അച്ഛായൻസ് – ⭐


അറുബോറൻ അച്ഛായന്മാർ – ⭐

അറുബോറൻ കാഴ്ച്ചകളിലൂടെ വികസിക്കുന്നതും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതുമായ സിനിമയാണ് അച്ഛായൻസ്. അവർത്തനവിരസമാണെങ്കിലും ഒരു മസാല സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം കൃത്യമായി ചേർക്കപ്പെട്ട തിരക്കഥയുടെ മുഷിപ്പിക്കുന്ന അവതരണമാണ് സംവിധായകൻ കണ്ണൻ താമരക്കുളം സ്വീകരിച്ചത്. ജയറാമിന്റെ സീനിയേഴ്സ് എന്ന സിനിമയുടെ ചുവടുപിടിച്ചു മുൻപോട്ടു നീങ്ങുന്ന കഥാഗതിയാണ് അച്ഛായൻസിലും കാണാൻ കഴിയുന്നത്. സേതുവാണ്‌ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്.

ഡി.എൻ.വി.പി. ക്രിയേഷൻസിനു വേണ്ടി സി.കെ.പത്മകുമാർ നിർമ്മിച്ച അച്ഛായൻസ് വിതരണം ചെയ്തിരിക്കുന്നത് രജപുത്ര ഫിലിംസാണ്. പ്രദീപ് നായർ ഛായാഗ്രഹണവും, രജിത് കെ.ആർ. സന്നിവേശവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും, അൻപ് അറിവ് സംഘട്ടനങ്ങളും, സഹസ് ബാല കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
ജീവിതം ആഘോഷമാക്കി നടക്കുന്ന മൂന്ന് സഹോദരങ്ങളും അവരുടെ സുഹൃത്തും ഒരു പ്രത്യേക സാഹചര്യത്തിൽ ദൂരയാത്ര പോകുന്നു. ആ യാത്രക്കിടയിൽ അച്ഛായൻസ് സംഘം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. സേതു എഴുതിയ ഈ സിനിമയുടെ കഥയിൽ തമാശകൾ, സസ്പെൻസ്, ട്വിസ്റ്റ്, യാത്ര തുടങ്ങിയ ചേരുവകളെല്ലാം കൃത്യമായി ചേർത്തിട്ടുണ്ട്. സീനിയേഴ്‌സിന്റെ കഥാഗതി അതേപടി സ്വീകരിച്ചു അവസാന നിമിഷംവരെ സസ്പെൻസ് നിലനിർത്തിയ കഥയാണ് അച്ഛായൻസിന്റേതും. സസ്പെൻസിനു വേണ്ടി എഴുതിയുണ്ടാക്കിയ സസ്പെൻസും കഥയിലെ പ്രവചിക്കാനാവുന്ന വഴിത്തിരുവകളും കുട്ടികൾക്ക് വരെ ഊഹിക്കാവുന്നതാണ്.

തിരക്കഥ: ⭐
പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളും ദ്വയാർത്ഥ പ്രയോഗമുള്ള സംഭാഷണങ്ങളും ഊഹിക്കാനാവുന്ന സസ്‌പെൻസും മലമുകളിലേക്കുള്ള യാത്രകളും ചിരിവരാത്ത വളിപ്പുകളും കൃത്യമായി തുന്നിച്ചേർത്ത തിരക്കഥയാണ് ഈ സിനിമയുടേത്‌. ഇന്നത്തെ കാലഘട്ടത്തിലെ തട്ടുപൊളിപ്പൻ സിനിമകളിൽ അഭിവാജ്യഘടകമായിരിക്കുന്ന ഒന്നാണ് വെള്ളമടി രംഗങ്ങൾ. അത് ആവശ്യത്തിനും അനാവശ്യത്തിനും കഥാസന്ദർഭങ്ങളിൽ വന്നുപോകുന്നുണ്ട്. ആഘോഷങ്ങൾക്ക് വേണ്ടിയുള്ള അസഭ്യ തമാശകളും, വെള്ളമടിയും, പാട്ടുകളും, ഡാൻസുകളും, യാത്രകളും അങ്ങനെ ഒരു അന്തവും കുന്തവുമില്ലാതെ പോകുന്ന ആദ്യപകുതി. പ്രശ്നങ്ങൾക്ക് നടുവിൽ ചെന്നെത്തുന്ന നാൽവർ സംഘവും അവരെ ചുറ്റിപറ്റി നടക്കുന്ന കുറെ പ്രശ്നങ്ങളും, നിജസ്ഥിതി അറിയുവാനായി നെട്ടോട്ടമോടുന്ന പോലീസും നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന അച്ഛായൻസും. ഒടുവിൽ സത്യം തെളിയിക്കുകയും കുറ്റവാളിയെ കണ്ടെത്തുന്ന രംഗങ്ങളുള്ള രണ്ടാംപകുതിയും. സീനിയേഴ്സ് സിനിമയുടെ തിരക്കഥ മറ്റൊരു രീതിയിലാക്കി നിർമ്മതിവിനെയും അഭിനേതാക്കളെയും പറ്റിക്കാം. പക്ഷെ, പ്രേക്ഷകരെ മണ്ടന്മാരാക്കാൻ സാധിക്കുകയില്ല എന്ന് സേതു മനസിലാക്കിയാൽ നന്ന്!

സംവിധാനം: ⭐
തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ സിനിമകൾക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം നിർവഹിച്ച അച്ഛായൻസ് സംവിധായകന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമാണ്. എല്ലാത്തരം സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ അത് പൂർണ പരാജയമായി. കണ്ടുമടുത്ത പഴഞ്ചൻ അവതരണ ശൈലിയാണ് സിനിമയിലുടനീളം കാണാൻ കഴിഞ്ഞത്. അതിനു മാറ്റുക്കൂട്ടുവാൻ രജിത്തിന്റെ സന്നിവേശവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന് പിഴവുപറ്റി. പ്രകാശ് രാജിനെ പോലെ കഴിവുള്ള ഒരു നടനെ ലഭിച്ചിട്ടും അത് പൂർണമായി ഉപയോഗപ്പെടുത്തുവാൻ കണ്ണൻ താമരക്കുളത്തിനു സാധിച്ചില്ല. സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയും സസ്പെൻസിനു വേണ്ടി കണ്ടെത്തിയ വിഷയവും യാതൊരു പുതുമയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നില്ല. കളർഫുൾ പോസ്റ്ററുകൾ ഒരു വിപണനതന്ത്രം മാത്രമായിരുന്നു എന്ന് പ്രേക്ഷകർ തിരിച്ചറിയുന്ന ഒരു കാലം വിദൂരമല്ല. ഇനിയുള്ള ഒരുമാസക്കാലം വമ്പൻ സിനിമകളൊന്നും പ്രദർശനത്തിന് വരുന്നില്ല എന്നത് ഈ സിനിമയ്ക്ക് ഗുണകരമാകാൻ സാധ്യതയുണ്ട് എന്ന് കരുതി ജയറാമിനും കണ്ണൻ താമരക്കുളത്തിനും സി.കെ.പത്മകുമാറിനും രജപുത്ര രഞ്ജിത്തിനും ആശ്വസിക്കാം.

സാങ്കേതികം: ⭐⭐
കളർഫുൾ വിഷ്വൽസിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പ്രദീപ് നായരുടെ ഛായാഗ്രഹണത്തിനു സാധിച്ചു. പാട്ടുകളുടെ ചിത്രീകരണമായാലും മൂന്നാറിലെ ദുരൂഹത നിറഞ്ഞ രംഗങ്ങളായാലും സംവിധായകന്റെ മനസ്സറിഞ്ഞു രംഗങ്ങൾ ചിത്രീകരിക്കുവാൻ പ്രദീപിന് സാധിച്ചു. രതീഷ് വേഗ ഈണമിട്ട അഞ്ചു പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനമൊഴികെ മറ്റൊന്നും നിലവാരം പുലർത്തിയില്ല. കൈതപ്രം, അനിൽ പനച്ചൂരാൻ, ഹരിനാരായണൻ എന്നിവരാണ് ഗാനരചന. സഹസ് ബാലയുടെ കലാസംവിധാനം കഥയോട് ചേർന്നുപോകുന്നവയായിരുന്നു. ഈ സിനിമയുടെ സന്നിവേശം തലവേദന മാത്രം സൃഷ്ടിച്ച ഒന്നായിരുന്നു. രജിത് കെ.ആർ. എന്ന പുതുമുഖമാണ് സന്നിവേശം നിർവഹിച്ചത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സമ്പൂർണ നിരാശയാണ് സമ്മാനിച്ചത്. തെലുങ്ക് സിനിമകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു പശ്ചാത്തല സംഗീതം. അൻപ് അറിവിന്റെ സംഘട്ടന രംഗങ്ങളും അന്യഭാഷാ സിനിമകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

അഭിനയം ⭐⭐⭐
ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, അമല പോൾ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം, അനു സിത്താര, ശിവദാ നായർ, സിദ്ദിഖ്, രമേശ് പിഷാരടി, പി.സി.ജോർജ്ജ്, ധർമ്മജൻ, സാജു നവോദയ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, ജയൻ ചേർത്തല, സോഹൻ സീനുലാൽ, കുമരകം രഘുനാഥ്, വിജയകൃഷ്ണൻ, കവിയൂർ പൊന്നമ്മ, പൊന്നമ്മ ബാബു, മായാ വിശ്വനാഥ്, തെസ്നി ഖാൻ, സുജ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. കാർത്തിക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം തനതായ അഭിനയ ശൈലികൊണ്ട് വ്യത്യസ്തമാക്കാൻ പ്രകാശ് രാജിന് സാധിച്ചു. ഈ സിനിമയിൽ ഒരല്പം ആശ്വാസമായതും പ്രകാശ് രാജിന്റെ സാന്നിധ്യം മാത്രമാണ്. റോയ് എന്ന കഥാപാത്രത്തെ ജയറാം സ്ഥിരം മാനറിസങ്ങൾ ഉപയോഗിച്ച് അവതരിപ്പിച്ചു. ചെറിയ വേഷമാണെങ്കിലും സിദ്ദിക്കും തന്റെ റോളിൽ തിളങ്ങി. അമല പോളിന് സമീപകാലത്തു ലഭിച്ച മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഈ സിനിമയിലേത്. തനിക്കാവുന്ന വിധം മോശമാക്കാതെ അമല ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ടോണി എന്ന മുഴുകുടിയന്റെ കഥാപാത്രം പോലും നന്നേ കഷ്ടപ്പെട്ട് അഭിനയിച്ചത് പോലെ തോന്നി. ആദിൽ ഇബ്രാഹിമും സഞ്ജു ശിവറാമും നിരാശപ്പെടുത്തിയില്ല. മാലിനിയായി രാമന്റെ ഏദൻതോട്ടത്തിൽ അഭിനയിച്ചത് അനു സിത്താരയായിരുന്നോ എന്ന് തോന്നിപ്പിക്കുന്ന അഭിനയമാണ് ഈ സിനിമയിൽ കണ്ടത്. മറ്റെല്ലാ നടീനടന്മാരും ഒട്ടും താല്പര്യമില്ലാത്ത രീതിയിലാണ് അഭിനയം കാഴ്ചവെച്ചത് എന്ന് തോന്നി.

വാൽക്കഷ്ണം: കേട്ടറിവിനേക്കാൾ വലുതാണ് അച്ഛായൻസ് എന്ന ദുരന്തം!

സംവിധാനം: കണ്ണൻ താമരക്കുളം
നിർമ്മാണം: സി.കെ.പത്മകുമാർ
ബാനർ: ഡി.എൻ.വി.പി. ക്രിയേഷൻസ്
രചന: സേതു
ഛായാഗ്രഹണം: പ്രദീപ് നായർ
ചിത്രസന്നിവേശം: രജിത് കെ.ആർ.
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
സംഗീതം: രതീഷ് വേഗ
ഗാനരചന: കൈതപ്രം, അനിൽ പനച്ചൂരാൻ, ഹരിനാരായണൻ
കലാസംവിധാനം: സഹസ് ബാല
വസ്ത്രാലങ്കാരം: അരുൺ മനോഹർ
ചമയം: സജി കാട്ടാക്കട
സംഘട്ടനം: അൻപ് അറിവ്
ശബ്ദസംവിധാനം: ജിജുമോൻ ടി. ബ്രൂസ്
വിതരണം: രജപുത്ര റിലീസ്.