കെയർഫുൾ – ⭐⭐


അത്ര ബ്യുട്ടിഫുള്ളല്ല കെയർഫുൾ! – ⭐⭐

കാലികപ്രസക്തിയുള്ളൊരു പ്രമേയത്തിൽ നിന്ന് യു-ടേണെടുത്തു കെയർലെസ്സായി
അവതരിപ്പിച്ച സിനിമയാണ് കെയർഫുൾ.

റോഡപകടങ്ങൾ മൂലം നിത്യേന എത്രയോ ജീവനുകൾ പൊലിഞ്ഞുപോകുന്നു. മദ്യപ്പിച്ചു അമിത വേഗതത്തിൽ അശ്രദ്ധയോടെ വാഹനമോടിക്കുക, പാലത്തിനു മുകളിൽ ഓവർടേക്കിങ് നടത്തുക, ഗതാഗത നിയമങ്ങൾ പാലിക്കാതിരിക്കുക, അനുവദിക്കാത്ത സ്ഥലങ്ങളിൽ യു-ടേണെടുക്കുക തുടങ്ങിയവയാണ് അപകടമുണ്ടാക്കുന്ന പ്രധാന കാരണങ്ങൾ. ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് അസ്തമിക്കുന്നത്. ഈ ഓർമ്മപ്പെടുത്തലാണ് വി.കെ.പി. ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് നൽകുവാൻ ശ്രമിച്ചത്.

കന്നഡ സിനിമ യു-ടേൺ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ലഭിച്ച സിനിമകളിൽ ഒന്നാണ്. യു-ടേണിന്റെ ഔദ്യോഗിക റീമേക്കാണ് വി.കെ.പ്രകാശിന്റെ കെയർഫുൾ. രാജേഷ് ജയരാമനാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. വൈഡ് ആങ്കിൾ ക്രിയേഷൻസിനു വേണ്ടി മോഹൻലാലിന്റെ ഭാര്യ സഹോദരനും പ്രശസ്ത നിർമ്മാതാവുമായ സുരേഷ് ബാലാജിയും, ജോർജ്ജ് പയസും ചേർന്നാണ് കെയർഫുൾ നിർമ്മിച്ചത്.

പ്രമേയം: ⭐⭐
എറണാകുളത്തെ തിരക്കേറിയ ഒരു റോഡിലെ അനുവദനീയമല്ലാത്ത ഒരിടത്തു ഇരുചക്ര വാഹനങ്ങൾ യു-ടേൺ എടുത്തു അശ്രദ്ധയോടെ എതിർവശത്തേക്കു കടക്കുന്നു. അതിലെ ഒരു വാഹനം അപകടത്തിൽ പെടുന്നു. തുടർന്ന്, ആ സ്ഥലത്തു യു-ടേൺ എടുത്തവരെല്ലാം ഓരോ രീതിയിൽ കൊല്ലപ്പെടുന്നു. എങ്ങനെയാണ് ഓരോരുത്തരം കൊല്ലപ്പെടുന്നത്? ആരാണ് അതിനുത്തരവാദി? എന്നതാണ് ഈ സിനിമയുടെ കഥ. ഗൗരവമുള്ളതും ചർച്ചാ വിഷയമാക്കേണ്ടതുമായ ഒരു പ്രമേയമാണ് കെയർഫുൾ എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. അപകടങ്ങൾ പറ്റാതെ വാഹനമോടിക്കണമെങ്കിൽ നിയമലംഘനം ചെയ്യാതിരിക്കുക എന്ന സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഒരുപരിധിവരെ കഥാകൃത്തിനായി എന്നതിൽ കന്നഡ സംവിധായകൻ പവൻകുമാറിന് സന്തോഷിക്കാം. പ്രമേയത്തിൽ നിന്ന് കഥ രൂപപെടുത്തിയെടുത്തപ്പോൾ വിശ്വസനീയത നഷ്ടമായോ എന്നൊരു സംശയമില്ലാതെയില്ല. ഈയൊരു പ്രമേയം സിനിമയാക്കുമ്പോൾ ഇതിലും യുക്തിയുള്ളതും പ്രയോഗികമായതുമായ ഒരു കഥയിലൂടെ അവതരിപ്പിക്കാമായിരുന്നു എന്ന് ചിന്തച്ചവരാണ് ഭൂരിഭാഗം പ്രേക്ഷകരും.

തിരക്കഥ: ⭐⭐
നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച രാജേഷ് ജയരാമനാണ് കെയർഫുള്ളിന്റെ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിയത്. ഓരോ നിയമലംഘന യു-ടേണിനു ശേഷവും മരണങ്ങൾ സംഭവിക്കുന്നു എന്നത് ഉദ്യോഗജനകമായ രംഗങ്ങളിലൂടെ പറഞ്ഞുപോകുവാൻ രാജേഷ് ജയരാമൻ ശ്രമിച്ചിട്ടുണ്ട്. പോലീസിന്റെ അന്വേഷണ രീതിയും മാധ്യമ പ്രവർത്തകയായ ഈ സിനിമയിലെ നായികയെ ചോദ്യം ചെയ്യുന്ന രംഗങ്ങളും സംഭാഷണങ്ങളും കൃത്രിമത്വം നിറഞ്ഞതും യുക്തിക്കു നിരക്കാത്തതുമായി അനുഭവപെട്ടു. സസ്പെൻസ് നിലനിർത്തിയ രീതി ഊഹിക്കാനാവാത്ത രീതിയിലായിരുന്നുവെങ്കിലും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ
കാരണങ്ങളൊക്കെ പ്രേക്ഷകർ വിശ്വസിക്കുമോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അവിശ്വസനീയ കാരണങ്ങളാണെങ്കിലും അതിലൂടെ അർത്ഥവത്തായൊരു സന്ദേശം സമൂഹത്തിനു നൽകുവാൻ സാധിച്ചു.

സംവിധാനം: ⭐⭐
ഒന്നിനൊന്നു വ്യത്യസ്ത സിനിമകൾ സംവിധാനം ചെയ്തൊരാളാണ് വി.കെ.പ്രകാശ്. ഓരോ സിനിമയും പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ ഗൗരവം ചോർന്നു പോകാതെ ആ വിഷയം അവതരിപ്പിക്കുക എന്നത് പ്രയാസമുള്ള ഒരു കാര്യമാണ്. ആസ്വാദനത്തിനുള്ള ചേരുവകൾ ചേർക്കുമ്പോൾ കഥയുടെ ഗൗരവം നഷ്ടപ്പെടുക എന്നത് സംവിധായകന്റെ പരാജയമാണ്. ത്രസിപ്പിക്കുന്ന രംഗങ്ങൾക്ക് വേണ്ടി ഒച്ചയും ബഹളവും എന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തല സംഗീതം നൽകുക, കഥാപാത്രങ്ങൾക്ക് അനിയോജ്യരല്ലാത്തവരെ അഭിനയിപ്പിക്കുക എന്നീ മേഖലകളിലും വി.കെ.പി. എന്ന സംവിധായകൻ അശ്രദ്ധ കാണിച്ചിരിക്കുന്നു. തെറ്റ് സ്വയം മനസിലാക്കി കുറ്റബോധം തോന്നുന്ന കഥാവസാനമുള്ള രംഗങ്ങളും പുനരധിവാസം സിനിമയിലെ പാട്ടും പ്രേക്ഷകരെ സ്വാധീനിച്ചു എന്നതിൽ തർക്കമില്ല. റോക്‌സ്‌റ്റാർ, മരുഭൂമിയിലെ ആന എന്നീ രണ്ടു മോശം സിനിമകൾക്കും ശേഷം തരക്കേടില്ലാത്തൊരു തിരിച്ചുവരവാണ് വി.കെ.പ്രകാശ് നടത്തിയിരിക്കുന്നത്.

സാങ്കേതികം: ⭐⭐
ധനേഷ് രവീന്ദ്രനാഥിന്റെ ഛായാഗ്രഹണം യാതൊരു പുതുമയും സിനിമയ്ക്ക് നൽകുന്നില്ല. ഈ സിനിമയുടെ പ്രമേയം നൽകുന്ന ഭീതി റോഡപകടങ്ങൾ ചിത്രീകരിച്ചപ്പോൾ ലഭിച്ചില്ല എന്നത് ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ട്. തിരക്കേറിയ റോഡിലെ രംഗങ്ങൾ ഡോക്യൂമെന്ററി ചിത്രീകരണം പോലെയും മറ്റുള്ള രംഗങ്ങളുടെ ചിത്രീകരണത്തിൽ നിന്നും വേറിട്ട നിന്നതുപോലെയും അനുഭവപെട്ടു. ബാബു രത്നമാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. അനാവശ്യ കഥാപാത്രങ്ങളോ കഥാസന്ദർഭങ്ങളോ സിനിമയിലില്ല എന്നത് ബാബു രത്നത്തിന്റെ സന്നിവേശ മികവുകൊണ്ട് മാത്രമാണ്. എന്നാൽ, നായിക കിടന്നുറങ്ങുന്നത് പലയാവർത്തി കാണിക്കുന്നതിന്റെ ഔചിത്യമെന്തെന്നു മാത്രം മനസിലായില്ല. അരവിന്ദ് ശങ്കറാണ് പാട്ടുകളുടെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. പാട്ടുകൾ തരക്കേടില്ലാതെ തോന്നിയപ്പോൾ, പശ്ചാത്തല സംഗീതം അരോചകമായി തോന്നി. പൂജ രമേശിന്റെ കലാസംവിധാനം മികവ് പുലർത്തി.

അഭിനയം: ⭐⭐⭐
വിജയ് ബാബു, സന്ധ്യ രാജു, വിനീത് കുമാർ, സൈജു കുറുപ്പ്, ജോമോൾ, പാർവതി നമ്പ്യാർ, അജു വർഗീസ്, അശോകൻ, ശ്രീജിത്ത് രവി, മുകുന്ദൻ, പ്രേം പ്രകാശ്, കൃഷ്ണകുമാർ, ഭദ്ര മേനോൻ, ശ്രീജയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. സൈജു കുറുപ്പും വിജയ് ബാബുവും അവരവർക്കു ലഭിച്ച വേഷങ്ങൾ മികവോടെ അവതരിപ്പിച്ചു. നല്ല അഭിനേതാവിലേക്കുള്ള സൈജു കുറുപ്പിന്റെ വളർച്ച പ്രകടമായ കഥാപാത്രവും അഭിനയവുമായിരുന്നു ഈ സിനിമയിലേത്. വിജയ് ബാബുവിന്റെ പോലീസ് കഥാപാത്രവും നൂറു ശതമാനം വിശ്വസനീയതയോടെ അദ്ദേഹം അവതരിപ്പിച്ചു. പുതുമുഖ നടിയായ സന്ധ്യ രാജുവിനു മലയാള സിനിമയിൽ ലഭിച്ച മികച്ച തുടക്കമാണ് ഈ സിനിമയിലെ നായികാ കഥാപാത്രം. മലയാള ഉച്ഛരണത്തിൽ പോലും ശ്രദ്ധകാണിക്കുവാൻ കന്നഡ നടിയായ സന്ധ്യക്ക്‌ സാധിച്ചു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തിയ ജോമോൾ ഈ സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് അവതരിപ്പിച്ചത്. അശോകനും ശ്രീജിത് രവിയും അജു വർഗീസും പ്രേം പ്രകാശും അവരവരുടെ രംഗങ്ങളിൽ തിളങ്ങി. പാർവതി നമ്പ്യാർ വീണ്ടും അഭിനയ ശേഷിയില്ല എന്ന് തെളിയിച്ചു.

വാൽക്കഷ്ണം: കുടുംബത്തെ കെയർഫുള്ളായി സംരക്ഷിക്കണമെന്ന സന്ദേശം നൽകുന്ന തരക്കേടില്ലാത്ത സിനിമയാണ് വി.കെ.പി.യുടെ യു-ടേൺ.

സംവിധാനം: വി.കെ.പ്രകാശ്
നിർമ്മാണം: സുരേഷ് ബാലാജി, ജോർജ്ജ് പയസ്
ബാനർ: വൈഡ് ആങ്കിൾ ക്രിയേഷൻസ്
തിരക്കഥ, സംഭാഷണം: രാജേഷ് ജയരാമൻ
ഛായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്
ചിത്രസന്നിവേശം: ബാബു രത്നം
സംഗീതം: അരവിന്ദ് ശങ്കർ
ഗാനരചന: രാജീവ് നായർ
കലാസംവിധാനം: പൂജ രമേഷ്
ചമയം: ഷാജി പുൽപ്പള്ളി
വസ്ത്രാലങ്കാരം: ലിജി പ്രേമൻ
വിതരണം: മാക്സ്‌ലാബ് റിലീസ്.

മുദ്ദുഗൗ – ⭐⭐

image

യുക്തിയില്ലാ ചുംബനകഥ! – ⭐⭐

മലയാള സിനിമ പ്രേക്ഷകർ മറക്കാനിടയില്ലാത്ത ഒന്നാണ് മുദ്ദുഗൗ. 1994ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏക്കാലത്തെയും മികച്ച മലയാള സിനിമകളിൽ ഒന്നായ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കാർതുമ്പി മാണിക്യനെ കളിപ്പിക്കുന്നതിനു വേണ്ടിയും അവളുടെ ഇഷ്ടം തുറന്നു പറയുവാൻ വേണ്ടിയും ചോദിക്കുന്ന ഒന്നാണ് മുദ്ദുഗൗ അഥവാ ചുംബനം. സന്തോഷകരമായ വേളകളിൽ ചിലർ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നത് മറ്റുള്ളവരെ ആലിംഗനം ചെയ്തും ചുംബിച്ചുമാണ്‌. എന്നാൽ, അത്തരത്തിലുള്ള ഒരു സ്വഭാവം സ്ഥിരമായി ഒരാളുടെ ദിനചര്യകളിൽ ഒന്നായി മാറിയാലുള്ള അവസ്ഥയെപറ്റി ചിന്തിച്ചിട്ടുണ്ടോ?

അമ്മയുടെ അമിത ലാളനയിലും വാത്സല്യത്തിലും വളർന്ന ഭരത് തനിക്കു സന്തോഷം വന്നാലുടനെ ചുറ്റുമുള്ള ആരെയെങ്കിലും ചുംബിക്കും. ഭരതിന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു സന്ദർഭത്തിൽ അവൻ തോട്ടടത് നിന്നിരുന്ന അധോലോക സംഘത്തലവനായ റാമ്പോയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നു. അതോടെ അയാളുടെ ജീവിതത്തിലും ഭരതിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഭരതായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും റാമ്പോയായി വിജയ്‌ ബാബുവും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
രസകരമായ ഒരു പ്രമേയമാണ് വിപിൻ ദാസിന്റെ മുദ്ദുഗൗ. ഒരാൾ അയാളുടെ ഏറ്റവും സന്തോഷകരമായ സന്ദർഭത്തിൽ അപരിചിതനായ മറ്റൊരാളെ ചുംബിക്കുന്നു. അതോടെ ഇരുവരുടെയും ജീവിതങ്ങൾ വേറൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. അവരെ ചുറ്റിപറ്റിയുള്ളവരുടെയും ജീവിതത്തെ ബാധിക്കുന്നു. ഈ കഥാതന്തു വികസിപ്പിച്ചു പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയാണ് വിപിൻ ദാസ് മുദ്ദുഗൗവിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐
പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരെ കൂട്ടമണി എന്നീ സിനിമകളുടെ തുടക്കത്തിൽ “യുക്തി വീട്ടിൽ ഉപേക്ഷിച്ചു സിനിമ കാണുക”എന്നെഴുതിയിട്ട് പോലും ഫ്രൈഡേ ഫിലിംസിന് ന്യൂനപക്ഷത്തെ മാത്രം സംതൃപ്തിപെടുത്തുവാനെ സാധിച്ചുള്ളൂ. ആ ന്യൂനപക്ഷത്തിൽ ഉൾപ്പെടുന്ന ഒരാളായിരുന്നു വിപിൻ ദാസ് എന്ന് തോന്നുന്നു. യുക്തിയില്ലാത്തതും കൃത്രിമത്വം നിറഞ്ഞതുമായ കഥാസന്ദർഭങ്ങൾ സംഭാഷണങ്ങൾ എന്നിവ കുത്തിനിറച്ച തിരക്കഥയാണ് വിപിൻ ഈ സിനിമയ്ക്ക് വേണ്ടി എഴുതിയത്. ഭരതിന്റെ പ്രണയം ഒരു വശത്തും റാംമ്പോയും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ മറുവശത്തും കാണിച്ചുകൊണ്ടുള്ള കഥാഗതി അൽഫോൻസ്‌ പുത്രൻ-നിവിൻ പോളി ടീമിന്റെ നേരം എന്ന സിനിമയെ ഓർമ്മപെടുത്തുന്നു. ഇന്ദ്രൻസും സൗബിനും ഹരീഷും അബു സലീമും സുനിൽ സുഖദയും മണ്ടന്മാരായ ഗുണ്ടകളും ഹാസ്യം കൈകാര്യം ചെയ്തിരിക്കുന്ന രീതി മികച്ചതായതുകൊണ്ട് മുദ്ദുഗൗ ഒരുവട്ടം കണ്ടുമറക്കാവുന്ന സിനിമയായി ചിലർക്കെങ്കിലും തോന്നിയേക്കാം. നല്ലൊരു സിനിമയുടെ നട്ടെല്ല് അന്നും ഇന്നും എന്നും തിരക്കഥ തന്നെയെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

സംവിധാനം: ⭐⭐
ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പുതുമുഖ സംവിധായകരിൽ ഏറ്റവും ഒടുവിലത്തെയാളാണ് വിപിൻ ദാസ്. സ്വന്തം തിരക്കഥ സിനിമയാക്കുമ്പോൾ സംവിധായകന്റെ ജോലി എളുപ്പമാകും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, സ്വന്തം തിരക്കഥ പാളിപ്പോയ അവസ്ഥയിലാകുമ്പോൾ ഒരു പുതുമുഖ സംവിധായകന് ഒന്നും ചെയ്യാനാകില്ല. തമാശ സിനിമയ്ക്ക് യുക്തി വേണ്ട എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞു തടിതപ്പാമെങ്കിലും, നല്ലൊരു സിനിമയുണ്ടാക്കി പ്രേക്ഷകരെ രസിപ്പിക്കാനയില്ല എന്നത് എന്നും ഒരു ഭാരമായി വിപിൻ ദാസിനോടൊപ്പം ഉണ്ടാകും. സിനിമയിലുടനീളം ഡബ്ബിംഗ് ചെയ്തിരിക്കുന്ന രീതിയിൽ പ്രശ്നങ്ങൾ കണ്ടിരുന്നു എന്നതും സംവിധാനപിഴവ് മൂലമാണ്. മറ്റൊരു നല്ല അവസരത്തിനായി വിപിൻ ഇനിയും കാത്തിരിക്കേണ്ടിവരും.

സാങ്കേതികം: ⭐⭐⭐
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആദ്യമായി ഈണമിട്ട “ദേവദൂതർ പാടി”(ഭരതൻ-മമ്മൂട്ടി കൂട്ടുകെട്ടിലെ അത്യുഗ്രൻ സിനിമ കാതോട് കാതോരം)എന്ന ഗാനത്തിന്റെ റീമിക്സ് സിനിമയിലുടനീളം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചുക്കൊണ്ട് രാഹുൽ രാജ് ഈ സിനിമയ്ക്ക് ചടുലത നൽക്കിയിട്ടുണ്ട്. അവിയൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധ നേടിയ കുഗൻ എസ്. പളനി ആദ്യമായി മലയാളത്തിൽ ചായാഗ്രഹണം നിർവഹിക്കുന്ന മുദ്ദുഗൗ അദ്ദേഹത്തിന് ഒരു വലിയ നേട്ടം സമ്മാനിക്കുമെന്ന് തോന്നുന്നു. ചടുലതയുള്ള കളർഫുൾ ദ്രിശ്യങ്ങൾ ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ലിജോ പോളിന്റെ ചിത്രസന്നിവേശവും മികവു പുലർത്തി. നായികയും നായകനും പ്രണയരംഗങ്ങളിൽ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു വരുന്നത് അവിശ്വസനീയമായി അനുഭവപെട്ടു. റോണക്സ്‌ സേവ്യറിന്റെ മേയിക്കപ്പ് മോശമായില്ല. ത്യാഗു തവന്നൂർ ഒരുക്കിയ അധോലോക ഗുണ്ടകളുടെ താവളം പഴഞ്ചൻ ശൈലിയിലായത് ബോറൻ രീതിയായി തോന്നി. മനു മഞ്ജിത്ത്-രാഹുൽ രാജ് ടീം ഒരുക്കിയ പാട്ടുകൾ സിനിമയുടെ സ്വഭാവത്തിന് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐
ഗോകുൽ സുരേഷ് ആദ്യ സിനിമയിൽ തന്നെ തനിക്കു ലഭിച്ച കഥാപാത്രത്തോട് നൂറു ശതമാനം നീതിപുലർത്തി. സുരേഷ് ഗോപിയുടെ ചലനങ്ങളും ശബ്ദവും അഭിനയ രീതിയും അതേപടി വീണ്ടും സിനിമയിൽ കണ്ടതുപോലെ പ്രേക്ഷകർക്ക്‌ അനുഭവപെട്ടു. നടൻ വിജയകുമാറിന്റെ മകൾ അർത്ഥനയുടെയും ആദ്യ സിനിമയാണ് മുദ്ദുഗൗ. അർത്ഥനയും ആദ്യ സിനിമ എന്ന് തോന്നിപ്പിക്കാത്ത രീതിയിൽ അഭിനയിച്ചു. റാംമ്പോ എന്ന അധോലോക നായകനെ വിജയ്‌ ബാബു സ്ഥിരം ശൈലിയിൽ അവതരിപ്പിച്ചു. പ്രേക്ഷരുടെ കയ്യടിനേടിയ താരങ്ങൾ സൗബിൻ ഷാഹിറും ഹരീഷ് പെരുമണ്ണയുമാണ്. കൊച്ചി-കോഴിക്കോട് ഭാഷ സംസാരിച്ചുകൊണ്ട് ഇരുവരും സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. ക്ലൈമാക്സിലെ രംഗങ്ങളിൽ ഒരു സംഭാഷണം പോലുമില്ലാതെ തന്നെ സൗബിനും ഹരീഷും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇവരെ കൂടാതെ ബൈജു, സുനിൽ സുഖദ, അബു സലിം, ഇന്ദ്രൻസ്, പ്രേംകുമാർ, അരുണ്‍, സന്തോഷ്‌ കീഴാറ്റൂർ, അനിൽ മുരളി, ആനന്ദ്, നീന കുറുപ്പ് എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങൾ കോർത്തിണക്കിയ മുദ്ദുഗൗ കയ്പ്പേറിയ സിനിമാനുഭവമാകുന്നു.

രചന, സംവിധാനം: വിപിൻ ദാസ്
നിർമ്മാണം: വിജയ്‌ ബാബു & സാന്ദ്ര തോമസ്‌
ബാനർ: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: കുഗൻ എസ്. പളനി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: രാഹുൽ രാജ്
ഗാനരചന: മനു മഞ്ജിത്ത്
കലാസംവിധാനം: ത്യാഗു തവന്നൂർ
മേയിക്കപ്പ്: റോണക്സ് സേവ്യർ
വിതരണം: കാർണിവൽ മോഷൻ പിക്ക്ചേഴ്സ്.

ആകാശ് വാണി – ⭐

image

ശ്രോതാക്കളെ മുഷിപ്പിക്കുന്ന ആകാശവാണി – ⭐

ആകാശും വാണിയും സമൂഹത്തിൽ അറിയപെടുന്ന ദമ്പതിമാരാണ്. ഇരുവരുടെയും ഔദ്യോഗിക ജീവിതത്തിലെ വിജയമാണ് പ്രശസ്തിക്ക്‌ കാരണം. ഇവരുടെ സ്വകാര്യ ജീവിതത്തിലെ ഒരു ദിവസം അവരോടൊപ്പം ഒരു കൊതുകുമുണ്ടാകുന്നു കൂട്ടിന്. ആ കൊതുക് കണ്ട കാഴ്ചകളാണ് നവാഗതനായ ഖൈസ് മില്ലെൻ സംവിധാനം നിർവഹിച്ച ആകാശ് വാണി എന്ന സിനിമ.

നവയുഗ ദാമ്പത്യത്തിലെ പ്രശ്നങ്ങളും അവമൂലം ഭാര്യയും ഭർത്താവും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുമാണ് പുതുമുഖങ്ങളായ വിനോദ് ആൻഡ്‌ വിനോദ് ടീം രചന നിർവഹിച്ച ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌.

റോയൽ സ്പ്ലെണ്ടറിന്റെ ബാനറിൽ പ്രവീണ്‍ അറയ്ക്കൽ നിര്മ്മിച്ചിരിക്കുന്ന ആകാശ് വാണിയിൽ വിജയ്‌ ബാബു ആകാശിനെയും കാവ്യ മാധവൻ വാണിയെയും അവതരിപ്പിച്ചിരിക്കുന്നു. സംവിധായകൻ ഖൈസ്, തിരക്കഥ രചയ്താക്കൾ വിനോദ് ആൻഡ്‌ വിനോദ്, ചായാഗ്രാഹകൻ ഇന്ദ്രജിത്ത്, സംഗീത സംവിധായകൻ അനിൽ ഗോപാലൻ കൂടാതെ നിർമ്മാതാവ് പ്രവീണ്‍ അറയ്ക്കൽ എന്നിവരുടെയും ആദ്യ സിനിമയാണ് ആകാശ് വാണി.

പ്രമേയം: ⭐⭐⭐
നവയുഗത്തിലെ ദാമ്പത്യത്തിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന വഴക്കുകളുടെ പ്രധാന കാരണം പരസ്പരം കാണുവാനും സംസാരിക്കാനുമുള്ള സമയക്കുറവുമൂലമാണ്. പറഞ്ഞുതീർന്നാൽ തീരാവുന്ന പ്രശ്നങ്ങൾ ഈഗോ ഉള്ളതുകൊണ്ട് പറയാതെ മനസ്സിന്റെ ഉള്ളിലൊതുക്കി അവസാനം അത് വലിയ പ്രശ്നങ്ങളിൽ ചെന്നെത്തുന്നു. മനസ്സിൽ വലിയൊരു മുറിവുണ്ടായത്തിനു ശേഷം ഇരുവരും ചർച്ചയ്ക്കു തയ്യാറാകുമ്പോഴേക്കും മാനസികമായി ഇരുവരും അകന്നുപോയിക്കാണും. പിന്നീടൊരു തിരിച്ചറിവ് ഉണ്ടാകുമ്പോൾ മാത്രമാണ് ഇരുവരും എല്ലാം ക്ഷമിച്ചു വീണ്ടും ഒന്നാകുന്നത്. ഇത്തരത്തിലുള്ള നല്ലൊരു പ്രമേയമാണ് ഖൈസ് മില്ലെന്റെ കന്നി സംരംഭമായ ആകാശ് വാണി എന്ന സിനിമ അവതരിപ്പിക്കുന്നത്.

തിരക്കഥ: ⭐
നവാഗതരായ വിനോദ് ആൻഡ്‌ വിനോദ് ആണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ പരസ്പരവും കുട്ടികള്ക്ക് വേണ്ടിയും സമയം കണ്ടെത്താൻ ശ്രമിക്കാത്ത ഭാര്യയും ഭർത്താവുമാണ് ഇന്നത്തെ തലമുറയിൽ കൂടുതലുമുള്ളത്. ആകാശും വാണിയും തമ്മിലുള്ള   പ്രശ്നങ്ങളും അവയുണ്ടാക്കുന്ന സാഹചര്യങ്ങളുമാണ് സിനിമയുടെ ആദ്യപകുതി. അതിഭാവുകത്വം നിറഞ്ഞ  ഒന്ന് രണ്ടു രംഗങ്ങളും സംഭാഷണങ്ങളും ഒഴികെ കല്ലുകടികൾ ഒന്നുമില്ലാതെ ആദ്യപകുതി അവസാനിക്കുന്നു. എന്നാൽ, രണ്ടാം പകുതി മുതൽ സിനിമയുടെ അവസാന രംഗം വരെ അവിശ്വസനീയമായ കഥാസന്ദർഭങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമ കണ്ടിരിക്കാൻ പോലും പ്രയാസമാണ്. ഭർത്താവിനെ കയറുകൊണ്ട് ബാത്ത്റൂമിൽ കെട്ടിയിടുന്നു, അപരിചിതരായ രണ്ടുപേർ വീടിനുള്ളിൽ അതിക്രമിച്ചു കയറുന്നു, അവസാനം യുക്തിയില്ലാത്ത വഴിത്തിരുവുകൾ തിരക്കഥയിൽ ഉൾപെടുത്തി പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ക്ലൈമാക്സും. പക്വതയില്ലാത്ത തിരക്കഥ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും.

സംവിധാനം: ⭐⭐
ഒരു പുതുമുഖ സംവിധായകന്റെ പരിചയകുറവ് വെളിവാകുന്ന നിരവധി കഥാസന്ദർഭങ്ങളുണ്ട് ഈ സിനിമയിൽ. ആകാശും വാണിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇരുവരും തിരഞ്ഞെടുക്കുന്ന വഴി ഇന്നത്തെ തലമുറ സ്വീകരിക്കുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഭർത്താവിനെ കെട്ടിയിടുന്ന രംഗമൊക്കെ ഒരിക്കലും നടക്കാൻ  സാധ്യതയില്ലാത്ത സംഭവങ്ങളാണ്. ജോലി തിരക്കുകൾ കാരണം10 വയസ്സ് പോലുമില്ലാത്ത കുട്ടിയെ ബോർഡിംഗ് സ്കൂളിൽ താമസിപ്പിച്ചു പഠിപ്പിക്കുവാനുള്ള കാരണങ്ങളൊന്നും കഴമ്പുള്ളതായി തോന്നിയില്ല. ഒരു കൊതുക് കണ്ട കഥ എന്നതിന്റെ പ്രസക്തിയെന്തെന്നു മനസ്സിലാകുന്നില്ല. സിനിമയുടെ ആദ്യവും ഇടയ്ക്കും കൊതുകിനെ കാണിച്ച സംവിധായകൻ കഥാവസാനം കൊതുകിനെ മറന്നുപോയി. പാവം കൊതുകും പ്രേക്ഷകരും!

സാങ്കേതികം: ⭐⭐
സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നവരിൽ മിക്കവരും പുതുമുഖങ്ങളാണ്. ഇന്ദ്രജിത്ത് നിർവഹിച്ച ചായാഗ്രഹണം ശരാശരി നിലവാരം പുലർത്തി. ആവശ്യത്തിലധികം ക്ലോസ് ഷോട്ടുകൾ മുഷിപ്പിച്ചു എന്നത് ഒരു പോരായ്മയാണ്. കലാസംവിധാനം നിർവഹിച്ച ത്യാഗു തവന്നൂർ ഒരുക്കിയ വീടും ഓഫിസും കാഴ്ചക്ക് സുഖമുള്ളതായിരുന്നു. ലിജോ പോൾ നിർവഹിച്ച സന്നിവേശം ശരാശരി നിലവാരത്തിനു മുകളിൽ പോകുന്നില്ല. ആദ്യ പകുതിയിലെ പല രംഗങ്ങളും അനാവശ്യമായി വലിച്ചുനീട്ടി ആസ്വാദനത്തെ ബാധിക്കുന്ന രീതിയിലാക്കി. രാഹുൽ സുബ്രമണ്യമാണ് രംഗങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകിയത്. എടുത്തു പറയേണ്ട മികവു തോന്നിയില്ല  പശ്ചാത്തല സംഗീതത്തിന്. നവാഗതനായ അനിൽ ഗോപലൻ സംഗീതം നൽകിയ പാട്ടുകൾ ഒർമ്മപോലുമില്ല. സബീനയാണ് ഗാനരചന. സുനിൽ റഹ്മാനും സമീറ സനീഷുമാണ് വസ്ത്രാലങ്കാരം നിർവഹിച്ചത്. ലാൽ കരമനയാണ് ചമയം.

അഭിനയം: ⭐⭐
നീനയ്ക്ക് ശേഷം വിജയ്‌ ബാബുവിനു ലഭിച്ച അഭിനയ പ്രാധാന്യമുളള കഥാപാത്രമാണ് ആകാശ്. ഭാര്യയുടെ ഔദ്യോഗിക തിരക്കുകൾമൂലം കഷ്ടതകൾ അനുഭവിക്കുന്ന ഇന്നത്തെ തലമുറയിലെ ഭർത്താവിനെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ വിജയ്‌ ബാബുവിന് സാധിച്ചു. മുൻകോപിയും തന്റ്റെടിയുമായ കഥാപാത്രമായി തരക്കേടില്ലാത്ത അഭിനയം കാവ്യ മാധവനും കാഴ്ചവെച്ചു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിൽ അഭിനയിച്ച  കാവ്യ പല രംഗങ്ങളിലും കൃത്രിമ ഭാവങ്ങൾ അഭിനയിച്ചു ബോറടിപ്പിച്ചു. ആകാശിന്റെ സുഹൃത്ത് അച്ചായനായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രസകരമായി അഭിനയിച്ചു. ഇവരെ കൂടാതെ ലാലു അലക്സ്, സൈജു കുറുപ്പ്, ശ്രീജിത്ത്‌ രവി, കൃഷ്ണൻ ബാലകൃഷ്ണൻ, സാന്ദ്ര തോമസ്‌ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: കൊതികിനു പോലും കണ്ടിരിക്കാൻ പ്രയാസമുള്ള അവിശ്വസനീയ സംഭവങ്ങളുടെ ദ്രിശ്യാവിഷ്ക്കാരം.

സംവിധാനം: ഖൈസ് മില്ലെൻ
നിർമ്മാണം: പ്രവീണ്‍ അറയ്ക്കൽ
രചന: വിനോദ് ആൻഡ്‌ വിനോദ്
ചായാഗ്രഹണം: ഇന്ദ്രജിത്ത്
ചിത്രസന്നിവേശം: ലിജോ പോൾ
പശ്ചാത്തല സംഗീതം: രാഹുൽ സുബ്രമണ്യം
ഗാനരചന: സബീന ഷാജഹാൻ
സംഗീതം: അനിൽ ഗോപാലൻ
കലാസംവിധാനം: ത്യാഗു തവന്നൂർ
വസ്ത്രാലങ്കാരം: സുനിൽ റഹ്മാൻ, സമീറ സനീഷ്
മേക്കപ്പ്: ലാൽ കരമന
വിതരണം: ഫ്രൈഡേ ടിക്കറ്റ്സ്