ഒരേ മുഖം – ⭐⭐


ആവർത്തനവിരസമീ മുഖം! – ⭐⭐

അവ്യക്ത കഥാപാത്രങ്ങളും അറുബോറൻ കഥാസന്ദർഭങ്ങളും അപക്വ സംവിധാനവും കൂടിച്ചേർന്ന അപ്രിയ സിനിമയാണ് ഒരേ മുഖം. കോളേജ് ക്യാംപസ്സ് കഥാപശ്ചാത്തലമാക്കിയ ഒരു സിനിമയിൽ പ്രണയവും ചട്ടമ്പിത്തരവും കാന്റീനും ഹോസ്റ്റലും അശ്ലീലവും അനിവാര്യമായ ഘടകങ്ങളാണെന്നു ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സും, വൈശാഖിന്റെ സീനിയേഴ്‌സും നമ്മൾക്ക് കാണിച്ചു തന്നിട്ടുണ്ട്. മേല്പറഞ്ഞ രണ്ടു സിനിമകളിലും നമ്മൾ കണ്ട കഥാസന്ദർഭങ്ങളും കേട്ട സംഭാഷണങ്ങളും ഒരിക്കൽക്കൂടി കാണാനും കേൾക്കാനും ആഗ്രഹമുള്ളവർക്കായി ഒരുക്കിയ സിനിമയാണ് ഒരേ മുഖം.

രാജീവ് പിള്ള നായകനായി അഭിനയിച്ച കാശ് എന്ന ആദ്യ സിനിമ സംവിധാന ദുരന്തത്തിനു ശേഷം സജിത്ത് ജഗദ്‌നന്ദൻ സംവിധാനം ചെയ്തിരിക്കുന്ന ഒരേ മുഖത്തിൽ ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ദീപു എസ്.നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ഒരേ മുഖത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം ചിത്രസന്നിവേശവും ബിജിബാൽ പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ബാക്ക്വാട്ടർ സ്റ്റൂഡിയോസിന്റെ ബാനറിൽ ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് അനിൽ ബിശ്വാസും ജയലാൽ മേനോനും ചേർന്നാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിമ്സാണ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാംപസ്സ് സിനിമകളിൽ ഒന്നാണ് ലാൽ ജോസിന്റെ ക്ലാസ്സ്മേറ്റ്സ്. സുകുവിന്റെയും താരയുടെയും മുരളിയുടെയും ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചുരുളഴിയുന്നത് വർഷങ്ങൾക്കു ശേഷമുള്ള ഒരു കൊലപാതക ശ്രമത്തിലൂടെയാണ്. ഒരേ മുഖം എന്ന സിനിമയുടെ പ്രമേയവും ക്ലാസ്മേറ്റ്സ് സിനിമ പോലെയാണ്. 36 വർഷങ്ങൾക്കു മുമ്പ് നടന്ന ഇരട്ട കൊലപാതകത്തിന്റെ നിജസ്ഥിതി പുറംലോകമറിയുന്നത് ആരോ ഒരാളുടെ പ്രതികാരത്തിന്റെ ഭാഗമായി നടക്കുന്ന കൊലപാതകത്തിന്റെ കേസ് അന്വേഷണത്തിലൂടെയാണ്. മലയാള സിനിമ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് കോളേജ് ക്യാംപസ്സ് കഥകൾ. അതിൽ ഒരല്പം പ്രണയവും സസ്‌പെൻസും ഉണ്ടെങ്കിൽ തൃപ്തരാകും പ്രേക്ഷകർ. അത് പഴയ കാലഘട്ടത്തിലൂടെ അവതരിപ്പിക്കുമ്പോൾ ആ സിനിമയ്ക്ക് മാറ്റു കൂടുകയാണ് പതിവ്. ഒരേ മുഖം എന്ന സിനിമയുടെ കഥയും മേല്പറഞ്ഞ ഘടകങ്ങളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കഥ: ⭐
ദീപു എസ്.നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ഒരേ മുഖത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. നവാഗതരുടെ പരിചയക്കുറവുമൂലമാണോ അതോ ക്ലാസ്മേറ്റ്സും സീനിയേഴ്‌സും പ്രേമവും
കണ്ടിഷ്ടപ്പെട്ടു തലക്കുപിടിച്ചതിന്റെ കെട്ടുവിടാത്തതുകൊണ്ടാണോ ഇതുപോലൊരു സാഹസത്തിനു ഇരുവരും മുതിർന്നത്?. സിനിമയുടെ ആദ്യാവസാനം കണ്ടുമടുത്ത കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും കൃത്യമായി എഴുതിച്ചേർക്കപെട്ട തിരക്കഥയാണ് ഈ സിനിമയുടേത്. സുഹൃത്തുക്കളുടെ ആത്മബന്ധമോ അവരുടെ പ്രണയമോ ഓരോ കഥാപാത്രങ്ങളുടെ സ്വഭാവ വിവരണമോ ഒന്നും തന്നെ കഥാസന്ദർഭങ്ങളാകുന്നില്ല. സഖറിയ പോത്തൻ എന്നയാളുടെ വ്യക്തിത്വം എങ്ങനെയായിരുന്നു എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പുതിയ കാലഘട്ടത്തിൽ കുറ്റാന്വേഷണവും ജേർണലിസവും കൂട്ടിയോജിപ്പിച്ച സ്ഥിരം സന്ദർഭങ്ങൾ അവർത്തനവിരസമായി അനുഭവപെട്ടു. എസ്റ്റേറ്റ് കൊലപാതകവും അതിലേക്കു നയിച്ച കഥാസന്ദർഭങ്ങളും സിനിമയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷകർക്ക് എളുപ്പത്തിൽ ഊഹിക്കാനാവുന്നതാണ്. രണ്ടു കാലഘട്ടങ്ങളിലെ ഒരേ കഥാപാത്രങ്ങളുടെ പേരുകൾ ഓർത്തുവെക്കുക എന്നതായിരുന്നു പ്രേക്ഷകരെ മുഷിപ്പിച്ച മറ്റൊരു കാര്യം. തരക്കേടില്ലാത്തൊരു പ്രമേയം ലഭിച്ചിട്ടും നല്ലൊരു കഥയോ കഥാസന്ദർഭങ്ങളോ കഥാപാത്രങ്ങളോ ഒന്നും തന്നെ രൂപപ്പെടുത്തിയെടുക്കുവാൻ തിരക്കഥാകൃത്തുക്കൾ ശ്രമിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്.

സംവിധാനം: ⭐
പല സിനിമകളും യഥാർത്ഥത്തിൽ ജനിക്കുന്നത് എഡിറ്റിങ് ടേബിളിൽ ആണെന്ന് പരിഹാസത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. അത്തരത്തിലാണോ ഒരേ മുഖവും ഉണ്ടാക്കപ്പെട്ടതു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ബന്ധവുമില്ലാത്ത കുറെ സന്ദർഭങ്ങൾ സമന്വയിപ്പിച്ചു പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചാൽ അതൊരു ത്രില്ലർ സിനിമയാകുമോ? സജിത്ത് ജഗദ്‌നന്ദൻ എന്ന സംവിധായകന്റെ ശ്രമങ്ങൾ പാഴായിപോയത് സിനിമയുടെ അവതരണത്തിലാണ്. പുതിയ കാലഘട്ടവും പഴയ കാലഘട്ടവും അവതരിപ്പിച്ചപ്പോൾ കഥയിൽ ഒളിപ്പിച്ചുവെച്ച സസ്പെൻസ് പ്രേക്ഷകർ ഊഹിച്ചെടുത്തു. കഥാപാത്രങ്ങൾക്ക് അനിയോജ്യരല്ലാത്ത അഭിനേതാക്കളെയാണ് സംവിധായകൻ ഈ സിനിമയിൽ തിരഞ്ഞെടുത്തിരിക്കുന്നത്. എസ്റ്റേറ്റ് കൊലപാതകം നടന്നിട്ട് വർഷം കുറെയായിട്ടും അതിനിടയിൽ തോന്നാത്ത പ്രതികാരം ഇത്രയും വർഷങ്ങൾക്കു ശേഷം തോന്നുവാനുള്ള കാരണം അവ്യക്തമാണ്. ഒന്നിനും ഒരു വ്യക്തതയില്ലാതെയാണ് ഓരോ കഥാസന്ദർഭങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷരുടെ മുന്നിലെത്തിയ ഒരേ മുഖം എന്നേക്കുമായി മറന്നേക്കാവുന്ന മുഖമായി മാറുമെന്ന് കരുതിയില്ല.

സാങ്കേതികം:⭐⭐⭐
അവതരണത്തിൽ പാകപ്പിഴകൾ ഏറെയുണ്ടെങ്കിലും ബിജിബാലിന്റെ പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് അനിയോജ്യമായിരുന്നു. ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ ആയിട്ടുണ്ടെങ്കിൽ അത് പശ്ചാത്തല സംഗീതത്തിന്റെ മികവുകൊണ്ട് മാത്രമാണ്. സദിരുമായി വരികയായ് എന്ന് തുടങ്ങുന്ന പാട്ടിന്റെ ഈണം പകരുന്നതും ബിജിബാലാണ്. റഫീഖ് അഹമ്മദാണ് ഗാനരചന. ലാൽജി എഴുതിയ ആരും അറിയാത്തൊരു എന്ന് തുടങ്ങുന്ന പാട്ടും ഈ സിനിമയിലുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിക്കാതെ ശരാശരിയിലൊതുങ്ങി. പുതിയ കാലഘട്ടം മഞ്ഞ നിറത്തിലുള്ളതാക്കിയത് എന്ത് കാരണത്താലാണ്? രൂപേഷ് പീതാംബരന്റെ തീവ്രം എന്ന സിനിമയ്ക്ക് ശേഷം രണ്ടു കാലഘട്ടങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് ഒരേ മുഖത്തിലാണ്. രഞ്ജൻ എബ്രഹാമാണ് രംഗങ്ങൾ സന്നിവേശം ചെയ്തത്. ഒരു രംഗവും തൊട്ടടുത്ത രംഗവും തമ്മിൽ പരസ്പര ബദ്ധം പോലുമില്ലാതെയാണ് ഈ സിനിമ അവതരിപ്പിച്ചത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തിയപ്പോൾ പ്രദീപ് രംഗന്റെ ചമയം ശരാശരിയിലൊതുങ്ങി. സാബു മോഹനാണ് കലാസംവിധാനം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന പഴമൊഴിയുടെ ഉത്തമ ഉദാഹരണമാണ് സഖറിയ പോത്തൻ എന്ന കഥാപാത്രം അവതരിപ്പിക്കുവാൻ ധ്യാൻ ശ്രീനിവാസനെ തിരഞ്ഞെടുത്തത്. തിരയിലൂടെ ത്രസിപ്പിക്കുകയും കുഞ്ഞിരാമായണത്തിലൂടെ നമ്മളെ രസിപ്പിക്കുകയും ചെയ്ത ധ്യാൻ, തന്നാലാകുംവിധം സഖറിയ പോത്തനെ വിശ്വസനീയതയോടെ അവതരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ ധ്യാൻ നേരിട്ടതിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രമായിരിക്കും സഖറിയ പോത്തൻ. ദാസ് എന്ന കഥാപാത്രത്തെ അജു വർഗീസ് തന്റെ സ്ഥിരം ശൈലിയിൽ രസകരമായി അവതരിപ്പിച്ചു. ഈ സിനിമയിലെ മറ്റെല്ലാ നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചിട്ടുണ്ട്. ദീപക് പറമ്പോൾ, അർജുൻ നന്ദകുമാർ, ജൂബി നൈനാൻ, മണിയൻ പിള്ള രാജു, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ദേവൻ, നോബി, കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി, ഹരീഷ് പരേഡി, പ്രയാഗ മാർട്ടിൻ, ഗായത്രി സുരേഷ്, സ്നേഹ, ജുവൽ മേരി, അഭിരാമി, നീന കുറുപ്പ്, ദേവി അജിത്, സ്നേഹ ശ്രീകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാൽക്കഷ്ണം: സമ്പൂർണ്ണ നിരാശ സമ്മാനിക്കുന്ന ഒരുപിടി കഥാസന്ദർഭങ്ങളും ഒരേ മുഖങ്ങളും!

സംവിധാനം: സജിദ് ജഗദ്‌നന്ദൻ
നിർമ്മാണം: അനിൽ ബിശ്വാസ്, ജയലാൽ മേനോൻ
രചന: ദീപു എസ്.നായർ, സന്ദീപ് സദാനന്ദൻ
ഛായാഗ്രഹണം: സതീഷ് കുറുപ്പ്
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
ഗാനരചന: റഫീഖ് അഹമ്മദ്, ലാൽജി കാട്ടിപ്പറമ്പൻ
സംഗീതം: ബിജിബാൽ
കലാസംവിധാനം: സാബു മോഹൻ
ചമയം: പ്രദീപ് രംഗൻ
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദലേഖനം: എൻ. ഹരികുമാർ
വിതരണം: മാജിക് ഫ്രെയിമ്സ്.