ജോമോന്റെ സുവിശേഷങ്ങൾ – ⭐⭐

അശേഷം ഗുണമില്ലാത്ത സുവിശേഷങ്ങൾ! – ⭐⭐

ഒരിക്കൽ സംവിധായകൻ സത്യൻ അന്തിക്കാട് തിരുപ്പൂരിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. ‘വിനോദയാത്ര’യ്ക്കിടയിൽ സത്യൻ അന്തിക്കാടിനു ഒരു സിനിമ കാണണമെന്ന മോഹമുണ്ടായി. അദ്ദേഹം അവിടെയുള്ള ഒരു സിനിമ തിയറ്ററിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ‘നിവിൻ പോളി സിനിമ’ കാണുവാനിടയായി. പൂർണമായും വിദേശത്തു ചിത്രീകരിച്ച ആ സിനിമയെ വാനോളം പുകഴ്ത്തി തിരക്കഥാകൃത്ത് ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറം തന്റെ ഫെയിസ്‍ബുക്കിൽ കുറിച്ചിരിക്കുന്നത് സത്യൻ അന്തിക്കാട് വായിക്കുവാനിടയായി. ഒരു ഇന്ത്യൻ പ്രണയകഥയ്ക്കു ശേഷം ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന് സത്യൻ അന്തിക്കാടും ഇക്‌ബാൽ കുറ്റിപ്പുറവും തീരുമാനമെടുത്തു. അങ്ങനെയാണ് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ ആരംഭിക്കുന്നത്. ചില സത്യങ്ങൾ കെട്ടുകഥകളെക്കാൾ അവിശ്വസനീയമാണ്!

ഫുൾ മൂൺ സിനിമാസിനു വേണ്ടി സേതു മണ്ണാർക്കാട് നിർമ്മിച്ചിരിക്കുന്ന ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖർ സൽമാനാണ് ജോമോനായി അഭിനയിച്ചിരിക്കുന്നത്. അച്ഛൻ-മകൻ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ മുകേഷാണ് അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ രാജേഷും അനുപമ പരമേശ്വരനുമാണ് നായികമാരായത്.

പ്രമേയം: ⭐
അച്ഛനും മക്കളുമടങ്ങുന്ന സമ്പന്ന കുടുംബത്തിലെ താന്തോന്നിയായ ഇളയമകൻ ഒരു നിർണ്ണായക ഘട്ടത്തിൽ അച്ഛന്റെ രക്ഷകനായി മാറുന്നു. ബിസിനെസ്സ് തകർന്നടിഞ്ഞു ഒറ്റപ്പെട്ട അച്ഛന്റെ സ്വപ്‌നങ്ങൾ ഓരോന്നും സ്വപ്രയത്നംകൊണ്ട് തിരിച്ചുപിടിക്കുന്ന മകന്റെ സ്നേഹത്തിന്റെ കഥയാണ് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലൂടെ ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറവും സത്യൻ അന്തിക്കാടും അവതരിപ്പിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മുൻകാല സിനിമകളിലൂടെ തന്നെ ഒരുപാട് തവണ പറഞ്ഞു പഴകിയതാണ് ഈ സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐⭐
നോക്കി നോക്കി നോക്കി നിന്ന്…
കാത്തു കാത്തു കാത്തു നിന്ന്…ഒടുവിൽ പ്രദർശനത്തിനെത്തിയ ജോമോന്റെ സുവിശേഷങ്ങൾ ഓരോന്നും പ്രേക്ഷകർ കണ്ടുമടുത്തതും കേട്ടുപഴകിയതുമാണെന്നും ദൗർഭാഗ്യകരമായ സത്യമാണ്. ഓരോ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും സൃഷ്ടിക്കപ്പെടേണ്ടത് സംവിധായകനു വേണ്ടിയോ നായക നടനു വേണ്ടിയോ ആകരുത് എന്ന വസ്തുത ഇക്‌ബാൽ കുറ്റിപ്പുറം മറന്നിരിക്കുന്നു. അദ്ദേഹത്തിന്റെ മുൻകാല സിനിമകളൊന്നും അത്തരത്തിലുള്ളവ
ആയിരുന്നില്ല. എന്നാൽ, ജോമോന്റെ സുവിശേഷങ്ങൾ കാണുമ്പോൾ അതിലെ ഓരോ രംഗങ്ങളും കഥാപാത്രങ്ങളും സത്യൻ അന്തിക്കാടിന് വേണ്ടിയും ദുൽഖർ സൽ‍‍മാന് വേണ്ടിയും എഴുതപ്പെട്ടതാണെന്നു വ്യക്തമാണ്. നല്ലവരാണെന്നു കരുതിയ മക്കൾ ഒരുനാൾ അച്ഛനെ ഉപേക്ഷിക്കുമ്പോൾ, മോശപെട്ടവനാണെന്നു കരുതിയ മകൻ അച്ഛനെ ഏറ്റെടുക്കുന്നു എന്ന പ്രമേയം എത്രയോ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. തിരക്കഥ രചനയിൽ പുതുമകൾ പ്രതീക്ഷിക്കുമ്പോൾ അവിടെയും പ്രേക്ഷകർ നിരാശരാവുകയാണ്. കാരണം, കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ ഒരു സിനിമയുമായി ഒരുപാട് സാമ്യമുള്ളതാണ് ഈ സിനിമയുടെ കഥാഗതിയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും. ഇതുപോലെയുള്ള അബദ്ധങ്ങളിൽ ചെന്ന് ദുൽഖർ സൽമാൻ എങ്ങനെ തലവെയ്ക്കുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ഒരു ചോദ്യം.

സംവിധാനം: ⭐⭐
ജീവിതം പഠിക്കണമെങ്കിൽ കേരളത്തിൽ സ്ഥലമില്ല എന്നും തമിഴ് നാട്ടിലെ ഉൾഗ്രാമ പ്രദേശത്തു മാത്രമേ പഠനം സാധിക്കുകയുള്ളു എന്ന് കാലാകാലങ്ങളായി സത്യൻ അന്തിക്കാട് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ മഴവിൽകാവടി മുതൽ ഒരുപാട് സിനിമകളിൽ നായകനെ ഉത്തരവാദിത്വമുള്ള ജീവിത പഠനത്തിനായി തമിഴ് നാട്ടിലേക്കു കയറ്റിവിട്ടിട്ടുണ്ട്. വർഷമേറെയായിട്ടും അതിലൊന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. കുറച്ചു വർഷങ്ങളായി സത്യൻ അന്തിക്കാട് എന്ന സംവിധായകൻ ഒരേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ് പോലെയാണെങ്കിലും അവയിൽ ഓരോന്നിലും കഥാപരമായി പുതുമകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ സിനിമയുടെ കാര്യത്തിൽ അതും പഴയ വീഞ്ഞ് തന്നെ. തിലകനും നെടുമുടി വേണുവിനും പകരം മുകേഷ് അച്ഛൻ സ്ഥാനമേറ്റെടുത്തു എന്നതല്ലാതെ മറ്റൊരു പുതുമയും സംവിധായകന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ കണ്ടെത്തുകയും, കഥാസന്ദർഭത്തിനു യോജിച്ച പശ്ചാത്തല സംഗീതം നൽകി എന്നത് മാത്രമാണ് സംവിധാനത്തിൽ മികവായി തോന്നിയത്. ഒരുപാട് മികച്ച കുടുംബചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാടിൽ നിന്നും കലാമൂല്യമുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നു.

സാങ്കേതികം: ⭐⭐⭐
തൃശൂർ നഗരത്തിന്റെ സമ്പന്നതയും തിരുപ്പൂർ ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഒപ്പിയെടുത്തുകൊണ്ടു എസ്.കുമാർ വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. ആദ്യ പകുതിയിലെ ‘നോക്കി നോക്കി നിന്ന്’ എന്ന പാട്ടിന്റെ ചിത്രീകരണം നിലവാരം പുലർത്തിയില്ലയെങ്കിലും, രണ്ടാം പകുതിയിലെ ‘പൂങ്കാറ്റേ’ എന്ന പാട്ടിന്റെ ചിത്രീകരണവും ‘നീലാകാശം’ എന്ന പാട്ടിന്റെ ചിത്രീകരണവും മികവ് പുലർത്തി. കെ. രാജഗോപാലാണ് രംഗങ്ങൾ കോർത്തിണക്കിയത്. സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം അവതരണ ശൈലിയിൽ തന്നെയാണ് രംഗങ്ങൾ സന്നിവേശം ചെയ്തിരിക്കുന്നത്. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങൾ ഒന്നും സിനിമയില്ലായെങ്കിലും, ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ് പല രംഗങ്ങളും കോർത്തിണക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട നാല് പാട്ടുകളാണ് സിനിമയിലുള്ളത്. അവയിൽ നജീം അർഷാദും സുജാതയും ആലപിച്ച നീലാകാശം എന്ന പാട്ടു മികവ് പുലർത്തി. രംഗങ്ങളുടെ പശ്ചാത്തല സംഗീതം നൽകിയതും വിദ്യാസാഗറാണ്. ഏറെ നാളുകൾക്കു ശേഷം വിദ്യാസാഗർ പശ്ചാത്തല സംഗീതം നിർവഹിച്ചതിൽ മികവ് പുലർത്തിയ സിനിമയാണിത്. അച്ഛൻ-മകൻ ആത്മബദ്ധം പ്രേക്ഷക ഹൃദയങ്ങളിൽ നൊമ്പരമുണർത്തിയതിനു പ്രധാന കാരണങ്ങളിൽ ഒന്ന് വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതമാണ്. പ്രശാന്ത് മാധവാണ് കലാസംവിധാനം നിർവഹിച്ചത്. നെയ്ത്തുകാരുടെ ഗ്രാമത്തിന്റെ കഥാപശ്ചാത്തലത്തിൽ ഒരുക്കിയ രംഗങ്ങളിൽ പലതും മറ്റേതോ സ്ഥലത്തു ചിത്രീകരിച്ചത് പോലെയാണ് തോന്നിയത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തി. പാണ്ഡ്യനാണ് ചമയം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐⭐
ജോമോൻ എന്ന കഥാപാത്രത്തെ നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ അത്യന്തം രസകരമായി ജോമോന്റെ കുസൃതികളെ ദുൽഖർ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ അച്ഛനോടുള്ള ആത്മബന്ധമുളവാക്കുന്ന രംഗങ്ങളും തന്മയത്വത്തോടെ ദുൽഖർ അഭിനയിച്ചിട്ടുണ്ട്. വിൻസെന്റ് എന്ന കഥാപാത്രമായി മുകേഷ് മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. മുകേഷ് നാളിതുവരെ അഭിനയിച്ചതിൽ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഈ സിനിമയിലെ വിൻസെന്റ് എന്ന അച്ഛൻ കഥാപാത്രം. തമിഴ് നടൻ മനോബാല തനിക്കു ലഭിച്ച വേഷം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ, ഇന്നസെന്റ്, ശിവജി ഗുരുവായൂർ, വിനു മോഹൻ, ഇർഷാദ്, ഗ്രിഗറി, നന്ദുലാൽ, വിനോദ് കെടാമംഗലം, ഐശ്വര്യ രാജേഷ്, അനുപമ പരമേശ്വരൻ, ഇന്ദു തമ്പി, മുത്തുമണി, രസ്ന പവിത്രൻ എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: പറഞ്ഞു പഴകിയ സുവിശേഷങ്ങളടങ്ങുന്ന ജോമോന്റെ ജീവിത പാഠപുസ്തകത്തിൽ രസിപ്പിക്കുന്നതൊന്നുമില്ല.

സംവിധാനം: സത്യൻ അന്തിക്കാട്
നിർമ്മാണം: സേതു മണ്ണാർക്കാട്
രചന: ഇക്‌ബാൽ കുറ്റിപ്പുറം
ഛായാഗ്രഹണം: എസ്. കുമാർ
ചിത്രസന്നിവേശം: രാജഗോപാൽ
സംഗീതം: വിദ്യസാഗർ
ഗാനരചന: റഫീഖ് അഹമ്മദ്
കലാസംവിധാനം: പ്രശാന്ത് മാധവ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
ചമയം: പാണ്ഡ്യൻ
വിതരണം: കലാസംഘം ത്രൂ എവർഗ്രീൻ.