കവി ഉദ്ദേശിച്ചത്? – ⭐⭐

വോളിബോളിന്റെ നാമത്തിൽ ഒരു പന്തയകഥ! – ⭐⭐

രമണിയേച്ചിയുടെ നാമത്തിൽ എന്ന ലഘു സിനിമയ്ക്ക് ശേഷം മുഖ്യധാര സിനിമയിലേക്ക് തോമസും ലിജു തോമസും അരങ്ങേറ്റം കുറിച്ചത് ചില ഉദ്ദേശങ്ങളോടെയാണ്. അത്തരത്തിലുള്ള ആദ്യ സംരംഭമാണ് കവി ഉദ്ദേശിച്ചത്. കവി ഉദ്ദേശിച്ചതതെന്താണെന്നു മനസ്സിലാക്കിയ ആസിഫ് അലിയും സജിൻ ജാഫറും അവരുടെ നിർമ്മാണ കമ്പിനിയായ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷന്റെ പേരിൽ ഈ സിനിമ നിർമ്മിച്ചു.

അള്ളിമൂല എന്ന ഗ്രാമനിവാസികളുടെ പ്രിയപ്പെട്ട കായിക വിനോദമാണ് വോളിബോൾ. വോളിബോൾ വിനോദത്തിനു വേണ്ടി കുടുംബം വരെ പന്തയത്തിനു ഉപയോഗിക്കുന്നവരാണ് അള്ളിമൂലയിലെ കുടുംബങ്ങൾ. അവരിൽ പ്രമുഖരായ വട്ടത്തിൽ തറവാട്ടിലെ ബോസ്‌കോയും വോളിബോൾ പന്തയംവെച്ചു നടത്തുന്നതിൽ പിന്നോട്ടല്ല. വട്ടത്തിൽ ബോസ്‌കോയുടെ ആജന്മ ശത്രുവാണ് കാവാലം ജിമ്മി. ഗാങ്സ് ഓഫ് അള്ളിമൂല എന്ന വോളിബോൾ ടീമിന്റെ സാരഥിയാണ് കാവാലം ജിമ്മി. ജിമ്മിയും സുഹൃത്തുക്കളും വട്ടത്തിൽ ബോസ്‌കോയും സുഹൃത്തുക്കളും തമ്മിൽ കടുത്ത ശത്രുതയിലാണ്.

ഒരിക്കൽ, ഇവർ തമ്മിൽ വോളിബോൾ വിനോദത്തിനായി പന്തയംവെയ്ക്കുന്നു. ഗാങ്സ് ഓഫ് അള്ളിമൂല ടീമിന്റെ പരിശീലകനായി മിന്നൽ സൈമൺ വരുന്നതോടെ കഥ ഏറെ രസകരമാകുന്നു. കാവാലം ജിമ്മിയായി ആസിഫ് അലിയും, മിന്നൽ സൈമണായി ബിജു മേനോനും, വട്ടത്തിൽ ബോസ്‌കോയായി നരേനും അഭിനയിച്ചിരിക്കുന്നു.

സൈജു കുറുപ്പ്, ബാലു വർഗീസ്, ബിജു കുട്ടൻ, സുധി കോപ്പ, അഭിഷേക്, ഗണപതി, മനോജ് ഗിന്നസ്, പ്രദീപ് കോട്ടയം, ശശി കലിങ്ക, സുനിൽ സുഖദ, ബാലാജി, ദിനേശ് നായർ, പ്രശാന്ത് അലക്‌സാണ്ടർ, ആലപ്പി അഷ്‌റഫ്, കെ.ടി.സി.അബ്ദുള്ള, അഞ്ജു കുര്യൻ, സിജ റോസ്, ലെന, ബിന്ദു പണിക്കർ, ചിത്ര ഷേണായ്, വീണ നായർ എന്നിവരാണ് കവി ഉദ്ദേശിച്ചതിലെ മറ്റു പ്രധാന അഭിനേതാക്കൾ.

പ്രമേയം: ⭐⭐
ആജന്മ ശത്രുക്കളായ രണ്ടുപേർ അവരുടെ പ്രണയസാഫല്യത്തിനു വേണ്ടി വോളിബോൾ കായിക വിനോദത്തിന്റെ പേരിൽ പന്തയംവെച്ച് കലഹിക്കുന്നതാണ് കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ പ്രമേയം. തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ് ഈ സിനിമയുടെ കഥ എഴുതിയത്. ഗ്രാമീണ പശ്ചാത്തലവും ഗൃഹാതുരതയും സൗഹൃദവും പ്രണയവും ബാല്യകാലസ്മരണകളും വോളിബോൾ കളിയുമെല്ലാം കോർത്തിണക്കിയതാണ് ഈ സിനിമയുടെ കഥ. കേട്ടുപഴകിയ പ്രമേയമാണെങ്കിലും വോളിബോൾ കായിക വിനോദം പശ്ചാത്തലമാക്കിയ അധികം സിനിമകളൊന്നും മലയാളത്തിലുണ്ടായിട്ടില്ല എന്നതാണ് ഏക പ്രത്യേകത.

തിരക്കഥ: ⭐⭐
ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറഞ്ഞിട്ടുള്ള മലയാള സിനിമകളിൽ കാലാകാലങ്ങളായി കണ്ടുവരുന്ന സ്ഥിരം കാഴ്ചകളായ ഒരുപറ്റം ചെറുപ്പക്കാരും അവരുടെ സൗഹൃദവും പ്രണയവും ശത്രുതയും കായിക വിനോദവും പന്തയംവെക്കലും നിസ്സഹായാവസ്ഥയും അടിപിടിയും എല്ലാമടങ്ങുന്നതാണ് ഈ സിനിമയുടെയും തിരക്കഥ. തോമസും മാർട്ടിൻ ഡ്യൂറോയും ചേർന്നാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. നവാഗതരായ ഇരുവരും രസകരമായ ഒരു സിനിമയ്ക്ക് യോജിച്ച തിരക്കഥ എഴുതണം
എന്ന ലക്ഷ്യം മനസ്സിൽവെച്ചുകൊണ്ടാണ് ഈ സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിയത്. ഒരു രസകരമായ സിനിമയ്ക്കു വേണ്ടിയുള്ള എല്ലാ ചേരുവകളും കൃത്യമായി ഉൾപ്പെടുത്തിയാണ് പ്രേക്ഷകരെ മുഷിപ്പിക്കാതെ മുമ്പോട്ടു കൊണ്ടുപോയത്. കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും കഥാഗതിയും എല്ലാം പ്രവചിക്കാനാവുന്നതായിരുന്നു എന്നതുതന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളിൽ ഒന്ന്. രമണിയേച്ചിയുടെ നാമത്തിൽ എന്ന ലഘു സിനിമ പോലെ, കവി ഉദ്ദേശിച്ചതിലും കഥാസന്ദർഭങ്ങളെക്കാൾ പ്രാധാന്യം അണിയറപ്രവർത്തകർ നൽകിയത് ആവിഷ്കാരത്തിനായിരുന്നു. ഒരല്പം ഭേദപെട്ട തിരക്കഥയായിരുന്നുവെങ്കിൽ മറ്റൊരു 1983 ആകുമായിരുന്നു ഈ സിനിമയും.

സംവിധാനം: ⭐⭐⭐
തോമസും ലിജു തോമസും ചേർന്നാണ് കവി ഉദ്ദേശിച്ചത് സംവിധാനം ചെയ്തത്. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളിലെ ന്യൂനതകൾ രസകരമായ അവതരണ രീതികൊണ്ട് സവിശേഷമാക്കിയ കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. വോളിബോൾ കളിയെ ഇത്രയും വിശ്വസനീയതയോടെയും ത്രില്ലടിപ്പിക്കുന്ന രീതിയിലും അവതരിപ്പിച്ചതാണ് ഈ സിനിമയുടെ രക്ഷയായത്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിൽ പൂർണമായി വിജയിക്കുവാൻ സംവിധായകർക്ക് സാധിച്ചു. കണ്ടുമടുത്തതും കേട്ടപഴകിയതുമായ കഥാസന്ദർഭങ്ങളാൽ സമ്പന്നമാണ് ആദ്യപകുതിയെങ്കിലും, രണ്ടാമത്തെ പകുതീയുടെ അവസാന ഭാഗങ്ങൾ ഉദ്യോഗജനകമായി ചിത്രീകരിക്കുവാൻ ഇരുവർക്കും സാധിച്ചു. ഒരു ലഘു സിനിമയെടുത്തത് കണ്ടിഷ്ടപ്പെട്ട ആസിഫ് അലി ഈ സിനിമയുടെ സംവിധായകർക്ക് തുറന്നുകൊടുത്തത് സിനിമയിലേക്കുള്ള കവാടമാണ്. തോമസും ലിജുവും പോലെ അനേകായിരം സിനിമ പ്രേമികൾ ദിനംതോറും ലഘു സിനിമകൾ സംവിധാനം ചെയ്യുന്നുണ്ട്. അവർക്കും ഇത്തരത്തിലുള്ള ഒരു അവസരം നൽകാൻ ആസിഫ് അലിയെ പോലെ മറ്റാരെങ്കിലും കടന്നുവരട്ടെ.

സാങ്കേതികം: ⭐⭐⭐
കണ്ണൂർ ഇരുട്ടിയിലെ ഗ്രാമപ്രദേശമാണ് അള്ളിമൂലയാക്കി ചിത്രീകരിച്ചിരിച്ചത്. സ്ഥിരം കാഴ്ചകളിൽ നിന്നും പുതുമനൽക്കുന്ന ഒന്നും ഷെഹനാദ് ജലാൽ നിർവഹിച്ച ഛായാഗ്രഹണത്തിനില്ല. ആവേശഭരിതമായ ചടുലതയോടെ വോളിബോൾ കളി ചിത്രീകരിച്ചതാണ് ഛായാഗ്രഹണത്തിലുള്ള മേന്മ. സുനിൽ എസ്. പിള്ളയാണ് രംഗങ്ങൾ കോർത്തിണക്കിയത്. സിനിമയുടെ കഥ നിയന്ത്രിക്കുന്നതനിസരിച്ചു രംഗങ്ങൾ കൂട്ടിയോജിപ്പിച്ചു എന്നതുമാത്രമാണ് സുനിൽ ചെയ്തത്. വോളിബോൾ കളിയുടെ ചിത്രീകരണവും സന്നിവേശവും മികവുപുലർത്തി. ജെയ്ക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം. ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളിൽ പശ്ചാത്തല സംഗീതമുണ്ടായിരുന്നോ എന്നുപോലും പ്രേക്ഷകർ ഓർക്കുന്നില്ല. റഫീഖ് അഹമ്മദ് എഴുതിയ ഇന്നലെയും എന്ന പാട്ടിനു സംഗീതം നൽകിയത് വിനു തോമസാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിൽ ഒരു പാട്ടിനു ജെയ്ക്സ് ബിജോയിയും സംഗീതം നൽകിയിട്ടുണ്ട്. വോളിബോൾ കളിയ്ക്കുള്ള സെറ്റുകൾ ഒരുക്കിയ നിമേഷ് താനൂർ അഭിനന്ദനം അർഹിക്കുന്നു. രമ്യ സുരേഷിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐
ആസിഫ് അലിയും ബിജു മേനോനും അവരവരുടെ കഥാപാത്രങ്ങളെ രസകരമായ രീതിയിൽ അവതരിപ്പിച്ചു. ഉടായിപ്പു കഥാപാത്രങ്ങൾ അലസമായി അവതരിപ്പിക്കുവാൻ ബിജു മേനോനോളം കഴിവ് മറ്റാർക്കുമില്ല. നായിക വേഷത്തിലെത്തിയ അഞ്ജു കുര്യനും കിട്ടിയ കഥാപാത്രം മോശമാക്കിയില്ല. വട്ടത്തിൽ ബോസ്‌കോ എന്ന കഥാപാത്രമായി നരേനും വേഷമിട്ടു. ഒരല്പം അമിതാഭിനയം അവിടിവിടങ്ങളിലായി ഉണ്ടായിരുന്നോ എന്ന് തോന്നിപോകുന്നവിധമാണ് നരേൻ അഭിനയിച്ചത്. ബാലു വർഗീസും അഭിഷേകും സുധി കോപ്പയും ആസിഫ് അലിയ്ക്കു മികച്ച പിന്തുണ നൽകി. വില്ലൻ വേഷത്തിലെത്തിയ സൈജു കുറുപ്പും സുനിൽ സുഖദയും, അമ്മ വേഷത്തിലെത്തിയ ബിന്ദു പണിക്കരും സ്ഥിരം മാനറിസങ്ങൾ വീണ്ടും ആവർത്തിച്ചു. ഇതുവരെ ലഭിക്കാത്ത ഒരു വേഷമാണ് ലെന ഈ സിനിമയിൽ അവതരിപ്പിച്ചത്. അത് നല്ലരീതിയിൽ അവതരിപ്പിക്കുവാനും ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരെക്കൂടാതെ ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: ഗൃഹാതുരതയും സൗഹൃദവും വോളിബോളും കോർത്തിണക്കിയ രസകരമായ സിനിമ!

സംവിധാനം: തോമസ്, ലിജു തോമസ്
നിർമ്മാണം: ആസിഫ് അലി, സജിൻ ജാഫർ
ബാനർ: ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ
രചന: തോമസ്, മാർട്ടിൻ ഡ്യുറോ
ഛായാഗ്രഹണം: ഷെഹനാദ് ജലാൽ
ചിത്രസന്നിവേശം: സുനിൽ എസ്. പിള്ള
ഗാനരചന: റഫീഖ് അഹമ്മദ്, ജ്യോതിഷ് കാശി
സംഗീതം: ജെയ്ക്സ് ബിജോയ്, വിനു തോമസ്
പശ്ചാത്തല സംഗീതം: ജെയ്ക്സ് ബിജോയ്
കലാസംവിധാനം: നിമേഷ് താനൂർ
വസ്ത്രാലങ്കാരം: രമ്യ സുരേഷ്
ചമയം: അമൽ
സംഘട്ടനം: മാഫിയ ശശി
നൃത്തസംവിധാനം: ഷോബിൻ പോൾരാജ്
വിതരണം: ആദംസ് റിലീസ്.