ടേക്ക് ഓഫ് – ⭐⭐⭐⭐


മലയാള സിനിമയുടെ അത്യുജ്വല ടേക്ക് ഓഫ്! – ⭐⭐⭐⭐

“ഒരു ജീവൻ രക്ഷിക്കുന്നവരെ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിൽ, നൂറുകണക്കിന് ജീവൻ രക്ഷിക്കുന്നവരെ നേഴ്‌സുമാർ എന്ന് വിശേഷിപ്പിക്കാം”. നൂറു ശതമാനം അർത്ഥവത്താകുന്നതാണ് മേല്പറഞ്ഞ വാചകങ്ങൾ. ദൈവത്തിന്റെ മാലാഖാമാർക്കു സമർപ്പിക്കുന്ന ടേക്ക് ഓഫ് ഓരോ മലയാളികളും അതിലുപരി ഓരോ സിനിമാ പ്രേമിയും കണ്ടിരിക്കേണ്ടതാണ്!

2014 ജൂലൈ 23നു 58 ഇന്ത്യക്കാരായ നേഴ്‌സുമാരെ ഇറാഖ് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഐ എസ് ഐ എസ് തീവ്രവാദികളിൽ നിന്നും മോചിപ്പിച്ചു. ഈ സംഭവം നടക്കുന്നതിനു ദിവസങ്ങൾക്കു മുമ്പ് 2014 ജൂലൈ 4നു 46 മലയാളി നേഴ്‌സുമാരെ ഇറാഖിലെ മുസോളിലെ സുന്നി ജിഹാദിസ്റ്റ് തീവ്രവാദികളിൽ നിന്നും രക്ഷപെടുത്തിയിരുന്നു. ശ്രിമതി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ സൗദി അറേബ്യ, ലിബിയ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ തിക്രിതി ആശുപത്രിയിൽ ജോലിചെയ്തിരുന്ന നഴ്സുമാരെ രക്ഷപ്പെടുത്തിയ യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ടേക്ക് ഓഫ്.

ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് പുതിയമാനം നൽകിയ യശ്ശശരീരനായ സംവിധായകൻ രാജേഷ് പിള്ളയുടെ ഓർമ്മയ്ക്ക്‌ മുമ്പിൽ സമർപ്പിച്ച ടേക്ക് ഓഫ് നിർമ്മിച്ചത് ആന്റോ ജോസഫും ഷെബിൻ ബെക്കറും ചേർന്നാണ്. പ്രശസ്ത ചിത്രസന്നിവേശകൻ മഹേഷ് നാരായണൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ടേക്ക് ഓഫ് മലയാള സിനിമയുടെ അഭിമാനമായി മാറുമെന്നു നൂറു ശതമാനം ഉറപ്പ്. മഹേഷ് നാരായണനോടൊപ്പം ഷാജികുമാറും ഈ സിനിമയുടെ തിരക്കഥ എഴുത്തിൽ പങ്കാളിയാണ്. സനു ജോൺ വർഗീസ് ഛായാഗ്രഹണവും, മഹേഷ് നാരായണനും അഭിലാഷ് ബാലചന്ദ്രനും ചേർന്ന് സന്നിവേശവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും, രാജശേഖർ സംഘട്ടനവും സന്തോഷ് രാമൻ കലാസംവിധാനവും രഞ്ജിത്ത് അമ്പാടി ചമയവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐⭐
ഇറാഖിലെ തീവ്രവാദികളിൽ നിന്നും മലയാളികളായ നേഴ്‌സുമാരെ മോചിപ്പിക്കുന്ന യഥാർത്ഥ സംഭവം ഇന്ത്യൻ സിനിമയിലെ ഒരു ഭാഷയിലും ഇന്നേവരെ പ്രമേയമാക്കാത്ത ഒന്നാണ്. 2016ൽ രാജകൃഷ്ണൻ മേനോൻ സംവിധാനം നിർവഹിച്ചു, അക്ഷയ്കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എയർലിഫ്റ്റ് എന്ന ഹിന്ദി സിനിമ ചർച്ചചെയ്യുന്ന പ്രമേയം ടേക്ക് ഓഫുമായി സമാനമായ ഒന്നാണ്. കുവൈറ്റും ഇറാഖും തമ്മിലുള്ള തൊണ്ണൂറുകളിലെ യുദ്ധത്തിൽ അകപ്പെട്ടു പോകുന്ന ഭാരതീയരുടെ മോചനമാണ് എയർലിഫ്റ്റ് എന്ന സിനിമയുടെ കഥ. ടേക്ക് ഓഫിന്റെ പ്രമേയവും കഥയും മഹേഷ് നാരായണന്റേതാണ്. ഇറാഖിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ അന്വേഷിച്ചു കണ്ടെത്തി സിനിമയ്ക്ക് അനിയോജ്യമായ കഥ വിശ്വസനീയത നഷ്ടപ്പെടാതെ എഴുതുക എന്നത് ശ്രമകരമായ ഒന്നാണ്. അതിൽ പൂർണമായും വിജയിക്കുവാൻ മഹേഷ് നാരായണനും പി.വി.ഷാജികുമാറിനും സാധിച്ചു.

തിരക്കഥ: ⭐⭐⭐⭐⭐
യഥാർത്ഥ സംഭവകഥയുടെ വൈകാരികത നഷ്ടപ്പെട്ട് പോകാതെയും വിശ്വസനീയത കളയാതെയും കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുക സംഭാഷണങ്ങൾ എഴുതുക എന്നതിൽ സമ്പൂർണ വിജയം നേടുവാൻ മഹേഷ് നാരായണനും പി.വി.ഷാജികുമാറിനും കഴിഞ്ഞിട്ടുണ്ട്. ആദ്യ രംഗം മുതൽ അവസാനത്തെ വിമാനത്തിന്റെ ടേക്ക് ഓഫ് വരെ പ്രേക്ഷകരെ മാനസികമായി വീർപ്പുമുട്ടിക്കാൻ കഥാസന്ദർഭങ്ങൾക്കു സാധിച്ചു. സിനിമ കാണുന്ന പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ഒരു പശ്ചാത്തലമാണ് ഈ സിനിമയുടേത്. അപ്പോൾ, കഥാസന്ദർഭങ്ങൾക്കു വിശ്വസനീയത നൽക്കേണ്ടത് ഏറെ പ്രയാസമുള്ള കാര്യമാണ്. ഒരുപാട് ഗവേഷണം നടത്തിയതിന്റെ തെളിവ് കഥാസന്ദർഭങ്ങളിൽ പ്രകടമാണ്. സമീറയും മറ്റു നേഴ്‌സുമാരും തീവ്രവാദികളുടെ ക്യാമ്പിൽ എത്തിപെടുന്ന രംഗവും, അവരെ അവിടെ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി മനോജ് എബ്രഹാമും സംഘവും നടത്തുന്ന ശ്രമങ്ങളും അത്യുഗ്രൻ കഥാസന്ദർഭങ്ങളിലൂടെ ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. നേഴ്‌സുമാരുടെയും ഇറാഖിലുള്ള സാധാരണക്കാരുടെ ദുരവസ്ഥയും കാണുന്ന പ്രേക്ഷകരുടെ ഹൃദയത്തിൽ നൊമ്പരമുണർത്തുവാൻ തിരക്കഥാകൃത്തുക്കൾക്കു കഴിഞ്ഞു എന്നതാണ് ടേക്ക് ഓഫിന്റെ പ്രത്യേകത. മലയാള സിനിമ പ്രേമികൾക്ക് ഒരു അത്യുജ്വല സിനിമ സമ്മാനിച്ചതിനു മഹേഷ് നാരായണനും പി.വി.ഷാജികുമാറിനും ഒരാരായിരം അഭിനന്ദനങ്ങൾ!

സംവിധാനം: ⭐⭐⭐⭐
ചിത്രസന്നിവേശകൻ എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് മഹേഷ് നാരായണൻ. ആദ്യ സിനിമയാണ് ടേക്ക് ഓഫ് എന്ന തോന്നലുണ്ടാക്കാതെയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങൾ കൃത്രിമത്വം ഇല്ലാതെയും അതിഭാവകത്വം തോന്നിപ്പിക്കാതെയും അവതരിപ്പിച്ചതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. കഥയിൽ പ്രാധാന്യമില്ലാത്ത ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. പ്രേക്ഷകരെ ആകാംഷയോടെ മുൾമുനയിൽ നിർത്തുവാൻ സംവിധായകനു സാധിച്ചു. അതിനു കാരണമായത് സിനിമയുടെ രണ്ടാം പകുതിയിലുള്ള കഥയുടെ വേഗതയുള്ള അവതരണമാണ്. നേഴ്‌സുമാരെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നതു മുതൽ അവർ സുരക്ഷിതരായി ഇന്ത്യയിലെത്തുന്നതു വരെയുള്ള രംഗങ്ങൾ അവതരണ മികവിനാൽ ഗംഭീരമാണ്. ഇത്രയും മികവുറ്റ ഒരു സിനിമയുണ്ടാക്കുവാൻ മഹേഷ് നാരായണനെ സഹായിച്ചത് മികച്ച സാങ്കേതിക പ്രവർത്തികരും അഭിനേതാക്കളാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിക്കുവാൻ വരെ സാധ്യതയുള്ള ഒന്നാണ് ടേക്ക് ഓഫ് എന്നതിൽ യാതൊരു തർക്കവുമില്ല. ഏവർക്കും അഭിനന്ദനങ്ങൾ!

സാങ്കേതികം: ⭐⭐⭐⭐⭐
ഗോപി സുന്ദർ എന്ന സംഗീത മാന്ത്രികൻ നിർവഹിച്ച പശ്ചാത്തല സംഗീതമാണ് ടേക്ക് ഓഫിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന പശ്ചാത്തല സംഗീതം സിനിമയുടെ അവസാനം വരെ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി. അതുപോലെ മികവുറ്റതായിരുന്നു സനു ജോൺ വർഗീസ് നിർവഹിച്ച ഛായാഗ്രഹണം. പ്രേക്ഷകരെ ഓരോരുത്തരെയും ഇറാഖിലെത്തിച്ചു അവർ നേരിട്ട് ആ ദുരിതം അനുഭവിച്ചറിഞ്ഞ പ്രതീതിയാണ് സമ്മാനിച്ചത്. പുതുമ നൽകുന്ന രീതിയിലാണ് മഹേഷ് നാരായണനും അഭിലാഷും ചേർന്ന് രംഗങ്ങൾ സന്നിവേശം ചെയ്തത്. പല സ്ഥലങ്ങളിലായി നടക്കുന്ന രംഗങ്ങൾ മുഷിപ്പില്ലാതെ സന്നിവേശം നിർവഹിച്ചതു പ്രേക്ഷകർക്ക് പുത്തനനുഭവമായി. യുദ്ധ ഭൂമിയുടെ പ്രതീതി നിലനിർത്തുവാൻ സന്തോഷ് രാമൻ ഒരുക്കിയ കലാസംവിധാനം ഗംഭീരമായി. ബോംബ് സ്ഫോടനങ്ങൾ നടന്ന സ്ഥലങ്ങളെല്ലാം യഥാർത്ഥത്തിൽ സ്ഫോടനങ്ങൾ നടന്നതാണോ എന്നുവരെ സംശയം തോന്നിയേക്കാം. ഓരോ കഥാപാത്രങ്ങൾക്കും അനിയോജ്യമായ ചമയമാണ് രഞ്ജിത്ത് അമ്പാടി നിർവഹിച്ചത്. ബോംബ് സ്ഫോടനങ്ങളിൽ അപകടം പറ്റിയവരുടെ ചമയം ഇതിനുദാഹരണം. റഫീഖ് അഹമ്മദും ഹരിനാരായണനും ചേർന്നെഴുതിയ വരികൾക്ക് ഷാൻ റഹ്‌മാനും ഗോപി സുന്ദറുമാണ് ഈണം പകർന്നത്. ശരാശരി നിലവാരം മാത്രമുള്ളതാണ് ഈ സിനിമയിലെ പാട്ടുകൾ. രാജശേഖർ ആണ് സംഘട്ടന സംവിധാനം നിർവഹിച്ചത്. ചെറിയ ശബ്ദങ്ങൾ വരെ ഒപ്പിയെടുത്തുകൊണ്ടു വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും നിർവഹിച്ച ശബ്ദ സംവിധാനം മികവ് പുലർത്തി. ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐⭐
കാഞ്ചനമാലയായും ടെസ്സയായും തകർത്തഭിനയിച്ച പാർവതി തിരുവോത്തിന്റെ അഭിനയ ജീവിതത്തിലേക്ക് പുതിയ പൊൻത്തൂവലാകും സമീറ എന്ന കഥാപാത്രം. ശാരദയ്ക്കും ശോഭനയ്ക്കും മഞ്ജു വാര്യർക്കും ശേഷം മലയാളികളുടെ മനസ്സ് കവർന്ന അഭിനേത്രിയാരാകുമെന്നത്തിനുള്ള ഉത്തരമാണ് പാർവതി തിരുവോത്ത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടാനുള്ള എല്ലാ സാധ്യതകളും പാർവതിയ്ക്കുണ്ടെന്നു നിസംശയം പറയാം. മഹേഷ് ഭാവനയെ പ്രേക്ഷകർ മറക്കുന്നതിനു മുമ്പേ മനോജ് അബ്രാഹമായി ജീവിച്ച ഫഹദ് ഫാസിൽ ഗംഭീരമായ അഭിനയമാണ് കാഴ്ചവെച്ചത്. ഫഹദിന്റെ ഓരോ ഭാവപ്രകടനങ്ങളും കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സത്യനും മോഹൻലാലിനും ശേഷം തന്മയത്വത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള കഴിവുള്ള ഏക നടനാണ് താനെന്നു ഫഹദ് ഫാസിൽ ഒരിക്കൽക്കൂടി തെളിയിച്ചു. കുഞ്ചാക്കോ ബോബന് ഒരുപാട് നാളുകൾക്കു ലഭിച്ച മികച്ച വേഷങ്ങളിൽ ഒന്നാണ് ഈ സിനിമയിലേത്. അത് വിശ്വസനീയമായി ചാക്കോച്ചൻ അവതരിപ്പിക്കുകയും ചെയ്തു. ആസിഫ് അലി, പ്രകാശ് ബെലവാദി, അലൻസിയാർ ലേ ലോപസ്, പ്രേം പ്രകാശ്, ജോജു ജോർജ്, ഷഹീൻ സിദ്ദിഖ്, സിദ്ധാർഥ് ശിവ, അഞ്ജലി അനീഷ്, പാർവതി, ദേവി അജിത് എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഇവരെ കൂടാതെ നേഴ്സുമാരായി അഭിനയിച്ച പുതുമുഖ അഭിനേതാക്കൾവരെ അഭിനയിക്കുന്നതിന് പകരം ജീവിക്കുകയാണെന്നാണ് പ്രേക്ഷകർക്ക് തോന്നിയത്.

വാൽക്കഷ്ണം: മലയാള സിനിമയുടെ യശസ്സ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ടേക്ക് ഓഫിനു ഹാറ്റ്സ് ഓഫ്!!!

സംവിധാനം: മഹേഷ് നാരായണൻ
നിർമ്മാണം: ആന്റോ ജോസഫ്, ഷെബിൻ ബെക്കർ
രചന: മഹേഷ് നാരായണൻ, ഷാജികുമാർ
ഛായാഗ്രഹണം: സനു ജോൺ വർഗീസ്
ചിത്രസന്നിവേശം: മഹേഷ് നാരായണൻ, അഭിലാഷ് ബാലചന്ദ്രൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
സംഗീതം: ഗോപി സുന്ദർ, ഷാൻ റഹ്മാൻ
ഗാനരചന: റഫീഖ് അഹമ്മദ്, ഹരിനാരായണൻ
കലാസംവിധാനം: സന്തോഷ് രാമൻ
ശബ്ദമിശ്രണം: രാജകൃഷ്ണൻ
ശബ്ദ സംവിധാനം: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
ചമയം: രഞ്ജിത്ത് അമ്പാടി
സംഘട്ടനം: രാജശേഖർ
വിതരണം: ആന്റോ ജോസഫ് ഫിലിം കമ്പിനി.

മഹേഷിന്റെ പ്രതികാരം -⭐⭐⭐

Maheshinte Prathikaaram

ചിരി പടര്‍ത്തിയ പ്രതികാര കഥ! ⭐⭐⭐

പ്രകാശ് എന്ന കൊച്ചു ഗ്രാമത്തിലെ ഏക വിഡിയോഗ്രാഫറാണ് മഹേഷ്‌. ആ ഗ്രാമത്തിലെ ഒരേയൊരു സ്റ്റുഡിയോ ആണ് ഭാവന സ്റ്റുഡിയോ.  കല്യാണമായാലും മരണമായാലും ആ ഗ്രാമനിവാസികള്‍ ഫോട്ടോ എടുക്കുവാനും വീഡിയോ എടുക്കുവാനും മഹേഷിനെയാണ് വിളിക്കുന്നത്. നാട്ടുകാരുടെയെല്ലാം പ്രിയപെട്ടവനായ മഹേഷ്‌ അയാളുടെ സഹപാടിയായിരുന്ന സൗമ്യയുമായി പ്രണയത്തിലായിരുന്നു. വിദേശത്തു നേഴ്സ് ആയി ജോലി ചെയ്തുവരുന്ന സൗമ്യ അവളുടെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ മറ്റൊരു വിവാഹത്തിന് സമ്മതിക്കേണ്ടിവരുന്നു. അങ്ങനെ മഹേഷിനെ വഞ്ചിക്കുന്നു.

ആ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒരു മരണം സംഭവിക്കുകയും അവിടെ വന്നെത്തിയ നാട്ടുകാരില്‍ ചിലര്‍ ഒരു പ്രശ്നത്തെ കുറിച്ച് ചര്‍ച്ചചെയ്യുകയും അത് വഴക്കില്‍ ചെന്നെത്തുകയും ചെയ്യുന്നു. തുടരന്നും ആ പ്രശ്നത്തെത്തിന്റെ ബാക്കിയായി വേറൊരു പ്രശ്നമുണ്ടാകുകയും, രണ്ടാമത് നടന്ന പ്രശ്നം കാരണം മൂന്നാമത് മറ്റൊരു പ്രശ്നമുണ്ടാകുകയും, അവസാനം അത് ചെന്നെത്തുന്നത് മഹേഷും ജിംസണ്‍ എന്നായാളും തമ്മിലുള്ള സംഘട്ടനത്തിലാണ്. നാട്ടുകാരുടെ മുമ്പില്‍ മഹേഷിനെ നാണംകെടുത്തുന്ന വിധം മര്‍ദ്ദിക്കുന്നു. അങ്ങനെ മഹേഷിനെ അപമാനിക്കുന്നു. 

ഈ രണ്ടു പ്രശ്നങ്ങളില്‍ ആരോടാണ് മഹേഷിന്റെ പ്രതികാരം? അതിനെത് വഴിയാണ് മഹേഷ്‌ സ്വീകരിക്കുന്നത്? എന്നതാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നത്‌. സംവിധായകന്‍ ആഷിക് അബു നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ മഹേഷായി ഫഹദ് ഫാസിലും, സൗമ്യയായി അനുശ്രീ നായരും, ജിംസണ്‍ ആയി ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ വന്ന സുജിത് ശങ്കറുമാണ് അഭിനയിച്ചിരിക്കുന്നത്. 

പ്രമേയം: ⭐⭐⭐
ഇടുക്കിയിലെ പ്രകാശന്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കുറെ സംഭവങ്ങളെ യുക്തിയോടെ കോര്‍ത്തിണക്കി കഥയുടെ രൂപത്തിലെത്തികുകയും അതിലൂടെ ചെറിയൊരു പ്രശ്നം വരുത്തിവെക്കാവുന്ന വലിയ പ്രശ്നങ്ങളും എന്ന പ്രമേയം ചര്‍ച്ചചെയ്യപെടുകയും ചെയ്യുന്നു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 80കളുടെ അവസാനം ഇത്തരത്തിലുള്ള രസകരമായ സംഭവങ്ങള്‍ പ്രമേയമാക്കിയിട്ടുള്ള സിനിമകള്‍ നിര്‍മ്മിക്കപെട്ടിട്ടുണ്ട്. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ അന്നും ഇന്നും ആ സിനിമകളൊക്കെ രസത്തോടെ കണ്ടിരിക്കാറുണ്ട്. രഘുനാഥ് പലേരിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിച്ച പൊന്മുട്ടയിടുന്ന താറാവും, രഞ്ജിത്ത്-കമല്‍ ടീമിന്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങളും, രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയും പോലുള്ള സിനിമകള്‍ ഇതിനുദാഹരണം. 

തിരക്കഥ: ⭐⭐⭐⭐
ആഷിക്അബു സിനിമകളുടെ അഭിവാജ്യ ഘടകമായ എഴുത്തുകാരന്‍ ശ്യാം പുഷ്ക്കരനാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ഒരു മരണ വീട്ടില്‍ നിന്ന് രണ്ടു വ്യക്തികള്‍ തമ്മില്‍ ആരംഭിക്കുന്ന വഴക്ക് ആ ഗ്രാമത്തിലെ ഒരുപിടി ജനങ്ങളെ മുഴുവന്‍ എത്തരത്തില്‍ ബാധിക്കുന്നു എന്നത് രസകരമായും വിശ്വസനീയതയോടെയും കഥാസന്ദര്ഭങ്ങളിലൂടെ കോര്‍ത്തിണക്കിയിരിക്കുന്നു. ഗ്രാമത്തിലെ അന്തേവാസികളുടെ ജീവിതം ഇത്രെയും മനോഹരമായി വികീഷിക്കുന്നയാളാണ് ശ്യാം പുഷ്ക്കരന്‍ എന്ന് മഹേഷിന്റെ പ്രതികാരം സിനിമ കണ്ടാല്‍ മനസ്സിലാകും. ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഓരോ വ്യക്തികളുടെയും സംഭാഷണങ്ങളും ഇടുക്കിക്കാര്‍ സംസാരിക്കുന്ന ശൈലിയില്‍ കൃത്യമായി എഴുതിയിരിക്കുന്നു എന്നത് പ്രശംസനീയം തന്നെ. തിരക്കഥയില്‍ അനാവശ്യമായ കുത്തിനിറച്ച ഹാസ്യ രംഗങ്ങളോ സംഭാഷണങ്ങളോ ഇല്ലാതെ തന്നെ ശുദ്ദമായ ഹാസ്യം എഴുതി പ്രേക്ഷരെ രണ്ടു മണിക്കൂര്‍ രസിപ്പിക്കുവാന്‍ ശ്യാം പുഷ്കരന് സാധിച്ചു. അഭിനന്ദനങ്ങള്‍!

സംവിധാനം: ⭐⭐⭐
ആഷിക് അബുവിന്റെ സംവിധാന സഹായിയായിരുന്ന ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമയാണെന്ന് മഹേഷിന്റെ പ്രതികാരം കണ്ട ഒരൊറ്റ പ്രേക്ഷന്‍ പോലും വിലയിരുത്തില്ല. അത്രയ്ക്ക് സൂക്ഷ്മതയോടെ മുഷിപ്പിക്കാതെ ലളിതമായ രീതിയില്‍ ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നു. യുക്തിക്ക് നിരക്കാത്ത ഒരൊറ്റ സന്ദര്‍ഭം പോലും ഈ സിനിമയിലില്ല. മരണ വീട്ടിലെ പ്രണയം അതിമനോഹരമായി പാട്ടിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചു വിജയിപ്പിക്കുക എന്നത് സംവിധായകന്റെ കഴിവ് തന്നെ. ആ രംഗത്തെ കുറിച്ചധികം ഇവിടെ പരാമര്‍ശിച്ചു രസം കളയുന്നില്ല. ഫഹദിന്റെ അച്ഛന്റെ വേഷം അഭിനയിച്ച നടന്‍, ബേബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലന്‍സിയാര്‍, പുതുമുഖ നായിക അപര്‍ണ്ണ ബാലമുരളി, ലിജോമോള്‍ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളെ നല്ല രീതിയില്‍ അഭിനയിപ്പിച്ചു കഥാപാത്രമായി മാറ്റുവാനും ദിലീഷിനു സാധിച്ചു. ഇത്തരത്തിലുള്ള ഹാസ്യ സിനിമകളാണ് ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്‌.

സാങ്കേതികം: ⭐⭐⭐
ഇടുക്കിയുടെ സൗന്ദര്യം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയത് ഷൈജു ഖാലിദാണ്. സിനിമയുടെ കഥയ്ക്കും പ്രമേയത്തിനും അനിവാര്യമായതെല്ലാം ഒപ്പിയെടുത്തു വിശ്വസനീയമായി ഓരോ രംഗവും ചിത്രീകരിക്കുവാന്‍ ഷൈജുവിനു സാധിച്ചു. മഹേഷും ജിംസണും തമിലുള്ള സംഘട്ടന രംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നു. അനാവശ്യമായ വലിച്ചുനീട്ടലുകളില്ലാതെ രംഗങ്ങള്‍ കോര്‍ത്തിണക്കി 2 മണിക്കൂറിനുള്ളില്‍ സിനിമയുടെ കഥ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സൈജു ശ്രീധരന് സാധിച്ചു. ബിജിബാല്‍ ഈണമിട്ട മികച്ച ഗാനങ്ങളുണ്ട് ഈ സിനിമയില്‍. ബിജിബാല്‍ തന്നെ ആലപിച്ച ഇടുക്കിയെ വര്‍ണ്ണിച്ചുകൊണ്ടുള്ള പാട്ടും, വിജയ്‌ യേശുദാസ് പാടിയ മൌനങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ടും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. റഫീക്ക് അഹമ്മദാണ് ഗാനരചന. അജയന്‍ ചാലിശ്ശേരി ഒരുക്കിയ സെറ്റുകളും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. ഒരൊറ്റ കഥാപാത്രത്തിന് പോലും മേക്കപ്പ് ഇട്ടിട്ടില്ല എന്ന തോന്നല്‍ ഉളവാക്കും വിധം മനോഹരമായിരുന്നു റോണക്സ്‌ സേവ്യര്‍ നിര്‍വഹിച്ച മേക്കപ്പ്. ഡാന്‍ജോസാണ് ശബ്ദമിശ്രണം.

അഭിനയം: ⭐⭐⭐⭐
ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, അലന്‍സിയാര്‍ ലേ, അനുശ്രീ നായര്‍, അപര്‍ണ്ണ ബാലമുരളി, ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, സുജിത് ശങ്കര്‍, സൈജു അഗസ്റ്റിന്‍, ലിജോമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം ഫഹദ് ഫാസിലിനു ലഭിച്ച അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ മഹേഷ്‌. ഓരോ ചലനങ്ങളും സൂക്ഷമാതയോടെ അച്ചടക്കത്തോടെ അഭിനയിച്ചിരിക്കുന്നു ഫഹദ്. പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ നഷ്ടപെട്ട വേദന ഉള്ളിലൊതുക്കി അവളെ വിവാഹ വേഷത്തില്‍ ഒരു നോക്ക് കാണുവാന്‍ പോവുകയും, കണ്ടതിനു ശേഷം ബൈക്കിലിരുന്നു അവളെ നോക്കി ചിരിക്കുകയും ചെയ്യുന്ന മഹേഷിനെ കയ്യടിയോടെയാണ് പ്രേക്ഷകര്‍ അഭിനന്ദിച്ചത്. അതുപോലെ ബസ്സില്‍ തന്റെ പുതിയ പ്രണയത്തെ കണ്ടെത്തി എന്ന് മനസ്സിലാക്കിയ മഹേഷ്‌ നാണത്തോടെ പടികള്‍ കയറി പോകുന്ന രംഗവും അത്യുഗ്രന്‍ അഭിനയമാണ് സാക്ഷ്യം വഹിച്ചത്. മഹേഷിന്റെ സന്തത സഹചാരിയായ ബേബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലന്‍സിയാറും, ക്രിസ്പിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിനും, ജിംസിയായി അഭിനയിച്ച അപര്‍ണ്ണ ബാലമുരളിയും, ഫഹദിന്റെ അച്ഛന്റെ റോളില്‍ അഭിനയിച്ച നടനും തന്മയത്തത്വോടെ കഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!

വാല്‍ക്കഷ്ണം: ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന മഹേഷിന്റെ നര്‍മ്മവും പ്രണയവും പ്രതികാരവും! 

സംവിധാനം: ദിലീഷ് പോത്തന്‍
രചന: ശ്യാം പുഷ്ക്കരന്‍
നിര്‍മ്മാണം: ആഷിക് അബു
ചായാഗ്രഹണം: ഷൈജു ഖാലിദ്
ചിത്രസന്നിവേശം: സൈജു ശ്രീധരന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
മേക്കപ്പ്: റൊണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വിതരണം: ഓ.പി.എം. ഡ്രീം മില്‍

മൺസൂൺ മാംഗോസ് – ⭐

image

എന്തിനോ വേണ്ടി കായ്ക്കുന്ന മാമ്പഴങ്ങൾ! ⭐

അക്കരകാഴ്ച്ചകൾ എന്ന ടെലിസീരിയലിന്റെ സംവിധായകരിൽ ഒരാളായ അഭി വർഗീസ്‌ ആദ്യമായി സംവിധാനം നിർവഹിച്ച സിനിമയാണ് മൺസൂൺ മാംഗോസ്. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹുവുമായി ജീവിക്കുന്ന ദാവീദ് പി. പള്ളിക്കൽ അഥവാ ഡി.പി. പള്ളിക്കൽ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ സിനിമയിലൂടെ അഭി വർഗീസ്‌ പറയുന്നത്. ഡി. പി. പള്ളിക്കലായി ഫഹദ് ഫാസിൽ അഭിനയിചിരിക്കുന്നു. ഡോൺ മാക്സ്(ചിത്രസന്നിവേശം), ജെയിക്സ് ബിജോയ്‌(സംഗീതം)ഒഴികെ ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചിരിക്കുന്ന സാങ്കേതിക വിദ് ഗ്ദ്ധരെല്ലാം വിദേശികളാണ്.

പ്രമേയം: ⭐
ജീവിതത്തിൽ ആഗ്രഹിച്ച തൊഴിൽ കണ്ടെത്തുവാനും അതിൽ വിജയിക്കുവാനും ഭാഗ്യം ലഭിച്ചവർ വിരലിളെന്നാവുന്നവർ മാത്രം. ആഗ്രഹങ്ങളെല്ലാം മനസ്സിലൊതുക്കി കിട്ടിയ ജോലി ചെയ്തു ജീവിക്കുന്നവർ ഒരു വശത്ത്. സ്വയം ചെയ്യാൻ പറ്റാത്ത ജോലികൾ അന്വേഷിച്ചു കണ്ടത്തി സമൂഹത്തിൽ നാണം കെടുന്നവർ മറുവശത്ത്‌. ഇത്തരത്തിലുള്ള പ്രമേയമാണ് മൺസൂൺ മാംഗോസ് പറയുന്നത്. കേട്ടുപഴകിയ ഈ പ്രമേയം സിനിമക്കുള്ളിലെ സിനിമ എന്ന പഴഞ്ചൻ കഥയിലൂടെ വീണ്ടും അവതരിപ്പിക്കുവാൻ അഭി വർഗീസ്‌ കാണിച്ച ധൈര്യത്തിനു മുന്നിൽ പ്രണാമം.

തിരക്കഥ: ⭐
സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുവാൻ പരിശ്രമിച്ചു പരാജയപെടുന്ന നായകൻ, വീട്ടുകാരുടെയും നാട്ടുകാരുടെയും വെറുപ്പ്‌ സംഭാദിക്കുന്ന അവസ്ഥ, അഭിനേതാക്കളുടെ താൽപര്യക്കുറവുമൂലം സിനിമയെടുക്കാൻ പാടുപെടുന്ന സാഹചര്യങ്ങൾ. ഇത്രേയും കണ്ടുമടുത്ത കഥാസന്ദർഭങ്ങൾ കൃത്യമായ ചേരുവയിൽ തിരക്കഥയായി എഴുതിയിട്ടുണ്ട് വിദേശികളും സ്വദേശികളും ചേർന്ന്. നിരാശാജനകം!

സംവിധാനം: ⭐⭐
പഴയ വീഞ്ഞ് പുതിയ അമേരിക്കൻ കുപ്പിയിലാക്കിയതുകൊണ്ട് പ്രേക്ഷകർ തിയറ്റർ വിട്ടു പോകാതെ കണ്ടിരുന്നു ഈ സിനിമ. അതുപോലെ കഴിവുള്ള നടീനടന്മാരെ തിരഞ്ഞെടുത്തതും സിനിമയ്ക്ക് ഗുണം ചെയ്തു. നല്ല ലൊക്കേഷനുകൾ മറ്റൊരു സവിശേഷത. കഥ പറഞ്ഞിരിക്കുന്ന രീതി പുതിയ തലമുറയെ ആകർഷിക്കുന്ന രീതിയിലാണ്. അക്കരക്കാഴ്ചകൾ സ്വീകരിച്ച പ്രേക്ഷകർ ഈ മഴക്കാല മാംഗകളെ തിരസ്കരിക്കുവാനാണ് സാധ്യത.

സാങ്കേതികം: ⭐⭐⭐
ലുക്കാസ് എന്ന ചായാഗ്രാഹകന്റെ മികവുറ്റ വിഷ്വൽസ് ആണ് ഈ സിനിമയുടെ പ്രധാന ഘടകം. അത്യുഗ്രൻ ഫ്രെയിമുകൾ പ്രേക്ഷകന് പുതിയ ദ്രിശ്യാനുഭവം നൽകുന്നു. ഡോൺ മാക്സിന്റെ സന്നിവേശം സിനിമയുടെ അവതരണത്തിന് ചേർന്ന് പോകുന്നു. ജെയിക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ചില രംഗങ്ങൾക്ക് മാറ്റുകൂട്ടുന്നു. മേക്കപ്പും വസ്ത്രാലങ്കാരവും മികച്ചു നിന്നു.

അഭിനയം: ⭐⭐
ഡി.പി.പള്ളിക്കൽ ആയി ഫഹദ് ഫാസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. കഥാപാത്രത്തിനോട്‌ നൂറു ശതമാനം നീതി പുലർത്തിയിരിക്കുന്നു ഫഹദ്. ഹിന്ദി സിനിമ നടന വിജയ്‌ റാസും തന്റെ രംഗങ്ങൾ മികവുറ്റതാക്കി. വിനയ് ഫോർട്ട്‌, ടോവിനോ തോമസ്‌, നന്ദു, തമ്പി ആന്റണി, ജോസൂട്ടി, ഐശ്വര്യ മേനോൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: സാർ ആധുനികമേ പ്രസിദ്ധികരിക്കൂ എന്ന് പറഞ്ഞതുകൊണ്ട് സോൽപം കഞ്ചാവടിച്ചു എഴുതിയതാ! എങ്ങനുണ്ട്?

കടപ്പാട്: ജഗതി ശ്രീകുമാർ(ബോയിംഗ് ബോയിംഗ്)

സംവിധാനം: അഭി വർഗീസ്‌
നിർമ്മാണം: ആന്റണി പി. തെക്കേക്ക്, പ്രേമ തെക്കേക്ക്.
ബാനർ: കായൽ ഫിലിംസ്
ചായഗ്രഹണം: ലുക്കാസ് പ്രുച്ച്നിക്
രചന: മാറ്റ് ഗ്രുബ്, അഭി വർഗീസ്‌, നവീൻ ഭാസ്കർ
ചിത്രസന്നിവേശം: ഡോൺമാക്സ്
സംഗീതം: ജെയിക്സ് ബിജോയ്‌
മേക്കപ്പ്: ലിണ്ട്സേ കല്ലൻ
വസ്ത്രാലങ്കാരം: മോണിക്ക മയൊർഗ
ശബ്ദമിശ്രണം: ഡയാന സഗ്രിസ്ട്ട
വിതരണം: സെൻട്രൽ പിക്ചേഴ്സ്