വേട്ട – ⭐⭐⭐

image

മനകണക്കുകളിലൂടെ ഇരകളും വേട്ടക്കാരനും! ⭐⭐⭐

“നിങ്ങളുടെ ഒരു യെസ് നാളത്തെ ചരിത്രമാകും”എന്ന് ട്രാഫിക് സിനിമയിലൂടെ നമ്മളെ പഠിപ്പിച്ച നവയുഗ സിനിമയുടെ അമരക്കാരൻ, മലയാള സിനിമയിൽ 2011 വരെ ആരും പരീക്ഷിക്കാത്ത അവതരണ രീതി സ്വീകരിച്ച സംവിധായകൻ, മലയാള സിനിമയിലെ ആദ്യ മൈൻഡ് ഗെയിം പ്രമേയമാക്കിയ സംവിധായകൻ തുടങ്ങിയ വിശേഷണങ്ങൾക്ക് അർഹതപെട്ട സംവിധായകനാണ് രാജേഷ്‌ പിള്ള.

രാജേഷ്‌ പിള്ള ഫിലിംസും റെഡ് റോസ് ക്രിയെഷൻസും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന സിനിമയാണ് വേട്ട. അരുണ്‍ ലാൽ രാമചന്ദ്രൻ രചന നിർവഹിച്ചിരിക്കുന്ന ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മൂന്ന് വ്യകതികളുടെ മാനസിക സംഘർഷങ്ങളിലൂടെ വികസിക്കുന്ന കഥ, ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളിലൂടെ നിഗൂഡത നിറഞ്ഞ സംഭാഷണങ്ങളിലൂടെ ത്രസിപ്പിക്കുന്ന സസ്പെൻസ് നിറഞ്ഞ അവതരണത്തിലൂടെ വേറിട്ട ഒരു സിനിമ അനുഭവമാകുന്നു വേട്ട.

പ്രമേയം: ⭐⭐⭐⭐
ചതുരംഗ കളിയിലെ പോലെ ശത്രുപക്ഷത്തിന്റെ ചിന്തകൾ മുൻക്കൂട്ടി കണ്ടുകൊണ്ടു നടത്തുന്ന സൂക്ഷ്മമായ നീക്കങ്ങൾ പ്രമേയമാക്കിയിട്ടുള്ള സിനിമകൾ കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ, ഇരകളെ തേടിപിടിക്കുന്നതിനു വേണ്ടി മനക്കണക്കുകൾ ഉപയോഗിക്കുന്ന വേട്ടക്കാരന്റെ കഥ പ്രമേയമാക്കിയിട്ടുള്ള സിനിമ മലയാളത്തിൽ ആദ്യം. ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മികച്ചൊരു പ്രമേയം സിനിമയാക്കുവാൻ തിരഞ്ഞെടുത്തതിനു അരുണ്‍ ലാലിനും രാജേഷ്‌ പിള്ളയ്ക്കും ഹനീഫ് മുഹമ്മദിനും അഭിമാനിക്കാം!

തിരക്കഥ: ⭐⭐
താങ്ക് യു, ഹാപ്പി ജേർണി തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്ത് അരുണ്‍ ലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ വേട്ട മനക്കണക്കുകളിലൂടെ ഇരയെ തേടിപോകുന്ന വേട്ടക്കാരന്റെ പ്രതികാര കഥ പറയുന്നു. പുതുമയുള്ള കഥയും കഥാസന്ദർഭങ്ങളും വേറിട്ടൊരു അനുഭവം പ്രേക്ഷകർക്ക്‌ നൽക്കുന്നുണ്ടെങ്കിലും, അവരുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാവുന്നു. രണ്ടു കാലഘട്ടങ്ങളുടെ അവതരണത്തിലെ ചില സംശയങ്ങളും, ചില സംഭവങ്ങൾ നടക്കുന്ന സമയവും തമ്മിൽ ചേർച്ചകുറവുള്ളതും തിരക്കഥ രചനയിലെ പാളിച്ചകളാണ്. ഈ കുറവുകളൊക്കെ ഒരുപരുധി വരെ മറക്കുന്നത് സംവിധാന മികവും സംഭാഷണങ്ങളുടെ മികവും കൊണ്ടാണ്. അരുണ്‍ ലാൽ ഇതുവരെ എഴുതിയ തിരക്കഥകളിൽ ഏറ്റവും മികച്ചത് വേട്ടയുടെ തിരക്കഥ തന്നെ.

സംവിധാനം: ⭐⭐⭐
ട്രാഫിക് എന്ന സിനിമയിലൂടെ മലയാളത്തിൽ പുത്തനുണർവ്വ് നൽകിയ സംവിധായകനാണ് രാജേഷ്‌ പിള്ള. മലയാള സിനിമ പ്രേമികൾ  ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയവും അവതരണവുമാണ് വേട്ടയ്ക്ക് വേണ്ടി രാജേഷ്‌ പിള്ള സ്വീകരിച്ചിരിക്കുന്നത്. ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാഗതിയാണ് ത്രസിപ്പിക്കുന്ന രീതിയിൽ സാങ്കേതിക മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. സസ്പെൻസ് നിലനിർത്തിയിരിക്കുന്ന രീതി ഈ സിനിമയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഏറെ അപാകതകളുള്ള തിരക്കഥയെ കൃത്യതയോടെ സംവിധാനം ചെയ്യുവാൻ രാജേഷ്‌ പിള്ളക്ക് സാധിച്ചു. ഇനിയൊരു രാജേഷ്‌ പിള്ള സിനിമ കാണുവാനുള്ള ഭാഗ്യം മലയാള സിനിമ പ്രേക്ഷകർക്കില്ല എന്നത് നമ്മളുടെ ദൗർഭാഗ്യം. രാജേഷ്‌ പിള്ളയ്ക്ക് ആദരാഞ്ജലികൾ!

സാങ്കേതികം: ⭐⭐⭐⭐
വേട്ട ഒരു വേറിട്ട അനുഭവമാക്കുവാൻ അനീഷ്‌ ലാൽ എന്ന ചായഗ്രാഹകനും അഭിലാഷ് ബാലചന്ദ്രൻ എന്ന സന്നിവേശകനും ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകനും വഹിച്ച പങ്ക് ചെറുതല്ല. മികച്ച വിഷ്വൽസ് സിനിമയ്ക്ക് ത്രില്ലർ സ്വഭാവം നൽക്കാൻ സഹായിച്ചു. രണ്ടാം പകുതിയിലെ രംഗങ്ങളുടെ സന്നിവേശം മികച്ച രീതിയിലായത് സിനിമയ്ക്ക്  ചടുലത നൽകി . ഷാൻ റഹ്മാൻ നിർവഹിച്ച പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് നിഗൂഡത നൽകുകയും പ്രേക്ഷകരെ ത്രസിപ്പിക്കുകയും ചെയ്തു. ശ്രേയ അരവിന്ദിന്റെ വസ്ത്രാലങ്കാരം സിനിമയുടെ കഥയോട് ചേർന്ന് പോകുന്നു. ഈ സിനിമയിലെ ഗാനരച്ചയ്താക്കളിൽ ഒരാളായിരുന്നു ഈയിടെ മരണപെട്ട ഷാൻ ജോൺസൺ. ഷാനിനും ആദരാഞ്ജലികൾ!

അഭിനയം: ⭐⭐⭐
മെൽവിൻ ജോസഫ്‌ എന്ന കഥാപാത്രം നാളിതുവരെ കുഞ്ചാക്കോ ബോബാൻ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യതസ്തത പുലർത്തുന്നു. ദുരൂഹമായ കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിക്കുവാൻ ചാക്കോച്ചനു കഴിഞ്ഞു. ശ്രീബാലയായി മഞ്ജു വാര്യർ ആദ്യാവസാനം മിതത്വമാർന്ന അഭിനയം കാഴ്ച്ചവെച്ചു. സൈലക്സ് എബ്രഹാം ഇന്ദ്രജിത്തിന്റെ കയ്യിൽ ഭദ്രം. ഇവരെ കൂടാതെ റോണി ഡേവിഡ്‌, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പോൾ, കോട്ടയം നസീർ, സന്തോഷ്‌ കീഴാറ്റൂർ, ഇർഷാദ്, മജിദ്‌, മിഥുൻ രമേശ്‌, സനൂഷ, കാതൽ സന്ധ്യ, ബേബി അക്ഷര എന്നിവരാണ് ഈ സിനിമയിലെ പ്രധാന  അഭിനേതാക്കൾ.

വാൽക്കഷ്ണം: പ്രേക്ഷക മനസ്സിനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആദ്യ മൈൻഡ് ഗെയിം സിനിമ!

സംവിധാനം: രാജേഷ്‌ പിള്ള
രചന: അരുണ്‍ലാൽ രാമചന്ദ്രൻ
നിർമ്മാണം: മുഹമ്മദ്‌ ഹനീഫ്, രാജേഷ്‌ പിള്ള
ചായാഗ്രഹണം: അനീഷ്‌ ലാൽ ആർ.എസ്
ചിത്രസന്നിവേശം: അഭിലാഷ് ബാലചന്ദ്രൻ
സംഗീതം: ഷാൻ റഹ്മാൻ
പശ്ചാത്തല സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: ഹരിനാരായണൻ, മനു മഞ്ജിത്ത്, ഷാൻ ജോൺസൺ
കലാസംവിധാനം: സിറിൽ കുരുവിള
വസ്ത്രാലങ്കാരം: ശ്രേയ അരവിന്ദ്
മേക്കപ്പ്: ഷാജി പുൽപ്പള്ളി
വിതരണം: റെഡ് റോസ് റിലീസ്

ഹലോ നമസ്തേ – ⭐⭐

image

സൗഹൃദത്തിന്റെ രസക്കാഴ്ച! ⭐⭐

ആത്മാർത്ഥ സുഹൃത്തുക്കളായ മാധവും ജെറിയും എഫ് എം റേഡിയോ ജോക്കികളാണ്. ഹലോ നമസ്തേ എന്ന ജനപ്രിയ പരിപാടിയുടെ അവതാരകരാണ് ഇരുവരും. മാധവിന്റെ ഭാര്യ പ്രിയയും ജെറിയുടെ ഭാര്യ അന്നയും സുഹൃത്തുക്കളാകുന്നു. ഈ നാൽവർ സംഘം സന്തോഷകരമായ ജീവിതം നയിക്കുന്നു. ഈ രണ്ടു കുടുംബങ്ങളും പുതിയ ഒരു വില്ലയിലേക്ക് അടുത്തടുത്ത വീടുകളിലായി താമസം മാറുന്നു. ഇരു വീടുകളുടെയും നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു പ്ലാവും അതിൽ കായ്ക്കുന്ന ചക്കയും ഈ രണ്ടു കുടുംബങ്ങളുടെ സന്തോഷമില്ലാതാക്കുന്നു. എന്താണ് അവരുടെ സൗഹൃദത്തിൽ സംഭവിച്ചത് എന്നതാണ് ഈ സിനിമയുടെ കഥ. മാധവായി വിനയ് ഫോർട്ടും, പ്രിയയായി ഭാവനയും, ജെറിയായി സഞ്ജു ശിവറാമും, അന്നയായി മിയയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
പ്രേം നസീർനെയും നെടുമുടി വേണുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത അയൽവാസി ഒരു ദരിദ്രവാസി എന്ന സിനിമയുടെ പ്രമേയവുമായി താരതമ്യം ചെയ്യാവുന്ന സിനിമയാണ് ഹലോ നമസ്തേ. ഉറ്റ ചങ്ങാതിമാർ ഒരു ചെറിയ പ്രശ്നത്തെ തുടർന്ന് കുടുംബ വഴക്കിൽ ചെന്നെത്തുകയും അത് നാട്ടുകാരുടെ കൂടെ പ്രശ്നമാവുകയും ചെയ്യുന്നതാണ് ഈ സിനിമയുടെയും പ്രമേയം. ആ പ്രമേയത്തോട് നീതിപുലർത്തുന്ന രസകരമായൊരു കഥയുമുണ്ട് ഈ സിനിമയിൽ.

തിരക്കഥ: ⭐⭐
കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കഥയെഴുതി നിരവധി ഹിറ്റുകൾ ഒരുക്കിയ കൃഷ്ണ പൂജപ്പുരയാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. ഒരു പ്ലാവും ചക്കയും രണ്ടു വീടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഉണ്ടായ പ്രശ്നം രസകരമായ കഥാസന്ദർഭങ്ങളിലൂടെ നർമ്മ സംഭാഷണങ്ങളിലൂടെ തിരക്കഥയിലാക്കുവാൻ കൃഷ്ണ പൂജപ്പുരയ്ക്ക് സാധിച്ചു. ഒരു തമാശ സിനിമയിൽ യുക്തിക്ക് പ്രസക്തിയില്ല എന്ന മുട്ടപോക്ക് ന്യായം പറയുന്ന സംവിധായകരും തിരക്കഥ രചയ്താക്കൾക്ക് ഒരു മറുപടിയാണ് യുക്തിയുള്ള തമാശ സിനിമ. ആദ്യപകുതിയിൽ മാധവും ജെറിയും തമ്മിലുള്ള സൗഹൃദംകാണിക്കുന്ന രംഗങ്ങളും, ഭാര്യ-ഭർതൃ ബന്ധത്തിലെ സ്നേഹം കാണിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും മികവു പുലർത്തി. രണ്ടാം പകുതിയിൽ ചക്കമൂലമുണ്ടാകുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവും സന്തോഷകരമായ ക്ലൈമാക്സും യുക്തിയോടെ തന്നെ എഴുതുവാൻ കൃഷ്ണ പൂജപ്പുരക്ക് സാധിച്ചു.

സംവിധാനം: ⭐⭐
നവാഗതനായ ജയൻ കെ. നായർ സംവിധാനം നിർവഹിച്ച ഹലോ നമസ്തേ രസകരമായ അവതരണത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി. നർമ്മ മുഹൂർത്തങ്ങളും സംഭാഷണങ്ങളും കളർഫുൾ അവതരണവും, നല്ല അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അങ്ങനെ എല്ലാം ചേർന്നപ്പോൾ ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമയായി ഹലോ നമസ്തേ. കുറേക്കൂടി പരച്ചയസമ്പത്തുള്ള സംവിധായകനായിരുന്നുവെങ്കിൽ പാട്ടുകളുടെ ചിത്രീകരണവും, രണ്ടാം പകുതിയിലെ ചക്കയും പ്ലാവും കാരണമുണ്ടാകുന്ന വഴക്കുകൾക്കൂടി രസകരമാക്കമായിരുന്നു.

സാങ്കേതികം: ⭐⭐⭐
പി. സുകുമാർ നിർവഹിച്ച ചായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മുതൽക്കൂട്ടാണ്. കളർഫുൾ വിഷ്വൽസും അതിനു അനിയോജ്യമായ പശ്ചാത്തല സംഗീതവും രസകരമായൊരു സിനിമയുണ്ടാക്കാൻ സംവിധായകനെ സഹായിച്ചു. അയൂബ് ഖാൻ കോർത്തിണക്കിയ രംഗങ്ങൾ ചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാക്കി. പാട്ടുകൾ രണ്ടും ശരാശരി നിലവാരം പുലർത്തുന്നു. മസാല കോഫി ബാൻഡ് സംഗീതം നിർവഹിച്ച പാട്ട് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. സിജി തോമസിന്റെ വസ്ത്രാലങ്കാരവും റഹിം കൊടുങ്ങല്ലൂരിന്റെ മേക്കപ്പും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
വിനയ് ഫോർട്ട്‌, സഞ്ജു ശിവറാം, മുകേഷ്, ഭാവന, മിയ, ജോജു ജോർജ്, സൗബിൻ ഷാഹിർ, അജു വർഗീസ്‌, പി. ബാലചന്ദ്രൻ, നെൽസൺ, കോട്ടയം പ്രദീപ്‌, മുത്തുമണി, കെ.പി.എ.സി.ലളിത എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. എല്ലാ സിനിമകളിലും നമ്മളെ ചിരിപ്പിക്കുന്നത് പോലെ സൗബിൻ തകർപ്പൻ പ്രകടനം കാഴ്ച്ചവെചിരിക്കുന്നു. സഞ്ജു ശിവറാം മലയാള നായക നിരയിലേക്ക് എത്തുവാൻ കഴിവുള്ള നടനാണെന്ന് തെളിയിച്ചിരിക്കുന്നു. മറ്റൊരു മികച്ച അഭിനയത്തിലൂടെ വിനയ് ഫോർട്ട്‌ വീണ്ടും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ഭാവനയും മിയും തങ്ങളുടെ വേഷം മികവുറ്റതാക്കി. മുകേഷും അജു വർഗീസും ജോജു ജോർജും പി. ബാലചന്ദ്രനും മുത്തുമണിയും നെൽസണും രസകരമായി അവരവരുടെ ഭാഗങ്ങൾ അവതരിപ്പിച്ചു.

വാൽക്കഷ്ണം: കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാം ഈ ചക്ക കഥ!

സംവിധാനം: ജയൻ കെ. നായർ
രചന: കൃഷ്ണ പൂജപ്പുര
നിർമ്മാണം: ഡോക്ടർ ഫ്രീമു
ചായാഗ്രഹണം: പി. സുകുമാർ
ചിത്രസന്നിവേശം: അയൂബ് ഖാൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
ഗാനരചന: കൈതപ്രം, അനിൽ പനച്ചൂരാൻ
സംഗീതം: ദീപാങ്കുരൻ, മസാല കോഫീ
കലാസംവിധാനം: സുരേഷ് കൊല്ലം
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ
വസ്ത്രാലങ്കാരം: സിജി തോമസ് നോബിൾ
വിതരണം: മുരളി ഫിലിംസ്

ആകാശ് വാണി – ⭐

image

ശ്രോതാക്കളെ മുഷിപ്പിക്കുന്ന ആകാശവാണി – ⭐

ആകാശും വാണിയും സമൂഹത്തിൽ അറിയപെടുന്ന ദമ്പതിമാരാണ്. ഇരുവരുടെയും ഔദ്യോഗിക ജീവിതത്തിലെ വിജയമാണ് പ്രശസ്തിക്ക്‌ കാരണം. ഇവരുടെ സ്വകാര്യ ജീവിതത്തിലെ ഒരു ദിവസം അവരോടൊപ്പം ഒരു കൊതുകുമുണ്ടാകുന്നു കൂട്ടിന്. ആ കൊതുക് കണ്ട കാഴ്ചകളാണ് നവാഗതനായ ഖൈസ് മില്ലെൻ സംവിധാനം നിർവഹിച്ച ആകാശ് വാണി എന്ന സിനിമ.

നവയുഗ ദാമ്പത്യത്തിലെ പ്രശ്നങ്ങളും അവമൂലം ഭാര്യയും ഭർത്താവും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുമാണ് പുതുമുഖങ്ങളായ വിനോദ് ആൻഡ്‌ വിനോദ് ടീം രചന നിർവഹിച്ച ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌.

റോയൽ സ്പ്ലെണ്ടറിന്റെ ബാനറിൽ പ്രവീണ്‍ അറയ്ക്കൽ നിര്മ്മിച്ചിരിക്കുന്ന ആകാശ് വാണിയിൽ വിജയ്‌ ബാബു ആകാശിനെയും കാവ്യ മാധവൻ വാണിയെയും അവതരിപ്പിച്ചിരിക്കുന്നു. സംവിധായകൻ ഖൈസ്, തിരക്കഥ രചയ്താക്കൾ വിനോദ് ആൻഡ്‌ വിനോദ്, ചായാഗ്രാഹകൻ ഇന്ദ്രജിത്ത്, സംഗീത സംവിധായകൻ അനിൽ ഗോപാലൻ കൂടാതെ നിർമ്മാതാവ് പ്രവീണ്‍ അറയ്ക്കൽ എന്നിവരുടെയും ആദ്യ സിനിമയാണ് ആകാശ് വാണി.

പ്രമേയം: ⭐⭐⭐
നവയുഗത്തിലെ ദാമ്പത്യത്തിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന വഴക്കുകളുടെ പ്രധാന കാരണം പരസ്പരം കാണുവാനും സംസാരിക്കാനുമുള്ള സമയക്കുറവുമൂലമാണ്. പറഞ്ഞുതീർന്നാൽ തീരാവുന്ന പ്രശ്നങ്ങൾ ഈഗോ ഉള്ളതുകൊണ്ട് പറയാതെ മനസ്സിന്റെ ഉള്ളിലൊതുക്കി അവസാനം അത് വലിയ പ്രശ്നങ്ങളിൽ ചെന്നെത്തുന്നു. മനസ്സിൽ വലിയൊരു മുറിവുണ്ടായത്തിനു ശേഷം ഇരുവരും ചർച്ചയ്ക്കു തയ്യാറാകുമ്പോഴേക്കും മാനസികമായി ഇരുവരും അകന്നുപോയിക്കാണും. പിന്നീടൊരു തിരിച്ചറിവ് ഉണ്ടാകുമ്പോൾ മാത്രമാണ് ഇരുവരും എല്ലാം ക്ഷമിച്ചു വീണ്ടും ഒന്നാകുന്നത്. ഇത്തരത്തിലുള്ള നല്ലൊരു പ്രമേയമാണ് ഖൈസ് മില്ലെന്റെ കന്നി സംരംഭമായ ആകാശ് വാണി എന്ന സിനിമ അവതരിപ്പിക്കുന്നത്.

തിരക്കഥ: ⭐
നവാഗതരായ വിനോദ് ആൻഡ്‌ വിനോദ് ആണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ പരസ്പരവും കുട്ടികള്ക്ക് വേണ്ടിയും സമയം കണ്ടെത്താൻ ശ്രമിക്കാത്ത ഭാര്യയും ഭർത്താവുമാണ് ഇന്നത്തെ തലമുറയിൽ കൂടുതലുമുള്ളത്. ആകാശും വാണിയും തമ്മിലുള്ള   പ്രശ്നങ്ങളും അവയുണ്ടാക്കുന്ന സാഹചര്യങ്ങളുമാണ് സിനിമയുടെ ആദ്യപകുതി. അതിഭാവുകത്വം നിറഞ്ഞ  ഒന്ന് രണ്ടു രംഗങ്ങളും സംഭാഷണങ്ങളും ഒഴികെ കല്ലുകടികൾ ഒന്നുമില്ലാതെ ആദ്യപകുതി അവസാനിക്കുന്നു. എന്നാൽ, രണ്ടാം പകുതി മുതൽ സിനിമയുടെ അവസാന രംഗം വരെ അവിശ്വസനീയമായ കഥാസന്ദർഭങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമ കണ്ടിരിക്കാൻ പോലും പ്രയാസമാണ്. ഭർത്താവിനെ കയറുകൊണ്ട് ബാത്ത്റൂമിൽ കെട്ടിയിടുന്നു, അപരിചിതരായ രണ്ടുപേർ വീടിനുള്ളിൽ അതിക്രമിച്ചു കയറുന്നു, അവസാനം യുക്തിയില്ലാത്ത വഴിത്തിരുവുകൾ തിരക്കഥയിൽ ഉൾപെടുത്തി പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ക്ലൈമാക്സും. പക്വതയില്ലാത്ത തിരക്കഥ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും.

സംവിധാനം: ⭐⭐
ഒരു പുതുമുഖ സംവിധായകന്റെ പരിചയകുറവ് വെളിവാകുന്ന നിരവധി കഥാസന്ദർഭങ്ങളുണ്ട് ഈ സിനിമയിൽ. ആകാശും വാണിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇരുവരും തിരഞ്ഞെടുക്കുന്ന വഴി ഇന്നത്തെ തലമുറ സ്വീകരിക്കുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഭർത്താവിനെ കെട്ടിയിടുന്ന രംഗമൊക്കെ ഒരിക്കലും നടക്കാൻ  സാധ്യതയില്ലാത്ത സംഭവങ്ങളാണ്. ജോലി തിരക്കുകൾ കാരണം10 വയസ്സ് പോലുമില്ലാത്ത കുട്ടിയെ ബോർഡിംഗ് സ്കൂളിൽ താമസിപ്പിച്ചു പഠിപ്പിക്കുവാനുള്ള കാരണങ്ങളൊന്നും കഴമ്പുള്ളതായി തോന്നിയില്ല. ഒരു കൊതുക് കണ്ട കഥ എന്നതിന്റെ പ്രസക്തിയെന്തെന്നു മനസ്സിലാകുന്നില്ല. സിനിമയുടെ ആദ്യവും ഇടയ്ക്കും കൊതുകിനെ കാണിച്ച സംവിധായകൻ കഥാവസാനം കൊതുകിനെ മറന്നുപോയി. പാവം കൊതുകും പ്രേക്ഷകരും!

സാങ്കേതികം: ⭐⭐
സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നവരിൽ മിക്കവരും പുതുമുഖങ്ങളാണ്. ഇന്ദ്രജിത്ത് നിർവഹിച്ച ചായാഗ്രഹണം ശരാശരി നിലവാരം പുലർത്തി. ആവശ്യത്തിലധികം ക്ലോസ് ഷോട്ടുകൾ മുഷിപ്പിച്ചു എന്നത് ഒരു പോരായ്മയാണ്. കലാസംവിധാനം നിർവഹിച്ച ത്യാഗു തവന്നൂർ ഒരുക്കിയ വീടും ഓഫിസും കാഴ്ചക്ക് സുഖമുള്ളതായിരുന്നു. ലിജോ പോൾ നിർവഹിച്ച സന്നിവേശം ശരാശരി നിലവാരത്തിനു മുകളിൽ പോകുന്നില്ല. ആദ്യ പകുതിയിലെ പല രംഗങ്ങളും അനാവശ്യമായി വലിച്ചുനീട്ടി ആസ്വാദനത്തെ ബാധിക്കുന്ന രീതിയിലാക്കി. രാഹുൽ സുബ്രമണ്യമാണ് രംഗങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകിയത്. എടുത്തു പറയേണ്ട മികവു തോന്നിയില്ല  പശ്ചാത്തല സംഗീതത്തിന്. നവാഗതനായ അനിൽ ഗോപലൻ സംഗീതം നൽകിയ പാട്ടുകൾ ഒർമ്മപോലുമില്ല. സബീനയാണ് ഗാനരചന. സുനിൽ റഹ്മാനും സമീറ സനീഷുമാണ് വസ്ത്രാലങ്കാരം നിർവഹിച്ചത്. ലാൽ കരമനയാണ് ചമയം.

അഭിനയം: ⭐⭐
നീനയ്ക്ക് ശേഷം വിജയ്‌ ബാബുവിനു ലഭിച്ച അഭിനയ പ്രാധാന്യമുളള കഥാപാത്രമാണ് ആകാശ്. ഭാര്യയുടെ ഔദ്യോഗിക തിരക്കുകൾമൂലം കഷ്ടതകൾ അനുഭവിക്കുന്ന ഇന്നത്തെ തലമുറയിലെ ഭർത്താവിനെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ വിജയ്‌ ബാബുവിന് സാധിച്ചു. മുൻകോപിയും തന്റ്റെടിയുമായ കഥാപാത്രമായി തരക്കേടില്ലാത്ത അഭിനയം കാവ്യ മാധവനും കാഴ്ചവെച്ചു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിൽ അഭിനയിച്ച  കാവ്യ പല രംഗങ്ങളിലും കൃത്രിമ ഭാവങ്ങൾ അഭിനയിച്ചു ബോറടിപ്പിച്ചു. ആകാശിന്റെ സുഹൃത്ത് അച്ചായനായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രസകരമായി അഭിനയിച്ചു. ഇവരെ കൂടാതെ ലാലു അലക്സ്, സൈജു കുറുപ്പ്, ശ്രീജിത്ത്‌ രവി, കൃഷ്ണൻ ബാലകൃഷ്ണൻ, സാന്ദ്ര തോമസ്‌ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: കൊതികിനു പോലും കണ്ടിരിക്കാൻ പ്രയാസമുള്ള അവിശ്വസനീയ സംഭവങ്ങളുടെ ദ്രിശ്യാവിഷ്ക്കാരം.

സംവിധാനം: ഖൈസ് മില്ലെൻ
നിർമ്മാണം: പ്രവീണ്‍ അറയ്ക്കൽ
രചന: വിനോദ് ആൻഡ്‌ വിനോദ്
ചായാഗ്രഹണം: ഇന്ദ്രജിത്ത്
ചിത്രസന്നിവേശം: ലിജോ പോൾ
പശ്ചാത്തല സംഗീതം: രാഹുൽ സുബ്രമണ്യം
ഗാനരചന: സബീന ഷാജഹാൻ
സംഗീതം: അനിൽ ഗോപാലൻ
കലാസംവിധാനം: ത്യാഗു തവന്നൂർ
വസ്ത്രാലങ്കാരം: സുനിൽ റഹ്മാൻ, സമീറ സനീഷ്
മേക്കപ്പ്: ലാൽ കരമന
വിതരണം: ഫ്രൈഡേ ടിക്കറ്റ്സ്

പുതിയ നിയമം – ⭐⭐

Puthiya Niyamam

അര്‍ത്ഥശൂന്യമായ നിയമങ്ങളുടെ പാളിപ്പോയ അവതരണം – ⭐⭐

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത കുറ്റകൃത്യങ്ങള്‍ സംഭവിച്ച നമ്മുടെ രാജ്യത്ത്, നിയമം അനുശാസിക്കുന്ന ശിക്ഷ വളരെ കുറഞ്ഞതാണെന്നും അവയൊന്നും കുറ്റവാളികളെ യാതൊരു തരത്തിലും ബാധിക്കുന്നില്ലയെന്നും, നമ്മുടെ നിയമങ്ങളില്‍ മാറ്റം വരണമെന്നും കഠിനമായ ശിക്ഷ കുറ്റവാളികള്‍ക്ക് ലഭിക്കണമെന്നുമാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഡിസംബര്‍ 16നു ഡല്‍ഹിയില്‍ നടന്ന കൊടുംക്രൂരതയിലെ പ്രതികളില്‍ ഒരാള്‍ ഇന്ന് നിയമത്തിന്റെ ന്യൂനതകള്‍ കാരണം സ്വതന്ത്രനായി നടക്കുന്നു. സൗമ്യ എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗോവിന്ദചാമി സുഖമായി ജയിലില്‍ കഴിയുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമത്തിലെ കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ വിധിക്കാത്തതിനാലാണ് പീഡനം പോലുള്ള കുറ്റകൃത്യങ്ങള്‍ വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാണു ഈ നിയമത്തില്‍ ഒരു മാറ്റം സംഭവിക്കുന്നത്‌?

ഏ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ മേല്പറഞ്ഞ സംഭവങ്ങള്‍ നടന്നാല്‍ അവര്‍ക്കെതിരെ ജനങ്ങള്‍ തന്നെ വിധിക്കേണ്ട പുതിയ നിയമത്തെ കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. അഭിഭാഷകനും സിനിമ നിരൂപകനുമായ ലൂയിസ് പോത്തനും കഥകളി നടിയായ വാസുകി അയ്യരും അവരുടെ ഏക മകള്‍ ചിന്തയും സന്തോഷകരമായ ജീവിതം നയിക്കുന്നു. അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങള്‍ അവരുടെ കുടുംബത്തെ ബാധിക്കുന്നു. അതിനെതിരെ പ്രതികരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പുതിയ നിയമമാണ് ഈ സിനിമയുടെ കഥ. ലൂയിസ് പോത്തനായി പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിയും, വാസുകി അയ്യരായി നയന്‍താരയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമത്തില്‍ വിശ്വാസമില്ലാത്തവര്‍ കുറ്റവാളികള്‍ക്കെതിരെ സ്വയം ശിക്ഷ നടപ്പിലാക്കണമെന്നാണ് സംവിധായകന്‍ അവതരിപ്പിക്കുന്ന പുതിയ നിയമം. 80കളുടെ മദ്ധ്യത്തില്‍ മമ്മൂട്ടി തന്നെ അഭിനയിച്ച നിരവധി സിനിമകളില്‍ ഇതേ തരത്തിലുള്ള പ്രേമയങ്ങള്‍ വിഷയമാക്കിയിട്ടുണ്ട്‌. ആ സിനിമകളുടെ പേര് വെളിപ്പെടുത്തിയാല്‍ പുതിയ നിയമം സിനിമയുടെ കഥയെന്താണെന്ന് ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വായനക്കാര്‍ക്ക് മനസ്സിലാകും. മലയാളത്തില്‍ തന്നെ ഒട്ടനവധി സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ള ഇതേ പ്രമേയം പുതിയ നിയമം എന്ന ലേബലില്‍ വീണ്ടും അവതരിപ്പിക്കുവാന്‍ സംവിധായകന്‍ കാണിച്ച ധൈര്യം അപാരം തന്നെ!

തിരക്കഥ: ⭐⭐
ഗൗരവമുള്ള പ്രമേയങ്ങള്‍ യുക്തിയുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുക എന്നത് ഒട്ടനേകം കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിട്ടുള്ള ഒരു തിരക്കഥകൃത്തിനു ശ്രമകരമായ ഒരു പ്രവര്‍ത്തിയേയല്ല. കാലികപ്രസക്തിയുള്ള ഒരു പ്രമേയത്തെ കഥയുടെ രൂപത്തിലാക്കുന്നതിലും കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയിലും ഏ.കെ.സാജന്‍ പരാജയപെട്ടു. യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കൃത്രിമമായി കെട്ടിച്ചമച്ച കഥാസന്ദര്‍ഭങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന തിരക്കഥ രചനയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളില്‍ ഒന്ന്. ആദ്യ പകുതിയിലെ സംഭാഷണങ്ങള്‍ അരോചകമായതാണ് മറ്റൊന്ന്. അവിഹിത ബന്ധത്തിന്റെയും സംശയത്തിന്റെയും പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്തുവാന്‍ വരുന്ന കക്ഷികളോട് ലൂയിസ് പോത്തനെകൊണ്ട് പറയിപ്പിച്ച നിലവാരമില്ലാത്ത സംഭാഷങ്ങള്‍ തമാശയുള്ള സംഭാഷണങ്ങള്‍ സിനിമയില്‍ വേണമല്ലോ എന്ന തോന്നലുകൊണ്ടാകണം ഉള്‍പ്പെടുത്തിയത്. കഥയുടെ രണ്ടാം പകുതിയിലെത്തുമ്പോള്‍ സംഭാഷണങ്ങള്‍ക്ക് നിലവാരം വന്നതായി അനുഭവപെട്ടു. അതുകൂടാതെ കഥയിലെ ഒന്ന് രണ്ടു വഴിത്തിരുവുകളും ഭേദമായി തോന്നി. കഥാവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി മികച്ചതായി അനുഭവപെട്ടു. പ്രതികാരത്തിനായി തിരഞ്ഞെടുത്ത വഴികള്‍ പുതുമയുള്ളതായി തോന്നിയില്ലെങ്കിലും, വാസുകിയെ സഹായിച്ച രീതിയില്‍ പുതുമയുള്ളതുപോലെ തോന്നി.

സംവിധാനം: ⭐⭐
തിരക്കഥയിലുള്ള പരിമിതികള്‍ ഒരുപരുധിവരെ ഒഴിവാക്കി ചിത്രീകരിക്കുവാന്‍ കഴിവുള്ള ഒരു സംവിധായകന് സാധിച്ചേക്കും. മലയാള സിനിമയിലെ ഒരു സമീപകാല സിനിമയുടെ അവതരണ ശൈലി പകര്‍ത്തിയത്കൊണ്ട് ആ സിനിമ വിജയിച്ചപോലെ ഈ സിനിമയും വിജയിക്കുമെന്ന് സംവിധയകന്‍ കരുതിയെങ്കില്‍ അത് വെറും മിഥ്യാധാരണ മാത്രമാണെന്ന് ഇതിനോടകം തന്നെ സംവിധായകന് ബോധ്യപെട്ടിട്ടുണ്ടാകണം. രണ്ടാം പകുതിയില്‍ 3 മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. സാധാസമയം നഗരത്തില്‍ ചുറ്റിയടിക്കുന്ന പോലിസ് ആ 3 മരണങ്ങളും എന്ത് കാരണത്താലാണ് സാധാരണ മരണമെന്ന് വിധിയെഴുതിയത് എന്ന് സംവിധായകന്‍ മാത്രമറിയാവുന്ന കാര്യമാണ്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫ്ലാറ്റില്‍ വാസുകി അയ്യര്‍ക്ക് നേരിടേണ്ടിവന്നിട്ടുള്ള ദുരന്തം സംഭവിച്ചു എന്നതും അവിശ്വസനീയമായി അനുഭവപെട്ടു. ഈ ന്യൂനതകളൊക്കെ പ്രേക്ഷകര്‍ ക്ഷമിച്ചത് സിനിമയുടെ അവസാന ഭാഗം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും അതിലെ യുക്തിയുമാണ്. മമ്മൂട്ടിയും നയന്‍താരയും ഒഴികെ മറ്റു നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ എന്ന നിലയില്‍ ഏ.കെ.സാജന് അബദ്ധം പറ്റിയിരിക്കുന്നു.

സാങ്കേതികം: ⭐⭐
രാജീവ്‌ മേനോന്‍, ജോമോന്‍ ടി ജോണ്‍ എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ച റോബി വര്‍ഗീസ്‌ രാജാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. പുതുമകളൊന്നും അവകാശപെടാനില്ലെങ്കിലും സംവിധായകന്റെ കഥാവതരണ രീതിയോട് നീതിപുലര്‍ത്തുന്ന വിഷ്വല്‍സ് ഒപ്പിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ട് റോബി വര്‍ഗീസിന്. സിനിമയുടെ ആദ്യപകുതിയില്‍ ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലെ രംഗങ്ങളുടെ സന്നിവേശം ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണെങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്സും മെച്ചപെട്ടതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടത്‌ വിവേക് ഹര്‍ഷന്റെ ചടുലതയോടെയുള്ള സന്നിവേശത്തിനാലാണ്. സിനിമാരംഭം ഉപയോഗിച്ചിരിക്കുന്ന കഥകളി പദം മികച്ചതായിരുന്നു. റഫീക്ക് അഹമ്മദ്-വിനു തോമസ്‌ എന്നിവരാണ് ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയിലുടനീളം ആവശ്യത്തിനും അനാവശ്യത്തിനും ചേര്‍ത്തിരിക്കുന്ന പശ്ചാത്തല സംഗീതം പലപ്പോഴും ആസ്വാദനത്തെ ബാധിച്ചിരുന്നു. ഗോപി സുന്ദര്‍ ആണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ്‌ കോവിലകത്തിന്റെ കലാസംവിധാനം സിനിമയുടെ പ്രമേയത്തോട് ചേര്‍ന്ന് പോകുന്നവയായിരുന്നു. ഷാജി പുല്പള്ളിയാണ് മേക്കപ്പ്.

അഭിനയം: ⭐⭐⭐
വാസുകി അയ്യരായി മികച്ച അഭിനയം കാഴ്ചവെച്ചുകൊണ്ട് നയന്‍‌താര വീണ്ടും മലയാള സിനിമയില്‍ ശക്തമായി സാന്നിധ്യം അറിയിച്ചിരിക്കുന്നു. ലൂയിസ് പോത്തനെ രസകരമായി അവതരിപ്പിക്കുവാന്‍ മമ്മൂട്ടിക്കും സാധിച്ചു. ഇവരെ കൂടാതെ എസ്.എന്‍.സ്വാമി, സോഹന്‍ സിനുലാല്‍, സാദിക്ക്, അജു വര്‍ഗീസ്‌, കോട്ടയം പ്രദീപ്‌, ആര്യന്‍, രചന നാരായണ്‍കുട്ടി, ഷീലു എബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയും നയന്‍താരയും ഒഴികെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ ആരും കഥാപാത്രത്തോട് നീതിപുലര്‍ത്തുന്നതായി അനുഭവപെട്ടില്ല. രചനയും ഷീലുവും സാമാന്യം ബോറന്‍ രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.

വാല്‍ക്കഷണം: മമ്മൂട്ടിയുടെയും നയന്‍താരയുടെയും ആരാധകരെ തൃപ്തിപെടുത്തുന്ന പുതിയ നിയമങ്ങള്‍!

രചന, സംവിധാനം: ഏ.കെ.സാജന്‍
നിര്‍മ്മാണം: പി.വേണുഗോപാല്‍, ജിയോ എബ്രഹാം
ചായാഗ്രഹണം: റോബി വര്‍ഗീസ്‌ രാജ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: വിനു തോമസ്‌
കലാസംവിധാനം: രാജേഷ്‌ കോവിലകം
മേക്കപ്പ്: ഷാജി പുല്പള്ളി
വിതരണം: അബാം

മഹേഷിന്റെ പ്രതികാരം -⭐⭐⭐

Maheshinte Prathikaaram

ചിരി പടര്‍ത്തിയ പ്രതികാര കഥ! ⭐⭐⭐

പ്രകാശ് എന്ന കൊച്ചു ഗ്രാമത്തിലെ ഏക വിഡിയോഗ്രാഫറാണ് മഹേഷ്‌. ആ ഗ്രാമത്തിലെ ഒരേയൊരു സ്റ്റുഡിയോ ആണ് ഭാവന സ്റ്റുഡിയോ.  കല്യാണമായാലും മരണമായാലും ആ ഗ്രാമനിവാസികള്‍ ഫോട്ടോ എടുക്കുവാനും വീഡിയോ എടുക്കുവാനും മഹേഷിനെയാണ് വിളിക്കുന്നത്. നാട്ടുകാരുടെയെല്ലാം പ്രിയപെട്ടവനായ മഹേഷ്‌ അയാളുടെ സഹപാടിയായിരുന്ന സൗമ്യയുമായി പ്രണയത്തിലായിരുന്നു. വിദേശത്തു നേഴ്സ് ആയി ജോലി ചെയ്തുവരുന്ന സൗമ്യ അവളുടെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ മറ്റൊരു വിവാഹത്തിന് സമ്മതിക്കേണ്ടിവരുന്നു. അങ്ങനെ മഹേഷിനെ വഞ്ചിക്കുന്നു.

ആ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒരു മരണം സംഭവിക്കുകയും അവിടെ വന്നെത്തിയ നാട്ടുകാരില്‍ ചിലര്‍ ഒരു പ്രശ്നത്തെ കുറിച്ച് ചര്‍ച്ചചെയ്യുകയും അത് വഴക്കില്‍ ചെന്നെത്തുകയും ചെയ്യുന്നു. തുടരന്നും ആ പ്രശ്നത്തെത്തിന്റെ ബാക്കിയായി വേറൊരു പ്രശ്നമുണ്ടാകുകയും, രണ്ടാമത് നടന്ന പ്രശ്നം കാരണം മൂന്നാമത് മറ്റൊരു പ്രശ്നമുണ്ടാകുകയും, അവസാനം അത് ചെന്നെത്തുന്നത് മഹേഷും ജിംസണ്‍ എന്നായാളും തമ്മിലുള്ള സംഘട്ടനത്തിലാണ്. നാട്ടുകാരുടെ മുമ്പില്‍ മഹേഷിനെ നാണംകെടുത്തുന്ന വിധം മര്‍ദ്ദിക്കുന്നു. അങ്ങനെ മഹേഷിനെ അപമാനിക്കുന്നു. 

ഈ രണ്ടു പ്രശ്നങ്ങളില്‍ ആരോടാണ് മഹേഷിന്റെ പ്രതികാരം? അതിനെത് വഴിയാണ് മഹേഷ്‌ സ്വീകരിക്കുന്നത്? എന്നതാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നത്‌. സംവിധായകന്‍ ആഷിക് അബു നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ മഹേഷായി ഫഹദ് ഫാസിലും, സൗമ്യയായി അനുശ്രീ നായരും, ജിംസണ്‍ ആയി ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ വന്ന സുജിത് ശങ്കറുമാണ് അഭിനയിച്ചിരിക്കുന്നത്. 

പ്രമേയം: ⭐⭐⭐
ഇടുക്കിയിലെ പ്രകാശന്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കുറെ സംഭവങ്ങളെ യുക്തിയോടെ കോര്‍ത്തിണക്കി കഥയുടെ രൂപത്തിലെത്തികുകയും അതിലൂടെ ചെറിയൊരു പ്രശ്നം വരുത്തിവെക്കാവുന്ന വലിയ പ്രശ്നങ്ങളും എന്ന പ്രമേയം ചര്‍ച്ചചെയ്യപെടുകയും ചെയ്യുന്നു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 80കളുടെ അവസാനം ഇത്തരത്തിലുള്ള രസകരമായ സംഭവങ്ങള്‍ പ്രമേയമാക്കിയിട്ടുള്ള സിനിമകള്‍ നിര്‍മ്മിക്കപെട്ടിട്ടുണ്ട്. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ അന്നും ഇന്നും ആ സിനിമകളൊക്കെ രസത്തോടെ കണ്ടിരിക്കാറുണ്ട്. രഘുനാഥ് പലേരിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിച്ച പൊന്മുട്ടയിടുന്ന താറാവും, രഞ്ജിത്ത്-കമല്‍ ടീമിന്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങളും, രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയും പോലുള്ള സിനിമകള്‍ ഇതിനുദാഹരണം. 

തിരക്കഥ: ⭐⭐⭐⭐
ആഷിക്അബു സിനിമകളുടെ അഭിവാജ്യ ഘടകമായ എഴുത്തുകാരന്‍ ശ്യാം പുഷ്ക്കരനാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ഒരു മരണ വീട്ടില്‍ നിന്ന് രണ്ടു വ്യക്തികള്‍ തമ്മില്‍ ആരംഭിക്കുന്ന വഴക്ക് ആ ഗ്രാമത്തിലെ ഒരുപിടി ജനങ്ങളെ മുഴുവന്‍ എത്തരത്തില്‍ ബാധിക്കുന്നു എന്നത് രസകരമായും വിശ്വസനീയതയോടെയും കഥാസന്ദര്ഭങ്ങളിലൂടെ കോര്‍ത്തിണക്കിയിരിക്കുന്നു. ഗ്രാമത്തിലെ അന്തേവാസികളുടെ ജീവിതം ഇത്രെയും മനോഹരമായി വികീഷിക്കുന്നയാളാണ് ശ്യാം പുഷ്ക്കരന്‍ എന്ന് മഹേഷിന്റെ പ്രതികാരം സിനിമ കണ്ടാല്‍ മനസ്സിലാകും. ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഓരോ വ്യക്തികളുടെയും സംഭാഷണങ്ങളും ഇടുക്കിക്കാര്‍ സംസാരിക്കുന്ന ശൈലിയില്‍ കൃത്യമായി എഴുതിയിരിക്കുന്നു എന്നത് പ്രശംസനീയം തന്നെ. തിരക്കഥയില്‍ അനാവശ്യമായ കുത്തിനിറച്ച ഹാസ്യ രംഗങ്ങളോ സംഭാഷണങ്ങളോ ഇല്ലാതെ തന്നെ ശുദ്ദമായ ഹാസ്യം എഴുതി പ്രേക്ഷരെ രണ്ടു മണിക്കൂര്‍ രസിപ്പിക്കുവാന്‍ ശ്യാം പുഷ്കരന് സാധിച്ചു. അഭിനന്ദനങ്ങള്‍!

സംവിധാനം: ⭐⭐⭐
ആഷിക് അബുവിന്റെ സംവിധാന സഹായിയായിരുന്ന ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമയാണെന്ന് മഹേഷിന്റെ പ്രതികാരം കണ്ട ഒരൊറ്റ പ്രേക്ഷന്‍ പോലും വിലയിരുത്തില്ല. അത്രയ്ക്ക് സൂക്ഷ്മതയോടെ മുഷിപ്പിക്കാതെ ലളിതമായ രീതിയില്‍ ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നു. യുക്തിക്ക് നിരക്കാത്ത ഒരൊറ്റ സന്ദര്‍ഭം പോലും ഈ സിനിമയിലില്ല. മരണ വീട്ടിലെ പ്രണയം അതിമനോഹരമായി പാട്ടിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചു വിജയിപ്പിക്കുക എന്നത് സംവിധായകന്റെ കഴിവ് തന്നെ. ആ രംഗത്തെ കുറിച്ചധികം ഇവിടെ പരാമര്‍ശിച്ചു രസം കളയുന്നില്ല. ഫഹദിന്റെ അച്ഛന്റെ വേഷം അഭിനയിച്ച നടന്‍, ബേബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലന്‍സിയാര്‍, പുതുമുഖ നായിക അപര്‍ണ്ണ ബാലമുരളി, ലിജോമോള്‍ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളെ നല്ല രീതിയില്‍ അഭിനയിപ്പിച്ചു കഥാപാത്രമായി മാറ്റുവാനും ദിലീഷിനു സാധിച്ചു. ഇത്തരത്തിലുള്ള ഹാസ്യ സിനിമകളാണ് ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്‌.

സാങ്കേതികം: ⭐⭐⭐
ഇടുക്കിയുടെ സൗന്ദര്യം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയത് ഷൈജു ഖാലിദാണ്. സിനിമയുടെ കഥയ്ക്കും പ്രമേയത്തിനും അനിവാര്യമായതെല്ലാം ഒപ്പിയെടുത്തു വിശ്വസനീയമായി ഓരോ രംഗവും ചിത്രീകരിക്കുവാന്‍ ഷൈജുവിനു സാധിച്ചു. മഹേഷും ജിംസണും തമിലുള്ള സംഘട്ടന രംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നു. അനാവശ്യമായ വലിച്ചുനീട്ടലുകളില്ലാതെ രംഗങ്ങള്‍ കോര്‍ത്തിണക്കി 2 മണിക്കൂറിനുള്ളില്‍ സിനിമയുടെ കഥ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സൈജു ശ്രീധരന് സാധിച്ചു. ബിജിബാല്‍ ഈണമിട്ട മികച്ച ഗാനങ്ങളുണ്ട് ഈ സിനിമയില്‍. ബിജിബാല്‍ തന്നെ ആലപിച്ച ഇടുക്കിയെ വര്‍ണ്ണിച്ചുകൊണ്ടുള്ള പാട്ടും, വിജയ്‌ യേശുദാസ് പാടിയ മൌനങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ടും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. റഫീക്ക് അഹമ്മദാണ് ഗാനരചന. അജയന്‍ ചാലിശ്ശേരി ഒരുക്കിയ സെറ്റുകളും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. ഒരൊറ്റ കഥാപാത്രത്തിന് പോലും മേക്കപ്പ് ഇട്ടിട്ടില്ല എന്ന തോന്നല്‍ ഉളവാക്കും വിധം മനോഹരമായിരുന്നു റോണക്സ്‌ സേവ്യര്‍ നിര്‍വഹിച്ച മേക്കപ്പ്. ഡാന്‍ജോസാണ് ശബ്ദമിശ്രണം.

അഭിനയം: ⭐⭐⭐⭐
ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, അലന്‍സിയാര്‍ ലേ, അനുശ്രീ നായര്‍, അപര്‍ണ്ണ ബാലമുരളി, ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, സുജിത് ശങ്കര്‍, സൈജു അഗസ്റ്റിന്‍, ലിജോമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം ഫഹദ് ഫാസിലിനു ലഭിച്ച അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ മഹേഷ്‌. ഓരോ ചലനങ്ങളും സൂക്ഷമാതയോടെ അച്ചടക്കത്തോടെ അഭിനയിച്ചിരിക്കുന്നു ഫഹദ്. പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ നഷ്ടപെട്ട വേദന ഉള്ളിലൊതുക്കി അവളെ വിവാഹ വേഷത്തില്‍ ഒരു നോക്ക് കാണുവാന്‍ പോവുകയും, കണ്ടതിനു ശേഷം ബൈക്കിലിരുന്നു അവളെ നോക്കി ചിരിക്കുകയും ചെയ്യുന്ന മഹേഷിനെ കയ്യടിയോടെയാണ് പ്രേക്ഷകര്‍ അഭിനന്ദിച്ചത്. അതുപോലെ ബസ്സില്‍ തന്റെ പുതിയ പ്രണയത്തെ കണ്ടെത്തി എന്ന് മനസ്സിലാക്കിയ മഹേഷ്‌ നാണത്തോടെ പടികള്‍ കയറി പോകുന്ന രംഗവും അത്യുഗ്രന്‍ അഭിനയമാണ് സാക്ഷ്യം വഹിച്ചത്. മഹേഷിന്റെ സന്തത സഹചാരിയായ ബേബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലന്‍സിയാറും, ക്രിസ്പിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിനും, ജിംസിയായി അഭിനയിച്ച അപര്‍ണ്ണ ബാലമുരളിയും, ഫഹദിന്റെ അച്ഛന്റെ റോളില്‍ അഭിനയിച്ച നടനും തന്മയത്തത്വോടെ കഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!

വാല്‍ക്കഷ്ണം: ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന മഹേഷിന്റെ നര്‍മ്മവും പ്രണയവും പ്രതികാരവും! 

സംവിധാനം: ദിലീഷ് പോത്തന്‍
രചന: ശ്യാം പുഷ്ക്കരന്‍
നിര്‍മ്മാണം: ആഷിക് അബു
ചായാഗ്രഹണം: ഷൈജു ഖാലിദ്
ചിത്രസന്നിവേശം: സൈജു ശ്രീധരന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
മേക്കപ്പ്: റൊണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വിതരണം: ഓ.പി.എം. ഡ്രീം മില്‍

ആക്ഷന്‍ ഹീറോ ബിജു – ⭐⭐⭐

Action Hero Biju

ഇതാണ് പോലീസ്…ഇതാകണം പോലീസ്! ⭐⭐⭐

പോലിസ് – “പ്രൊട്ടെക്ഷന്‍ ഓഫ് ലൈഫ് ഇന്‍ സിവില്‍ എസ്റ്റാബ്ലിഷ്മെന്റ്” അഥവാ ജനങ്ങളുടെ സംരക്ഷണത്തിന്റെ കാവല്‍ക്കാരന്‍. ജനങ്ങളുടെ പരാതികള്‍ ഏതു രീതിയില്‍ ഓരോ പോലീസുകാരനും കൈകാര്യം ചെയ്യണമെന്നും, കുറ്റാവാളികളോട് എത്തരത്തില്‍ സമീപിക്കണമെന്നും എങ്ങനെ അവരെ ശിക്ഷിക്കണമെന്നും, അതുവഴി ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഈ സിനിമയിലൂടെ തുറന്നുക്കാട്ടുന്നു.

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങളും അവ ചെയ്യനുണ്ടാകുന്ന സാഹചര്യങ്ങളും അതുമൂലം പുതിയ തലമുറ വഴിതെറ്റുന്നതും അവരുടെ കുടുംബങ്ങളെ മോശമായി ബാധിക്കുന്നതും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നു. യാതാര്‍ത്ഥ സംഭവങ്ങളിലൂടെ ലളിതമായ രീതിയില്‍ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചിരിക്കുന്ന ആക്ഷന്‍ ഹീറോ ബിജു മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സിനിമകളില്‍ ഒന്നാണ് എന്ന് നിസംശയം പറയാം.

സമൂഹത്തില്‍ അനീതിയും അക്രമവും നടത്തുന്ന ക്രിമിനലുകളോടും, ജനങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളോടും നെടുനീളന്‍ സംഭാഷണങ്ങള്‍ പറയുകയും സ്ലോ മോഷന്‍ രീതിയില്‍ നടക്കുകയും ചെയ്യുന്ന പോലീസ് കഥാപാത്രങ്ങള്‍ കണ്ടുശീലിച്ച മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ പുതിയ ഒരു അനുഭവമായിരിക്കും ബിജു പൌലോസ്. ആക്ഷന്‍ ഹീറോ ബിജു എന്നൊരു പേര് സിനിമയ്ക്ക് നല്‍ക്കി എന്നതുകൊണ്ട്‌ ഇന്‍സ്പെക്റ്റര്‍ ബല്‍റാമും, ബാബ കല്യാണിയും, ഭരത് ചന്ദ്രനും പ്രതീക്ഷിച്ചു സിനിമ കാണുവാന്‍ പോകുന്നവര്‍ നിരാശരായിട്ടുണ്ടെങ്കില്‍ അതു സംവിധായകന്റെയോ നിര്‍മ്മതവിന്റെയോ ഭാഗത്തുള്ള തെറ്റല്ല.

നിവിന്‍ പോളിയും ഷിബു തെക്കുംപുറവും എബ്രിഡ് ഷൈനും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ ജോജു ജോര്‍ജ്, പ്രജോദ് കലാഭവന്‍, റോണി ഡേവിഡ്‌, സുരാജ് വെഞ്ഞാറമൂട്, മേജര്‍ രവി, സൈജു കുറുപ്പ്, ജൂഡ് ആന്റണി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാജന്‍ പള്ളുരുത്തി, മേഘനാഥന്‍, കൊച്ചുപ്രേമന്‍, ബോബി മോഹന്‍, അസീസ്‌, അനു ഇമ്മാനുവല്‍, ദേവി അജിത്‌, രോഹിണി, വിന്ദുജ മേനോന്‍, വത്സല മേനോന്‍, പാര്‍വതി, മഞ്ജു വാണി എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
അനീതിയും അക്രമവും ചതിയും വഞ്ചനയും മോഷണവും മയക്കുമരുന്നു ഉപയോഗവും കൊട്ടേഷനുകളും അവിഹിതവും തുടങ്ങി അനവധി കുറ്റകൃത്യങ്ങള്‍ നമ്മുടെ നഗരത്തില്‍ ദിനംതോറും നടന്നുകൊണ്ടിരിക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടിയെടുക്കുന്ന നിയമപാലകര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും, അവയെല്ലാം തരണം ചെയ്തു കുറ്റവാളികളെ എങ്ങനെ നിയമത്തിനു മുന്നിലെത്തിക്കുന്നു എന്നതുമാണ്‌ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ പ്രമേയം. ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ മലയാള സിനിമയില്‍ ചര്‍ച്ചചെയ്യപെട്ടിട്ടുണ്ടെങ്കിലും, അവയില്‍ നിന്നും വ്യതസ്തമായി രീതിയില്‍ തെറ്റുകളും ശരികളും പ്രേക്ഷര്‍ക്കു ബോധ്യമാക്കികൊടുക്കുന്ന കഥയുടെ അവതരണമാണ് ആക്ഷന്‍ ഹീറോ ബിജു.

തിരക്കഥ: ⭐⭐⭐
എതൊരു നല്ല സിനിമയുടെ പിന്നിലും ശക്തമായ ഒരു തിരക്കഥയുണ്ടാകും എന്ന് അടിവരയിട്ടു തെളിയിക്കുന്ന രീതിയിലാണ് ഈ സിനിമയും. സംവിധായകന്‍ എബ്രിഡ് ഷൈനും പുതുമുഖം മുഹമ്മദ്‌ ഷഫീക്കും ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ നേര്‍ക്കാഴ്ചയാണ്‌ ഈ സിനിമയിലെ ഓരോ സന്ദര്‍ഭങ്ങളും, അവക്കെതിരെ നീതി നടപ്പിലാക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ബിജു പൗലോസ് എന്ന നിയമപാലകനും.

ഒരു നിയമപാലകന്‍ തമാശ പറയുന്ന ലാഘവത്തോടെ പരാതിക്കരോട് സംസാരിക്കുമോ എന്ന ചോദ്യം മനസ്സില്‍ ഉണര്‍ത്തുന്ന ഒന്ന് രണ്ടു രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. പരസ്യമായി കുളിക്കുന്നത്തിനു പരാതി നല്‍കിയ സന്ദര്‍ഭവും, ഓട്ടോക്കാരനും സ്ത്രീയും തമിലുള്ള വഴക്കിനിടയില്‍ ഈ സ്ത്രീയോടും നിനക്ക് പ്രേമം തോന്നിയോ എന്ന ചോദ്യവും, പോലീസിന്റെ വാക്കിടോക്കി കള്ളുകുടിയന്‍ ഉപയോഗിക്കുന്ന രംഗങ്ങളും ഇതിനുദാഹരണം. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഉദ്ദേശം കൂടിയുള്ളതിനാലാകണം കുറച്ചു രംഗങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ എഴുതിയത്.

ഇന്നത്തെ തലമുറ സഞ്ചരിക്കുന്ന തെറ്റായ വഴികളുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് അവരുടെ കുടുംബളാണ് എന്ന ഒരു സന്ദേശവും ഈ സിനിമയിലൂടെ സമൂഹത്തിനു നല്‍കുന്നു. കൌമാരക്കാര്‍ കഞ്ചാവ് ഉപയോഗിക്കുന്നതും, ഭാര്യ ഭര്‍തൃ ബന്ധത്തിനിടയിലുള്ള അവിഹിത ബന്ധവും, അമ്മയുടെ തലയടിച്ചു പൊട്ടിച്ചു പ്രതികാരം തീര്‍ക്കുന്ന മകനും, ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിനെ നഷ്ടപെട്ടതും തുടങ്ങി നിരവധി സന്ദര്‍ഭങ്ങള്‍ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നു.

സംവിധാനം: ⭐⭐⭐
ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ അച്ഛനും മകനും തമിലുള്ള ആത്മബന്ധത്തിന്റെ കഥ ഗൃഹാതുരുത്വത്തോടെ അവതരിപ്പിച്ച 1983 എന്ന സിനിമയ്ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിച്ച ആക്ഷന്‍ ഹീറോ ബിജു, സമൂഹത്തിലെ നന്മ-തിന്മകളെകുറിച്ചും, അവ നേരിടേണ്ടി വരുകയും അവയെല്ലാം തരണം ചെയ്തു പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ഒരു നിയമപാലകന്റെ ജീവിതവും അവതരിപ്പിച്ചിരിക്കുന്നു.

സിനിമയുടെ അവസാന രംഗങ്ങളില്‍ ഒന്നില്‍ പിടിക്കിട്ടാപുള്ളിയുടെ കത്തിയുടെ കുത്തേറ്റു കഴിഞ്ഞ ഉടനെ ബിജു പൌലോസ് പറയുന്ന സംഭാഷണങ്ങള്‍ ആ അവസരത്തില്‍ പറയുമോ ചോദ്യം പ്രേക്ഷകരുടെ മനസ്സില്‍ തോന്നിയിട്ടുണ്ടാവം. മേല്‍പറഞ്ഞത്‌ പോലെ ഒന്ന് രണ്ടു കല്ലുകടികളുള്ള രംഗങ്ങള്‍ ഒഴികെ സംവിധാനത്തില്‍ അച്ചടക്കം പാലിച്ചിട്ടുണ്ട് എബ്രിഡ് ഷൈന്‍. സംവിധായകനെന്ന നിലയില്‍ മികച്ച നടീനടന്മാരെ ഈ സിനിമയിലെ കഥാപാത്രങ്ങളാക്കി ജീവിപ്പിച്ചതിനും, ലളിതമായ രീതിയില്‍ അതിഭാവുകത്വമില്ലാതെ കഥ അവതരിപ്പിച്ചതിനും എബ്രിഡ് അഭിനന്ദനം അര്‍ഹിക്കുന്നു! കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ കുറെ നല്ല സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍ക്കാന്‍ സാധിച്ചു എന്നതില്‍ സംവിധായകന് എന്നും അഭിമാനിക്കാം!

സാങ്കേതികം: ⭐⭐⭐
അലക്സ് ജെ പുള്ളിക്കല്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയുടെ കഥയോടും പ്രമേയത്തോടും ചേര്‍ന്ന്പോകുന്നു. രംഗങ്ങളുടെ സന്നിവേശം നിര്‍വഹിച്ചത് മനോജാണ്. അനാവശ്യമായ വലിച്ചുനീട്ടലുകള്‍ ഒന്നുമില്ലാതെ കൃത്യമായ രീതിയില്‍ രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ മനോജിനു സാധിച്ചിട്ടുണ്ട്. ജെറി അമല്‍ദേവിന്റെ സംഗീത സംവിധാനത്തില്‍ ചിട്ടപെടുത്തിയ പൂക്കള്‍ പനിനീര്‍പൂക്കള്‍ ശ്രവ്യസുന്ദരമാണ്. ഹരി നാരായണനും സന്തോഷ്‌ വര്‍മ്മയുമാണ്‌ ഗാനരചന. ആവശ്യമുള്ള രംഗങ്ങളില്‍ മാത്രം പശ്ചാത്തല സംഗീതം നല്‍കിയത് സിനിമയുടെ സ്വഭാവത്തോട് നീതിപുലര്‍ത്തുന്നു. രാജേഷ്‌ മുരുകേശനാണ് പശ്ചാത്തല സംഗീതം. എം.ഭാവയാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അഭിനയം: ⭐⭐⭐⭐
സത്യസന്ധനും കര്‍മ്മനിരധനുമായ സബ് ഇന്‍സ്പെക്ടര്‍ ബിജു പൌലോസായി നിവിന്‍ പോളി തന്റെ വേഷത്തോട് നീതിപുലര്‍ത്തി. ബിജുവിന്റെ സന്തത സഹചാരികളായി ജോജുവും പ്രജോദും റോണിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മികച്ച പിന്തുണ നല്‍കി. ഈ സിനിമയിലെ എടുത്ത പറയേണ്ട പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് സുരാജ് വെഞ്ഞാറമൂടാണ്. നാളിതുവരെ സുരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കാം. അതുപോലെ മേഘനാഥനും രോഹിണിയും ദേവി അജിത്തും അഭിനയ മികവു പുലര്‍ത്തി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

വാല്‍ക്കഷ്ണം: ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന റിയലസ്റ്റിക്ക് പോലീസ് കഥ!

സംവിധാനം: എബ്രിഡ് ഷൈന്‍
നിര്‍മ്മാണം: നിവിന്‍ പോളി, ഷിബു തെക്കുംപുറം
രചന: എബ്രിഡ് ഷൈന്‍, മുഹമ്മദ്‌ ഷഫീക്ക്
ചായാഗ്രഹണം: അലക്സ് ജെ. പുള്ളിക്കല്‍
ചിത്രസന്നിവേശം: മനോജ്‌
സംഗീതം: ജെറി അമല്‍ദേവ്
പശ്ചാത്തല സംഗീതം: രാജേഷ്‌ മുരുകേശന്‍
ഗാനരചന: ഹരിനാരായണന്‍, സന്തോഷ്‌ വര്‍മ്മ
കലാസംവിധാനം: എം. ബാവ
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
ശബ്ദമിശ്രണം: എസ്. രാധാകൃഷ്ണന്‍
വിതരണം: എല്‍. ജെ. ഫിലിംസ്