ലക്ഷ്യം – ⭐


അലക്ഷ്യം അവിശ്വസനീയം! – ⭐

രണ്ടു വ്യക്തികൾ രണ്ടു ലക്ഷ്യങ്ങൾ. ഒരാൾക്ക്‌ തന്റെ നിരപരാധിത്വം തെളിയിക്കണമെന്ന ലക്ഷ്യവും മറ്റൊരാൾക്ക് വിലപിടിപ്പുള്ള ഒരു മോഷണ വസ്തു സ്വന്തമാക്കണമെന്ന ലക്ഷ്യവും. ജീത്തു ജോസഫ് എഴുതിയ കഥാസന്ദർഭങ്ങൾ ആകാംഷ ജനിപ്പിക്കുന്നതായിരുന്നുവെങ്കിലും, കഥാഗതി അവിശ്വസനീയമായിരുന്നു. അത്തരത്തിലുള്ള ഒരു കഥയുടെ അലക്ഷ്യമായ അവതരണമാണ് അൻസാർ ഖാൻ സ്വീകരിച്ചത്.

ജീത്തു ജോസഫും, ടെജി മണലേലിലും, ജോയ് തോമസ് ശക്തികുളങ്ങരയും ചേർന്നാണ് ലക്ഷ്യം നിർമ്മിച്ചത്. നവാഗതനായ അൻസാർ ഖാന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് ജീത്തു ജോസഫാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും, അയൂബ് ഖാൻ സന്നിവേശവും, അനിൽ ജോൺസൺ പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
കൊലപാതകകുറ്റത്തിന് ശിക്ഷ ലഭിച്ച വിമലും മോഷണക്കുറ്റത്തിന് ജയിലടച്ച മുസ്തഫയും പോലീസ് ജീപ്പിൽ സഞ്ചരിച്ചുകൊണ്ടിരിക്കവേ ഒരുപകടം സംഭവിക്കുകയും, ആ ജീപ്പ് കാടിനുള്ളിലെ കൊക്കയിലേക്ക് വീഴുകയും ചെയ്യുന്നു. ഇരുവരെയും ബന്ധിപ്പിക്കുന്ന വിലങ്ങു കൈകളിൽ ഉള്ളതിനാൽ പരസ്പര സഹായത്തോടെ മാത്രമേ ഇരുവർക്കും രക്ഷപെടാൻ സാധിക്കുകയുള്ളു. കൈകളിലുള്ള വിലങ്ങല്ലാത്ത ഇരുവരെയും ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ആ ഘടകമാണ് ഈ സിനിമയുടെ സസ്പെൻസ്. അൻസാർ ഖാന്റേതാണ് കഥ.

തിരക്കഥ: ⭐
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വാണിജ്യവിജയം നേടിയ സിനിമയാണ് ദൃശ്യം. സിനിമ പ്രേമികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ സിനിമയാണ് മെമ്മറീസ്. വേറിട്ട സസ്പെൻസിലൂടെ അവതരിപ്പിച്ച ഒന്നായിരുന്നു ഡിറ്റെക്റ്റിവ്. മേല്പറഞ്ഞ മൂന്ന് സിനിമകളും പ്രേക്ഷകർ സ്വീകരിച്ചരിച്ചതിനു കാരണം ജീത്തു ജോസഫിന്റെ രചനാപാടവം ഒന്നുകൊണ്ടു മാത്രമാണ്. വിശ്വസനീയമായ കഥാഗതിയും സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയുമാണ് മൂന്ന് സിനിമകളുടെയും പ്രത്യേകത. ലക്ഷ്യം എന്ന സിനിമയുടെ തിരക്കഥയിലെ വഴിത്തിരുവുകളിൽ പലതും യുക്തിക്ക് നിരക്കാത്തതായിരുന്നു. ഇന്ദ്രജിത്ത് അവതരിപ്പിച്ച വിമൽ എന്നയാളെ കൊലപാതകിയാണെന്നു കരുതുവാനുള്ള സാഹചര്യ തെളിവുകൾ ഉണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും, അവയൊന്നും കഴമ്പുള്ളതായിരുന്നില്ല. കാമുകിയുടെ കൂട്ടുകാരികൾക്കു മുഴുവനറിയാവുന്ന ഒന്നായിരുന്നു വിമലിന്റെയും ശാലിനിയുടെയും പ്രണയം. ആ അവസരത്തിൽ ശാലിനിയെ വകവരുത്താൻ വിമൽ ശ്രമിക്കുമെന്ന് ഏവരും കരുതും എന്ന സാഹചര്യം അവിശ്വസനീയമായിരുന്നു. അതുപോലെ, കൊലയാളിയാരാണെന്നു പലതവണ സംശയം തോന്നിപ്പിക്കുന്ന സന്ദർഭങ്ങളിലൂടെ വിമൽ കണ്ടന്നുപോകുന്നുണ്ടെങ്കിലും അവയൊന്നും മനസിലാകാത്ത അത്രയും മന്ദബുദ്ധിയല്ല വിമൽ എന്ന കഥാപാത്രം. മേല്പറഞ്ഞവയാണ് യുക്തിയെ ചോദ്യം ചെയ്യുന്ന ഒന്ന് രണ്ടു കഥാസന്ദർഭങ്ങൾ. സിനിമയുടെ ആദ്യാവസാനം സംഭാഷണങ്ങളിൽ കൃത്രിമത്വം നിറഞ്ഞിരുന്നു. കാമുകിയെ കൊന്നയാളെ കണ്ടുപിടിക്കാൻ സഹായിക്കാൻ സമ്മതിക്കുന്ന മുസ്തഫയോട് വിമൽ വിലപേശുന്ന സംഭാഷണങ്ങൾ തന്നെ ഉദാഹരണം. സിനിമയുടെ ആദ്യപകുതിയുടെ അവസാനമുള്ള സസ്പെൻസും, ക്‌ളൈമാക്‌സിനോട് ചേർന്നുള്ള രണ്ടാമത്തെ സസ്‌പെൻസും നിലനിർത്തിയിരുന്ന രീതി മാത്രമാണ് ഏക ആശ്വാസം. ജീത്തുവിന്റെ ഭാവനയിൽ ഉടലെടുക്കുന്ന മറ്റൊരു ദൃശ്യത്തിനായി കാത്തിരിക്കാം.

സംവിധാനം: ⭐⭐
ജീത്തു ജോസഫിന്റെ സഹായിയിരുന്ന അൻസാർ ഖാന്റെ സംവിധാന രീതിയാണ് ഒരുപരിധിവരെ ലക്ഷ്യം എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. സസ്പെൻസ് നിലനിർത്തിയ രീതി പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. ഊഴം എന്ന സിനിമയിലേത് പോലെ നോൺ ലീനിയർ അവതരണമാണ് ഈ സിനിമയിലും. കാടിന്റെ ഭീകരത അവതരിപ്പിക്കാൻ ഗ്രാഫിക്സിന്റെ സഹായത്തോടെ ശ്രമിച്ചിരുന്നുവെങ്കിലും, ആ ശ്രമം പാഴായിപ്പോയി. കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്ന രംഗം അതിനുദാഹരണം. രണ്ടു മണിക്കൂറിൽ കൂടാതെയുള്ള കഥയുടെ അവതരണം പ്രേക്ഷകരിൽ ബോറടി സൃഷ്ടിച്ചില്ല. സംവിധായകന്റെ ആദ്യ സിനിമ എന്ന പരിചയക്കുറവ് സിനിമയിലുടനീളം കണ്ടിരുന്നു. എന്നിരുന്നാലും, സസ്പെൻസ് സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകരെ ത്രിപ്തിപെടുത്തുവാൻ അൻസാർ ഖാന്റെ ലക്ഷ്യത്തിനു സാധിച്ചു എന്ന് കരുതാം.

സാങ്കേതികം: ⭐⭐⭐
കഥയുടെ ഗൗരവം നഷ്ടമാകാതെ കാടിന്റെ വശ്യത മുഴുവൻ ഒപ്പിയെടുത്തുകൊണ്ടു മികച്ച കാഴ്ചകൾ ഒരുക്കിയ ഛായാഗ്രാഹകൻ സിനു സിദ്ധാർഥ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ടോണി മാക്മിത്ത് നിർവഹിച്ച ഗ്രാഫിക്സ് വേണ്ടത്ര വിശ്വസനീയത നൽകാതിരുന്നത് ഒരുപരിധിവരെ മറച്ചുപിടിക്കാൻ സിനു സിദ്ധാർത്ഥിന്റെ ചായഗ്രഹണത്തിനു കഴിഞ്ഞിട്ടുണ്ട്. അയൂബ് ഖാന്റെ സന്നിവേശം ആദ്യപകുതിയിലെ രംഗങ്ങളെ ത്രസിപ്പിക്കുന്ന രീതിയിലാക്കുവാൻ സഹായിച്ചിട്ടുണ്ട്. ഒരു ഹൃസ്വചിത്രത്തിനു മാത്രം സാധ്യതയുള്ള കഥയെ അധികം വലിച്ചുനീട്ടാതെ രണ്ടുമണിക്കൂറിനുള്ളിൽ അവതരിപ്പിച്ചത് ആസ്വാദനത്തിനു ഗുണകരമായി. മാഫിയ ശശിയും അൻപ് അറിവും ചേർന്ന് സംവിധാനം നിർവഹിച്ച സംഘട്ടന രംഗങ്ങൾ ശരാശരിയിലൊതുങ്ങി. സന്തോഷ് വർമ്മ എഴുതി എം.ജയചന്ദ്രൻ ഈണമിട്ട ഒരേയൊരു ഗാനം മാത്രമാണ് ഈ സിനിമയിലുള്ളത്. അനിൽ ജോൺസൺ നിർവഹിച്ച പശ്ചാത്തല സംഗീതം ശ്രദ്ധ നേടുന്നില്ല. ഹസ്സൻ വണ്ടൂരിന്റെ ചമയം കൃത്രിമത്വം നിറഞ്ഞതായിരുന്നു. ജീപ്പപകടം സംഭവിച്ചപ്പോൾ അതിലുണ്ടായിരുന്ന പോലീസുകാരുടെ മുഖത്തും ദേഹത്തും പരിക്കുകൾ സംഭവിച്ചതായി കണ്ടു. എന്നാൽ, ഇന്ദ്രജിത്തിനും ബിജു മേനോനും പരിക്കുകൾ നെറ്റിയിലും മുഖത്തും മാത്രമായി ഒതുങ്ങി. ലിന്റ ജീത്തുവിന്റെ വസ്ത്രാലങ്കാരം കഥാസന്ദർഭങ്ങൾക്കു അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐
വിമൽ എന്ന കഥാപാത്രമായി ഇന്ദ്രജിത്തും മുസ്തഫയായി ബിജു മേനോനും തരക്കേടില്ലാത്ത അഭിനയം കാഴ്ചവെച്ചു. പരുക്കൻ സ്വഭാവമുള്ള ഒരു വ്യക്തിത്വമാണ് വിമലിന്റേത്. സിനിമയിലുടനീളം ആ ഭാവം പ്രകടമാക്കുവാൻ ഇന്ദ്രജിത്തിന് സാധിച്ചു. ആദ്യപകുതിയിൽ ഹാസ്യവും രണ്ടാംപകുതിയിൽ ഗൗരവും ഒരുപോലെ അവതരിപ്പിച്ചു കയ്യടിനേടി മലയാളികളുടെ പ്രിയപ്പെട്ട നായകൻ ബിജു മേനോൻ. ബിജു മേനോന്റെ സംഭാഷണ ശൈലിയാണ് പ്രേക്ഷകരെ ഏറെ രസിപ്പിച്ചത്. ജീപ്പ് മറഞ്ഞു പരുക്കേറ്റവരുടെ കൈകാലുകൾക്ക് പരിക്കൊന്നും സംഭവിച്ചില്ല എന്നത് സംവിധായകൻ പറഞ്ഞുകൊടുത്താൽ മാത്രം ഓർക്കേണ്ട പരിചയസമ്പത്താണോ ഇന്ദ്രജിത്തിനും ബിജു മേനോനും ഉള്ളത് എന്ന സംശയം പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ടെങ്കിൽ അവരെ തെറ്റുപറയാനാകില്ല. അഭിനയ സാദ്ധ്യതകൾ ഏറെയുള്ള കഥാപാത്രമായിരുന്നു ശിവദയുടേത്. സുധി വാല്മീകത്തിൽ കണ്ട ഊർജ്ജമൊന്നും ശിവദയുടെ അഭിനയത്തിൽ കണ്ടില്ല. ഇവരെ കൂടാതെ കിഷോർ സത്യ, ഷമ്മി തിലകൻ, സുധി കോപ്പ, മഹേഷ്, ടോഷ് ക്രിസ്റ്റി എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: യുക്തിയില്ലാത്ത കഥ, ത്രസിപ്പിക്കാത്ത രംഗങ്ങൾ, അവിശ്വസനീയ കഥാഗതി, ലക്ഷ്യത്തിലെത്താത്തൊരു സിനിമ!

കഥ, സംവിധാനം: അൻസാർ ഖാൻ
തിരക്കഥ, സംഭാഷണം: ജീത്തു ജോസഫ്
നിർമ്മാണം: ജോയ് തോമസ്, ടെജി മണലേൽ, ജീത്തു ജോസഫ്
ഛായാഗ്രഹണം: സിനു സിദ്ധാർഥ്
ചിത്രസന്നിവേശം: അയൂബ് ഖാൻ
സംഗീതം: എം.ജയചന്ദ്രൻ
പശ്ചാത്തല സംഗീതം: അനിൽ ജോൺസൺ
ഗാനരചന: സന്തോഷ് വർമ്മ
കലാസംവിധാനം: എം.ബാവ
സംഘട്ടനം: മാഫിയ ശശി, അൻപ് അറിവ്
ചമയം: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
ഗ്രാഫിക്സ്: ടോണി മാക്മിത്ത്
വിതരണം: കാസ്, കലാസംഘം, റൈറ്റ് റിലീസ്.

വേട്ട – ⭐⭐⭐

image

മനകണക്കുകളിലൂടെ ഇരകളും വേട്ടക്കാരനും! ⭐⭐⭐

“നിങ്ങളുടെ ഒരു യെസ് നാളത്തെ ചരിത്രമാകും”എന്ന് ട്രാഫിക് സിനിമയിലൂടെ നമ്മളെ പഠിപ്പിച്ച നവയുഗ സിനിമയുടെ അമരക്കാരൻ, മലയാള സിനിമയിൽ 2011 വരെ ആരും പരീക്ഷിക്കാത്ത അവതരണ രീതി സ്വീകരിച്ച സംവിധായകൻ, മലയാള സിനിമയിലെ ആദ്യ മൈൻഡ് ഗെയിം പ്രമേയമാക്കിയ സംവിധായകൻ തുടങ്ങിയ വിശേഷണങ്ങൾക്ക് അർഹതപെട്ട സംവിധായകനാണ് രാജേഷ്‌ പിള്ള.

രാജേഷ്‌ പിള്ള ഫിലിംസും റെഡ് റോസ് ക്രിയെഷൻസും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന സിനിമയാണ് വേട്ട. അരുണ്‍ ലാൽ രാമചന്ദ്രൻ രചന നിർവഹിച്ചിരിക്കുന്ന ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മൂന്ന് വ്യകതികളുടെ മാനസിക സംഘർഷങ്ങളിലൂടെ വികസിക്കുന്ന കഥ, ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളിലൂടെ നിഗൂഡത നിറഞ്ഞ സംഭാഷണങ്ങളിലൂടെ ത്രസിപ്പിക്കുന്ന സസ്പെൻസ് നിറഞ്ഞ അവതരണത്തിലൂടെ വേറിട്ട ഒരു സിനിമ അനുഭവമാകുന്നു വേട്ട.

പ്രമേയം: ⭐⭐⭐⭐
ചതുരംഗ കളിയിലെ പോലെ ശത്രുപക്ഷത്തിന്റെ ചിന്തകൾ മുൻക്കൂട്ടി കണ്ടുകൊണ്ടു നടത്തുന്ന സൂക്ഷ്മമായ നീക്കങ്ങൾ പ്രമേയമാക്കിയിട്ടുള്ള സിനിമകൾ കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ, ഇരകളെ തേടിപിടിക്കുന്നതിനു വേണ്ടി മനക്കണക്കുകൾ ഉപയോഗിക്കുന്ന വേട്ടക്കാരന്റെ കഥ പ്രമേയമാക്കിയിട്ടുള്ള സിനിമ മലയാളത്തിൽ ആദ്യം. ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മികച്ചൊരു പ്രമേയം സിനിമയാക്കുവാൻ തിരഞ്ഞെടുത്തതിനു അരുണ്‍ ലാലിനും രാജേഷ്‌ പിള്ളയ്ക്കും ഹനീഫ് മുഹമ്മദിനും അഭിമാനിക്കാം!

തിരക്കഥ: ⭐⭐
താങ്ക് യു, ഹാപ്പി ജേർണി തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്ത് അരുണ്‍ ലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ വേട്ട മനക്കണക്കുകളിലൂടെ ഇരയെ തേടിപോകുന്ന വേട്ടക്കാരന്റെ പ്രതികാര കഥ പറയുന്നു. പുതുമയുള്ള കഥയും കഥാസന്ദർഭങ്ങളും വേറിട്ടൊരു അനുഭവം പ്രേക്ഷകർക്ക്‌ നൽക്കുന്നുണ്ടെങ്കിലും, അവരുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാവുന്നു. രണ്ടു കാലഘട്ടങ്ങളുടെ അവതരണത്തിലെ ചില സംശയങ്ങളും, ചില സംഭവങ്ങൾ നടക്കുന്ന സമയവും തമ്മിൽ ചേർച്ചകുറവുള്ളതും തിരക്കഥ രചനയിലെ പാളിച്ചകളാണ്. ഈ കുറവുകളൊക്കെ ഒരുപരുധി വരെ മറക്കുന്നത് സംവിധാന മികവും സംഭാഷണങ്ങളുടെ മികവും കൊണ്ടാണ്. അരുണ്‍ ലാൽ ഇതുവരെ എഴുതിയ തിരക്കഥകളിൽ ഏറ്റവും മികച്ചത് വേട്ടയുടെ തിരക്കഥ തന്നെ.

സംവിധാനം: ⭐⭐⭐
ട്രാഫിക് എന്ന സിനിമയിലൂടെ മലയാളത്തിൽ പുത്തനുണർവ്വ് നൽകിയ സംവിധായകനാണ് രാജേഷ്‌ പിള്ള. മലയാള സിനിമ പ്രേമികൾ  ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയവും അവതരണവുമാണ് വേട്ടയ്ക്ക് വേണ്ടി രാജേഷ്‌ പിള്ള സ്വീകരിച്ചിരിക്കുന്നത്. ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാഗതിയാണ് ത്രസിപ്പിക്കുന്ന രീതിയിൽ സാങ്കേതിക മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. സസ്പെൻസ് നിലനിർത്തിയിരിക്കുന്ന രീതി ഈ സിനിമയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഏറെ അപാകതകളുള്ള തിരക്കഥയെ കൃത്യതയോടെ സംവിധാനം ചെയ്യുവാൻ രാജേഷ്‌ പിള്ളക്ക് സാധിച്ചു. ഇനിയൊരു രാജേഷ്‌ പിള്ള സിനിമ കാണുവാനുള്ള ഭാഗ്യം മലയാള സിനിമ പ്രേക്ഷകർക്കില്ല എന്നത് നമ്മളുടെ ദൗർഭാഗ്യം. രാജേഷ്‌ പിള്ളയ്ക്ക് ആദരാഞ്ജലികൾ!

സാങ്കേതികം: ⭐⭐⭐⭐
വേട്ട ഒരു വേറിട്ട അനുഭവമാക്കുവാൻ അനീഷ്‌ ലാൽ എന്ന ചായഗ്രാഹകനും അഭിലാഷ് ബാലചന്ദ്രൻ എന്ന സന്നിവേശകനും ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകനും വഹിച്ച പങ്ക് ചെറുതല്ല. മികച്ച വിഷ്വൽസ് സിനിമയ്ക്ക് ത്രില്ലർ സ്വഭാവം നൽക്കാൻ സഹായിച്ചു. രണ്ടാം പകുതിയിലെ രംഗങ്ങളുടെ സന്നിവേശം മികച്ച രീതിയിലായത് സിനിമയ്ക്ക്  ചടുലത നൽകി . ഷാൻ റഹ്മാൻ നിർവഹിച്ച പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് നിഗൂഡത നൽകുകയും പ്രേക്ഷകരെ ത്രസിപ്പിക്കുകയും ചെയ്തു. ശ്രേയ അരവിന്ദിന്റെ വസ്ത്രാലങ്കാരം സിനിമയുടെ കഥയോട് ചേർന്ന് പോകുന്നു. ഈ സിനിമയിലെ ഗാനരച്ചയ്താക്കളിൽ ഒരാളായിരുന്നു ഈയിടെ മരണപെട്ട ഷാൻ ജോൺസൺ. ഷാനിനും ആദരാഞ്ജലികൾ!

അഭിനയം: ⭐⭐⭐
മെൽവിൻ ജോസഫ്‌ എന്ന കഥാപാത്രം നാളിതുവരെ കുഞ്ചാക്കോ ബോബാൻ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യതസ്തത പുലർത്തുന്നു. ദുരൂഹമായ കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിക്കുവാൻ ചാക്കോച്ചനു കഴിഞ്ഞു. ശ്രീബാലയായി മഞ്ജു വാര്യർ ആദ്യാവസാനം മിതത്വമാർന്ന അഭിനയം കാഴ്ച്ചവെച്ചു. സൈലക്സ് എബ്രഹാം ഇന്ദ്രജിത്തിന്റെ കയ്യിൽ ഭദ്രം. ഇവരെ കൂടാതെ റോണി ഡേവിഡ്‌, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പോൾ, കോട്ടയം നസീർ, സന്തോഷ്‌ കീഴാറ്റൂർ, ഇർഷാദ്, മജിദ്‌, മിഥുൻ രമേശ്‌, സനൂഷ, കാതൽ സന്ധ്യ, ബേബി അക്ഷര എന്നിവരാണ് ഈ സിനിമയിലെ പ്രധാന  അഭിനേതാക്കൾ.

വാൽക്കഷ്ണം: പ്രേക്ഷക മനസ്സിനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആദ്യ മൈൻഡ് ഗെയിം സിനിമ!

സംവിധാനം: രാജേഷ്‌ പിള്ള
രചന: അരുണ്‍ലാൽ രാമചന്ദ്രൻ
നിർമ്മാണം: മുഹമ്മദ്‌ ഹനീഫ്, രാജേഷ്‌ പിള്ള
ചായാഗ്രഹണം: അനീഷ്‌ ലാൽ ആർ.എസ്
ചിത്രസന്നിവേശം: അഭിലാഷ് ബാലചന്ദ്രൻ
സംഗീതം: ഷാൻ റഹ്മാൻ
പശ്ചാത്തല സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: ഹരിനാരായണൻ, മനു മഞ്ജിത്ത്, ഷാൻ ജോൺസൺ
കലാസംവിധാനം: സിറിൽ കുരുവിള
വസ്ത്രാലങ്കാരം: ശ്രേയ അരവിന്ദ്
മേക്കപ്പ്: ഷാജി പുൽപ്പള്ളി
വിതരണം: റെഡ് റോസ് റിലീസ്