ജല്ലിക്കട്ട് – ⭐️⭐️⭐️⭐️

ജല്ലിക്കട്ട് – മഹിഷവും മനുഷ്യനും ⭐️⭐️⭐️⭐️

ഇരുകാലികൾ കൊലയാളികളാകുമ്പോൾ സ്വയരക്ഷാർത്ഥം ഓടുന്ന ഒരു നാൽക്കാലിയുടെ അതിജീവനത്തിന്റെ പോരാട്ടമാണ് ജല്ലിക്കട്ട്.

ജല്ലിക്കട്ട് എന്ന സിനിമ എല്ലാവർക്കും ഇഷ്ടപെടുന്ന സിനിമയായിരിക്കില്ല. പക്ഷെ, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷരെല്ലാം സംവിധായകനെയും ഛായാഗ്രാഹകനെയും നമിക്കുമെന്നുറപ്പ്!

പ്രമേയം ⭐️⭐️⭐️⭐️
മനസാക്ഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യർ എന്ന ഇരുകാലികൾക്കു നേരെ വിരൽചൂണ്ടുന്ന അതിശക്തമായതും കാലിക പ്രസക്തിയുള്ളതുമായ ഒരു പ്രമേയമാണ് എസ്. ഹരീഷ് എന്ന എഴുത്തുകാരന്റെ ഭാവനായാൽ എഴുതപെട്ട മാവോയിസ്റ്റ് എന്ന ചെറുകഥ. സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി കുറെ മനുഷ്യർ ഒരു പോത്തിനെ വേട്ടയാടുന്നതും, ആ പോത്ത് അതിന്റെ ജീവൻ രക്ഷിക്കാനായി നടത്തുന്ന പോരാട്ടവുമാണ് ഈ സിനിമയുടെ കഥ. ഇത്തരത്തിലുള്ള ഒരു പ്രമേയവും ആ പ്രമേയം അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത കഥയും മലയാള സിനിമയിൽ ഇതാദ്യം. ടോറോന്റോ ഫിലിം ഫെസ്റ്റിവലിലും ബുസാൻ ഫിലിം ഫെസ്റ്റിവലിലും ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും ഈ വർഷം പ്രദർശിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമകളിൽ ഒന്നാണിത്. ആസ്വാദന ചേരുവകൾ ഇല്ലാത്ത സിനിമകൾ നിരാകരിക്കുന്ന പ്രേക്ഷകർ ഈ സിനിമയെ വിമർശിക്കുമെങ്കിലും, ഈ സിനിമ സംവാദിക്കുന്ന വിഷയം മനസ്സിലാക്കുകയെങ്കിലും വേണമെന്ന് അണിയറപ്രവർത്തകർ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

തിരക്കഥ ⭐️⭐️⭐️⭐️
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനാണ് എസ്. ഹരീഷ്. ഹരീഷും ആർ. ജയകുമാറും ചേർന്നാണ് ജല്ലിക്കട്ടിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഈ സിനിമയുടെ കഥയോട് നൂറു ശതമാനം നീതിപുലർത്തുന്ന ഒന്നാണ് ഓരോ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും. കേരളത്തിലെ മലയോര ഗ്രാമപ്രദേശമായ കട്ടപ്പനയിലെ മനുഷ്യരുടെ ജീവിതചര്യകൾ കൃത്യമായി നിരീക്ഷിച്ചതിനു ശേഷമാണ് ഈ സിനിമയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിയത് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, അവയോരോന്നും അത്രമേൽ വിശ്വസനീയമായിരുന്നു. ഓരോ കഥാപാത്രങ്ങളും എന്ത് ഉദ്ദേശത്തോടെയാണ് പാവം നാൽക്കാലിയെ വേട്ടയാടാൻ തീരുമാനിക്കുന്നത് എന്നതാണ് ഈ സിനിമയിലെ ആദ്യ പകുതിയിലെ രംഗങ്ങൾ. വർക്കി(ചെമ്പൻ വിനോദ്) എന്ന കശാപ്പുകാരന്‍റെ ജീവിതമാർഗമാണെങ്കിൽ, ആന്റണി(ആന്റണി വർഗീസ് പെപ്പെ) എന്ന ചെറുപ്പക്കാരന് അയാളുടെ പ്രണയസാഫല്യം എന്നതാണ് ലക്ഷ്യം. കുട്ടിച്ചൻ എന്ന വേട്ടക്കാരന് തന്റെ പ്രതികാരമാണ് നടപ്പിലാക്കേണ്ടതെങ്കിൽ, ആ നാട്ടിലെ ജനങ്ങൾക്ക് അവരുടെ കൃഷിയിടങ്ങളും മുതലും മറ്റും നഷ്ടപ്പെട്ടതിന്റെ പകയും. ആ പരിശ്രമത്തിനൊടുവിൽ എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ രണ്ടാം പകുതിയും ക്‌ളൈമാക്‌സും. എസ്. ഹരീഷിനും ആർ. ജയകുമാറിനും അഭിനന്ദനങ്ങൾ!

സംവിധാനം ⭐️⭐️⭐️⭐️
മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കു ഉയർത്തിയ സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഈ.മ.യൗ.വും ജല്ലിക്കട്ടും അതിനുദാഹരണങ്ങൾ. ഓരോ കഥാസന്ദർഭങ്ങളും അതർഹിക്കുന്ന ആഴത്തിൽ ചിത്രീകരിക്കുക, ഓരോ കഥാപാത്രങ്ങളും നമ്മുടെ കൺമുമ്പിൽ നിൽക്കുന്നത് പോലെ അനുഭവപ്പെടുത്തുക, ഓരോ രംഗങ്ങൾക്കും അർഹിക്കുന്ന വേഗത നൽകുക, ബുദ്ധിജീവികൾ മുതൽ സാധാരണ പ്രേക്ഷകനെ വരെ ഒരേ സമയം ചിന്തിപ്പിക്കുകയും നൊമ്പരപെടുത്തുകയും ചെയ്യുക എന്നത് അസാമാന്യ കഴിവുള്ള ഒരു പ്രതിഭയ്ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്. ആസ്വാദനത്തിനുള്ള ഘടകങ്ങൾ ഒന്നും തന്നെ ഈ സിനിമയിലില്ല എങ്കിലും, ഒരു നിമിഷം പോലും പ്രേക്ഷകനെ ഈ സിനിമ ബോറടിപ്പിക്കുന്നില്ല. ഇതുവരെ കണ്ടുപരിചതമല്ലാത്ത ചിത്രീകരണരീതി, ഇതുവരെ സുപരിചതമല്ലാത്ത ഫ്രയിമുകൾ, കഥ നടക്കുന്ന സ്ഥലത്തു ഓരോ പ്രേക്ഷകനും നിൽക്കുന്നു എന്ന തോന്നൽ ഉളവാക്കുന്ന ശബ്ദസംവിധാനം, ഓരോ അഭിനേതാക്കളും ജീവിക്കുകയാണ് എന്ന രീതിയിലുള്ള പ്രകടനം എന്നിവയെല്ലാം കൃത്യതയോടെ സമന്വയിപ്പിച്ച കഴിവുറ്റ സംവിധാന രീതിയാണ് ലിജോ ജോസ് പെല്ലിശേരിയുടേത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടാവുന്ന ഒരു സിനിമയായിരിക്കും ജല്ലിക്കട്ട് എന്നുറപ്പ്!

സാങ്കേതികം ⭐️⭐️⭐️⭐️
ഗിരീഷ് ഗംഗാധരന്റെ വിഷ്വൽ മാജിക് അനുഭവിച്ചറിയണമെങ്കിൽ ജല്ലിക്കട്ട് തിയറ്ററിൽ തന്നെ കാണേണ്ടിവരും. പുതുമയാർന്ന ഫ്രേയിമുകളും ദൈർഘ്യമേറിയ ഷോട്ടുകളും അതിസാഹസമായ ആങ്കിളുകളും രാത്രി രംഗങ്ങളിലെ ലൈറ്റിങ് രീതികളും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. പോത്തിന്റെ പുറകെ ജനങ്ങൾ ഓടുന്ന രംഗങ്ങൾ അതിഗംഭീരമായി ചിത്രീകരിക്കാൻ ഗിരീഷ് ഗംഗാധരൻ എടുത്ത പ്രയത്നം അഭിനന്ദനാർഹമാണ്. ഓരോ രംഗവും പ്രേക്ഷകർ നേരിട്ട് കാണുന്ന തരത്തിലാണ് ഗിരീഷ് ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ ഈ വർഷം ഗിരീഷിനെ തേടിയെത്തുമെന്നുറപ്പ്! പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതിൽ ദീപു ജോസഫ് എന്ന ചിത്രസന്നിവേശകൻ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിലുള്ള ഒരു കഥ ആവശ്യപ്പെടുന്ന ചടുലത സിനിമയിലുടനീളം കാണപ്പെട്ടു. രംഗനാഥ് രവി നിർവഹിച്ച ശബ്ദ സംവിധാനം മികവ് പുലർത്തി. ഒരു മലയോര ഗ്രാമപ്രദേശത്തെ രാത്രികാലങ്ങളിൽ കേൾക്കുന്ന ഓരോ ശബ്ദങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ഈ സിനിമയിൽ ചേർക്കുവാൻ രംഗനാഥ് രവിക്ക് സാധിച്ചു. ഒരേ സമയം ഭീതി ജനിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ പശ്ചാത്തല സംഗീതം നൽകാൻ പ്രശാന്ത് പിള്ളക്കും സാധിച്ചു. ആൾക്കൂട്ടങ്ങളുള്ള രംഗങ്ങളിലെ ഡബ്ബിങ് ഒരു പോരായ്മായി കാണപ്പെട്ടു. അഭിനേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അവയൊന്നും ശ്രവ്യമാകാതെ വെറും ചുണ്ടനക്കം മാത്രമായി തോന്നുകയായിരുന്നു.

അഭിനയം ⭐️⭐️⭐️⭐️
അഭിനയ പ്രാധാന്യമുള്ള മുഹൂർത്തങ്ങൾ ഈ സിനിമയില്ലെങ്കിലും, ഓരോ കഥാപാത്രവും അവതരിപ്പിച്ച പ്രമുഖ നടന്മാരും പുതുമുഖങ്ങളും അവരവരുടെ റോളുകൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. ചെമ്പൻ വിനോദും ആന്റണി വർഗീസും സാബുമോൻ അബുസമദും(തരികിട സാബു) ജാഫർ ഇടുക്കിയും ശാന്തി ബാലകൃഷ്ണനും ജയശങ്കറും ഒഴികെ മറ്റെല്ലാം പുതുമുഖങ്ങളാണ് അഭിനയിച്ചത്. പുതുമുഖ നടീനടന്മാരെ അഭിനയിപ്പിക്കാനുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഴിവ് അങ്കമാലി ഡയറീസിലും ഈ.മ.യൗ വിലും പ്രേക്ഷകർ കണ്ടതാണ്. ഇത്രയേറെ ആളുകളെ സംഭാഷണങ്ങൾ തെറ്റാതെ അഭിനയിപ്പിച്ചെടുക്കുക എന്നത് പരിശ്രമം നിറഞ്ഞ കാര്യം തന്നെ. ചില രംഗങ്ങളുടെ ദൈർഘ്യം 3ഉം 4ഉം മിനിറ്റുകളാണ്. അവയിൽ പലതിലും ദൈർഘ്യമുള്ള സംഭാഷണങ്ങൾ ഉള്ളതുമാണ്.

വാൽക്കഷ്ണം: മലയാള സിനിമ പ്രേക്ഷകർ ഇന്നോളം കണ്ടിട്ടില്ലാത്ത അവതരണ മികവും ദൃശ്യഭംഗിയും നൽകി ജല്ലിക്കട്ട് ഒരുക്കിയതിനു ലിജോ ജോസ് പെല്ലിശ്ശേരിക്കും ഗിരീഷ് ഗംഗാധരനും ബിഗ് സലൂട്ട്!

സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
കഥ: എസ്. ഹരീഷ്
തിരക്കഥ: എസ്. ഹരീഷ്, ആർ. ജയകുമാർ
നിർമ്മാണം: തോമസ് പണിക്കർ, ലിജോ ജോസ്, ചെമ്പൻ വിനോദ്
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ
ചിത്രസന്നിവേശം: ദീപു ജോസഫ്
പശ്ചാത്തല സംഗീതം: പ്രശാന്ത് പിള്ള
കലാസംവിധാനം: ഗോകുൽ ദാസ്
വസ്ത്രാലങ്കാരം: മാഷർ ഹംസ
ചമയം: റോണക്സ് സേവ്യർ
ശബ്ദ സംവിധാനം: രംഗനാഥ് രവീ
ശബ്ദ മിശ്രണം: കണ്ണൻ ഗണപത്
സംഘട്ടനം: സുപ്രീം സുന്ദർ
വിതരണം: ഫ്രൈഡേ ഫിലിം ഹൌസ്.

ജോർജ്ജേട്ടൻസ് പൂരം – ⭐⭐


പൊട്ടാത്ത ചളുപ്പടക്കങ്ങളും ആളൊഴിഞ്ഞ പൂരപ്പറമ്പും! – ⭐⭐

ജനപ്രിയനായകന്റെ അവധിക്കാല സിനിമകൾ കുട്ടികൾക്ക് ആസ്വദിക്കാനുള്ളതാണെന്ന് അദ്ദേഹവും ആരാധകരും അവകാശപെടാറുള്ളതാണ്. ദിലീപിന്റെ മുൻകാല വിഷു ചിത്രങ്ങളുടെ പട്ടികയെടുത്താൽ അത് വ്യക്തമാകും. പാപ്പി അപ്പച്ചയും, മായാമോഹിനിയും, റിംഗ് മാസ്റ്ററും, കിംഗ് ലയറുമൊക്കെ അവധിക്കാലത്ത് പ്രദർശനത്തിനെത്തിയ സിനിമകളാണ്. മേല്പറഞ്ഞ സിനിമകൾ നിങ്ങളെ രസിപ്പിച്ചിട്ടുണ്ടെങ്കിൽ ജോർജ്ജേട്ടൻസ് പൂരവും നിങ്ങളെ രസിപ്പിച്ചേക്കാം. അതല്ലാതെ ശുദ്ധമായ ഹാസ്യ രംഗങ്ങളുള്ള ആസ്വാദ്യകരമായ സിനിമ ആഗ്രഹിക്കുന്നവർ ജോർജ്ജേട്ടൻസ് പൂരം ഒഴിവാക്കുന്നതാകും ഭേദം.

ഡോക്ടർ ലൗ എന്ന കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് ശേഷം കെ.ബിജു സംവിധാനം ചെയ്ത ജോർജ്ജേട്ടൻസ് പൂരത്തിന്റെ രചന നിർവഹിച്ചത് വൈ.വി.രാജേഷാണ്. കഥയെഴുതിയത് സംവിധായകൻ ബിജു തന്നെയാണ്. ശിവാനി സുരാജും അജയ് ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ് ജോർജ്ജേട്ടൻസ് പൂരം നിർമ്മിച്ചത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും, ലിജോ പോൾ സന്നിവേശവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
സാമൂഹിക സേവനം ചെയ്യുന്നു എന്ന തട്ടിപ്പിൽ ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന നാൽവർ സംഘം. അവരുടെ പ്രിയപ്പെട്ട സ്ഥലമാണ് മത്തായി പറമ്പ്. ഉടമസ്ഥ അവകാശമില്ലെങ്കിലും ജോർജ്ജേട്ടനും സുഹൃത്തുക്കളും അറിയാതെ മത്തായി പറമ്പിൽ ഒന്നും നടക്കില്ല. ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശി വരുന്നതോടെ കഥ മറ്റൊരു ദിശയിലേക്കു തിരിയുന്നു. കാലാകാലങ്ങളായി കണ്ടുമടുത്ത പ്രമേയവും കഥയും തന്നെയാണ് ജോർജ്ജേട്ടൻസ് പൂരത്തിലും കാഴ്ച്ചയാകുന്നത്. മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയതൊന്നും ഈ സിനിമയുടെ അണിയറപ്രവർത്തകർ അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു. പൂരത്തിന് കുട്ടികളെങ്കിലും കയറുമോ എന്ന് കണ്ടറിയാം!

തിരക്കഥ: ⭐⭐
വൈ.വി.രാജേഷ് എന്ന തിരക്കഥാകൃത്തിന്റെ മുൻകാല സിനിമകളുടെ വിജയ ചേരുവകൾ തെറ്റാതെ എഴുതിയ തിരക്കഥയാണ് ജോർജ്ജേട്ടൻസ് പൂരത്തിന്റേതും. പുതുമയില്ലാത്ത കഥാസന്ദർഭങ്ങൾ, പരിചിതമായ കഥാപാത്രങ്ങൾ, പ്രവചിക്കാനാവുന്ന കഥാഗതി, ചിരിവരാത്ത സംഭാഷണങ്ങൾ എന്നിവ സമന്വയിപ്പിച്ചു എഴുതിയതാണ് ഈ സിനിമയുടെ തിരക്കഥ. പതിവ് രീതിയിൽ നിന്ന് മാറ്റിപ്പിടിച്ച ഒരേയൊരു ഘടകം കഥാവസാനമുള്ള കബഡി കളിയാണ്. അവധികാലം ആഘോഷിക്കുവാൻ വേണ്ടി സിനിമ കാണാനെത്തുന്ന കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ചിരിപ്പിക്കുക എന്നതായിരുന്നു വൈ.വി.രാജേഷിന്റെ ഉദ്ദേശമെങ്കിൽ, അസഭ്യങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളുമുള്ള സംഭാഷണങ്ങളെങ്കിലും ഈ സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു. സെൻട്രൽ ജയിൽ എന്ന ക്രൂര സിനിമാപീഡനം കണ്ട ജനപ്രിയ നായകന്റെ ആരാധകർക്ക് ഒരു ആശ്വാസമായിരിക്കാം ജോർജ്ജേട്ടൻസ് പൂരം.

സംവിധാനം: ⭐⭐
ആറു വർഷങ്ങൾക്കു മുമ്പ് കെ. ബിജു സംവിധാനം ചെയ്ത ഡോക്ടർ ലൗ എന്ന സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച അതെ അവതരണ രീതിയാണ് ഈ സിനിമയ്ക്ക് വേണ്ടിയും സ്വീകരിച്ചത്. ഒരുപാട് മാറ്റങ്ങൾ സിനിമയുടെ അവതരണ രീതിയിൽ സംഭവിച്ചു എന്ന വസ്തുത അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് കരുതാം. കൊച്ചുകുട്ടികൾക്ക് പോലും പ്രവചിക്കാനാവുന്ന അവതരണമാണ് ഈ സിനിമയുടെ പോരായ്മകളിൽ പ്രധാനം. ജനപ്രിയ നായകന്റെ സമ്മതവും, പണം മുടക്കാൻ നിർമ്മാതാക്കളെയും ലഭിച്ചതിനു ശേഷമാണ് ഈ സിനിമയുടെ തിരക്കഥ എഴുതി തുടങ്ങിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരക്കഥയും അവതരണ രീതിയും മുൻകൂറായി മനസ്സിലായിക്കാൽ പുതുമുഖ നടന്മാർ പോലും ഈ സിനിമയിൽ അഭിനയിക്കുവാൻ സാധ്യത കാണുന്നില്ല. അവധിക്കാലത്തെ വൻകിട സിനിമകൾക്ക് മുമ്പിൽ പൊട്ടാത്ത ചളുപടക്കങ്ങളുള്ള ഈ പൂരക്കാഴ്ച കാണുവാൻ ജനങ്ങൾ വരുമോയെന്നു വരുംനാളുകളിൽ അറിയാം. ജനപ്രിയനായകനു ഭാഗ്യം തുണച്ചില്ലെങ്കിൽ, പ്രദർശനശാലകൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകാനാണ് സാധ്യത!

സാങ്കേതികം: ⭐⭐⭐
വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി. കണ്ടുമടുത്ത തൃശൂർ കാഴ്ച്ചകൾ തന്നെയാണ് ഈ സിനിമയിലും. പാട്ടുകളുടെ ചിത്രീകരണം കളർഫുള്ളായിരുന്നു എന്നത് ഒരു സവിശേഷതയല്ലെങ്കിലും സിനിമയിലെ മറ്റു രംഗങ്ങളെ അപേക്ഷിച്ചു ഭേദമായിരുന്നു. ലിജോ പോളിന്റെ സന്നിവേശം പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിച്ചില്ല. രണ്ടാം പകുതിയുടെ അവസാന ഭാഗത്തിലുള്ള കബഡികളികൾ സ്ലോ മോഷനിൽ അവതരിപ്പിച്ചതുകൊണ്ടു പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കാനായില്ല. രംഗങ്ങൾക്ക് ഒരല്പമെങ്കിലും ഉണർവ്വ് പകർന്നത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കാരണമാണ്. അതുപോലെ, ഗോപി സുന്ദർ ഈണമിട്ട പാട്ടുകൾ കേൾക്കാനും ഏറ്റുപാടാനും തോന്നുന്നവയായിരുന്നു. ജോലീം കൂലീം എന്ന പാട്ടും ഓമൽ ചിരിയോ എന്ന പാട്ടും എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഷോബി പോൾരാജിന്റെ നൃത്ത സംവിധാനം മികവ് പുലർത്തിയിരുന്നു. ഏറെ നാളുകൾക്കു ശേഷം ദിലീപിന്റെ രസകരമായ നൃത്തം കണ്ടത് ഓമൽ ചിരിയോ എന്ന ഗാന ചിത്രീകരണത്തിലാണ്. അൻപറീവിന്റെ സംഘട്ടന രംഗങ്ങൾ ജനപ്രിയ നായകന്റെ ആരാധകരെ ആവേശഭരിതരാക്കുന്ന രീതിയിലായിരുന്നു. പി.എൻ.മണിയുടെ ചമയം പല രംഗങ്ങളിലും അമിതമായി അനുഭവപെട്ടു. നിസ്സാർ റഹ്മത്തിന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് ചേരുന്നവയായിരുന്നു.

അഭിനയം: ⭐⭐⭐
ജനപ്രിയനായകൻ ദിലീപ്, രജീഷ വിജയൻ, ചെമ്പൻ വിനോദ് ജോസ്, രഞ്ജി പണിക്കർ, ടീ.ജി.രവി, വിനയ് ഫോർട്ട്, ഷറഫുദ്ധീൻ, തിരു ആക്ട്ലാബ്, അസീം ജമാൽ, ജയരാജ് വാര്യർ, സുനിൽ സുഖദ, ശശി കലിങ്ക, ജനാർദ്ദനൻ, കെ.ൽ.ആന്റണി, ജയശങ്കർ, ഹരികൃഷ്ണൻ, കലാഭവൻ ഹനീഫ്, ഗണപതി, മാസ്റ്റർ ജീവൻ, കലാരഞ്ജിനി, സതി പ്രേംജി, കുളപ്പുള്ളി ലീല എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ദിലീപ് തന്റെ സ്ഥിരം ശൈലിയിൽ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ജോർജ്ജേട്ടനായി അഭിനയിച്ചു. അശ്ലീലം ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞു ഷറഫുദ്ധീൻ വെറുപ്പിക്കൽ തുടർന്നു. വിനയ് ഫോർട്ടും രഞ്ജി പണിക്കരും ചെമ്പൻ വിനോദും അവരവരുടെ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ വെറുതെ വന്നുപോയി. ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഒട്ടനവധി അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: ജനപ്രിയനായകന്റെ കുട്ടി ആരാധകർക്കായി ഒരുക്കിയ പൂരകാഴ്ച്ചകൾ മുതിർന്നവരെ തൃപ്തിപ്പെടുത്തില്ല.

കഥ, സംവിധാനം: കെ.ബിജു
നിർമ്മാണം: അജയ് ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സുരാജ്
ബാനർ: ചാന്ദ് വി. ക്രിയേഷൻസ്
തിരക്കഥ, സംഭാഷണം: വൈ.വി.രാജേഷ്
ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുജിത് രാഘവ്
ചമയം: പി.എൻ.മണി
വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്
സംഘട്ടനം: അൻപറിവ്
നൃത്തസംവിധാനം: ഷോബി പോൾരാജ്
വിതരണം: ചാന്ദ് വി. റിലീസ്.

അങ്കമാലി ഡയറീസ് – ⭐⭐⭐

വ്യത്യസ്തയുടെ പുത്തൻ ദൃശ്യാനുഭവം – ⭐⭐⭐

അങ്കമാലി സ്വദേശക്കാരായ കച്ചവടക്കാരുടെയും പന്നിയിറച്ചി വില്പനക്കാരുടെയും കൊട്ടേഷൻ സംഘങ്ങളുടെയും ജീവിതത്തിന്റെ പച്ചയായ ചലച്ചിത്ര ആവിഷ്ക്കാരമാണ് അങ്കമാലി ഡയറീസ്. മലയാള സിനിമയിലും അന്യഭാഷാ സിനിമകളിലും നിരവധി കൊട്ടേഷൻ സംഘങ്ങളുടെ പോരാട്ടത്തിന്റെ കഥ സിനിമയാക്കിയിട്ടുണ്ട്. അവയിൽ നിന്നെല്ലാം വ്യത്യസ്തമായ അവതരണ ശൈലിയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച അങ്കമാലി ഡയറീസിനെ സവിശേഷമാക്കുന്നത്. മലയാള സിനിമ പ്രേമികൾ ഇന്നോളം ആസ്വദിച്ചിട്ടില്ലാത്ത പുത്തൻ ദൃശ്യാനുഭവമാണ് ലിജോ ജോസും ഗിരീഷ് ഗംഗാധരനും ഷമീർ മുഹമ്മദും പ്രശാന്ത് പിള്ളയും ഒരുക്കിയിരിക്കുന്നത്.

വിൻസെന്റ് പെപ്പെയും പോർക്ക് വർക്കിയും അപ്പാനി രവിയും യുക്ലാമ്പ് രാജനും 10 എം.എൽ.തോമസും കണാകുണാ മാർട്ടിയും ലിച്ചിയും സഖിയും തുടങ്ങി അങ്കമാലി ഡയറീസിലെ ഓരോരുത്തരും ഇപ്പോഴും അങ്കമാലിയിലുണ്ടാകും എന്ന് തോന്നിപ്പിക്കുന്ന അവതരണ മികവും അഭിനയ മികവുമാണ് അങ്കമാലി ഡയറീസിനെ വ്യത്യസ്തമാക്കുന്നത്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ 86 പുതുമുഖ നടീനടന്മാരെ കണ്ടെത്തുകയും, അവരെ ഈ സിനിമയിൽ കഥാപാത്രങ്ങളായി ജീവിപ്പിക്കുകയും ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഓരോ നടീനടന്മാരും ഈ സിനിമയിൽ ഗംഭീര അഭിനയ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇത്തരത്തിൽ പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു സിനിമ നിർമ്മിക്കുക എന്ന വെല്ലുവിളി സ്വീകരിച്ച നിർമ്മാതാവ് വിജയ് ബാബുവും അഭിനന്ദനം അർഹിക്കുന്നു.

പ്രമേയം: ⭐
പലവട്ടം പലഭാഷകളിലായി പറഞ്ഞു പഴകിയ ഒന്നാണ് കൊട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള പകപോക്കൽ. ഗാംഗ്സ് ഓഫ് വാസ്സ്യേപ്പൂരും സുബ്രമണ്യപുരവും കമ്മട്ടിപ്പാടവും മേല്പറഞ്ഞ സിനിമകൾ ഉൾപെടുന്നവയാണ്. അതെ ശ്രേണിയിലുള്ള ഒന്നാണ് അങ്കമാലി ഡയറീസ്. കൊട്ടേഷൻ സംഘങ്ങളുടെ ജീവിതത്തിൽ കുടുംബത്തേക്കാൾ പ്രാധാന്യം നൽകുന്നത് സൗഹൃദങ്ങൾക്കാണ്. അങ്കമാലിയിലെ പള്ളിയങ്ങാടി ഗാംഗ്സ് നടത്തുന്ന പന്നിയിറച്ചി കച്ചവടവും ചൂതാട്ടവും കൊട്ടേഷനുമെല്ലാം അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. മറ്റു കൊട്ടേഷൻ സംഘങ്ങളുമായി വാക്ക്പോരും വഴക്കുമാകുന്നു. അങ്കമാലി അങ്ങാടിയിലും പള്ളിയിലും പരിസര പ്രദേശങ്ങളും ജീവിക്കുന്ന അങ്കമാലി കട്ട ലോക്കൽസിന്റെ കഥയാണ് ചെമ്പൻ വിനോദ് ജോസ് എഴുതിയത്. പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ല എങ്കിലും അങ്കമാലിക്കാരായ ലോക്കൽസിന്റെ കഥ സിനിമയാക്കുന്നത് ഇതാദ്യം.

തിരക്കഥ: ⭐⭐
അങ്കമാലിക്കാരനായ ചെമ്പൻ വിനോദ് ജോസ് ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നത്. അദ്ദേഹം ജനിച്ചു വളർന്ന നാടിന്റെ കഥ എന്ന് പറയുമ്പോൾ ഒരുപക്ഷെ നേരിട്ട് കണ്ടു മനസ്സിലാക്കിയ അല്ലെങ്കിൽ സ്വയം അനുഭവിച്ചറിഞ്ഞ സന്ദർഭങ്ങളാകും തിരക്കഥയാക്കിയിരിക്കുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ അങ്കമാലിയിൽ കൊട്ടേഷൻ സംഘങ്ങളുടെ രൂക്ഷ ശല്യമുണ്ടായിരുന്നു. അവരുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചു എഴുതിയതാണ് ഈ സിനിമയുടെ തിരക്കഥ എന്ന് നിസംശയം പറയാം. കാരണം, ഓരോ സന്ദർഭങ്ങളും സംഭാഷണങ്ങളും സിനിമയുടെ പ്രമേയത്തോടും കഥയോടും നീതി പുലർത്തുന്നവയായിരുന്നു. ഏതു ദേശത്തെ ലോക്കൽസിന്റെ ജീവിതമെടുത്താലും അങ്കമാലി ഡയറീസിൽ കണ്ട അതെ കാഴ്ചകളാണ് കാണാൻ സാധിക്കുക. കഥാസന്ദർഭങ്ങൾക്കു മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ലാത്ത ഒന്നായിരിക്കും കൊട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വഴക്കുകൾ. അവയ്ക്കൊന്നും പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ലതാനും. എന്നാൽ, സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് മികവ് പുലർത്തി. കൃത്യമായ നിരീക്ഷണത്തിൽ തന്നെയാണ് ഓരോ സന്ദർഭങ്ങളും കഥാപാത്രങ്ങൾക്കും അനിയോജ്യമായ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ഇനിയും ഇതുപോലുള്ള പച്ചയായ ജീവിതകഥകൾ കണ്ടെത്താൻ ചെമ്പൻ വിനോദിനു സാധിക്കട്ടെ!

സംവിധാനം: ⭐⭐⭐⭐
അവതരണത്തിന്റെ വ്യത്യസ്തയാൽ അതാത് കാലഘട്ടങ്ങളിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു ഭരതന്റെ ചാട്ടയും പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലും. കെ.ജി.ജോർജ് സംവിധാനം ചെയ്തിട്ടുള്ള ഒട്ടുമിക്ക സിനിമകളും യാഥാർഥ്യത്തിൽ സംഭവിച്ചതാണോ എന്ന തോന്നലുണ്ടാക്കും വിധം മികവുറ്റതായിരുന്നു. അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും കെ.ജി.ജോർജും പത്മരാജനും ഭരതനും വേറിട്ട അവതരണത്തിലൂടെ സിനിമ സംവിധാനം ചെയ്തു പ്രഗൽഭരായവരാണ്. ഇന്നത്തെ കാലഘട്ടത്തിൽ അത്തരത്തിലുള്ള സിനിമ സംവിധാനം ചെയ്യുന്നവരിൽ പ്രമുഖനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 11 മിനിറ്റ് ദൈർഘ്യമുള്ള ക്‌ളൈമാക്‌സ് ഒരൊറ്റ ഷോട്ടിലൂടെ അവതരിപ്പിക്കുക, ഒരുപാട് ദൈർഘ്യമുള്ള ഷോട്ടുകളിലൂടെ രംഗങ്ങൾ റിയലസ്റ്റിക്കായി അവതരിപ്പിക്കുക, 86 പുതുമുഖങ്ങളെ സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളാക്കുക എന്നിവയാണ് ഈ സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പരീക്ഷിച്ചു വിജയിപ്പിച്ചത്. മലയാള സിനിമയിലെ റിയലസ്റ്റിക് സിനിമകളുടെ പട്ടികയെടുത്താൽ അവയിൽ ഭൂരിഭാഗം സിനിമകളും പതിഞ്ഞ താളത്തിലായിരിക്കും അവതരിപ്പിച്ചിട്ടുണ്ടാകുക. എന്നാൽ, ആസ്വാദനത്തിനു വേണ്ടിയുള്ള എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർത്തിട്ടാണ് ചടുലമായ രീതിയിൽ ഈ സിനിമ ലിജോ ജോസ് അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് അങ്കമാലി ഡയറീസ് പ്രേക്ഷകർ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചത്. ലിജോ ജോസിനും വിജയ് ബാബുവിനും അഭിനന്ദനങ്ങൾ!

സാങ്കേതികം: ⭐⭐⭐⭐⭐
അങ്കമാലി ഡയറീസിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മൂന്നുപേരാണ് ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, ചിത്രസന്നിവേശകൻ ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം നൽകിയ പ്രശാന്ത് പിള്ള. അതിഗംഭീരമായ ഛായാഗ്രഹണവും അത്യുഗ്രൻ സന്നിവേശവും ഓരോ രംഗങ്ങളുടെയും മാറ്റ് പതിന്മടങ്ങു കൂട്ടുന്ന പശ്ചാത്തല സംഗീതവുമായിരുന്നു സിനിമയിലുടനീളം. ഈ സിനിമയിലെ ദൈർഘ്യമുള്ള രംഗങ്ങൾ എത്രത്തോളം പ്രയത്നിച്ചാണ് ചിത്രീകരിച്ചത് എന്ന വസ്തുത ഇപ്പോഴും പ്രേക്ഷകർക്ക് അത്ഭുതമായി അവശേഷിക്കുന്നു. രംഗങ്ങളുടെ ചടുലമായതും വ്യത്യസ്തമായതുമായ സന്നിവേശവും പ്രേക്ഷർക്ക് പുതുമയുള്ളതായി അനുഭവപെട്ടു. ഇവ രണ്ടിനും പുറമെ പ്രശാന്ത് പിള്ള നൽകിയ പശ്ചാത്തലസംഗീതം പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്ന രീതിയിലായിരുന്നു. പെപ്പെയും ലിച്ചിയും ഇരുവരുടെയും പ്രണയം തിരിച്ചറിയുന്ന രംഗത്തിലെ സംഗീതം കേൾക്കാൻ ഏറെ രസമുള്ളതായിരുന്നു. ജോളി ബാസ്റ്റിൻ സംവിധാനം ചെയ്ത സംഘട്ടന രംഗങ്ങൾ വിശ്വസനീയമായി അനുഭവപെട്ടു. ബാറിൽ നിന്ന് തുടങ്ങി റോഡിൽ അവസാനിച്ച സംഘട്ടനവും, പന്നി ഫാമിന്റെ മുൻവശത്തെ പറമ്പിൽ ചിത്രീകരിച്ച സംഘട്ടന രംഗങ്ങളും, പള്ളി പെരുന്നാളിന്റെ ഇടയിൽവെച്ചു സംഭവിച്ച സംഘട്ടന രംഗങ്ങളും വ്യത്യസ്തവും വിശ്വസനീയവുമായിരുന്നു. ഇന്ദുലാൽ കവാദി നിർവഹിച്ച കലാസംവിധാനം സന്ദർഭങ്ങളോടും, സ്റ്റെഫി സേവ്യറിന്റെ വസ്ത്രാലങ്കാരവും റോണക്സ് സേവ്യറിന്റെ ചമയവും കഥാപാത്രങ്ങൾക്കു ഇണങ്ങുന്നവയായിരുന്നു. രംഗനാഥ് രവിയാണ് ശബ്ദസംവിധാനം നിർവഹിച്ചത്. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐⭐⭐
വിൻസെന്റ് പെപ്പെയായി ആന്റണി വർഗീസ്, പോർക്ക് വർക്കിയായി കിച്ചു ടെല്ലസ്, ലിച്ചിയായി രേഷ്മ രാജൻ, 10 എം.എൽ.തോമസായി ബിട്ടോ ഡേവിസ്, യുക്ലാമ്പ് രാജനായി ടിറ്റോ വിൽ‌സൺ, അപ്പാനി രവിയായി ശരത്കുമാർ, സഖിയായി ബിന്നി റിങ്കി ബെഞ്ചമിൻ, കണകുണ മാർട്ടിയായി അനന്ദു, പരിപ്പ് മാർട്ടിയായി ശ്രീകാന്ത്, കുഞ്ഞൂട്ടിയായി സിനോജ്, ഭീമനായി വിനീത് വിശ്വം, പോലീസ് ഇൻസ്പെക്റ്റർ ആയി ഉല്ലാസ് ജോസ് ചെമ്പൻ, സീമയായി അമൃത അന്ന, ബാബുജിയായി അൻസൺ ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ഇവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നായകനായി അഭിനയിച്ച ആന്റണി മുതൽ ഒരു രംഗത്തിൽ മാത്രം അഭിനയിച്ച നടന്മാർവരെ കഥാപാത്രങ്ങളായി ജീവിക്കുന്ന കാഴ്ചയാണ് കണ്ടത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന് ശേഷം മലയാള സിനിമയിലെ ഏറ്റവും മികച്ച പുതുമുഖ നടന്റെ അഭിനയമേതെന്ന ചോദ്യത്തിന് ഉത്തരമാണ് ആന്റണി വർഗീസ്. അതുപോലെ അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാറും യുക്ലാംബ് രാജനെ അവതരിപ്പിച്ച ടിറ്റോയും സമീപകാലത്തെ ഏറ്റവും മികച്ച വില്ലൻവേഷങ്ങളായിരുന്നു എന്ന് നിസംശയം പറയാം. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: സംവിധാന മികവിൽ സങ്കേത്തികത്തികവിൽ അഭിനയ ചാരുതയിൽ ഒരു റിയലസ്റ്റിക് ആക്ഷൻ എന്റർറ്റെയിനർ!

സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
രചന: ചെമ്പൻ വിനോദ് ജോസ്
നിർമ്മാണം: വിജയ് ബാബു
ബാനർ: ഫ്രൈഡേ ഫിലിംസ്
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ
ചിത്രസന്നിവേശം: ഷമീർ മുഹമ്മദ്
സംഗീതം: പ്രശാന്ത് പിള്ള
കലാസംവിധാനം: ഇന്ദുലാൽ കവാദി
സംഘട്ടനം: ജോളി ബാസ്റ്റിൻ
ശബ്ദസംവിധാനം: രംഗനാഥ് രവി
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
വിതരണം: ഫ്രൈഡേ ടിക്കറ്റ്‌സ്

ഡാർവിന്റെ പരിണാമം – ⭐⭐

image

യുക്തിയില്ലാത്തൊരു പരിണാമ കഥ! ⭐⭐

ലോകപ്രശസ്തനായ ചാൾസ് ഡാർവിന്റെ “ഉത്തമൻ അതിജീവിക്കുന്നു” എന്ന സിദ്ധാന്തം പ്രമേയമാക്കിയ സിനിമകൾ നിരവധിയുണ്ട്. സമൂഹ ജീവിയായ മനുഷ്യൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെല്ലാം അതിജീവിച്ചു മുൻപോട്ടു പോയവരെയാണ് ഉത്തമർ അഥവാ “സർവൈവൽ ഓഫ് ദി ഫിറ്റെസ്റ്റ്”എന്ന് വിശേഷിപ്പിക്കാവുന്നത്. 

ഓഗസ്റ്റ് സിനിമാസ് നിർമ്മിച്ച്‌ ജിജോ ആന്റണി സംവിധാനം നിർവഹിച്ച ഡാർവിന്റെ പരിണാമത്തിൽ ചർച്ചചെയ്യുന്ന പ്രമേയവും മനുഷ്യൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അതിജീവിക്കുന്നതിനെകുറിച്ചാണ്. ഈ സിനിമയിൽ ഡാർവിൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ജോസാണ്. അനിൽ ആന്റോ എന്ന സാധാരണക്കാരൻ നേരിടേണ്ടി വരുന്ന ഒരു പ്രശ്നവും അതിനോടുള്ള ചെറുത്തുനിൽപ്പും, അതെല്ലാം അതിജീവിച്ചു മുന്നേറുന്നതുമാണ് ഈ സിനിമയുടെ കഥ. അനിൽ ആന്റോയായി പ്രിഥ്വിരാജ് അഭിനയിച്ചിരിക്കുന്നു. അതിജീവനത്തിനു വേണ്ടി ഡാർവിനും അനിലും തമ്മിലുള്ള പോരാട്ടമാണ് ഡാർവിന്റെ പരിണാമം എന്ന സിനിമ.

പ്രമേയം: ⭐⭐
കേരളത്തിൽ ഒരിടയ്ക്ക് നിരന്തരം സംഭവിച്ചുകൊണ്ടിരുന്ന പട്ടാപകൽ നടക്കുന്ന മോഷണങ്ങളും ഹെൽമെറ്റ്‌ ധരിച്ചു ബൈക്കിൽ വന്നു മാല പൊട്ടിക്കലും കൊട്ടേഷൻ സംഘങ്ങളുടെ ആക്രമണവും സാധാരണ ജനങ്ങളെ എത്രത്തോളം മോശമായി ബാധിക്കുന്നു എന്നത് ഗൗരവമുള്ള വിഷയമാണ്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ഒരു  സാധാരണ പൗരൻ നടത്തുന്ന പ്രതികാരം രസകരമായ സന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐⭐
സംവിധായകൻ ജിജോയും മനോജ്‌ നായരും ചേർന്നാണ് ഈ സിനിമയുടെ രചന നിർവഹിച്ചത്. ഈ സിനിമയുടെ പ്രധാന ഘടകം എന്നത്  ഡാർവിൻ എന്ന ഗുണ്ടയുടെ പരിണാമം ആണ്. ഡാർവിൻ ചെയ്ത കുറ്റകൃത്യങ്ങൾ ന്യായികരണമില്ലാത്തതാണ്. അതിനെതിരെ അനിൽ സ്വീകരിച്ച വഴികൾ രസകരമായിരുന്നുവെങ്കിലും അതൊന്നും ഒരു വ്യക്തിയുടെ സ്വഭാവമോ പ്രവർത്തികളൊ മാറ്റം വരുത്തുന്നവയല്ല. നാടിനെ വിറപ്പിക്കുന്ന നാട്ടുകാരുടെ പേടിസ്വപ്നമായ ഡാർവിൻ ഗുണ്ടയുടെ പരിണാമത്തിനു അവിശ്വസനീയമായ കാരണങ്ങളാണ് തിരക്കഥ രചയ്താക്കൾ എഴുതിയിരിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളിലോന്ന്.

സംവിധാനം: ⭐⭐
വി.കെ.പ്രകാശ്‌ ശിഷ്യനായ ജിജോ ആന്റണി സംവിധാനം നിർവഹിച്ച രണ്ടാമത്തെ സിനിമയാണ് ഡാർവിന്റെ പരിണാമം. രസകരമായ കഥാസന്ദർഭങ്ങളെ അതിഭാവുകത്വമില്ലാതെയും വിശ്വസനീയതയോടെയും അവതരിപ്പിച്ച ആദ്യ പകുതി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു. എന്നാൽ, സിനിമയുടെ രണ്ടാം പകുതിയിൽ അവിശ്വസനീയമായ വഴിതിരുവുകളും വിശദീകരണമില്ലാത്ത കഥാസന്ദർഭങ്ങളും മോശം സിനിമയിലേക്കുള്ള പരിണാമമായി മാറി. ഡാർവിൻ ഈ കഥയിലെ നായകനും അനിൽ വില്ലനുമാണന്നും ഈ സിനിമയുടെ തുടക്കത്തിൽ പറയുന്നത്‌. എത്ര ആലോചിച്ചിട്ടും ഡാർവിൻ ചെയ്ത കാര്യങ്ങൾ തെറ്റായിട്ടും അനിൽ ചെയ്ത കാര്യങ്ങൾ ന്യായമായിട്ടുമാണ് തോന്നിയത്. ഇത് നിരൂപകനെന്ന നിലയിലും പ്രേക്ഷകനെന്ന നിലയിലും എനിക്ക് മാത്രം തോന്നിയതുമാകം.

സാങ്കേതികം: ⭐⭐
യുക്തിയെ ചോദ്യം ചെയ്യുന്ന ഈ പരിണാമ കഥ കണ്ടിരിക്കുവാൻ തോന്നുന്ന രീതിയിലാക്കിയത് അഭിനന്ദൻ എന്ന വ്യക്തിയുടെ ചായഗ്രഹണ മികവുകൊണ്ട് മാത്രമാണ്. ഇതിനു വിപരീതമായി സമീപകാലത്ത് കണ്ടത്തിൽ മോശം എന്ന് തന്നെ തോന്നിപ്പിക്കുന്ന രംഗങ്ങളുടെ സന്നിവേശമാണ്‌ വിജയ്‌ ശങ്കർ നിർവഹിച്ചിരിക്കുന്നത്. 10 വർഷങ്ങൾക്കു മുമ്പ് ഡോൺ മാക്സും മറ്റും പരീക്ഷിച്ച ശൈലിയാണ് ഈ സിനിമയ്ക്ക് വേണ്ടി വിജയ്‌ ശങ്കർ സ്വീകരിച്ചത്. ശങ്കർ ശർമ്മ ഈണമിട്ട പാട്ടുകൾ ശ്രദ്ധ നേടിയില്ല. എന്നാൽ പശ്ചാത്തല സംഗീതം സിനിമയിലുടനീളം മികച്ചു നിന്നു. അനൽ അരശ്-അൻപറിവ് ടീമിന്റെ സംഘട്ടനം മികവു പുലർത്തിയില്ല. സംഘട്ടന രംഗങ്ങളെല്ലാം  പുതുമകളൊന്നുമില്ലാതെ പതിവ് രീതിയിൽ അനുഭവപെട്ടു.

അഭിനയം: ⭐⭐⭐
കേബിൾ ടീവി റിപ്പെയർ ജോലി ചെയ്തുവരുന്ന സാധാരണക്കാരന്റെ വേഷത്തിലാണ് പ്രിഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. അയാളുടെ കുടുംബത്തെ ബാധിച്ച ഒരു പ്രശ്നവും അതിനെതിരെ നടത്തുന്ന ചെറുത്തുനിൽപ്പും മാനസിക സംഘർഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ പ്രിഥ്വിയ്ക്ക് സാധിച്ചു. ഗുണ്ടയായ ഡാർവിൻ എന്ന കഥാപാത്രത്തെ മോശമാക്കാതെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ചെമ്പൻ വിനോദ് ജോസിനും കഴിഞ്ഞു. പുതുമുഖ നായിക ചാന്ദിനി ശ്രീധരൻ ശ്രദ്ധനേടുന്ന അഭിനയം കാഴ്ചവെച്ചു. ഇവരെ കൂടാതെ സൗബിൻ ഷാഹിർ, അരുണ്‍ നാരായണൻ, കോട്ടയം പ്രദീപ്‌, ഷമ്മി തിലകൻ, ഹന്ന റെജി, നന്ദു, ജാഫർ ഇടുക്കി, ബാലു വർഗീസ്‌, മാമുക്കോയ, ധർമജൻ ബോൾഗാട്ടി, സാജിദ് യഹ്യ, സാബു, മുരുകൻ, വിവിത, സേതുലക്ഷ്മി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.  

വാൽക്കഷ്ണം: ഇത് ഡാർവിന്റെ പരിണാമമോ അതോ അനിലിന്റെ പ്രതികാരമോ?

കഥ, സംവിധാനം: ജിജോ ആന്റണി
നിർമ്മാണം: ഓഗസ്റ്റ് സിനിമാസ്
തിരക്കഥ, സംഭാഷണം: മനോജ്‌ നായർ
ചായാഗ്രഹണം: അഭിനന്ദൻ രാമാനുജം
ചിത്രസന്നിവേശം: വിജയ്‌ ശങ്കർ
സംഗീതം: ശങ്കർ ശർമ്മ
കലാസംവിധാനം: രാജീവ്‌ കോവിലകം
സംഘട്ടനം: അനൽ അരശ്, അൻപറിവ്
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
മേയ്ക്കപ്പ്: അമൽ
ശബ്ദമിശ്രണം: രംഗനാഥ് രവീ
വിതരണം: ഓഗസ്റ്റ് സിനിമ