തോപ്പിൽ ജോപ്പൻ – ⭐⭐


ആരാധകരെ 50% രസിപ്പിക്കും 50% വെറുപ്പിക്കും ജോപ്പൻ! – ⭐⭐

50% നൗഷാദ് ആലത്തൂരും 50% ജീവൻ നാസറും പണം ചിലവഴിച്ചു ഗ്രാന്റേ ഫിലിം കോർപറേഷന്റെയും എസ്.എൻ.ഗ്രൂപ്പിന്റെയും ബാനറിൽ നിർമ്മിച്ച തോപ്പിൽ ജോപ്പന്റെ മനസ്സിൽ 50% പ്രണയവും ശരീരത്തിൽ 50% മദ്യവും എന്ന അളവിലാണുള്ളത്. ഏറെ നാളുകൾക്കു ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമയിൽ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവരെ 50% ത്രിപ്ത്തിപെടുത്തുന്ന ഘടകങ്ങൾ പോലുമില്ല. നിഷാദ് കോയ എഴുതിയ തിരക്കഥയിൽ 50% രസിപ്പിക്കുന്ന ഫലിതങ്ങളും 50% വളിപ്പ് തമാശകളുമാണുള്ളത്.

പ്രമേയം:⭐
തോപ്പ്രംകുടിയിലെ തോപ്പിൽ തറവാട്ടിലെ അവിവിവാഹിതനായ തോപ്പിൽ ജോപ്പന്റെ പ്രണയവും പ്രണയനൈരാശ്യവും പ്രണയ സാഫല്യത്തിനായുള്ള കാത്തിരിപ്പും അതിനു വേണ്ടിയുള്ള പ്രയത്നങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. നിഷാദ് കോയയുടേതാണ് കഥ. കൗമാര പ്രായത്തിൽ ആദ്യനോട്ടത്തിൽ തന്നെ ജോപ്പന് പ്രണയം തോന്നിയ ആനി ഇന്ന് മറ്റൊരാളുടെ ഭാര്യയാണെന്ന ദുഃഖം താങ്ങാനാവാത്ത ജോപ്പൻ മുഴുകുടിയനായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ജോപ്പന്റെ ജീവിതത്തിൽ മരിയ എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് തോപ്പിൽ ജോപ്പന്റെ കഥ.

തിരക്കഥ: ⭐⭐
ഓർഡിനറി, മധുര നാരങ്ങ എന്നീ സിനിമകൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന തോപ്പിൽ ജോപ്പൻ ഒരു പ്രണയകഥയാണ്. സ്നേഹിച്ച പെൺകുട്ടിയെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കുടിയനായി നടക്കുന്ന ജോപ്പന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ. കബഡി കളിയിലൂടെ ആരംഭിക്കുന്ന കഥ ചെന്നെത്തുന്നത് കബഡി കളിയിലെ എതിർ ടീമിന്റെ ക്യാപ്‌റ്റനും ദുഷ്ടനുമായ പോലീസ് ഉദ്യോഗസ്ഥനുമായുള്ള സംഘട്ടനത്തിലാണ്. അവിടെന്നു പിന്നീട് മരിയ കഥാപാത്രവുമായുള്ള ജോപ്പന്റെ സൗഹൃദത്തിലാണ് കഥയുടെ സഞ്ചാരം. ഒടുവിൽ ആനി എന്ന ജോപ്പന്റെ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്നു. അതിനിടയിൽ ധ്യാന കേന്ദ്രം, മരിയയുടെ ഒളിച്ചോട്ടം തുടങ്ങിയ കഥാസന്ദർഭങ്ങളും വന്നുപോകുന്നു. മേല്പറഞ്ഞതുപോലെ ഒരു അന്തവും കുന്തവുമില്ലാതെ ദിശയില്ലാതെ സഞ്ചരിക്കുന്ന പട്ടം പോലെയാണ് ഈ സിനിമയുടെ തിരക്കഥ രചന. പ്രവചിക്കാനാവുന്ന കഥാഗതിയും വളിപ്പ് തമാശകളും മാത്രമാണ് ഈ സിനിമയിലുടനീളമുള്ളത്. തോപ്പിൽ ജോപ്പന്റെ കഥാപാത്രരൂപീകരണം പോലും ഓരോസമയവും ഓരോ രീതിയിലാണ്. അലസമായ തിരക്കഥ രചന എന്നതാണ് ഒറ്റവാക്കിൽ പറയുവാനുള്ളത്.

സംവിധാനം: ⭐⭐
ജോണി ആന്റണി സിനിമകളുടെ സ്ഥിരം ചേരുവകളൊന്നും ഈ സിനിമയിലില്ല. റിയലിസ്റ്റിക് കഥാസന്ദർഭങ്ങളിലൂടെയാണ് കഥയുടെ അവതരണം. മമ്മൂട്ടി എന്ന അഭിനേതാവിനെയോ മമ്മൂട്ടി എന്ന താരത്തെയോ പൂർണ്ണതയോടെ അവതരിപ്പിക്കുവാൻ ജോണി ആന്റണിയ്ക്കു സാധിച്ചില്ല. മുൻകാല ജോണി ആന്റണി സിനിമകളായ തുറുപ്പുഗുലാനും പട്ടണത്തിൽ ഭൂതവും അപേക്ഷിച്ചു ഭേദമാണ് ഈ സിനിമ. ഒരു കോട്ടയം കുഞ്ഞച്ചനോ കുട്ടപ്പായിയോ പ്രതീക്ഷിച്ചു പോകുന്നവരെ നിരാശപ്പെടുത്തുന്ന അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടിയുടെ മഴയത്തുള്ള ഡാൻസും മമ്ത മോഹൻദാസുമായുള്ള ആ പാട്ടും ആരാധകരെ പോലും വെറുപ്പിച്ചു. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങൾ പതിഞ്ഞ താളത്തിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്കു നന്നേ ബോറടിച്ചു. പ്രേക്ഷകരെ രണ്ടു മണിക്കൂർ പിടിച്ചിരുത്തുവാനുള്ള ഒരു പുതുമയും തോപ്പിൽ ജോപ്പനിലില്ല. മമ്മൂട്ടിയെ സ്നേഹിക്കുന്നവർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു സിനിമ എന്നതിലുപരി ഒരു സവിശേഷതകളുമില്ല.

സാങ്കേതികം: ⭐⭐⭐
സുനോജ് വേലായുധമാണ് ഈ സിനിമയുടെ ഛായാഗ്രഹണം. ഇടുക്കിയിലെ കണ്ടുമടുത്ത കാഴ്ചകൾക്ക് അപ്പുറം പുതുമകളൊന്നും ഛായാഗ്രഹണത്തിലില്ല. മഴ പെയ്യുന്ന ഫ്രയിമുകളെല്ലാം കൃത്രിമത്വം തോന്നിപ്പിക്കുന്ന രീതിയിലായതു വ്യക്തമായി മനസ്സിലാകും. പതിഞ്ഞ താളത്തിലാണ് രഞ്ജൻ എബ്രഹാം രംഗങ്ങൾ കോർത്തിണക്കിയിരിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന ന്യൂനതകളിൽ ഒന്ന്. കഥാസന്ദർഭങ്ങൾക്കു അനിയോജ്യമല്ലാത്ത പശ്ചാത്തല സംഗീതമാണ് വിദ്യാസാഗർ ഈ സിനിമയ്ക്ക് നൽകിയിരിക്കുന്നത്. അതുപോലെ പാട്ടുകളും നിലവാരം പുലർത്തിയില്ല. ഏലേലംകിടി എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് ഭേദമായി തോന്നിയത്. സാലു കെ.ജോർജിന്റെ കലാസംവിധാനം കഥാപശ്ചാത്തലത്തിനു യോജിച്ചതായിരുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരത്തിൽ തോപ്പിൽ ജോപ്പൻ കൂടുതൽ സുന്ദരനായിരുന്നു.

അഭിനയം: ⭐⭐⭐
അച്ചായൻ കഥാപാത്രങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിക്കുവാൻ മലയാള സിനിമയിലെ മഹാനടനുള്ള കഴിവ് പ്രേക്ഷകർ കണ്ടാസ്വദിച്ചതാണ്. കോട്ടയം കുഞ്ഞച്ചനും സംഘത്തിലെ കുട്ടപ്പായിയും അനശ്വരമാക്കിയ മമ്മൂട്ടിയുടെ വ്യത്യസ്ത അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. മരിയ എന്ന കഥാപാത്രത്തെ മമ്ത മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ ആനിയായി ആൻഡ്രിയ നിരാശപ്പെടുത്തി. സോഹൻ സീനുലാലും സാജു നവോദയയും ഹാസ്യരംഗങ്ങളിൽ തിളങ്ങിയപ്പോൾ സലിംകുമാർ വെറുപ്പിക്കുന്ന രീതിയിൽ അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം സോഹൻ സീനുലാൽ, അലൻസിയാർ, സാജു നവോദയ, ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, സലിംകുമാർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സുധീർ, ജൂഡ് ആന്തണി ജോസഫ്, മേഘനാഥൻ, ലിഷോയ്, കലാഭവൻ ഹനീഫ്, മോഹൻജോസ്, ആൻഡ്രിയ ജെർമിയ, മമ്ത മോഹൻദാസ്, കവിയൂർ പൊന്നമ്മ, രശ്മി ബോബൻ, അക്ഷര കിഷോർ, ശാന്തകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വാൽക്കഷ്ണം: മമ്മൂട്ടിയുടെ ആരാധകരെ മാത്രം രസിപ്പിക്കുന്ന സിനിമ!

സംവിധാനം: ജോണി ആന്റണി
രചന: നിഷാദ് കോയ
നിർമ്മാണം: നൗഷാദ് ആലത്തൂർ, ജീവൻ നാസർ
ബാനർ: ഗ്രാന്റേ ഫിലിം കോർപറേഷൻ, എസ്.എൻ.ഗ്രൂപ്പ്
ഛായാഗ്രഹണം: സുനോജ് വേലായുധം
ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം
സംഗീതം, പശ്ചാത്തല സംഗീതം: വിദ്യാസാഗർ
ഗാനരചന: റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്ര വർമ്മ
കലാസംവിധാനം: സാലു കെ. ജോർജ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഗ്രാന്റേ ഫിലിം കോർപറേഷൻ.