ഗോദ – ⭐⭐⭐


ആസ്വാദനത്തിന്റെ ദൃതങ്കപുളകിത നിമിഷങ്ങൾ! – ⭐⭐⭐

ഹാസ്യരസാവഹമായ മുഹൂർത്തങ്ങളാലും നർമ്മത്തിൽ ചാലിച്ച സംഭാഷണങ്ങളാലും രസകരമായ ആഖ്യാന ശൈലിയാലും ഏവരെയും തൃപ്ത്തിപെടുത്തുവാൻ കഴിഞ്ഞതിൽ ബേസിൽ ജോസഫിനും കൂട്ടർക്കും അഭിമാനിക്കാം. കഥാപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും പുത്തുനുണർവ്വ് നൽകുന്ന അവതരണ മികവുകൊണ്ടും സാങ്കേതിക തികവുകൊണ്ടും അഭിനയ മികവുകൊണ്ടും ഒരുവട്ടം ആസ്വദിച്ചു കണ്ടിരിക്കുവാൻ കഴിയുന്ന സിനിമയാണ് ഗോദ.

കുഞ്ഞി രാമായണത്തിന്റെ വലിയ വിജയത്തിന് ശേഷം ബേസിൽ ജോസഫ് ഒരുക്കിയ ഗോദയിൽ പഞ്ചാബി സുന്ദരി വാമിക്വ ഗബ്ബിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസും രഞ്ജിപണിക്കരും തുല്യപ്രധാന വേഷങ്ങളിൽ വാമിക്വയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇ ഫോർ എന്റെർറ്റെയിൻമെന്റ്സിനു വേണ്ടി മുകേഷ് ആർ. മേത്തയും സി.വി.സാരഥിയും എ.വി.എ.പ്രൊഡക്ഷൻസിനു വേണ്ടി എ.വി.അനൂപും സംയുക്തമായാണ് ഗോദ നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐
സുൽത്താനും ദങ്കലും കേരളത്തിലെ സിനിമാപ്രേമികളെ ഏറെ സ്വാധീനിച്ച സിനിമകളാണ്. അതെ ശ്രേണിയിൽ ഉൾപെടുത്താവുന്ന പ്രമേയവും കേരളത്തിന്റെ സംസ്കാരം നിലനിർത്തിക്കൊണ്ടു മലയാള ഭാഷ സംസാരിക്കുന്ന രീതിയിലേക്ക് മാറ്റിയ ഒരു ഗുസ്തിമത്സര കഥയുമാണ് രാകേഷ് മാന്തോടി എഴുതിയത്. പഞ്ചാബിലെ ഗോദയിൽ മത്സരിക്കാൻ അനുമതി ലഭിക്കാത്ത ഒരുവൾ കേരളത്തിന് വേണ്ടി മത്സരിക്കുവാനെത്തുന്ന സാഹചര്യമാണ് കഥയിലെ ഏക പുതുമ. മലയാള സിനിമയിൽ നിർമ്മിക്കപ്പെട്ട ഒട്ടുമിക്ക കായികവിനോദങ്ങൾ പ്രേമേയമാക്കിയ സിനിമകളിലും പ്രേക്ഷകർ കണ്ടാസ്വദിച്ചവ തന്നെയാണ് ഗോദയിലും കഥാപശ്ചാത്തലമാകുന്നത്.

തിരക്കഥ: ⭐⭐⭐
വിനീത് ശ്രീനിവാസന്റെ തിരയുടെ തിരക്കഥ രചിച്ചുകൊണ്ടു മലയാള സിനിമയിലെത്തിയ രാകേഷ് മാന്തോടി രചന നിർവഹിച്ച രണ്ടാമത്തെ സിനിമയാണ് ഗോദ. ഗുസ്തി എന്ന കായികവിനോദത്തിനു വേണ്ടി തയ്യാറെടുക്കുന്നതും ജയ-പരാജയങ്ങളിലൂടെ ഒടുവിൽ സ്വന്തം നാടിനെ പ്രതിനിധികരിക്കുവാൻ സാധിക്കുന്ന ഒരു പഞ്ചാബി പെൺകുട്ടിയുടെ കഥയാണ് രാകേഷ് മാന്തോടി എഴുതിയത്. പഞ്ചാബി പെൺകുട്ടി കേരളത്തിന് വേണ്ടി മത്സരിക്കാനെത്തുന്ന സന്ദർഭങ്ങൾ മാത്രമാണ് പുതുമയുള്ളതായി അനുഭവപ്പെട്ടത്. ഗുസ്തി മത്സരത്തിനുള്ള തയ്യാറെടുപ്പുകളും വീറും വാശിയും നിറഞ്ഞ മത്സരങ്ങളും പ്രേക്ഷകർക്ക് സുപരിചിതമായ രീതിയിലുള്ള കഥാസന്ദർഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ രസംകൊല്ലിയാകുന്നതും. പ്രണയത്തിനു സാധ്യതയുള്ള കഥാഗതിയായിരുന്നുവെങ്കിലും ഒട്ടും പൈങ്കിളിയാക്കാത്ത ആ സന്ദർഭങ്ങൾ കയ്യടക്കത്തോടെ എഴുതുവാൻ രാകേഷിനു സാധിച്ചു. നാട്ടിനുപുറവും മൈതാനവും ക്രിക്കറ്റ് കളിയുമൊക്കെ ആവർത്തന വിരസമായി അനുഭവപെട്ടു. ആദ്യ പകുതിയിലെ മേല്പറഞ്ഞ കഥാസന്ദർഭങ്ങൾ കണ്ടുമടുത്തതാണെങ്കിലും നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളാണ് പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തിയത്. അതുപോലെ രഞ്ജി പണിക്കർ അവതരിപ്പിച്ച ക്യാപ്റ്റന്റെ കഥാപാത്ര രൂപീകരണവും മികവ് പുലർത്തി. തിരയിലൂടെ ഓളങ്ങൾ സൃഷ്ടിക്കാൻ രാകേഷ് മാന്തോടിയ്ക്കു സാധിച്ചില്ലായെങ്കിലും ഗോദയിലൂടെ ശക്തമായ രണ്ടാംവരവിന്‌ കഴിഞ്ഞു.

സംവിധാനം: ⭐⭐⭐⭐
ഗുസ്തി എന്ന കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മവരുന്ന മുഖം ഒരുപക്ഷെ സുശീൽ കുമാറിന്റേതാകാം. ഗുസ്തി എന്ന കായികവിനോദത്തിലൂടെ കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ഗട്ടാ ഗുസ്തിക്കാരനാണ് ടി.ജെ.ജോർജ്ജ്. ഗുസ്തിക്കാരുടെ കഥയും ഗോദയിൽ മത്സരിക്കാനിറങ്ങുമ്പോഴുള്ള അവരുടെ വികാരങ്ങളും പോരാട്ടങ്ങളും പ്രേമേയമാക്കിയ സിനിമകളൊന്നും മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടില്ല. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമയിലും സിബി മലയിലിന്റെ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയിലും മാത്രമാണ് നമ്മൾ ഗുസ്തി കണ്ടിട്ടുള്ളത്. കുഞ്ഞിരാമായണം പോലെ കേരളത്തിലെ ഒരു ഉൾഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഗോദയിലും ബേസിൽ അവതരിപ്പിച്ചത്. പുതുമയാർന്നതും ഉണർവ്വ് പകരുന്നതുമായ അവതരണമാണ് ഗോദയെ വ്യത്യസ്തമാക്കുന്നത്. വേഗതയോടെയുള്ള കഥപറച്ചിൽ സിനിമയുടെ ആസ്വാദനത്തിനു ഗുണകരമായി. ഏവർക്കുമറിയാവുന്ന കഥയും കഥയിലെ വഴിത്തിരുവുകളും ഈ സിനിമയുടെ ന്യൂനതകളിൽ ഉൾപ്പെടുന്നുവെങ്കിലും, അതൊന്നും പ്രേക്ഷകർക്ക് ചിന്തിച്ചെടുക്കാൻ കഴിയാത്ത വിധത്തിലുള്ള സന്നിവേശവും വിഷ്വൽസും പശ്ചാത്തല സംഗീതവും ഉപയോഗപ്പെടുത്തി അവതരിപ്പിക്കുവാൻ ബേസിൽ ജോസഫിന് സാധിച്ചിട്ടുണ്ട്. ബാഹുബലിയിൽ നിന്ന് മോചിതരായി ഇനിയുള്ള കുറച്ചു മാസങ്ങൾ പ്രേക്ഷകർ ഗോദക്ക് പിന്നാലെ പോകുമെന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐⭐
അഭിനവ് സുന്ദർ നായകും വിഷ്ണു ശർമ്മയും ഷാൻ റഹ്‌മാനും ചേർന്ന് അത്യുഗ്രൻ സാങ്കേത്തികമികവോടെ പ്രേക്ഷകരെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഗോതമ്പിന്റെ നിറമുള്ള കളർടോണുകൾ നൽകി ഇതുവരെ കണ്ടിട്ടില്ലാത്ത പഞ്ചാബിന്റെ മുഖം ഒപ്പിയെടുക്കുവാൻ വിഷ്ണു ശർമ്മയുടെ ക്യാമറക്കണ്ണുകൾക്കു സാധിച്ചു. അതുപോലെ കേരളത്തിലെ നാട്ടിൻപുറത്തെ കാഴ്ചകളും ക്‌ളൈമാക്‌സിലെ ഗുസ്തിമത്സരങ്ങളും മികവോടെ ചിത്രീകരിക്കുവാൻ വിഷ്ണുവിന് കഴിഞ്ഞു. ചടുലമായ സന്നിവേശമാണ് പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിച്ചിരുത്തിയത്. അഭിനവ് സുന്ദർ നായക് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന എന്ന പാട്ടും അതിന്റെ സംഗീതവും മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. സമീപകാലത്തു കേട്ടതിൽ ഏറ്റവും ഇമ്പമാർന്ന സംഗീതമാണ് ആ പാട്ടിനു ഷാൻ റഹ്മാൻ നൽകിയത്. ഗോദ ഒരുക്കിയത് ത്യാഗു തവന്നൂരാണ്. ഗുസ്തി മത്സരത്തിനായുള്ള ആഡംബര വേദിയൊരുക്കുന്നതിൽ ത്യാഗു വിജയിച്ചു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തി. ഗുസ്തി മത്സരങ്ങളുടെ സംഘട്ടനം ഒരുക്കിയത് സ്റ്റണ്ണർ ശിവയും സംവിധായകൻ ബേസിൽ ജോസഫും ചേർന്നാണ്. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐
വാമിക്വ ഗബ്ബി, രഞ്ജി പണിക്കർ, ടൊവിനോ തോമസ്, അജു വർഗീസ്, ഹരീഷ് പെരുമണ്ണ, ശ്രീജിത്ത് രവി, ധർമ്മജൻ ബോൾഗാട്ടി, മാമുക്കോയ, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, ഹരീഷ് പരേടി, ഷൈൻ ടോം ചാക്കോ, ദിനേശ് നായർ, പാർവതി എന്നിവരാണ് ഗോദയിലെ പ്രധാന അഭിനേതാക്കൾ. സമീപകാലത്തു കണ്ടതിൽ ഏറ്റവും പൗരുഷമുള്ള കഥാപാത്രത്തെ നൂറു ശതമാനം ആത്മാർത്ഥമായി അവതരിപ്പിക്കുവാൻ രഞ്ജി പണിക്കർക്ക് സാധിച്ചു. ആഞ്ജനേയ ദാസ് എന്ന നായക കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു വിജയിപ്പിക്കുവാൻ ടൊവിനോ തോമസിനും കഴിഞ്ഞു. അദിതി സിംഗ് എന്ന ഗുസ്തിക്കാരിയായി വാമിക്വയും അഭിനയ മികവ് പുലർത്തി. അജു വർഗീസും ഹരീഷ് പെരുമണ്ണയും പാർവതിയും അവരവരുടെ വേഷങ്ങളിൽ തിളങ്ങി. നാട്ടിൻപുറത്തെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയത് മാമുക്കോയയും ധർമ്മജനും ബിജുക്കുട്ടനും ശ്രീജിത്ത് രവിയും ഹരീഷ് പരേടിയും ചേർന്നാണ്. ശുദ്ധമായ ഹാസ്യരംഗങ്ങളിലെ നിഷ്കളങ്കമായ ഇവരുടെ അഭിനയമാണ് പ്രേക്ഷകരെ ഏറെ രസിപ്പിച്ചത്.

വാൽക്കഷ്ണം: കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ഒരുപിടി രസകരമായ മുഹൂർത്തങ്ങളിലൂടെ കോർത്തിണക്കിയ ഗുസ്തിക്കഥയാണ് ഗോദ!

സംവിധാനം: ബേസിൽ ജോസഫ്
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി
ബാനർ: ഇ ഫോർ എൻറ്റർറ്റെയിന്മെന്റ്സ്, എ.വി.എ. പ്രൊഡക്ഷൻസ്
രചന: രാകേഷ് മാന്തോടി
ഛായാഗ്രഹണം: വിഷ്ണു ശർമ്മ
ചിത്രസന്നിവേശം: അഭിനവ് സുന്ദർ നായക്
സംഗീതം: ഷാൻ റഹ്‌മാൻ
ഗാനരചന: മനു മഞ്ജിത്, വിനായക് ശശികുമാർ
കലാസംവിധാനം: ത്യാഗു തവന്നൂർ
ചമയം: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദസംവിധാനം: രാജകൃഷ്ണൻ
വിതരണം: ഇ ഫോർ എന്ററെർറ്റെയിന്മെന്റ്സ്.

ഒരു മെക്സിക്കൻ അപാരത – ⭐⭐⭐


അരിവാളും കൈപ്പത്തിയും കട്ടക്കലിപ്പിൽ! – ⭐⭐⭐

ഇന്നത്തെ കലാലയങ്ങൾ സൃഷ്ടിക്കുന്നത് ചങ്കുറപ്പുള്ള വിദ്യാർത്ഥികളെയല്ല, വെറും പുസ്തക പുഴുക്കളെയാണ് എന്നൊരു പ്രശസ്ത നേതാവ് അഭിപ്രായപ്പെട്ടിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയവും പ്രസ്ഥാനങ്ങളും തിരഞ്ഞെടുപ്പും കലാപങ്ങളുമുണ്ടായിരുന്ന കേരളത്തിലെ കലാലയങ്ങൾ അന്നത്തെ തലമുറയ്ക്ക് ഒരു ആവേശമായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ കലാലയങ്ങളിൽ എന്തിനു നിലകൊണ്ടിരുന്നു എന്ന് മനസ്സിലാക്കികൊടുക്കുന്ന ഒരു മെക്സിക്കൻ അപാരത നവയുഗ തലമുറയ്ക്ക് പുത്തൻ അനുഭവം നൽകുകയും പഴയ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. ഏറെ കാലത്തിനു ശേഷം മലയാള സിനിമയിൽ നിർമ്മിക്കപ്പെട്ട ഈ കലാലയ രാഷ്ട്രീയ സിനിമ നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ അനൂപ് കണ്ണനാണ്.

അരിവാളും കൈപ്പത്തിയും തമ്മിലുള്ള പോരാട്ട കഥകൾ മലയാള സിനിമ പ്രേമികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ടതാണ്. അത് ക്യാമ്പസിന്റെ പശ്ചാത്തത്തലത്തിലൂടെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ ആകാംഷ കൂടുന്നു. നവാഗതനായ ടോം ഇമ്മട്ടിയാണ് ഒരു മെക്സിക്കൻ അപാരതയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ എന്നിവരാണ് ഒരു മെക്സിക്കൻ അപാരതയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂവരുടെയും അഭിനയമികവാണ് ഒരു മെക്സിക്കൻ അപരാതയുടെ മാറ്റുകൂട്ടുന്നത്. പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയ്ക്ക് ഉണർവ്വ് പകർന്നിട്ടുണ്ട്.

പ്രമേയം: ⭐⭐
കലാലയങ്ങളിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശക്തമായി പ്രവർത്തിച്ചു തുടങ്ങിയത് കേരളത്തിലെ അടിയന്തരാവസ്ഥ കാലഘട്ടത്തിലായിരുന്നു. അന്ന് മുതൽ രണ്ടായിരമാണ്ട് തുടക്കം വരെ ശക്തമായ നിലയിൽ ഇത് തുടർന്നിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് ഒരു മെക്സിക്കൻ അപാരതയുടെ കഥ നടക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ ഏകാധിപത്യ ഭരണമായിരുന്ന നീല കൊടി താഴ്ത്തി, പകരം അവിടെ ചെങ്കൊടി സ്ഥാപിക്കുവാൻ ഒരുപറ്റം വിദ്യാർത്ഥി സഖാക്കൾ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നതാണ് ഒരു മെക്സിക്കൻ അപാരതയുടെ കഥ.

തിരക്കഥ: ⭐⭐⭐
ടോം ഇമ്മട്ടി തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഈ സിനിമ യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്ര ആവിഷ്കരണമല്ല. മഹാരാജാസിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും അതിന്റെ മുന്നോടിയായി ക്യാമ്പസ്സിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയിലുടനീളം. കെ.എസ്.ക്യൂ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവായ രൂപേഷ് ആണ് നിലവിലെ കോളേജ് യൂണിയൻ ചെയർമാൻ. എസ്.എഫ്.വൈ എന്ന പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കാൻ പോളും സുഭാഷും ജോമിയും കൃഷ്ണനും രാജേഷും മാത്രമാണുള്ളത്. ഈ അഞ്ചംഗ സംഘത്തിന്റെ പ്രയത്നങ്ങൾ മൂലം ആ വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.വൈ മത്സരിക്കാൻ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ ക്‌ളൈമാക്‌സ്. സിനിമയുടെ ആദ്യപകുതിയിലെ രംഗങ്ങൾ പലതും ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സിലും, അൽഫോൻസ് പുത്രന്റെ പ്രേമത്തിലും കണ്ടത് തന്നെയാണ്. ഇത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളിൽ ഒന്ന്. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി രംഗങ്ങൾ ആദ്യപകുതിയിൽ വന്നുപോകുന്നുണ്ട്. ഒരു ക്യാമ്പസ് സിനിമയാകുമ്പോൾ പ്രണയവും പ്രണയ നൈരാശ്യവും വെള്ളമടിയും എല്ലാം വേണമല്ലോ എന്ന് തോന്നിയതുകൊണ്ടാകും ഇവയെല്ലാം കഥാസന്ദർഭങ്ങളായത്. രണ്ടാം പകുതിയിലെ സന്ദർഭങ്ങൾ ആദ്യ പകുതിയേക്കാൾ മികവ് പുലർത്തിയിരുന്നു. യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലായായിരുന്നു അവയെങ്കിലും, സഖാക്കൾക്ക് ആവേശമുണ്ടാക്കുന്ന ക്‌ളൈമാക്‌സ് സിനിമയുടെ മാറ്റുകൂട്ടുന്നുണ്ട്. പ്രേക്ഷകരെ അപാരതയിലെത്തിച്ചില്ലെങ്കിലും ഒരുപരിധി വരെ ത്രസിപ്പിക്കുവാൻ തിരക്കഥാകൃത്തിനു സാധിച്ചിട്ടുണ്ട്.

സംവിധാനം: ⭐⭐⭐
എല്ലാത്തരം സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകനെയും ആസ്വദിപ്പിക്കുന്ന ഒന്നാകണം തന്റെ ആദ്യ സിനിമ എന്ന വ്യകതമായ ധാരണയോടെയാണ് ടോം ഇമ്മട്ടി ഒരു മെക്സിക്കൻ അപാരത സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ പകുതിയിൽ നർമ്മവും പ്രണയവും രാഷ്ട്രീയവും കലോത്സവവും സമന്വയിപ്പിച്ചു അവതരിപ്പിച്ചപ്പോൾ, രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പിന്റെ ആവേശവും, അടിപിടിയും, ഏകാധിപത്യം അവസാനിപ്പിച്ചു ചെങ്കൊടി നാട്ടുന്ന ക്‌ളൈമാക്‌സും ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചു. സിനിമയുടെ തുടക്കത്തിലുള്ള ഡബ്ബിങ് പ്രശ്നങ്ങളും സിനിമയുടെ ദൈർഘ്യവും ഒഴിച്ച് നിർത്തിയാൽ ഏവർക്കും ആസ്വദിക്കാനാവുന്ന ഘടകങ്ങളെല്ലാം ഈ സിനിമയിലുണ്ട്. ക്ലാസ്സ്മേറ്റ്സ് എന്ന സിനിമയുടെ അവതരണ രീതിയോട് ഏറെ സമാനതകളുള്ള ഒന്നാണ് ഈ സിനിമയുടെ അവതരണ രീതിയും. രോമാഞ്ചമുണർത്തുന്ന രംഗങ്ങൾ എന്ന പ്രതീക്ഷ നൽക്കുന്നവ പലതും അവസാനം തമാശ രംഗങ്ങളാണ് മാറുന്ന കാഴ്ചയാണ് കണ്ടത്. മേല്പറഞ്ഞവ രണ്ടും ഈ സിനിമയുടെ ന്യൂനതകളിൽ ഉൾപ്പെടുന്നു. അമിത പ്രതീക്ഷയുണർത്തുന്ന വിപണന തന്ത്രം ഒരുപരിധിവരെ സിനിമയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആസ്വാദനത്തിനു വേണ്ടിയൊരുക്കിയ സിനിമ എന്നതിലുപരി ഇടതുപക്ഷ ചായ്വുള്ള സിനിമ എന്ന രീതിയിൽ കാണേണ്ട ഒന്നല്ല ഈ സിനിമ. സിനിമയെ സിനിമയായി കാണാൻ കഴിയുന്നവർക്ക് ആസ്വദിക്കാം ഈ മെക്സിക്കൻ അപാരത.

സാങ്കേതികം: ⭐⭐⭐⭐
പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തുവാൻ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ച പങ്ക് ചെറുതല്ല. കട്ടകലിപ്പിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം കൃത്യമായ ഇടവേളകളിൽ പശ്ചാത്തലത്തിൽ ഉപയോഗിച്ചത് ഗുണം ചെയ്തിട്ടുണ്ട്. ഒട്ടനവധി മലയാള സിനിമകൾ എറണാകുളം മഹാരാജാസ് കോളേജിൽ ചിത്രീകരിച്ചിട്ടുണ്ട്. അവയിലൊന്നും കാണാത്ത മഹാരാജാസിലെ മുക്കും മൂലയും ഫ്രയിമുകളാക്കാൻ ഛായാഗ്രാഹകൻ പ്രകാശ് വേലായുധനായത് സിനിമയ്ക്ക് പുതുമ സമ്മാനിച്ചു. പതിനേഴു വർഷങ്ങൾക്കു മുമ്പ് നടന്ന കഥ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുവാനും ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. വൈഡ് ആംഗിൾ ഷോട്ടുകൾ ഉൾപെടുത്താത്തതിന് പ്രത്യേക നന്ദി. കാരണം, സമീപകാലത്തു പുറത്തിറങ്ങിയ എല്ലാ സിനിമകളിലും ആവശ്യത്തിനും അനാവശ്യത്തിനും ക്യാമറ ആകാശത്തുവെച്ച് ചിത്രീകരിച്ചു പ്രേക്ഷകരെ വെറുപ്പിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. പതിഞ്ഞ താളത്തിലുള്ള കഥയുടെ അവതരണം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും ആസ്വാദനത്തിനു വേണ്ടി ഉൾപെടുത്തിയതും പ്രേക്ഷകരെ മുഷിപ്പിച്ചു. രണ്ടു മണിക്കൂറിൽ അവതരിപ്പിക്കേണ്ട കഥയെ വലിച്ചുനീട്ടി ദൈർഘ്യം കൂട്ടിയതിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാകുന്നില്ല. അതുപോലെ സിനിമയുടെ തുടക്കത്തിൽ നായകൻ വീണുകിടക്കുന്നത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് കഥ സഞ്ചരിക്കുന്നത് ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സ് എന്ന സിനിമയെ ഓർമ്മപ്പെടുത്തി. മണികണ്ഠൻ അയ്യപ്പ, രഞ്ജിത് ചിറ്റാടെ എന്നീ പുതുമുഖങ്ങളാണ് പാട്ടുകളുടെ സംഗീതം സംവിധാനം നിർവഹിച്ചത്. ഇവളാരോ, കട്ടക്കലിപ്പ്‌, ഏമാന്മാരെ എന്നീ പാട്ടുകൾ മികവ് പുലർത്തി. റഫീഖ് അഹമ്മദ്, അനിൽ പനച്ചൂരാൻ, ടോം ഇമ്മട്ടി, രഞ്ജിത് ചിറ്റാടെ എന്നിവരാണ് പാട്ടുകളുടെ വരികൾ എഴുതിയത്. നിമേഷ് താനൂരിന്റെ കലാസംവിധാനം രംഗങ്ങൾക്ക് വിശ്വസനീയത തോന്നിപ്പിച്ചു. വർഷങ്ങളായി ഉപയോഗിക്കാത്ത മെക്സിക്കോ എന്ന മുറി മുതൽ കോളേജ് ഹോസ്റ്റലിന്റെയും ബാത്ത്റൂമിന്റെയും മതിലുകളിൽ എഴുതിവെച്ചിരിക്കുന്ന വാചകങ്ങൾ വരെ അതീവ ശ്രദ്ധയോടെയാണ് നിമേഷ് ഒരുക്കിയിരിക്കുന്നത്. കാലഘട്ടത്തിനനുസരിച്ചു കഥാപാത്രങ്ങളുടെ ചമയം നിർവഹിച്ച റോണി വെള്ളത്തൂവലും അഭിനന്ദനം അർഹിക്കുന്നു.

അഭിനയം: ⭐⭐⭐⭐
ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, മനു, സുധി കോപ്പ, വിഷ്ണു ഗോവിന്ദ്, ജിനോ ജോൺ, സുഭീഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ഹരീഷ് പരേഡി, ബാലാജി ശർമ്മ, സുനിൽ സുഖദ, ഗായത്രി സുരേഷ്, മേഘ മാത്യു, അഞ്ജലി നായർ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. തനിക്കു ലഭിച്ച പോൾ എന്ന സഖാവിന്റെ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ ടൊവീനോ തോമസിന് സാധിച്ചു. സുബാഷ് എന്ന സഖാവായി നീരജ് മാധവും അഭിനയ മികവ് പുലർത്തി. എന്നാൽ, ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചത് രൂപേഷ് പീതാംബരനാണ്. ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച എല്ലാ നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: വിദ്യാർത്ഥി രാഷ്ട്രീയവും പ്രണയവും സൗഹൃദവും ഗൃഹാതുരത്വവും സമന്വയിപ്പിച്ച ക്യാമ്പസ് പൊളിറ്റിക്കൽ ത്രില്ലർ!

രചന, സംവിധാനം: ടോം ഇമ്മട്ടി
നിർമ്മാണം: അനൂപ് കണ്ണൻ
ഛായാഗ്രഹണം: പ്രകാശ് വേലായുധൻ
ചിത്രസന്നിവേശം: ഷമീർ മുഹമ്മദ്
സംഗീതം: മണികണ്ഠൻ അയ്യപ്പ, രഞ്ജിത് ചിറ്റാടെ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
ഗാനരചന: റഫീഖ് അഹമ്മദ്, അനിൽ പനച്ചൂരാൻ, ടോം ഇമ്മട്ടി, രഞ്ജിത് ചിറ്റാടെ
കലാസംവിധാനം: നിമേഷ് താനൂർ
ചമയം: റോണി വെള്ളത്തൂവൽ
വസ്ത്രാലങ്കാരം: ബ്ലൂസി
വിതരണം: അനൂപ് കണ്ണൻ സ്റ്റോറീസ്.

എസ്ര – ⭐⭐


സാങ്കേതിക മികവിലൊരു ജൂതമത പ്രേതകഥ! – ⭐⭐

ജൂതമതക്കാരുടെ ആചാരപ്രകാരം മരിച്ചവരുടെ ആത്മാക്കളെ ഡിബുക് എന്ന് വിളിക്കുന്നു. ഡിബുകുകളെ ആവാഹിച്ചു ഡിബുക് ബോക്സിലാക്കി തളയ്ക്കുന്നതാണ് ജൂതമതക്കാരുടെ ആചാരം. ആ ഡിബുക് ബോക്സ് ആരാൽ തുറക്കപെടുന്നുവോ, അതിൽ ആവാഹിച്ചിട്ടുള്ള ജൂതന്റെ ആത്മാവ് അയാളിലേക്ക് പ്രവേശിക്കുമെന്നാണ് ഐതിഹ്യം.

പ്രേതകഥകൾ പ്രമേയമാക്കിയ സിനിമകളിൽ ഏവരെയും വിസ്മയിപ്പിച്ച ഒന്നാണ് കൺജ്യൂറിംഗ്‌. യഥാർത്ഥ സംഭവത്തിൽ നിന്നും പ്രജോദനമുൾക്കൊണ്ടാണ് ആ സിനിമ അവതരിപ്പിച്ചിത്. അത്രയുമധികം വിശ്വസനീയതയോടെയാണ് ആ സിനിമയിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചത്. അതെ ശ്രേണിയിൽ ഒരു മലയാള സിനിമ എന്ന പ്രതീക്ഷ നൽകിക്കൊണ്ടാണ് എസ്ര പ്രദർശനത്തിനെത്തിയത്. കഥാപരമായി പുതുമ സമ്മാനിക്കുന്നില്ലായെങ്കിലും, സാങ്കേതികത്തികവോടെയുള്ള അവതരണത്താൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ എസ്രക്കു സാധിച്ചു.

നവാഗതനായ ജയ് ആർ. കൃഷ്ണൻ എന്ന ജയ് കെ. രചനയും സംവിധാനവും നിർവഹിച്ച എസ്ര നിർമ്മിച്ചിരിക്കുന്നത് മുകേഷ് ആർ.മേത്ത, സി.വി.സാരഥി, എ.വി.അനൂപ് എന്നിവർ ചേർന്നാണ്. ഇ ഫോർ എന്റർറ്റെയിന്മെന്റ്സ് ആണ് എസ്ര പ്രദർശനത്തിനെത്തിച്ചത്. സുജിത് വാസുദേവ് ഛായാഗ്രഹണവും, വിവേക് ഹർഷൻ സന്നിവേശവും, സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
കെട്ടുകഥകളേക്കാൾ അവിശ്വസനീയമാണ് ചില സത്യങ്ങൾ. അത്തരത്തിലുള്ള അവിശ്വസനീയമായ ചില സത്യങ്ങളുടെ വിശ്വസനീയമായ അവതരണമാണ് എസ്ര എന്ന ജൂതന്റെ കഥ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ഒന്നാണ് ജൂതമതത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും. അതുകൊണ്ടു തന്നെ എസ്ര സിനിമയുടെ പ്രമേയം എല്ലാക്കാലവും പുതുമ സമ്മാനിക്കുന്നതാണ്. എന്നാൽ, പുതുമയുള്ള ഈ പ്രമേയത്തെ അടിസ്ഥാനമാക്കി എഴുതിയ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകർ കണ്ടുമടുത്ത കേട്ടുപഴകിയ പ്രേതകഥയ്ക്കു മുകളിൽ പോകുന്നില്ല. പ്രമേയപരമായി നോക്കിയാൽ ജൂതമതക്കാരുടെ വിശ്വാസങ്ങൾ ചർച്ചചെയ്ത സിനിമകൾ മലയാളത്തിലോ മറ്റു ഇന്ത്യൻ ഭാഷകളിലോ നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.

തിരക്കഥ: ⭐⭐
നൂറ്റിയമ്പത് കോടി ലാഭം നേടുന്ന സിനിമയായാലും പുരസ്‌കാരങ്ങൾ വാരിക്കൂട്ടുന്ന സിനിമയായാലും പ്രേക്ഷകാരുടെ അംഗീകാരം വേണമെങ്കിൽ സിനിമയിൽ പ്രധാനമായും കെട്ടുറപ്പുള്ള കഥയും കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും വേണം. സംവിധായകൻ ജയ് കെ. എഴുതിയ കഥയും കഥാസന്ദർഭങ്ങളും പ്രേക്ഷകർ കണ്ടുമടുത്ത പഴഞ്ചൻ പ്രേതകഥയെ അനുസ്മരിപ്പിക്കുന്ന ഒന്നായതാണ് ഈ സിനിമയുടെ ന്യൂനതകളിൽ പ്രധാനം. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളിലൂടെ മുൻപോട്ടു നീങ്ങുന്ന കഥയിൽ ഒരു അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടെങ്കിലും, അത് പ്രേക്ഷകർക്ക് ഊഹിക്കാനാവുന്നതിനുപ്പുറമല്ല. കാലാകാലങ്ങളായി കണ്ടുവരുന്ന പ്രേത കഥയിൽ നിന്നും ഈ സിനിമയെ വ്യത്യസ്ഥമാക്കുന്ന ഒരു ഘടകവും തിരക്കഥയിലില്ല. മനു ഗോപാലും ജയ് കെ.യും ചേർന്നെഴുതിയ സംഭാഷണങ്ങൾ മികവുപുലർത്തി. ജൂതന്മാരുടെ വർത്തമാന ശൈലിയും അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ സംഭാഷണ രീതിയും മികവോടെ സംഭാഷണങ്ങളാക്കിയിരിക്കുന്നു. കഥാവസാനമുള്ള ബാധയൊഴിപ്പിക്കുന്ന രംഗങ്ങൾ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമല്ല എന്നതും ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സംവിധാനം: ⭐⭐⭐
നവാഗത സംവിധായകർ മലയാള സിനിമയിൽ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഒരു നവാഗത സംവിധായകൻ ഏറ്റെടുക്കാൻ മടിക്കുന്ന ഏറെ വെല്ലുവിളികളുള്ള ഒരു കഥയാണ് എസ്ര. ക്ളൈമാക്സ് രംഗങ്ങളുടെ അവതരണതിലോ ജൂതമതക്കാരുടെ അനുഷ്ടാനങ്ങൾ കാണിക്കുന്ന രംഗങ്ങളോ പ്രേക്ഷകരെ എത്രത്തോളം സ്വാധീനിച്ചു എന്നതാണ് സംശയം. ഇത്രയും ഭീകരത സൃഷ്‌ടിച്ച പ്രേതത്തിനെ ഒഴിപ്പിക്കാൻ ഇത്രയും ലളിതമായ കാര്യങ്ങൾ മതിയോ എന്നതായിരുന്നു പ്രേക്ഷകന്റെ ചോദ്യം. പറഞ്ഞു പഴകിയ ഒരു തിരക്കഥയെ അവതരണ മികവുകൊണ്ട് മികച്ചതാക്കുവാൻ സംവിധായകൻ ജയ് കെ.ക്കു സാധിച്ചു. ഒരല്പം ഇഴഞ്ഞു നീങ്ങുന്ന അവതരണ ശൈലി മാറ്റിനിർത്തിയാൽ മികച്ചൊരു ത്രില്ലർ സിനിമ തന്നെയാണ് എസ്ര. ഛായാഗ്രാഹകനും കലാസംവിധായകനും സംഗീത സംവിധായകനും ശബ്ദ രൂപീകരണം നിയന്ത്രിച്ചയാളും അഭിനേതാക്കളും മികച്ച പിന്തുണ നൽകിയതിനാൽ ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു ഹൊറർ സിനിമയൊരുക്കുവാൻ ജയ് കെ.യെ സഹായിച്ചു.

സാങ്കേതികം: ⭐⭐⭐⭐
ഭയം പ്രേക്ഷകരിലേക്ക് എത്തണമെങ്കിൽ അവർ കാണുന്ന കാഴ്ചകളും കേൾക്കുന്ന ശബ്ദങ്ങളും ഭീതി ജനിപ്പിക്കുന്നതാകണം. എസ്രയിലെ മായകാഴ്ചകൾ ചിത്രീകരിച്ചത് സുജിത് വാസുദേവും പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചത് സുഷിൻ ശ്യാമും, ശബ്ദരൂപീകരണം നിർവഹിച്ചത് അനീഷ് ജോണും ചേർന്നാണ്. മെമ്മറീസിനു ശേഷം സുജിത് വാസുദേവിന്റെ ഏറ്റവും മികച്ച ഛായാഗ്രഹണമികവ് കണ്ടത് ഈ സിനിമയിലാണ്. അനാവശ്യമായ ക്യാമറ ഗിമ്മിക്‌സുകൾ ഒന്നുമില്ലാതെ, കളർ ടോണിലെ വ്യത്യസ്ഥതയും പുതുമയുള്ള ക്യാമറ ആംഗിളുകളും ഉപയോഗിച്ച് പ്രേക്ഷകരെ ഭയപെടുത്തുവാൻ സുജിത് വാസുദേവന് കഴിഞ്ഞിട്ടുണ്ട്. ഏബ്രാഹം എസ്രയുടെ കഥ പറയുന്ന പഴയ കാലഘട്ടത്തിലെ ഓരോ രംഗങ്ങളും മികച്ചതായിരുന്നു. ലൈലാകമേ എന്ന പാട്ടിന്റെ ചിത്രീകരണവും എടുത്തു പറയേണ്ട ഘടങ്ങളിൽ ഒന്നായിരുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം മുഴുനീള ഹൊറർ ഫീൽ കൊണ്ടുവരുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും ജോൺസൺ ഈണമിട്ട മണിച്ചിത്രത്താഴിലെ ഭീതിപരത്തുന്ന സംഗീതം പോലെ പ്രേക്ഷകർക്ക് ഓർത്തുവെയ്ക്കുവാനുള്ള ഒന്നും തന്നെ എസ്രയിലെ പശ്ചാത്തല സംഗീതത്തിനില്ല. ശബ്ദരൂപീകരണം നിർവഹിച്ച അനീഷ് ജോണും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കഥയിലുടനീളം ഒരുപാട് രംഗങ്ങൾ വലിച്ചുനീട്ടി അവതരിപ്പിച്ചതിന് ആവശ്യകത എന്തെന്ന് മനസ്സിലാകുന്നില്ല. പഴയ കാലഘട്ടത്തിൽ എസ്ര എങ്ങനെ മരിച്ചു എന്നത് മാത്രമേ പ്രസക്തിയുള്ളൂ. അയാളുടെ പ്രണയവും കൊലപാതകത്തിനു വേണ്ടിയുള്ള സാഹചര്യവും കാണിക്കേണ്ട ആവശ്യകത ഈ സിനിമയെ സംബന്ധിച്ചു പ്രസക്തിയില്ല എന്നത് ചിത്രസന്നിവേശകൻ മറന്നു. വിവേക് ഹർഷനാണ് സന്നിവേശം. ഇഴഞ്ഞു നീങ്ങുന്ന പ്രതീതി ചില രംഗങ്ങൾക്ക് തോന്നിപ്പിച്ചത് ഇതുമൂലമാണ്‌. ലൈലാകമേ എന്ന മനോഹരമായ യുഗ്മ ഗാനത്തിന് ഈണമിട്ടത് രാഹുൽ രാജാണ്. എസ്രയിലെ കലാസംവിധാനം നിർവഹിച്ചത് ഗോകുൽ ദാസാണ്. പകൽ സമയങ്ങളിൽ പോലും ഇത്രയും ഇരുട്ടുള്ള ഒരു വീട് ചില രംഗങ്ങളിൽ അവിശ്വസനീയമായി അനുഭവപെട്ടു. എന്നിരുന്നാലും, ഹൊറർ സിനിമയ്ക്ക് അനിവാര്യമായി ഘടകങ്ങളെല്ലാം ആ വീടിനുള്ളിൽ ഉപയോഗിക്കുവാൻ ഗോകുൽ ദാസ് മറന്നില്ല. പഴയ കാലഘട്ടത്തിലെ കലാസംവിധാനം ഗംഭീരമായിരുന്നു. ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്രയും മികച്ചതായിരുന്നു എസ്രയുടെ കാലഘട്ടം. ആ കാലഘട്ടത്തിലെ കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരവും മികവ് പുലർത്തി. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോഷനാണ് ചമയം.

അഭിനയം: ⭐⭐⭐
പ്രിഥ്വീരാജ്, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുദേവ് നായർ, വിജയരാഘവൻ, ബാബു ആന്റണി, സുജിത് ശങ്കർ, പ്രതാപ് പോത്തൻ, അലൻസിയാർ, അനു ശീതൾ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. രഞ്ജൻ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ പ്രിഥ്വീരാജ് ശ്രമിച്ചിട്ടുണ്ട്. ക്ലൈമാക്സ് രംഗങ്ങളിലെ അഭിനയം എടുത്തുപറയേണ്ട സവിശേഷത ഒന്നുമില്ലായില്ലെങ്കിലും, പ്രേക്ഷകർക്ക് വിശ്വസനീയമായ അളവിൽ ആ രംഗങ്ങൾ അവതരിപ്പിക്കുവാൻ അദ്ദേഹത്തിലെ നടന് സാധിച്ചു. പ്രിയ ആനന്ദും, ടോവിനോയും, സുദേവ് നായരും, വിജയരാഘവനും അവരവർക്കു ലഭിച്ച കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ സുജിത് ശങ്കർ വേണ്ടുവോളം മികവ് പുലർത്തിയില്ലെങ്കിലും, ആ കഥാപാത്രത്തിന് ശബ്ദം നൽകിയ സണ്ണി വെയ്‌‌ൻ അഭിനന്ദനം അർഹിക്കുന്നു. പ്രതാപ് പോത്തനെ പോലെയുള്ള നടന്മാരെ പ്രസക്തിയില്ലാത്ത കഥാപാത്രങ്ങളാക്കി പൂർണമായി ഉപയോഗപ്പെടുത്തുവാൻ സംവിധായകനായില്ല. ഇവരെ കൂടാതെ ചെറുതും വലുതുമായി ഒരുപിടി പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: സാങ്കേതിക മികവിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന എസ്രയെ ഒരുവട്ടം കണ്ടിരിക്കാം!

രചന, സംവിധാനം: ജയ് കെ.
സംഭാഷണം: മനു ഗോപാൽ
നിർമ്മാണം: മുകേഷ് ആർ.മേത്ത, സി.വി.സാരഥി, എ.വി.അനൂപ്
ഛായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: വിവേക് ഹർഷൻ
പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം
ഗാനരചന: ബി.കെ.ഹരിനാരായണൻ, വിനായക് ശശികുമാർ, അൻവർ അലി
സംഗീതം: രാഹുൽ രാജ്, സുഷിൻ ശ്യാം
കലാസംവിധാനം: ഗോകുൽ ദാസ്
ചമയം: റോഷൻ ജി.
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
സംഘട്ടനം: മിറാക്കിൽ മൈക്കൽ
ശബ്ദരൂപീകരണം: അനീഷ് ജോൺ
വിതരണം: ഇ ഫോർ എന്റർറ്റെയിന്മെന്റ്സ്.

ഗപ്പി – ⭐⭐⭐

നന്മയുള്ള ഗപ്പി – ⭐⭐⭐

ഗപ്പി ഒരു അലങ്കാര മത്സ്യമാണ് എന്ന് ഏവർക്കുമറിയാം. അവയെല്ലാം വരകളും പൊട്ടുകളുമായി വർണ്ണഭംഗിയോടെ കാണപെടുന്നു. ഗപ്പിയെ വളർത്തുന്ന, ഗപ്പി എന്ന് വിളിപേരുള്ള മിഖായേൽ എന്ന കൗമാരക്കാരന്റെ കഥയാണ് നവാഗതനായ ജോൺ പോൾ ജോർജ് സംവിധാനം നിർവഹിച്ച ഗപ്പി എന്ന സിനിമ. കാലുകൾ തളർന്ന പോയ അമ്മയ്ക്ക് ഒരു വീൽചെയർ വാങ്ങണമെന്ന ജീവിതലക്ഷ്യവുമായി ജീവിക്കുന്ന ഗപ്പിയുടെ മുമ്പിൽ പ്രതിസന്ധികൾ ഏറെയാണ്. അതെല്ലാം മറികടന്നു ലക്ഷ്യത്തിലെത്തുമ്പോൾ അവനു പലതും നഷ്ടമാകുന്നു. നൊമ്പരമുണർത്തുന്ന ഹൃദയസ്പർശിയായ ഒട്ടനവധി മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് ഗപ്പി.

സംവിധായകൻ ജോൺ പോൾ ജോർജ് തന്നെയാണ് ഗപ്പിയുടെ രചന നിർവഹിച്ചത്. കലി എന്ന സിനിമയ്ക്ക് ശേഷം ഗിരീഷ്‌ ഗംഗാധരൻ ചായാഗ്രഹണം നിർവഹിച്ച ഗപ്പിയുടെ രംഗങ്ങൾ കോർത്തിണക്കിയത് ദിലീപ് ഡെന്നീസാണ്. വിഷ്ണു വിജയ്‌ ആണ് സംഗീതവും പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചത്. മുകേഷ് ആർ. മേത്ത, എ.വി.അനൂപ്‌, സി.വി.സാരഥി എന്നിവർ ചേർന്നാണ് ഗപ്പി നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐
സംഭവബഹുലമായ ഒരു കഥ എന്നതിലുപരി മിഖായിലിന്റെയും തേജസ് വർക്കിയുടെയും ആ കടലോര പ്രദേശത്തെ നിവാസികളുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളും സന്താപങ്ങളുമാണ് ഗപ്പി എന്ന സിനിമയുടെ പ്രമേയവും കഥയും. ആത്മബദ്ധത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യം മനസ്സിലാക്കികൊടുക്കുന്ന കൊച്ചു കൊച്ചു സന്ദേശങ്ങളും ഈ സിനിമയിലൂടെ കുട്ടികളിലേക്കെത്തുന്നു. നന്മയുള്ള ഒരു കൊച്ചു സിനിമയാണ് ഗപ്പി.

തിരക്കഥ: ⭐⭐⭐
ബന്ധങ്ങളുടെ കെട്ടുപാടിൽ നമ്മളെല്ലാവരും തോറ്റുപോകുന്നവരാണ്. ഒരുപാട് നാളുകൾക്കു ശേഷം അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളിലൂടെ എഴുതിയിരിക്കുന്ന സിനിമയാണ് ഗപ്പി. ശത്രുതയിലൂടെ സൗഹൃദത്തിലെത്തുന്ന ഗപ്പിയും തേജസ് വർക്കിയും തമ്മിലുള്ള ബന്ധവും ആഴത്തിൽ പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനംപിടിക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തതയുണ്ട് അവർക്കും ഓരോ കഥകളുണ്ട്. ഓരോ കഥാപാത്രങ്ങളും ചെയ്യുന്ന കർമ്മത്തിനു അവരവരുടെ ന്യായങ്ങളുണ്ട്. പ്രവചിക്കാനവുന്ന കഥാസന്ദർഭങ്ങളാണെങ്കിലും സംഭാഷണങ്ങളിലെ പുതുമ പ്രേക്ഷകരെ രസിപ്പിച്ചു. ഇനിയും ഇതുപോലെ നല്ല മുഹൂർത്തങ്ങളുള്ള തിരക്കഥകൾ എഴുതുവാൻ ജോൺ പോൾ ജോർജിന് സാധിക്കട്ടെ.

സംവിധാനം: ⭐⭐⭐
ഒരു പുതുമുഖ സംവിധായകന്റെ പരിചയക്കുറവൊന്നും ജോൺ പോൾ ജോർജിലില്ല. സിനിമ കാണുന്ന പ്രേക്ഷകരെ ഒരുപിടി നല്ല കാഴ്ചകളിലൂടെ കൈപിടിച്ച് നടത്തുന്നതുപോലെയാണ് അനുഭവപെട്ടത്‌. ഈ സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ കഥാപശ്ചാത്തലവും സാങ്കേതിക പ്രവർത്തകരെയും അഭിനേതാക്കളെയും കണ്ടെത്തിയപ്പോൾ തന്നെ സംവിധായകൻ വിജയിച്ചിരിക്കുന്നു. കഥ അവതരിപ്പിച്ചിരിക്കുന്നത്‌ മന്ദഗതിയിലാണ് എന്നത് ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായപ്പോൾ സിനിമയിലെ പല രംഗങ്ങളുടെയും ആവശ്യകത എന്നതാണെന്ന് വരെ പ്രേക്ഷകർ ചിന്തിച്ചുപോകും. എന്നിരുന്നാലും, ഗപ്പിയിലൂടെ അഭിനന്ദനമർഹിക്കുന്ന സംവിധാനമികവ് കൈവരിക്കുവാൻ ജോൺ പോളിനു കഴിഞ്ഞു.

സാങ്കേതികം: ⭐⭐⭐⭐
കേരളത്തിലെ കടലോര പ്രദേശത്തെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്തു രണ്ടര മണിക്കൂർ ദൃശ്യവിരുന്നു ഒരുക്കിയ ഗിരീഷ്‌ ഗംഗാധരനു അഭിനന്ദനങ്ങൾ! സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച വിഷ്വൽസ് ഈ സിനിമയുടേതാണെന്നു നിസംശയം പറയാം. ഓരോ രംഗങ്ങൾക്കും മാറ്റുകൂട്ടുന്നത്‌ വിഷ്ണു വിജയ്‌ നൽക്കിയ സംഗീതം ഒന്നുകൊണ്ടു മാത്രമാണ്. ഗപ്പിയെ നമ്മൾ നെഞ്ചോടു ചേർത്തുപിടിക്കുന്നതു പശ്ചാത്തല സംഗീതത്തിലെ മികവുകൊണ്ട് മാത്രമാണ്. വിഷ്ണു വിജയ്‌ ഈണമിട്ട അതിരലിയും എന്ന പാട്ട് മികവു പുലർത്തി. വിജയ്‌ യേശുദാസും ലതികയുമാണ് ഗായകർ. ഗപ്പിയുടെ രംഗങ്ങൾ കോർത്തിണക്കിയത് ദിലീപ് ഡെന്നീസാണ്. ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളാണ് സിനിമയുടെ ആസ്വാദനത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളിൽ ഒന്ന്. കഥയിൽ പ്രാധാന്യമില്ലാത്ത നിരവധി രംഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. ഓരോ ഫ്രേയിമും കളർഫുൾ ആക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ഈ സിനിമയുടെ കലാസംവിധായകനായ ദിൽജിത് എം.ദാസ്. സ്റ്റെഫിയുടെ വസ്ത്രാലങ്കാരവും സിനിമയോട് ചേർന്നുപോകുന്നു.

അഭിനയം: ⭐⭐⭐⭐
മാസ്റ്റർ ചേതൻ, ടൊവീനോ തോമസ്‌, ശ്രീനിവാസൻ, രോഹിണി, അലൻസിയാർ, സുധീർ കരമന, ദിലീഷ് പോത്തൻ, പൂജപ്പുര രവി, നോബി, ചെമ്പിൽ അശോകൻ, ദേവി അജിത്‌ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. മാസ്റ്റർ ചേതൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്നു നിസംശയം പറയാം. മിതത്വമാർന്ന അഭിനയത്തിലൂടെ ഗപ്പി എന്ന കഥാപാത്രത്തെ ചേതൻ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അടുത്ത വർഷത്തെ സംസ്ഥാന ചലച്ചിത്ര അംഗീകാരങ്ങൾ ചേതനെ തേടിയെത്തുമെന്നുറപ്പാണ്. തേജസ് വർക്കി എന്ന കഥാപാത്രത്തെ മികച്ച അഭിനയമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുവാൻ ടൊവീനോ തോമസിനും സാധിച്ചു. ഇവരോടൊപ്പം തന്നെ തനതായ ശൈലിയിൽ ശ്രീനിവാസനും അലൻസിയാറും സുധീർ കരമനയും രോഹിണിയും മറ്റെല്ലാ നടീനടന്മാരും മികച്ച അഭിനയം കാഴ്ചവെച്ച സിനിമയാണ് ഗപ്പി.

വാൽക്കഷ്ണം: ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെ കൊച്ചു കൊച്ചു നന്മകൾ പകരുന്ന വർണ്ണശബളമായ ഗപ്പി കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ്.

രചന, സംവിധാനം: ജോൺ പോൾ ജോർജ്
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്‌, സി.വി.സാരഥി
ചായാഗ്രഹണം: ഗിരീഷ്‌ ഗംഗാധരൻ
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
സംഗീതം: വിഷ്ണു വിജയ്‌
ശബ്ദമിശ്രണം: രാജകൃഷ്ണൻ
കലാസംവിധാനം: ദിൽജിത് എം.ദാസ്
ചമയം: ആർ.ജി.വയനാടൻ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
വിതരണം: ഇ ഫോർ എന്റർറ്റെയിന്മെന്റ്സ്.

മൺസൂൺ മാംഗോസ് – ⭐

image

എന്തിനോ വേണ്ടി കായ്ക്കുന്ന മാമ്പഴങ്ങൾ! ⭐

അക്കരകാഴ്ച്ചകൾ എന്ന ടെലിസീരിയലിന്റെ സംവിധായകരിൽ ഒരാളായ അഭി വർഗീസ്‌ ആദ്യമായി സംവിധാനം നിർവഹിച്ച സിനിമയാണ് മൺസൂൺ മാംഗോസ്. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹുവുമായി ജീവിക്കുന്ന ദാവീദ് പി. പള്ളിക്കൽ അഥവാ ഡി.പി. പള്ളിക്കൽ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ സിനിമയിലൂടെ അഭി വർഗീസ്‌ പറയുന്നത്. ഡി. പി. പള്ളിക്കലായി ഫഹദ് ഫാസിൽ അഭിനയിചിരിക്കുന്നു. ഡോൺ മാക്സ്(ചിത്രസന്നിവേശം), ജെയിക്സ് ബിജോയ്‌(സംഗീതം)ഒഴികെ ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചിരിക്കുന്ന സാങ്കേതിക വിദ് ഗ്ദ്ധരെല്ലാം വിദേശികളാണ്.

പ്രമേയം: ⭐
ജീവിതത്തിൽ ആഗ്രഹിച്ച തൊഴിൽ കണ്ടെത്തുവാനും അതിൽ വിജയിക്കുവാനും ഭാഗ്യം ലഭിച്ചവർ വിരലിളെന്നാവുന്നവർ മാത്രം. ആഗ്രഹങ്ങളെല്ലാം മനസ്സിലൊതുക്കി കിട്ടിയ ജോലി ചെയ്തു ജീവിക്കുന്നവർ ഒരു വശത്ത്. സ്വയം ചെയ്യാൻ പറ്റാത്ത ജോലികൾ അന്വേഷിച്ചു കണ്ടത്തി സമൂഹത്തിൽ നാണം കെടുന്നവർ മറുവശത്ത്‌. ഇത്തരത്തിലുള്ള പ്രമേയമാണ് മൺസൂൺ മാംഗോസ് പറയുന്നത്. കേട്ടുപഴകിയ ഈ പ്രമേയം സിനിമക്കുള്ളിലെ സിനിമ എന്ന പഴഞ്ചൻ കഥയിലൂടെ വീണ്ടും അവതരിപ്പിക്കുവാൻ അഭി വർഗീസ്‌ കാണിച്ച ധൈര്യത്തിനു മുന്നിൽ പ്രണാമം.

തിരക്കഥ: ⭐
സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുവാൻ പരിശ്രമിച്ചു പരാജയപെടുന്ന നായകൻ, വീട്ടുകാരുടെയും നാട്ടുകാരുടെയും വെറുപ്പ്‌ സംഭാദിക്കുന്ന അവസ്ഥ, അഭിനേതാക്കളുടെ താൽപര്യക്കുറവുമൂലം സിനിമയെടുക്കാൻ പാടുപെടുന്ന സാഹചര്യങ്ങൾ. ഇത്രേയും കണ്ടുമടുത്ത കഥാസന്ദർഭങ്ങൾ കൃത്യമായ ചേരുവയിൽ തിരക്കഥയായി എഴുതിയിട്ടുണ്ട് വിദേശികളും സ്വദേശികളും ചേർന്ന്. നിരാശാജനകം!

സംവിധാനം: ⭐⭐
പഴയ വീഞ്ഞ് പുതിയ അമേരിക്കൻ കുപ്പിയിലാക്കിയതുകൊണ്ട് പ്രേക്ഷകർ തിയറ്റർ വിട്ടു പോകാതെ കണ്ടിരുന്നു ഈ സിനിമ. അതുപോലെ കഴിവുള്ള നടീനടന്മാരെ തിരഞ്ഞെടുത്തതും സിനിമയ്ക്ക് ഗുണം ചെയ്തു. നല്ല ലൊക്കേഷനുകൾ മറ്റൊരു സവിശേഷത. കഥ പറഞ്ഞിരിക്കുന്ന രീതി പുതിയ തലമുറയെ ആകർഷിക്കുന്ന രീതിയിലാണ്. അക്കരക്കാഴ്ചകൾ സ്വീകരിച്ച പ്രേക്ഷകർ ഈ മഴക്കാല മാംഗകളെ തിരസ്കരിക്കുവാനാണ് സാധ്യത.

സാങ്കേതികം: ⭐⭐⭐
ലുക്കാസ് എന്ന ചായാഗ്രാഹകന്റെ മികവുറ്റ വിഷ്വൽസ് ആണ് ഈ സിനിമയുടെ പ്രധാന ഘടകം. അത്യുഗ്രൻ ഫ്രെയിമുകൾ പ്രേക്ഷകന് പുതിയ ദ്രിശ്യാനുഭവം നൽകുന്നു. ഡോൺ മാക്സിന്റെ സന്നിവേശം സിനിമയുടെ അവതരണത്തിന് ചേർന്ന് പോകുന്നു. ജെയിക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ചില രംഗങ്ങൾക്ക് മാറ്റുകൂട്ടുന്നു. മേക്കപ്പും വസ്ത്രാലങ്കാരവും മികച്ചു നിന്നു.

അഭിനയം: ⭐⭐
ഡി.പി.പള്ളിക്കൽ ആയി ഫഹദ് ഫാസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. കഥാപാത്രത്തിനോട്‌ നൂറു ശതമാനം നീതി പുലർത്തിയിരിക്കുന്നു ഫഹദ്. ഹിന്ദി സിനിമ നടന വിജയ്‌ റാസും തന്റെ രംഗങ്ങൾ മികവുറ്റതാക്കി. വിനയ് ഫോർട്ട്‌, ടോവിനോ തോമസ്‌, നന്ദു, തമ്പി ആന്റണി, ജോസൂട്ടി, ഐശ്വര്യ മേനോൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: സാർ ആധുനികമേ പ്രസിദ്ധികരിക്കൂ എന്ന് പറഞ്ഞതുകൊണ്ട് സോൽപം കഞ്ചാവടിച്ചു എഴുതിയതാ! എങ്ങനുണ്ട്?

കടപ്പാട്: ജഗതി ശ്രീകുമാർ(ബോയിംഗ് ബോയിംഗ്)

സംവിധാനം: അഭി വർഗീസ്‌
നിർമ്മാണം: ആന്റണി പി. തെക്കേക്ക്, പ്രേമ തെക്കേക്ക്.
ബാനർ: കായൽ ഫിലിംസ്
ചായഗ്രഹണം: ലുക്കാസ് പ്രുച്ച്നിക്
രചന: മാറ്റ് ഗ്രുബ്, അഭി വർഗീസ്‌, നവീൻ ഭാസ്കർ
ചിത്രസന്നിവേശം: ഡോൺമാക്സ്
സംഗീതം: ജെയിക്സ് ബിജോയ്‌
മേക്കപ്പ്: ലിണ്ട്സേ കല്ലൻ
വസ്ത്രാലങ്കാരം: മോണിക്ക മയൊർഗ
ശബ്ദമിശ്രണം: ഡയാന സഗ്രിസ്ട്ട
വിതരണം: സെൻട്രൽ പിക്ചേഴ്സ്

സ്റ്റൈൽ – ⭐

image

ഇതിഹാസ സംവിധായകന്റെ അതിസാഹസികം! ⭐

ഇതിഹാസ എന്ന സിനിമയുടെ തിരക്കഥകൃത്തും സംവിധായകനും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് സ്റ്റൈൽ. പേര് സൂചിപ്പിക്കുന്ന പോലെ ഒരു മുഴുനീള സ്റ്റൈൽ ചിത്രം ഒരുക്കുവാൻ ശ്രമിച്ച ഇരുവർക്കും നിരാശജനകമായ ഒരു സിനിമ പുതുവത്സരത്തിൽ പ്രേക്ഷക്കർക്ക് നൽക്കുവാനാണ് കഴിഞ്ഞത്. കണ്ടുമടുത്ത കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും കഥാപശ്ചാത്തലവും പാട്ടുകളും അവസാനമില്ലാതെ നീളുന്ന സംഘട്ടനങ്ങളും മാത്രമാണ് സ്റ്റൈൽ എന്ന സിനിമ.  കഥയുടെ ഒരു ഘട്ടത്തിൽ പോലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു രംഗം പോലും ഈ സിനിമയിലില്ല.

പ്രമേയം: ⭐
ആക്ഷന് പ്രാധാന്യമുള്ള സിനിമയായതിനാൽ പുതുമയുള്ള പ്രമേയമോ കഥയോ ഇല്ലെങ്കിൽ പോലും പ്രേക്ഷകർ കണ്ടാസ്വദിചോളും എന്ന സംവിധായകൻറെ കണക്കുക്കൂട്ടൽ തെറ്റിപ്പോയ അവസ്ഥയാണ് ഈ സിനിമയുടെത്. സിനിമയുടെ ആദ്യാവസാനം പ്രേക്ഷകർക്ക്‌ പ്രവചിക്കാനുവുന്ന കഥ തന്നെയാണ് ഈ സിനിമയുടെ ദൗർബല്യം.

തിരക്കഥ: ⭐
പുതുമയില്ലാത്ത പ്രമേയവും കഥയും അവതരിപ്പിക്കുന്ന സാഹചര്യത്തിൽ, പുതുമയുള്ള കഥാസന്ദർഭങ്ങളും സംഭാഷണങ്ങളുമെങ്കിലും എഴുതുവാൻ തിരക്കഥ രചയ്താക്കൾ ശ്രമിക്കാത്തത് അവരുടെ അലസമായ സമീപനത്തെ തുറന്നുക്കാട്ടുന്നു. ഓരോ രാഗങ്ങളും അതിൽ അഭിനേതാക്കാൾ പറയുവാൻ പോകുന്ന സംഭാഷണങ്ങൾ വരെ പ്രവചിക്കനാകുന്ന വിധമാണ്‌ അനിൽ നാരായണനും ഡോമിനിക് അരുണും തിരക്കഥ എഴുതിയിരിക്കുന്നത്.

സംവിധാനം: ⭐⭐
പുതുമയുള്ള പ്രമേയം ആദ്യ സിനിമയിലൂടെ കൈകാര്യം ചെയ്തപ്പോൾ മലയാള സിനിമയ്ക്ക് നല്ലൊരു സംവിധായകനെ ലഭിച്ചു എന്ന് പ്രതീക്ഷിച്ച പ്രേക്ഷകരെ നിരാശപെടുത്തുന്ന രീതിയിലുള്ള കഥയുടെ അവതരണമാണ് സ്റ്റൈൽ എന്ന ബിനുവിന്റെ രണ്ടാമത്തെ സിനിമ. ക്ലീഷേ എന്ന പ്രയോഗം പഴയതാണെങ്കിലും, ഈ സിനിമയുടെ കാര്യത്തിൽ അത് തന്നെയാണ് ഏറ്റവും ഉചിതമായ പ്രയോഗം. സ്റ്റൈൽ  ഒരു അന്യഭാഷയിൽ ഒരുക്കിയിരുന്നെങ്കിൽ അന്യ സംസ്ഥാനതെങ്കിലും ഈ സിനിമ പ്രേക്ഷകർ സ്വീകരിക്കുമായിരുന്നു. യുക്തിയെ ചോദ്യം ചെയുന്ന ഒരൊറ്റ സിനിമ പോലും സമീപകാലത്ത് പ്രേക്ഷകർ സ്വീകരിച്ചിട്ടില്ല എന്നത് ബിനു മറന്നിരിക്കുന്നു.

സാങ്കേതികം: ⭐⭐
അതിഭാവുകത്വം നിറഞ്ഞ കഥാസന്ദർഭങ്ങൾ ക്യാമറയിൽ പകർത്തുക എന്നതാണ് ചായഗ്രഹണമെങ്കിൽ സിനോജ് പി.അയപ്പൻ വിജയിച്ചിരിക്കുന്നു. മറുപക്ഷം, സംവിധായകന്റെ മനസ്സിലുള്ള ആശയം പ്രേക്ഷകർക്ക്‌ കൂടി ആസ്വാദ്യകരമായ രീതിയിൽ ചിത്രീകരിക്കുക എന്നതാണ് ഒരു നല്ല ചായഗ്രാഹകൻ ചെയ്യേണ്ടത് എന്നതാണെങ്കിൽ സിനോജ് പരാജയപെട്ടിരിക്കുന്നു. ഓരോ ഫ്രെയിമിലും കൃത്രിമത്വം തോന്നിപ്പിക്കുന്ന വെളിച്ചം ഉപയോഗിച്ചിരിക്കുന്നത് ക്യാമറയിലൂടെ പ്രേക്ഷകർക്ക്‌ വരെ മനസ്സിലാകുംവിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. വിവേക് ഹർഷന്റെ സന്നിവേശം സിനിമയുടെ വേഗതയ്ക്ക് അനിയോജ്യമാണെങ്കിലും പുതുമകൾ ഒന്നും അവകാശപെടാനില്ലാത്തവയാണ്. സ്റ്റണ്ട് ശിവയും റണ്‍ രവിയും ചേർന്ന് ഒരുക്കിയ സംഘട്ടന രംഗങ്ങൾ തെലുങ്ക് സിനിമയ്ക്ക് ഇണങ്ങുന്നവയാണ്. രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതം കഥാസന്ദർഭങ്ങളോട് നീതി പുലർത്തുന്നവയാണ്. എവിടെയോ കേട്ട് മറന്ന വരികളും സംഗീതവുമാണ് ഈ സിനിമയിലെ പാട്ടുകൾ.

അഭിനയം:⭐⭐⭐
ടോം എന്ന നായക കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിക്കുവാൻ ഉണ്ണി മുകുന്ദനു സാധിച്ചിട്ടുണ്ട്. പ്രതിനായക വേഷത്തിലെത്തിയ ടോവിനോ തോമസ്‌ തന്റെ വേഷം മികവുറ്റതാക്കി. ബാലു വർഗീസ്‌ സ്ഥിരം ശൈലിയിൽ കൊച്ചി ഭാഷ പ്രയോഗത്തിലൂടെ ഹാസ്യം കൈകാര്യം ചെയ്തിരിക്കുന്നു. പുതുമുഖ നായിക നിരാശപെടുത്തിയില്ല. മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചവരും മികച്ച രീതിയിൽ അവരരുടെ രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: കണ്ടുമടുത്ത കഥാസന്ദർഭങ്ങൾ കോർത്തിണക്കിയ അറുബോറൻ സിനിമ!

സംവിധാനം: ബിനു എസ്.
രചന: അനിൽ നാരായണൻ, ഡോമിനിക് അരുണ്‍
നിർമ്മാണം: രാജേഷ്‌ അഗസ്റ്റിൻ
ചായാഗ്രഹണം: സിനോജ് അയ്യപ്പൻ
ചിത്രസന്നിവേശം: വിവേക് ഹർഷൻ
ഗാനരചന: മനു, ഹരി നാരായണൻ, സത്യൻ അന്തിക്കാട്‌
സംഗീതം: ജാസി ഗിഫ്റ്റ്
പശ്ചാത്തല സംഗീതം: രാഹുൽ രാജ്
കല സംവിധാനം: ദിൽജിത് ദാസ്‌
ചമയം: ഹസ്സൻ വണ്ടൂർ
നൃത്ത സംവിധാനം: ഷോബി, സുജാത
വസ്ത്രാലങ്കാരം: വൈശാഖ് രവി
സംഘട്ടനം: സ്റ്റണ്ട് ശിവ, റണ്‍ രവി
വിതരണം: എൽ. ജെ. ഫിലിംസ്