കലി -⭐⭐

image

കലി തുള്ളും യുവത്വം -⭐⭐

“കലി എല്ലാവരിലുമുണ്ട്! കലി തോന്നേണ്ട വ്യക്തിയോട് തോന്നേണ്ട സമയത്ത് തോന്നേണ്ട അളവിൽ തോന്നേണ്ട കാരണത്താൽ തോന്നേണ്ട രീതിയിൽ തോന്നുക എന്നത് എല്ലാവർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യമല്ല.” – അരിസ്റ്റോട്ടിൽ, ഗ്രീക്ക് ഫിലോസഫർ.

ഹാൻഡ്‌ മെയിഡ് ഫിലിംസിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്‌, ആഷിക് ഉസ്മാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്‌, സമീർ താഹിർ സംവിധാനം നിർവഹിച്ച സിനിമയാണ് കലി. നവാഗതനായ രാജേഷ്‌ ഗോപിനാഥനാണ് കലിയുടെ കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ എഴുതിയിരിക്കുന്നത്. ഗിരീഷ്‌ ഗംഗാധരൻ ചായഗ്രഹണവും, വിവേക് ഹർഷൻ ചിത്രസന്നിവേശവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

സിദ്ധാർഥ്-അഞ്ജലി (ദുൽഖർ സൽമാൻ-സായ് പല്ലവി) ദമ്പതികൾ പ്രണയിച്ചു വിവാഹം കഴിച്ചു ഒന്നിച്ചു ജീവിക്കുന്നവരാണ്. ചെറിയ കാര്യങ്ങൾക്ക് പോലും ക്ഷുഭിതനാകുന്ന  പ്രകൃതമാണ് സിദ്ധാർഥന്റെത്‌. ഈ മുൻകോപം കാരണം സ്വകാര്യ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന വ്യക്തിയാണ് സിദ്ധാർഥ്. ഒരിക്കൽ സിദ്ധാർഥ്-അഞ്ജലി ദമ്പതികൾ കൊച്ചിയിൽ നിന്ന് മസനഗുടിയിലേക്ക് യാത്രപോകുന്നു. ആ യാത്രയിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

പ്രമേയം: ⭐⭐
ഏതൊരു വ്യകതിയുടെയും സ്വഭാവ രൂപികരണം അയാളുടെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് ഉണ്ടാകുന്നത് എന്ന വസ്തുത ശരിയാണ്. ചിലരിൽ ചില വികാരങ്ങൾ ജന്മനാൽ തന്നെ ഉണ്ടാകുവാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള വികാരങ്ങൾ സാധാരണ അളവിനേക്കാൾ കൂടുതൽ ചിലരിൽ കാണപെടുന്നു. മുൻകോപികളായ യുവാക്കൾ പക്വതയില്ലാതെ പെരുമാറുന്നതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നത് അവരുടെ കുടുംബങ്ങൾ ആയിരിക്കാം. കലി എന്ന സിനിമയിലൂടെ രാജേഷ്‌ ഗോപിനാഥനും സമീർ താഹിറും ചർച്ചചെയ്യുന്ന പ്രമേയവും ഇതു തന്നെയാണ്.

തിരക്കഥ: ⭐⭐
രാജേഷ്‌ ഗോപിനാഥൻ രചന നിർവഹിക്കുന്ന ആദ്യ സിനിമയാണ് കലി. സിദ്ധാർത്തിന്റെ മുൻകോപവും പക്വതയില്ലാത്ത എടുത്തുചാട്ടവും അയാളുടെ സ്വകാര്യ-ഔദ്യോഗിക ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ ആദ്യ പകുതി. ഒരു ദൂര യാത്രക്കിടയിൽ സിദ്ധാർഥും അഞ്ജലിയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ രണ്ടാം പകുതി. രണ്ടാം പകുതിയിലെ ചില സന്ദർഭങ്ങൾ അവിശ്വസനീയമായി അനുഭവപെട്ടു. ഒരൽപം ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും ചേർന്നപ്പോൾ അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്ന രീതിയിലായി. ഒരുപാട് പ്രതീക്ഷകളോടെ കാത്തിരുന്ന പ്രേക്ഷകർക്ക്‌ നിരാശ നൽകുന്ന സന്ദർഭങ്ങളിലൂടെ കഥ അവസാനിക്കുന്നു. എന്നിരുന്നാലും ഈ സിനിമയിലൂടെ പറയുന്ന പ്രമേയവും, ത്രസിപ്പിക്കുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷർക്കു ഒരു വ്യതസ്ത അനുഭവം നൽക്കുന്നു.

സംവിധാനം: ⭐⭐⭐
ചാപ്പ കുരിശ്, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇഷാ(5 സുന്ദരികൾ)എന്നീ സിനിമകൾക്ക്‌ ശേഷം സമീർ താഹിർ സംവിധാനം ചെയ്ത സിനിമയാണ് കലി. യുവാക്കളുടെ സ്വഭാവത്തിലെ രോഷവും ഒന്ന് പറഞ്ഞാൽ രണ്ടിന് വഴക്കിനു പോകുന്ന പ്രകൃതവും കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ കൃത്രിമത്വമില്ലാത്ത കഥാസന്ദർഭങ്ങളിലൂടെ ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുവാൻ സമീർ താഹിറിന് സാധിച്ചു. മുൻകോപവും രോഷവും എടുത്തുചാട്ടവും വരുത്തിവെയ്ക്കുന്ന പ്രശ്നങ്ങളും അതിനെ അതിജീവിക്കുന്ന വഴികളും സാങ്കേതിക മികവോടെ കഴിവുള്ള അഭിനേതാക്കളുടെ സഹായത്തോടെ അവതരിപ്പിക്കുവാൻ കഴിഞ്ഞത് സിനിമയ്ക്ക് ഗുണം ചെയ്തു. ആദ്യപകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും ഇഴഞ്ഞുനീങ്ങുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയിലെത്തുമ്പോൾ വേഗത കൈവരിക്കുന്ന രംഗങ്ങൾ ത്രസിപ്പിക്കുന്നതാകുന്നു. ശരാശരി നിലവാരം മാത്രമുള്ള ഒരു തിരക്കഥയെ ശരാശരിയ്ക്ക് മുകളിലെത്തിക്കുവാൻ സാധിച്ചത് സംവിധാന മികവു ഒന്നുകൊണ്ടു മാത്രമാണ്.

സാങ്കേതികം: ⭐⭐⭐
ഗിരീഷ്‌ ഗംഗാധരൻ പകർത്തിയ മനോഹരമായ വിഷ്വൽസ് സിനിമയുടെ മുതൽക്കൂട്ടാണ്. ആ വിഷ്വൽസിനെ  വേഗതയോടെ സന്നിവേശം ചെയ്തുകൊണ്ട് വിവേക് ഹർഷനും മികവു പുലർത്തി. കഥയിൽ പ്രാധാന്യമില്ലാത്ത  രംഗങ്ങൾ ഒന്നും തന്നെയില്ല ഈ സിനിമയിൽ. ഓരോ രംഗങ്ങൾക്കും അനിയോജ്യമായ സംഗീതം നൽകി പ്രേക്ഷകരെ ത്രസിപ്പിക്കുവാൻ ഗോപി സുന്ദറിനും കഴിഞ്ഞു. കലാസംവിധാനം നിർവഹിച്ചത് ഗോകുൽ ദാസാണ്. റോണക്സ്‌ സേവ്യർ മേയ്ക്കപ്പും ഹഷാർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.

അഭിനയം: ⭐⭐⭐
സിദ്ധാർഥ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ ദുൽഖർ സൽമാന് സാധിച്ചു. വലിയ അഭിനയ സാധ്യതകളൊന്നും അവകാശപെടാനില്ലാത്ത കഥാപാത്രമാണെങ്കിലും കലിയുള്ള യുവാവായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്ന രീതിയിൽ ദുൽഖർ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തരംഗം സൃഷ്‌ടിച്ച മലർ എന്ന കഥാപാത്രത്തിന് ശേഷം സായ് പല്ലവി നായികയാവുന്ന സിനിമയാണ് കലി. മലയാള ഉച്ചാരണം അവ്യക്തമായിരുന്നു എന്നതൊഴികെ അഞ്ജലിയായി തിളങ്ങുവാൻ സായ് പല്ലവിക്ക് സാധിച്ചു. ഈ സിനിമയിൽ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ച നടനാണ്‌ ചെമ്പൻ വിനോദ് ജോസ്. ചക്കര എന്ന വില്ലൻ കഥാപാത്രത്തെ അമിതാഭിനയം കാഴ്ചവെയ്ക്കാതെ  വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുവാൻ ചെമ്പന് കഴിഞ്ഞു.  ഒരു ഗൂണ്ടയുടെ വേഷത്തിലും ഭാവത്തിലും വിനായകനും നല്ല അഭിനയം കാഴ്ചവെച്ചു. ഇവരെ കൂടാതെ സൗബിൻ ഷാഹിർ, കുഞ്ചൻ, ദിനേശ് പണിക്കർ, വനിത കൃഷ്ണചന്ദ്രൻ, അഞ്ജലി ഉപാസന എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: ഇന്നത്തെ തലമുറയിലെ പക്വതയില്ലാത്ത അക്ഷമരായ യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ.

സംവിധാനം: സമീർ താഹിർ
നിർമ്മാണം: സമീർ താഹിർ, ഷൈജു ഖാലിദ്‌, ആഷിക് ഉസ്മാൻ
രചന: രാജേഷ്‌ ഗോപിനാഥൻ
ചായാഗ്രഹണം: ഗിരീഷ്‌ ഗംഗാധരൻ
ചിത്രസന്നിവേശം: വിവേക് ഹർഷൻ
സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: ഗോകുൽ ദാസ്
വസ്ത്രാലങ്കാരം: ഹഷാർ ഹംസ
മേയ്ക്കപ്പ്: റോണക്സ്‌ സേവ്യർ
വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്.