കട്ടപ്പനയിലെ ഋത്വിക് റോഷൻ – ⭐⭐


‘ഏറെക്കുറെ’ രസിപ്പിക്കുന്ന സിനിമ! – ⭐⭐

കുറവുകൾ കൂടുതലുള്ള തിരക്കഥയെ കൂടുതൽ കുറവുകൾ തോന്നിപ്പിക്കാതെ അവതരിപ്പിച്ച ആസ്വാദ്യകരമായ സിനിമയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. അച്ഛൻ-മകൻ ആത്മബന്ധത്തിന്റെ നൊമ്പരമുണർത്തുന്ന രംഗങ്ങളും, ശുദ്ധമായ ഹാസ്യ രംഗങ്ങളും, നല്ലൊരു സന്ദേശവും ഈ സിനിമയുടെ സവിശേഷതകൾ ആണെങ്കിൽ, നാട്ടിൻപുറത്തെ കണ്ടുമടുത്ത കഥാപാത്രങ്ങളും, പ്രവചിക്കാനാവുന്ന കഥാഗതിയും സിനിമയുടെ പ്രധാന പോരായ്മകളായി അവശേഷിക്കുന്നു.

മലയാള സിനിമയിലേക്ക് അഭിനയ ശേഷിയുള്ള ഒരു നായക നടനെ ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നു. ചെറിയ വേഷങ്ങളിലൂടെ പത്തു വർഷത്തിലധികം ബാലതാരമായി അഭിനയിച്ച വിഷ്ണു ഉണ്ണികൃഷ്ണനാണ് മലയാള സിനിമയിലെ പുതിയ താരോദയം. എന്റെ വീട് അപ്പൂന്റെയും, അമൃതം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ബാലതാരമായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ. എഴുത്തിലും അഭിനയത്തിലും ഒരേ സിനിമയിലൂടെ കഴിവ് തെളിയിച്ച കട്ടപ്പനയിലെ ഋത്വിക് റോഷൻ ആയ വിഷ്ണു ഉണ്ണികൃഷ്ണൻ മലയാള സിനിമയിലെ ശ്രീനിവാസനായി മാറുമെന്ന് നിസംശയം പറയാം.

പ്രമേയം: ⭐⭐
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി പരിശ്രമിക്കുന്നതിനിടയിൽ തോറ്റുപോകുന്ന കിച്ചു, അവന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ആത്മാർത്ഥമായി അവനെ സ്നേഹക്കുന്നവരെയും തിരിച്ചറിയാതെ പോകുന്നതുമാണ് ഈ സിനിമയുടെ പ്രമേയം. സിനിമാ മോഹിയായ ഒരച്ഛന്റെ ആഗ്രഹമായിരുന്നു മകനെ നാലാളറിയുന്ന ഒരു സിനിമാ നടനാക്കണമെന്ന്. കൃഷ്ണൻ നായർ എന്ന കിച്ചു അച്ഛന്റെ ആഗ്രഹം പോലെ സിനിമയെ സ്നേഹിക്കുകയും സിനിമാ നടനാകാൻ പരിശ്രമിക്കുകയും ചെയ്യുന്നു. കട്ടപ്പനക്കാർ കിച്ചുവിനെ ഋത്വിക് റോഷൻ എന്ന് വിളിച്ചു. കിച്ചുവിന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐⭐
അമർ അക്ബർ അന്തോണി എന്ന സിനിമയ്ക്ക് ശേഷം ബിബിൻ ജോർജ്-വിഷ്ണു ഉണ്ണികൃഷ്ണൻ ടീം എഴുതുന്ന തിരക്കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയുടേത്. ആസ്വാദ്യകരമായ രണ്ടര മണിക്കൂർ സമ്മാനിക്കുവാൻ ആവശ്യകരമായ ഘടകങ്ങളാണ് ഈ സിനിമയുടെ തിരക്കഥയിൽ ഉടനീളം. കണ്ടുമടുത്ത സ്ഥിരം നാട്ടിൻപുറത്തെ കഥാപാത്രങ്ങളിലൂടെ ആണെങ്കിലും ശുദ്ധമായ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച രംഗങ്ങളും നർമ്മ സംഭാഷണങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. സിനിമ മോഹവുമായി നടക്കുന്നതിനിടയിൽ കിച്ചുവിന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി കടന്നുവരുന്നു. ആ പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നു. എന്നാൽ അവൾ കിച്ചുവിനെ നല്ലൊരു സുഹൃത്തായി മാത്രമാണ്‌ കാണുന്നത് എന്നവൻ മനസ്സിലാകുന്നില്ല. സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും നിറമില്ലാത്ത കാരണത്താൽ അവയെല്ലാം കിച്ചുവിന് നഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള ക്‌ളീഷേ രംഗങ്ങളിലൂടെ വികസിക്കുന്ന കഥാസന്ദർഭങ്ങൾ പോരായ്മയാണെങ്കിലും ഹാസ്യ രംഗങ്ങളും സംഭാഷണങ്ങളും വലിയൊരു ആശ്വാസം നൽകുന്നവയാണ്. ഹാസ്യ രംഗങ്ങളോടെ അവസാനിക്കുന്ന ആദ്യ പകുതിയ്ക്ക് നേർവിപരീതമായി അച്ഛനും മകനും തമ്മിലുള്ള ആത്മബദ്ധവും കിച്ചു നേരിടുന്ന പ്രതികൂല സാഹചര്യങ്ങളും പ്രണയ നൈരാശ്യവുമാണ് രണ്ടാം പകുതി. കഥാവസാനം പ്രവചിക്കാനാവുന്ന രീതിയിൽ സിനിമ അവസാനിപ്പിക്കുകയും ചെയ്തു. എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന രംഗങ്ങൾ എഴുതുവാൻ ശ്രമിച്ച ബിബിനും വിഷ്ണുവും പുതുമയുള്ള കഥാസന്ദർഭങ്ങൾ എഴുതുവാൻ ശ്രമിച്ചില്ല.

സംവിധാനം: ⭐⭐⭐
തിരക്കഥയിലുള്ള ന്യൂനതകൾ ഒരുപരിധി വരെ പ്രേക്ഷകർക്ക് മനസ്സിലാകാത്തത് നാദിർഷ എന്ന സംവിധായകന്റെ മികവ് ഒന്നുകൊണ്ടു മാത്രമാണ്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതിലും, കഥയുടെ വിശ്വസനീയതയോടെയുള്ള അവതരണവും, നല്ല പാട്ടുകളും, രംഗങ്ങൾക്ക് മാറ്റുകൂട്ടുന്ന പശ്ചാത്തല സംഗീതവും സമന്വയിപ്പിച്ചു മികച്ചൊരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ നാദിർഷ വിജയിച്ചു. സസ്പെൻസ് നിറഞ്ഞ അന്തരീക്ഷത്തിൽ ആരംഭിച്ച കഥ ആദ്യപകുതിയുടെ അവസാനവും സസ്പെൻസ് നിലനിർത്തിക്കൊണ്ടു അവസാനിച്ചു. ഹാസ്യ രംഗങ്ങളും സെന്റിമെന്റ്സ് രംഗങ്ങളും കൃത്യമായ അളവിൽ ഉൾപ്പെടുത്തിയ സിനിമ ആസ്വാദ്യകരമാക്കിയത് സംവിധാന മികവുകൊണ്ട് മാത്രമാണ്. അമർ അക്ബർ അന്തോണി പോലെ ഒരു വലിയ വിജയമായില്ലെങ്കിലും ഈ ഋത്വിക് റോഷനെ പ്രേക്ഷകർ സ്വീകരിക്കുമെന്നുറപ്പ്!

സാങ്കേതികം: ⭐⭐⭐
ഷാംദത്ത് സൈനുദ്ധീൻ ഊഴത്തിനു ശേഷം ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയാണിത്. കട്ടപ്പനയുടെ ദൃശ്യചാരുത ഒപ്പിയെടുക്കുന്നതിനു പകരം കഥയ്ക്ക് ആവശ്യമായ രംഗങ്ങൾ റിയലിസ്റ്റിക്കായി ചിത്രീകരിക്കുവാൻ ശ്രമിച്ചത് സിനിമയ്ക്ക് ഗുണകരമായി. കളർഫുൾ ദൃശ്യങ്ങളടങ്ങുന്ന പാട്ടുകളുടെ ചിത്രീകരണവും മികവ് പുലർത്തി. സിനിമയുടെ ആരംഭം മുതൽ
ബിജിബാലിന്റെ പശ്ചാത്തല സംഗീതം ചിരിപടർത്തുന്നവയായിരുന്നു. നർമ്മ സംഭാഷണങ്ങളെക്കാൾ പ്രേക്ഷകരെ പല രംഗങ്ങളിലും പൊട്ടിചിരിപ്പിച്ചത് പശ്ചാത്തല സംഗീതം കേട്ടാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിലെ അഴകേ എന്ന് തുടങ്ങുന്ന പാട്ടു മറ്റുള്ളവയെക്കാൾ മികവ് പുലർത്തി. സന്തോഷ് വർമ്മയും ഹരിനാരായണനും നാദിർഷയും എഴുതിയ വരികൾക്ക് നാദിർഷയാണ് സംഗീതം പകർന്നത്. ജോൺകുട്ടിയുടെ സന്നിവേശം ശരാശരിയിലൊതുങ്ങി. സിനിമയുടെ ആരംഭത്തിൽ ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവങ്ങൾ എങ്ങനെയെന്നുള്ള വിശദീകരണം വലിച്ചുനീട്ടിയതുപോലെ തോന്നി. സിനിമാ മോഹിയായ അച്ഛന്റെ കഥയുടെ അവതരണം ഹാസ്യ രംഗങ്ങൾ ഉൾപെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ മാത്രമാണ്. അഖി എൽസയുടെ വസ്ത്രാലങ്കാരം മികവ് പുലർത്തി.

അഭിനയം: ⭐⭐⭐⭐
എല്ലാ ഭാവാഭിനയ മുഹൂർത്തങ്ങളും ആദ്യ നായക കഥാപാത്രത്തിലൂടെ അഭിനയിക്കാനുള്ള അവസരം എല്ലാ നടന്മാർക്കും ലഭിക്കുന്ന ഭാഗ്യമല്ല. വിഷ്ണു ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം ഹാസ്യവും സെന്റിമെൻറ്സും ഡാൻസും ആക്ഷനും ഇതിനു മുമ്പുള്ള സിനിമകളിൽ ചെയ്തിട്ടുള്ളതുകൊണ്ട് ഈ കഥാപാത്രം അവതരിപ്പിക്കുന്നതിൽ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടാകില്ല. ഇനിയും നായകനാകാനുള്ള ഭാഗ്യം ഈ കലാകാരന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. കിച്ചുവിന്റെ സന്തത സഹചാരിയായ ദാസപ്പൻ മികവോടെ അവതരിപ്പിച്ചു കയ്യടി നേടുവാൻ ധർമ്മജന് സാധിച്ചു. ഈ സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒരെണ്ണം ധർമ്മജന്റെതാണ്. സിദ്ദിക്കും തനിക്കു ലഭിച്ച വേഷം മികവോടെ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലെത്തിയ ലിജോമോൾ കനി എന്ന നായിക കഥാപാത്രത്തെ ഭംഗിയാക്കി. പ്രയാഗ മാർട്ടിനും തന്റെ വേഷം തരക്കേടില്ലാതെ അവതരിപ്പിച്ചു. സലിം കുമാറിന്റെ അഭിനയം പല രംഗങ്ങളിലും അമിതാഭിനയമായി തോന്നി. ഇവരെ കൂടാതെ സിജു വിത്സൺ, രാഹുൽ മാധവ്, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ജോർജ്, കലാഭവൻ ഹനീഫ്, വിനോദ് കെടാമംഗലം, മജീദ്, ബാബു ജോസ്, ജാഫർ ഇടുക്കി, ബിബിൻ ജോർജ്, കോട്ടയം പ്രദീപ്, രമേശ് കുറുമശ്ശേരി, സമദ്, രാജേഷ്, മഹേഷ്, സീമ ജി.നായർ, സ്വസിക, നീന കുറുപ്പ്, താര കല്യാൺ, സേതുലക്ഷ്മി, അംബിക മോഹൻ എന്നിവരും ഈ സിനിമയിൽ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വാൽക്കഷ്ണം: ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച ഋത്വിക് റോഷൻ ഇനിമുതൽ കേരളക്കരയുടെ സ്വന്തം.

സംഗീതം, സംവിധാനം: നാദിർഷ
നിർമ്മാണം: ദിലീപ്, ഡോ. സക്കറിയ തോമസ്
രചന: വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്
ഛായാഗ്രഹണം: ഷാംദത്ത് സൈനുദ്ധീൻ
ചിത്രസന്നിവേശം: ജോൺകുട്ടി
ഗാനരചന: സന്തോഷ് വർമ്മ, ഹരിനാരായണൻ, നാദിർഷ
പശ്ചാത്തല സംഗീതം: ബിജിബാൽ
കലാസംവിധാനം: ജോസഫ് നെല്ലിക്കൽ
ചമയം: പി.വി.ശങ്കർ
വസ്ത്രാലങ്കാരം: അഖി എൽസ
വിതരണം: നാഥ് ഗ്രൂപ് റിലീസ്.