രാമലീല – ⭐️⭐️⭐️

രാമലീല – ആസ്വാദ്യകരം ആവേശകരം! ⭐️⭐️⭐️

ജനപ്രിയ നായകൻ ജനപ്രിയ സിനിമയുമായി ജനഹൃദയങ്ങൾ കീഴടക്കുന്ന കാഴ്ച കാണുമ്പോൾ, മലയാളികൾ വ്യക്തികളോടൊപ്പമല്ല, നല്ല സിനിമയോടൊപ്പമാണെന്ന സത്യം ബോധ്യമാകും. കുട്ടികൾക്കും കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന തരക്കേടില്ലാത്തൊരു എന്റർറ്റെയിനറാണ് ദിലീപിന്റെ രാമലീല. യുക്തിയില്ലാത്ത കഥാസന്ദർഭങ്ങൾ എന്നൊരു പോരായ്മ മാറ്റിനിർത്തിയാൽ സമീപകാലത്തിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള മികച്ച കുറ്റാന്വേഷണ സിനിമ തന്നെയാണിത്. അരുൺ ഗോപിയുടെ സംവിധാന മികവും ദിലീപിന്റെ അഭിനയ മികവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മാറ്റുകൂട്ടിയിട്ടുണ്ട്.

പുലിമുരുകനു ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീല സംവിധാനം ചെയ്തത് നവാഗതനായ അരുൺ ഗോപിയാണ്. സച്ചിയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ സന്നിവേശവും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ദിലീപിനെ കൂടാതെ മലയാള സിനിമയിലെ ഒരു വമ്പൻ താരനിര തന്നെ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.

പ്രമേയം: ⭐⭐
രാഷ്ട്രീയ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒട്ടുമിക്ക സിനിമകളുടെയും പ്രമേയം ഒന്ന് തന്നെയാകും. നിലവിലുള്ള രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളൊക്കെയാകും അവയിൽ വിഷയമാകുന്നത്. രാമലീലയെ സംബന്ധിച്ചിടത്തോളം, ഇതൊരു പൂർണ രാഷ്ട്രീയ സിനിമയല്ല. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു പ്രതികാര കഥയും അതിനോടൊപ്പം ഒരു കുറ്റാന്വേഷണ കഥയുമാണ്. പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ആകാംഷയുളവാക്കുന്ന ഒരു കഥ രൂപപെടുത്തിയെടുക്കാൻ സച്ചിക്കു കഴിഞ്ഞിട്ടുണ്ട്.

തിരക്കഥ: ⭐⭐
പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ കൃത്യമായി മനസിലാക്കി തിരക്കഥ എഴുതുന്നവരിൽ പ്രാവിണ്യം നേടിയ എഴുത്തുകാരിൽ പ്രധാനിയാണ് സച്ചി. ചോക്കളേറ്റ് മുതൽ അനാർക്കലി വരെ അതിനുദാഹരണങ്ങളാണ്. ജോഷിയുടെ റൺ ബേബി റൺ പോലെയുള്ള ഒരു കഥയും തിരക്കഥയുമാണ് രാമലീലയുടേത്. എന്നാൽ, മേല്പറഞ്ഞ സച്ചിയുടെ തിരക്കഥകളിലെല്ലാം യുക്തിയെ ചോദ്യം ചെയ്യുന്ന ഒരു സന്ദർഭം പോലുമുണ്ടായിരുന്നില്ല. എന്നാൽ,രാമലീലയിൽ അത് വേണ്ടുവോളമുണ്ട്. കുറ്റാരോപിതനായ രാമനുണ്ണി കേസിലെ തനിക്കെതിരായ തെളിവുകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന രംഗങ്ങൾ അതിനുദാഹരണം. കേരളത്തിലെ പോലീസുകാർ രാമനുണ്ണി നിരത്തുന്ന തെളിവുകൾ വിശ്വസിച്ചു എന്നത് സച്ചിയെപ്പോലെയുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിച്ചില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന ഒന്ന് രണ്ടു സന്ദർഭങ്ങൾ മാറ്റിനിർത്തിയാൽ ഏവർക്കും ഇഷ്ടമാകുന്നതും ത്രസിപ്പിക്കുന്നതുമായ രംഗങ്ങളാണ് സിനിമയിലുടനീളം.ഇന്നത്തെ സാഹചര്യത്തിൽ അനുകൂലമായ ചില സംഭാഷണങ്ങളും മികവുറ്റതായിരുന്നു.

സംവിധാനം: ⭐⭐⭐
ജോഷിയുടെ പൊളിറ്റിക്കൽ സിനിമകളെ അനുസ്മരിപ്പിക്കുന്ന അവതരണമാണ് അരുൺ ഗോപി സ്വീകരിച്ചത്. സിനിമയുടെ ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളെ മികച്ച ഛായാഗ്രഹണത്തിന്റെയും സന്നിവേശത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ ത്രസിപ്പിക്കുന്ന രംഗങ്ങളും ക്‌ളൈമാക്‌സ് രംഗങ്ങളും കയ്യടക്കത്തോടെ അരുൺ ഗോപി സംവിധാനം നിർവഹിച്ചു.രണ്ടാം പകുതിയിലെ ഹാസ്യ രംഗങ്ങൾ സിനിമയുടെ ഗൗരവത്തിനു ദോഷകരമായി ബാധിച്ചിട്ടുണ്ട്. അതുപോലെ, കഥാഗതി നിർണ്ണയിക്കുന്ന സുപ്രധാന രണ്ടാം പകുതിയിലെ ഒരു രംഗവും യുക്തിയെ ചോദ്യംചെയ്യുന്ന രീതിയിലായത് പ്രേക്ഷകരിൽ മുഷിപ്പുളവാക്കിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ അരുൺ ഗോപിക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കും രാമലീല എന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐
ഷാജികുമാറിന്റെ ഛായാഗ്രഹണം രാമലീലയ്ക്കു ത്രില്ലർ പരിവേഷം നൽകുവാൻ സഹായിച്ചു. ഈ സിനിമയിലെ രംഗങ്ങളെല്ലാം തന്നെ രാഷ്ട്രീയ-കുറ്റാന്വേഷണ സിനിമയ്ക്ക് അനിയോജ്യമായ രീതിയിലായിരുന്നു ചിത്രീകരിച്ചിരിക്കുന്നത്. വിവേക് ഹർഷന്റെ സന്നിവേശവും രംഗങ്ങൾക്ക് അനിയോജ്യമായിരുന്നു. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും തന്നെ ആദ്യപകുതിയില്ല. എന്നാൽ, സിനിമയുടെ ഗൗരവം നഷ്ടപ്പെടുത്തുന്ന ചില ഹാസ്യ രംഗങ്ങൾ രണ്ടാം പകുതിയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. പ്രേക്ഷകരിൽ ആകാംഷയും ആവേശവും ഒരുപോലെ ജനിപ്പിക്കുവാൻ ഗോപി സുന്ദറിന് സാധിച്ചിട്ടുണ്ട്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട രണ്ടു പാട്ടുകളും ശരാശരിയിലൊതുങ്ങി. സുജിത് രാഘവന്റെ കലാസംവിധാനം സിനിമയ്ക്കുതകുന്നവയായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങളുടെ സ്വഭാവത്തിന് ഉതകുന്നവയായിരുന്നു.

അഭിനയം: ⭐⭐⭐
ദിലീപ്, കലാഭവൻ ഷാജോൺ, രാധിക ശരത്കുമാർ, സിദ്ദിഖ്, മുകേഷ്, വിജയരാഘവൻ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായികുമാർ, സലിം കുമാർ, സാദിഖ്, അനിൽ മുരളി, ഷാജു ശ്രീധർ, നിർമ്മാതാവ് സുരേഷ് കുമാർ, പ്രശാന്ത് അലക്‌സാണ്ടർ, അശോകൻ, ശ്രീജിത്ത് രവി, വിനോദ് കെടാമംഗലം, അമീർ നിയാസ്, ചാലി പാലാ, മജീദ്, പ്രയാഗ മാർട്ടിൻ, ലെന എന്നിവരാണ് രാമലീലയിലെ അഭിനേതാക്കൾ. രാമനുണ്ണിയായി തകർപ്പൻ അഭിനയം ദിലീപ് കാഴ്ചവെച്ചു. ആദ്യപകുതിയിൽ ഗൗരവമുള്ള ഭാവപ്രകടനവും രണ്ടാം പകുതിയിൽ കുശാഗ്രബുദ്ധിയുള്ള ഒരാളിനെ പോലെ പക്വതയാർന്ന അഭിനയവും കാഴ്ചവെച്ചു ദിലീപ് കയ്യടി നേടി. ഹാസ്യരസവാഹമായ സംഭാഷണങ്ങളിലൂടെ ഷാജോണും, കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി മുകേഷും, ഉദയഭാനു എന്ന രാഷ്ട്രീയക്കാരനായി സിദ്ദിക്കും, വില്ലൻ പരിവേഷമുള്ള സഖാവായി വിജയരാഘവനും അഭിനയ മികവ് പുലർത്തി. ഇവരെ കൂടാതെ ഈ സിനിമയിലുള്ള ഓരോ അഭിനേതാക്കളും ഊർജസ്വലമായ രീതിയിൽ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: രാമനുണ്ണിയുടെ ലീലകളിൽ യുക്തിയില്ലെങ്കിലിലും, ആസ്വാദ്യകരവും ആവേശകരവുമാകുന്ന അവതരണമാണ് രാമലീലയെ വ്യത്യസ്ഥമാക്കുന്നത്.

സംവിധാനം: അരുൺ ഗോപി
എഴുത്ത്: സച്ചി
നിർമ്മാണം: ടോമിച്ചൻ മുളകുപാടം
ഛായാഗ്രഹണം: ഷാജികുമാർ
സന്നിവേശം: വിവേക് ഹർഷൻ
സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: സുജിത് രാഘവ്
ഗാനരചന: ഹരിനാരായണൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ചമയം: ജിതേഷ് പൊയ്യ
ശബ്ദസംവിധാനം: രംഗനാഥ് രവി
വിതരണം: മുളകുപാടം ഫിലിംസ്.

ജോർജ്ജേട്ടൻസ് പൂരം – ⭐⭐


പൊട്ടാത്ത ചളുപ്പടക്കങ്ങളും ആളൊഴിഞ്ഞ പൂരപ്പറമ്പും! – ⭐⭐

ജനപ്രിയനായകന്റെ അവധിക്കാല സിനിമകൾ കുട്ടികൾക്ക് ആസ്വദിക്കാനുള്ളതാണെന്ന് അദ്ദേഹവും ആരാധകരും അവകാശപെടാറുള്ളതാണ്. ദിലീപിന്റെ മുൻകാല വിഷു ചിത്രങ്ങളുടെ പട്ടികയെടുത്താൽ അത് വ്യക്തമാകും. പാപ്പി അപ്പച്ചയും, മായാമോഹിനിയും, റിംഗ് മാസ്റ്ററും, കിംഗ് ലയറുമൊക്കെ അവധിക്കാലത്ത് പ്രദർശനത്തിനെത്തിയ സിനിമകളാണ്. മേല്പറഞ്ഞ സിനിമകൾ നിങ്ങളെ രസിപ്പിച്ചിട്ടുണ്ടെങ്കിൽ ജോർജ്ജേട്ടൻസ് പൂരവും നിങ്ങളെ രസിപ്പിച്ചേക്കാം. അതല്ലാതെ ശുദ്ധമായ ഹാസ്യ രംഗങ്ങളുള്ള ആസ്വാദ്യകരമായ സിനിമ ആഗ്രഹിക്കുന്നവർ ജോർജ്ജേട്ടൻസ് പൂരം ഒഴിവാക്കുന്നതാകും ഭേദം.

ഡോക്ടർ ലൗ എന്ന കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് ശേഷം കെ.ബിജു സംവിധാനം ചെയ്ത ജോർജ്ജേട്ടൻസ് പൂരത്തിന്റെ രചന നിർവഹിച്ചത് വൈ.വി.രാജേഷാണ്. കഥയെഴുതിയത് സംവിധായകൻ ബിജു തന്നെയാണ്. ശിവാനി സുരാജും അജയ് ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ് ജോർജ്ജേട്ടൻസ് പൂരം നിർമ്മിച്ചത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും, ലിജോ പോൾ സന്നിവേശവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
സാമൂഹിക സേവനം ചെയ്യുന്നു എന്ന തട്ടിപ്പിൽ ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന നാൽവർ സംഘം. അവരുടെ പ്രിയപ്പെട്ട സ്ഥലമാണ് മത്തായി പറമ്പ്. ഉടമസ്ഥ അവകാശമില്ലെങ്കിലും ജോർജ്ജേട്ടനും സുഹൃത്തുക്കളും അറിയാതെ മത്തായി പറമ്പിൽ ഒന്നും നടക്കില്ല. ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശി വരുന്നതോടെ കഥ മറ്റൊരു ദിശയിലേക്കു തിരിയുന്നു. കാലാകാലങ്ങളായി കണ്ടുമടുത്ത പ്രമേയവും കഥയും തന്നെയാണ് ജോർജ്ജേട്ടൻസ് പൂരത്തിലും കാഴ്ച്ചയാകുന്നത്. മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയതൊന്നും ഈ സിനിമയുടെ അണിയറപ്രവർത്തകർ അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു. പൂരത്തിന് കുട്ടികളെങ്കിലും കയറുമോ എന്ന് കണ്ടറിയാം!

തിരക്കഥ: ⭐⭐
വൈ.വി.രാജേഷ് എന്ന തിരക്കഥാകൃത്തിന്റെ മുൻകാല സിനിമകളുടെ വിജയ ചേരുവകൾ തെറ്റാതെ എഴുതിയ തിരക്കഥയാണ് ജോർജ്ജേട്ടൻസ് പൂരത്തിന്റേതും. പുതുമയില്ലാത്ത കഥാസന്ദർഭങ്ങൾ, പരിചിതമായ കഥാപാത്രങ്ങൾ, പ്രവചിക്കാനാവുന്ന കഥാഗതി, ചിരിവരാത്ത സംഭാഷണങ്ങൾ എന്നിവ സമന്വയിപ്പിച്ചു എഴുതിയതാണ് ഈ സിനിമയുടെ തിരക്കഥ. പതിവ് രീതിയിൽ നിന്ന് മാറ്റിപ്പിടിച്ച ഒരേയൊരു ഘടകം കഥാവസാനമുള്ള കബഡി കളിയാണ്. അവധികാലം ആഘോഷിക്കുവാൻ വേണ്ടി സിനിമ കാണാനെത്തുന്ന കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ചിരിപ്പിക്കുക എന്നതായിരുന്നു വൈ.വി.രാജേഷിന്റെ ഉദ്ദേശമെങ്കിൽ, അസഭ്യങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളുമുള്ള സംഭാഷണങ്ങളെങ്കിലും ഈ സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. സെൻട്രൽ ജയിൽ എന്ന ക്രൂര സിനിമാപീഡനം കണ്ട ജനപ്രിയ നായകന്റെ ആരാധകർക്ക് ഒരു ആശ്വാസമായിരിക്കാം ജോർജ്ജേട്ടൻസ് പൂരം.

സംവിധാനം: ⭐⭐
ആറു വർഷങ്ങൾക്കു മുമ്പ് കെ. ബിജു സംവിധാനം ചെയ്ത ഡോക്ടർ ലൗ എന്ന സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച അതെ അവതരണ രീതിയാണ് ഈ സിനിമയ്ക്ക് വേണ്ടിയും സ്വീകരിച്ചത്. ഒരുപാട് മാറ്റങ്ങൾ സിനിമയുടെ അവതരണ രീതിയിൽ സംഭവിച്ചു എന്ന വസ്തുത അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് കരുതാം. കൊച്ചുകുട്ടികൾക്ക് പോലും പ്രവചിക്കാനാവുന്ന അവതരണമാണ് ഈ സിനിമയുടെ പോരായ്മകളിൽ പ്രധാനം. ജനപ്രിയ നായകന്റെ സമ്മതവും, പണം മുടക്കാൻ നിർമ്മാതാക്കളെയും ലഭിച്ചതിനു ശേഷമാണ് ഈ സിനിമയുടെ തിരക്കഥ എഴുതി തുടങ്ങിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരക്കഥയും അവതരണ രീതിയും മുൻകൂറായി മനസ്സിലായിക്കാൽ പുതുമുഖ നടന്മാർ പോലും ഈ സിനിമയിൽ അഭിനയിക്കുവാൻ സാധ്യത കാണുന്നില്ല. അവധിക്കാലത്തെ വൻകിട സിനിമകൾക്ക് മുമ്പിൽ പൊട്ടാത്ത ചളുപടക്കങ്ങളുള്ള ഈ പൂരക്കാഴ്ച കാണുവാൻ ജനങ്ങൾ വരുമോയെന്നു വരുംനാളുകളിൽ അറിയാം. ജനപ്രിയനായകനു ഭാഗ്യം തുണച്ചില്ലെങ്കിൽ, പ്രദർശനശാലകൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകാനാണ് സാധ്യത!

സാങ്കേതികം: ⭐⭐⭐
വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി. കണ്ടുമടുത്ത തൃശൂർ കാഴ്ച്ചകൾ തന്നെയാണ് ഈ സിനിമയിലും. പാട്ടുകളുടെ ചിത്രീകരണം കളർഫുള്ളായിരുന്നു എന്നത് ഒരു സവിശേഷതയല്ലെങ്കിലും സിനിമയിലെ മറ്റു രംഗങ്ങളെ അപേക്ഷിച്ചു ഭേദമായിരുന്നു. ലിജോ പോളിന്റെ സന്നിവേശം പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിച്ചില്ല. രണ്ടാം പകുതിയുടെ അവസാന ഭാഗത്തിലുള്ള കബഡികളികൾ സ്ലോ മോഷനിൽ അവതരിപ്പിച്ചതുകൊണ്ടു പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കാനായില്ല. രംഗങ്ങൾക്ക് ഒരല്പമെങ്കിലും ഉണർവ്വ് പകർന്നത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കാരണമാണ്. അതുപോലെ, ഗോപി സുന്ദർ ഈണമിട്ട പാട്ടുകൾ കേൾക്കാനും ഏറ്റുപാടാനും തോന്നുന്നവയായിരുന്നു. ജോലീം കൂലീം എന്ന പാട്ടും ഓമൽ ചിരിയോ എന്ന പാട്ടും എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഷോബി പോൾരാജിന്റെ നൃത്ത സംവിധാനം മികവ് പുലർത്തിയിരുന്നു. ഏറെ നാളുകൾക്കു ശേഷം ദിലീപിന്റെ രസകരമായ നൃത്തം കണ്ടത് ഓമൽ ചിരിയോ എന്ന ഗാന ചിത്രീകരണത്തിലാണ്. അൻപറീവിന്റെ സംഘട്ടന രംഗങ്ങൾ ജനപ്രിയ നായകന്റെ ആരാധകരെ ആവേശഭരിതരാക്കുന്ന രീതിയിലായിരുന്നു. പി.എൻ.മണിയുടെ ചമയം പല രംഗങ്ങളിലും അമിതമായി അനുഭവപെട്ടു. നിസ്സാർ റഹ്മത്തിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് ചേരുന്നവയായിരുന്നു.

അഭിനയം: ⭐⭐⭐
ജനപ്രിയനായകൻ ദിലീപ്, രജീഷ വിജയൻ, ചെമ്പൻ വിനോദ് ജോസ്, രഞ്ജി പണിക്കർ, ടീ.ജി.രവി, വിനയ് ഫോർട്ട്, ഷറഫുദ്ധീൻ, തിരു ആക്ട്ലാബ്, അസീം ജമാൽ, ജയരാജ് വാര്യർ, സുനിൽ സുഖദ, ശശി കലിങ്ക, ജനാർദ്ദനൻ, കെ.ൽ.ആന്റണി, ജയശങ്കർ, ഹരികൃഷ്ണൻ, കലാഭവൻ ഹനീഫ്, ഗണപതി, മാസ്റ്റർ ജീവൻ, കലാരഞ്ജിനി, സതി പ്രേംജി, കുളപ്പുള്ളി ലീല എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ദിലീപ് തന്റെ സ്ഥിരം ശൈലിയിൽ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ജോർജ്ജേട്ടനായി അഭിനയിച്ചു. അശ്ലീലം ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞു ഷറഫുദ്ധീൻ വെറുപ്പിക്കൽ തുടർന്നു. വിനയ് ഫോർട്ടും രഞ്ജി പണിക്കരും ചെമ്പൻ വിനോദും അവരവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ വെറുതെ വന്നുപോയി. ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒട്ടനവധി അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: ജനപ്രിയനായകന്റെ കുട്ടി ആരാധകർക്കായി ഒരുക്കിയ പൂരകാഴ്ച്ചകൾ മുതിർന്നവരെ തൃപ്തിപ്പെടുത്തില്ല.

കഥ, സംവിധാനം: കെ.ബിജു
നിർമ്മാണം: അജയ് ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സുരാജ്
ബാനർ: ചാന്ദ് വി. ക്രിയേഷൻസ്
തിരക്കഥ, സംഭാഷണം: വൈ.വി.രാജേഷ്
ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുജിത് രാഘവ്
ചമയം: പി.എൻ.മണി
വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്
സംഘട്ടനം: അൻപറിവ്
നൃത്തസംവിധാനം: ഷോബി പോൾരാജ്
വിതരണം: ചാന്ദ് വി. റിലീസ്.

വെൽകം ടു സെൻട്രൽ ജയിൽ – ⭐


എസ്കേപ്പ് ഫ്രം സെൻട്രൽ ജയിൽ – ⭐

സെൻട്രൽ ജയിലിലെ കാര്യസ്ഥനും, പോലീസ് മേധാവികളുടെ മര്യാദരാമനും, വനിതാ പോലീസുകാരുടെ ശൃങ്കാരവേലനും, സുഹൃത്തുക്കളുടെ നാടോടിമന്നനും, കുട്ടികളുടെ വില്ലാളിവീരനും, സർവോപരി സൽഗുണ സമ്പന്നനും അതീവ നിഷ്കളങ്കനും സത്യസന്ധനും ബുദ്ധിശാലിയും ധൈര്യശാലിയുമായ ചെറുപ്പക്കാരനാണ് ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടന്റെ തറവാട് വീട് പോലെയാണ് സെൻട്രൽ ജയിൽ. ജയിലിലെ സൂപ്രണ്ട് മുതൽ കൊടുംകുറ്റവാളികൾ വരെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉണ്ണിക്കുട്ടൻ. ആ ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ അവിസ്മരണീയ പ്രണയകാവ്യമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ. ചത്തത് കീരിക്കാടൻ ജോസ് ആണെങ്കിൽ കൊന്നത് മോഹൻലാൽ തന്നെ എന്ന പഴഞ്ചൊല്ല് പോലെ, ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ജനപ്രിയ നായകനല്ലാതെ മറ്റാർക്കും സാധിക്കില്ല.

തിരിച്ചുവരവുകളുടെ കാലഘട്ടമാണല്ലോ ഈ വർഷം. നീണ്ട പരാജയങ്ങൾക്കു ശേഷമാണ് സുന്ദർ ദാസ്‌ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സുന്ദർ ദാസിന്റെ ഒരോന്നോന്നര തിരിച്ചുവരവാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തിന്റെതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. വൈശാഖ രാജനാണ് ഈ സിനിമയുടെ നിർമ്മാതാവ്.

പ്രമേയം:⭐
ഓണക്കാലമായതിനാൽ കുട്ടികൾ കാണുവാൻ ആഗ്രഹിക്കുന്ന സിനിമ ജനപ്രിയനായകൻറെ ആയിരിക്കും. അവരെ ലക്ഷ്യംവെച്ചുകൊണ്ടു അവർക്കിഷ്ടമാകാൻ സാധ്യതയുള്ള ഒരു പ്രമേയമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെത്. ജയിലിൽ ജനിച്ചു വളർന്ന ഉണ്ണിക്കുട്ടന് ജയിൽ മോചിതനാകാൻ താല്പര്യമില്ല. ജയിലിലെ എല്ലാവരുടെയും പ്രിയപെട്ടവനായ ഉണ്ണിക്കുട്ടൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ അതിജീവിച്ചു അയാളുടെ പ്രണയം സഫലീകരിക്കുവാൻ നടത്തുന്ന ശ്രമങ്ങളാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ.

തിരക്കഥ:⭐
സ്കൂൾ അവധിക്കാലമായാൽ കുട്ടികളെ ചിരിപ്പിക്കുന്നതിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ന്യായം പറഞ്ഞു ദിലീപും ദിലീപിന്റെ പ്രിയപ്പെട്ട എഴുത്തുകാരും സംവിധായകരും ചേർന്ന് അവതരിപ്പിക്കുന്ന കോമാളിത്തരങ്ങളുടെ ഏറ്റവും ഒടുവിലത്തെ ശ്രമമാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തെ പോലെ കഴിവുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും ഈ സിനിമയിലില്ല. കെട്ടിച്ചമച്ച കഥയും, കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും, കഥാവസാനം ജയിലിലേക്ക് കുട്ടികളാരും വരരുത് എന്ന സന്ദേശവും ചേർന്ന ദുരന്തമാണ് ഈ സിനിമയുടെ തിരക്കഥ. കോമാളിത്തരങ്ങൾ കുത്തിനിറച്ചിട്ടും കുട്ടികളോ കുടുംബങ്ങളോ ചിരിവരാതെ വീർപ്പുമുട്ടുന്ന കാഴ്ച ബെന്നി പി. നായരമ്പലം കാണാനിടവരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

സംവിധാനം:⭐⭐
റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയ്ക്ക് ശേഷം സുന്ദർ ദാസ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ് വെൽകം ടു സെൻട്രൽ ജയിൽ. സല്ലാപവും സമ്മാനവും കുടമാറ്റവും പോലുള്ള നല്ല സിനിമകൾ സംവിധാനം ചെയ്ത സുന്ദർ ദാസ്‌ കുബേരൻ പോലുള്ള ഒരു വിജയചിത്രമൊരുക്കുവാൻ ശ്രമിച്ചതിന്റെ പാഴായിപ്പോയ ശ്രമമാണ് ഈ സിനിമ. പഴഞ്ചൻ സംവിധാന രീതിയാണ് ഈ സിനിമയുടെ നിരാശപെടുത്തുന്ന മറ്റൊരു ഘടകം. അഭിനയിക്കാനറിയാത്ത വില്ലന്മാരെ അന്വേഷിച്ചു കണ്ടുപിടിച്ചു അഭിനയിപ്പിക്കുന്നതിൽ എന്ത് സന്തോഷമാണ് സുന്ദർ ദാസിന് ലഭിക്കുന്നത്? ഈ സിനിമയിലെ കോമാളിത്തരങ്ങളെക്കാൾ ചിരിവരുന്നത് വില്ലനായി അഭിനയിച്ച സുധീറിന്റെയും പോലീസുകാരന്റെയും അഭിനയം കണ്ടിട്ടാണ്. നല്ല തമാശകളോ സംഘട്ടനങ്ങളൊ പ്രണയ രംഗങ്ങളോ പാട്ടുകളോ പോലുമില്ലാത്ത ഇതുപോലുള്ള സിനിമകൾ ഏതു രീതിയിലാണ് കുട്ടികളെ ആസ്വദിപ്പിക്കുന്നതു എന്ന് സുന്ദർ ദാസ്‌ മനസ്സിലാക്കിയാൽ നല്ലത്.

സാങ്കേതികം:⭐⭐
സെൻട്രൽ ജയിലിലെ കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് അഴകപ്പനാണ്. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ചായഗ്രഹണമാണ്‌ ഈ സിനിമയ്ക്ക് വേണ്ടി അഴകപ്പൻ നിർവഹിച്ചത്. ജോൺകുട്ടിയാണ് ചിത്രസന്നിവേശം നിർവഹിച്ചത്. ആദ്യപകുതിയും രണ്ടാംപകുതിയും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാക്കിയതും പഴഞ്ചൻ അവതരണ രീതിയിലൂടെ രംഗങ്ങൾ കോർത്തിണക്കിയതും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബിജിബാൽ നിർവഹിച്ച പശ്ചാത്തല സംഗീതം അരോചകമായി തോന്നി. പാട്ടുകളുടെ സംഗീത സംവിധാനം നിർവഹിച്ചത് ബേർണി ഇഗ്നേഷ്യസും നാദിർഷയും ചേർന്നാണ്. സുന്ദരീ എന്ന് തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജയിലിലെ അന്തരീക്ഷം നല്ല രീതിയിൽ ഒരുക്കുവാൻ ജോസഫ്‌ നെല്ലിക്കലിന് സാധിച്ചു.

അഭിനയം:⭐⭐⭐
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ദിലീപിന് കുഞ്ഞിക്കൂനനിലെ ദിലീപിൽ ജനിച്ച സന്തതിപോലെയാണ് ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ ജനപ്രിയ നായകൻ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്കളങ്കനാണ് താനെന്ന് അഭിനയിച്ചു ഫലിപ്പിക്കുവാൻ ദിലീപ് നന്നേ കഷ്ടപ്പെടുന്നത് കണ്ടു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ശേഷം ഇത്രയുമധികം ആരാധകരുള്ള ഒരു നടന് ഇനിയെങ്കിലും ഇത്തരത്തിലുള്ള കോമാളി കഥാപാത്രങ്ങൾ നിരസിച്ചുകൂടെ? വേദികയാണ് ഈ സിനിമയിലെ ദിലീപിന്റെ നായികയാവുന്നത്. ദിലീപിനെയും വേദികയെയും കൂടാതെ ഒരു നീണ്ട താരനിര അണിനിരക്കുന്നു ഈ സിനിമയിൽ. രൺജി പണിക്കർ, ഹരീഷ് പെരുമണ്ണ, സിദ്ദിക്ക്, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷറഫുദ്ദീൻ, കുമരകം രഘുനാഥ്, വിനോദ് കെടാമംഗലം, ധർമജൻ ബോൾഗാട്ടി, കോട്ടയം പ്രദീപ്‌, അബു സലിം, കൊച്ചുപ്രേമൻ, ബിജുക്കുട്ടൻ, സാജു കൊടിയൻ, സുധീർ, കലാഭവൻ ഹനീഫ്, വിനയപ്രസാദ്‌, വീണ നായർ, തെസ്നി ഖാൻ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.

വാൽക്കഷ്ണം: കുട്ടികളെ ചിരിപ്പിക്കാത്ത കുടുംബങ്ങളെ രസിപ്പിക്കാത്ത യുവാക്കളെ ത്രസിപ്പിക്കാത്ത ജന അപ്രിയ സിനിമ!

സംവിധാനം: സുന്ദർ ദാസ്‌
രചന: ബെന്നി പി. നായരമ്പലം
നിർമ്മാണം: വൈശാഖ് രാജൻ
ബാനർ: വൈശാഖ സിനിമ
ചായാഗ്രഹണം: അഴകപ്പൻ
ചിത്രസന്നിവേശം: ജോൺകുട്ടി
ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ
സംഗീതം: ബേർണി ഇഗ്‌നേഷ്യസ്, നാദിർഷ
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കൽ
ചമയം: രാജീവ്‌ അങ്കമാലി
വിതരണം: വൈശാഖ റിലീസ്.

കിംഗ്‌ ലയർ – ⭐⭐

image

നുണകളുടെ ‘രാജാവ് നഗ്നനാണ്’ – ⭐⭐

“കുറച്ചു ആളുകളെ എപ്പോഴും പറ്റിക്കാം, കുറെ ആളുകളെ കുറച്ചു സമയവും പറ്റിക്കാം, പക്ഷെ എല്ലാ ആളുകളെയും മുഴുവൻ സമയവും പറ്റിക്കാനവില്ല”എന്ന എബ്രഹാം ലിങ്കൺ  വാചകം ഓർക്കുന്നു.

ജനപ്രിയ നായകൻ ദിലീപും ജനപ്രിയ സംവിധായകർ സിദ്ദിക്ക് ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമ കിംഗ്‌ ലയറിലൂടെ പെരും നുണയനായ സത്യ നാരായണന്റെ കഥ പറയുന്നു.

ജീവിക്കാൻ വേണ്ടി കൊച്ചു നുണകളൊക്കെ പറഞ്ഞു കഴിയുന്ന സത്യനാരയണന്റെ പ്രധാന തൊഴിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കികൊടുക്കുക എന്നതാണ്. സത്യനാരായണൻ സ്നേഹിക്കുന്ന അഞ്ജലിയുടെ മുമ്പിൽ താൻ നരേൻ എന്ന കോടീശ്വരനായ ബിസിനെസ്സുകാരനാണെന്ന നുണ പറയുന്നു. ആ നുണയിൽ തുടങ്ങി പിന്നീട് ഒരുപാട് നുണകൾ പറയുന്ന സത്യനാരായണൻ അഞ്ജലിയുടെ സ്നേഹം പിടിച്ചുപറ്റുന്നു. ആ നുണകൾ പൊളിയാതിരിക്കാനും അഞ്ജലിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുവാനും ആനന്ദ് വർമ്മ എന്ന ഫാഷൻ ഡിസയ്നറിനെ പരിച്ചയമുണ്ടെന്നും നുണ പറയുന്നു. അങ്ങനെ യഥാർത്ഥ ആനന്ദ് വർമ്മ സത്യനാരയണന്റെ മുമ്പിലെത്തുന്നു. തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

പ്രമേയം: ⭐⭐
ഒരു നുണ പറഞ്ഞാൽ പിന്നെ ഒൻപത് നുണകൾ പറയേണ്ടി വരുമെന്ന പഴംചൊല്ല് അറിയാത്തവരായി ആരുമുണ്ടാകില്ല. നുണ മാത്രം പറഞ്ഞു ശീലിച്ച ഒരു വ്യക്തി പിന്നീട് നുണ പറയുന്നത് തൊഴിലിന്റെ ഭാഗമാക്കുന്നു, കാമുകിയെ സ്വന്തമാക്കാൻ ഉപയോഗിക്കുന്നു, ഒടുവിൽ നുണ പറഞ്ഞത് നിലനിർത്തുവാൻ വേണ്ടി വലിയൊരു ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നു. ഇതാണ് ഈ സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐⭐
മലയാള സിനിമയിൽ 80കളുടെ അവസാനം ഹാസ്യത്തിന് പുതിയൊരു മാനം നൽകിയ എഴുത്തുകാരും സംവിധായകരുമായിരുന്നു സിദ്ദിക്കും ലാലും. ഓരോ രംഗങ്ങളിലും സംഭാഷണങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു ഘടകം ഉണ്ടായിരിക്കും. അതുകൊണ്ട് ഈ കൂട്ടുകെട്ടിന്റെ തൂലികയിൽ പിറന്ന സിനിമയ്ക്ക് വാനോളമായിരുന്നു പ്രതീക്ഷയും. ആ പ്രതീക്ഷളെ തകിടം മറിച്ചുകൊണ്ട് നിരാശപെടുത്തുന്ന കഥാസന്ദർഭങ്ങളും കേട്ട് പഴകിയ തമാശകളും അസഭ്യങ്ങളും സമന്വയിപ്പിച്ചതാണ് ഈ സിനിമയുടെ തിരക്കഥ. 1983, പാവാട തുടങ്ങിയ സിനിമകള്ക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയ ബിപിൻ ചന്ദ്രനാണ് ഈ സിനിമയുടെ സംഭാഷണങ്ങൾ എഴുതിയത്. ഒട്ടും നിലവാരമില്ലാത്ത ചിരി വരാത്ത സംഭാഷണങ്ങൾ മാത്രമാണ് ഈ സിനിമയിലുള്ളത്. ഒരു ഹാസ്യ സിനിമയ്ക്ക് യുക്തിയുടെ ആവശ്യകതയില്ല എന്ന ന്യായം പറയുന്ന ഇന്നത്തെ തലമുറയിലെ സിനിമാക്കാർ എന്തുകൊണ്ടാണ് പഴയ മലയാള സിനിമകളിൽ യുക്തിയെ ചോദ്യം ചെയ്യാത്ത ഹാസ്യം മിടുക്കരായ എഴുത്തുകാർ എഴുതിയിട്ടുണ്ട് എന്ന് ഓർക്കാത്തത്. ഇത്രെയും മോശമായ ഹാസ്യ രംഗങ്ങളുള്ള ഈ സിനിമ സിദ്ദിക്ക് ലാൽ സിനിമയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

സംവിധാനം: ⭐⭐
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ലാൽ സംവിധാനം നിർവഹിച്ച കിംഗ്‌ ലയർ ശരാശരി നിലവാരത്തിൽ പോലും ഉൾപെടുത്താൻ സാധിക്കുന്നില്ല. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദർഭങ്ങളെ അതേപടി ചിത്രീകരിച്ചു എന്നതല്ലാതെ സംവിധായകൻ ഒന്നും ചെയ്തിട്ടില്ല. 2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ പ്രേക്ഷകരെ മുഷിപ്പിച്ചു. ആൽബിയുടെ ചായഗ്രഹണവും ദിലീപിന്റെ അഭിനയവും ഈ സിനിമയുടെ വിജയത്തിന് കാരണമാകുന്നു.

സാങ്കേതികം: ⭐⭐⭐
മേല്പറഞ്ഞത് പോലെ ഈ സിനിമയുടെ വിജയ ഘടകങ്ങളിൽ ഒന്ന് ആൽബിയുടെ മനോഹരമായ വിഷ്വൽസാണ്. ഓരോ രംഗങ്ങളും കളർഫുൾ രീതിയിൽ ചിത്രീകരിച്ചത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പാട്ടുകളുടെ ചിത്രീകരണവും ഫാഷൻ ഷോ മത്സരവും മികവുറ്റ ഫ്രെയിമുകളായിരുന്നു. ആദ്യപകുതിയിലും രണ്ടാമത്തെ പകുതിയിലും ഒട്ടുമിക്ക രംഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന രീതിയിൽ തോന്നിയത്‌  രംഗങ്ങൾ കോർത്തിണക്കിയതിന്റെ പിഴവുകൾ മൂലമാണ്. രതീഷ്‌ രാജന് സന്നിവേശം നിർവഹിച്ചത്. വയലാർ ശരത് എഴുതി അലക്സ് പോൾ ഈണമിട്ട പെരുംനുണ പുഴ എന്ന് തുടങ്ങുന്ന ഒരേയൊരു പാട്ട് മാത്രമാണ് ഈ സിനിമയിലുള്ളത്. കേട്ടപാടെ മറന്നുപോകുന്ന രീതിയിൽ ചിട്ടപെടുത്തിയ ഒരു പാട്ട്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം പ്രത്യേകിച്ച് പുതുമകൾ ഒന്നും തന്നെ നൽകാതെ സിനിമയുടെ കൂടെ ചേർന്ന് നിൽക്കുന്നു. റോഷൻ ജി. യുടെ മേയ്ക്കപ്പ് പല രംഗങ്ങളിലും അമിതമായി അനുഭവപെട്ടു. പ്രശാന്ത് മാധവ് ഒരുക്കിയ സെറ്റുകൾ മികവുറ്റതായിരുന്നു.

അഭിനയം: ⭐⭐⭐
കുട്ടികളെയും കുടുംബങ്ങളെയും കയ്യിലെടുക്കാനുള്ള ദിലീപിന്റെ അസാമാന്യ കഴിവ് ഈ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. സിനിമയുടെ കഥയോ തിരക്കഥയോ സംവിധാനമോ മോശമാണെങ്കിലും ദിലീപിന് ലഭിച്ച നായക കഥാപാത്രത്തെ  എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുവാനുള്ള കഴിവ് പ്രശസനീയമാണ്. തനിക്കു ലഭിച്ച വേഷം മോശമാക്കാതെ അവതരിപ്പിക്കുവാൻ ബാലു വർഗീസിനും കഴിഞ്ഞിട്ടുണ്ട്. പ്രേമപനി കേരളത്തിൽ പടർത്തിയ നായികമാരിൽ ഒരാളായ മഡോണയാണ് ഈ സിനിമയിലെ നായിക. ക്ലൈമാക്സ് രംഗങ്ങളിൽ മികച്ച അഭിനയം കാഴ്ചവെക്കുവാൻ മഡോണയ്ക്ക് സാധിച്ചു. ലാലും ഹരീഷും ആശ ശരത്തും ജോയ് മാത്യുവും അവരവരുടെ വേഷങ്ങളിൽ തിളങ്ങി. ഇവരെ കൂടാതെ ശിവജി ഗുരുവായൂർ, ജോർജ്, ചാലി പാല, അമിത് ചക്കാലക്കൽ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബിപിൻ ചന്ദ്രൻ എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: ജനപ്രിയ നായകൻറെ ആരാധകരെ മാത്രം രസിപ്പിക്കുന്ന സിനിമ!

സംവിധാനം: ലാൽ
കഥ: സിദ്ദിക്ക്
തിരക്കഥ: സിദ്ദിക്ക് ലാൽ
സംഭാഷണം: ബിപിൻ ചന്ദ്രൻ
നിർമ്മാണം: അവുസേപ്പച്ചൻ
ചായാഗ്രഹണം: ആൽബി
ചിത്രസന്നിവേശം: രതീഷ്‌ രാജ്
സംഗീതം: അലക്സ് പോൾ
പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
ഗാനരചന: വയലാർ ശരത് ചന്ദ്ര വർമ്മ
മേയ്ക്കപ്പ്: റോഷൻ ജി.
വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ
ശബ്ദമിശ്രണം: വിനോദ് പി.ശിവറാം
വിതരണം: ഗ്രാൻഡ്‌ റിലീസ്.