കിസ്മത്ത് – ⭐

ഈ സിനിമയുടെ കിസ്മത്ത് പ്രേക്ഷകർ തീരുമാനിക്കട്ടെ! – ⭐

ഷാനവാസ് കെ.ബാവക്കുട്ടി പൊന്നാനി മുൻസിപ്പൽ കൗൺസിലറായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് കിസ്മത്ത് എന്ന സിനിമയായി പ്രേക്ഷകരുടെ മുൻപിലേക്കെത്തുന്നത്. 28 വയസ്സ് പ്രായമുള്ള ഒരു ദളിത് യുവതിയും 21 വയസ്സുള്ള ഒരു ഇസ്ലാം യുവാവും തമ്മിലുള്ള പ്രണയകഥയാണ് കിസ്മത്ത്. ഷാനവാസ് കെ. ബാവക്കുട്ടി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കിസ്മത്തിൽ ഷെയിൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് കമിതാക്കളുടെ വേഷത്തിൽ അഭിനയിക്കുന്നത്.

പട്ടം സിനിമയ്ക്ക് വേണ്ടി ഷൈലജയും കളക്ട്ടീവ് ഫേസ് വണിന്റെ ബാനറിൽ രാജിവ് രവിയും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന കിസ്മത്ത് വിതരണം ചെയ്തിരിക്കുന്നത് ലാൽ ജോസിന്റെ എൽ.ജെ.ഫിലിംസാണ്.

പ്രമേയം: ⭐
നഷ്ടപ്രണയം പ്രമേയമാക്കിയ അന്നയും റസൂലും, എന്ന് നിന്റെ മൊയ്‌ദീൻ എന്നിവ മലയാള സിനിമ പ്രേമികളുടെ മനസ്സിനെ സ്പർശിച്ച സിനിമകളാണ്. മേല്പറഞ്ഞ സിനിമകളുടെ കഥാതന്തു യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. അവയെല്ലാം വൻവിജയങ്ങളായപ്പോൾ കുറെ സംവിധായകരും എഴുത്തുകാരും അത്തരത്തിലുള്ള പ്രമേയങ്ങളുടെ പുറകെ അന്വേഷണം തുടങ്ങി. ഷാനവാസ് ബാവക്കുട്ടി എന്ന നവാഗത എഴുത്തുകാരൻ അവരിലൊരാളാണ്. അന്നയും റസൂലും എന്ന സിനിമയുടെ പ്രമേയവും കഥയും ഫോർട്ട്‌ കൊച്ചി പശ്ചാത്തലത്തിൽ നിന്നും പൊന്നാനിയിലേക്കു പറിച്ചുനട്ടു എന്നതല്ലാതെ എഴുത്തുകാരന്റെ കഴിവ് തെളിയിക്കുന്ന ഒന്നും ഈ സിനിമയുടെ പ്രമേയത്തിലോ കഥയിലോ ഇല്ല.നായക കഥാപാത്രമായ ഇർഫാന് നായികയായ അനിതയോട് തോന്നുന്നത് പ്രേമമാണോ അതോ കാമമാണോ എന്നുവരെ സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന് സംശയം തോന്നുന്ന രീതിയിലാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐
അന്നയും റസൂലും മലയാളത്തിലെ നല്ല പ്രണയ ചിത്രങ്ങളിൽ ഒന്നായി മാറിയത് ഫഹദ് ഫാസിലിന്റെ താരമൂല്യമോ രാജീവ്‌ രവിയുടെ സംവിധാനമികവോ കൊണ്ടല്ല. അതുപോലെ പ്രിഥ്വിരാജിന്റെ പൗരുഷമോ പാർവതിയുടെ സൗന്ദര്യമോ അല്ല എന്ന് നിന്റെ മൊയ്‌ദീൻ മലയാളത്തിലെ ഏറ്റവും മികച്ച നഷ്ടപ്രണയകഥയായി മാറിയത്. കഥയോടും പ്രമേയത്തോടും നീതിപുലർത്തുന്നതും യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്നതുമായ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും ഉള്ളതുകൊണ്ടാണ്. കഥയുമായി ബന്ധമില്ലായെങ്കിലും കഥ നടക്കുന്ന പശ്ചാത്തലത്തിൽ നടന്നേക്കാവുന്ന കുറെ രംഗങ്ങൾ കുത്തിനിറച്ചതുകൊണ്ടു അവയൊന്നും നല്ല തിരക്കഥകൾ ആകണമെന്നില്ല. കാരണം, പ്രധാന കഥയുമായി ബന്ധമില്ലാത്ത രംഗങ്ങൾ സിനിമയുടെ ദൈർഘ്യം വർദ്ധിപ്പിക്കുമെന്നല്ലാതെ മറ്റൊരു ഗുണവും ചെയ്യുന്നില്ല. രണ്ടു മതത്തിൽ വിശ്വസിക്കുന്ന വ്യക്തികൾ പ്രണയിക്കുമ്പോൾ, അവരുടെ സ്നേഹത്തേക്കാൾ മതത്തിനു പ്രാധാന്യം നൽക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്നും ജീവിക്കുന്നത് എന്ന സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കുവാനാണ് ഷാനവാസ് കെ. ബാവക്കുട്ടി ശ്രമിച്ചത്. മലയാള സിനിമയിൽ കാലാകാലങ്ങളായി ചർച്ച ചെയ്ത മടുത്ത പഴഞ്ചൻ കഥാസന്ദർഭങ്ങളുടെ പുതിയ രീതി എന്നല്ലാതെ മറ്റൊന്നും ഈ തിരക്കഥയെ വിശേഷിപ്പിക്കാനാവില്ല.

സംവിധാനം: ⭐⭐
പതിഞ്ഞ താളത്തിൽ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന എല്ലാ സിനിമകളും ക്ലാസ്സ്‌ എന്ന വിശേഷണം ലഭിക്കുവാൻ സാധ്യതയുള്ളതുകൊണ്ടാണോ ഈ സിനിമയും മേല്പറഞ്ഞ രീതി സ്വീകരിച്ചത്? കഴമ്പില്ലാത്ത രംഗങ്ങൾ എത്ര റിയലിസ്റ്റിക്കായി അവതരിപ്പിച്ചാലും അതുകണ്ടു ആശ്ചര്യപെടുന്ന വിഡ്ഢികളല്ല മലയാളികൾ എന്ന് സംവിധായകൻ മനസ്സിലാക്കേണ്ടതുണ്ട്. ഷാനവാസ് കെ. ബാവകുട്ടയിൽ കഴിവുള്ള ഒരു എഴുത്തുകാരനും സംവിധായകനുമുണ്ട്. അന്നയും റസൂലും എന്ന സിനിമ പോലൊരു സിനിമയെടുക്കുവാൻ ശ്രമിച്ചതിന് പകരം പുതുമയുള്ള ഒരു വിഷയം കണ്ടെത്തി അവതരിപ്പിച്ചിരുന്നുവെങ്കിൽ മറ്റൊരു രാജീവ്‌ രവിയാകാൻ സാധ്യതയുള്ള വ്യക്തിയാണ് ഷാനവാസ് കെ. ബാവകുട്ടി എന്ന് എത്രയും വേഗം സ്വയം തിരിച്ചറിയട്ടെ എന്ന് ആശംസിക്കുന്നു.

സാങ്കേതികം: ⭐⭐
കിസ്മത്ത് എന്ന സിനിമയെ ചിലരെങ്കിലും ഇഷ്ടപെടുന്നുവെങ്കിൽ അതിനു കാരണം സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. കമിതാക്കളുടെ പ്രണയ രംഗങ്ങളിൽ നൽകിയിരിക്കുന്ന സംഗീതവും അവർ പിരിയുമ്പോൾ നൽകിയിരിക്കുന്ന സംഗീതവും മനസ്സിനെ സ്പർശിക്കുന്നവയായിരുന്നു. സുഷിൻ തന്നെ ഈണമിട്ട കിസപാതയിൽ എന്ന പാട്ടും, സുമേഷ് പരമേശ്വർ ഈണമിട്ട നിളമണൽതരികളിൽ എന്ന് തുടങ്ങുന്ന പാട്ടും ഇമ്പമുള്ളതായി അനുഭവപെട്ടു. റഫീക്ക് അഹമ്മദ്, അൻവർ അലി, മൊയ്‌ദീൻ വൈദ്യർ എന്നിവരാണ് ഗാനരചയ്താക്കൾ. സുരേഷ് രാജന്റെ വിഷ്വൽസ് മങ്ങിയ കഥാപശ്ചാത്തലം സൃഷ്ടിച്ചു എന്നതല്ലാതെ മറ്റൊരു പുതുമയും നൽകിയില്ല. ബി. അജിത്കുമാർ-ജിതിൻ മനോഹർ എന്നിവരാണ് ഈ സിനിമയിലെ രംഗങ്ങൾ സന്നിവേശം നിർവഹിച്ചത്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതി പ്രേക്ഷകരെ ബോറടിപ്പിച്ചു എന്നതല്ലാതെ മറ്റൊന്നും പറയുവാനില്ല. ആദ്യ പകുതിയിലെ രംഗങ്ങൾ അനാവശ്യമായി വലിച്ചുനീട്ടി ഒന്നരമണിക്കൂർ എത്തിക്കുവാൻ കഠിന പ്രയത്നം ചെയ്യേണ്ടിവന്നിട്ടുണ്ടാകണം. പ്രമോദ് തോമസ്‌ നിർവഹിച്ച ശബ്ദമിശ്രണം മികവു പുലർത്തി. ചമയവും വസ്ത്രാലങ്കാരവും തുടങ്ങി മറ്റെല്ലാ സാങ്കേതിക വശങ്ങളും സംവിധായകന്റെ അവതരണ രീതിയോട് നീതിപുലർത്തി.

അഭിനയം: ⭐⭐⭐
വിനയ് ഫോർട്ട്‌ എന്ന നടന്റെ അതുജ്വല അഭിനയമാണ് ഈ സിനിമയുടെ പ്രധാന പ്ലസ് പോയിന്റ്. ഒരു പോലീസുകാരനെ അത്രത്തോളം നിരീക്ഷിച്ചിട്ടാണ് അജയ് മേനോൻ എന്ന കഥാപാത്രത്തെ വിനയ് ഫോർട്ട്‌ അവതരിപ്പിച്ചിരിക്കുന്നത്. വിനയ് ഫോർട്ട്‌ അഭിനയിച്ചതിൽ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരിക്കും ഈ സിനിമയിലെ പോലീസുകാരൻ.അഭിനന്ദനങ്ങൾ! ഷെയിൻ നിഗം തനിക്കാവുന്ന വിധത്തിൽ ഇർഫാൻ എന്ന യുവാവിനെ അവതരിപ്പിച്ചു. പൊന്നാനിയിൽ ജനിച്ചുവളർന്ന ഇർഫാന് ഇടയ്ക്കിടെ സംസാരത്തിൽ കൊച്ചി ഭാഷ വരുന്നത് ഒരു നടനെന്ന രീതിയിൽ ഷെയിനോ ഷാനവാസ് ബാവക്കുട്ടിയോ ശ്രദ്ധിക്കാതെപോയത്‌ പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ട്. അനിതയെ മോശമാക്കാതെ അവതരിപ്പിക്കുവാൻ ശ്രുതി മേനോൻ ശ്രമിച്ചിട്ടുണ്ട്. അലൻസിയാർ ലേ, വിജയൻ, സുനിൽ സുഖദ, ജയപ്രകാശ് എന്നിവരും കുറെ പുതുമുഖങ്ങളും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തിയിട്ടുണ്ട്.

വാൽക്കഷ്ണം: അന്നയെ അനിതയാക്കാം, റസൂലിനെ ഇർഫാനാക്കാം, ഫോർട്ട്‌കൊച്ചിയെ പൊന്നാനിയുമാക്കാം. പക്ഷെ, കിസ്മത്ത് ഒരിക്കലും അന്നയും റസൂലുമാകില്ല.

രചന, സംവിധാനം: ഷാനവാസ് കെ.ബാവക്കുട്ടി
നിർമ്മാണം: ഷൈലജ, രാജീവ്‌ രവി
ചായാഗ്രഹണം: സുരേഷ് രാജൻ
ചിത്രസന്നിവേശം: ബി.അജിത്കുമാർ, ജിതിൻ മനോഹർ
സംഗീതം: സുമേഷ് പരമേശ്വർ, ഷമേജ് ശ്രീധർ, സുഷിൻ ശ്യാം
പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം
ഗാനരചന: റഫീക്ക് അഹമ്മദ്, അൻവർ അലി, മഹാകവി മോയിൻകുട്ടി വൈദ്യർ
ചമയം: ആർ.ജി.വയനാടൻ
വസ്ത്രാലങ്കാരം: മഷർ ഹംസ
കലാസംവിധാനം: നാഗരാജ്
ശബ്ദമിശ്രണം: പ്രമോദ് തോമസ്‌
ശബ്ദലേഖനം: അരുണ്‍ രാമവർമ്മ
വിതരണം: എൽ.ജെ.ഫിലിംസ്.