും നിറഞ്ഞാടിയ ജയസൂര്യ, തട്ടിപ്പുവീരൻ കഥാപാത്രങ്ങളുടെ പാത വീണ്ടും പിന്തുടരുന്നതിന്റെ തുടക്കമായാണോ ലുക്മാൻ അലി ഫുക്രിയെ തിരഞ്ഞെടുത്തത്? ലക്കി എന്ന കഥാപാത്രത്തെ അലസമായി അവതരിപ്പിച്ച പ്രതീതിയാണ് അനുഭവപ്പെട്ടത്. ഭാവാഭിനയത്തിലൂടെ നടൻ സിദ്ദിഖ് സുലൈമാൻ ഫുക്രിയായി മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, അലി ഫുക്രിയായി ലാൽ വന്നതും പോയതും അറിഞ്ഞില്ല. നായികമാരിൽ അനു സിത്താര തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, പ്രയാഗ മാർട്ടിൻ കൃത്രിമത്വം നിറഞ്ഞ അഭിനയത്തിലൂടെ നിരാശപ്പെടുത്തി. ഹാസ്യ വിഭാഗം കൈകാര്യം ചെയ്ത ജോജു ജോർജ്, ഭഗത് മാനുവൽ, നിർമ്മൽ പാലാഴി, നിയാസ് ബക്കർ, നസീർ സംക്രാന്തി എന്നിവർ ബോറടിപ്പിച്ചു. ഇവരെ കൂടാതെ ജനാർദനൻ, ജോൺ കൈപ്പറമ്പിൽ, അൻസാർ കലാഭവൻ, വിനോദ് കെടാമംഗലം, സാജൻ പള്ളുരുത്തി, മജീദ്, കെ.പി.എ.സി.ലളിത, ശ്രീലത, തെസ്നി ഖാൻ, കൃഷ്ണപ്രഭ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: ആദ്യാവസാനം പ്രേക്ഷകരെ മുഷിപ്പിക്കുന്ന കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമടങ്ങുന്ന ദുരന്തമാണ് ഫുക്രി!

രചന, സംവിധാനം: സിദ്ദിഖ്
നിർമ്മാണം: സിദ്ദിഖ്, വൈശാഖ് രാജൻ, ജെൻസോ ജോസ്
ഛായാഗ്രഹണം: വിജയ് ഉലകനാഥ്
ചിത്രസന്നിവേശം: കെ.ആർ.ഗൗരിശങ്കർ
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: വിശ്വജിത്, ഡോക്ടർ സുധീപ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: ജോസഫ് നെല്ലിക്കൽ
വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ
ചമയം: ലിബിൻ മോഹനൻ
നൃത്തസംവിധാനം: ബ്രിന്ദ
സംഘട്ടനം: മാഫിയ ശശി
വിതരണം: വൈശാഖ റിലീസ്.

ഒരേ മുഖം – ⭐⭐


ആവർത്തനവിരസമീ മുഖം! – ⭐⭐

അവ്യക്ത കഥാപാത്രങ്ങളും അറുബോറൻ കഥാസന്ദർഭങ്ങളും അപക്വ സംവിധാനവും കൂടിച്ചേർന്ന അപ്രിയ സിനിമയാണ് ഒരേ മുഖം. കോളേജ് ക്യാംപസ്സ് കഥാപശ്ചാത്തലമാക്കിയ ഒരു സിനിമയിൽ പ്രണയവും ചട്ടമ്പിത്തരവും കാന്റീനും ഹോസ്റ്റലും അശ്ലീലവും അനിവാര്യമായ ഘടകങ്ങളാണെന്നു ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സും, വൈശാഖിന്റെ സീനിയേഴ്‌സും നമ്മൾക്ക് കാണിച്ചു തന്നിട്ടുണ്ട്. മേല്പറഞ്ഞ രണ്ടു സിനിമകളിലും നമ്മൾ കണ്ട കഥാസന്ദർഭങ്ങളും കേട്ട സംഭാഷണങ്ങളും ഒരിക്കൽക്കൂടി കാണാനും കേൾക്കാനും ആഗ്രഹമുള്ളവർക്കായി ഒരുക്കിയ സിനിമയാണ് ഒരേ മുഖം.

രാജീവ് പിള്ള നായകനായി അഭിനയിച്ച കാശ് എന്ന ആദ്യ സിനിമ സംവിധാന ദുരന്തത്തിനു ശേഷം സജിത്ത് ജഗദ്‌നന്ദൻ സംവിധാനം ചെയ്തിരിക്കുന്ന ഒരേ മുഖത്തിൽ ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ദീപു എസ്.നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ഒരേ മുഖത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം ചിത്രസന്നിവേശവും ബിജിബാൽ പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ബാക്ക്വാട്ടർ സ്റ്റൂഡിയോസിന്റെ ബാനറിൽ ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് അനിൽ ബിശ്വാസും ജയലാൽ മേനോനും ചേർന്നാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിമ്സാണ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാംപസ്സ് സിനിമകളിൽ ഒന്നാണ് ലാൽ ജോസിന്റെ ക്ലാസ്സ്മേറ്റ്സ്. സുകുവിന്റെയും താരയുടെയും മുരളിയുടെയും ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചുരുളഴിയുന്നത് വർഷങ്ങൾക്കു ശേഷമുള്ള ഒരു കൊലപാതക ശ്രമത്തിലൂടെയാണ്. ഒരേ മുഖം എന്ന സിനിമയുടെ പ്രമേയവും ക്ലാസ്മേറ്റ്സ് സിനിമ പോലെയാണ്. 36 വർഷങ്ങൾക്കു മുമ്പ് നടന്ന ഇരട്ട കൊലപാതകത്തിന്റെ നിജസ്ഥിതി പുറംലോകമറിയുന്നത് ആരോ ഒരാളുടെ പ്രതികാരത്തിന്റെ ഭാഗമായി നടക്കുന്ന കൊലപാതകത്തിന്റെ കേസ് അന്വേഷണത്തിലൂടെയാണ്. മലയാള സിനിമ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് കോളേജ് ക്യാംപസ്സ് കഥകൾ. അതിൽ ഒരല്പം പ്രണയവും സസ്‌പെൻസും ഉണ്ടെങ്കിൽ തൃപ്തരാകും പ്രേക്ഷകർ. അത് പഴയ കാലഘട്ടത്തിലൂടെ അവതരിപ്പിക്കുമ്പോൾ ആ സിനിമയ്ക്ക് മാറ്റു കൂടുകയാണ് പതിവ്. ഒരേ മുഖം എന്ന സിനിമയുടെ കഥയും മേല്പറഞ്ഞ ഘടകങ്ങളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കഥ: ⭐
ദീപു എസ്.നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ഒരേ മുഖത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. നവാഗതരുടെ പരിചയക്കുറവുമൂലമാണോ അതോ ക്ലാസ്മേറ്റ്സും സീനിയേഴ്‌സും പ്രേമവും
കണ്ടിഷ്ടപ്പെട്ടു തലക്കുപിടിച്ചതിന്റെ കെട്ടുവിടാത്തതുകൊണ്ടാണോ ഇതുപോലൊരു സാഹസത്തിനു ഇരുവരും മുതിർന്നത്?. സിനിമയുടെ ആദ്യാവസാനം കണ്ടുമടുത്ത കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും കൃത്യമായി എഴുതിച്ചേർക്കപെട്ട തിരക്കഥയാണ് ഈ സിനിമയുടേത്. സുഹൃത്തുക്കളുടെ ആത്മബന്ധമോ അവരുടെ പ്രണയമോ ഓരോ കഥാപാത്രങ്ങളുടെ സ്വഭാവ വിവരണമോ ഒന്നും തന്നെ കഥാസന്ദർഭങ്ങളാകുന്നില്ല. സഖറിയ പോത്തൻ എന്നയാളുടെ വ്യക്തിത്വം എങ്ങനെയായിരുന്നു എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പുതിയ കാലഘട്ടത്തിൽ കുറ്റാന്വേഷണവും ജേർണലിസവും കൂട്ടിയോജിപ്പിച്ച സ്ഥിരം സന്ദർഭങ്ങൾ അവർത്തനവിരസമായി അനുഭവപെട്ടു. എസ്റ്റേറ്റ് കൊലപാതകവും അതിലേക്കു നയിച്ച കഥാസന്ദർഭങ്ങളും സിനിമയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷകർക്ക് എളുപ്പത്തിൽ ഊഹിക്കാനാവുന്നതാണ്. രണ്ടു കാലഘട്ടങ്ങളിലെ ഒരേ കഥാപാത്രങ്ങളുടെ പേരുകൾ ഓർത്തുവെക്കുക എന്നതായിരുന്നു പ്രേക്ഷകരെ മുഷിപ്പിച്ച മറ്റൊരു കാര്യം. തരക്കേടില്ലാത്തൊരു പ്രമേയം ലഭിച്ചിട്ടും നല്ലൊരു കഥയോ കഥാസന്ദർഭങ്ങളോ കഥാപാത്രങ്ങളോ ഒന്നും തന്നെ രൂപപ്പെടുത്തിയെടുക്കുവാൻ തിരക്കഥാകൃത്തുക്കൾ ശ്രമിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്.

സംവിധാനം: ⭐
പല സിനിമകളും യഥാർത്ഥത്തിൽ ജനിക്കുന്നത് എഡിറ്റിങ് ടേബിളിൽ ആണെന്ന് പരിഹാസത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. അത്തരത്തിലാണോ ഒരേ മുഖവും ഉണ്ടാക്കപ്പെട്ടതു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ബന്ധവുമില്ലാത്ത കുറെ സന്ദർഭങ്ങൾ സമന്വയിപ്പിച്ചു പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചാൽ അതൊരു ത്രില്ലർ സിനിമയാകുമോ? സജിത്ത് ജഗദ്‌നന്ദൻ എന്ന സംവിധായകന്റെ ശ്രമങ്ങൾ പാഴായിപോയത് സിനിമയുടെ അവതരണത്തിലാണ്. പുതിയ കാലഘട്ടവും പഴയ കാലഘട്ടവും അവതരിപ്പിച്ചപ്പോൾ കഥയിൽ ഒളിപ്പിച്ചുവെച്ച സസ്പെൻസ് പ്രേക്ഷകർ ഊഹിച്ചെടുത്തു. കഥാപാത്രങ്ങൾക്ക് അനിയോജ്യരല്ലാത്ത അഭിനേതാക്കളെയാണ് സംവിധായകൻ ഈ സിനിമയിൽ തിരഞ്ഞെടുത്തിരിക്കുന്നത്. എസ്റ്റേറ്റ് കൊലപാതകം നടന്നിട്ട് വർഷം കുറെയായിട്ടും അതിനിടയിൽ തോന്നാത്ത പ്രതികാരം ഇത്രയും വർഷങ്ങൾക്കു ശേഷം തോന്നുവാനുള്ള കാരണം അവ്യക്തമാണ്. ഒന്നിനും ഒരു വ്യക്തതയില്ലാതെയാണ് ഓരോ കഥാസന്ദർഭങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷരുടെ മുന്നിലെത്തിയ ഒരേ മുഖം എന്നേക്കുമായി മറന്നേക്കാവുന്ന മുഖമായി മാറുമെന്ന് കരുതിയില്ല.

സാങ്കേതികം:⭐⭐⭐
അവതരണത്തിൽ പാകപ്പിഴകൾ ഏറെയുണ്ടെങ്കിലും ബിജിബാലിന്റെ പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് അനിയോജ്യമായിരുന്നു. ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ ആയിട്ടുണ്ടെങ്കിൽ അത് പശ്ചാത്തല സംഗീതത്തിന്റെ മികവുകൊണ്ട് മാത്രമാണ്. സദിരുമായി വരികയായ് എന്ന് തുടങ്ങുന്ന പാട്ടിന്റെ ഈണം പകരുന്നതും ബിജിബാലാണ്. റഫീഖ് അഹമ്മദാണ് ഗാനരചന. ലാൽജി എഴുതിയ ആരും അറിയാത്തൊരു എന്ന് തുടങ്ങുന്ന പാട്ടും ഈ സിനിമയിലുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിക്കാതെ ശരാശരിയിലൊതുങ്ങി. പുതിയ കാലഘട്ടം മഞ്ഞ നിറത്തിലുള്ളതാക്കിയത് എന്ത് കാരണത്താലാണ്? രൂപേഷ് പീതാംബരന്റെ തീവ്രം എന്ന സിനിമയ്ക്ക് ശേഷം രണ്ടു കാലഘട്ടങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് ഒരേ മുഖത്തിലാണ്. രഞ്ജൻ എബ്രഹാമാണ് രംഗങ്ങൾ സന്നിവേശം ചെയ്തത്. ഒരു രംഗവും തൊട്ടടുത്ത രംഗവും തമ്മിൽ പരസ്പര ബദ്ധം പോലുമില്ലാതെയാണ് ഈ സിനിമ അവതരിപ്പിച്ചത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തിയപ്പോൾ പ്രദീപ് രംഗന്റെ ചമയം ശരാശരിയിലൊതുങ്ങി. സാബു മോഹനാണ് കലാസംവിധാനം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന പഴമൊഴിയുടെ ഉത്തമ ഉദാഹരണമാണ് സഖറിയ പോത്തൻ എന്ന കഥാപാത്രം അവതരിപ്പിക്കുവാൻ ധ്യാൻ ശ്രീനിവാസനെ തിരഞ്ഞെടുത്തത്. തിരയിലൂടെ ത്രസിപ്പിക്കുകയും കുഞ്ഞിരാമായണത്തിലൂടെ നമ്മളെ രസിപ്പിക്കുകയും ചെയ്ത ധ്യാൻ, തന്നാലാകുംവിധം സഖറിയ പോത്തനെ വിശ്വസനീയതയോടെ അവതരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ ധ്യാൻ നേരിട്ടതിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രമായിരിക്കും സഖറിയ പോത്തൻ. ദാസ് എന്ന കഥാപാത്രത്തെ അജു വർഗീസ് തന്റെ സ്ഥിരം ശൈലിയിൽ രസകരമായി അവതരിപ്പിച്ചു. ഈ സിനിമയിലെ മറ്റെല്ലാ നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചിട്ടുണ്ട്. ദീപക് പറമ്പോൾ, അർജുൻ നന്ദകുമാർ, ജൂബി നൈനാൻ, മണിയൻ പിള്ള രാജു, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ദേവൻ, നോബി, കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി, ഹരീഷ് പരേഡി, പ്രയാഗ മാർട്ടിൻ, ഗായത്രി സുരേഷ്, സ്നേഹ, ജുവൽ മേരി, അഭിരാമി, നീന കുറുപ്പ്, ദേവി അജിത്, സ്നേഹ ശ്രീകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാൽക്കഷ്ണം: സമ്പൂർണ്ണ നിരാശ സമ്മാനിക്കുന്ന ഒരുപിടി കഥാസന്ദർഭങ്ങളും ഒരേ മുഖങ്ങളും!

സംവിധാനം: സജിദ് ജഗദ്‌നന്ദൻ
നിർമ്മാണം: അനിൽ ബിശ്വാസ്, ജയലാൽ മേനോൻ
രചന: ദീപു എസ്.നായർ, സന്ദീപ് സദാനന്ദൻ
ഛായാഗ്രഹണം: സതീഷ് കുറുപ്പ്
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
ഗാനരചന: റഫീഖ് അഹമ്മദ്, ലാൽജി കാട്ടിപ്പറമ്പൻ
സംഗീതം: ബിജിബാൽ
കലാസംവിധാനം: സാബു മോഹൻ
ചമയം: പ്രദീപ് രംഗൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദലേഖനം: എൻ. ഹരികുമാർ
വിതരണം: മാജിക് ഫ്രെയിമ്സ്.

കട്ടപ്പനയിലെ ഋത്വിക് റോഷൻ – ⭐⭐


‘ഏറെക്കുറെ’ രസിപ്പിക്കുന്ന സിനിമ! – ⭐⭐

കുറവുകൾ കൂടുതലുള്ള തിരക്കഥയെ കൂടുതൽ കുറവുകൾ തോന്നിപ്പിക്കാതെ അവതരിപ്പിച്ച ആസ്വാദ്യകരമായ സിനിമയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. അച്ഛൻ-മകൻ ആത്മബന്ധത്തിന്റെ നൊമ്പരമുണർത്തുന്ന രംഗങ്ങളും, ശുദ്ധമായ ഹാസ്യ രംഗങ്ങളും, നല്ലൊരു സന്ദേശവും ഈ സിനിമയുടെ സവിശേഷതകൾ ആണെങ്കിൽ, നാട്ടിൻപുറത്തെ കണ്ടുമടുത്ത കഥാപാത്രങ്ങളും, പ്രവചിക്കാനാവുന്ന കഥാഗതിയും സിനിമയുടെ പ്രധാന പോരായ്മകളായി അവശേഷിക്കുന്നു.

മലയാള സിനിമയിലേക്ക് അഭിനയ ശേഷിയുള്ള ഒരു നായക നടനെ ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നു. ചെറിയ വേഷങ്ങളിലൂടെ പത്തു വർഷത്തിലധികം ബാലതാരമായി അഭിനയിച്ച വിഷ്ണു ഉണ്ണികൃഷ്ണനാണ് മലയാള സിനിമയിലെ പുതിയ താരോദയം. എന്റെ വീട് അപ്പൂന്റെയും, അമൃതം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ബാലതാരമായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ. എഴുത്തിലും അഭിനയത്തിലും ഒരേ സിനിമയിലൂടെ കഴിവ് തെളിയിച്ച കട്ടപ്പനയിലെ ഋത്വിക് റോഷൻ ആയ വിഷ്ണു ഉണ്ണികൃഷ്ണൻ മലയാള സിനിമയിലെ ശ്രീനിവാസനായി മാറുമെന്ന് നിസംശയം പറയാം.

പ്രമേയം: ⭐⭐
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി പരിശ്രമിക്കുന്നതിനിടയിൽ തോറ്റുപോകുന്ന കിച്ചു, അവന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ആത്മാർത്ഥമായി അവനെ സ്നേഹക്കുന്നവരെയും തിരിച്ചറിയാതെ പോകുന്നതുമാണ് ഈ സിനിമയുടെ പ്രമേയം. സിനിമാ മോഹിയായ ഒരച്ഛന്റെ ആഗ്രഹമായിരുന്നു മകനെ നാലാളറിയുന്ന ഒരു സിനിമാ നടനാക്കണമെന്ന്. കൃഷ്ണൻ നായർ എന്ന കിച്ചു അച്ഛന്റെ ആഗ്രഹം പോലെ സിനിമയെ സ്നേഹിക്കുകയും സിനിമാ നടനാകാൻ പരിശ്രമിക്കുകയും ചെയ്യുന്നു. കട്ടപ്പനക്കാർ കിച്ചുവിനെ ഋത്വിക് റോഷൻ എന്ന് വിളിച്ചു. കിച്ചുവിന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐⭐
അമർ അക്ബർ അന്തോണി എന്ന സിനിമയ്ക്ക് ശേഷം ബിബിൻ ജോർജ്-വിഷ്ണു ഉണ്ണികൃഷ്ണൻ ടീം എഴുതുന്ന തിരക്കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയുടേത്. ആസ്വാദ്യകരമായ രണ്ടര മണിക്കൂർ സമ്മാനിക്കുവാൻ ആവശ്യകരമായ ഘടകങ്ങളാണ് ഈ സിനിമയുടെ തിരക്കഥയിൽ ഉടനീളം. കണ്ടുമടുത്ത സ്ഥിരം നാട്ടിൻപുറത്തെ കഥാപാത്രങ്ങളിലൂടെ ആണെങ്കിലും ശുദ്ധമായ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച രംഗങ്ങളും നർമ്മ സംഭാഷണങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. സിനിമ മോഹവുമായി നടക്കുന്നതിനിടയിൽ കിച്ചുവിന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി കടന്നുവരുന്നു. ആ പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നു. എന്നാൽ അവൾ കിച്ചുവിനെ നല്ലൊരു സുഹൃത്തായി മാത്രമാണ്‌ കാണുന്നത് എന്നവൻ മനസ്സിലാകുന്നില്ല. സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും നിറമില്ലാത്ത കാരണത്താൽ അവയെല്ലാം കിച്ചുവിന് നഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള ക്‌ളീഷേ രംഗങ്ങളിലൂടെ വികസിക്കുന്ന കഥാസന്ദർഭങ്ങൾ പോരായ്മയാണെങ്കിലും ഹാസ്യ രംഗങ്ങളും സംഭാഷണങ്ങളും വലിയൊരു ആശ്വാസം നൽകുന്നവയാണ്. ഹാസ്യ രംഗങ്ങളോടെ അവസാനിക്കുന്ന ആദ്യ പകുതിയ്ക്ക് നേർവിപരീതമായി അച്ഛനും മകനും തമ്മിലുള്ള ആത്മബദ്ധവും കിച്ചു നേരിടുന്ന പ്രതികൂല സാഹചര്യങ്ങളും പ്രണയ നൈരാശ്യവുമാണ് രണ്ടാം പകുതി. കഥാവസാനം പ്രവചിക്കാനാവുന്ന രീതിയിൽ സിനിമ അവസാനിപ്പിക്കുകയും ചെയ്തു. എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന രംഗങ്ങൾ എഴുതുവാൻ ശ്രമിച്ച ബിബിനും വിഷ്ണുവും പുതുമയുള്ള കഥാസന്ദർഭങ്ങൾ എഴുതുവാൻ ശ്രമിച്ചില്ല.

സംവിധാനം: ⭐⭐⭐
തിരക്കഥയിലുള്ള ന്യൂനതകൾ ഒരുപരിധി വരെ പ്രേക്ഷകർക്ക് മനസ്സിലാകാത്തത് നാദിർഷ എന്ന സംവിധായകന്റെ മികവ് ഒന്നുകൊണ്ടു മാത്രമാണ്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതിലും, കഥയുടെ വിശ്വസനീയതയോടെയുള്ള അവതരണവും, നല്ല പാട്ടുകളും, രംഗങ്ങൾക്ക് മാറ്റുകൂട്ടുന്ന പശ്ചാത്തല സംഗീതവും സമന്വയിപ്പിച്ചു മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ നാദിർഷ വിജയിച്ചു. സസ്പെൻസ് നിറഞ്ഞ അന്തരീക്ഷത്തിൽ ആരംഭിച്ച കഥ ആദ്യപകുതിയുടെ അവസാനവും സസ്പെൻസ് നിലനിർത്തിക്കൊണ്ടു അവസാനിച്ചു. ഹാസ്യ രംഗങ്ങളും സെന്റിമെന്റ്സ് രംഗങ്ങളും കൃത്യമായ അളവിൽ ഉൾപ്പെടുത്തിയ സിനിമ ആസ്വാദ്യകരമാക്കിയത് സംവിധാന മികവുകൊണ്ട് മാത്രമാണ്. അമർ അക്ബർ അന്തോണി പോലെ ഒരു വലിയ വിജയമായില്ലെങ്കിലും ഈ ഋത്വിക് റോഷനെ പ്രേക്ഷകർ സ്വീകരിക്കുമെന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐
ഷാംദത്ത് സൈനുദ്ധീൻ ഊഴത്തിനു ശേഷം ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയാണിത്. കട്ടപ്പനയുടെ ദൃശ്യചാരുത ഒപ്പിയെടുക്കുന്നതിനു പകരം കഥയ്ക്ക് ആവശ്യമായ രംഗങ്ങൾ റിയലിസ്റ്റിക്കായി ചിത്രീകരിക്കുവാൻ ശ്രമിച്ചത് സിനിമയ്ക്ക് ഗുണകരമായി. കളർഫുൾ ദൃശ്യങ്ങളടങ്ങുന്ന പാട്ടുകളുടെ ചിത്രീകരണവും മികവ് പുലർത്തി. സിനിമയുടെ ആരംഭം മുതൽ
ബിജിബാലിന്റെ പശ്ചാത്തല സംഗീതം ചിരിപടർത്തുന്നവയായിരുന്നു. നർമ്മ സംഭാഷണങ്ങളെക്കാൾ പ്രേക്ഷകരെ പല രംഗങ്ങളിലും പൊട്ടിചിരിപ്പിച്ചത് പശ്ചാത്തല സംഗീതം കേട്ടാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിലെ അഴകേ എന്ന് തുടങ്ങുന്ന പാട്ടു മറ്റുള്ളവയെക്കാൾ മികവ് പുലർത്തി. സന്തോഷ് വർമ്മയും ഹരിനാരായണനും നാദിർഷയും എഴുതിയ വരികൾക്ക് നാദിർഷയാണ് സംഗീതം പകർന്നത്. ജോൺകുട്ടിയുടെ സന്നിവേശം ശരാശരിയിലൊതുങ്ങി. സിനിമയുടെ ആരംഭത്തിൽ ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവങ്ങൾ എങ്ങനെയെന്നുള്ള വിശദീകരണം വലിച്ചുനീട്ടിയതുപോലെ തോന്നി. സിനിമാ മോഹിയായ അച്ഛന്റെ കഥയുടെ അവതരണം ഹാസ്യ രംഗങ്ങൾ ഉൾപെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ മാത്രമാണ്. അഖി എൽസയുടെ വസ്ത്രാലങ്കാരം മികവ് പുലർത്തി.

അഭിനയം: ⭐⭐⭐⭐
എല്ലാ ഭാവാഭിനയ മുഹൂർത്തങ്ങളും ആദ്യ നായക കഥാപാത്രത്തിലൂടെ അഭിനയിക്കാനുള്ള അവസരം എല്ലാ നടന്മാർക്കും ലഭിക്കുന്ന ഭാഗ്യമല്ല. വിഷ്ണു ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം ഹാസ്യവും സെന്റിമെൻറ്സും ഡാൻസും ആക്ഷനും ഇതിനു മുമ്പുള്ള സിനിമകളിൽ ചെയ്തിട്ടുള്ളതുകൊണ്ട് ഈ കഥാപാത്രം അവതരിപ്പിക്കുന്നതിൽ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടാകില്ല. ഇനിയും നായകനാകാനുള്ള ഭാഗ്യം ഈ കലാകാരന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. കിച്ചുവിന്റെ സന്തത സഹചാരിയായ ദാസപ്പൻ മികവോടെ അവതരിപ്പിച്ചു കയ്യടി നേടുവാൻ ധർമ്മജന് സാധിച്ചു. ഈ സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒരെണ്ണം ധർമ്മജന്റെതാണ്. സിദ്ദിക്കും തനിക്കു ലഭിച്ച വേഷം മികവോടെ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലെത്തിയ ലിജോമോൾ കനി എന്ന നായിക കഥാപാത്രത്തെ ഭംഗിയാക്കി. പ്രയാഗ മാർട്ടിനും തന്റെ വേഷം തരക്കേടില്ലാതെ അവതരിപ്പിച്ചു. സലിം കുമാറിന്റെ അഭിനയം പല രംഗങ്ങളിലും അമിതാഭിനയമായി തോന്നി. ഇവരെ കൂടാതെ സിജു വിത്സൺ, രാഹുൽ മാധവ്, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ജോർജ്, കലാഭവൻ ഹനീഫ്, വിനോദ് കെടാമംഗലം, മജീദ്, ബാബു ജോസ്, ജാഫർ ഇടുക്കി, ബിബിൻ ജോർജ്, കോട്ടയം പ്രദീപ്, രമേശ് കുറുമശ്ശേരി, സമദ്, രാജേഷ്, മഹേഷ്, സീമ ജി.നായർ, സ്വസിക, നീന കുറുപ്പ്, താര കല്യാൺ, സേതുലക്ഷ്മി, അംബിക മോഹൻ എന്നിവരും ഈ സിനിമയിൽ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വാൽക്കഷ്ണം: ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച ഋത്വിക് റോഷൻ ഇനിമുതൽ കേരളക്കരയുടെ സ്വന്തം.

സംഗീതം, സംവിധാനം: നാദിർഷ
നിർമ്മാണം: ദിലീപ്, ഡോ. സക്കറിയ തോമസ്
രചന: വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്
ഛായാഗ്രഹണം: ഷാംദത്ത് സൈനുദ്ധീൻ
ചിത്രസന്നിവേശം: ജോൺകുട്ടി
ഗാനരചന: സന്തോഷ് വർമ്മ, ഹരിനാരായണൻ, നാദിർഷ
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: ജോസഫ് നെല്ലിക്കൽ
ചമയം: പി.വി.ശങ്കർ
വസ്ത്രാലങ്കാരം: അഖി എൽസ
വിതരണം: നാഥ് ഗ്രൂപ് റിലീസ്.

ഒരു മുറൈ വന്ത് പാർത്തായാ – ⭐⭐

image

ഒരു മുറൈ വന്ത് പാരുങ്കെ സന്തോഷമാ പോങ്കെ! – ⭐⭐

മല്ലാപുരം എന്ന കേരളത്തിലെ ഒരു ഗ്രാമം. ബിരുദ്ധധാരിയായ പ്രകാശനാണ് ആ ഗ്രാമത്തിലെ ഏക എലക്ട്രീഷ്യൻ. വിവാഹപ്രായമെത്തിയ പ്രകാശന് ജാതകത്തിൽ ദോഷമുള്ളതിനാൽ വിവാഹം നടക്കുന്നില്ല. വീട്ടുക്കാരും കൂട്ടുകാരും അറിയാതെ പ്രകാശൻ അശ്വതിയെ പ്രണയിക്കുന്നു. പ്രകാശന്റെ ജീവിതത്തിലേക്ക് ഒരു രാത്രി പാർവതി എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്ന് പ്രകാശന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് പുതുമുഖം സാജൻ കെ. മാത്യു സംവിധാനം ചെയ്ത ഒരു മുറൈ വന്ത്‌ പാർത്തായാ എന്ന സിനിമയുടെ കഥ.

പ്രകാശനായി ഉണ്ണി മുകുന്ദനും, പാർവതിയായി പ്രയാഗ മാർട്ടിനും, അശ്വതിയായി സനുഷയും അഭിനയിച്ചിരിക്കുന്നു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ്  ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌.

പ്രമേയം: ⭐
കഥാനായകനും ഒരുപറ്റം സുഹൃത്തുക്കളും, കഥാനായകന്റെ പ്രണയവും, നിഷകളങ്കരായ ഗ്രാമനിവാസികളും, വർഷാവർഷം അവിടെ നടക്കുന്ന കായിക മത്സരവും ഒക്കെ 90കളിലെ മലയാള സിനിമയിൽ സജീവമായ കഥ പശ്ചാത്തലമായിരുന്നു. അപ്രതീക്ഷിതമായ സാഹചര്യത്തിൽ നിഗൂഡ ലക്ഷ്യങ്ങളുമായി വരുന്ന മറ്റൊരു പെൺകുട്ടി നായകന്റെ കൂടെ സന്തതസഹാചാരിയകുകയും ചെയ്യുമ്പോൾ അത്യന്തം രസകരമായ ഒരു ത്രികോണ പ്രണയകഥയകുമെന്ന് പ്രേക്ഷകർ കരുതും. എന്നാൽ, പ്രണയകഥയെന്നു തോന്നിപ്പിച്ചു മറ്റൊരു തലത്തിലേക്ക് ഈ സിനിമയുടെ കഥ ചെന്നെത്തുന്നു. ഈ 21നാം നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ, സംവിധായകൻ ഉദ്ദേശിച്ചത് ഒരു കെട്ടുകഥയാകം എന്ന് കരുതാം. എന്നിരുന്നാലും സിനിമയിലുടനീളം കഥയുടെ വിശ്വസനീയത ഒരു ചോദ്യമായി പ്രേക്ഷകരുടെ മനസ്സിലുണ്ടാകുമെന്നുറപ്പ്.

തിരക്കഥ: ⭐⭐
നവാഗതനായ അഭിലാഷ് ശ്രീധരനാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്ഥിരം കാഴ്ചകളായി മുൻപോട്ടു പോകുന്ന ആദ്യപകുതി പ്രവചിക്കാനാവുന്നതും കണ്ടുമടുത്തതും തന്നെ. അപ്രതീക്ഷിത ട്വിസ്റ്റൊടെ ആദ്യപകുതി അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആകാംഷയുണ്ടാക്കുവാൻ കഥാസന്ദർഭങ്ങൾക്ക് സാധിച്ചു. സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങളും സുപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ ആകാംഷയോടെ കണ്ടിരുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള തമാശകളില്ല എന്നത് വലിയൊരു ആശ്വാസമാണ്. സുരാജ് വെഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രവും കഥാസന്ദർഭങ്ങളും രസകരമായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സും പ്രവചിക്കാനാവുന്നതായിരുന്നുവെങ്കിലും വ്യതസ്ഥ രീതിയിലായി അവതരിപ്പിച്ചത് പുതുമ നൽകി.

സംവിധാനം: ⭐⭐⭐
പുതുമുഖം സാജൻ കെ. മാത്യുവിന്റെ സംവിധാനമികവ് ഒന്നുകൊണ്ടു മാത്രമാണ് അവിശ്വസനീയമായ ഒരു പ്രമേയവും കഥയും രസകരമായി പ്രേക്ഷകർക്ക്‌ തോന്നിയത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന സത്യസന്ധമായ ഹാസ്യരംഗങ്ങളും, കണ്ണിനു കുളിർമ്മയേകുന്ന ലൊക്കേഷനുകളും, നല്ല പാട്ടുകളും, കഥാപാത്രങ്ങൾക്ക് അനിയോജ്യരായ അഭിനേതാക്കളും അങ്ങനെ എല്ലാ ഘടഗങ്ങളും ഒത്തുചേർന്നു വന്നത് സംവിധായകന് തുണയായി. രണ്ടാം പകുതിയിലെ സന്ദർഭങ്ങൾ പതിഞ്ഞ താളത്തിലായത് പ്രേക്ഷകരെ ബോറടിപ്പിച്ചു. എന്നാലും സിനിമയുടെ അവസാനം വരെ ഒരു ആകാംഷ ജനിപ്പിക്കുവാൻ സംവിധായകന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം.

സാങ്കേതികം: ⭐⭐⭐
അവിശ്വസനീയമായ ഒരു കഥയെ കെട്ടുകഥ എന്ന് വിശേഷിപ്പിക്കാമെങ്കിലും അതു രസകരമായി പ്രേക്ഷകർക്ക്‌ ഇഷ്ടപെടുന്ന രീതിയിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതിനു സംവിധായകനെ സഹായിച്ച വ്യക്തികളാണ് ചായഗ്രാഹകനും സംഗീത സംവിധായകനും. ധനേഷ് രവീന്ദ്രനാഥ് പകർത്തിയ രംഗങ്ങൾ മികവുറ്റതായിരുന്നു. അവയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം നൽക്കുവാൻ വിനു തോമസിന് സാധിച്ചു.
അഭിലാഷ് ശ്രീധരന്റെ വരികൾക്ക് വിനു തോമസ്‌ ഈണമിട്ട 4 ഗാനങ്ങളും മികവു പുലർത്തി. മുഴുതിങ്കൾ എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവും മികച്ചതായി അനുഭവപെട്ടത്‌. ബിബിൻ പോൾ സാമുവലാണ് രംഗങ്ങൾ കോർത്തിണക്കിയത്. രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും പതിഞ്ഞ താളത്തിൽ പറഞ്ഞുപോയത്‌ പ്രേക്ഷകരെ മുഷിപ്പിച്ചു. എം.ബാവയാണ് ഈ സിനിമയ്ക്ക് വേണ്ടി പഴയ കാലഘട്ടം ഒരുക്കിയത്. സജി കാട്ടാക്കടയുടെ മേയിക്കപ്പും മാഫിയ ശശിയുടെ ഗുസ്ത്തി മത്സരത്തിലെ സംഘട്ടന രംഗങ്ങളും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
വിക്രമാദിത്യനു ശേഷം ഉണ്ണി മുകുന്ദന് ലഭിച്ച നായക കഥാപാത്രങ്ങളിൽ മികച്ചതാണ് ഈ സിനിമയിലെ പ്രകാശൻ. തനിക്കാവുന്ന രീതിയിൽ പ്രകാശനെ അവതരിപ്പിക്കുവാൻ ഉണ്ണിയ്ക്ക് സാധിച്ചു. പിസാസ് എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രയാഗ മാർട്ടിൻ പാർവതി എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു. സുധി കോപ്പയും പ്രശാന്ത്‌ ഡോമിനികും സാദിക്കും ബിന്ദു പണിക്കരും അവരവരുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്‌, കലാഭവൻ നാരായണൻകുട്ടി, കൊച്ചുപ്രേമൻ, സാബുമോൻ, സനൂഷ, സീമ ജി.നായർ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: ഒരു വട്ടം കുടുംബസമേതം കണ്ടു ചിരിക്കാം പിന്നെ മറക്കാം!

സംവിധാനം: സാജൻ കെ. മാത്യു
നിർമ്മാണം: സിയാദ് കോക്കർ
രചന: അഭിലാഷ് ശ്രീധരൻ
ചായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്
ചിത്രസന്നിവേശം: ബിബിൻ പോൾ സാമുവൽ
സംഗീതം: വിനു തോമസ്‌
കലാസംവിധാനം: എം.ബാവ
വസ്ത്രാലങ്കാരം: ഷീബ
മേയിക്കപ്പ്: സജി കാട്ടാക്കട
സംഘട്ടനം: മാഫിയ ശശി
വിതരണം: കോക്കേഴ്സ് ത്രു കലാസംഘം