അവരുടെ രാവുകൾ – ⭐


പ്രേക്ഷകരുടെ ദുരിത രാവുകൾ! – ⭐

മൂന്ന് ലക്ഷ്യങ്ങളുമായി കൊച്ചിയിലെത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ഷാനിൽ മുഹമ്മദ് അവതരിപ്പിച്ച അവരുടെ രാവുകൾ. അവതരണത്തിലെ പുതുമ ഒഴിച്ചുനിർത്തിയാൽ കണ്ടുമടുത്ത കേട്ടുപഴകിയ കഥ തന്നെയാണ് അവരുടെ രാവുകളും.

ആത്മവിശ്വാസം നഷ്ടപെടുന്ന ആഷിക്(ആസിഫ് അലി),സിദ്ധാർഥ്(ഉണ്ണി മുകുന്ദൻ),വിജയ്(വിനയ് ഫോർട്ട്) എന്നിവർ അപരിചിതനായ മധ്യവയസ്കനെ(നെടുമുടി വേണു) പരിചയപ്പെടുന്നു. അയാളിലൂടെ മൂവരും പലതും പുതുതായി പഠിക്കുകയും അവരവരുടെ ആത്മവിശ്വാസം വീണ്ടെടുത്ത് ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ.

പ്രമേയം: ⭐⭐
ആത്മവിശ്വാസം നഷ്ടപ്പെട്ട് ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കാതെ മനോവിഷമം നേരിടുന്ന ഒട്ടനവധി ചെറുപ്പക്കാരെ നമ്മൾ ദിനംതോറും കാണുന്നതാണ്. ആത്മവിശ്വാസം വീണ്ടെടുക്കുവാനായി വിജയിക്കുന്നതുവരെ പരിശ്രമിക്കുക എന്നും ആത്മവിശ്വാസത്തിനു തടസ്സം നിൽക്കുന്ന മനസ്സിന്റെ ചിന്തയെ അകറ്റി നിർത്തുക എന്നതാണ് ഷാനിൽ മുഹമ്മദ് അവരുടെ രാവുകളിലൂടെ അവതരിപ്പിക്കുന്ന വിഷയം. മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് ജോൺസൺ എന്ന മധ്യവയസ്ക്കൻ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അവർക്കു പ്രചോദനമാവുകയും സ്വന്തം ജീവിതത്തിൽ അത് പ്രയോഗിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐
ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ എന്ന ആദ്യ സിനിമയ്ക്ക് ശേഷം ഷാനിൽ മുഹമ്മദ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണിത്. രണ്ടു സിനിമകളിലും അവതരിപ്പിക്കുന്ന അടിസ്ഥാന പ്രമേയം എന്നത് ജീവിത വിജയത്തിന് ആത്മവിശ്വാസം അനിവാര്യമാണെന്നാണ്. ആദ്യ സിനിമയിൽ കുട്ടികളിലൂടെ അവതരിപ്പിച്ച അതെ പ്രമേയം രൂപമാറ്റങ്ങളോടെ മുതിർന്നവരിലേക്കു പറിച്ചു നട്ടതാണ് അവരുടെ രാവുകളുടെ കഥാംശം. മൂന്ന് ലക്ഷ്യങ്ങളുള്ള മൂന്ന് ചെറുപ്പക്കാർ ഒരേ കുടക്കീഴിൽ എത്തുന്നു. അവരെ നേർവഴിക്കു നടത്തുവാൻ ശ്രമിക്കുന്ന ജോൺസൺ എന്ന കഥാപാത്രം. ഒറ്റ വാചകത്തിൽ കേൾക്കുമ്പോൾ രസകരമാണെങ്കിലും, കഥയ്ക്ക് അനിയോജ്യമായ സന്ദർഭങ്ങൾ എഴുതുവാൻ ഷാനിലിനു സാധിച്ചില്ല എന്നതാണ് എഴുതക്കാരാണെന്ന നിലയിൽ ഷാനിലിന്റെ പരാജയം. സിനിമാനടനാകുവാൻ പരിശ്രമിക്കുന്ന നായക കഥാപാത്രത്തെ പല സിനിമകളിലും പ്രേക്ഷകർ കണ്ടു മടുത്തതാണ്. ക്രിക്കറ് പ്രേമിയായ വ്യക്തിക്കു ഒരു അപകടം സംഭവിക്കുമ്പോൾ അയാൾ സ്ത്രീ ലമ്പടനാകുന്നതും പ്രേക്ഷകരെ രസിപ്പിച്ചില്ല. അറിയാതെ ചെയ്തുപോയ ഒരു തെറ്റിന്റെ കുറ്റബോധത്താൽ ജീവിക്കുന്ന മൂന്നാമത്തവന്റെ കഥ മാത്രമാണ് ഒരല്പം ആശ്വാസം നൽകിയത്. ഒരു ലഘു സിനിമയിലൂടെ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു കഥയെ വലിച്ചുനീട്ടി അവതരിപ്പിച്ചതാണ് ഈ സിനിമയുടെ തിരക്കഥ. കഥാസന്ദർങ്ങൾക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും അനിയോജ്യമായ സംഭാഷണങ്ങളായിരുന്നു സിനിമയിലുടനീളം എന്നത് ആശ്വാസകരം. നെടുമുടി വേണു അവതരിപ്പിക്കുന്ന ജോൺസൺ എന്ന കഥാപാത്രം പൂർണതയില്ലാത്തതായി അനുഭവപെട്ടു. ഒരു കാരണവുമില്ലാതെ കുറെ ചെറുപ്പക്കാരെ സഹായിക്കുന്ന ഒരാൾ എന്ന ദുരൂഹതയോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

സംവിധാനം: ⭐
അവതരണത്തിലുള്ള പുതുമ എന്നത് മാത്രമാണ് അവരുടെ രാവുകളെ വ്യത്യസ്തമാകുന്നത്. നോൺ ലീനിയർ അവതരണ രീതി മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമാണെങ്കിലും, അതിന്റെ പുതുമ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം. മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിലെ ആത്മവിശ്വാസം നഷ്ടപെടാനുണ്ടായ സാഹചര്യങ്ങൾ നോൺ ലീനിയർ അവതരണ ശൈലിയിലാണ് ഷാനിൽ അവതരിപ്പിച്ചത്. പക്ഷെ, പ്രേക്ഷകരെ ഒന്നടങ്കം ആശയ കുഴപ്പത്തിലാക്കി ഈ അവതരണ ശൈലി എന്ന് വേണം കരുതാൻ. അതിനോടൊപ്പം ഇഴഞ്ഞു നീങ്ങുന്ന കഥപറച്ചിൽ കൂടിയായപ്പോൾ സമ്പൂർണ ദുരന്തമായി ഈ പരീക്ഷണം. ആത്മവിശ്വാസം നേടിയെടുക്കുന്ന രംഗങ്ങളൊന്നും വിശ്വസനീയമായിരുന്നില്ല. അരമണിക്കൂറിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു കഥയെ രണ്ടു മണിക്കൂറുകൊണ്ട് വലിച്ചുനീട്ടി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന നിലവാരത്തിലേക്ക് സിനിമയെ മാറ്റിയതിനു പൂർണ്ണ ഉത്തരവാദിത്വം സംവിധായകനാണ്.

സാങ്കേതികം: ⭐⭐
വിഷ്ണു നാരായണൻ പകർത്തിയ ദൃശ്യങ്ങൾ ശരാശരി നിലവാരം പുലർത്തി. പാട്ടുകളുടെ ചിത്രീകരണം ഒരല്പം പുതുമ നൽകിയെന്നല്ലാതെ മറ്റൊരു സവിശേഷതയും ഛായാഗ്രഹണത്തിൽ കണ്ടില്ല. പ്രജീഷ് പ്രകാശിന്റെ സന്നിവേശം സിനിമയെ മന്ദഗതിയിലാക്കി. ഇഴഞ്ഞു നീങ്ങുന്നതും കഥയിൽ പ്രാധാന്യമില്ലാത്തതുമായ ഒട്ടനവധി കഥാസന്ദർഭങ്ങൾ ആദ്യാവസാനം മുഴച്ചുനിന്നു. നോൺ ലീനിയർ അവതരണ രീതി പ്രേക്ഷകരെ ഒന്നടങ്കം ആശയകുഴപ്പത്തിലാക്കുകയും ചെയ്തു. ശങ്കർ ശർമ്മ ഈണമിട്ട ഏതേതോ സ്വപ്നമോ എന്ന പാട്ടും സംഗീതവും ഇമ്പമുള്ളതായിരുന്നു. വിനീഷ് ബംഗ്ലന്റെ കലാസംവിധാനം കഥാസന്ദർഭങ്ങൾക്കു അനിയോജ്യമായിരുന്നില്ല. ആസിഫ് അലി അവതരിപ്പിച്ച ആഷിക് എന്ന കഥാപാത്രത്തിന്റെ വീടും പരിസരവും എഴുപതുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. വയനാട്ടിലെ ഉൾഗ്രാമങ്ങൾ പോലും വികസനത്തിന്റെ പാതയിലാണ് എന്ന കാര്യം ബംഗ്ലൻ അറിയാഞ്ഞതാണോ ഇതിനു കാരണം?. അതേപോലെ, ആ രംഗങ്ങളിലുള്ള നാട്ടുകാരുടെ വസ്ത്രധാരണവും കഥ നടക്കുന്ന കാലഘട്ടവുമായി ഒത്തുചേർന്നു പോകുന്നില്ല.

അഭിനയം: ⭐⭐⭐
ആഷിക് എന്ന സിനിമാ മോഹിയായി സ്ഥിരം ശൈലി ആവർത്തിച്ച് പിടിച്ചുനിൽക്കുവാൻ ആസിഫ് അലിക്ക് സാധിച്ചു. വിനയ് ഫോർട്ട് പതിവ് രീതിയിൽ വിജയ് ആയി ഭേദപെട്ട പ്രകടനം കാഴ്ചവെച്ചു. ഉണ്ണി മുകുന്ദൻ നന്നേ ബുദ്ധിമുട്ടി സിദ്ധാർത്ഥ് എന്ന സ്ത്രീ ലംബടനെ അവതരിപ്പിച്ചു. മുകേഷും അജു വർഗീസും നെടുമുടി വേണുവും അവരവരുടെ രംഗങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു. ഹണി റോസും, ലെനയും, മിലാനയും വന്നുപോകുന്നു. ഇവരെ കൂടാതെ സുധി കോപ്പ, കിരൺ അരവിന്ദാക്ഷൻ, അംബിക മോഹൻ, നിഷ സാരംഗ് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, സഞ്ജു ശിവറാം എന്നിവർ അതിഥി താരങ്ങളായി അവസാനാമെത്തുന്നുണ്ട്.

വാൽക്കഷ്ണം: ആത്മവിശ്വാസം വീണ്ടെടുക്കുന്നത് ക്ഷമയോടെ കണ്ടിരിക്കാമെങ്കിൽ ഒരുവട്ടം അവരുടെ രാവുകൾ കാണാം!

രചന, സംവിധാനം: ഷാനിൽ മുഹമ്മദ്
നിർമ്മാണം: അജയ് കൃഷ്ണൻ
ബാനർ: അജയ് എൻറ്റർറ്റെയിമെൻറ്റ്സ്
ഛായാഗ്രഹണം: വിഷ്ണു നാരായണൻ
ചിത്രസന്നിവേശം: പ്രജീഷ് പ്രകാശ്
സംഗീതം: ശങ്കർ ശർമ്മ
കലാസംവിധാനം: വിനീഷ് ബംഗ്ലൻ
വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്
ചമയം: അമൽ
വിതരണം: സോപാനം എൻറ്റർറ്റെയിമെൻറ്റ്സ്

ജോർജ്ജേട്ടൻസ് പൂരം – ⭐⭐


പൊട്ടാത്ത ചളുപ്പടക്കങ്ങളും ആളൊഴിഞ്ഞ പൂരപ്പറമ്പും! – ⭐⭐

ജനപ്രിയനായകന്റെ അവധിക്കാല സിനിമകൾ കുട്ടികൾക്ക് ആസ്വദിക്കാനുള്ളതാണെന്ന് അദ്ദേഹവും ആരാധകരും അവകാശപെടാറുള്ളതാണ്. ദിലീപിന്റെ മുൻകാല വിഷു ചിത്രങ്ങളുടെ പട്ടികയെടുത്താൽ അത് വ്യക്തമാകും. പാപ്പി അപ്പച്ചയും, മായാമോഹിനിയും, റിംഗ് മാസ്റ്ററും, കിംഗ് ലയറുമൊക്കെ അവധിക്കാലത്ത് പ്രദർശനത്തിനെത്തിയ സിനിമകളാണ്. മേല്പറഞ്ഞ സിനിമകൾ നിങ്ങളെ രസിപ്പിച്ചിട്ടുണ്ടെങ്കിൽ ജോർജ്ജേട്ടൻസ് പൂരവും നിങ്ങളെ രസിപ്പിച്ചേക്കാം. അതല്ലാതെ ശുദ്ധമായ ഹാസ്യ രംഗങ്ങളുള്ള ആസ്വാദ്യകരമായ സിനിമ ആഗ്രഹിക്കുന്നവർ ജോർജ്ജേട്ടൻസ് പൂരം ഒഴിവാക്കുന്നതാകും ഭേദം.

ഡോക്ടർ ലൗ എന്ന കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് ശേഷം കെ.ബിജു സംവിധാനം ചെയ്ത ജോർജ്ജേട്ടൻസ് പൂരത്തിന്റെ രചന നിർവഹിച്ചത് വൈ.വി.രാജേഷാണ്. കഥയെഴുതിയത് സംവിധായകൻ ബിജു തന്നെയാണ്. ശിവാനി സുരാജും അജയ് ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ് ജോർജ്ജേട്ടൻസ് പൂരം നിർമ്മിച്ചത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും, ലിജോ പോൾ സന്നിവേശവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
സാമൂഹിക സേവനം ചെയ്യുന്നു എന്ന തട്ടിപ്പിൽ ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന നാൽവർ സംഘം. അവരുടെ പ്രിയപ്പെട്ട സ്ഥലമാണ് മത്തായി പറമ്പ്. ഉടമസ്ഥ അവകാശമില്ലെങ്കിലും ജോർജ്ജേട്ടനും സുഹൃത്തുക്കളും അറിയാതെ മത്തായി പറമ്പിൽ ഒന്നും നടക്കില്ല. ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശി വരുന്നതോടെ കഥ മറ്റൊരു ദിശയിലേക്കു തിരിയുന്നു. കാലാകാലങ്ങളായി കണ്ടുമടുത്ത പ്രമേയവും കഥയും തന്നെയാണ് ജോർജ്ജേട്ടൻസ് പൂരത്തിലും കാഴ്ച്ചയാകുന്നത്. മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയതൊന്നും ഈ സിനിമയുടെ അണിയറപ്രവർത്തകർ അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു. പൂരത്തിന് കുട്ടികളെങ്കിലും കയറുമോ എന്ന് കണ്ടറിയാം!

തിരക്കഥ: ⭐⭐
വൈ.വി.രാജേഷ് എന്ന തിരക്കഥാകൃത്തിന്റെ മുൻകാല സിനിമകളുടെ വിജയ ചേരുവകൾ തെറ്റാതെ എഴുതിയ തിരക്കഥയാണ് ജോർജ്ജേട്ടൻസ് പൂരത്തിന്റേതും. പുതുമയില്ലാത്ത കഥാസന്ദർഭങ്ങൾ, പരിചിതമായ കഥാപാത്രങ്ങൾ, പ്രവചിക്കാനാവുന്ന കഥാഗതി, ചിരിവരാത്ത സംഭാഷണങ്ങൾ എന്നിവ സമന്വയിപ്പിച്ചു എഴുതിയതാണ് ഈ സിനിമയുടെ തിരക്കഥ. പതിവ് രീതിയിൽ നിന്ന് മാറ്റിപ്പിടിച്ച ഒരേയൊരു ഘടകം കഥാവസാനമുള്ള കബഡി കളിയാണ്. അവധികാലം ആഘോഷിക്കുവാൻ വേണ്ടി സിനിമ കാണാനെത്തുന്ന കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ചിരിപ്പിക്കുക എന്നതായിരുന്നു വൈ.വി.രാജേഷിന്റെ ഉദ്ദേശമെങ്കിൽ, അസഭ്യങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളുമുള്ള സംഭാഷണങ്ങളെങ്കിലും ഈ സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. സെൻട്രൽ ജയിൽ എന്ന ക്രൂര സിനിമാപീഡനം കണ്ട ജനപ്രിയ നായകന്റെ ആരാധകർക്ക് ഒരു ആശ്വാസമായിരിക്കാം ജോർജ്ജേട്ടൻസ് പൂരം.

സംവിധാനം: ⭐⭐
ആറു വർഷങ്ങൾക്കു മുമ്പ് കെ. ബിജു സംവിധാനം ചെയ്ത ഡോക്ടർ ലൗ എന്ന സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച അതെ അവതരണ രീതിയാണ് ഈ സിനിമയ്ക്ക് വേണ്ടിയും സ്വീകരിച്ചത്. ഒരുപാട് മാറ്റങ്ങൾ സിനിമയുടെ അവതരണ രീതിയിൽ സംഭവിച്ചു എന്ന വസ്തുത അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് കരുതാം. കൊച്ചുകുട്ടികൾക്ക് പോലും പ്രവചിക്കാനാവുന്ന അവതരണമാണ് ഈ സിനിമയുടെ പോരായ്മകളിൽ പ്രധാനം. ജനപ്രിയ നായകന്റെ സമ്മതവും, പണം മുടക്കാൻ നിർമ്മാതാക്കളെയും ലഭിച്ചതിനു ശേഷമാണ് ഈ സിനിമയുടെ തിരക്കഥ എഴുതി തുടങ്ങിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരക്കഥയും അവതരണ രീതിയും മുൻകൂറായി മനസ്സിലായിക്കാൽ പുതുമുഖ നടന്മാർ പോലും ഈ സിനിമയിൽ അഭിനയിക്കുവാൻ സാധ്യത കാണുന്നില്ല. അവധിക്കാലത്തെ വൻകിട സിനിമകൾക്ക് മുമ്പിൽ പൊട്ടാത്ത ചളുപടക്കങ്ങളുള്ള ഈ പൂരക്കാഴ്ച കാണുവാൻ ജനങ്ങൾ വരുമോയെന്നു വരുംനാളുകളിൽ അറിയാം. ജനപ്രിയനായകനു ഭാഗ്യം തുണച്ചില്ലെങ്കിൽ, പ്രദർശനശാലകൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകാനാണ് സാധ്യത!

സാങ്കേതികം: ⭐⭐⭐
വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി. കണ്ടുമടുത്ത തൃശൂർ കാഴ്ച്ചകൾ തന്നെയാണ് ഈ സിനിമയിലും. പാട്ടുകളുടെ ചിത്രീകരണം കളർഫുള്ളായിരുന്നു എന്നത് ഒരു സവിശേഷതയല്ലെങ്കിലും സിനിമയിലെ മറ്റു രംഗങ്ങളെ അപേക്ഷിച്ചു ഭേദമായിരുന്നു. ലിജോ പോളിന്റെ സന്നിവേശം പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിച്ചില്ല. രണ്ടാം പകുതിയുടെ അവസാന ഭാഗത്തിലുള്ള കബഡികളികൾ സ്ലോ മോഷനിൽ അവതരിപ്പിച്ചതുകൊണ്ടു പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കാനായില്ല. രംഗങ്ങൾക്ക് ഒരല്പമെങ്കിലും ഉണർവ്വ് പകർന്നത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കാരണമാണ്. അതുപോലെ, ഗോപി സുന്ദർ ഈണമിട്ട പാട്ടുകൾ കേൾക്കാനും ഏറ്റുപാടാനും തോന്നുന്നവയായിരുന്നു. ജോലീം കൂലീം എന്ന പാട്ടും ഓമൽ ചിരിയോ എന്ന പാട്ടും എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഷോബി പോൾരാജിന്റെ നൃത്ത സംവിധാനം മികവ് പുലർത്തിയിരുന്നു. ഏറെ നാളുകൾക്കു ശേഷം ദിലീപിന്റെ രസകരമായ നൃത്തം കണ്ടത് ഓമൽ ചിരിയോ എന്ന ഗാന ചിത്രീകരണത്തിലാണ്. അൻപറീവിന്റെ സംഘട്ടന രംഗങ്ങൾ ജനപ്രിയ നായകന്റെ ആരാധകരെ ആവേശഭരിതരാക്കുന്ന രീതിയിലായിരുന്നു. പി.എൻ.മണിയുടെ ചമയം പല രംഗങ്ങളിലും അമിതമായി അനുഭവപെട്ടു. നിസ്സാർ റഹ്മത്തിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് ചേരുന്നവയായിരുന്നു.

അഭിനയം: ⭐⭐⭐
ജനപ്രിയനായകൻ ദിലീപ്, രജീഷ വിജയൻ, ചെമ്പൻ വിനോദ് ജോസ്, രഞ്ജി പണിക്കർ, ടീ.ജി.രവി, വിനയ് ഫോർട്ട്, ഷറഫുദ്ധീൻ, തിരു ആക്ട്ലാബ്, അസീം ജമാൽ, ജയരാജ് വാര്യർ, സുനിൽ സുഖദ, ശശി കലിങ്ക, ജനാർദ്ദനൻ, കെ.ൽ.ആന്റണി, ജയശങ്കർ, ഹരികൃഷ്ണൻ, കലാഭവൻ ഹനീഫ്, ഗണപതി, മാസ്റ്റർ ജീവൻ, കലാരഞ്ജിനി, സതി പ്രേംജി, കുളപ്പുള്ളി ലീല എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ദിലീപ് തന്റെ സ്ഥിരം ശൈലിയിൽ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ജോർജ്ജേട്ടനായി അഭിനയിച്ചു. അശ്ലീലം ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞു ഷറഫുദ്ധീൻ വെറുപ്പിക്കൽ തുടർന്നു. വിനയ് ഫോർട്ടും രഞ്ജി പണിക്കരും ചെമ്പൻ വിനോദും അവരവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ വെറുതെ വന്നുപോയി. ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒട്ടനവധി അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: ജനപ്രിയനായകന്റെ കുട്ടി ആരാധകർക്കായി ഒരുക്കിയ പൂരകാഴ്ച്ചകൾ മുതിർന്നവരെ തൃപ്തിപ്പെടുത്തില്ല.

കഥ, സംവിധാനം: കെ.ബിജു
നിർമ്മാണം: അജയ് ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സുരാജ്
ബാനർ: ചാന്ദ് വി. ക്രിയേഷൻസ്
തിരക്കഥ, സംഭാഷണം: വൈ.വി.രാജേഷ്
ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുജിത് രാഘവ്
ചമയം: പി.എൻ.മണി
വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്
സംഘട്ടനം: അൻപറിവ്
നൃത്തസംവിധാനം: ഷോബി പോൾരാജ്
വിതരണം: ചാന്ദ് വി. റിലീസ്.

കിസ്മത്ത് – ⭐

ഈ സിനിമയുടെ കിസ്മത്ത് പ്രേക്ഷകർ തീരുമാനിക്കട്ടെ! – ⭐

ഷാനവാസ് കെ.ബാവക്കുട്ടി പൊന്നാനി മുൻസിപ്പൽ കൗൺസിലറായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് കിസ്മത്ത് എന്ന സിനിമയായി പ്രേക്ഷകരുടെ മുൻപിലേക്കെത്തുന്നത്. 28 വയസ്സ് പ്രായമുള്ള ഒരു ദളിത് യുവതിയും 21 വയസ്സുള്ള ഒരു ഇസ്ലാം യുവാവും തമ്മിലുള്ള പ്രണയകഥയാണ് കിസ്മത്ത്. ഷാനവാസ് കെ. ബാവക്കുട്ടി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കിസ്മത്തിൽ ഷെയിൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് കമിതാക്കളുടെ വേഷത്തിൽ അഭിനയിക്കുന്നത്.

പട്ടം സിനിമയ്ക്ക് വേണ്ടി ഷൈലജയും കളക്ട്ടീവ് ഫേസ് വണിന്റെ ബാനറിൽ രാജിവ് രവിയും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന കിസ്മത്ത് വിതരണം ചെയ്തിരിക്കുന്നത് ലാൽ ജോസിന്റെ എൽ.ജെ.ഫിലിംസാണ്.

പ്രമേയം: ⭐
നഷ്ടപ്രണയം പ്രമേയമാക്കിയ അന്നയും റസൂലും, എന്ന് നിന്റെ മൊയ്‌ദീൻ എന്നിവ മലയാള സിനിമ പ്രേമികളുടെ മനസ്സിനെ സ്പർശിച്ച സിനിമകളാണ്. മേല്പറഞ്ഞ സിനിമകളുടെ കഥാതന്തു യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. അവയെല്ലാം വൻവിജയങ്ങളായപ്പോൾ കുറെ സംവിധായകരും എഴുത്തുകാരും അത്തരത്തിലുള്ള പ്രമേയങ്ങളുടെ പുറകെ അന്വേഷണം തുടങ്ങി. ഷാനവാസ് ബാവക്കുട്ടി എന്ന നവാഗത എഴുത്തുകാരൻ അവരിലൊരാളാണ്. അന്നയും റസൂലും എന്ന സിനിമയുടെ പ്രമേയവും കഥയും ഫോർട്ട്‌ കൊച്ചി പശ്ചാത്തലത്തിൽ നിന്നും പൊന്നാനിയിലേക്കു പറിച്ചുനട്ടു എന്നതല്ലാതെ എഴുത്തുകാരന്റെ കഴിവ് തെളിയിക്കുന്ന ഒന്നും ഈ സിനിമയുടെ പ്രമേയത്തിലോ കഥയിലോ ഇല്ല.നായക കഥാപാത്രമായ ഇർഫാന് നായികയായ അനിതയോട് തോന്നുന്നത് പ്രേമമാണോ അതോ കാമമാണോ എന്നുവരെ സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന് സംശയം തോന്നുന്ന രീതിയിലാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐
അന്നയും റസൂലും മലയാളത്തിലെ നല്ല പ്രണയ ചിത്രങ്ങളിൽ ഒന്നായി മാറിയത് ഫഹദ് ഫാസിലിന്റെ താരമൂല്യമോ രാജീവ്‌ രവിയുടെ സംവിധാനമികവോ കൊണ്ടല്ല. അതുപോലെ പ്രിഥ്വിരാജിന്റെ പൗരുഷമോ പാർവതിയുടെ സൗന്ദര്യമോ അല്ല എന്ന് നിന്റെ മൊയ്‌ദീൻ മലയാളത്തിലെ ഏറ്റവും മികച്ച നഷ്ടപ്രണയകഥയായി മാറിയത്. കഥയോടും പ്രമേയത്തോടും നീതിപുലർത്തുന്നതും യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്നതുമായ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും ഉള്ളതുകൊണ്ടാണ്. കഥയുമായി ബന്ധമില്ലായെങ്കിലും കഥ നടക്കുന്ന പശ്ചാത്തലത്തിൽ നടന്നേക്കാവുന്ന കുറെ രംഗങ്ങൾ കുത്തിനിറച്ചതുകൊണ്ടു അവയൊന്നും നല്ല തിരക്കഥകൾ ആകണമെന്നില്ല. കാരണം, പ്രധാന കഥയുമായി ബന്ധമില്ലാത്ത രംഗങ്ങൾ സിനിമയുടെ ദൈർഘ്യം വർദ്ധിപ്പിക്കുമെന്നല്ലാതെ മറ്റൊരു ഗുണവും ചെയ്യുന്നില്ല. രണ്ടു മതത്തിൽ വിശ്വസിക്കുന്ന വ്യക്തികൾ പ്രണയിക്കുമ്പോൾ, അവരുടെ സ്നേഹത്തേക്കാൾ മതത്തിനു പ്രാധാന്യം നൽക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്നും ജീവിക്കുന്നത് എന്ന സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കുവാനാണ് ഷാനവാസ് കെ. ബാവക്കുട്ടി ശ്രമിച്ചത്. മലയാള സിനിമയിൽ കാലാകാലങ്ങളായി ചർച്ച ചെയ്ത മടുത്ത പഴഞ്ചൻ കഥാസന്ദർഭങ്ങളുടെ പുതിയ രീതി എന്നല്ലാതെ മറ്റൊന്നും ഈ തിരക്കഥയെ വിശേഷിപ്പിക്കാനാവില്ല.

സംവിധാനം: ⭐⭐
പതിഞ്ഞ താളത്തിൽ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന എല്ലാ സിനിമകളും ക്ലാസ്സ്‌ എന്ന വിശേഷണം ലഭിക്കുവാൻ സാധ്യതയുള്ളതുകൊണ്ടാണോ ഈ സിനിമയും മേല്പറഞ്ഞ രീതി സ്വീകരിച്ചത്? കഴമ്പില്ലാത്ത രംഗങ്ങൾ എത്ര റിയലിസ്റ്റിക്കായി അവതരിപ്പിച്ചാലും അതുകണ്ടു ആശ്ചര്യപെടുന്ന വിഡ്ഢികളല്ല മലയാളികൾ എന്ന് സംവിധായകൻ മനസ്സിലാക്കേണ്ടതുണ്ട്. ഷാനവാസ് കെ. ബാവകുട്ടയിൽ കഴിവുള്ള ഒരു എഴുത്തുകാരനും സംവിധായകനുമുണ്ട്. അന്നയും റസൂലും എന്ന സിനിമ പോലൊരു സിനിമയെടുക്കുവാൻ ശ്രമിച്ചതിന് പകരം പുതുമയുള്ള ഒരു വിഷയം കണ്ടെത്തി അവതരിപ്പിച്ചിരുന്നുവെങ്കിൽ മറ്റൊരു രാജീവ്‌ രവിയാകാൻ സാധ്യതയുള്ള വ്യക്തിയാണ് ഷാനവാസ് കെ. ബാവകുട്ടി എന്ന് എത്രയും വേഗം സ്വയം തിരിച്ചറിയട്ടെ എന്ന് ആശംസിക്കുന്നു.

സാങ്കേതികം: ⭐⭐
കിസ്മത്ത് എന്ന സിനിമയെ ചിലരെങ്കിലും ഇഷ്ടപെടുന്നുവെങ്കിൽ അതിനു കാരണം സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. കമിതാക്കളുടെ പ്രണയ രംഗങ്ങളിൽ നൽകിയിരിക്കുന്ന സംഗീതവും അവർ പിരിയുമ്പോൾ നൽകിയിരിക്കുന്ന സംഗീതവും മനസ്സിനെ സ്പർശിക്കുന്നവയായിരുന്നു. സുഷിൻ തന്നെ ഈണമിട്ട കിസപാതയിൽ എന്ന പാട്ടും, സുമേഷ് പരമേശ്വർ ഈണമിട്ട നിളമണൽതരികളിൽ എന്ന് തുടങ്ങുന്ന പാട്ടും ഇമ്പമുള്ളതായി അനുഭവപെട്ടു. റഫീക്ക് അഹമ്മദ്, അൻവർ അലി, മൊയ്‌ദീൻ വൈദ്യർ എന്നിവരാണ് ഗാനരചയ്താക്കൾ. സുരേഷ് രാജന്റെ വിഷ്വൽസ് മങ്ങിയ കഥാപശ്ചാത്തലം സൃഷ്ടിച്ചു എന്നതല്ലാതെ മറ്റൊരു പുതുമയും നൽകിയില്ല. ബി. അജിത്കുമാർ-ജിതിൻ മനോഹർ എന്നിവരാണ് ഈ സിനിമയിലെ രംഗങ്ങൾ സന്നിവേശം നിർവഹിച്ചത്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതി പ്രേക്ഷകരെ ബോറടിപ്പിച്ചു എന്നതല്ലാതെ മറ്റൊന്നും പറയുവാനില്ല. ആദ്യ പകുതിയിലെ രംഗങ്ങൾ അനാവശ്യമായി വലിച്ചുനീട്ടി ഒന്നരമണിക്കൂർ എത്തിക്കുവാൻ കഠിന പ്രയത്നം ചെയ്യേണ്ടിവന്നിട്ടുണ്ടാകണം. പ്രമോദ് തോമസ്‌ നിർവഹിച്ച ശബ്ദമിശ്രണം മികവു പുലർത്തി. ചമയവും വസ്ത്രാലങ്കാരവും തുടങ്ങി മറ്റെല്ലാ സാങ്കേതിക വശങ്ങളും സംവിധായകന്റെ അവതരണ രീതിയോട് നീതിപുലർത്തി.

അഭിനയം: ⭐⭐⭐
വിനയ് ഫോർട്ട്‌ എന്ന നടന്റെ അതുജ്വല അഭിനയമാണ് ഈ സിനിമയുടെ പ്രധാന പ്ലസ് പോയിന്റ്. ഒരു പോലീസുകാരനെ അത്രത്തോളം നിരീക്ഷിച്ചിട്ടാണ് അജയ് മേനോൻ എന്ന കഥാപാത്രത്തെ വിനയ് ഫോർട്ട്‌ അവതരിപ്പിച്ചിരിക്കുന്നത്. വിനയ് ഫോർട്ട്‌ അഭിനയിച്ചതിൽ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരിക്കും ഈ സിനിമയിലെ പോലീസുകാരൻ.അഭിനന്ദനങ്ങൾ! ഷെയിൻ നിഗം തനിക്കാവുന്ന വിധത്തിൽ ഇർഫാൻ എന്ന യുവാവിനെ അവതരിപ്പിച്ചു. പൊന്നാനിയിൽ ജനിച്ചുവളർന്ന ഇർഫാന് ഇടയ്ക്കിടെ സംസാരത്തിൽ കൊച്ചി ഭാഷ വരുന്നത് ഒരു നടനെന്ന രീതിയിൽ ഷെയിനോ ഷാനവാസ് ബാവക്കുട്ടിയോ ശ്രദ്ധിക്കാതെപോയത്‌ പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ട്. അനിതയെ മോശമാക്കാതെ അവതരിപ്പിക്കുവാൻ ശ്രുതി മേനോൻ ശ്രമിച്ചിട്ടുണ്ട്. അലൻസിയാർ ലേ, വിജയൻ, സുനിൽ സുഖദ, ജയപ്രകാശ് എന്നിവരും കുറെ പുതുമുഖങ്ങളും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തിയിട്ടുണ്ട്.

വാൽക്കഷ്ണം: അന്നയെ അനിതയാക്കാം, റസൂലിനെ ഇർഫാനാക്കാം, ഫോർട്ട്‌കൊച്ചിയെ പൊന്നാനിയുമാക്കാം. പക്ഷെ, കിസ്മത്ത് ഒരിക്കലും അന്നയും റസൂലുമാകില്ല.

രചന, സംവിധാനം: ഷാനവാസ് കെ.ബാവക്കുട്ടി
നിർമ്മാണം: ഷൈലജ, രാജീവ്‌ രവി
ചായാഗ്രഹണം: സുരേഷ് രാജൻ
ചിത്രസന്നിവേശം: ബി.അജിത്കുമാർ, ജിതിൻ മനോഹർ
സംഗീതം: സുമേഷ് പരമേശ്വർ, ഷമേജ് ശ്രീധർ, സുഷിൻ ശ്യാം
പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം
ഗാനരചന: റഫീക്ക് അഹമ്മദ്, അൻവർ അലി, മഹാകവി മോയിൻകുട്ടി വൈദ്യർ
ചമയം: ആർ.ജി.വയനാടൻ
വസ്ത്രാലങ്കാരം: മഷർ ഹംസ
കലാസംവിധാനം: നാഗരാജ്
ശബ്ദമിശ്രണം: പ്രമോദ് തോമസ്‌
ശബ്ദലേഖനം: അരുണ്‍ രാമവർമ്മ
വിതരണം: എൽ.ജെ.ഫിലിംസ്.

ഹലോ നമസ്തേ – ⭐⭐

image

സൗഹൃദത്തിന്റെ രസക്കാഴ്ച! ⭐⭐

ആത്മാർത്ഥ സുഹൃത്തുക്കളായ മാധവും ജെറിയും എഫ് എം റേഡിയോ ജോക്കികളാണ്. ഹലോ നമസ്തേ എന്ന ജനപ്രിയ പരിപാടിയുടെ അവതാരകരാണ് ഇരുവരും. മാധവിന്റെ ഭാര്യ പ്രിയയും ജെറിയുടെ ഭാര്യ അന്നയും സുഹൃത്തുക്കളാകുന്നു. ഈ നാൽവർ സംഘം സന്തോഷകരമായ ജീവിതം നയിക്കുന്നു. ഈ രണ്ടു കുടുംബങ്ങളും പുതിയ ഒരു വില്ലയിലേക്ക് അടുത്തടുത്ത വീടുകളിലായി താമസം മാറുന്നു. ഇരു വീടുകളുടെയും നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു പ്ലാവും അതിൽ കായ്ക്കുന്ന ചക്കയും ഈ രണ്ടു കുടുംബങ്ങളുടെ സന്തോഷമില്ലാതാക്കുന്നു. എന്താണ് അവരുടെ സൗഹൃദത്തിൽ സംഭവിച്ചത് എന്നതാണ് ഈ സിനിമയുടെ കഥ. മാധവായി വിനയ് ഫോർട്ടും, പ്രിയയായി ഭാവനയും, ജെറിയായി സഞ്ജു ശിവറാമും, അന്നയായി മിയയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
പ്രേം നസീർനെയും നെടുമുടി വേണുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത അയൽവാസി ഒരു ദരിദ്രവാസി എന്ന സിനിമയുടെ പ്രമേയവുമായി താരതമ്യം ചെയ്യാവുന്ന സിനിമയാണ് ഹലോ നമസ്തേ. ഉറ്റ ചങ്ങാതിമാർ ഒരു ചെറിയ പ്രശ്നത്തെ തുടർന്ന് കുടുംബ വഴക്കിൽ ചെന്നെത്തുകയും അത് നാട്ടുകാരുടെ കൂടെ പ്രശ്നമാവുകയും ചെയ്യുന്നതാണ് ഈ സിനിമയുടെയും പ്രമേയം. ആ പ്രമേയത്തോട് നീതിപുലർത്തുന്ന രസകരമായൊരു കഥയുമുണ്ട് ഈ സിനിമയിൽ.

തിരക്കഥ: ⭐⭐
കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കഥയെഴുതി നിരവധി ഹിറ്റുകൾ ഒരുക്കിയ കൃഷ്ണ പൂജപ്പുരയാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. ഒരു പ്ലാവും ചക്കയും രണ്ടു വീടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഉണ്ടായ പ്രശ്നം രസകരമായ കഥാസന്ദർഭങ്ങളിലൂടെ നർമ്മ സംഭാഷണങ്ങളിലൂടെ തിരക്കഥയിലാക്കുവാൻ കൃഷ്ണ പൂജപ്പുരയ്ക്ക് സാധിച്ചു. ഒരു തമാശ സിനിമയിൽ യുക്തിക്ക് പ്രസക്തിയില്ല എന്ന മുട്ടപോക്ക് ന്യായം പറയുന്ന സംവിധായകരും തിരക്കഥ രചയ്താക്കൾക്ക് ഒരു മറുപടിയാണ് യുക്തിയുള്ള തമാശ സിനിമ. ആദ്യപകുതിയിൽ മാധവും ജെറിയും തമ്മിലുള്ള സൗഹൃദംകാണിക്കുന്ന രംഗങ്ങളും, ഭാര്യ-ഭർതൃ ബന്ധത്തിലെ സ്നേഹം കാണിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും മികവു പുലർത്തി. രണ്ടാം പകുതിയിൽ ചക്കമൂലമുണ്ടാകുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവും സന്തോഷകരമായ ക്ലൈമാക്സും യുക്തിയോടെ തന്നെ എഴുതുവാൻ കൃഷ്ണ പൂജപ്പുരക്ക് സാധിച്ചു.

സംവിധാനം: ⭐⭐
നവാഗതനായ ജയൻ കെ. നായർ സംവിധാനം നിർവഹിച്ച ഹലോ നമസ്തേ രസകരമായ അവതരണത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി. നർമ്മ മുഹൂർത്തങ്ങളും സംഭാഷണങ്ങളും കളർഫുൾ അവതരണവും, നല്ല അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അങ്ങനെ എല്ലാം ചേർന്നപ്പോൾ ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമയായി ഹലോ നമസ്തേ. കുറേക്കൂടി പരച്ചയസമ്പത്തുള്ള സംവിധായകനായിരുന്നുവെങ്കിൽ പാട്ടുകളുടെ ചിത്രീകരണവും, രണ്ടാം പകുതിയിലെ ചക്കയും പ്ലാവും കാരണമുണ്ടാകുന്ന വഴക്കുകൾക്കൂടി രസകരമാക്കമായിരുന്നു.

സാങ്കേതികം: ⭐⭐⭐
പി. സുകുമാർ നിർവഹിച്ച ചായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മുതൽക്കൂട്ടാണ്. കളർഫുൾ വിഷ്വൽസും അതിനു അനിയോജ്യമായ പശ്ചാത്തല സംഗീതവും രസകരമായൊരു സിനിമയുണ്ടാക്കാൻ സംവിധായകനെ സഹായിച്ചു. അയൂബ് ഖാൻ കോർത്തിണക്കിയ രംഗങ്ങൾ ചിലയിടങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാക്കി. പാട്ടുകൾ രണ്ടും ശരാശരി നിലവാരം പുലർത്തുന്നു. മസാല കോഫി ബാൻഡ് സംഗീതം നിർവഹിച്ച പാട്ട് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. സിജി തോമസിന്റെ വസ്ത്രാലങ്കാരവും റഹിം കൊടുങ്ങല്ലൂരിന്റെ മേക്കപ്പും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
വിനയ് ഫോർട്ട്‌, സഞ്ജു ശിവറാം, മുകേഷ്, ഭാവന, മിയ, ജോജു ജോർജ്, സൗബിൻ ഷാഹിർ, അജു വർഗീസ്‌, പി. ബാലചന്ദ്രൻ, നെൽസൺ, കോട്ടയം പ്രദീപ്‌, മുത്തുമണി, കെ.പി.എ.സി.ലളിത എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. എല്ലാ സിനിമകളിലും നമ്മളെ ചിരിപ്പിക്കുന്നത് പോലെ സൗബിൻ തകർപ്പൻ പ്രകടനം കാഴ്ച്ചവെചിരിക്കുന്നു. സഞ്ജു ശിവറാം മലയാള നായക നിരയിലേക്ക് എത്തുവാൻ കഴിവുള്ള നടനാണെന്ന് തെളിയിച്ചിരിക്കുന്നു. മറ്റൊരു മികച്ച അഭിനയത്തിലൂടെ വിനയ് ഫോർട്ട്‌ വീണ്ടും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ഭാവനയും മിയും തങ്ങളുടെ വേഷം മികവുറ്റതാക്കി. മുകേഷും അജു വർഗീസും ജോജു ജോർജും പി. ബാലചന്ദ്രനും മുത്തുമണിയും നെൽസണും രസകരമായി അവരവരുടെ ഭാഗങ്ങൾ അവതരിപ്പിച്ചു.

വാൽക്കഷ്ണം: കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാം ഈ ചക്ക കഥ!

സംവിധാനം: ജയൻ കെ. നായർ
രചന: കൃഷ്ണ പൂജപ്പുര
നിർമ്മാണം: ഡോക്ടർ ഫ്രീമു
ചായാഗ്രഹണം: പി. സുകുമാർ
ചിത്രസന്നിവേശം: അയൂബ് ഖാൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
ഗാനരചന: കൈതപ്രം, അനിൽ പനച്ചൂരാൻ
സംഗീതം: ദീപാങ്കുരൻ, മസാല കോഫീ
കലാസംവിധാനം: സുരേഷ് കൊല്ലം
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ
വസ്ത്രാലങ്കാരം: സിജി തോമസ് നോബിൾ
വിതരണം: മുരളി ഫിലിംസ്