കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ – ⭐⭐

പ്രചോദന പൗലോ ഇഴയുന്ന കൊയ്‌ലോ – ⭐⭐

“എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാൻ പ്രപഞ്ചം മുഴുവൻ സഹായത്തിനെത്തും”- പൗലോ കൊയ്‌ലോ, നോവലിസ്റ്റ്, ബ്രസീൽ.

വിശ്വപ്രസിദ്ധ നോവലിസ്റ്റും ഗാന രചയിതാവുമായ പൗലോ കൊയ്‌ലോയുടെ സിദ്ധാന്തമാണ് ഉദയ പിക്ചേഴ്സിന്റെ തിരിച്ചുവരവിന് കാരണമായ സിനിമ കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയുടെ പ്രമേയം. ദേശീയ പുരസ്‌കാര ജേതാവും നടനുമായ സിദ്ധാർത്ഥ് ശിവയാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ബാനറുകളിൽ ഒന്നായ ഉദയ പിക്ചേഴ്സിന്റെ പുതിയ സാരഥി കുഞ്ചാക്കോ ബോബനാണ് ഈ സിനിമയുടെ നിർമ്മാതാവ്.

പ്രമേയം: ⭐⭐⭐
സ്വപ്നം കാണണമെന്നും അത് യാഥാർഥ്യമാക്കാൻ പ്രയത്നിക്കണമെന്നും പ്രമേയമാക്കിയിട്ടുള്ള ഒട്ടനവധി സിനിമകൾ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരാൾ ഒന്നിനെ തീവ്രമായി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് സഫലീകരിക്കുവാൻ പ്രപഞ്ചം മുഴുവൻ സഹായത്തിനെത്തും എന്ന ഈ സിനിമയുടെ പ്രമേയവും ഇന്ത്യയിലെ പല ഭാഷകളിലെ സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതാണ്. മേല്പറഞ്ഞ പ്രമേയം കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയുടെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സിദ്ധാർത്ഥ ശിവ. അയ്യപ്പ ദാസ്‌ എന്ന 10 വയസ്സുകാരന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ അജയകുമാർ എന്നയാൾ നടത്തുന്ന പരിശ്രമമാണ് കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയുടെ കഥ.

തിരക്കഥ: ⭐
നൂറ്റിയൊന്ന് ചോദ്യങ്ങൾ, ഐൻ എന്നീ സിനിമകൾക്ക്‌ ശേഷം സിദ്ധാർത്ഥ ശിവ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രജോദനമാകുന്ന ഒരു പ്രമേയത്തെ പരിചിതമായ കഥാന്തരീക്ഷത്തിലൂടെ പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളിലൂടെ ഉപദേശങ്ങളുള്ള സംഭാഷണങ്ങളിലൂടെ തിരക്കഥയിലാക്കിയിരിക്കുന്നു. സിനിമയുടെ ആദ്യപകുതി പറയുന്നത് അജയകുമാർ എന്ന കൊചൗവ്വയുടെയും അയ്യപ്പദാസ് എന്ന അപ്പുവിന്റെയും ജീവിതത്തിലെ ചുറ്റുപാടുകളും അവരുടെ ദിനചര്യകളും സ്വപ്നങ്ങളും മറ്റുമാണ്. അപ്പുവിന്റെ സ്വപ്നം കൊചൗവ്വ തിരിച്ചറിയുകയും അതിനു വേണ്ടി പരിശ്രമിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നിത്തടതാണ് ആദ്യ പകുതി അവസാനിക്കുന്നത്. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാൻ വേണ്ടിയാണോ കഥയിലെ ഓരോ പ്രധാനപെട്ട രംഗങ്ങളും വിശദീകരിച്ചു തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നുന്നു. പൗലോ കൊയ്‌ലോയുടെ സിദ്ധാന്തം ഇടയ്ക്കിടെ പറഞ്ഞു പറഞ്ഞു പോകുന്നതും കുട്ടികളുടെ മനസ്സിൽ അവ ആഴത്തിൽ പതിയാനാണെന്നു കരുതാം. അത്തരത്തിലുള്ള തിരക്കഥ രചന ശൈലി മുതിർന്നവർക്ക് ആസ്വാദ്യകരമായിരുന്നില്ല. ഓരോ ചെറിയ വസ്തുതകൾ പോലും പലതവണ കഥാസന്ദർഭങ്ങളാകുന്നു എന്നിടത്താണ് ഈ തിരക്കഥ പരാജയപ്പെടുന്നത്. ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് സ്പൂൺ ഫീഡിംഗ് രീതിയിലുള്ള കഥ വിവരണ ശൈലി ആവശ്യമുണ്ടായിരുന്നോ എന്ന് സിദ്ധാർത്ഥ ശിവ ചിന്തിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, മികച്ചൊരു പ്രമേയം സിനിമയാക്കുവാൻ അദ്ദേഹം കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ!

സംവിധാനം: ⭐⭐
സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ ആദ്യ രണ്ടു സിനിമകളും ഒരു വിഭാഗം പ്രേക്ഷകരെ മാത്രം ലക്ഷ്യംവെച്ചാണ് പ്രദർശനശാലകളിൽ എത്തിയത്. അവയൊന്നും സാമ്പത്തിക ലാഭം നേടിയ സിനിമകളല്ല. കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമ തികച്ചും ഒരു എന്റർറ്റെയിനർ എന്ന നിലയിലാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ആദ്യാവസാനം ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ഒട്ടുമിക്ക രംഗങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ നാല് പാട്ടുകളിലൂടെയാണ് കഥ വികസിക്കുന്നത്. ഇവയൊക്കെ പ്രേക്ഷകരെ രസിപ്പിക്കുന്നതിലൂടെ കഥ പറഞ്ഞുപോവുക എന്ന ഉദ്ദേശത്തോടെയാണ് സിനിമയിൽ ഉൾപ്പെടുത്തിയത്. മേല്പറഞ്ഞ കഥാസന്ദർഭങ്ങൾ ഓരോന്നും പ്രവചിക്കാനാവുന്നതും മുമ്പ് കണ്ടിട്ടുള്ളതുമാണെങ്കിലും അവയൊന്നും പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല. അതിനു കാരണം സിദ്ധാർത്ഥ ശിവയുടെ സംവിധാന രീതിയാണ്. എന്നിരുന്നാലും ഒരു കൊച്ചു കഥയെ വലിച്ചുനീട്ടി രണ്ടരമണിക്കൂർ ദൈർഘ്യത്തിൽ അവതരിപ്പിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല. ഹാസ്യത്തിന് വേണ്ടി കെട്ടിച്ചമച്ച കുറെ കഥാപാത്രങ്ങളും രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തില്ല. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത ആദ്യ രണ്ടു സിനിമകളെ അപേക്ഷിച്ച് ഒരല്പം നിരാശപ്പെടുത്തുന്ന ഒന്നാണ് ഈ സിനിമ.

സാങ്കേതികം: ⭐⭐⭐
അടിമാലിയും പരിസര പ്രദേശങ്ങളും മനോഹരമായി ഒപ്പിയെടുത്ത് കണ്ണിനു കുളിർമയുള്ള വിരുന്നൊരുക്കിയ നീൽ ഡി കൂഞ്ഞ പ്രശംസ അർഹിക്കുന്നു. ഓരോ ഫ്രേയിമും ഇതുവരെ കാണാത്ത ഇടുക്കിയെ കാണിച്ചുതന്നു. നീലക്കണ്ണുള്ള മാനെ എന്ന് തുടങ്ങുന്ന പാട്ടിന്റെ ദൃശ്യങ്ങളും മികവുറ്റതായിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട പാട്ടുകളിൽ നീലക്കണ്ണുള്ള മാനെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു. സൂരജ് എസ്.കുറുപ്പ് ഈണമിട്ട പാട്ടുകളും ഈ സിനിമയിലുണ്ട്. ബിജിബാലിന്റെ വകയാണ് പശ്ചാത്തല സംഗീതം. പ്രത്യേകിച്ചു പുതുമകളൊന്നുമില്ലാതെ രംഗങ്ങളോട് ഇഴുകിച്ചേർന്നു നിൽക്കുന്നു. ഹസ്സൻ വണ്ടൂരിന്റെ ചമയം മികവു പുലർത്തി. അയ്യപ്പ ദാസിന് ചിക്കൻ പോക്സ് പിടിപെട്ടു മുഖത്തും ദേഹത്തും പാടുകൾ വന്നതൊക്കെ വിശ്വസനീയമായിരുന്നു. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം.

അഭിനയം: ⭐⭐⭐
നടൻ സുധീഷിന്റെ മകൻ രുദ്രാക്ഷ് ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ അയ്യപ്പ ദാസിനെ അവതരിപ്പിച്ചത്. കൊചൗവ്വയായി കുഞ്ചാക്കോ ബോബനും ടൈറ്റിൽ റോളിൽ അഭിനയിച്ചിരിക്കുന്നു. അയ്യപ്പദാസ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അഭിനയിച്ചു കയ്യടി നേടുവാൻ രുദ്രാക്ഷിനു സാധിച്ചു. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ആ കൊച്ചുമിടുക്കനു ലഭിക്കുമെന്ന് ഉറപ്പാണ്. കുഞ്ചാക്കോ ബോബൻ തനതായ ശൈലിയിൽ കൊചൗവ്വയായി അഭിനയിച്ചു. ഇവരെ കൂടാതെ മുകേഷ്, നെടുമുടി വേണു, അജു വർഗീസ്‌, സുരാജ് വെഞ്ഞാറമൂട്, മണിയൻപിള്ള രാജു, സുധീഷ്, മുസ്തഫ, ഇർഷാദ്, മിഥുൻ രമേശ്‌, അനുശ്രീ നായർ, കെ.പി.എ.സി.ലളിത, മുത്തുമണി എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: ആദ്യാവസാനം പ്രജോദനമാകുന്ന രംഗങ്ങളുടെ അകമ്പടിയോടെ പതിഞ്ഞ താളത്തിൽ ഇഴയുന്ന കുട്ടികളുടെ സിനിമ!

രചന, സംവിധാനം: സിദ്ധാർത്ഥ ശിവ
നിർമ്മാണം: കുഞ്ചാക്കോ ബോബൻ
ബാനർ: ഉദയ പിക്ചേഴ്സ്
ചായാഗ്രഹണം: നീൽ ഡി കൂഞ്ഞ
ചിത്രസന്നിവേശം: വിനീബ് കൃഷ്ണൻ
സംഗീതം: ഷാൻ റഹ്മാൻ, സൂരജ് എസ്.കുറുപ്പ്
കലാസംവിധാനം: ജ്യോതിഷ് ശങ്കർ
ചമയം: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഉദയ ത്രു ആർ.ജെ. റിലീസ്.