കിംഗ്‌ ലയർ – ⭐⭐

image

നുണകളുടെ ‘രാജാവ് നഗ്നനാണ്’ – ⭐⭐

“കുറച്ചു ആളുകളെ എപ്പോഴും പറ്റിക്കാം, കുറെ ആളുകളെ കുറച്ചു സമയവും പറ്റിക്കാം, പക്ഷെ എല്ലാ ആളുകളെയും മുഴുവൻ സമയവും പറ്റിക്കാനവില്ല”എന്ന എബ്രഹാം ലിങ്കൺ  വാചകം ഓർക്കുന്നു.

ജനപ്രിയ നായകൻ ദിലീപും ജനപ്രിയ സംവിധായകർ സിദ്ദിക്ക് ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമ കിംഗ്‌ ലയറിലൂടെ പെരും നുണയനായ സത്യ നാരായണന്റെ കഥ പറയുന്നു.

ജീവിക്കാൻ വേണ്ടി കൊച്ചു നുണകളൊക്കെ പറഞ്ഞു കഴിയുന്ന സത്യനാരയണന്റെ പ്രധാന തൊഴിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കികൊടുക്കുക എന്നതാണ്. സത്യനാരായണൻ സ്നേഹിക്കുന്ന അഞ്ജലിയുടെ മുമ്പിൽ താൻ നരേൻ എന്ന കോടീശ്വരനായ ബിസിനെസ്സുകാരനാണെന്ന നുണ പറയുന്നു. ആ നുണയിൽ തുടങ്ങി പിന്നീട് ഒരുപാട് നുണകൾ പറയുന്ന സത്യനാരായണൻ അഞ്ജലിയുടെ സ്നേഹം പിടിച്ചുപറ്റുന്നു. ആ നുണകൾ പൊളിയാതിരിക്കാനും അഞ്ജലിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുവാനും ആനന്ദ് വർമ്മ എന്ന ഫാഷൻ ഡിസയ്നറിനെ പരിച്ചയമുണ്ടെന്നും നുണ പറയുന്നു. അങ്ങനെ യഥാർത്ഥ ആനന്ദ് വർമ്മ സത്യനാരയണന്റെ മുമ്പിലെത്തുന്നു. തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

പ്രമേയം: ⭐⭐
ഒരു നുണ പറഞ്ഞാൽ പിന്നെ ഒൻപത് നുണകൾ പറയേണ്ടി വരുമെന്ന പഴംചൊല്ല് അറിയാത്തവരായി ആരുമുണ്ടാകില്ല. നുണ മാത്രം പറഞ്ഞു ശീലിച്ച ഒരു വ്യക്തി പിന്നീട് നുണ പറയുന്നത് തൊഴിലിന്റെ ഭാഗമാക്കുന്നു, കാമുകിയെ സ്വന്തമാക്കാൻ ഉപയോഗിക്കുന്നു, ഒടുവിൽ നുണ പറഞ്ഞത് നിലനിർത്തുവാൻ വേണ്ടി വലിയൊരു ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നു. ഇതാണ് ഈ സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐⭐
മലയാള സിനിമയിൽ 80കളുടെ അവസാനം ഹാസ്യത്തിന് പുതിയൊരു മാനം നൽകിയ എഴുത്തുകാരും സംവിധായകരുമായിരുന്നു സിദ്ദിക്കും ലാലും. ഓരോ രംഗങ്ങളിലും സംഭാഷണങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു ഘടകം ഉണ്ടായിരിക്കും. അതുകൊണ്ട് ഈ കൂട്ടുകെട്ടിന്റെ തൂലികയിൽ പിറന്ന സിനിമയ്ക്ക് വാനോളമായിരുന്നു പ്രതീക്ഷയും. ആ പ്രതീക്ഷളെ തകിടം മറിച്ചുകൊണ്ട് നിരാശപെടുത്തുന്ന കഥാസന്ദർഭങ്ങളും കേട്ട് പഴകിയ തമാശകളും അസഭ്യങ്ങളും സമന്വയിപ്പിച്ചതാണ് ഈ സിനിമയുടെ തിരക്കഥ. 1983, പാവാട തുടങ്ങിയ സിനിമകള്ക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയ ബിപിൻ ചന്ദ്രനാണ് ഈ സിനിമയുടെ സംഭാഷണങ്ങൾ എഴുതിയത്. ഒട്ടും നിലവാരമില്ലാത്ത ചിരി വരാത്ത സംഭാഷണങ്ങൾ മാത്രമാണ് ഈ സിനിമയിലുള്ളത്. ഒരു ഹാസ്യ സിനിമയ്ക്ക് യുക്തിയുടെ ആവശ്യകതയില്ല എന്ന ന്യായം പറയുന്ന ഇന്നത്തെ തലമുറയിലെ സിനിമാക്കാർ എന്തുകൊണ്ടാണ് പഴയ മലയാള സിനിമകളിൽ യുക്തിയെ ചോദ്യം ചെയ്യാത്ത ഹാസ്യം മിടുക്കരായ എഴുത്തുകാർ എഴുതിയിട്ടുണ്ട് എന്ന് ഓർക്കാത്തത്. ഇത്രെയും മോശമായ ഹാസ്യ രംഗങ്ങളുള്ള ഈ സിനിമ സിദ്ദിക്ക് ലാൽ സിനിമയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

സംവിധാനം: ⭐⭐
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ലാൽ സംവിധാനം നിർവഹിച്ച കിംഗ്‌ ലയർ ശരാശരി നിലവാരത്തിൽ പോലും ഉൾപെടുത്താൻ സാധിക്കുന്നില്ല. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദർഭങ്ങളെ അതേപടി ചിത്രീകരിച്ചു എന്നതല്ലാതെ സംവിധായകൻ ഒന്നും ചെയ്തിട്ടില്ല. 2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ പ്രേക്ഷകരെ മുഷിപ്പിച്ചു. ആൽബിയുടെ ചായഗ്രഹണവും ദിലീപിന്റെ അഭിനയവും ഈ സിനിമയുടെ വിജയത്തിന് കാരണമാകുന്നു.

സാങ്കേതികം: ⭐⭐⭐
മേല്പറഞ്ഞത് പോലെ ഈ സിനിമയുടെ വിജയ ഘടകങ്ങളിൽ ഒന്ന് ആൽബിയുടെ മനോഹരമായ വിഷ്വൽസാണ്. ഓരോ രംഗങ്ങളും കളർഫുൾ രീതിയിൽ ചിത്രീകരിച്ചത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പാട്ടുകളുടെ ചിത്രീകരണവും ഫാഷൻ ഷോ മത്സരവും മികവുറ്റ ഫ്രെയിമുകളായിരുന്നു. ആദ്യപകുതിയിലും രണ്ടാമത്തെ പകുതിയിലും ഒട്ടുമിക്ക രംഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന രീതിയിൽ തോന്നിയത്‌  രംഗങ്ങൾ കോർത്തിണക്കിയതിന്റെ പിഴവുകൾ മൂലമാണ്. രതീഷ്‌ രാജന് സന്നിവേശം നിർവഹിച്ചത്. വയലാർ ശരത് എഴുതി അലക്സ് പോൾ ഈണമിട്ട പെരുംനുണ പുഴ എന്ന് തുടങ്ങുന്ന ഒരേയൊരു പാട്ട് മാത്രമാണ് ഈ സിനിമയിലുള്ളത്. കേട്ടപാടെ മറന്നുപോകുന്ന രീതിയിൽ ചിട്ടപെടുത്തിയ ഒരു പാട്ട്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം പ്രത്യേകിച്ച് പുതുമകൾ ഒന്നും തന്നെ നൽകാതെ സിനിമയുടെ കൂടെ ചേർന്ന് നിൽക്കുന്നു. റോഷൻ ജി. യുടെ മേയ്ക്കപ്പ് പല രംഗങ്ങളിലും അമിതമായി അനുഭവപെട്ടു. പ്രശാന്ത് മാധവ് ഒരുക്കിയ സെറ്റുകൾ മികവുറ്റതായിരുന്നു.

അഭിനയം: ⭐⭐⭐
കുട്ടികളെയും കുടുംബങ്ങളെയും കയ്യിലെടുക്കാനുള്ള ദിലീപിന്റെ അസാമാന്യ കഴിവ് ഈ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. സിനിമയുടെ കഥയോ തിരക്കഥയോ സംവിധാനമോ മോശമാണെങ്കിലും ദിലീപിന് ലഭിച്ച നായക കഥാപാത്രത്തെ  എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുവാനുള്ള കഴിവ് പ്രശസനീയമാണ്. തനിക്കു ലഭിച്ച വേഷം മോശമാക്കാതെ അവതരിപ്പിക്കുവാൻ ബാലു വർഗീസിനും കഴിഞ്ഞിട്ടുണ്ട്. പ്രേമപനി കേരളത്തിൽ പടർത്തിയ നായികമാരിൽ ഒരാളായ മഡോണയാണ് ഈ സിനിമയിലെ നായിക. ക്ലൈമാക്സ് രംഗങ്ങളിൽ മികച്ച അഭിനയം കാഴ്ചവെക്കുവാൻ മഡോണയ്ക്ക് സാധിച്ചു. ലാലും ഹരീഷും ആശ ശരത്തും ജോയ് മാത്യുവും അവരവരുടെ വേഷങ്ങളിൽ തിളങ്ങി. ഇവരെ കൂടാതെ ശിവജി ഗുരുവായൂർ, ജോർജ്, ചാലി പാല, അമിത് ചക്കാലക്കൽ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബിപിൻ ചന്ദ്രൻ എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: ജനപ്രിയ നായകൻറെ ആരാധകരെ മാത്രം രസിപ്പിക്കുന്ന സിനിമ!

സംവിധാനം: ലാൽ
കഥ: സിദ്ദിക്ക്
തിരക്കഥ: സിദ്ദിക്ക് ലാൽ
സംഭാഷണം: ബിപിൻ ചന്ദ്രൻ
നിർമ്മാണം: അവുസേപ്പച്ചൻ
ചായാഗ്രഹണം: ആൽബി
ചിത്രസന്നിവേശം: രതീഷ്‌ രാജ്
സംഗീതം: അലക്സ് പോൾ
പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
ഗാനരചന: വയലാർ ശരത് ചന്ദ്ര വർമ്മ
മേയ്ക്കപ്പ്: റോഷൻ ജി.
വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ
ശബ്ദമിശ്രണം: വിനോദ് പി.ശിവറാം
വിതരണം: ഗ്രാൻഡ്‌ റിലീസ്.