സത്യ – ⭐


ചിന്തിച്ചില്ലാ…ശെരിക്കും ചിന്തിച്ചില്ലാ! – ⭐

സ്നേഹപ്രകാരമുള്ള മുന്നറിയിപ്പ്!

ഈ സിനിമ കാണാൻ പോകുന്നവർ നിർബന്ധമായും അങ്ങേയറ്റം ക്ഷമയുള്ള സുഹൃത്തുക്കളെ കൂടെ കൂട്ടുക!

ചിന്തിച്ചോ, നിങ്ങൾ ചിന്തിച്ചോ? എന്ന് ഈ സിനിമയിലെ പാട്ടിന്റെ വരികളിലൂടെ ഒരു സൂചന നൽകിയ ഗാനരചയ്താവ് ഹരിനാരായണന്റെ വാക്കുകൾ നിർമ്മാതാവ് ഫിറോസ് സഹീദ് ചെവിക്കൊണ്ടില്ല. ഷെഹ്‌നാസ് സിനിമയ്ക്ക് വേണ്ടി ഫിറോസാണ് സത്യ നിർമ്മിച്ചത്. പ്രതിഭ ഫിലിംസാണ് പ്രദർശനത്തിനെത്തിച്ചത്.

അന്തരിച്ച സംവിധായകൻ ദീപന്റെ ഓർമ്മകൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സത്യ തുടങ്ങുന്നത്. ലീഡർ എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ഷാജി കൈലാസ് ശിഷ്യനാണ് ദീപൻ. തുടർന്ന്, പുതിയ മുഖം, ഹീറോ, സിം, ഗ്യാങ്സ് ഓഫ് വടക്കുംനാഥൻ, ഡോൾഫിൻസ് എന്നീ സിനിമകളും സംവിധാനം നിർവഹിച്ചു. ദീപന്റെ അവസാന സിനിമയായ സത്യയുടെ രചന നിർവഹിച്ചത് എ.കെ.സാജനാണ്.

പ്രമേയം: ⭐
പ്രത്യേക ലക്ഷ്യങ്ങളുള്ള ചൂതുകളിക്കാരനാണ് സത്യ ക്രിസ്റ്റഫർ. സത്യ തന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ റോസി എന്ന അഭിസാരികയെ തേടിയിറങ്ങുന്നതാണ് ഈ സിനിമയുടെ കഥ. റോസിയെ തന്റെ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാൻ സത്യയ്ക്കാകുമോ? ലക്ഷ്യത്തിലെത്തുന്നതിനു വേണ്ടി സത്യ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ സത്യയ്ക്കു സാധിക്കുമോ? സങ്കീർണ്ണമായ ഈ കഥയെഴുതുന്നതിനിടയിൽ പ്രമേയമൊന്നും രൂപപെടുത്തിയെടുക്കുവാൻ എ.കെ.സാജൻ ശ്രമിച്ചില്ല എന്നത് ആശ്വാസകരം!

തിരക്കഥ: ⭐
ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളും ആശ്ചര്യപ്പെടുത്തുന്ന കഥാഗതിയും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ക്‌ളൈമാക്‌സും കഷ്ടപ്പെട്ട് ചിന്തിച്ചു എഴുതിയ എ.കെ.സാജന് പ്രത്യേക പരാമർശം ട്രോളന്മാരുടെ ജ്യൂറി നൽകുവാൻ സാധ്യതയുണ്ട്! മൂത്രശങ്ക തോന്നുന്ന നായികയ്ക്ക് കാര്യം സാധിക്കുവാനായി ബിയർ ബോട്ടിൽ നൽകുക, ബൈക്ക് പൊട്ടിത്തെറിച്ചിട്ടും ഒരു പോറൽപോലും സംഭവിക്കാതെ വില്ലന്മാർ തിരികെയെത്തുക, നൂറു വില്ലന്മാരെ നായകൻ ഇടിച്ചുവീഴ്ത്തുക, കൃത്യമായ ഇടവേളകളിൽ കുത്തിനിറച്ച ഐറ്റെം ഡാൻസുകൾ തുടങ്ങിയവയാണ് ചില ഉദ്യോഗജനക കഥാസന്ദർഭങ്ങൾ. സിനിമ കാണുന്നവരുടെ ആകാംഷ കൂട്ടുവാനായി എഴുതിയ രംഗമാണ് പോലീസ് ഉദ്യോഗസ്ഥനായുള്ള സത്യയുടെ ചീട്ടുകളി. പത്തു മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യത്തിലെത്തേണ്ട സത്യയെ പോലീസ് ചീട്ടുകളിച്ചു ജയിക്കാൻ വെല്ലുവിളിക്കുന്നു. അവിടെ പാലുകാച്ചൽ ഇവിടെ താലികെട്ട് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു മേല്പറഞ്ഞ ആ രംഗം. ക്‌ളൈമാക്‌സിൽ പ്രധാന വില്ലനെ കൊല്ലാതെവിടുന്നത് ഈ സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണോ എന്ന ആശങ്കയും ഭീതിയും പ്രേക്ഷകരുടെ മുഖത്ത് പ്രകടമായിരുന്നു. കഥാവസാനം ലക്ഷ്യത്തിലെത്തുന്ന നായകന് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചു അയാൾ കോടീശ്വരനാകുന്നു. ആ വേദനിക്കുന്ന കോടീശ്വരൻ ഒരു പടുകൂറ്റൻ ചൂത്താട്ടകേന്ദ്രം തുടങ്ങുന്നിടത്തു കഥ അവസാനിക്കുന്നു.

സംവിധാനം: ⭐
ദീപന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്ത അവതരണ രീതിയാണ് സത്യയുടേത്. കഥാഗതിയിലുള്ള വഴിത്തിരിവുകളോ സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയോ ശ്രദ്ധിക്കാതെ, നായകനെ അതിബുദ്ധിമാനായും അതിമാനുഷികനായും അവതരിപ്പിക്കാൻ ശ്രമിച്ചതാണ് സിനിമയ്ക്ക് ദോഷകരമായത്. നായകനും നായികയും കാറിൽ സഞ്ചരിക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ച രീതി കൃത്രിമത്വം നിറഞ്ഞതായിരുന്നു. കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത അഭിനേതാക്കളുടെ കാര്യം പറയേണ്ടതില്ല. അത്രയ്ക്കും പരിതാപകരമായിരുന്നു പലരുടെയും പ്രകടനം. കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം ഒരുവശവും കണ്ടുമടുത്ത പഴഞ്ചൻ അവതരണം മറുവശത്തും. സമ്പൂർണ്ണ നിരാശ സമ്മാനിക്കുന്ന സിനിമ എന്നതാണ് ഒറ്റവാചകത്തിൽ ഈ സിനിമയ്ക്ക് നൽക്കാനാവുന്ന വിശേഷണം.

സാങ്കേതികം: ⭐⭐
ട്രോളന്മാർ ആഘോഷമാക്കിയ ഭക്തരതി ഗാനങ്ങളായ ‘ചിലങ്കകൾ’,’ചിന്തിച്ചോ നീ’ എന്നിവ ചിട്ടപ്പെടുത്തിയത് ഗോപി സുന്ദറാണ്. ഹരിനാരായണനും ജിലു ജോസഫുമാണ് ഗാനരചന. ആലാപന മികവുകൊണ്ട് രണ്ടു പാട്ടുകളും കേൾക്കാൻ രസമുള്ളവയാണ് എന്നത് സത്യം. പക്ഷെ, അവ രണ്ടും ഐറ്റെം ഡാൻസിന് ചേരുന്നവയായിരുന്നില്ല. രൗദ്രം എന്ന സിനിമയുടെ പാശ്ചാത്തല സംഗീതം അതേപടി പകർത്തി ജയറാമിന്റെ മാസ്സ് കൂൾ രംഗത്തിനു നൽകിയിട്ടുണ്ട്. സംഘട്ടന രംഗങ്ങൾക്ക് ശബ്ദകോലാഹലങ്ങൾ വേറെയും. ഭരണി കെ. ധരനാണ് ഛായാഗ്രഹണം നിർവഹിച്ചത്. തീർത്തും നിരാശപ്പെടുത്തിയ ഒന്നാണ് ഈ സിനിമയിലെ രംഗങ്ങൾ. റോഡ് മൂവി എന്ന അവകാശവാദത്തോടെ വന്ന ഈ സിനിമയിലെ ഏറ്റവും കൃത്രിമത്വം നിറഞ്ഞതായിരുന്നു റോഡിലെ ഓരോ രംഗങ്ങളും. സംജിത് സന്നിവേശം നിർവഹിച്ച രീതി ഒരല്പം ആശ്വാസകരമായിരുന്നു. സിനിമ രണ്ടു മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചതിനു പ്രത്യേക നന്ദി! ആക്ഷൻ സിനിമകൾ ഇഷ്ടമാകുന്ന പ്രേക്ഷകർക്ക് ആസ്വദിക്കാനാവുന്ന സംഘട്ടനങ്ങളാണ് കനൽ കണ്ണൻ ഒരുക്കിയിരിക്കുന്നത്. കല മാസ്റ്ററാണ് നൃത്ത സംവിധാനം. ചിലങ്കകൾ എന്ന ഗാനത്തിന്റെ നൃത്ത സംവിധാനം മികവ് പുലർത്തി. എസ്. ബി. സതീഷാണ് വസ്ത്രാലങ്കാരം. ആക്ഷൻ സിനിമകൾക്ക് യോജിച്ച സെറ്റുകൾ ഒരുക്കുവാൻ ബോബന് സാധിച്ചു.

അഭിനയം: ⭐⭐
നിത്യഹരിത നായകൻ ജയറാമിന്റെ പ്രിയപ്പെട്ട നടനും സുഹൃത്തുമാണ് കമൽഹാസൻ. കമൽഹാസന്റെ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സത്യ എന്ന കഥാപാത്രം ജയറാം അവതരിപ്പിച്ചത്. സംഭാഷണങ്ങളുടെ ഉച്ചരാണം പോലും കമൽഹാസനെ പോലെയാക്കുവാൻ ജയറാം ശ്രമിച്ചിട്ടുണ്ട്. ഏറെ നാളായി ആക്ഷൻ സിനിമകളിൽ അഭിനയിക്കാതെയിരുന്ന ജയറാം തന്റെ കഴിവ് മുഴുവൻ ഉപയോഗപ്പെടുത്താതെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജയറാമിനെ കൂടാതെ റോമ, പാർവതി നമ്പ്യാർ, സാജു നവോദയ, രാഹുൽ ദേവ്, രോഹിണി, അനിൽ മുരളി, അജു വർഗീസ്, അബു സലിം, സോഹൻ സീനുലാൽ, മൻരാജ്, നളിനി എന്നിവരാണ് സത്യയിലെ പ്രധാന അഭിനേതാക്കൾ. മേല്പറഞ്ഞതിൽ ഒരാൾപോലും ആത്മാർത്ഥതയോടെ കഥാപാത്രത്തെ അവതരിപ്പിച്ചതായി തോന്നിയില്ല എന്നത് ദുഃഖകരമായ സത്യമാണ്.

വാൽക്കഷ്ണം: സമ്പൂർണ്ണ ചലച്ചിത്ര ദുരന്തമാണ് സത്യ!

സംവിധാനം: ദീപൻ
രചന: എ.കെ.സാജൻ
നിർമ്മാണം: ഫിറോസ് സഹീദ്
ഛായാഗ്രഹണം: ഭരണി കെ.ധരൻ
ചിത്രസന്നിവേശം: സംജിത്
ഗാനരചന: ഹരിനാരായണൻ, ജിലു ജോസഫ്
സംഗീതം: ഗോപി സുന്ദർ
സംഘട്ടനം: കനൽ കണ്ണൻ
നൃത്തസംവിധാനം: കല മാസ്റ്റർ
ചമയം: രതീഷ് അമ്പാടി
കലാസംവിധാനം: ബോബൻ
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്
ശബ്ദസംവിധാനം: അജിത് എ.ജോർജ്
എഫറ്റ്‌സ്: മുരുകേഷ്
വിതരണം: പ്രതിഭ ഫിലിംസ്.

ലീല -⭐⭐

image

കാമമോഹിത ലീലാവിലാസം – ⭐⭐

“പിള്ളേച്ചോ എനിക്കൊന്ന് ഭോഗിക്കണം” എന്ന് കുട്ടിയപ്പൻ അണച്ചുക്കൊണ്ട് പറഞ്ഞു. ആരെ, എന്നെയാണോ വേണ്ടത് ഈ പാതിരായ്ക്ക്? എനിക്ക് ദേഷ്യം വന്നു. എന്റെ പിള്ളേച്ച ചുമ്മാ കളിക്കല്ലേ എന്ന് ടോർച്ച്കൊണ്ട് പുറം ചൊറിഞ്ഞുകൊണ്ട് പറഞ്ഞു. “ഇതൊരു പ്രത്യേകതരം ഭോഗമാണ്. അതിനൊരു ഏർപ്പാടുണ്ടാക്കണം”.

2010 ഒക്ടോബർ-നവംബർ മാസത്തിലെ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ലീല എന്ന ചെറുകഥയിലെ സംഭാഷണങ്ങളാണ് മേൽപറഞ്ഞത്‌. ഉണ്ണി ആർ. എഴുതിയ ലീല എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ രചന നിർവഹിച്ച സിനിമയാണ് ലീല. ഇതാദ്യമായിട്ടാണ് മറ്റൊരാളുടെ തിരക്കഥ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോൾ തിയറ്റേഴ്സാണ് ലീല നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐⭐
ഭ്രാന്തൻ ചിന്തകളുമായി ജീവിക്കുന്ന ഒരു താന്തോന്നി തന്റെ വിചിത്ര ആഗ്രഹം സഫലീകരിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം തിരച്ചറിയുന്ന പച്ചയായ സത്യങ്ങൾ അയാളുടെ ചിന്തകളെയും ആഗ്രഹങ്ങളെയും സ്വാധീനിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. ആനയുടെ തുമ്പിക്കൈയിൽ ചാരിനിർത്തി ഒരു പെണ്ണിനെ അനുഭവിക്കണം എന്ന ആഗ്രഹത്തിന് വേണ്ടി ശ്രമിക്കുന്ന കുട്ടിയപ്പന്റെ കഥയാണ് ഈ സിനിമയിലൂടെ ഉണ്ണി ആർ.-രഞ്ജിത്ത് ടീം അവതരിപ്പിക്കുന്നത്‌.

തിരക്കഥ: ⭐⭐
ഉണ്ണി ആർ. തന്റെ ചെറുകഥ വികസിപ്പിച്ചു എഴുതിയ കഥാസന്ദർഭങ്ങൾ കഴമ്പില്ലാത്ത രീതിയിൽ അനുഭവപെട്ടു. കുട്ടിയപ്പന്റെ ഭ്രാന്തൻ സ്വഭാവങ്ങൾ പ്രേക്ഷകർക്ക്‌ മനസ്സിലാക്കികൊടുക്കുവാൻ നിരവധി സന്ദർഭങ്ങൾ മെനഞ്ഞെടുത്ത ഉണ്ണി ആർ., ലീല എന്ന കഥാപാത്രത്തെ സിനിമയുടെ അവസാന 30 മിനിറ്റ് മാത്രമേ ഓർക്കുന്നുള്ളൂ. സിനിമയിലുടനീളം പുരുഷ മേധാവിത്വത്തെയും മതങ്ങളോടുള്ള മലയാളികളുടെ കാഴ്ച്ചപാടുകളെയും ആക്ഷേപഹാസ്യരൂപേണെ പരിഹസിക്കുവാനും ഉണ്ണി ആർ. മറന്നില്ല. സംഭാഷണങ്ങളിലൂടെ രസകരമായ കുറെ ആശയങ്ങൾ പ്രേക്ഷകരോട് പറയുവാൻ ഉണ്ണി ആർ. ശ്രമിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ എന്നല്ലാതെ ഗുരുവായൂരച്ചൻ എന്നലല്ലോ നമ്മൾ പറയാറുള്ളത് എന്ന് തുടങ്ങി മാലാഘമാർ തിരിച്ചു പോകുമ്പോൾ എലക്റ്റ്രിക് കമ്പിയിൽ തൊടാതെ പോകണമെന്ന് വരെ രസകരമായ ആക്ഷേപഹാസ്യ സംഭാഷണങ്ങൾ ഉണ്ണി ആർ. എഴുതിയിട്ടുണ്ട്.

സംവിധാനം: ⭐⭐⭐
രഞ്ജിത്ത് എന്ന സംവിധായകന്റെ കഴിവ് പരമാവധി ഉപയോഗിച്ച് പ്രേക്ഷകർക്ക്‌ ദഹിക്കാൻ ഒരല്പം പ്രയാസമുള്ള ഒരു കഥയെ കണ്ടിരിക്കാവുന്ന രീതിയിൽ അവതരിപ്പിച്ചു. മലയാള സിനിമ പ്രേക്ഷകർ കണ്ടുശീലിച്ച സ്പൂൺ ഫീഡിംഗ് രീതി ഉപേക്ഷിച്ചു ഒരല്പം ചിന്തിക്കാനുള്ള അവസരം ഈ സിനിമയിലൂടെ രഞ്ജിത്ത് പ്രേക്ഷകർക്ക്‌ നൽക്കുന്നുണ്ട്. കുട്ടിയപ്പനും ലീലയ്ക്കും എന്ത് സംഭവിക്കും എന്ന ആശങ്ക ജനിപ്പിക്കുവാനും ഏവരെയും ത്രസിപ്പിക്കുന്ന രീതിയിൽ കഥ അവസാനിപ്പിക്കുവാനും രഞ്ജിത്ത് ശ്രമിച്ചു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ ചോദ്യങ്ങൾ ഏറെ ബാക്കിനിർത്തിക്കൊണ്ട് ലീല അവസാനിക്കുന്നു.

സാങ്കേതികം: ⭐⭐⭐
വയനാടാൻ ചുരങ്ങൾ അതിമനോഹരമായി ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ പ്രശാന്ത് രവീന്ദ്രന്റെതാണ്‌. ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണം മികച്ചതായി അനുഭവപെട്ടു. മനോജ്‌ കണ്ണോതാണ് ചിത്രസന്നിവേശം നിർവഹിച്ചത്. ആദ്യ പകുതിയിലെ കുറെ രംഗങ്ങൾ വലിച്ചുനീട്ടി അവതരിപ്പിച്ചു പ്രേക്ഷകരെ മുഷിപ്പിച്ചു. കുട്ടിയപ്പന്റെ സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഒരുപാട് രംഗങ്ങൾ ആദ്യ പകുതിയിലുണ്ട്. കുട്ടിയപ്പന്റെ ഭ്രാന്തൻ ചിന്തകളും ആഗ്രഹങ്ങളും പറഞ്ഞു പറഞ്ഞു ബോറടിപ്പിച്ചു. ഈ കുറവുകൾ ഒരുപരുധിവരെ പ്രേക്ഷകർ ക്ഷമിച്ചു സിനിമ കണ്ടത് ബിജിബാലിന്റെ പശ്ചാത്തല സംഗീതം ഒന്നുകൊണ്ട് മാത്രമാണ്. സിനിമയിലുടനീളം രംഗങ്ങൾക്ക് അനിയോജ്യമായിരുന്ന പശ്ചാത്തല സംഗീതമായിരുന്നു ബിജിബാൽ നൽകിയത്. എടുത്തു പറയേണ്ടത് ക്ലൈമാക്സ് രംഗങ്ങളിലെ പശ്ചാത്തല സംഗീതത്തെ കുറിച്ചാണ്. സന്തോഷ്‌ രാമന്റെ കലാസംവിധാനവും റോണക്സ്‌ സേവ്യറിന്റെ മേയ്ക്കപ്പും എസ്.ബി സതീഷിന്റെ വസ്ത്രാലങ്കാരവും സിനിമയുടെ സ്വഭാവത്തോട് ചേർന്ന്പോകുന്നവയാണ്.

അഭിനയം: ⭐⭐⭐
ധനികനായ എമ്പോക്കി കുട്ടിയപ്പനായി ബിജു മേനോൻ മികച്ച അഭിനയം കാഴ്ചവെച്ചു. ചില രംഗങ്ങളിൽ ബിജു മേനോന്റെ സ്ഥിരം അഭിനയ ശൈലിയും സംഭാഷണ രീതിയും കടന്നുവരുന്നതായി അനുഭവപെട്ടുവെങ്കിലും, കഥാപാത്രത്തോട് നീതിപുലർത്തുന്ന അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. കുട്ടിയപ്പനായി മോഹൻലാലോ മമ്മൂട്ടിയോ അഭിനയിചിരുന്നുവെങ്കിൽ ഈ സിനിമ വേറൊരു തലത്തിൽ എത്തുമായിരുന്നു എന്ന് തോന്നുന്നു. എന്നിരുന്നാലും ബിജു മേനോൻ തന്നാലാവുംവിധം അഭിനയിച്ചിട്ടുണ്ട് ഈ സിനിമയിൽ. ലീലയായി സംഭാഷണങ്ങൾ ഒന്നുമില്ലാതെ ഭാവാഭിനയത്തിലൂടെ തിളങ്ങുവാൻ പാർവതി നമ്പ്യാരിനും സാധിച്ചു. ഈ സിനിമയിലെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയരാഘവനും ജഗദീഷും അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിക്കുന്ന അഭിനയമാണ് കാഴ്ചവെച്ചത്. ഇന്ദ്രൻസും, സുരേഷ് കൃഷ്ണയും, വി.കെ.ശ്രീരാമനും, വത്സല മേനോനും, കവിത നായരും, പാർവതിയും അവരവരുടെ കഥാപാത്രങ്ങൾ തന്മയതത്വോടെ അഭിനയിച്ചു.

വാൽക്കഷ്ണം: ഒരുവട്ടം കണ്ടിരിക്കാം കുട്ടിയപ്പന്റെ ലീലാവിലാസങ്ങൾ!

സംവിധാനം, നിർമ്മാണം: രഞ്ജിത്ത്
രചന: ഉണ്ണി ആർ.
ബാനർ: ക്യാപ്പിറ്റോൾ തിയറ്റേഴ്സ്
ചായാഗ്രഹണം: പ്രശാന്ത്‌ രവീന്ദ്രൻ
ചിത്രസന്നിവേശം: മനോജ്‌ കണ്ണോത്ത്
സംഗീതം: ബിജിബാൽ
കലാസംവിധാനം: സന്തോഷ്‌ രാമൻ
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
മേയ്ക്കപ്പ്: റോണക്സ്‌ സേവ്യർ
വിതരണം: ക്യാപിറ്റോൾ തിയറ്റർ