മനോഹരം – ⭐️⭐️⭐️

മനോഹരം – വിനീതം മനോഹരം! ⭐️⭐️⭐️

ചുമർ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരനാണ് മനു (മനോഹരൻ). ചുമർ ചിത്രങ്ങൾക്ക് വെല്ലുവിളിയായ ഫ്ലെക്സ് പ്രിന്റുകൾ പരസ്യത്തിനായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ, മനോഹരനെ പോലെയുള്ള ചിത്രകാരന്മാരുടെ തൊഴിലും ജീവിതവും എത്തരത്തിൽ ബാധിക്കുന്നു എന്നവതരിപ്പിക്കുന്ന കഥയാണ് മനോഹരത്തിന്റേത്.

ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് ശേഷം അൻവർ സാദിക്ക് സംവിധാനം ചെയ്ത മനോഹരത്തിൽ വിനീത് ശ്രീനിവാസൻ, അപർണ്ണ ദാസ്, ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ദീപക് പറമ്പൊൾ, ഹരീഷ് പരേഡി, ഡൽഹി ഗണേഷ്, നിസ്താർ സേട്ട്, അഹമ്മദ് സിദ്ദിക്ക്, ജൂഡ് ആന്തണി, വി.കെ. പ്രകാശ്, നന്ദുലാൽ, ശ്രീലക്ഷ്മി, നീന കുറുപ്പ്, നന്ദിനി നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രമേയം ⭐️⭐️
കലാകാരന്മാർ സാങ്കേതികപരമായി പിന്നോട്ടാണെന്നുള്ള മിഥ്യാധാരണ നമ്മടെ നാട്ടിൽ ചിലർക്കുണ്ട്. ഏതൊരു കലാകാരനും തന്റെ സ്വതസിദ്ധമായ കഴിവിനെ സാങ്കേതികപരമായി ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുമ്പോൾ വിജയപരാജയങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിൽ തോറ്റുകൊടുക്കാതെ വീണ്ടും വിജയിക്കുവാൻ പരിശ്രമിക്കുന്നയിടത്താണ് യഥാർത്ഥ വിജയം തുടങ്ങുന്നത്. അന്ന്യം നിന്നുപോകുന്ന കലയും ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യമായ സാങ്കേതിക അറിവും ഒരുപോലെ ഉപയോഗപ്പെടുത്തുവാൻ കഷ്ടപ്പെടുന്ന ഒരു കലാകാരൻ, തന്റെ ന്യൂനതകളെ അതിജീവിച്ചു വിജയം കൈവരിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. പുതുമയുള്ള പ്രമേയമല്ലെങ്കിലും, ഈ സിനിമയിലൂടെ നൽകുന്ന സന്ദേശം ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് സാധിക്കുമെന്നുറപ്പ്!

തിരക്കഥ ⭐️⭐️⭐️
സംവിധായകൻ അൻവർ സാദിഖ് തന്നെയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഒരു ഫീൽ ഗുഡ് സിനിമ എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന സിനിമയാണിതെങ്കിലും, കഥയിലുള്ള ചെറിയ വഴിത്തിരുവകൾ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതാണ്. കഥാസന്ദർഭങ്ങളും കഥാഗതിയും കണ്ടുപരിചിതമാണെങ്കിലും, അവയൊന്നും പ്രേക്ഷകരെ മുഷിപ്പിക്കുന്നതല്ല. സത്യസന്ധമായ നർമ്മവും അവയുടെ അവതരണവുമാണ് സിനിമയുടെ മറ്റൊരു ആകർഷണ ഘടകം. ഏറെ നാളുകൾക്കു ശേഷം അതിശയോക്തിയില്ലാത്ത പാലക്കാടൻ ഭാഷ ഈ സിനിമയിലെ സംഭാഷണങ്ങളിലൂടെ കേൾക്കുവാൻ സാധിച്ചു. മനോഹരൻ എന്ന കഥാപാത്രത്തെ ഇന്നത്തെ തലമുറയിലുള്ള യുവാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതും കഥാപാത്ര സൃഷ്ടിയുടെ മികവ് തന്നെയാണ്.

സംവിധാനം ⭐️⭐️⭐️
ഓരോ കഥാസന്ദർഭങ്ങളും രസകരമായ രീതിയിൽ ചടുലതയോടെ അവതരിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. അതിൽ നൂറു ശതമാനം വിജയിക്കുവാൻ അൻവർ സാദിക്കിന് സാധിച്ചു. ഈ സിനിമയിലെ ഒരു കഥാസന്ദർഭം പോലും അനാവശ്യമായി വലിച്ചുനീട്ടി സ്പൂൺ ഫീഡിങ് രീതിയിൽ അവതരിപ്പിച്ചിട്ടില്ല. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഓരോ കഥാസന്ദർഭങ്ങളും അതിശയോക്തിയില്ലാതെയാണ് അവതരിപ്പിച്ചത്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതിലും സംവിധായകൻ മികവ് തെളിയിച്ചു. സ്ഥിരം അമ്മാവൻ വേഷങ്ങളിൽ കണ്ടുവരാറുള്ള സിദ്ദിഖിനും വിജയരാഘവനും രഞ്ജി പണിക്കർക്കും പകരം, വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചിരുന്ന ഹരീഷ് പരേഡിയുടെ അഭിനയം തന്നെ അതിനു ഉദാഹരണം. ഈ സിനിമയോടെ അൻവർ സാദിഖിന്റെ മുഖം മലയാള സിനിമ പ്രേമികൾക്ക് ഓർമ്മയുണ്ടാകും!

സാങ്കേതികം ⭐️⭐️⭐️
താരതമ്യേനെ പുതുമുഖങ്ങളാണ് ഈ സിനിമയുടെ പ്രധാനപെട്ട സാങ്കേതിക വശങ്ങളായ ഛായാഗ്രഹണവും ചിത്രസന്നിവേശവും സംഗീതവും കൈകാര്യം ചെയ്തത്. ഇനി മലയാള സിനിമയിൽ ശ്രദ്ധ നേടാൻ സാധ്യതയുള്ള ഒരു പേരായിരിക്കും നിഥിൻ രാജ് അരോൾ. സമീപകാലത്തിറങ്ങിയ സിനിമകളിൽ കണ്ടതിൽ മികച്ച സന്നിവേശമാണ് ഈ സിനിമയുടേത്. ചടുലതയുള്ള അവതരണത്തിന് ഏറെ സഹായകമായത് നിഥിന്റെ സന്നിവേശമാണ്. ജിബിൻ ജെക്കബിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത ഘടകങ്ങളിൽ ഒന്നാണ്. സഞ്ജീവ് തോമസ് ചിട്ടപ്പെടുത്തിയ ഗാനങ്ങളും കേൾക്കാൻ രസമുള്ളവയായിരുന്നു. മനു മഞ്ജിത്തും ജോ പോളുമാണ് പാട്ടുകളുടെ വരികൾ എഴുതിയത്. നിമേഷ് താനൂരിന്റെ കലാസംവിധാനവും മികവ് പുലർത്തി.

അഭിനയം ⭐️⭐️⭐️
അപകർഷതാബോധം നിറഞ്ഞ യുവാവിന്റെ വേഷം കൈയടക്കത്തോടെ മിതത്വമാർന്ന രീതിയിൽ അവതരിപ്പിക്കുവാൻ വിനീത് ശ്രീനിവാസന് സാധിച്ചു. മനോഹരനെ പുച്ഛത്തോടെ പരിഹസിക്കുന്ന അമ്മാവനായി ഹരീഷും തന്റെ റോൾ മികച്ചതാക്കി. സുഹൃത്തിന്റെ റോളിൽ ബേസിൽ ജോസഫും അച്ഛന്റെ സുഹൃത്തും വഴികാട്ടിയുമായ വർക്കി എന്ന വേഷത്തിൽ ഇന്ദ്രൻസും തിളങ്ങി. താരതമ്യേനെ പുതുമുഖമാണെങ്കിലും അപർണ്ണ ദാസ് നായികയുടെ റോൾ പക്വതയോടെ അവതരിപ്പിച്ചു. സദാസമയം പാരവെപ്പു നടത്തുന്ന സുഹൃത്തിന്റെ വേഷം ദീപക് പറമ്പൊൾ മികവുറ്റതാക്കി. ഏറെ നാളുകൾക്കു ശേഷം അലിഭായ് എന്ന കഥാപാത്രമായി പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷും തന്റെ കഥാപാത്രം മികവോടെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: ചടുലമായ അവതരണശൈലിയാലും അഭിനേതാക്കളുടെ പക്വതയുള്ള പ്രകടനത്താലും മനോഹരമായ ഒരു സിനിമ!

രചന, സംവിധാനം: അൻവർ സാദിക്ക്
നിർമ്മാണം: ജോസ് ചക്കാലക്കൽ, സുനിൽ എ.കെ
ഛായാഗ്രഹണം: ജിബിൻ ജേക്കബ്
ചിത്രസന്നിവേശം: നിഥിൻ രാജ് അരോൾ
സംഗീതം: സഞ്ജീവ് തോമസ്
വരികൾ: മനു മൻജിത്, ജോ പോൾ
കലാസംവിധാനം: നിമിഷ് താനൂർ
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: അരുൺ മനോഹർ
വിതരണം: സെഞ്ച്വറി ഫിലിംസ്.

ആനന്ദം – ⭐⭐⭐


ആനന്ദം പകരുന്ന സൗഹൃദ-പ്രണയ കാഴ്ചകൾ! – ⭐⭐⭐

കലാലയ ജീവിതത്തിലെ സൗഹൃദങ്ങളും പരിഭവങ്ങളും പ്രണയങ്ങളും എല്ലാക്കാലവും നമ്മടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കും. ആ ഓർമ്മകൾ നൽകുന്ന ആനന്ദം ഒരിക്കൽക്കൂടി ആസ്വദിക്കുവാൻ ഗണേഷ് രാജ്-വിനീത് ശ്രീനിവാസൻ ടീം ഒരുക്കിയ സിനിമയാണ് ആനന്ദം.

കോളേജിൽ നിന്നും സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിനു പോകുന്ന ദിവസങ്ങളിലാകും ഒട്ടുമിക്ക പ്രണയങ്ങളും സൗഹൃദങ്ങളും ഉടലെടുക്കുന്നതും ദൃഢമാകുന്നതും. അത്തരത്തിലുള്ള ഒരു വിനോദസഞ്ചാരത്തിനിടയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് സാങ്കേതികമികവോടെ ഗണേഷ് രാജ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ അവതരണമായതിനാൽ തിരക്കഥയിലെ പാകപ്പിഴകൾ മറന്നുകൊണ്ട് ഏവരും ആനന്ദം ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്.

കാസ്റ്റ് ആൻഡ് ക്രൂവും ഹാബിറ്റ് ഓഫ് ലൈഫും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ആനന്ദത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന ഗണേഷ് രാജാണ്. വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിച്ചിരിക്കുന്ന ആനന്ദത്തിൽ വരുൺ എന്ന കഥാപാത്രമായി അരുൺ കുര്യനും, കുപ്പി എന്ന് വിളിപ്പേരുള്ള കഥാപാത്രത്തെ വിശാഖ് നായരും, വെസ്റ്റേൺ റോക്ക് സംഗീതത്തിന്റെ ആരാധകനായ ഗൗതമായി റോഷൻ മാത്യുവും, പഞ്ചപാവം കാമുകനായ അക്ഷയ് ആയി തോമസ് മാത്യുവും, ദിയയായി സിദ്ധി മഹാജങ്കടിയും, ദർശനയായി അനാർക്കലി മരയ്ക്കാറും, ദേവികയായി അനു ആന്റണിയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കിയ മലയാള സിനിമകളെല്ലാം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. എൻജിനിയറിങ് കോളേജ് സൗഹൃദം പ്രമേയമാക്കിയ തെലുങ്ക് സിനിമ ഹാപ്പി ഡെയ്‌സിന്റെ മലയാളം പതിപ്പ് കേരളത്തിൽ വമ്പൻ തരംഗം സൃഷ്ടിച്ചിരുന്നു. ആ കാലഘട്ടത്തിൽ അതേ തരത്തിലുള്ള പ്രമേയം മലയാളത്തിൽ സിനിമയാക്കിയിരുന്നെകിൽ എന്നാഗ്രഹിക്കാത്തവർ ഉണ്ടായിരുന്നില്ല. ആനന്ദം എന്ന സിനിമയിൽ ചർച്ചചെയ്യുന്നതും കോളേജ് പ്രണയവും സൗഹൃദവും പരിഭവവും തന്നെയാണ്.

തിരക്കഥ: ⭐⭐
സംവിധായകൻ ഗണേഷ് രാജ് ആദ്യമായി തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ആനന്ദം ഒരു യാത്രയിലൂടെ ഇതൾവിരിയുന്ന പ്രണയകഥയാണ്. പ്രണയത്തോടൊപ്പം സൗഹൃദവും പരിഭവവും ഒക്കെ വിഷയമാകുന്നു. സിനിമയുടെ ആദ്യാവസാനം യുക്തിയെ ചോദ്യം ചെയ്യുന്ന ഒട്ടനവധി കഥാസന്ദർഭങ്ങൾ ഈ സിനിമയിലുണ്ടായിരുന്നു. കോളേജിൽ നിന്നും വിനോദ സഞ്ചാരത്തിനു പോകുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുമോ എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് കഥാസന്ദർഭങ്ങൾ എഴുതിയിരിക്കുന്നത്. അതിഭാവകത്വം നിറഞ്ഞ സന്ദർഭങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ വിലയറിയുന്ന ഒട്ടനവധി മുഹൂർത്തങ്ങളും സംഭാഷണങ്ങളും ഉണ്ടായിരുന്നു എന്നതല്ലാതെ മറ്റൊരു പുതുമയുമില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടേത്. കഥാപാത്രരൂപികരണം മികച്ചു നിന്നിരുന്നുവെങ്കിലും കഥാസന്ദർഭങ്ങൾ നിരാശപ്പെടുത്തി. യാത്രകളിലെ കാഴ്ചകൾ എന്നും ആകാംഷ ജനിപ്പിക്കുന്നതാണെങ്കിലും യാത്രകളിലെ കഴമ്പില്ലാത്ത കഥാസന്ദർഭങ്ങൾ നിരാശമാത്രം സമ്മാനിക്കുന്നു. കൗമാരക്കാർക്ക് ഇഷ്ടമാകുന്ന രസകരമായ രീതിയിലാണ് ഈ സിനിമയിലെ സംഭാഷണങ്ങൾ. ഈ സിനിമയിലെ ഏഴു പ്രധാന കഥാപാത്രങ്ങളും നമ്മടെ കോളേജ് കാലഘട്ടത്തിൽ നമ്മൾ കണ്ടിട്ടുള്ളവരാണ്. അതുകൊണ്ടു അവരെയും അവരുടെ സൗഹൃദവും പ്രണയവും ഏവർക്കും ഇഷ്ടപെടുമെന്നാണ് തോന്നുന്നത്.

സംവിധാനം: ⭐⭐⭐
ഓരോ സിനിമയും പ്രേക്ഷകർ ആസ്വദിക്കുന്നത് ഓരോ തരത്തിലാണ്. ചിലർ കഥയിലെ പുതുമതേടി പോകുമ്പോൾ മറ്റുചിലർ അവയുടെ അവതരണമികവിൽ ആസ്വാദനത്തിനുള്ള വകയുണ്ടോ എന്നാണ് നോക്കുന്നത്. തട്ടത്തിൻ മറയത്ത് കഥാപരമായി പുതുമ നൽകുന്നില്ലെങ്കിലും, അവതരണമികവിൽ വളരെയേറെ മുന്നിലായിരുന്നു. അതുപോലെ, ആനന്ദവും അവതരണമികവുകൊണ്ട് പ്രേക്ഷകർ സ്വീകരിക്കുവാൻ സാധ്യതയുള്ള സിനിമയാണ്. വ്യത്യസ്ഥ സ്വഭാവക്കാരായ ഏഴു കഥാപാത്രങ്ങളും അവരുടെ സൗഹൃദവും പ്രണയവും രസകരമായ സംഭാഷണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. നല്ല അഭിനേതാക്കളെ കണ്ടെത്തുന്നതിലും മനോഹരമായ ഫ്രേയിമുകൾ ഒരുക്കുന്നതിലും ചടുലമായ രംഗങ്ങളുടെ കോർത്തിണക്കൽകൊണ്ടും രംഗങ്ങളോട് ചേർന്ന് നിൽക്കുന്ന സംഗീതംകൊണ്ടും പുത്തനുണർവ് പകരുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. ഗണേഷ് രാജ് എന്ന സംവിധായകന്റെ അവതരണമികവിൽ മറ്റെല്ലാ ന്യൂനതകളും മറന്നു രണ്ടു മണിക്കൂർ ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും കോർത്തിണക്കി കൗമാരക്കാരെ രസിപ്പിക്കുവാൻ ആനന്ദിപ്പിക്കുവാൻ ഈ സിനിമയ്ക്ക് സാധിക്കും എന്നുറപ്പാണ്!

സാങ്കേതികം: ⭐⭐⭐⭐
നേരത്തിലൂടെ പ്രേമത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനായ ആനന്ദ് സി. ചന്ദ്രൻ അത്യുഗ്രൻ വിഷ്വൽസ് ഒരുക്കി പ്രേക്ഷകർക്ക് കാഴ്ചകളിലൂടെ ആനന്ദം പകർന്നു. ഹംപിയിലെയും ഗോവയിലെയും കാണാകാഴ്ചകൾ മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തു സിനിമയ്ക്ക് ഫ്രഷ്‌നെസ്സ് നൽകുവാൻ ആനന്ദ് സി. ചന്ദ്രന് സാധിച്ചു. നവാഗതനായ അഭിനവ് ആണ് ചടുലതയയോടെ രംഗങ്ങൾ സന്നിവേശം ചെയ്തത്. പുതുമയുള്ള അവതരണ രീതിയ്ക്ക് മാറ്റുക്കൂട്ടുവാൻ സന്നിവേശത്തിനു സാധിച്ചു. അനാവശ്യ രംഗങ്ങൾ ഒന്നുമില്ലാതെ രണ്ടു മണിക്കൂറിനുള്ളിൽ സിനിമയുടെ കഥ പറഞ്ഞ രീതിയാണ് പ്രേക്ഷകർക്കു ഏറ്റവും ഇഷ്ടപെട്ടത്. സച്ചിൻ വാര്യരുടെ സംഗീതത്തിൽ നാല് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. കഥയോടും കഥാസന്ദർഭങ്ങളോടും നീതിപുലർത്തുന്ന പാട്ടുകളാണ് ഈ സിനിമയുള്ളത്.”നിലാവേ…” എന്ന പാട്ടാണ് ഏറ്റവും രസകരമായി തോന്നിയത്. വിനീത് ശ്രീനിവാസനും, മനു മഞ്ജിത്തും, അനു എലിസബത്തും ആണ് ഗാനരചന നിർവഹിച്ചത്. സച്ചിൻ വാര്യർ തന്നെയാണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. രംഗങ്ങളോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സജിയുടെ വസ്ത്രാലങ്കാരവും ജിതേഷിന്റെ ചമയവും മികവുപുലർത്തി.

അഭിനയം: ⭐⭐⭐⭐⭐
മലയാള സിനിമയിലേക്ക് ഏഴു മിടുക്കരായ നടീനടന്മാരെ ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നു. പരുക്കനായ എന്നാൽ ഉള്ളിൽ സ്നേഹമുള്ള വരുൺ എന്ന കഥാപാത്രമായി അരുൺ കുര്യനും, സൗഹൃദത്തിനും സുഹൃത്തുകൾക്കും വിലകല്പിക്കുന്ന കൂട്ടത്തിലെ രസികനായ കുപ്പി എന്ന കഥാപാത്രമായി വിശാഖ് നായരും, കള്ളകാമുകൻ റോക്സ്റ്റാർ ഗൗതമായി റോഷൻ മാത്യുവും, നിഷ്കളങ്ക കാമുകൻ അക്ഷയ് ആയി തോമസ് മാത്യുവും, പ്രസരിപ്പോടെ പ്രകാശം പരത്തുന്ന ദിയയായി സിദ്ധി മഹാജങ്കടിയും, ചിരിയിലൂടെ മാത്രം നമ്മളെ വീഴ്‌ത്തുന്ന ദർശനയായി അനാർക്കലി മരയ്ക്കാരും, ദേവികയായി അന്നു ആന്റണിയും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ അഭിനയിച്ചു. ഡോക്ടർ റോണിയ്ക്കു ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിലെ ചാക്കോ മാഷ്. രസകരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ റോണിക്ക് സാധിച്ചു. ഇവരെ കൂടാതെ രഞ്ജി പണിക്കർ, ദിനേശ് നായർ, കോട്ടയം പ്രദീപ് എന്നിവരുമുണ്ട് ഈ സിനിമയിൽ.അതുകൂടാതെ മറ്റൊരു താരത്തിന്റെ സാന്നിധ്യവും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

വാൽക്കഷ്ണം: കൗമാരക്കാരുടെ പ്രിയപ്പെട്ട ആനന്ദങ്ങളിൽ ഒന്നാകുവാൻ ആനന്ദം എന്ന സിനിമയ്ക്ക് സാധിക്കുമെന്നുറപ്പ്!

രചന, സംവിധാനം: ഗണേഷ് രാജ്
നിർമ്മാണം: വിനീത് ശ്രീനിവാസൻ
ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ
ചിത്രസന്നിവേശം: അഭിനവ് സുന്ദർ നായക്
ഗാനരചന: വിനീത് ശ്രീനിവാസൻ, മനു മഞ്ജിത്, അനു എലിസബത്ത് ജോസ്
സംഗീതം: സച്ചിൻ വാര്യർ
ചമയം: ജിതേഷ്
വസ്ത്രാലങ്കാരം: സജി
വിതരണം: എൽ.ജെ.ഫിലിംസ്.

ഒരു മുത്തശ്ശി ഗദ – ⭐⭐⭐

ഒരു മുത്തശ്ശി വീരഗാഥ! – ⭐⭐⭐

മുത്തശ്ശിമാരെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് മൂന്ന് കാര്യങ്ങളാണ്. സ്നേഹത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കാനറിയുന്നവർ, സദാസമയം പ്രാർത്ഥനയുമായി ഒതുങ്ങിക്കൂടി ജീവിക്കുന്നവർ, വൈകുന്നേരങ്ങളിൽ ടെലിവിഷൻ സീരിയുലുകൾ മുടങ്ങാതെ കാണുന്നവർ. അവരിൽ നിന്നെല്ലാം വ്യതസ്ഥമായ സ്വഭാവമുള്ള ലീലാമ്മ എന്ന 65 വയസ്സുകാരി മുത്തശ്ശിയുടെ ജീവിതത്തിലെ വീരഗാഥയാണ് ജൂഡ് ആന്തണി ജോസെഫിന്റെ ഒരു മുത്തശ്ശി ഗദ.

ഇ ഫോർ എന്റർറ്റെയിൻമെൻസ്റ്റിനു വേണ്ടി മുകേഷ് ആർ.മേത്തയും എ.വി.എ.യ്ക്ക് വേണ്ടി എ.വി.അനൂപും സംയുകതമായി നിർമ്മിച്ച ഒരു മുത്തശ്ശി ഗദയിൽ പുതുമുഖം രജിനി ചാണ്ടി കേന്ദ്രകഥാപാത്രമായ ലീലാമ്മയെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
വാർദ്ധക്യമായാൽ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടേണ്ടവരല്ല നമ്മളുടെ മാതാപിതാക്കൾ എന്ന് മക്കളെ ഓർമ്മിപ്പിക്കുന്ന സിനിമയാണ് ഒരു മുത്തശ്ശി ഗദ. അതുപോലെ, മക്കളുടെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചു ശിഷ്ടകാലം ജീവിച്ചു തീർക്കേണ്ടവരല്ല നമ്മൾ എന്ന് സ്വയം തിരിച്ചറിയണം എന്ന് പ്രായമുള്ളവരെയും ഓർമ്മപ്പെടുത്തുന്ന പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്. ശൈശവത്തിലും കൗമാരത്തിലും യൗവനത്തിലും നമ്മൾക്ക് ആഗ്രഹമുള്ള പോലെ വാർദ്ധക്യത്തിലും ഓരോരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകുന്നു. ഒരുപക്ഷെ ഒരാളുടെ ശൈശവത്തിലോ കൗമാരത്തിലോ യൗവനത്തിലോ നടക്കാതെ പോയ ഒരു സ്വപ്നമായിരിക്കാം. അങ്ങനെ നടക്കാതെപോയ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ വാർദ്ധക്യത്തിലും സാധിക്കണം എന്നതാണ് ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സന്ദേശം. അത്തരത്തിലുള്ള കുറെ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ പുറപ്പെട്ടിറങ്ങുന്ന ലീലാമ്മയുടെ കഥയാണ് ഒരു മുത്തശ്ശി ഗദ. നിവിൻ പോളിയുടേതാണ് ഈ സിനിമയുടെ കഥാതന്തു.

തിരക്കഥ: ⭐⭐⭐
ലീലാമ്മയുടെ കുടുംബത്തിൽ മകൻ സിബിയും ഭാര്യയും രണ്ടു മക്കളുമാണുള്ളത്. മകനെ വരച്ചവരയിൽ നിർത്തുന്ന ലീലാമ്മയ്ക്കു മരുമകളെ കാണുന്നതുപോലും ദേഷ്യമാണ്. മകന്റെ സുഹൃത്തുക്കൾ അത്താഴത്തിനു വീട്ടിൽ വരുന്നതും, കൊച്ചുമകളുടെ ആൺ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതും, കൊച്ചുമകൻ സദാസമയം ഗെയിം കളിക്കുന്നതും, ജോലിക്കാരികൾ ഉഴപ്പി പണിയെടുക്കുന്നതും ഇഷ്ടമല്ലാത്ത ലീലാമ്മയുടെ കഥാപാത്രാവിവരണമാണ് ഈ സിനിമയുടെ ആദ്യപകുതി. ഇത്തരത്തിലൊക്കെ ഒരാൾ വീട്ടിൽ വരുന്ന അതിഥികളോട് പെരുമാറുമോ എന്നതിന് ന്യായീകരണങ്ങൾ സിനിമയുടെ രണ്ടാം പകുതിയിൽ പരാമർശിക്കുന്നുണ്ട്. ലീലാമ്മയുടെ ആഗ്രഹങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതാണ് രണ്ടാം പകുതി. കുറെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം രസിപ്പിച്ചു അവസാനിക്കുന്ന ക്ലൈമാക്സും. ഏച്ചുകെട്ടലുകളില്ലാതെ എഴുതിയിരിക്കുന്ന കഥാസന്ദർഭങ്ങളും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമാണ് തിരക്കഥയുടെ സവിശേഷത. ഒരൊറ്റ ദ്വയാർത്ഥ പ്രയോഗം പോലുമില്ലാതെ പ്രേക്ഷകരെ ചിരിപ്പിച്ച ജൂഡ് ആന്തണി ജോസഫിന് അഭിനന്ദനങ്ങൾ! ആദ്യ പകുതിയിലേക്കാൾ മികവു പുലർത്തിയത് രണ്ടാം പകുതിയിലെ രംഗങ്ങളാണ്. ക്ലൈമാക്സിൽ നല്ലൊരു സന്ദേശത്തോടെ സിനിമ അവസാനിക്കുന്നു.

സംവിധാനം: ⭐⭐⭐⭐
ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ്‌ സംവിധാനം നിർവഹിച്ച ഒരു മുത്തശ്ശി ഗദ ഈ വർഷത്തെ ഏറ്റവും മികച്ച എന്റർറ്റെയിനറാണ്. പുതുമയുള്ള അവതരണ രീതിയാണ് ഈ സിനിമയുടെ പ്രത്യേകത. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ കണ്ടെത്തുക, മുഷിപ്പിക്കാതെ കഥ അവതരിപ്പിക്കുക, കൃത്യമായ ഇടവേളകളിൽ വഴിത്തിരിവുകൾ കൊണ്ടുവരിക, അനാവശ്യമായ പാട്ടുകൾ ഉൾപെടുത്താതിരിക്കുക, കൃത്രിമത്വമായ സെന്റിമെന്റ്സ് രംഗങ്ങൾ ഒഴിവാക്കുക എന്നതെല്ലാമാണ് ജൂഡ് ആന്തണി ജോസഫിന്റെ സംവിധാന മികവായി പറയേണ്ട പ്രശംസിക്കേണ്ട കാര്യങ്ങൾ. വിനോദ് ഇല്ലംപിള്ളിയുടെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും ലിജോ പോളിന്റെ ചിത്രസന്നിവേശവും മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ ജൂഡ് ആന്തണി ജോസഫിനെ സഹായിച്ചിട്ടുണ്ട്. ഈ വർഷത്തെ ഓണം ബമ്പർ ഈ വെടക്കു മുത്തശ്ശി കൊണ്ടുപോകുമെന്ന് ഏകദേശം ഉറപ്പാണ്!

സാങ്കേതികം: ⭐⭐⭐⭐
വിനോദ് ഇല്ലംപിള്ളിയുടെ കളർഫുൾ വിഷ്വൽസ് മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുവാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുന്നാറിൽ ചിത്രീകരിച്ച രംഗങ്ങൾ വളരെയധികം മനോഹരമായിരുന്നു. ആദ്യാവസാനമുള്ള രംഗങ്ങളെല്ലാം ചടുലതയോടെ കോർത്തിണക്കുവാൻ ലിജോ പോളിനും സാധിച്ചു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ സ്വഭാവത്തിന് ഇണങ്ങുന്നവയായിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട തെന്നൽ നിലാവിന്റെ എന്ന പട്ടു ശ്രവ്യസുന്ദരമായിരുന്നു. വിനീത് ശ്രീനിവാസനും അപർണ്ണ ബലമുരളിയും ചേർന്നാണ് ആ ഗാനം ആലപ്പിച്ചതും ആ ഗാനരംഗത്തിൽ അഭിനയിച്ചതും. സുനിൽ ലാവണ്യയുടെ കലാസംവിധാനവും റോണക്സ്‌ സേവ്യറുടെ ചമയവും സമീറ സനീഷിന്റെ വസ്ത്രലാകാരവും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
രജനി ചാണ്ടി തന്മയത്വത്തോടെ ലീലാമ്മയെ അവതരിപ്പിച്ചിരിക്കുന്നു. പല രംഗങ്ങളിലും അമിതാഭിനയം എന്ന് തോന്നുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ചു അത് ആവശ്യമായിരുന്നു. സിബി എന്ന മകന്റെ കഥാപാത്രത്തെ സുരാജ് നന്നായി അവതരിപ്പിച്ചു. രസകരമായ ഒരു കഥാപാത്രത്തെ ജൂഡ് ആന്തണിയും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടു അവതരിപ്പിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ലെന, വിജയരാഘവൻ, അപർണ്ണ ബാലമുരളി, രാജീവ്‌ പിള്ള, രമേശ്‌ പിഷാരടി എന്നിവരും അതിഥി വേഷത്തിൽ ശ്രീനിവാസനും വിനീത് ശ്രീനിവാസനും രൺജി പണിക്കരും സംവിധായകൻ ലാൽ ജോസും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.

വാൽക്കഷ്ണം: മാതാപിതാക്കളോടൊപ്പം ഓരോ കുടുംബവും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മുത്തശ്ശി വീരഗാഥ!

രചന, സംവിധാനം: ജൂഡ് ആന്തണി ജോസഫ്‌
കഥാതന്തു: നിവിൻ പോളി
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്‌
ബാനർ: ഈ ഫോർ എന്റർറ്റെയിന്മെന്റ്സ്, എ.വി.എ.പ്രൊഡക്ഷൻസ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഷാൻ റഹ്മാൻ
കലാസംവിധാനം: സുനിൽ ലാവണ്യ
ചമയം: റോണക്സ്‌ സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഈ ഫോർ എന്റർറ്റെയിന്മെന്റ്സ്.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം – ⭐⭐⭐

image

ജീവിത നേർക്കാഴ്ചകളുടെ ദ്രിശ്യാവിഷ്ക്കാരം -⭐⭐⭐

2010ൽ സുഹൃത്തുക്കളുടെ കഥ പറഞ്ഞു നമ്മളെ ചിരിപ്പിക്കുകയും നൊമ്പരപെടുത്തുകയും ചെയ്ത സംവിധായകനും നടനും പിന്നീട് 2012ൽ  വടക്കൻ കേരളത്തിലെ പ്രണയ കഥ പറഞ്ഞു നമ്മളെ പ്രണയത്തിന്റെ  മധുരവും കയിപ്പും മനസ്സിലാക്കി തന്നു. 2016ൽ അതെ സംവിധായകനും നടനും ഒന്നിച്ചത് നമ്മളെ കുടുംബ ബന്ധത്തിന്റെ വിലയെന്തെന്നും അവിടെയാണ് സ്വർഗ്ഗമെന്നും മനസ്സിലാക്കിത്തരാനായിരുന്നു.

വിനീത് ശ്രീനിവാസനും നിവിൻ പോളിയും ഒന്നിച്ച ജേക്കബിന്റെ സ്വർഗ്ഗരാജ്യം നമ്മളെ പഠിപ്പിക്കുന്ന പ്രധാന ഗുണപാഠം എന്നത് നമ്മടെ കുടുംബമാണ് ഏറ്റവും വലിയ സ്വർഗ്ഗം എന്നാണ്. വിനീത് ശ്രീനിവാസന്റെ സുഹൃത്ത് ഗ്രിഗറിയുടെ ജീവിതത്തിലുണ്ടായ യഥാർത്ഥ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ സിനിമയിലൂടെ വിനീത് അവതരിപ്പിക്കുന്നത്‌.

പ്രമേയം: ⭐⭐⭐
നമ്മടെ മാതാപിതാക്കളും സഹോദരങ്ങളും മറ്റു ബന്ധുക്കളും അടങ്ങുന്ന കുടുംബത്തിൽ വലിയൊരു പ്രശ്നം സംഭവിക്കുകയും അതിൽ ആ കുടുംബം മുഴുവൻ വേദനിക്കുകയും ആ പ്രശ്നത്തിൽ നിന്ന് രക്ഷപെടുവാനുള്ള വഴിമുട്ടി നിൽക്കുകയും  ചെയ്യുമ്പോഴാണ് നമ്മടെ കുടുംബം എത്രത്തോളം വിലപെട്ടതാണെന്നു നമ്മൾ തിരിച്ചറിയുന്നത്‌. സാമ്പത്തിക മാന്ദ്യം ബാധിച്ച കാലഘട്ടത്തിൽ ഗ്രിഗറിയും കുടുംബവും അനുഭവിച്ച ദുരിതങ്ങളും ചെറുത്തുനിൽപ്പുമാണ് ഈ സിനിമയുടെ പ്രമേയവും കഥയും.

തിരക്കഥ: ⭐⭐⭐⭐
വിനീത് ശ്രീനിവാസന്റെ സുഹൃത്തിന്റെ ജീവിത കഥ സിനിമയാക്കുവാനും അതിലൂടെ നല്ലൊരു തിരിച്ചറിവ് പ്രേക്ഷകർക്ക്‌ നൽകുകയും ചെയ്തതാണ്‌ ഈ സിനിമയുടെ വിജയം. സിനിമയുടെ ആരംഭം ജേക്കബിന്റെ കുടുംബത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും തമാശകളും രസകരമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അവതരിപ്പിച്ചു. ജീവിതത്തെ കുറിച്ചുള്ള ചില കാഴ്ചപ്പാടുകൾ അച്ഛനും മക്കളും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ അവതരിപ്പിച്ച രംഗങ്ങൾ മികവുറ്റതായിരുന്നു. സിനിമയുടെ കഥ മറ്റൊരു ദിശയിലേക്കു സഞ്ചരിക്കുമ്പോൾ ജേക്കബിന്റെ കുടുംബം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ വിശ്വസനീയതയോടെ കൃത്രിമത്വം തോന്നിപ്പിക്കാത്ത സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വിനീത് അവതരിപ്പിച്ചു. ഈ സിനിമയിലെ പല സന്ദർഭങ്ങളും പല കുടുംബങ്ങളിലും നടന്നിട്ടുണ്ടാകും എന്നുറപ്പ്. അത്രയ്ക്ക് വിശ്വസനീയതയോടെ എഴുതിയിരിക്കുന്ന തിരക്കഥയാണ് ഈ സിനിമയുടെത്‌. വിനീത് ശ്രീനിവാസന് അഭിനന്ദനങ്ങൾ!

സംവിധാനം: ⭐⭐⭐
മലയാള സിനിമ പ്രേമികൾ എന്നും നെഞ്ചോടു ചേർത്തുപിടിച്ച സിനിമകളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ കാണപെടുന്നത്  കുടുംബകഥകൾ ഉള്ള സിനിമകളായിരിക്കും. അതിനു കാരണം മലയാളികൾ അവരുടെ കുടുംബത്തിനു നൽകുന്ന പ്രാധാന്യമാണ്. അതിഭാവുകത്വമില്ലാത്ത സന്ദർഭങ്ങളിലൂടെയുള്ള അവതരണ രീതിയും, മനസ്സിനെ തൊടുന്ന സംഭാഷണങ്ങളും, സാങ്കേതിക മികവോടെയുള്ള ദ്രിശ്യങ്ങളും, മികച്ച അഭിനേതാക്കളുടെ പ്രകടനവും നല്ലൊരു സിനിമയുടെ വിജയ ഘടകങ്ങളാണ്. മേൽപറഞ്ഞവയെല്ലാം ഒന്നിച്ചു കൊണ്ടുവരുവാൻ വിനീതിന് സാധിച്ചു എന്നതാണ് സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വിജയം.

സാങ്കേതികം: ⭐⭐⭐⭐
സംവിധായകന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ചായഗ്രാഹകരിൽ പ്രധാനിയാണ്‌ ജോമോൻ ടി. ജോൺ. റിയലസ്റ്റിക്കായ രീതിയിലാണ് ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ സിനിമയുടെ കഥയോടും കഥാപാത്രങ്ങളോടും വളരെയധികം ചേർന്ന് നിൽക്കുന്ന രീതിയിലാണ് പാട്ടുകളുടെ ചിത്രീകരണവും. ഷാൻ റഹ്മാൻ ഈണമിട്ട പാട്ടുകൾ ഇമ്പമുള്ളതായിരുന്നു. ശിശിരകാലം എന്ന പാട്ടാണ് ഏറ്റവും മികച്ചതായി തോന്നിയത്. പാട്ടുകൾ പോലെ തന്നെ മികച്ചതായിരുന്നു പശ്ചാത്തല സംഗീതവും. ഓരോ രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞത് ഷാൻ റഹ്മാന്റെ സംഗീതം ഒന്നുകൊണ്ടു മാത്രമാണ്. ജോമോൻ പകർത്തിയ ദ്രിശ്യങ്ങൾ കൃത്യതയോടെ വലിച്ചുനീട്ടാതെ കോർത്തിണക്കിയത് രഞ്ജൻ എബ്രഹാമാണ്. ഹസ്സൻ വണ്ടൂരിന്റെ മേക്കപ്പും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് അനിയോജ്യമായിരുന്നു. ജയശ്രീയാണ് കലാസംവിധാനം. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐⭐
ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ ഉത്തരവാദിത്വം  ഏറ്റെടുക്കേണ്ടി വരുന്ന ജെറി എന്ന കഥാപാത്രത്തെ പക്വതയോടെ  അവതരിപ്പിക്കുവാൻ നിവിൻ പോളിയ്ക്ക് സാധിച്ചു. ജേക്കബ്‌ ആയി അഭിനയിച്ച രൺജി പണിക്കർ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നായിരിക്കും ഈ സിനിമയിലേത്. ചക്കരമുത്ത് എന്ന ലോഹിതദാസ് സിനിമയിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി രാമകൃഷ്ണൻ അത്യുഗ്രൻ അഭിനയമാണ് കാഴ്ചവെച്ചത്. ന്യു ജനറേഷൻ സന്തതി എന്ന ലേബലിൽ അറിയപെട്ടിരുന്ന ശ്രീനാഥ് ഭാസി വ്യതസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഈ സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അശ്വിൻ കുമാർ എന്ന പുതുമുഖമാണ്. മറ്റു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ച രണ്ടുപേരാണ് സായികുമാറും ടി.ജി.രവിയും. ചെറിയ ഒരു വേഷത്തിൽ വിനീത് ശ്രീനിവാസനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ദിനേശ് പ്രഭാകർ, മാസ്റ്റർ സ്റ്റെസിൻ, ഐമ റോസ്മി സെബാസ്റ്റിൻ, ഷേബ എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: ഈ സ്വർഗ്ഗരാജ്യം കേരളക്കരയിലെ കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു!

രചന, സംവിധാനം: വിനീത് ശ്രീനിവാസൻ
നിർമ്മാണം: നോബിൾ ബാബു തോമസ്‌
ചായാഗ്രഹണം: ജോമോൻ ടി.ജോൺ
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
സംഗീതം: ഷാൻ റഹ്മാൻ
മേക്കപ്പ്: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
കലാസംവിധാനം: ജയശ്രീ
വിതരണം: എൽ.ജെ.ഫിലിംസ്.