ടേക്ക് ഓഫ് – ⭐⭐⭐⭐


മലയാള സിനിമയുടെ അത്യുജ്വല ടേക്ക് ഓഫ്! – ⭐⭐⭐⭐

“ഒരു ജീവൻ രക്ഷിക്കുന്നവരെ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിൽ, നൂറുകണക്കിന് ജീവൻ രക്ഷിക്കുന്നവരെ നേഴ്‌സുമാർ എന്ന് വിശേഷിപ്പിക്കാം”. നൂറു ശതമാനം അർത്ഥവത്താകുന്നതാണ് മേല്പറഞ്ഞ വാചകങ്ങൾ. ദൈവത്തിന്റെ മാലാഖാമാർക്കു സമർപ്പിക്കുന്ന ടേക്ക് ഓഫ് ഓരോ മലയാളികളും അതിലുപരി ഓരോ സിനിമാ പ്രേമിയും കണ്ടിരിക്കേണ്ടതാണ്!

2014 ജൂലൈ 23നു 58 ഇന്ത്യക്കാരായ നേഴ്‌സുമാരെ ഇറാഖ് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഐ എസ് ഐ എസ് തീവ്രവാദികളിൽ നിന്നും മോചിപ്പിച്ചു. ഈ സംഭവം നടക്കുന്നതിനു ദിവസങ്ങൾക്കു മുമ്പ് 2014 ജൂലൈ 4നു 46 മലയാളി നേഴ്‌സുമാരെ ഇറാഖിലെ മുസോളിലെ സുന്നി ജിഹാദിസ്റ്റ് തീവ്രവാദികളിൽ നിന്നും രക്ഷപെടുത്തിയിരുന്നു. ശ്രിമതി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ സൗദി അറേബ്യ, ലിബിയ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ തിക്രിതി ആശുപത്രിയിൽ ജോലിചെയ്തിരുന്ന നഴ്സുമാരെ രക്ഷപ്പെടുത്തിയ യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ടേക്ക് ഓഫ്.

ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് പുതിയമാനം നൽകിയ യശ്ശശരീരനായ സംവിധായകൻ രാജേഷ് പിള്ളയുടെ ഓർമ്മയ്ക്ക്‌ മുമ്പിൽ സമർപ്പിച്ച ടേക്ക് ഓഫ് നിർമ്മിച്ചത് ആന്റോ ജോസഫും ഷെബിൻ ബെക്കറും ചേർന്നാണ്. പ്രശസ്ത ചിത്രസന്നിവേശകൻ മഹേഷ് നാരായണൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ടേക്ക് ഓഫ് മലയാള സിനിമയുടെ അഭിമാനമായി മാറുമെന്നു നൂറു ശതമാനം ഉറപ്പ്. മഹേഷ് നാരായണനോടൊപ്പം ഷാജികുമാറും ഈ സിനിമയുടെ തിരക്കഥ എഴുത്തിൽ പങ്കാളിയാണ്. സനു ജോൺ വർഗീസ് ഛായാഗ്രഹണവും, മഹേഷ് നാരായണനും അഭിലാഷ് ബാലചന്ദ്രനും ചേർന്ന് സന്നിവേശവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും, രാജശേഖർ സംഘട്ടനവും സന്തോഷ് രാമൻ കലാസംവിധാനവും രഞ്ജിത്ത് അമ്പാടി ചമയവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐⭐
ഇറാഖിലെ തീവ്രവാദികളിൽ നിന്നും മലയാളികളായ നേഴ്‌സുമാരെ മോചിപ്പിക്കുന്ന യഥാർത്ഥ സംഭവം ഇന്ത്യൻ സിനിമയിലെ ഒരു ഭാഷയിലും ഇന്നേവരെ പ്രമേയമാക്കാത്ത ഒന്നാണ്. 2016ൽ രാജകൃഷ്ണൻ മേനോൻ സംവിധാനം നിർവഹിച്ചു, അക്ഷയ്കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എയർലിഫ്റ്റ് എന്ന ഹിന്ദി സിനിമ ചർച്ചചെയ്യുന്ന പ്രമേയം ടേക്ക് ഓഫുമായി സമാനമായ ഒന്നാണ്. കുവൈറ്റും ഇറാഖും തമ്മിലുള്ള തൊണ്ണൂറുകളിലെ യുദ്ധത്തിൽ അകപ്പെട്ടു പോകുന്ന ഭാരതീയരുടെ മോചനമാണ് എയർലിഫ്റ്റ് എന്ന സിനിമയുടെ കഥ. ടേക്ക് ഓഫിന്റെ പ്രമേയവും കഥയും മഹേഷ് നാരായണന്റേതാണ്. ഇറാഖിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ അന്വേഷിച്ചു കണ്ടെത്തി സിനിമയ്ക്ക് അനിയോജ്യമായ കഥ വിശ്വസനീയത നഷ്ടപ്പെടാതെ എഴുതുക എന്നത് ശ്രമകരമായ ഒന്നാണ്. അതിൽ പൂർണമായും വിജയിക്കുവാൻ മഹേഷ് നാരായണനും പി.വി.ഷാജികുമാറിനും സാധിച്ചു.

തിരക്കഥ: ⭐⭐⭐⭐⭐
യഥാർത്ഥ സംഭവകഥയുടെ വൈകാരികത നഷ്ടപ്പെട്ട് പോകാതെയും വിശ്വസനീയത കളയാതെയും കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുക സംഭാഷണങ്ങൾ എഴുതുക എന്നതിൽ സമ്പൂർണ വിജയം നേടുവാൻ മഹേഷ് നാരായണനും പി.വി.ഷാജികുമാറിനും കഴിഞ്ഞിട്ടുണ്ട്. ആദ്യ രംഗം മുതൽ അവസാനത്തെ വിമാനത്തിന്റെ ടേക്ക് ഓഫ് വരെ പ്രേക്ഷകരെ മാനസികമായി വീർപ്പുമുട്ടിക്കാൻ കഥാസന്ദർഭങ്ങൾക്കു സാധിച്ചു. സിനിമ കാണുന്ന പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ഒരു പശ്ചാത്തലമാണ് ഈ സിനിമയുടേത്. അപ്പോൾ, കഥാസന്ദർഭങ്ങൾക്കു വിശ്വസനീയത നൽക്കേണ്ടത് ഏറെ പ്രയാസമുള്ള കാര്യമാണ്. ഒരുപാട് ഗവേഷണം നടത്തിയതിന്റെ തെളിവ് കഥാസന്ദർഭങ്ങളിൽ പ്രകടമാണ്. സമീറയും മറ്റു നേഴ്‌സുമാരും തീവ്രവാദികളുടെ ക്യാമ്പിൽ എത്തിപെടുന്ന രംഗവും, അവരെ അവിടെ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി മനോജ് എബ്രഹാമും സംഘവും നടത്തുന്ന ശ്രമങ്ങളും അത്യുഗ്രൻ കഥാസന്ദർഭങ്ങളിലൂടെ ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. നേഴ്‌സുമാരുടെയും ഇറാഖിലുള്ള സാധാരണക്കാരുടെ ദുരവസ്ഥയും കാണുന്ന പ്രേക്ഷകരുടെ ഹൃദയത്തിൽ നൊമ്പരമുണർത്തുവാൻ തിരക്കഥാകൃത്തുക്കൾക്കു കഴിഞ്ഞു എന്നതാണ് ടേക്ക് ഓഫിന്റെ പ്രത്യേകത. മലയാള സിനിമ പ്രേമികൾക്ക് ഒരു അത്യുജ്വല സിനിമ സമ്മാനിച്ചതിനു മഹേഷ് നാരായണനും പി.വി.ഷാജികുമാറിനും ഒരാരായിരം അഭിനന്ദനങ്ങൾ!

സംവിധാനം: ⭐⭐⭐⭐
ചിത്രസന്നിവേശകൻ എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് മഹേഷ് നാരായണൻ. ആദ്യ സിനിമയാണ് ടേക്ക് ഓഫ് എന്ന തോന്നലുണ്ടാക്കാതെയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങൾ കൃത്രിമത്വം ഇല്ലാതെയും അതിഭാവകത്വം തോന്നിപ്പിക്കാതെയും അവതരിപ്പിച്ചതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. കഥയിൽ പ്രാധാന്യമില്ലാത്ത ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. പ്രേക്ഷകരെ ആകാംഷയോടെ മുൾമുനയിൽ നിർത്തുവാൻ സംവിധായകനു സാധിച്ചു. അതിനു കാരണമായത് സിനിമയുടെ രണ്ടാം പകുതിയിലുള്ള കഥയുടെ വേഗതയുള്ള അവതരണമാണ്. നേഴ്‌സുമാരെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നതു മുതൽ അവർ സുരക്ഷിതരായി ഇന്ത്യയിലെത്തുന്നതു വരെയുള്ള രംഗങ്ങൾ അവതരണ മികവിനാൽ ഗംഭീരമാണ്. ഇത്രയും മികവുറ്റ ഒരു സിനിമയുണ്ടാക്കുവാൻ മഹേഷ് നാരായണനെ സഹായിച്ചത് മികച്ച സാങ്കേതിക പ്രവർത്തികരും അഭിനേതാക്കളാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിക്കുവാൻ വരെ സാധ്യതയുള്ള ഒന്നാണ് ടേക്ക് ഓഫ് എന്നതിൽ യാതൊരു തർക്കവുമില്ല. ഏവർക്കും അഭിനന്ദനങ്ങൾ!

സാങ്കേതികം: ⭐⭐⭐⭐⭐
ഗോപി സുന്ദർ എന്ന സംഗീത മാന്ത്രികൻ നിർവഹിച്ച പശ്ചാത്തല സംഗീതമാണ് ടേക്ക് ഓഫിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന പശ്ചാത്തല സംഗീതം സിനിമയുടെ അവസാനം വരെ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി. അതുപോലെ മികവുറ്റതായിരുന്നു സനു ജോൺ വർഗീസ് നിർവഹിച്ച ഛായാഗ്രഹണം. പ്രേക്ഷകരെ ഓരോരുത്തരെയും ഇറാഖിലെത്തിച്ചു അവർ നേരിട്ട് ആ ദുരിതം അനുഭവിച്ചറിഞ്ഞ പ്രതീതിയാണ് സമ്മാനിച്ചത്. പുതുമ നൽകുന്ന രീതിയിലാണ് മഹേഷ് നാരായണനും അഭിലാഷും ചേർന്ന് രംഗങ്ങൾ സന്നിവേശം ചെയ്തത്. പല സ്ഥലങ്ങളിലായി നടക്കുന്ന രംഗങ്ങൾ മുഷിപ്പില്ലാതെ സന്നിവേശം നിർവഹിച്ചതു പ്രേക്ഷകർക്ക് പുത്തനനുഭവമായി. യുദ്ധ ഭൂമിയുടെ പ്രതീതി നിലനിർത്തുവാൻ സന്തോഷ് രാമൻ ഒരുക്കിയ കലാസംവിധാനം ഗംഭീരമായി. ബോംബ് സ്ഫോടനങ്ങൾ നടന്ന സ്ഥലങ്ങളെല്ലാം യഥാർത്ഥത്തിൽ സ്ഫോടനങ്ങൾ നടന്നതാണോ എന്നുവരെ സംശയം തോന്നിയേക്കാം. ഓരോ കഥാപാത്രങ്ങൾക്കും അനിയോജ്യമായ ചമയമാണ് രഞ്ജിത്ത് അമ്പാടി നിർവഹിച്ചത്. ബോംബ് സ്ഫോടനങ്ങളിൽ അപകടം പറ്റിയവരുടെ ചമയം ഇതിനുദാഹരണം. റഫീഖ് അഹമ്മദും ഹരിനാരായണനും ചേർന്നെഴുതിയ വരികൾക്ക് ഷാൻ റഹ്‌മാനും ഗോപി സുന്ദറുമാണ് ഈണം പകർന്നത്. ശരാശരി നിലവാരം മാത്രമുള്ളതാണ് ഈ സിനിമയിലെ പാട്ടുകൾ. രാജശേഖർ ആണ് സംഘട്ടന സംവിധാനം നിർവഹിച്ചത്. ചെറിയ ശബ്ദങ്ങൾ വരെ ഒപ്പിയെടുത്തുകൊണ്ടു വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും നിർവഹിച്ച ശബ്ദ സംവിധാനം മികവ് പുലർത്തി. ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐⭐
കാഞ്ചനമാലയായും ടെസ്സയായും തകർത്തഭിനയിച്ച പാർവതി തിരുവോത്തിന്റെ അഭിനയ ജീവിതത്തിലേക്ക് പുതിയ പൊൻത്തൂവലാകും സമീറ എന്ന കഥാപാത്രം. ശാരദയ്ക്കും ശോഭനയ്ക്കും മഞ്ജു വാര്യർക്കും ശേഷം മലയാളികളുടെ മനസ്സ് കവർന്ന അഭിനേത്രിയാരാകുമെന്നത്തിനുള്ള ഉത്തരമാണ് പാർവതി തിരുവോത്ത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടാനുള്ള എല്ലാ സാധ്യതകളും പാർവതിയ്ക്കുണ്ടെന്നു നിസംശയം പറയാം. മഹേഷ് ഭാവനയെ പ്രേക്ഷകർ മറക്കുന്നതിനു മുമ്പേ മനോജ് അബ്രാഹമായി ജീവിച്ച ഫഹദ് ഫാസിൽ ഗംഭീരമായ അഭിനയമാണ് കാഴ്ചവെച്ചത്. ഫഹദിന്റെ ഓരോ ഭാവപ്രകടനങ്ങളും കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സത്യനും മോഹൻലാലിനും ശേഷം തന്മയത്വത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള കഴിവുള്ള ഏക നടനാണ് താനെന്നു ഫഹദ് ഫാസിൽ ഒരിക്കൽക്കൂടി തെളിയിച്ചു. കുഞ്ചാക്കോ ബോബന് ഒരുപാട് നാളുകൾക്കു ലഭിച്ച മികച്ച വേഷങ്ങളിൽ ഒന്നാണ് ഈ സിനിമയിലേത്. അത് വിശ്വസനീയമായി ചാക്കോച്ചൻ അവതരിപ്പിക്കുകയും ചെയ്തു. ആസിഫ് അലി, പ്രകാശ് ബെലവാദി, അലൻസിയാർ ലേ ലോപസ്, പ്രേം പ്രകാശ്, ജോജു ജോർജ്, ഷഹീൻ സിദ്ദിഖ്, സിദ്ധാർഥ് ശിവ, അഞ്ജലി അനീഷ്, പാർവതി, ദേവി അജിത് എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഇവരെ കൂടാതെ നേഴ്സുമാരായി അഭിനയിച്ച പുതുമുഖ അഭിനേതാക്കൾവരെ അഭിനയിക്കുന്നതിന് പകരം ജീവിക്കുകയാണെന്നാണ് പ്രേക്ഷകർക്ക് തോന്നിയത്.

വാൽക്കഷ്ണം: മലയാള സിനിമയുടെ യശസ്സ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ടേക്ക് ഓഫിനു ഹാറ്റ്സ് ഓഫ്!!!

സംവിധാനം: മഹേഷ് നാരായണൻ
നിർമ്മാണം: ആന്റോ ജോസഫ്, ഷെബിൻ ബെക്കർ
രചന: മഹേഷ് നാരായണൻ, ഷാജികുമാർ
ഛായാഗ്രഹണം: സനു ജോൺ വർഗീസ്
ചിത്രസന്നിവേശം: മഹേഷ് നാരായണൻ, അഭിലാഷ് ബാലചന്ദ്രൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
സംഗീതം: ഗോപി സുന്ദർ, ഷാൻ റഹ്മാൻ
ഗാനരചന: റഫീഖ് അഹമ്മദ്, ഹരിനാരായണൻ
കലാസംവിധാനം: സന്തോഷ് രാമൻ
ശബ്ദമിശ്രണം: രാജകൃഷ്ണൻ
ശബ്ദ സംവിധാനം: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
ചമയം: രഞ്ജിത്ത് അമ്പാടി
സംഘട്ടനം: രാജശേഖർ
വിതരണം: ആന്റോ ജോസഫ് ഫിലിം കമ്പിനി.