വെൽകം ടു സെൻട്രൽ ജയിൽ – ⭐


എസ്കേപ്പ് ഫ്രം സെൻട്രൽ ജയിൽ – ⭐

സെൻട്രൽ ജയിലിലെ കാര്യസ്ഥനും, പോലീസ് മേധാവികളുടെ മര്യാദരാമനും, വനിതാ പോലീസുകാരുടെ ശൃങ്കാരവേലനും, സുഹൃത്തുക്കളുടെ നാടോടിമന്നനും, കുട്ടികളുടെ വില്ലാളിവീരനും, സർവോപരി സൽഗുണ സമ്പന്നനും അതീവ നിഷ്കളങ്കനും സത്യസന്ധനും ബുദ്ധിശാലിയും ധൈര്യശാലിയുമായ ചെറുപ്പക്കാരനാണ് ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടന്റെ തറവാട് വീട് പോലെയാണ് സെൻട്രൽ ജയിൽ. ജയിലിലെ സൂപ്രണ്ട് മുതൽ കൊടുംകുറ്റവാളികൾ വരെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉണ്ണിക്കുട്ടൻ. ആ ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ അവിസ്മരണീയ പ്രണയകാവ്യമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ. ചത്തത് കീരിക്കാടൻ ജോസ് ആണെങ്കിൽ കൊന്നത് മോഹൻലാൽ തന്നെ എന്ന പഴഞ്ചൊല്ല് പോലെ, ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ജനപ്രിയ നായകനല്ലാതെ മറ്റാർക്കും സാധിക്കില്ല.

തിരിച്ചുവരവുകളുടെ കാലഘട്ടമാണല്ലോ ഈ വർഷം. നീണ്ട പരാജയങ്ങൾക്കു ശേഷമാണ് സുന്ദർ ദാസ്‌ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സുന്ദർ ദാസിന്റെ ഒരോന്നോന്നര തിരിച്ചുവരവാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തിന്റെതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. വൈശാഖ രാജനാണ് ഈ സിനിമയുടെ നിർമ്മാതാവ്.

പ്രമേയം:⭐
ഓണക്കാലമായതിനാൽ കുട്ടികൾ കാണുവാൻ ആഗ്രഹിക്കുന്ന സിനിമ ജനപ്രിയനായകൻറെ ആയിരിക്കും. അവരെ ലക്ഷ്യംവെച്ചുകൊണ്ടു അവർക്കിഷ്ടമാകാൻ സാധ്യതയുള്ള ഒരു പ്രമേയമാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെത്. ജയിലിൽ ജനിച്ചു വളർന്ന ഉണ്ണിക്കുട്ടന് ജയിൽ മോചിതനാകാൻ താല്പര്യമില്ല. ജയിലിലെ എല്ലാവരുടെയും പ്രിയപെട്ടവനായ ഉണ്ണിക്കുട്ടൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ അതിജീവിച്ചു അയാളുടെ പ്രണയം സഫലീകരിക്കുവാൻ നടത്തുന്ന ശ്രമങ്ങളാണ് വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ കഥ.

തിരക്കഥ:⭐
സ്കൂൾ അവധിക്കാലമായാൽ കുട്ടികളെ ചിരിപ്പിക്കുന്നതിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ന്യായം പറഞ്ഞു ദിലീപും ദിലീപിന്റെ പ്രിയപ്പെട്ട എഴുത്തുകാരും സംവിധായകരും ചേർന്ന് അവതരിപ്പിക്കുന്ന കോമാളിത്തരങ്ങളുടെ ഏറ്റവും ഒടുവിലത്തെ ശ്രമമാണ് വെൽകം ടു സെൻട്രൽ ജയിൽ. ബെന്നി പി. നായരമ്പലത്തെ പോലെ കഴിവുള്ള ഒരു എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും ഈ സിനിമയിലില്ല. കെട്ടിച്ചമച്ച കഥയും, കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും, കഥാവസാനം ജയിലിലേക്ക് കുട്ടികളാരും വരരുത് എന്ന സന്ദേശവും ചേർന്ന ദുരന്തമാണ് ഈ സിനിമയുടെ തിരക്കഥ. കോമാളിത്തരങ്ങൾ കുത്തിനിറച്ചിട്ടും കുട്ടികളോ കുടുംബങ്ങളോ ചിരിവരാതെ വീർപ്പുമുട്ടുന്ന കാഴ്ച ബെന്നി പി. നായരമ്പലം കാണാനിടവരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

സംവിധാനം:⭐⭐
റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയ്ക്ക് ശേഷം സുന്ദർ ദാസ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ് വെൽകം ടു സെൻട്രൽ ജയിൽ. സല്ലാപവും സമ്മാനവും കുടമാറ്റവും പോലുള്ള നല്ല സിനിമകൾ സംവിധാനം ചെയ്ത സുന്ദർ ദാസ്‌ കുബേരൻ പോലുള്ള ഒരു വിജയചിത്രമൊരുക്കുവാൻ ശ്രമിച്ചതിന്റെ പാഴായിപ്പോയ ശ്രമമാണ് ഈ സിനിമ. പഴഞ്ചൻ സംവിധാന രീതിയാണ് ഈ സിനിമയുടെ നിരാശപെടുത്തുന്ന മറ്റൊരു ഘടകം. അഭിനയിക്കാനറിയാത്ത വില്ലന്മാരെ അന്വേഷിച്ചു കണ്ടുപിടിച്ചു അഭിനയിപ്പിക്കുന്നതിൽ എന്ത് സന്തോഷമാണ് സുന്ദർ ദാസിന് ലഭിക്കുന്നത്? ഈ സിനിമയിലെ കോമാളിത്തരങ്ങളെക്കാൾ ചിരിവരുന്നത് വില്ലനായി അഭിനയിച്ച സുധീറിന്റെയും പോലീസുകാരന്റെയും അഭിനയം കണ്ടിട്ടാണ്. നല്ല തമാശകളോ സംഘട്ടനങ്ങളൊ പ്രണയ രംഗങ്ങളോ പാട്ടുകളോ പോലുമില്ലാത്ത ഇതുപോലുള്ള സിനിമകൾ ഏതു രീതിയിലാണ് കുട്ടികളെ ആസ്വദിപ്പിക്കുന്നതു എന്ന് സുന്ദർ ദാസ്‌ മനസ്സിലാക്കിയാൽ നല്ലത്.

സാങ്കേതികം:⭐⭐
സെൻട്രൽ ജയിലിലെ കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് അഴകപ്പനാണ്. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ചായഗ്രഹണമാണ്‌ ഈ സിനിമയ്ക്ക് വേണ്ടി അഴകപ്പൻ നിർവഹിച്ചത്. ജോൺകുട്ടിയാണ് ചിത്രസന്നിവേശം നിർവഹിച്ചത്. ആദ്യപകുതിയും രണ്ടാംപകുതിയും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാക്കിയതും പഴഞ്ചൻ അവതരണ രീതിയിലൂടെ രംഗങ്ങൾ കോർത്തിണക്കിയതും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബിജിബാൽ നിർവഹിച്ച പശ്ചാത്തല സംഗീതം അരോചകമായി തോന്നി. പാട്ടുകളുടെ സംഗീത സംവിധാനം നിർവഹിച്ചത് ബേർണി ഇഗ്നേഷ്യസും നാദിർഷയും ചേർന്നാണ്. സുന്ദരീ എന്ന് തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജയിലിലെ അന്തരീക്ഷം നല്ല രീതിയിൽ ഒരുക്കുവാൻ ജോസഫ്‌ നെല്ലിക്കലിന് സാധിച്ചു.

അഭിനയം:⭐⭐⭐
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ദിലീപിന് കുഞ്ഞിക്കൂനനിലെ ദിലീപിൽ ജനിച്ച സന്തതിപോലെയാണ് ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രത്തെ ജനപ്രിയ നായകൻ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്കളങ്കനാണ് താനെന്ന് അഭിനയിച്ചു ഫലിപ്പിക്കുവാൻ ദിലീപ് നന്നേ കഷ്ടപ്പെടുന്നത് കണ്ടു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ശേഷം ഇത്രയുമധികം ആരാധകരുള്ള ഒരു നടന് ഇനിയെങ്കിലും ഇത്തരത്തിലുള്ള കോമാളി കഥാപാത്രങ്ങൾ നിരസിച്ചുകൂടെ? വേദികയാണ് ഈ സിനിമയിലെ ദിലീപിന്റെ നായികയാവുന്നത്. ദിലീപിനെയും വേദികയെയും കൂടാതെ ഒരു നീണ്ട താരനിര അണിനിരക്കുന്നു ഈ സിനിമയിൽ. രൺജി പണിക്കർ, ഹരീഷ് പെരുമണ്ണ, സിദ്ദിക്ക്, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷറഫുദ്ദീൻ, കുമരകം രഘുനാഥ്, വിനോദ് കെടാമംഗലം, ധർമജൻ ബോൾഗാട്ടി, കോട്ടയം പ്രദീപ്‌, അബു സലിം, കൊച്ചുപ്രേമൻ, ബിജുക്കുട്ടൻ, സാജു കൊടിയൻ, സുധീർ, കലാഭവൻ ഹനീഫ്, വിനയപ്രസാദ്‌, വീണ നായർ, തെസ്നി ഖാൻ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.

വാൽക്കഷ്ണം: കുട്ടികളെ ചിരിപ്പിക്കാത്ത കുടുംബങ്ങളെ രസിപ്പിക്കാത്ത യുവാക്കളെ ത്രസിപ്പിക്കാത്ത ജന അപ്രിയ സിനിമ!

സംവിധാനം: സുന്ദർ ദാസ്‌
രചന: ബെന്നി പി. നായരമ്പലം
നിർമ്മാണം: വൈശാഖ് രാജൻ
ബാനർ: വൈശാഖ സിനിമ
ചായാഗ്രഹണം: അഴകപ്പൻ
ചിത്രസന്നിവേശം: ജോൺകുട്ടി
ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ
സംഗീതം: ബേർണി ഇഗ്‌നേഷ്യസ്, നാദിർഷ
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കൽ
ചമയം: രാജീവ്‌ അങ്കമാലി
വിതരണം: വൈശാഖ റിലീസ്.

One thought on “വെൽകം ടു സെൻട്രൽ ജയിൽ – ⭐

  1. യാതൊരു ടെൻഷനും ഉൽഘണ്ഠയും ഇല്ലാതെ ഏതു സമയത്തും ഇരുന്നു ഏതു മൂഡിലും കണ്ടു ആസ്വദിക്കാൻ പറ്റിയവയാണ് ദിലീപ് ചിത്രങ്ങൾ..ഇതിൽ ലോജിക് എന്നതിനേക്കാൾ വിനോദം എന്നതാണ് അണിയറക്കാർ പ്രാധാന്യം കൊടുക്കുന്നത് . അമേരികൻ ടെലിവിഷൻ ചരിത്രത്തിലെ വിഖ്യാതി നേടിയ സിംപ്സൺസ് എന്ന കാർട്ടൂൺ പോലെ വല്യ വല്യ സംഭവങ്ങൾ വളരെ നിസ്സാരമായി തണുപ്പൻ രീതിയിൽ അവതരിപ്പിച്ചു കുട്ടികൾക്കും സ്ത്രീകൾക്കും ആസ്വാദനം നൽകുക എന്ന കാര്യത്തിലാണ് ദിലീപ് ചിത്രങ്ങൾ വിജയിച്ചിരിക്കുന്നത് ….ദിലീപിന്റെ കോപ്രായങ്ങൾ ഒരു പ്രേക്ഷകനെ വെറുപ്പിക്കില്ല എന്നതാണ് ദിലീപെയ്‌ന്റെ വിജയം..ദിലീപ് സ്റ്റൈൽ ഒരു നടനും അനുകരിക്കാനും കഴിയില്ല.. കുഞ്ചാക്കോ ബോബനും മറ്റു മുന്നിര നടന്മാരും കോപ്രായം കാണിചു ചിരിപ്പിക്കുന്നതിൽ നന്നേ പരാചയപെട്ടവരാണ് .അത് അംഗീകരിക്കണ്ട കഴിവ് തന്നെയാണ്…മലയാളത്തിലെ മുന്നിര ചിത്രങ്ങലിച്ചിത്രങ്ങൾക്കൊപ്പം കളക്ഷൻ ന്റെ കാര്യത്തിൽ ദിലീപ് ചിത്രങ്ങൾ ഒപ്പത്തിനൊപ്പം നില്കുന്നു…ടു കോൺട്രിസിലെ “പാവപ്പെട്ടവന്റെ ബിനാലെ ” എന്ന ഡ്യലോഗും. മൈ ബോസ്സിലെ ഒരു സീനിൽ ദിലീപിന്റെ വീട് കണ്ടിട്ട് “നീ പണക്കാരനാണല്ലേ ” എന്ന് മമത ചോദിക്കുമ്പോൾ “നോ, ഐ ആം നോട്ട് റിച്ച , മൈ ഫാദർ ഈസ് റിച്ച” എന്ന് പറയുന്ന ഡയലോഗ് എപ്പോളും ഓർത്തു ചിരിക്കാൻ പറ്റിയവയാണ്. (കോൺസിലുഷൻ – എംബിഎ മാർക്കറ്റിംഗ് ഒന്നും പഠിച്ചിട്ടില്ലാഞ്ഞിട്ടും തന്റെ കലാമൂല്യവും മാർക്കറ്റും അത് എങ്ങനെ ഉപയോഗിച്ച് ലാഭം ഉണ്ടാക്കാമെന്ന് ശെരിക്കും അറിയാവുന്ന മലയാളത്തിലെ മാർക്കറ്റിംഗ് ഗുരു വായ, കച്ചവടം സിരകളിലുള്ള ഗോപാലകൃഷ്ണൻ എന്ന ദിലീപ്. പിന്നെ ഒരു കമ്പനി യിൽ എങ്ങനെയും നല്ല കച്ചവടം പിടിച്ചു കൊടുത്തു കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കുന്ന ജീവനക്കാരെ ബേസ്ഡ് പെർഫോർമേഴ്‌സ് ആയി അംഗീകരിക്കാറുണ്ട് . അപ്പോൾ മലയാളം ഫിലിം ഇൻഡസ്ടറി ഒരു കമ്പനിയും ദിലീപ് അവിടുത്തെ ജീവനക്കാരനും ആയിരുനെങ്ങിൽ കമ്പനിക്ക് ലാഭം നേടിക്കൊടുത്തതിൽ ബേസ്ഡ് പെർഫോർമർ തന്നെയാണ് ദിലീപ് എന്ന നടൻ )

    Like

Leave a comment