ജല്ലിക്കട്ട് – ⭐️⭐️⭐️⭐️

ജല്ലിക്കട്ട് – മഹിഷവും മനുഷ്യനും ⭐️⭐️⭐️⭐️

ഇരുകാലികൾ കൊലയാളികളാകുമ്പോൾ സ്വയരക്ഷാർത്ഥം ഓടുന്ന ഒരു നാൽക്കാലിയുടെ അതിജീവനത്തിന്റെ പോരാട്ടമാണ് ജല്ലിക്കട്ട്.

ജല്ലിക്കട്ട് എന്ന സിനിമ എല്ലാവർക്കും ഇഷ്ടപെടുന്ന സിനിമയായിരിക്കില്ല. പക്ഷെ, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷരെല്ലാം സംവിധായകനെയും ഛായാഗ്രാഹകനെയും നമിക്കുമെന്നുറപ്പ്!

പ്രമേയം ⭐️⭐️⭐️⭐️
മനസാക്ഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യർ എന്ന ഇരുകാലികൾക്കു നേരെ വിരൽചൂണ്ടുന്ന അതിശക്തമായതും കാലിക പ്രസക്തിയുള്ളതുമായ ഒരു പ്രമേയമാണ് എസ്. ഹരീഷ് എന്ന എഴുത്തുകാരന്റെ ഭാവനായാൽ എഴുതപെട്ട മാവോയിസ്റ്റ് എന്ന ചെറുകഥ. സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി കുറെ മനുഷ്യർ ഒരു പോത്തിനെ വേട്ടയാടുന്നതും, ആ പോത്ത് അതിന്റെ ജീവൻ രക്ഷിക്കാനായി നടത്തുന്ന പോരാട്ടവുമാണ് ഈ സിനിമയുടെ കഥ. ഇത്തരത്തിലുള്ള ഒരു പ്രമേയവും ആ പ്രമേയം അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത കഥയും മലയാള സിനിമയിൽ ഇതാദ്യം. ടോറോന്റോ ഫിലിം ഫെസ്റ്റിവലിലും ബുസാൻ ഫിലിം ഫെസ്റ്റിവലിലും ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും ഈ വർഷം പ്രദർശിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമകളിൽ ഒന്നാണിത്. ആസ്വാദന ചേരുവകൾ ഇല്ലാത്ത സിനിമകൾ നിരാകരിക്കുന്ന പ്രേക്ഷകർ ഈ സിനിമയെ വിമർശിക്കുമെങ്കിലും, ഈ സിനിമ സംവാദിക്കുന്ന വിഷയം മനസ്സിലാക്കുകയെങ്കിലും വേണമെന്ന് അണിയറപ്രവർത്തകർ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

തിരക്കഥ ⭐️⭐️⭐️⭐️
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനാണ് എസ്. ഹരീഷ്. ഹരീഷും ആർ. ജയകുമാറും ചേർന്നാണ് ജല്ലിക്കട്ടിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഈ സിനിമയുടെ കഥയോട് നൂറു ശതമാനം നീതിപുലർത്തുന്ന ഒന്നാണ് ഓരോ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും. കേരളത്തിലെ മലയോര ഗ്രാമപ്രദേശമായ കട്ടപ്പനയിലെ മനുഷ്യരുടെ ജീവിതചര്യകൾ കൃത്യമായി നിരീക്ഷിച്ചതിനു ശേഷമാണ് ഈ സിനിമയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിയത് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, അവയോരോന്നും അത്രമേൽ വിശ്വസനീയമായിരുന്നു. ഓരോ കഥാപാത്രങ്ങളും എന്ത് ഉദ്ദേശത്തോടെയാണ് പാവം നാൽക്കാലിയെ വേട്ടയാടാൻ തീരുമാനിക്കുന്നത് എന്നതാണ് ഈ സിനിമയിലെ ആദ്യ പകുതിയിലെ രംഗങ്ങൾ. വർക്കി(ചെമ്പൻ വിനോദ്) എന്ന കശാപ്പുകാരന്‍റെ ജീവിതമാർഗമാണെങ്കിൽ, ആന്റണി(ആന്റണി വർഗീസ് പെപ്പെ) എന്ന ചെറുപ്പക്കാരന് അയാളുടെ പ്രണയസാഫല്യം എന്നതാണ് ലക്ഷ്യം. കുട്ടിച്ചൻ എന്ന വേട്ടക്കാരന് തന്റെ പ്രതികാരമാണ് നടപ്പിലാക്കേണ്ടതെങ്കിൽ, ആ നാട്ടിലെ ജനങ്ങൾക്ക് അവരുടെ കൃഷിയിടങ്ങളും മുതലും മറ്റും നഷ്ടപ്പെട്ടതിന്റെ പകയും. ആ പരിശ്രമത്തിനൊടുവിൽ എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ രണ്ടാം പകുതിയും ക്‌ളൈമാക്‌സും. എസ്. ഹരീഷിനും ആർ. ജയകുമാറിനും അഭിനന്ദനങ്ങൾ!

സംവിധാനം ⭐️⭐️⭐️⭐️
മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കു ഉയർത്തിയ സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഈ.മ.യൗ.വും ജല്ലിക്കട്ടും അതിനുദാഹരണങ്ങൾ. ഓരോ കഥാസന്ദർഭങ്ങളും അതർഹിക്കുന്ന ആഴത്തിൽ ചിത്രീകരിക്കുക, ഓരോ കഥാപാത്രങ്ങളും നമ്മുടെ കൺമുമ്പിൽ നിൽക്കുന്നത് പോലെ അനുഭവപ്പെടുത്തുക, ഓരോ രംഗങ്ങൾക്കും അർഹിക്കുന്ന വേഗത നൽകുക, ബുദ്ധിജീവികൾ മുതൽ സാധാരണ പ്രേക്ഷകനെ വരെ ഒരേ സമയം ചിന്തിപ്പിക്കുകയും നൊമ്പരപെടുത്തുകയും ചെയ്യുക എന്നത് അസാമാന്യ കഴിവുള്ള ഒരു പ്രതിഭയ്ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്. ആസ്വാദനത്തിനുള്ള ഘടകങ്ങൾ ഒന്നും തന്നെ ഈ സിനിമയിലില്ല എങ്കിലും, ഒരു നിമിഷം പോലും പ്രേക്ഷകനെ ഈ സിനിമ ബോറടിപ്പിക്കുന്നില്ല. ഇതുവരെ കണ്ടുപരിചതമല്ലാത്ത ചിത്രീകരണരീതി, ഇതുവരെ സുപരിചതമല്ലാത്ത ഫ്രയിമുകൾ, കഥ നടക്കുന്ന സ്ഥലത്തു ഓരോ പ്രേക്ഷകനും നിൽക്കുന്നു എന്ന തോന്നൽ ഉളവാക്കുന്ന ശബ്ദസംവിധാനം, ഓരോ അഭിനേതാക്കളും ജീവിക്കുകയാണ് എന്ന രീതിയിലുള്ള പ്രകടനം എന്നിവയെല്ലാം കൃത്യതയോടെ സമന്വയിപ്പിച്ച കഴിവുറ്റ സംവിധാന രീതിയാണ് ലിജോ ജോസ് പെല്ലിശേരിയുടേത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടാവുന്ന ഒരു സിനിമയായിരിക്കും ജല്ലിക്കട്ട് എന്നുറപ്പ്!

സാങ്കേതികം ⭐️⭐️⭐️⭐️
ഗിരീഷ് ഗംഗാധരന്റെ വിഷ്വൽ മാജിക് അനുഭവിച്ചറിയണമെങ്കിൽ ജല്ലിക്കട്ട് തിയറ്ററിൽ തന്നെ കാണേണ്ടിവരും. പുതുമയാർന്ന ഫ്രേയിമുകളും ദൈർഘ്യമേറിയ ഷോട്ടുകളും അതിസാഹസമായ ആങ്കിളുകളും രാത്രി രംഗങ്ങളിലെ ലൈറ്റിങ് രീതികളും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. പോത്തിന്റെ പുറകെ ജനങ്ങൾ ഓടുന്ന രംഗങ്ങൾ അതിഗംഭീരമായി ചിത്രീകരിക്കാൻ ഗിരീഷ് ഗംഗാധരൻ എടുത്ത പ്രയത്നം അഭിനന്ദനാർഹമാണ്. ഓരോ രംഗവും പ്രേക്ഷകർ നേരിട്ട് കാണുന്ന തരത്തിലാണ് ഗിരീഷ് ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ ഈ വർഷം ഗിരീഷിനെ തേടിയെത്തുമെന്നുറപ്പ്! പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതിൽ ദീപു ജോസഫ് എന്ന ചിത്രസന്നിവേശകൻ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിലുള്ള ഒരു കഥ ആവശ്യപ്പെടുന്ന ചടുലത സിനിമയിലുടനീളം കാണപ്പെട്ടു. രംഗനാഥ് രവി നിർവഹിച്ച ശബ്ദ സംവിധാനം മികവ് പുലർത്തി. ഒരു മലയോര ഗ്രാമപ്രദേശത്തെ രാത്രികാലങ്ങളിൽ കേൾക്കുന്ന ഓരോ ശബ്ദങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ഈ സിനിമയിൽ ചേർക്കുവാൻ രംഗനാഥ് രവിക്ക് സാധിച്ചു. ഒരേ സമയം ഭീതി ജനിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ പശ്ചാത്തല സംഗീതം നൽകാൻ പ്രശാന്ത് പിള്ളക്കും സാധിച്ചു. ആൾക്കൂട്ടങ്ങളുള്ള രംഗങ്ങളിലെ ഡബ്ബിങ് ഒരു പോരായ്മായി കാണപ്പെട്ടു. അഭിനേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അവയൊന്നും ശ്രവ്യമാകാതെ വെറും ചുണ്ടനക്കം മാത്രമായി തോന്നുകയായിരുന്നു.

അഭിനയം ⭐️⭐️⭐️⭐️
അഭിനയ പ്രാധാന്യമുള്ള മുഹൂർത്തങ്ങൾ ഈ സിനിമയില്ലെങ്കിലും, ഓരോ കഥാപാത്രവും അവതരിപ്പിച്ച പ്രമുഖ നടന്മാരും പുതുമുഖങ്ങളും അവരവരുടെ റോളുകൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. ചെമ്പൻ വിനോദും ആന്റണി വർഗീസും സാബുമോൻ അബുസമദും(തരികിട സാബു) ജാഫർ ഇടുക്കിയും ശാന്തി ബാലകൃഷ്ണനും ജയശങ്കറും ഒഴികെ മറ്റെല്ലാം പുതുമുഖങ്ങളാണ് അഭിനയിച്ചത്. പുതുമുഖ നടീനടന്മാരെ അഭിനയിപ്പിക്കാനുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഴിവ് അങ്കമാലി ഡയറീസിലും ഈ.മ.യൗ വിലും പ്രേക്ഷകർ കണ്ടതാണ്. ഇത്രയേറെ ആളുകളെ സംഭാഷണങ്ങൾ തെറ്റാതെ അഭിനയിപ്പിച്ചെടുക്കുക എന്നത് പരിശ്രമം നിറഞ്ഞ കാര്യം തന്നെ. ചില രംഗങ്ങളുടെ ദൈർഘ്യം 3ഉം 4ഉം മിനിറ്റുകളാണ്. അവയിൽ പലതിലും ദൈർഘ്യമുള്ള സംഭാഷണങ്ങൾ ഉള്ളതുമാണ്.

വാൽക്കഷ്ണം: മലയാള സിനിമ പ്രേക്ഷകർ ഇന്നോളം കണ്ടിട്ടില്ലാത്ത അവതരണ മികവും ദൃശ്യഭംഗിയും നൽകി ജല്ലിക്കട്ട് ഒരുക്കിയതിനു ലിജോ ജോസ് പെല്ലിശ്ശേരിക്കും ഗിരീഷ് ഗംഗാധരനും ബിഗ് സലൂട്ട്!

സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
കഥ: എസ്. ഹരീഷ്
തിരക്കഥ: എസ്. ഹരീഷ്, ആർ. ജയകുമാർ
നിർമ്മാണം: തോമസ് പണിക്കർ, ലിജോ ജോസ്, ചെമ്പൻ വിനോദ്
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ
ചിത്രസന്നിവേശം: ദീപു ജോസഫ്
പശ്ചാത്തല സംഗീതം: പ്രശാന്ത് പിള്ള
കലാസംവിധാനം: ഗോകുൽ ദാസ്
വസ്ത്രാലങ്കാരം: മാഷർ ഹംസ
ചമയം: റോണക്സ് സേവ്യർ
ശബ്ദ സംവിധാനം: രംഗനാഥ് രവീ
ശബ്ദ മിശ്രണം: കണ്ണൻ ഗണപത്
സംഘട്ടനം: സുപ്രീം സുന്ദർ
വിതരണം: ഫ്രൈഡേ ഫിലിം ഹൌസ്.

രക്ഷാധികാരി ബൈജു (ഒപ്പ്) – ⭐⭐⭐


ഗൃഹാതുരത്വ ഓർമ്മകളിലൂടെ ഒരല്പനേരം – ⭐⭐⭐

ഓരോ തലമുറയിലെ കുട്ടികൾക്കും അവരുടേതായ പ്രിയപ്പെട്ട വിനോദങ്ങളുണ്ടാകും. മൊബൈൽ ഫോണും കംപ്യൂട്ടർ ഗെയിമുകളും ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ജീവിതം ആസ്വദിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വിനോദ ഉപാദികളാണ്. ഒന്നോ രണ്ടോ തലമുറ മുമ്പുള്ള, ഇന്നത്തെ യുവാക്കളായ അന്നത്തെ കുട്ടികൾ സമയം ചിലവഴിച്ചുകൊണ്ടിരുന്നതും ഓരോ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നതും പാടത്തും പറമ്പിലും നാട്ടിൻപുറത്തെ കൊച്ചു മൈതാനങ്ങളിലുമായാണ്. കാലമെത്ര കഴിഞ്ഞാലും അവയെല്ലാം ഒരുപിടി മനോഹരമായ ഓർമ്മകളായി എന്നും അവരുടെ ഉള്ളിൽ അവശേഷിക്കുന്നു. അത്തരത്തിലുള്ള കുറെ സുന്ദര നിമിഷങ്ങൾ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് മനസിലാക്കുവാനും പഴയ തലമുറയിലുള്ളവർക്കു അവരുടെ ബാല്യകാലസ്മരണങ്ങൾ ഓർത്തെടുക്കുവാനും സാധിക്കുന്ന സിനിമയാണ് രക്ഷാധികാരി ബൈജു(ഒപ്പ്‌).

റോസ് ഗിറ്റാറിനാൽ എന്ന സിനിമയ്ക്ക് ശേഷം രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് രക്ഷാധികാരി ബൈജു. പുതുമുഖം ടി.എസ് അർജുനാണ് ഈ സിനിമയുടെ കഥ എഴുതിയത്. 100ത് മങ്കി മൂവീസിനു വേണ്ടി അലക്‌സാണ്ടർ മാത്യുവും സതീഷ് കോലവും നിർമ്മിച്ച രക്ഷാധികാരി ബൈജു ഇറോസ് ഇൻറ്റർനാഷണലാണ് വിതരണം ചെയ്തിരിക്കുന്നത്.

പ്രമേയം: ⭐⭐
കേരളത്തിലെ ഏതു കൊച്ചു ഗ്രാമപ്രദേശത്ത് ചെന്നാലും അവിടെയൊക്കെ ബൈജുവിനെ പോലെയുള്ള ആളുകളെ കാണാൻ സാധിക്കും. ആ പ്രദേശത്തുള്ള നിവാസികളൊക്കെ ഏതു പ്രധാനപ്പെട്ട കാര്യത്തിനും സമീപിക്കുന്നത് ബൈജുവിനെ പോലെയുള്ളവരെയായിരിക്കും. അതുപോലെ ഗ്രാമനിവാസികളായ യുവാക്കളും കുട്ടികളും ദിവസേന വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന ഒരു ചായക്കടയോ കവലയോ മൈതാനമോ ഉണ്ടാകും. അവരുടെ ദിനചര്യകളിൽ പ്രത്യേകിച്ചു മാറ്റങ്ങൾ ഒന്നുമുണ്ടാകില്ല. അവിടെയുള്ളവരുടെ വിനോദത്തിനായി ആരംഭിക്കുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അതിന്റെ പ്രവർത്തനങ്ങളും കായിക വിനോദങ്ങളും എല്ലാ പ്രദേശങ്ങളിലും കാണപെടുന്നതാണ്. കുമ്പളം എന്ന കൊച്ചുഗ്രാമത്തിൽ ബൈജുവിന്റേയും കൂട്ടരുടെയും നേതൃത്വത്തിൽ തുടങ്ങുന്ന കുമ്പളം ബ്രദേഴ്സ് എന്ന ക്ലബ്ബും കായികവിനോദങ്ങളുടെ കൂട്ടായ്മയ്ക്ക് വേണ്ടിയാണ് ആരംഭിക്കുന്നത്. മേല്പറഞ്ഞ കുമ്പളം ഗ്രാമനിവാസികളുടെയും അവരുടെ ഒരേയൊരു മൈതാനത്തിന്റ രക്ഷാധികാരി ബൈജുവിന്റെയും കഥയാണ് രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെ രഞ്ജൻ പ്രമോദ് പറയുന്നത്.

തിരക്കഥ: ⭐⭐⭐⭐
രണ്ടാം ഭാവവും, മീശമാധവനും, മനസ്സിനക്കരയും, നരനും എഴുതിയ രഞ്ജൻ പ്രമോദിന്റെ തൂലികയിൽ പിറന്ന ഗംഭീര തിരക്കഥയാണ് രക്ഷാധികാരി ബൈജു. ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങൾ അത്യന്തം രസകരമായി കോർത്തിണക്കിയ കഥാസന്ദർഭങ്ങളാണ് സിനിമയുടെ ആദ്യാവസാനം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തിരക്കഥയ്ക്ക് ശേഷം ഇത്രയും ഹൃദയത്തോട് ചേർന്ന് നിന്നെഴുതിയ തിരക്കഥയൊന്നും അടുത്തകാലത്തു മലയാള സിനിമയിൽ കണ്ടിട്ടില്ല. ഹാസ്യത്തിന്റെ മേമ്പൊടിയോടെ ദ്വയാർത്ഥ പ്രയോഗമില്ലാത്ത ശുദ്ധമായ നർമ്മ സംഭാഷണങ്ങളിലൂടെ അവതരിപ്പിച്ച രംഗങ്ങളെല്ലാം പ്രേക്ഷകർ ആസ്വദിച്ചു. ഓരോ കഥാപാത്രങ്ങളുടെയും രൂപീകരണമാണ് തിരക്കഥയുടെ മറ്റൊരു സവിശേഷതയായി തോന്നിയത്. അവരിലെ പലരിലും നമ്മളെ തന്നെ കാണുവാൻ സാധിക്കുമായിരുന്നു. വിശ്വസനീയതയുള്ള സന്ദർഭങ്ങൾ, ഏച്ചുകെട്ടലുകളില്ലാത്ത സംഭാഷണങ്ങൾ, സുപരിചതരായ കഥാപാത്രങ്ങൾ, ഹൃദയസ്പർശിയായ ക്‌ളൈമാക്‌സ് തുടങ്ങിയവയാണ് തിരക്കഥയിലെ പ്രത്യേകതകൾ. കുട്ടിക്കാലം മുതൽ നമുക്ക് ചുറ്റും കണ്ട കാഴ്ചകളെല്ലാം കുട്ടികൾക്കും കുടുംബത്തിനൊപ്പം വീണ്ടും കാണുമ്പോളുള്ള സന്തോഷം പ്രേക്ഷകരിൽ പ്രകടമായിരുന്നു. ഇനിയും ഇതുപോലെ രസകരമായ തിരക്കഥകൾ എഴുതുവാൻ രഞ്ജൻ പ്രമോദിന് കഴിയട്ടെ.

സംവിധാനം: ⭐⭐⭐⭐
കഥാസന്ദർഭങ്ങളുടെ കൃത്രിമത്വമില്ലാത്ത അവതരണമാണ് ഓരോ സിനിമയെയും പ്രേക്ഷകരുടെ പ്രിയപെട്ടതാകുന്നത്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ചെന്നാൽ നേരിൽ കാണുന്ന കാഴ്ചകൾ അതേപടി വിശ്വസനീയമായി അവതരിപ്പിച്ച രഞ്ജൻ പ്രമോദിന്റെ സംവിധാന രീതി പ്രശംസനീയമാണ്. കഥാപശ്ചാത്തലത്തിനു അനിയോജ്യമായ ഒരു ലൊക്കേഷനിൽ ഈ സിനിമ ചിത്രീകരിക്കാനായി എന്നത് കഥയുടെ വിശ്വസനീയതയ്ക്കു ആക്കം കൂട്ടിയിട്ടുണ്ട്. അഭിനേതാക്കളുടെ മിതമാർന്ന പ്രകടനവും, സിങ്ക് സൗണ്ട് ഉപയോഗിച്ചുള്ള സംഭാഷണങ്ങളുടെ റെക്കോർഡിങ്ങും സിനിമയുടെ അവതരണത്തിന് ഗുണം ചെയ്തിട്ടുണ്ട്. ആ ഗ്രാമനിവാസികളുടെ മൈതാനത്തിന്റെ കഥയോടൊപ്പം ബൈജുവിന്റെയും സുഹൃത്തുക്കളുടെയും കുടുംബത്തിലുള്ളവരുടെയും ജീവിതത്തിലെ വിഷമങ്ങളും സന്തോഷങ്ങളും കഷ്ടപ്പാടുകളും പ്രണയവും വിരഹവും കൃത്യമായി സമന്വയിപ്പിച്ചാണ് രഞ്ജൻ പ്രമോദ് അവതരിപ്പിച്ചത്. എൺപതുകളുടെ അവസാനം നിർമ്മിക്കപ്പെട്ടിട്ടുള്ള ചില സത്യൻ അന്തിക്കാട്-ശ്രീനിവാസൻ സിനിമകളെ ഓർമ്മിപ്പിക്കിന്നവിധമാണ് ഈ സിനിമയുടെ അവതരണം. ഒരുപാട് നാളുകൾക്കു ശേഷമുള്ള രഞ്ജൻ പ്രമോദ് എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും രണ്ടാംവരവ് ഗംഭീരമായി.

സാങ്കേതികം: ⭐⭐⭐⭐
സിനിമയുടെ ദൈർഘ്യം കഥയാവശ്യപെടുന്നതിലും ഒരല്പം കൂടുതലായിരുന്നു എന്നത് ആസ്വാദനത്തെ ദോഷകരമായി ബാധിച്ചു. സംജിത് മുഹമ്മദ് തന്റെ സ്ഥിരം ശൈലി കൈവിടാതെ സൂക്ഷമമായി രംഗങ്ങൾ കോർത്തിണക്കിയിട്ടുണ്ട്. കഥയിൽ പ്രാധാന്യമില്ലാത്ത ഒന്ന് രണ്ടു കഥാപാത്രങ്ങളെ ഒഴുവാക്കിയിരുന്നുവെങ്കിൽ ദൈർഘ്യം കുറയ്ക്കാമായിരുന്നു. പ്രശാന്ത് രവീന്ദ്രനാണ് രംഗങ്ങൾ ക്യാമറയിൽ പകർത്തിയത്. ഓരോ ഫ്രയിമുകളും നൂറു ശതമാനം വിശ്വസനീയതയോടെയാണ് ചിത്രീകരിച്ചത്. ക്യാമറ ഗിമ്മിക്‌സുകളോ കൃത്രിമത്വ ലൈറ്റുകളോ ഒന്നും ഉപയോഗിക്കാതെ ചിത്രീകരിച്ച ഈ സിനിമയിലെ ഓരോ രംഗങ്ങളും ഹൃദ്യമായിരുന്നു. എടുത്തു പറയേണ്ട പ്രശംസിക്കേണ്ട ഒന്നാണ് ബിജിബാലിന്റെ പശ്ചാത്തല സംഗീതം. ഓരോ കഥാസന്ദർഭങ്ങളോടും ഇഴുകിച്ചേർന്ന പശ്ചാത്തല സംഗീതമായിരുന്നു ബിജിബാൽ ചിട്ടപ്പെടുത്തിയത്. ഹരിനാരായണൻ എഴുതി ബിജിബാൽ ഈണമിട്ട ആകാശം പന്തലുകെട്ടി എന്ന പാട്ടും മികവുറ്റതായിരുന്നു. പ്രമോദ് തോമസാണ് സിങ്ക് സൗണ്ട് രീതിയിലുള്ള ശബ്ദമിശ്രണത്തിനു നേതൃത്വം നൽകിയത്. രംഗങ്ങളുടെ വിശ്വസനീയതയ്ക്കു മാറ്റുകൂട്ടുവാൻ സഹായിച്ച ഘടകങ്ങളിൽ ഒന്നാണ് ചിത്രീകരണത്തിനിടയിലുള്ള ശബ്ദമിശ്രണം. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് യോജിച്ചവയായിരുന്നു. ശ്രീജിത്ത് ഗുരുവായൂരാണ് ചമയം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐⭐
ഒരു സിനിമയിലെ എല്ലാ അഭിനേതാക്കളും തനതായ ശൈലിയിൽ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിരളം മാത്രം സംഭവിക്കുന്ന ഒന്നാണ്. ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കവാൻ ബിജു മേനോനെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാനാകില്ല. അത്രയ്ക്ക് രസകരമായ രീതിയിൽ അലസതയുള്ള ഒരു ചെറുപ്പക്കാരന്റെ കഥാപാത്രം മികവോടെ ബിജു മേനോൻ അവതരിപ്പിച്ചു. മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ഹരീഷ് പെരുമണ്ണയാണ്. അധികം സംഭാഷണങ്ങൾ ഒന്നുമില്ലാത്ത വിനീത് എന്ന ചെറുപ്പക്കാരനെ ഹാസ്യരസമുള്ള ഭാവാഭിനയത്തിലൂടെ ഹരീഷ് അവതരിപ്പിച്ചു. അജു വർഗീസിന്റെ ജോഡിയായി അഭിനയിച്ച പുതുമുഖം ശ്രീകലയുടെ അഭിനയം വളരെ മികച്ചുനിന്നു. മനോജ് എന്ന വേഷത്തിൽ ദീപക് പറമ്പോളും തിളങ്ങി. സ്വതസിദ്ധമായ അഭിനയമാണ് വിജയരാഘവന്റെ അച്ഛൻ കഥാപാത്രത്തെ മികവുറ്റതാക്കിയത്. അജു വർഗീസും ജനാർദ്ദനനും ഇന്ദ്രൻസും അലൻസിയാറും മണികണ്ഠനും ദിലീഷ് പോത്തനും ഹന്നാ റെജിയും അവരവരുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ഇവരെ കൂടാതെ പത്മരാജ് രതീഷ്, ശശി കലിങ്ക, ആബിദ്, നെബീഷ്, ഹക്കിം, ചേതൻ ലാൽ, മാസ്റ്റർ വിശാൽ, അഞ്ജലി അനീഷ്, ശ്രീധന്യ, അംബിക മോഹൻ, അനഘ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങൾ കോർത്തിണക്കിയ കുടുംബചിത്രമാണ് രക്ഷാധികാരി ബൈജു!

രചന, സംവിധാനം: രഞ്ജൻ പ്രമോദ്
കഥ: ടി.എസ്.അർജുൻ
നിർമ്മാണം: അലക്‌സാണ്ടർ മാത്യു, സതീഷ് കോലം
ബാനർ: 100ത് മങ്കി മൂവീസ്
ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ
ചിത്രസന്നിവേശം: സംജിത് മുഹമ്മദ്
ഗാനരചന: ഹരിനാരായണൻ
സംഗീതം: ബിജിബാൽ
കലാസംവിധാനം: അജയ് മാങ്ങാട്
ശബ്ദസംവിധാനം: പ്രമോദ് തോമസ്
ചമയം: ശ്രീജിത്ത് ഗുരുവായൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഇറോസ് ഇൻറ്റർനാഷണൽ.

ലീല -⭐⭐

image

കാമമോഹിത ലീലാവിലാസം – ⭐⭐

“പിള്ളേച്ചോ എനിക്കൊന്ന് ഭോഗിക്കണം” എന്ന് കുട്ടിയപ്പൻ അണച്ചുക്കൊണ്ട് പറഞ്ഞു. ആരെ, എന്നെയാണോ വേണ്ടത് ഈ പാതിരായ്ക്ക്? എനിക്ക് ദേഷ്യം വന്നു. എന്റെ പിള്ളേച്ച ചുമ്മാ കളിക്കല്ലേ എന്ന് ടോർച്ച്കൊണ്ട് പുറം ചൊറിഞ്ഞുകൊണ്ട് പറഞ്ഞു. “ഇതൊരു പ്രത്യേകതരം ഭോഗമാണ്. അതിനൊരു ഏർപ്പാടുണ്ടാക്കണം”.

2010 ഒക്ടോബർ-നവംബർ മാസത്തിലെ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ലീല എന്ന ചെറുകഥയിലെ സംഭാഷണങ്ങളാണ് മേൽപറഞ്ഞത്‌. ഉണ്ണി ആർ. എഴുതിയ ലീല എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ രചന നിർവഹിച്ച സിനിമയാണ് ലീല. ഇതാദ്യമായിട്ടാണ് മറ്റൊരാളുടെ തിരക്കഥ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോൾ തിയറ്റേഴ്സാണ് ലീല നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
ഭ്രാന്തൻ ചിന്തകളുമായി ജീവിക്കുന്ന ഒരു താന്തോന്നി തന്റെ വിചിത്ര ആഗ്രഹം സഫലീകരിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം തിരച്ചറിയുന്ന പച്ചയായ സത്യങ്ങൾ അയാളുടെ ചിന്തകളെയും ആഗ്രഹങ്ങളെയും സ്വാധീനിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. ആനയുടെ തുമ്പിക്കൈയിൽ ചാരിനിർത്തി ഒരു പെണ്ണിനെ അനുഭവിക്കണം എന്ന ആഗ്രഹത്തിന് വേണ്ടി ശ്രമിക്കുന്ന കുട്ടിയപ്പന്റെ കഥയാണ് ഈ സിനിമയിലൂടെ ഉണ്ണി ആർ.-രഞ്ജിത്ത് ടീം അവതരിപ്പിക്കുന്നത്‌.

തിരക്കഥ: ⭐⭐
ഉണ്ണി ആർ. തന്റെ ചെറുകഥ വികസിപ്പിച്ചു എഴുതിയ കഥാസന്ദർഭങ്ങൾ കഴമ്പില്ലാത്ത രീതിയിൽ അനുഭവപെട്ടു. കുട്ടിയപ്പന്റെ ഭ്രാന്തൻ സ്വഭാവങ്ങൾ പ്രേക്ഷകർക്ക്‌ മനസ്സിലാക്കികൊടുക്കുവാൻ നിരവധി സന്ദർഭങ്ങൾ മെനഞ്ഞെടുത്ത ഉണ്ണി ആർ., ലീല എന്ന കഥാപാത്രത്തെ സിനിമയുടെ അവസാന 30 മിനിറ്റ് മാത്രമേ ഓർക്കുന്നുള്ളൂ. സിനിമയിലുടനീളം പുരുഷ മേധാവിത്വത്തെയും മതങ്ങളോടുള്ള മലയാളികളുടെ കാഴ്ച്ചപാടുകളെയും ആക്ഷേപഹാസ്യരൂപേണെ പരിഹസിക്കുവാനും ഉണ്ണി ആർ. മറന്നില്ല. സംഭാഷണങ്ങളിലൂടെ രസകരമായ കുറെ ആശയങ്ങൾ പ്രേക്ഷകരോട് പറയുവാൻ ഉണ്ണി ആർ. ശ്രമിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ എന്നല്ലാതെ ഗുരുവായൂരച്ചൻ എന്നലല്ലോ നമ്മൾ പറയാറുള്ളത് എന്ന് തുടങ്ങി മാലാഘമാർ തിരിച്ചു പോകുമ്പോൾ എലക്റ്റ്രിക് കമ്പിയിൽ തൊടാതെ പോകണമെന്ന് വരെ രസകരമായ ആക്ഷേപഹാസ്യ സംഭാഷണങ്ങൾ ഉണ്ണി ആർ. എഴുതിയിട്ടുണ്ട്.

സംവിധാനം: ⭐⭐⭐
രഞ്ജിത്ത് എന്ന സംവിധായകന്റെ കഴിവ് പരമാവധി ഉപയോഗിച്ച് പ്രേക്ഷകർക്ക്‌ ദഹിക്കാൻ ഒരല്പം പ്രയാസമുള്ള ഒരു കഥയെ കണ്ടിരിക്കാവുന്ന രീതിയിൽ അവതരിപ്പിച്ചു. മലയാള സിനിമ പ്രേക്ഷകർ കണ്ടുശീലിച്ച സ്പൂൺ ഫീഡിംഗ് രീതി ഉപേക്ഷിച്ചു ഒരല്പം ചിന്തിക്കാനുള്ള അവസരം ഈ സിനിമയിലൂടെ രഞ്ജിത്ത് പ്രേക്ഷകർക്ക്‌ നൽക്കുന്നുണ്ട്. കുട്ടിയപ്പനും ലീലയ്ക്കും എന്ത് സംഭവിക്കും എന്ന ആശങ്ക ജനിപ്പിക്കുവാനും ഏവരെയും ത്രസിപ്പിക്കുന്ന രീതിയിൽ കഥ അവസാനിപ്പിക്കുവാനും രഞ്ജിത്ത് ശ്രമിച്ചു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ ചോദ്യങ്ങൾ ഏറെ ബാക്കിനിർത്തിക്കൊണ്ട് ലീല അവസാനിക്കുന്നു.

സാങ്കേതികം: ⭐⭐⭐
വയനാടാൻ ചുരങ്ങൾ അതിമനോഹരമായി ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ പ്രശാന്ത് രവീന്ദ്രന്റെതാണ്‌. ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണം മികച്ചതായി അനുഭവപെട്ടു. മനോജ്‌ കണ്ണോതാണ് ചിത്രസന്നിവേശം നിർവഹിച്ചത്. ആദ്യ പകുതിയിലെ കുറെ രംഗങ്ങൾ വലിച്ചുനീട്ടി അവതരിപ്പിച്ചു പ്രേക്ഷകരെ മുഷിപ്പിച്ചു. കുട്ടിയപ്പന്റെ സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഒരുപാട് രംഗങ്ങൾ ആദ്യ പകുതിയിലുണ്ട്. കുട്ടിയപ്പന്റെ ഭ്രാന്തൻ ചിന്തകളും ആഗ്രഹങ്ങളും പറഞ്ഞു പറഞ്ഞു ബോറടിപ്പിച്ചു. ഈ കുറവുകൾ ഒരുപരുധിവരെ പ്രേക്ഷകർ ക്ഷമിച്ചു സിനിമ കണ്ടത് ബിജിബാലിന്റെ പശ്ചാത്തല സംഗീതം ഒന്നുകൊണ്ട് മാത്രമാണ്. സിനിമയിലുടനീളം രംഗങ്ങൾക്ക് അനിയോജ്യമായിരുന്ന പശ്ചാത്തല സംഗീതമായിരുന്നു ബിജിബാൽ നൽകിയത്. എടുത്തു പറയേണ്ടത് ക്ലൈമാക്സ് രംഗങ്ങളിലെ പശ്ചാത്തല സംഗീതത്തെ കുറിച്ചാണ്. സന്തോഷ്‌ രാമന്റെ കലാസംവിധാനവും റോണക്സ്‌ സേവ്യറിന്റെ മേയ്ക്കപ്പും എസ്.ബി സതീഷിന്റെ വസ്ത്രാലങ്കാരവും സിനിമയുടെ സ്വഭാവത്തോട് ചേർന്ന്പോകുന്നവയാണ്.

അഭിനയം: ⭐⭐⭐
ധനികനായ എമ്പോക്കി കുട്ടിയപ്പനായി ബിജു മേനോൻ മികച്ച അഭിനയം കാഴ്ചവെച്ചു. ചില രംഗങ്ങളിൽ ബിജു മേനോന്റെ സ്ഥിരം അഭിനയ ശൈലിയും സംഭാഷണ രീതിയും കടന്നുവരുന്നതായി അനുഭവപെട്ടുവെങ്കിലും, കഥാപാത്രത്തോട് നീതിപുലർത്തുന്ന അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. കുട്ടിയപ്പനായി മോഹൻലാലോ മമ്മൂട്ടിയോ അഭിനയിചിരുന്നുവെങ്കിൽ ഈ സിനിമ വേറൊരു തലത്തിൽ എത്തുമായിരുന്നു എന്ന് തോന്നുന്നു. എന്നിരുന്നാലും ബിജു മേനോൻ തന്നാലാവുംവിധം അഭിനയിച്ചിട്ടുണ്ട് ഈ സിനിമയിൽ. ലീലയായി സംഭാഷണങ്ങൾ ഒന്നുമില്ലാതെ ഭാവാഭിനയത്തിലൂടെ തിളങ്ങുവാൻ പാർവതി നമ്പ്യാരിനും സാധിച്ചു. ഈ സിനിമയിലെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയരാഘവനും ജഗദീഷും അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിക്കുന്ന അഭിനയമാണ് കാഴ്ചവെച്ചത്. ഇന്ദ്രൻസും, സുരേഷ് കൃഷ്ണയും, വി.കെ.ശ്രീരാമനും, വത്സല മേനോനും, കവിത നായരും, പാർവതിയും അവരവരുടെ കഥാപാത്രങ്ങൾ തന്മയതത്വോടെ അഭിനയിച്ചു.

വാൽക്കഷ്ണം: ഒരുവട്ടം കണ്ടിരിക്കാം കുട്ടിയപ്പന്റെ ലീലാവിലാസങ്ങൾ!

സംവിധാനം, നിർമ്മാണം: രഞ്ജിത്ത്
രചന: ഉണ്ണി ആർ.
ബാനർ: ക്യാപ്പിറ്റോൾ തിയറ്റേഴ്സ്
ചായാഗ്രഹണം: പ്രശാന്ത്‌ രവീന്ദ്രൻ
ചിത്രസന്നിവേശം: മനോജ്‌ കണ്ണോത്ത്
സംഗീതം: ബിജിബാൽ
കലാസംവിധാനം: സന്തോഷ്‌ രാമൻ
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
മേയ്ക്കപ്പ്: റോണക്സ്‌ സേവ്യർ
വിതരണം: ക്യാപിറ്റോൾ തിയറ്റർ