വെൽകം ടു സെൻട്രൽ ജയിൽ – ⭐


എസ്കേപ്പ് ഫ്രം സെൻട്രൽ ജയിൽ – ⭐

സെൻട്രൽ ജയിലിലെ കാര്യസ്ഥനും, പോലീസ് മേധാവികളുടെ മര്യാദരാമനും, വനിതാ പോലീസുകാരുടെ ശൃങ്കാരവേലനും, സുഹൃത്തുക്കളുടെ നാടോടിമന്നനും, കുട്ടികളുടെ വില്ലാളിവീരനും, സർവോപരി സൽഗുണ സമ്പന്നനും അതീവ നിഷ്കളങ്കനും സത്യസന്ധനും ബുദ്ധിശാലിയും ധൈര്യശാലിയുമായ ചെറുപ്പക്കാരനാണ് ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടന്റെ തറവാട് വീട് പോലെയാണ് സെൻട്രൽ ജയിൽ. ജയിലിലെ സൂപ്രണ്ട് മുതൽ കൊടുംകുറ്റവാളികൾ വരെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉണ്ണിക്കുട്ടൻ. ആ ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ അവിസ്മരണീയ പ്രണയകാവ്യമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ. ചത്തത് കീരിക്കാടൻ ജോസ് ആണെങ്കിൽ കൊന്നത് മോഹൻലാൽ തന്നെ എന്ന പഴഞ്ചൊല്ല് പോലെ, ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ജനപ്രിയ നായകനല്ലാതെ മറ്റാർക്കും സാധിക്കില്ല.

തിരിച്ചുവരവുകളുടെ കാലഘട്ടമാണല്ലോ ഈ വർഷം. നീണ്ട പരാജയങ്ങൾക്കു ശേഷമാണ് സുന്ദർ ദാസ്‌ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സുന്ദർ ദാസിന്റെ ഒരോന്നോന്നര തിരിച്ചുവരവാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തിന്റെതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. വൈശാഖ രാജനാണ് ഈ സിനിമയുടെ നിർമ്മാതാവ്.

പ്രമേയം:⭐
ഓണക്കാലമായതിനാൽ കുട്ടികൾ കാണുവാൻ ആഗ്രഹിക്കുന്ന സിനിമ ജനപ്രിയനായകൻറെ ആയിരിക്കും. അവരെ ലക്ഷ്യംവെച്ചുകൊണ്ടു അവർക്കിഷ്ടമാകാൻ സാധ്യതയുള്ള ഒരു പ്രമേയമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെത്. ജയിലിൽ ജനിച്ചു വളർന്ന ഉണ്ണിക്കുട്ടന് ജയിൽ മോചിതനാകാൻ താല്പര്യമില്ല. ജയിലിലെ എല്ലാവരുടെയും പ്രിയപെട്ടവനായ ഉണ്ണിക്കുട്ടൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ അതിജീവിച്ചു അയാളുടെ പ്രണയം സഫലീകരിക്കുവാൻ നടത്തുന്ന ശ്രമങ്ങളാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ.

തിരക്കഥ:⭐
സ്കൂൾ അവധിക്കാലമായാൽ കുട്ടികളെ ചിരിപ്പിക്കുന്നതിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ന്യായം പറഞ്ഞു ദിലീപും ദിലീപിന്റെ പ്രിയപ്പെട്ട എഴുത്തുകാരും സംവിധായകരും ചേർന്ന് അവതരിപ്പിക്കുന്ന കോമാളിത്തരങ്ങളുടെ ഏറ്റവും ഒടുവിലത്തെ ശ്രമമാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തെ പോലെ കഴിവുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും ഈ സിനിമയിലില്ല. കെട്ടിച്ചമച്ച കഥയും, കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും, കഥാവസാനം ജയിലിലേക്ക് കുട്ടികളാരും വരരുത് എന്ന സന്ദേശവും ചേർന്ന ദുരന്തമാണ് ഈ സിനിമയുടെ തിരക്കഥ. കോമാളിത്തരങ്ങൾ കുത്തിനിറച്ചിട്ടും കുട്ടികളോ കുടുംബങ്ങളോ ചിരിവരാതെ വീർപ്പുമുട്ടുന്ന കാഴ്ച ബെന്നി പി. നായരമ്പലം കാണാനിടവരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

സംവിധാനം:⭐⭐
റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയ്ക്ക് ശേഷം സുന്ദർ ദാസ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ് വെൽകം ടു സെൻട്രൽ ജയിൽ. സല്ലാപവും സമ്മാനവും കുടമാറ്റവും പോലുള്ള നല്ല സിനിമകൾ സംവിധാനം ചെയ്ത സുന്ദർ ദാസ്‌ കുബേരൻ പോലുള്ള ഒരു വിജയചിത്രമൊരുക്കുവാൻ ശ്രമിച്ചതിന്റെ പാഴായിപ്പോയ ശ്രമമാണ് ഈ സിനിമ. പഴഞ്ചൻ സംവിധാന രീതിയാണ് ഈ സിനിമയുടെ നിരാശപെടുത്തുന്ന മറ്റൊരു ഘടകം. അഭിനയിക്കാനറിയാത്ത വില്ലന്മാരെ അന്വേഷിച്ചു കണ്ടുപിടിച്ചു അഭിനയിപ്പിക്കുന്നതിൽ എന്ത് സന്തോഷമാണ് സുന്ദർ ദാസിന് ലഭിക്കുന്നത്? ഈ സിനിമയിലെ കോമാളിത്തരങ്ങളെക്കാൾ ചിരിവരുന്നത് വില്ലനായി അഭിനയിച്ച സുധീറിന്റെയും പോലീസുകാരന്റെയും അഭിനയം കണ്ടിട്ടാണ്. നല്ല തമാശകളോ സംഘട്ടനങ്ങളൊ പ്രണയ രംഗങ്ങളോ പാട്ടുകളോ പോലുമില്ലാത്ത ഇതുപോലുള്ള സിനിമകൾ ഏതു രീതിയിലാണ് കുട്ടികളെ ആസ്വദിപ്പിക്കുന്നതു എന്ന് സുന്ദർ ദാസ്‌ മനസ്സിലാക്കിയാൽ നല്ലത്.

സാങ്കേതികം:⭐⭐
സെൻട്രൽ ജയിലിലെ കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് അഴകപ്പനാണ്. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ചായഗ്രഹണമാണ്‌ ഈ സിനിമയ്ക്ക് വേണ്ടി അഴകപ്പൻ നിർവഹിച്ചത്. ജോൺകുട്ടിയാണ് ചിത്രസന്നിവേശം നിർവഹിച്ചത്. ആദ്യപകുതിയും രണ്ടാംപകുതിയും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാക്കിയതും പഴഞ്ചൻ അവതരണ രീതിയിലൂടെ രംഗങ്ങൾ കോർത്തിണക്കിയതും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബിജിബാൽ നിർവഹിച്ച പശ്ചാത്തല സംഗീതം അരോചകമായി തോന്നി. പാട്ടുകളുടെ സംഗീത സംവിധാനം നിർവഹിച്ചത് ബേർണി ഇഗ്നേഷ്യസും നാദിർഷയും ചേർന്നാണ്. സുന്ദരീ എന്ന് തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജയിലിലെ അന്തരീക്ഷം നല്ല രീതിയിൽ ഒരുക്കുവാൻ ജോസഫ്‌ നെല്ലിക്കലിന് സാധിച്ചു.

അഭിനയം:⭐⭐⭐
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ദിലീപിന് കുഞ്ഞിക്കൂനനിലെ ദിലീപിൽ ജനിച്ച സന്തതിപോലെയാണ് ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ ജനപ്രിയ നായകൻ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്കളങ്കനാണ് താനെന്ന് അഭിനയിച്ചു ഫലിപ്പിക്കുവാൻ ദിലീപ് നന്നേ കഷ്ടപ്പെടുന്നത് കണ്ടു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ശേഷം ഇത്രയുമധികം ആരാധകരുള്ള ഒരു നടന് ഇനിയെങ്കിലും ഇത്തരത്തിലുള്ള കോമാളി കഥാപാത്രങ്ങൾ നിരസിച്ചുകൂടെ? വേദികയാണ് ഈ സിനിമയിലെ ദിലീപിന്റെ നായികയാവുന്നത്. ദിലീപിനെയും വേദികയെയും കൂടാതെ ഒരു നീണ്ട താരനിര അണിനിരക്കുന്നു ഈ സിനിമയിൽ. രൺജി പണിക്കർ, ഹരീഷ് പെരുമണ്ണ, സിദ്ദിക്ക്, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷറഫുദ്ദീൻ, കുമരകം രഘുനാഥ്, വിനോദ് കെടാമംഗലം, ധർമജൻ ബോൾഗാട്ടി, കോട്ടയം പ്രദീപ്‌, അബു സലിം, കൊച്ചുപ്രേമൻ, ബിജുക്കുട്ടൻ, സാജു കൊടിയൻ, സുധീർ, കലാഭവൻ ഹനീഫ്, വിനയപ്രസാദ്‌, വീണ നായർ, തെസ്നി ഖാൻ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.

വാൽക്കഷ്ണം: കുട്ടികളെ ചിരിപ്പിക്കാത്ത കുടുംബങ്ങളെ രസിപ്പിക്കാത്ത യുവാക്കളെ ത്രസിപ്പിക്കാത്ത ജന അപ്രിയ സിനിമ!

സംവിധാനം: സുന്ദർ ദാസ്‌
രചന: ബെന്നി പി. നായരമ്പലം
നിർമ്മാണം: വൈശാഖ് രാജൻ
ബാനർ: വൈശാഖ സിനിമ
ചായാഗ്രഹണം: അഴകപ്പൻ
ചിത്രസന്നിവേശം: ജോൺകുട്ടി
ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ
സംഗീതം: ബേർണി ഇഗ്‌നേഷ്യസ്, നാദിർഷ
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കൽ
ചമയം: രാജീവ്‌ അങ്കമാലി
വിതരണം: വൈശാഖ റിലീസ്.

ജയിംസ് ആൻഡ്‌ ആലീസ് – ⭐⭐

image

ദാമ്പത്യ അസ്വാരസ്യങ്ങളും തിരിച്ചറിവുകളും! – ⭐⭐

മലയാള സിനിമയിലെ പ്രമുഖ ചായഗ്രാഹകരിൽ ഒരാളായ സുജിത് വാസുദേവ് ആദ്യമായി കഥ എഴുതി സംവിധാനം നിർവഹിച്ച ജയിംസ് ആൻഡ്‌ ആലീസ് നവയുഗ ദാമ്പത്യത്തിന്റെ നേർക്കാഴ്ചയാകുന്നു. പ്രണയിക്കുന്ന വേളയിൽ കമിതാക്കൾ കാണുന്ന സ്വപ്നങ്ങൾക്കും പരസ്പരം നൽകുന്ന വാക്കുകൾക്കും വിപരീതമായി വിവാഹാനന്തര ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ അവരുടെ ജീവിതത്തെ മോശമായി ബാധിക്കുന്ന കാഴ്ച ഇന്നത്തെ കാലഘട്ടത്തിൽ സജീവമാണ്. ദാമ്പത്യ ബന്ധം ഒരു പളുങ്ക് പാത്രം പോലെയാണെന്നുള്ള തിരിച്ചറിവ്
ഉണ്ടാകുമ്പോഴേക്കും അത് വീണുടഞ്ഞ അവസ്ഥയിലാകുന്നു. പൊലിഞ്ഞുപോയ ദാമ്പത്യം വീണ്ടെടുക്കുവാൻ ഒരു അവസരം കൊതിക്കുന്നവർ പ്രതീക്ഷയോടെ കാത്തിരുന്നു നിരാശരാവുകയാണ് പതിവ്. ഇത്തരത്തിലുള്ള ഒരു കഥയും കഥാസന്ദർഭങ്ങളുമാണ് സുജിത് വാസുദേവും ഡോക്ടർ എസ്.ജനാർദ്ദനനും ചേർന്ന് ജയിംസ് ആൻഡ്‌ ആലീസ് എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌.

പ്രമേയം: ⭐⭐⭐
ബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്ന അവസ്ഥ ദാമ്പത്യബന്ധങ്ങളിലെ അപ്രിയസത്യമാണ്. ഭൂരിപക്ഷം വിവാഹമോചനങ്ങളും നടക്കുന്നത് പരസ്പരം വച്ചുപുലർത്തുന്ന ഈഗോ മൂലമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇരുവരും സംസാരിച്ചുതീർക്കേണ്ട വിഷയങ്ങൾ കുടുംബ കോടതിയിലെത്തുന്ന അവസ്ഥയാണ് നമ്മൾ ദിനംതോറും കാണുന്നത്. തെറ്റ് തിരുത്തുവാനുള്ള പക്വതയോ ക്ഷമയോ ഇല്ലാത്ത ഇന്നത്തെ തലമുറ ചുരുങ്ങിയപക്ഷം ഏറ്റുപറയുവാനുള്ള വിവേചനബുദ്ധിപോലും കാണിക്കുന്നില്ല. എല്ലാം നഷ്ടപെട്ടതിന് ശേഷം ദുഖിച്ചിരുന്നു മുഴുകുടിയന്മാരായി മാറുന്നത്തിനു പകരം തെറ്റ് തിരുത്തുക, ഈഗോ ഇല്ലാതെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുക എന്ന സന്ദേശം ഒരല്പം ഫാന്റസിയോടെ അവതരിപ്പിച്ചിരിക്കുന്ന പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്. സമീപകാലതിറങ്ങിയ മലയാള സിനിമകളിലെ പ്രമേയങ്ങളിൽ മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ജയിംസ് ആൻഡ്‌ ആലീസ് എന്ന സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐⭐⭐
മഹാസമുദ്രം, സഹസ്രം എന്നീ സിനിമകളുടെ തിരക്കഥ രചയ്താവും സംവിധായകനുമായ ഡോക്ടർ എസ്. ജനാർദ്ദനൻ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഈ സിനിമ, നവയുഗ ദാമ്പത്യത്തിലെ പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ജയിംസ് ആലീസ് ദമ്പതികളുടെ കുടുംബ ജീവിതത്തിലുള്ള കൊച്ചു കൊച്ചു പിണക്കങ്ങളും, ജോലിതിരക്കുമൂലമുണ്ടാകുന്ന അസ്വാരസ്യങ്ങളും, ഈഗോ മൂലമുണ്ടാകുന്ന വഴക്കുകളും വിശ്വസനീയമായ സന്ദർഭങ്ങളിലൂടെ അർത്ഥവത്താകുന്ന സംഭാഷണങ്ങിലൂടെ തിരക്കഥയിൽ ഉൾപ്പെടുതിയിരിക്കുന്നു. ആദ്യപകുതിയിലെ കഥാസന്ദർഭങ്ങൾ ക്ലീഷേയാണെങ്കിലും സംഭാഷണങ്ങൾ മികവു പുലർത്തി. രണ്ടാം പകുതിയിൽ കഥ വേറിട്ട പശ്ചാത്തലത്തിലൂടെ സഞ്ചരിച്ചുക്കൊണ്ട് ഒരുപാട് തിരിച്ചറിവുകൾ നൽകികൊണ്ട് മുൻപോട്ടുപോകുന്നു. പക്ഷെ, അവസാന നിമിഷം കലമുടയ്ക്കുന്ന പോലെ ക്ലൈമാക്സ് നിരാശപെടുത്തിക്കൊണ്ട് സിനിമ അവസാനിച്ചു. ഈ സിനിമ കണ്ടിറങ്ങുന്നവരിൽ ചിലരെങ്കിലും തങ്ങളുടെ പൂർവകാല പ്രവർത്തികൾ ഓർത്ത്‌ പശ്ചാത്തപിക്കുകയും തിരുത്താൻ തയ്യാറാവുകയും ചെയ്തുവെങ്കിൽ സാമ്പത്തിക വിജയത്തിലുപരി സന്തോഷം അണിയറപ്രവർത്തകർക്ക് ലഭിക്കുമെന്നുറപ്പാണ്.

സംവിധാനം: ⭐⭐
മെമ്മറീസ്, ദൃശ്യം, അമർ അക്ബർ ആന്തോണി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ചായാഗ്രാഹകനാണ് സുജിത് വാസുദേവ്. ഇതാദ്യമായി സംവിധായകന്റെ റോളിൽ നല്ലൊരു പ്രമേയവും കഥയുമായി തന്നെ അദ്ദേഹം അരങ്ങേറ്റം നടത്തിയിരിക്കുന്നു. മികച്ച വിഷ്വൽസും നല്ല അഭിനേതാക്കളുടെ സാന്നിധ്യവും ഉപയോഗപെടുത്തി ശരാശരി നിലവാരത്തിലുള്ള സിനിമ പ്രേക്ഷകർക്ക്‌ നൽക്കുവാൻ സാധിച്ചു. ഒരു സംവിധായകനെന്ന നിലയിൽ പൂർണ്ണമായും വിജയിക്കുവാൻ സുജിത് വാസുദേവിന് കഴിഞ്ഞില്ല. പതിഞ്ഞ താളത്തിൽ കഥപറഞ്ഞിരിക്കുന്ന രീതിയും ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റും പ്രേക്ഷരെ ഒന്നടങ്കം മുഷിപ്പിച്ചു. പ്രവചിക്കാനവുന്ന കഥാസന്ദർഭങ്ങൾ വേണ്ടുവോളമുള്ള തിരക്കഥയെ വേഗതയോടെ അവതരിപ്പിചിരുന്നിവെങ്കിൽ ഈ സിനിമയുടെ സ്വീകാരിതയേറുമായിരുന്നു. സുജിത് വാസുദേവ് ചായഗ്രാഹകനായി തുടരുന്നതാവും അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് നല്ലതെന്ന് തോന്നുന്നു.

സാങ്കേതികം: ⭐⭐
ദ്രിശ്യമികവോടെ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ സിനിമയുടെ പ്രമേയവും അതിലടങ്ങുന്ന സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചു. കാർ അപകടം ചിത്രീകരിച്ചിരിക്കുന്നത് വിശ്വസനീയമായിരുന്നുവെങ്കിലും ഇത്രയും തവണ കാർ മറയുമോ എന്നൊരു സംശയം പ്രേക്ഷകർക്ക്‌ തോന്നിയെങ്കിൽ അതിൽ തെറ്റില്ല. സംജിത് ആണ് രംഗങ്ങൾ കോർത്തിണക്കിയത്. സിനിമയുടെ ആദ്യപകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും അനാവശ്യമായി വലിച്ചുനീട്ടിയതുപോലെ അനുഭവപെട്ടു. രണ്ടുമണിക്കൂർ ദൈർഘ്യത്തിൽ പറയാവുന്ന ഒരു കഥയെ രണ്ടേമുക്കാൽ മണിക്കൂറോളം സമയമെടുത്താണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനു മാറ്റുകൂട്ടുവാൻ ഗോപി സുന്ദറിന്റെ വക കുറെ ശബ്ദകോലാഹലങ്ങളും. കെ.എം.രാജീവിന്റെ സെറ്റുകൾ മികവു പുലർത്തി. അരുണ്‍ മനോഹർ നൽക്കിയ വസ്ത്രങ്ങൾ ജയിംസിനെയും ആലീസിനെയും കൂടുതൽ സുന്ദരനും സുന്ദരിയുമാക്കിയിട്ടുണ്ട്.

അഭിനയം: ⭐⭐⭐⭐
പ്രിഥ്വിരാജ്, വേദിക, സായികുമാർ, സിജോയ് വർഗീസ്‌, വിജയരാഘവൻ, കിഷോർ സത്യ, ഷാജു ശ്രീധർ, സുധീർ കരമന, പാർവതി നായർ, മഞ്ജു പിള്ള, അനുപമ പരമേശ്വരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയാണിത്. ജയിംസ് ആയി പ്രിഥ്വിരാജും ആലീസായി വേദികയും മികച്ച അഭിനയം കാഴ്ചവെച്ചു. വേദികയ്ക്ക് ശബ്ദം നൽക്കിയ എയ്ഞ്ചൽ അഭിനന്ദനം അർഹിക്കുന്നു. അതുപോലെ ഈ സിനിമയിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ശബ്ദം നൽക്കിയത് അനൂപ്‌ മേനോനാണ്. സായികുമാറും വിജയരാഘവനും പതിവുതെറ്റിക്കാതെ സൂക്ഷ്മഭാവങ്ങൾ വരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: വിവാഹിതരായവർക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന സിനിമയാണ് ജയിംസ് ആൻഡ്‌ ആലീസ്.

കഥ, ചായാഗ്രഹണം, സംവിധാനം: സുജിത് വാസുദേവ്
തിരക്കഥ, സംഭാഷണം: ഡോക്ടർ എസ്. ജനാർദ്ദനൻ
നിർമ്മാണം: ഡോക്ടർ സജികുമാർ
ചിത്രസന്നിവേശം: സംജിത്
സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: കെ.എം.രാജീവ്‌
ഗാനരചന: റഫീക്ക് അഹമ്മദ്, ഹരിനാരായണൻ, മോചിത
വസ്ത്രാലങ്കാരം: അരുണ്‍ മനോഹർ
മേയിക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂർ
ശബ്ദമിശ്രണം: എൻ. ഹരികുമാർ
വിതരണം: ധാർമ്മിക് ഫിലിംസ്.