ഫുക്രി – ⭐


ഫുക്രി – ചളുവിൽ ചാലിച്ച ചളിച്ചിത്രകാവ്യം!⭐

ശ്രീമതികളെ ശ്രീമാന്മാരെ,

ഭാസ്കര ചരിതമെഴുതി പെരുംനുണപ്പുഴ നീന്തി കടന്നു ഉദയപുരം സുൽത്താന്റെ കൊട്ടാരത്തിലെത്തിയ സിനിമാ സംവിധായകനും ഉത്സാഹ കമ്മിറ്റിക്കാരും കൊട്ടാരത്തിലെ കാര്യസ്ഥന്റെ ജീവിത കഥ കേട്ടു കോരിത്തരിച്ചു. സംവിധായകനും കൂട്ടരും സംവിധായകന്റെ മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലെത്തിയ ഉടനെ ഒരു സിനിമയ്ക്കുള്ള തിരക്കഥ എഴുതി. ആ തിരക്കഥയുടെ ചളിച്ചിത്ര ആവിഷ്കാരമാണ് ഫുക്രി.

പ്രമേയം: ⭐
മലയാള സിനിമയിൽ ഒരുകാലത്തെ സ്ഥിരം പ്രമേയമായിരുന്നു ആൾമാറാട്ടം. ഒരു പ്രത്യേക ദൗത്യം നിറവേറ്റുവായി ഒരുപാട് കുടുംബാംഗങ്ങുള്ള ഒരു തറവാട് വീട്ടിലെത്തുന്ന അനാഥനായ നായകൻ. നായകന്റെ സഹായത്തിനായി രണ്ടോ മൂന്നോ മണ്ടന്മാർ. അവരെ മുഴുവൻ കുടുംബത്തിൽ കയറ്റി താമസിപ്പിക്കുന്ന തറവാട് വീട്ടിലെ അംഗങ്ങൾ. തറവാട്ട് വീട്ടിലെ സുന്ദരിയായ നായികയ്ക്ക് നായകനോട് പ്രണയം. ഒടുവിൽ, നായകൻ ദൗത്യം നിറവേറ്റുന്നതോടെ ആൾമാറാട്ട കഥ എല്ലാവരുമാറിയുന്നു. നായികയും നായകനും തമ്മിലുള്ള പ്രണയം കാരണം എല്ലാം എല്ലാവരും ക്ഷമിക്കുന്നു. ശുഭം! വള്ളിപുള്ളി തെറ്റാതെ ഇതേ പ്രമേയം തിരഞ്ഞെടുത്ത സിദ്ദിക്ക് എന്ന സംവിധായകനോട് ഈ അവസരത്തിൽ മലയാള സിനിമ പ്രേമികൾക്കു പറയുവാനുള്ളത് ഒന്നുമാത്രം – പഴയ വീഞ്ഞ് ആവശ്യത്തിനധികം നിത്യേനെ രുചിച്ചുകൊണ്ടിരിക്കുന്നു. പുതിയ കുപ്പിയിലാക്കി ഇനിയും വിളമ്പരുത്!

തിരക്കഥ: ⭐
അവധിക്കാലത്ത്‌ സിനിമ കാണുവാനെത്തുന്ന കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി സിനിമ ഒരുക്കുമ്പോൾ, ഹാസ്യത്തിന് പ്രാധാന്യം നൽകിയിട്ടുള്ള മുഴുനീള എന്റർറ്റെയിനർ വേണമെന്ന് നിർമ്മാതാവ് നിർബന്ധം പിടിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ഒരു സംവിധായകൻ തന്നെ നിർമ്മാതാകുമ്പോൾ, അത്തരത്തിലുള്ള നിബന്ധനകളുടെ ആവശ്യമില്ല. ഫുക്രി എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ സിദ്ദിക്ക്, വാണിജ്യ വിജയം മാത്രം മുന്നിൽ കണ്ടുകൊണ്ടു തന്റെ മുൻകാല സിനിമകളിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും അതേപടി തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞ കാരണമാണ് ഫുക്രി എന്ന സിനിമയെ പ്രേക്ഷകരിൽ നിന്നും അകറ്റുന്നതും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീവി ചാനലിലെ കോമഡി പരിപാടികളുടെ വിധികർത്താവായിരിക്കവേ കേട്ട തമാശകളെന്നു തോന്നിപ്പിക്കുന്ന വളിപ്പുകൾ ഒന്ന് പോലും വിട്ടുപോകാതെ സംഭാഷണങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. അസഹനീയമായിരുന്നു അവ ഓരോന്നും എന്ന് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു. അച്ഛൻ-മകൻ ബന്ധമോ, പ്രണയമോ, നായകന്റെ നിസ്സഹായാവസ്ഥയോ ഒന്നും പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല. മലയാള സിനിമയിലെ സിദ്ദിഖിന്റെ തൂലികയിൽ പിറന്ന ഏറ്റവും മോശം തിരക്കഥയാണ് ഫുക്രി എന്ന ഈ സിനിമയുടേത്.

സംവിധാനം: ⭐
ഹാസ്യ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ കഴിവുള്ള നടീനടന്മാർ, പ്രഗൽഭരായ സാങ്കേതിക വിദഗ്ദർ, പണം മുടക്കാൻ നിർമ്മാതാക്കൾ, എല്ലാ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്ത പരിചയസമ്പത്ത്. ഇവയെല്ലാം ഉണ്ടായിരുന്നിട്ടും നല്ലൊരു പ്രമേയമോ കഥയോ സംഭാഷണങ്ങളോ അവതരണ മികവോ ഒന്നും ഫുക്രി എന്ന സിനിമയ്ക്ക് വേണ്ടി രൂപപെടുത്തിയെടുക്കുവാൻ സിദ്ദിക്കിന് സാധിച്ചില്ല. സിനിമയുടെ ആദ്യാവസാനം കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും, വളിപ്പ് സംഭാഷണങ്ങളും ഒരുവശത്തു പ്രേക്ഷകരെ മുഷിപ്പിക്കുമ്പോൾ, മറുവശത്തു അഭിനേതാക്കളുടെ താല്പര്യമില്ലാത്ത അഭിനയ രീതിയും അലസമായ അവതരണ രീതിയും പ്രേക്ഷകരെ ബോറടിപ്പിച്ചു. നാളിതുവരെ മലയാള സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും മോശം സിദ്ദിക്ക് സിനിമ എന്ന വിശേഷണം ഫുക്രിയ്ക്ക് ലഭിച്ചു.

സാങ്കേതികം: ⭐⭐⭐
തിരക്കഥയ്ക്ക് അനിയോജ്യമായ രംഗങ്ങൾ പ്രത്യേകിച്ച് പുതുമകളൊന്നും സമ്മാനിക്കാതെ ക്യാമറയിൽ പകർത്തുവാൻ വിജയ് ഉലകനാഥിന് സാധിച്ചു. പാട്ടുകളുടെ ചിത്രീകരണം പോലും മുമ്പ് കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്ഥമല്ല. കെ.ആർ.ഗൗരിശങ്കർ ആണ് രംഗങ്ങൾ സന്നിവേശം ചെയ്തത്. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങൾ നിരവധി കാണപ്പെട്ടു. ഹാസ്യത്തിന് വേണ്ടി ഉൾപ്പെടുത്തിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും അനാവശ്യമായിരുന്നു. ഗോപി സുന്ദർ നിർവഹിച്ച പശ്ചാത്തല സംഗീതം കേട്ടതായി ഓർമ്മപോലുമില്ല. ഫുക്രിമാരുടെ വീട് ഒരുക്കിയ ജോസഫ് നെല്ലിക്കൽ അഭിനന്ദനം അർഹിക്കുന്നു. പാട്ടുകളുടെ ചിത്രീകരണത്തിൽ വീടിനകത്തുള്ള കലാസംവിധാനവും മികവ് പുലർത്തി. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം നൽകിയത് വിശ്വജിത്തും ഡോക്ടർ സുധീപും ചേർന്നാണ്. ‘ഒരേ ഒരു വാക്കിൽ’ എന്ന് തുടങ്ങുന്ന പാട്ടു മികവ് പുലർത്തി. പ്രവീൺ വർമ്മയുടെ വസ്ത്രാലങ്കാരം കഥാസന്ദർഭങ്ങളോടും കഥാപാത്രങ്ങളോടും നീതി പുലർത്തുന്നവയായിരുന്നു. ലിബിൻ മോഹനനാണ് ചമയം.

അഭിനയം: ⭐⭐⭐
ജോയ് താക്കോൽക്കാരനായും, അങ്കൂർ റാവുത്തറായും, രഘുറാമായും, സുധിയായും, ഡോൺബോസ്‌കോയായും നിറഞ്ഞാടിയ ജയസൂര്യ, തട്ടിപ്പുവീരൻ കഥാപാത്രങ്ങളുടെ പാത വീണ്ടും പിന്തുടരുന്നതിന്റെ തുടക്കമായാണോ ലുക്മാൻ അലി ഫുക്രിയെ തിരഞ്ഞെടുത്തത്? ലക്കി എന്ന കഥാപാത്രത്തെ അലസമായി അവതരിപ്പിച്ച പ്രതീതിയാണ് അനുഭവപ്പെട്ടത്. ഭാവാഭിനയത്തിലൂടെ നടൻ സിദ്ദിഖ് സുലൈമാൻ ഫുക്രിയായി മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, അലി ഫുക്രിയായി ലാൽ വന്നതും പോയതും അറിഞ്ഞില്ല. നായികമാരിൽ അനു സിത്താര തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചപ്പോൾ, പ്രയാഗ മാർട്ടിൻ കൃത്രിമത്വം നിറഞ്ഞ അഭിനയത്തിലൂടെ നിരാശപ്പെടുത്തി. ഹാസ്യ വിഭാഗം കൈകാര്യം ചെയ്ത ജോജു ജോർജ്, ഭഗത് മാനുവൽ, നിർമ്മൽ പാലാഴി, നിയാസ് ബക്കർ, നസീർ സംക്രാന്തി എന്നിവർ ബോറടിപ്പിച്ചു. ഇവരെ കൂടാതെ ജനാർദനൻ, ജോൺ കൈപ്പറമ്പിൽ, അൻസാർ കലാഭവൻ, വിനോദ് കെടാമംഗലം, സാജൻ പള്ളുരുത്തി, മജീദ്, കെ.പി.എ.സി.ലളിത, ശ്രീലത, തെസ്നി ഖാൻ, കൃഷ്ണപ്രഭ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: ആദ്യാവസാനം പ്രേക്ഷകരെ മുഷിപ്പിക്കുന്ന കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമടങ്ങുന്ന ദുരന്തമാണ് ഫുക്രി!

രചന, സംവിധാനം: സിദ്ദിഖ്
നിർമ്മാണം: സിദ്ദിഖ്, വൈശാഖ് രാജൻ, ജെൻസോ ജോസ്
ഛായാഗ്രഹണം: വിജയ് ഉലകനാഥ്
ചിത്രസന്നിവേശം: കെ.ആർ.ഗൗരിശങ്കർ
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: വിശ്വജിത്, ഡോക്ടർ സുധീപ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: ജോസഫ് നെല്ലിക്കൽ
വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ
ചമയം: ലിബിൻ മോഹനൻ
നൃത്തസംവിധാനം: ബ്രിന്ദ
സംഘട്ടനം: മാഫിയ ശശി
വിതരണം: വൈശാഖ റിലീസ്.