മുന്തിരിവള്ളികൾ തളിർക്കുമ്പോൾ – ⭐⭐⭐


ദാമ്പത്യ പ്രണയം പൂവിടുമ്പോൾ… – ⭐⭐⭐

“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം, അതികാലത്ത് മുന്തിരിതോട്ടങ്ങളിൽപോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം.
അവിടെ വെച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും.” – കെ.കെ.സുധാകരന്റെ ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എന്ന നോവലിലെ ഒരു വാചകം.

ഒരു വ്യക്തിയുടെ സമസ്തമേഖലകളിലെയും വിജയം ദാമ്പത്യ ജീവിതത്തിലെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു. തകർന്ന കുടുംബബന്ധങ്ങൾ മറ്റു മേഖലകളിലെ പരാജയത്തിന് കാരണമാകുന്നു. ‘എന്റെ ഭാര്യയാണ് എന്റെ ജീവിതം’ എന്ന സന്ദേശം അർത്ഥവത്താക്കുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്ന ഈ സിനിമയിൽ ഒട്ടനവധി സന്ദേശങ്ങൾ കുടുംബങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

വി.ജെ.ജെയ്മ്സിന്റെ ‘പ്രണയോപനിഷത്’ എന്ന ചെറുകഥയെ ആസ്പദമാക്കി എം.സിന്ധുരാജ് രചന നിർവഹിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സംവിധാനം ചെയ്തിരിക്കുന്നത് ജിബു ജേക്കബാണ്. പ്രമോദ് പിള്ള ഛായാഗ്രഹണവും, സൂരജ് എസ്. ചിത്രസന്നിവേശവും, ബിജിബാൽ പശ്ചാത്തല സംഗീതവും, എം.ജയചന്ദ്രൻ-ബിജിബാൽ ടീം പാട്ടുകളുടെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ബാംഗ്ലൂർ ഡെയ്‌സ്, കാട് പൂക്കുന്ന നേരം എന്നീ സിനിമകൾക്ക്‌ ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്ററിന്റെ ബാനറിൽ സോഫീയ പോൾ നിർമ്മിച്ചിരിക്കുന്ന ഈ സിനിമയിൽ മോഹൻലാലും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
ദമ്പതികൾ തമ്മിൽ എങ്ങനെ സ്നേഹിക്കണമെന്നും, ആശയവിനിമയം എങ്ങനെ ഫലപ്രദമാക്കാം എന്നും, മറ്റു ബന്ധങ്ങളുടെ പ്രലോഭനങ്ങളിൽ നിന്നും എങ്ങനെ രക്ഷപെടാമെന്നും, മക്കളോട് എങ്ങനെ സ്നേഹം പ്രകടിപ്പിക്കണമെന്നും, മാതാപിതാക്കൾ തമ്മിലുള്ള സ്നേഹം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്നും ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നു. കുടുംബങ്ങളിൽ വലിയ അളവിൽ സ്വാധീനം ചെലുത്തുവാൻ സാധ്യതയുള്ള ഒരു വിഷയം ഒരുപാട് നാളുകൾക്കു ശേഷമാണ് മലയാള സിനിമയിൽ പ്രേമേയമാകുന്നത്. ഒരുപക്ഷെ അത് തന്നെയാകും ഈ സിനിമയുടെ വിജയവും.

തിരക്കഥ: ⭐⭐⭐
എം.സിന്ധുരാജ് തിരക്കഥയും സംഭാഷണങ്ങളും രചിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോളിൽ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന പല സംഭവങ്ങളും ചർച്ചാവിഷയമാകുന്നുണ്ട്. അവിഹിത ബന്ധങ്ങളും അമിതമായ ഫോൺ ഉപയോഗവും മൂലം കുടുംബത്തിൽ ചിലവിടാൻ സമയമില്ലായ്മ ഉണ്ടാവുകയും ചെയ്യുന്നു. മേല്പറഞ്ഞ വിഷയം കുടുംബങ്ങളെ ബാധിക്കാതിരിക്കണമെങ്കിൽ, കുടുംബനാഥൻ അയാളുടെ സുഹൃത്തുക്കളെയോ മറ്റു ബന്ധങ്ങളെയോ സ്നേഹിക്കുന്നതിനേക്കാൾ തന്റെ ഭാര്യയെ സ്നേഹിക്കുക എന്ന സന്ദേശമാണ് ഈ സിനിമയിലൂടെ സമൂഹത്തിനു നൽകുന്നത്. ഈ ആശയം പ്രേക്ഷകരിലേക്കെത്തിക്കുവാനുള്ള കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടെ തിരക്കഥയിലുള്ളത്. വിശ്വസനീയമായ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളുമാണ് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നത്. സിനിമയുടെ ആദ്യപകുതിയുടെ തുടക്കത്തിൽ മേല്പറഞ്ഞ വിഷയത്തിലേക്കു എത്തിച്ചേരുവാൻ ഒട്ടനവധി കഥാസന്ദർഭങ്ങൾ ഉൾപ്പെടുത്തേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല. അതുപോലെ മൂലകഥയിൽ പ്രാധാന്യമില്ലാത്ത കുറെ കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളമുണ്ട്. ഈ പറഞ്ഞ കുറവുകളൊക്കെ തിരക്കഥയിൽ ഉണ്ടെങ്കിലും, എന്റെ ജീവിതം എന്റെ ഭാര്യയാണ് എന്നത്തിന്റെ പൂർണ അർഥം പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്നിറങ്ങുവാൻ സാധിക്കുന്ന രീതിയിൽ തിരക്കഥ എഴുതുവാൻ എം.സിന്ധുരാജിന് സാധിച്ചു എന്നതാണ് തിരക്കഥാകൃത്തിന്റെ വിജയം. അഭിനന്ദനങ്ങൾ!

സംവിധാനം:⭐⭐⭐
വെള്ളിമൂങ്ങ എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന സംവിധായകനാണ് ജിബു ജേക്കബ്. നല്ല പ്രമേയവും കഥയും തിരഞ്ഞെടുത്തു കുടുംബങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള കഥാസന്ദർഭങ്ങൾ കൂട്ടിച്ചേർത്തു കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ അഭിനയിപ്പിച്ചു കൃത്യതയോടെ സംവിധാനം നിർവഹിച്ചു നല്ലൊരു സന്ദേശം സമൂഹത്തിലെത്തിക്കുവാൻ ജിബു ജേക്കബ് നടത്തിയ പരിശ്രമം വിജയിച്ചിരിക്കുന്നു. ഇഴഞ്ഞു നീങ്ങുന്ന അവതരണവും സിനിമയുടെ ദൈർഘ്യവും, കഥയിൽ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളും മാത്രമാണ് ഈ സിനിമയുടെ പോരായ്മയായി അവശേഷിക്കുന്നത്. ദൃശ്യത്തിന് ശേഷം പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന മോഹൻലാലിനെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ വിജയഘടകങ്ങളിൽ ഒന്ന്. സിനിമയുടെ രണ്ടാം പകുതിയും ക്‌ളൈമാക്‌സും മികവോടെ അവതരിപ്പിച്ചതാണ് മറ്റൊരു ഘടകം. ഇനിയും ഇതുപോലുള്ള സിനിമകൾ നിർമ്മിക്കുവാൻ സോഫിയ പോളിനും സാധിക്കട്ടെ. സ്നേഹത്തിന്റെ മുന്തിരിവള്ളികൾ കുടുംബങ്ങളിൽ പൂത്തുതളിർക്കട്ടെ!

സാങ്കേതികം: ⭐⭐⭐
പ്രമോദ് പിള്ളയുടെ ഛായാഗ്രഹണം സിനിമയുടെ കഥയോടും പശ്ചാത്തലത്തിനോടും ചേർന്ന് നിൽക്കുന്നു. എന്നാൽ സൂരജിന്റെ സന്നിവേശം വേണ്ടുവോളം മികവ് പുലർത്തിയില്ല. സിനിമയുടെ ആദ്യ പകുതിയിലെ രംഗങ്ങൾ പലതും കഥയിൽ പ്രാധാന്യമില്ലാത്തതും വലിച്ചുനീട്ടിയിരിക്കുന്ന രീതിയിലുമായി അനുഭവപെട്ടു. സിനിമയുടെ ദൈർഘ്യം ഒരല്പം കൂടുതലായത് പ്രേക്ഷകരിൽ മുഷിപ്പുണ്ടാക്കുന്നതിനു വഴിയൊരുക്കിയിട്ടുണ്ട്. ബിജിബാലിന്റെ പശ്ചാത്തല സംഗീത സംവിധാനം രംഗങ്ങളുടെ മാറ്റുകൂട്ടുന്നതിനു സഹായിച്ചിട്ടുണ്ട്. റഫീഖ് അഹമ്മദ്, മധു വാസുദേവ്, അജിത്കുമാർ എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രനും ബിജിബാലും ഈണമിട്ട മൂന്ന് പാട്ടുകളാണുള്ളത്. ശരാശരിയിലൊതുങ്ങുന്ന പാട്ടുകളാണ് മൂന്നും. അജയ് മങ്ങാടിന്റെ കലാസംവിധാനവും സജി കൊരട്ടിയുടെ ചമയവും മികവ് പുലർത്തി. നിസാർ റഹ്മത്തിന്റെ വസ്ത്രാലങ്കാര മികവിനാൽ മോഹൻലാൽ പതിവിലും പ്രായക്കുറവ് തോന്നിപ്പിക്കുന്ന രീതിയിലായി. രംഗനാഥ് രവിയാണ് ശബ്ദരൂപീകരണം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐⭐
മോഹൻലാൽ, മീന, അനൂപ് മേനോൻ, ശ്രിന്ദ അഷബ്, ഐമ റോസ്മി സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ്, അലൻസിയാർ ലേ ലോപസ്, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, ഷറഫുദ്ധീൻ, സുധീർ കരമന, സുരേഷ് കൃഷ്ണ, മേഘനാഥൻ, സോഹൻ സീനുലാൽ, ജോയ് മാത്യു, രാഹുൽ മാധവ്, കെ.എൽ.ആന്റണി, ലിഷോയ്, രാജേഷ് പറവൂർ, ഗണപതി, നന്ദു, ശശി കലിങ്ക, കുമരകം രഘുനാഥ്, ആശ ശരത്,
നേഹ സക്‌സേന, ബിന്ദു പണിക്കർ, രശ്മി ബോബൻ, മഞ്ജു സുനിൽ, ലീന ആന്റണി, അംബിക മോഹൻ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. ഉലഹന്നാൻ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ മറ്റൊരു നടനും സാധിക്കുകയില്ല എന്ന് അടിവരയിട്ടു സ്ഥാപിച്ചിരിക്കുകയാണ് നടനവിസ്മയം മോഹൻലാൽ. ഇത്രയും ആസ്വാദ്യകരമായി പ്രണയത്തെ അവതരിപ്പിക്കുവാൻ മോഹൻലാലിനല്ലാതെ മലയാള സിനിമയിൽ നിലവിലുള്ള ഒരു നടനും സാധിക്കുകയില്ല എന്നത് നിസംശയം പറയാം. പാവാട ബാബുവിന് ശേഷം അഭിനയ സാധ്യതയുള്ള വേണുക്കുട്ടൻ എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു കയ്യടി നേടുവാൻ അനൂപ് മേനോന് സാധിച്ചു. ദൃശ്യത്തിന് ശേഷം മീനയ്ക്കും ലഭിച്ച നല്ല വേഷമാണ് ഈ സിനിമയിലെ ആനിയമ്മ. അലൻസിയാർ, ഷാജോൺ, ഐമ റോസ്മി, ശ്രിന്ദ, മഞ്ജു സുനിൽ എന്നിവരും അവരവർക്കു ലഭിച്ച കഥാപാത്രം ഗംഭീരമാക്കി.

വാൽക്കഷ്ണം: സ്നേഹത്തിന്റെ സന്തോഷത്തിന്റെ മുന്തിരിവള്ളികൾ നിങ്ങളുടെ കുടുംബത്തിലും പടർന്നുപിടിക്കണമെങ്കിൽ ഈ സിനിമ തീർച്ചയായും കണ്ടിരിക്കണം!

സംവിധാനം: ജിബു ജേക്കബ്
രചന: എം.സിന്ധുരാജ്
നിർമ്മാണം: സോഫിയാ പോൾ
ബാനർ: വീക്കെൻഡ് ബ്ലോക്ബസ്റ്റർ
ഛായാഗ്രഹണം: പ്രമോദ് പിള്ള
ചിത്രസന്നിവേശം: സൂരജ് എസ്.
പശ്ചാത്തല സംഗീതം: ബിജിബാൽ
ഗാനരചന: റഫീഖ് അഹമ്മദ്, മധു വാസുദേവ്, അജിത്കുമാർ ഡി.ബി.
സംഗീതം: എം.ജയചന്ദ്രൻ, ബിജിബാൽ
കലാസംവിധാനം: അജയൻ മാങ്ങാട്
ചമയം: സജി കൊരട്ടി
വസ്ത്രാലങ്കാരം: നിസാർ റഹ്മത്
ശബ്ദമിശ്രണം: അജിത് എ.ജോർജ്
ശബ്ദരൂപീകരണം: രംഗനാഥ് രവി
വിതരണം: വീക്കെൻഡ് ബ്ലോക്ബസ്റ്റർ റിലീസ്.

ജോമോന്റെ സുവിശേഷങ്ങൾ – ⭐⭐

അശേഷം ഗുണമില്ലാത്ത സുവിശേഷങ്ങൾ! – ⭐⭐

ഒരിക്കൽ സംവിധായകൻ സത്യൻ അന്തിക്കാട് തിരുപ്പൂരിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. ‘വിനോദയാത്ര’യ്ക്കിടയിൽ സത്യൻ അന്തിക്കാടിനു ഒരു സിനിമ കാണണമെന്ന മോഹമുണ്ടായി. അദ്ദേഹം അവിടെയുള്ള ഒരു സിനിമ തിയറ്ററിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ‘നിവിൻ പോളി സിനിമ’ കാണുവാനിടയായി. പൂർണമായും വിദേശത്തു ചിത്രീകരിച്ച ആ സിനിമയെ വാനോളം പുകഴ്ത്തി തിരക്കഥാകൃത്ത് ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറം തന്റെ ഫെയിസ്‍ബുക്കിൽ കുറിച്ചിരിക്കുന്നത് സത്യൻ അന്തിക്കാട് വായിക്കുവാനിടയായി. ഒരു ഇന്ത്യൻ പ്രണയകഥയ്ക്കു ശേഷം ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന് സത്യൻ അന്തിക്കാടും ഇക്‌ബാൽ കുറ്റിപ്പുറവും തീരുമാനമെടുത്തു. അങ്ങനെയാണ് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ ആരംഭിക്കുന്നത്. ചില സത്യങ്ങൾ കെട്ടുകഥകളെക്കാൾ അവിശ്വസനീയമാണ്!

ഫുൾ മൂൺ സിനിമാസിനു വേണ്ടി സേതു മണ്ണാർക്കാട് നിർമ്മിച്ചിരിക്കുന്ന ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖർ സൽമാനാണ് ജോമോനായി അഭിനയിച്ചിരിക്കുന്നത്. അച്ഛൻ-മകൻ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ മുകേഷാണ് അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ രാജേഷും അനുപമ പരമേശ്വരനുമാണ് നായികമാരായത്.

പ്രമേയം: ⭐
അച്ഛനും മക്കളുമടങ്ങുന്ന സമ്പന്ന കുടുംബത്തിലെ താന്തോന്നിയായ ഇളയമകൻ ഒരു നിർണ്ണായക ഘട്ടത്തിൽ അച്ഛന്റെ രക്ഷകനായി മാറുന്നു. ബിസിനെസ്സ് തകർന്നടിഞ്ഞു ഒറ്റപ്പെട്ട അച്ഛന്റെ സ്വപ്‌നങ്ങൾ ഓരോന്നും സ്വപ്രയത്നംകൊണ്ട് തിരിച്ചുപിടിക്കുന്ന മകന്റെ സ്നേഹത്തിന്റെ കഥയാണ് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലൂടെ ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറവും സത്യൻ അന്തിക്കാടും അവതരിപ്പിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മുൻകാല സിനിമകളിലൂടെ തന്നെ ഒരുപാട് തവണ പറഞ്ഞു പഴകിയതാണ് ഈ സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐⭐
നോക്കി നോക്കി നോക്കി നിന്ന്…
കാത്തു കാത്തു കാത്തു നിന്ന്…ഒടുവിൽ പ്രദർശനത്തിനെത്തിയ ജോമോന്റെ സുവിശേഷങ്ങൾ ഓരോന്നും പ്രേക്ഷകർ കണ്ടുമടുത്തതും കേട്ടുപഴകിയതുമാണെന്നും ദൗർഭാഗ്യകരമായ സത്യമാണ്. ഓരോ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും സൃഷ്ടിക്കപ്പെടേണ്ടത് സംവിധായകനു വേണ്ടിയോ നായക നടനു വേണ്ടിയോ ആകരുത് എന്ന വസ്തുത ഇക്‌ബാൽ കുറ്റിപ്പുറം മറന്നിരിക്കുന്നു. അദ്ദേഹത്തിന്റെ മുൻകാല സിനിമകളൊന്നും അത്തരത്തിലുള്ളവ
ആയിരുന്നില്ല. എന്നാൽ, ജോമോന്റെ സുവിശേഷങ്ങൾ കാണുമ്പോൾ അതിലെ ഓരോ രംഗങ്ങളും കഥാപാത്രങ്ങളും സത്യൻ അന്തിക്കാടിന് വേണ്ടിയും ദുൽഖർ സൽ‍‍മാന് വേണ്ടിയും എഴുതപ്പെട്ടതാണെന്നു വ്യക്തമാണ്. നല്ലവരാണെന്നു കരുതിയ മക്കൾ ഒരുനാൾ അച്ഛനെ ഉപേക്ഷിക്കുമ്പോൾ, മോശപെട്ടവനാണെന്നു കരുതിയ മകൻ അച്ഛനെ ഏറ്റെടുക്കുന്നു എന്ന പ്രമേയം എത്രയോ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. തിരക്കഥ രചനയിൽ പുതുമകൾ പ്രതീക്ഷിക്കുമ്പോൾ അവിടെയും പ്രേക്ഷകർ നിരാശരാവുകയാണ്. കാരണം, കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ ഒരു സിനിമയുമായി ഒരുപാട് സാമ്യമുള്ളതാണ് ഈ സിനിമയുടെ കഥാഗതിയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും. ഇതുപോലെയുള്ള അബദ്ധങ്ങളിൽ ചെന്ന് ദുൽഖർ സൽമാൻ എങ്ങനെ തലവെയ്ക്കുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ഒരു ചോദ്യം.

സംവിധാനം: ⭐⭐
ജീവിതം പഠിക്കണമെങ്കിൽ കേരളത്തിൽ സ്ഥലമില്ല എന്നും തമിഴ് നാട്ടിലെ ഉൾഗ്രാമ പ്രദേശത്തു മാത്രമേ പഠനം സാധിക്കുകയുള്ളു എന്ന് കാലാകാലങ്ങളായി സത്യൻ അന്തിക്കാട് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ മഴവിൽകാവടി മുതൽ ഒരുപാട് സിനിമകളിൽ നായകനെ ഉത്തരവാദിത്വമുള്ള ജീവിത പഠനത്തിനായി തമിഴ് നാട്ടിലേക്കു കയറ്റിവിട്ടിട്ടുണ്ട്. വർഷമേറെയായിട്ടും അതിലൊന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. കുറച്ചു വർഷങ്ങളായി സത്യൻ അന്തിക്കാട് എന്ന സംവിധായകൻ ഒരേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ് പോലെയാണെങ്കിലും അവയിൽ ഓരോന്നിലും കഥാപരമായി പുതുമകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ സിനിമയുടെ കാര്യത്തിൽ അതും പഴയ വീഞ്ഞ് തന്നെ. തിലകനും നെടുമുടി വേണുവിനും പകരം മുകേഷ് അച്ഛൻ സ്ഥാനമേറ്റെടുത്തു എന്നതല്ലാതെ മറ്റൊരു പുതുമയും സംവിധായകന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ കണ്ടെത്തുകയും, കഥാസന്ദർഭത്തിനു യോജിച്ച പശ്ചാത്തല സംഗീതം നൽകി എന്നത് മാത്രമാണ് സംവിധാനത്തിൽ മികവായി തോന്നിയത്. ഒരുപാട് മികച്ച കുടുംബചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാടിൽ നിന്നും കലാമൂല്യമുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നു.

സാങ്കേതികം: ⭐⭐⭐
തൃശൂർ നഗരത്തിന്റെ സമ്പന്നതയും തിരുപ്പൂർ ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഒപ്പിയെടുത്തുകൊണ്ടു എസ്.കുമാർ വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. ആദ്യ പകുതിയിലെ ‘നോക്കി നോക്കി നിന്ന്’ എന്ന പാട്ടിന്റെ ചിത്രീകരണം നിലവാരം പുലർത്തിയില്ലയെങ്കിലും, രണ്ടാം പകുതിയിലെ ‘പൂങ്കാറ്റേ’ എന്ന പാട്ടിന്റെ ചിത്രീകരണവും ‘നീലാകാശം’ എന്ന പാട്ടിന്റെ ചിത്രീകരണവും മികവ് പുലർത്തി. കെ. രാജഗോപാലാണ് രംഗങ്ങൾ കോർത്തിണക്കിയത്. സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം അവതരണ ശൈലിയിൽ തന്നെയാണ് രംഗങ്ങൾ സന്നിവേശം ചെയ്തിരിക്കുന്നത്. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങൾ ഒന്നും സിനിമയില്ലായെങ്കിലും, ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ് പല രംഗങ്ങളും കോർത്തിണക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട നാല് പാട്ടുകളാണ് സിനിമയിലുള്ളത്. അവയിൽ നജീം അർഷാദും സുജാതയും ആലപിച്ച നീലാകാശം എന്ന പാട്ടു മികവ് പുലർത്തി. രംഗങ്ങളുടെ പശ്ചാത്തല സംഗീതം നൽകിയതും വിദ്യാസാഗറാണ്. ഏറെ നാളുകൾക്കു ശേഷം വിദ്യാസാഗർ പശ്ചാത്തല സംഗീതം നിർവഹിച്ചതിൽ മികവ് പുലർത്തിയ സിനിമയാണിത്. അച്ഛൻ-മകൻ ആത്മബദ്ധം പ്രേക്ഷക ഹൃദയങ്ങളിൽ നൊമ്പരമുണർത്തിയതിനു പ്രധാന കാരണങ്ങളിൽ ഒന്ന് വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതമാണ്. പ്രശാന്ത് മാധവാണ് കലാസംവിധാനം നിർവഹിച്ചത്. നെയ്ത്തുകാരുടെ ഗ്രാമത്തിന്റെ കഥാപശ്ചാത്തലത്തിൽ ഒരുക്കിയ രംഗങ്ങളിൽ പലതും മറ്റേതോ സ്ഥലത്തു ചിത്രീകരിച്ചത് പോലെയാണ് തോന്നിയത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തി. പാണ്ഡ്യനാണ് ചമയം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐⭐
ജോമോൻ എന്ന കഥാപാത്രത്തെ നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ അത്യന്തം രസകരമായി ജോമോന്റെ കുസൃതികളെ ദുൽഖർ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ അച്ഛനോടുള്ള ആത്മബന്ധമുളവാക്കുന്ന രംഗങ്ങളും തന്മയത്വത്തോടെ ദുൽഖർ അഭിനയിച്ചിട്ടുണ്ട്. വിൻസെന്റ് എന്ന കഥാപാത്രമായി മുകേഷ് മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. മുകേഷ് നാളിതുവരെ അഭിനയിച്ചതിൽ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഈ സിനിമയിലെ വിൻസെന്റ് എന്ന അച്ഛൻ കഥാപാത്രം. തമിഴ് നടൻ മനോബാല തനിക്കു ലഭിച്ച വേഷം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ, ഇന്നസെന്റ്, ശിവജി ഗുരുവായൂർ, വിനു മോഹൻ, ഇർഷാദ്, ഗ്രിഗറി, നന്ദുലാൽ, വിനോദ് കെടാമംഗലം, ഐശ്വര്യ രാജേഷ്, അനുപമ പരമേശ്വരൻ, ഇന്ദു തമ്പി, മുത്തുമണി, രസ്ന പവിത്രൻ എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: പറഞ്ഞു പഴകിയ സുവിശേഷങ്ങളടങ്ങുന്ന ജോമോന്റെ ജീവിത പാഠപുസ്തകത്തിൽ രസിപ്പിക്കുന്നതൊന്നുമില്ല.

സംവിധാനം: സത്യൻ അന്തിക്കാട്
നിർമ്മാണം: സേതു മണ്ണാർക്കാട്
രചന: ഇക്‌ബാൽ കുറ്റിപ്പുറം
ഛായാഗ്രഹണം: എസ്. കുമാർ
ചിത്രസന്നിവേശം: രാജഗോപാൽ
സംഗീതം: വിദ്യസാഗർ
ഗാനരചന: റഫീഖ് അഹമ്മദ്
കലാസംവിധാനം: പ്രശാന്ത് മാധവ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
ചമയം: പാണ്ഡ്യൻ
വിതരണം: കലാസംഘം ത്രൂ എവർഗ്രീൻ.