സഖാവ് – ⭐⭐⭐


ചങ്കുറപ്പിന്റെ വിപ്ലവ വീരഗാഥ! – ⭐⭐⭐

രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സാമൂഹിക സേവനത്തിനിറങ്ങുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന നവയുഗ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് സഖാവ്. ഏവർക്കും പ്രജോദനമാകുന്ന പ്രമേയം, എൺപതു-തൊണ്ണൂറ് കാലഘട്ടത്തിന്റെ വിശ്വസനീയമായ അവതരണം, ഏച്ചുകെട്ടലുകളില്ലാത്ത സംഭാഷണങ്ങൾ, ആവേശമുണർത്തുന്ന പശ്ചാത്തല സംഗീതം എന്നിവ സഖാവിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. മറുപക്ഷം, രണ്ടേമുക്കാൽ മണിക്കൂർ സമയമെടുത്തുള്ള കഥയുടെ അവതരണം ആസ്വാദനത്തിനൊരു കല്ലുകടിയായി അവശേഷിക്കുന്നു.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച സഖാവിന്റെ രചനയും സംവിധാനവും നിർവഹിച്ചത് നടനും നല്ല സിനിമയ്ക്കുള്ള ദേശീയ അംഗീകാരം നേടിയ സിനിമയുടെ സംവിധായകനുമായ സിദ്ധാർഥ് ശിവയാണ്. സഖാവ് കൃഷ്ണൻ, സഖാവ് കൃഷ്ണകുമാർ എന്നീ കഥാപാത്രങ്ങളെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, അപർണ്ണ ഗോപിനാഥ്, ഗായത്രി സുരേഷ് എന്നിവരാണ് ഈ സിനിമയിലെ നായികമാർ.

പ്രമേയം: ⭐⭐⭐
ഒരാളുടെ വ്യക്തിത്വം മറ്റൊരാളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുക എന്ന പ്രമേയം അധികമൊന്നും അവതരിപ്പിക്കാത്ത ഒരിടമാണ് മലയാള സിനിമ. ഇന്നത്തെ തലമുറയിലെ രാഷ്ട്രീയ പ്രവർത്തകർ പലരും രാഷ്ട്രീയ പ്രവർത്തനത്തെ ഒരു തൊഴിലായി മാത്രം കണ്ടുകൊണ്ടാണ് ഓരോ പാർട്ടിയിലും ചേരുന്നത്. അവർക്കൊക്കെ പ്രജോദനമാകേണ്ടത് പഴയ തലമുറയിലെ ശക്തരായ നേതാക്കളുടെ ജീവിതകഥയാണ്. സഖാവ് കൃഷ്ണനെന്ന നേതാവിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ നവയുഗ സഖാവായ കൃഷ്ണകുമാറിന്റെ സ്വഭാവത്തെയും ചിന്തകളെയും പ്രവർത്തികളെയും സ്വാധീനിക്കുന്നതാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐⭐⭐
ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാക്കളുടെ ജീവിതകഥ
പുതുതലമറയ്ക്കു അറിയുവാൻ സാധ്യതയില്ല. സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടും സഖാവ് എ.കെ.ഗോപലനും സഖാവ് കൃഷ്ണപിള്ളയും സഖാവ് ഇ.കെ.നായനാരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നെടുംതൂണുകളായ നേതാക്കളായിരുന്നു. മുന്നാറിലെ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിച്ചു തൊഴിലാളി സംഘടനകൾ രൂപപെടുത്തിയെടുത്തതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ കഥകളൊക്കെ ചരിത്രമാണ്. രോമാഞ്ചമുണർത്തുന്ന ഇത്തരം ചരിത്ര സംഭവങ്ങൾ വിശ്വസനീയമായ കഥാസന്ദർഭങ്ങളിലാക്കി എഴുതുവാൻ സിദ്ധാർഥ് ശിവയ്ക്കു സാധിച്ചു. മേല്പറഞ്ഞ സംഭവങ്ങൾ നവയുഗ തലമുറയിലെ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രജോദനമാകുന്ന രീതിയിലുള്ള രംഗങ്ങളിലൂടെ കോർത്തിണക്കുവാനും സിദ്ധാർത്ഥ് ശിവയ്ക്കു കഴിഞ്ഞിട്ടുണ്ട്‌. സഖാക്കളേ ആവേശത്തിലാഴ്ത്തുന്ന സംഭാഷണങ്ങൾ എഴുതുന്നതിലും തിരക്കഥാകൃത്തെന്ന നിലയിൽ സിദ്ധാർഥ് ശിവ വിജയിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ നർമ്മത്തിന് വേണ്ടി കെട്ടിച്ചമച്ച സംഭാഷണങ്ങൾ ഒഴിവാക്കാമായിരുന്നു. പ്രവചിക്കാനാവുന്ന ഒരു ക്‌ളൈമാക്‌സിൽ സിനിമ അവസാനിച്ചു എന്നത് മാത്രമാണ് പുതുമയില്ലാത്ത തോന്നിയത്.

സംവിധാനം: ⭐⭐
ഉദയായുടെ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചരിത്രം പറയുന്ന സിനിമകൾ പൊതുവെ മന്ദഗതിയിലായിരിക്കും അവതരിപ്പിക്കുക. എന്നാൽ, അത് കണ്ടു മനസ്സിലാക്കാനുള്ള ക്ഷമ ഇന്നത്തെ തലമുറയിലെ പ്രേക്ഷകർക്ക് ഉണ്ടോ എന്നത് ഒരു ചോദ്യമാണ്? സഖാവെന്ന ഈ സിനിമ ഒരു അവധിക്കാലത്താണ് പ്രേക്ഷകരുടെ മുമ്പിലെത്തിയത്. അവധികാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം സിനിമ കാണാൻ ആഗ്രഹിക്കുമ്പോൾ അവരുടെ പ്രതീക്ഷ വാനോളമായിരിക്കും. ആ സന്ദർഭത്തിൽ, മന്ദഗതിയിലുള്ള ഒരു ചരിത്ര സിനിമ മികച്ചതാണെങ്കിൽ കൂടി, അത് എത്രത്തോളം പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുമെന്നത് വരുംനാളുകളിൽ കണ്ടറിയാം. ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങൾ എന്നതൊഴിച്ചാൽ മറ്റൊരു കുറവും സഖാവെന്ന സിനിമയിക്കില്ല. ഇന്നത്തെ തലമുറയിലുള്ള സഖാക്കൾക്ക് കണ്ടുപഠിക്കാനുള്ള പലതും ഈ സിനിമയിൽ കഥാസന്ദർഭങ്ങളാകുന്നുണ്ട്. അവയുടെ സത്യസന്ധമായ അവതരണമാണ് സഖാവ് സിനിമയെ മറ്റു രാഷ്ട്രീയ സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പഴയ കാലഘട്ടത്തിലെ ഓരോ രംഗങ്ങളും ആവേശമുണർത്തുന്ന രീതിയിൽ സാങ്കേതികമികവോടെ അവതരിപ്പിക്കുവാൻ സംവിധായകന് സാധിച്ചു. ആ സന്ദർഭങ്ങൾ ഇന്നത്തെ സഖാക്കളുടെ പ്രതിനിധിയായ സഖാവ് കൃഷ്ണകുമാറിൽ സ്വാധീനം ചെലുത്തുന്ന രീതിയും പുതുമ ഉള്ളതായിരുന്നു. ആദ്യ പകുതിയിലെ കഥാപാത്രങ്ങളുടെ സ്വഭാവ വിവരണത്തിന് സംവിധായകൻ നൽകിയ സമയം സിനിമയുടെ ദൈർഘ്യത്തെ ഒരുപാട് വർദ്ധിപ്പിച്ചു. സഖാവ് കൃഷ്ണകുമാറിന്റെ സ്വഭാവം ആശുപത്രി രംഗങ്ങളിലൂടെ മാത്രം വിവരിച്ചാൽ പ്രേക്ഷകർക്ക് ഗ്രഹിക്കാവുന്നതേയുള്ളു. അനാവശ്യമായ ഒട്ടനവധി രംഗങ്ങൾ ആദ്യപകുതിയിൽ കുത്തിനിറച്ചതു ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, സിനിമയുടെ പ്രമേയവും കഥയും പുതുമയുള്ളതായതിനാൽ പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കാനാണ് സാധ്യത.

സാങ്കേതികം: ⭐⭐⭐⭐
ഓരോ രംഗങ്ങൾക്കും മാറ്റുകൂട്ടുന്നു തരത്തിൽ ഊർജം പകരുന്നതായിരുന്നു പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം. സമരകാലഘട്ടത്തിലെ രംഗങ്ങളുടെ അവസാനം ചുവന്ന കോടി പാറുമ്പോളുള്ള സംഗീതം ഓരോ സഖാവിന്റെ സിരകളിലും രക്തയോട്ടം കൂട്ടുന്നതായിരുന്നു. പ്രശാന്ത് പിള്ള ഈണമിട്ട മധുമതിയേ, ഉദിച്ചുയരുന്നേ എന്നീ പാട്ടുകൾ മികവ് പുലർത്തി. പഴയ കാലഘട്ടത്തിലെ കാഴ്ചകൾ ദൃശ്യമികവോടെയും വിശ്വസനീയതയോടെയും ചിത്രീകരിക്കുവാൻ ജോർജ്ജ് സി. വില്യംസിന് സാധിച്ചു. പീരുമേടിന്റെ പച്ചപ്പ്‌ മുഴുവനും ഒപ്പിയെടുക്കുവാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. രാത്രിയിൽ നടക്കുന്ന സംഘട്ടന രംഗങ്ങളിൽ റിയാലസ്റ്റിക്കായ വെളിച്ചം മാത്രം ഉപയോഗിച്ചു ചിത്രീകരിച്ചത് ആ രംഗങ്ങൾക്ക് വിശ്വസനീയത നൽകി. വിനീബ് കൃഷ്ണനാണ് രംഗങ്ങൾ കൂട്ടിയോജിപ്പിച്ചത്. കഥയിൽ പ്രാധാന്യമില്ലാത്ത ആദ്യപകുതിയിലെ രംഗങ്ങൾ ഒഴുവാക്കാമായിരുന്നു. സഖാവ് കൃഷ്ണകുമാറിന്റെ സ്വഭാവ വിവരണം ആശുപത്രിയിലെ രംഗങ്ങളിലൂടെ മാത്രം അവതരിപ്പിക്കാമായിരുന്നു. അതിനു പകരം ഹാസ്യത്തിന് വേണ്ടി കുത്തിനിറച്ച തുടക്കത്തിലേ രംഗങ്ങൾ കഥയിൽ പ്രാധാന്യമില്ലാത്തവയായിരുന്നു. അത് ദൈർഘ്യം വർധിപ്പിച്ചു എന്നല്ലാതെ സിനിമയുടെ ആസ്വാദനത്തിനു ഉപകാരപ്പെട്ടില്ല. എൺപതു കാലഘട്ടം ഒരുക്കുന്നതിൽ കലാസംവിധായകൻ സാബു മോഹൻ വിജയിച്ചു. ഫാക്ടറിയും വാഹനങ്ങളും പെട്ടിക്കടകളും പാർട്ടി ഓഫിസും വിശ്വസനീയമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങൾക്ക് അനിയോജ്യമായ വേഷങ്ങൾ നൽകി ധന്യ ബാലകൃഷ്ണൻ തന്റെ ജോലി കൃത്യതയോടെ നിർവഹിച്ചു. എഴുപതു വയസ്സുകാരനായ സഖാവ് കൃഷ്ണനായി നിവിൻ പോളിയെ മാറ്റുന്നതിനിടയിൽ മറ്റു കഥാപാത്രങ്ങളുടെ ചമയം ശ്രദ്ധിക്കാൻ രഞ്ജിത്ത് അമ്പാടി ശ്രമിച്ചില്ല. അതിനുദാഹരണമാണ് സഖാവ് ജാനകിയുടെ ചമയം. മുഖത്ത് മാത്രം പ്രായം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഐശ്വര്യ രാജേഷിന്റെ ചമയം. അൻപറിവാണ് സംഘട്ടനങ്ങൾ ഒരുക്കിയത്.

അഭിനയം: ⭐⭐⭐⭐
ചങ്കുറപ്പിന്റെ പ്രതീകമായ സഖാവ് കൃഷ്ണനെന്ന വിപ്ലവ നേതാവിനെ തന്നാലാകുംവിധം പക്വതയോടെ അവതരിപ്പിക്കുവാൻ നിവിൻ പോളി നടത്തിയ പരിശ്രമം അഭിനന്ദനാർഹമാണ്. സഖാവ് കൃഷ്ണകുമാർ എന്ന കൗശലകാരനായ നവയുഗ സഖാവിനെ തന്റെ തനതായ ശൈലിയിൽ നിവിൻ പോളി അവതരിപ്പിച്ചിട്ടുണ്ട്. യശ്ശശരീരനായ അതുല്യ പ്രതിഭ കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു പ്രഭാകരൻ ഈരാളി എന്ന കഥാപാത്രമായി മികവുറ്റ പ്രകടനം കാഴ്ചവെച്ചു. സഖാവ് ജാനകിയായി ഐശ്വര്യ രാജേഷും, മഹേഷായി അൽത്താഫ് സലീമും, ഡോക്ടറിന്റെ വേഷത്തിൽ ശ്രീനിവാസനും അവരവരുടെ രംഗങ്ങളിൽ അഭിനയമികവ് പുലർത്തി. ഇവരെ കൂടാതെ അപർണ്ണ ഗോപിനാഥ്, ഗായത്രി സുരേഷ്, മുസ്തഫ, സന്തോഷ് കീഴാറ്റൂർ, പി.ബാലചന്ദ്രൻ, സുധീഷ്, പ്രൊഫസ്സർ അലിയാർ, ബൈജു, പ്രേംകുമാർ, ടോണി ലൂക്ക് കോച്ചേരി, സൂരജ് എസ്. കുറുപ്പ്, മണിയൻപിള്ള രാജു, രഞ്ജി പണിക്കർ, വി.കെ.ബൈജു, സംവിധായകൻ വി.കെ.പ്രകാശ്, നിഷാന്ത് സാഗർ, ചാലി പാലാ, കലാഭവൻ റഹ്മാൻ, അഞ്ജലി അനീഷ്, സീമ ജി. നായർ, ശ്രീലക്ഷ്മി, ഷെല്ലി കുമാർ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: ചങ്കുറപ്പുള്ള സഖാക്കളുടെ വിപ്ലവ വീരഗാഥ ക്ഷമയോടെ കണ്ടിരിക്കാമെങ്കിൽ ഈ സിനിമ പ്രേക്ഷകർക്ക്‌ പ്രജോദനമാകുമെന്നുറപ്പ്!

രചന, സംവിധാനം: സിദ്ധാർത്ഥ ശിവ
നിർമ്മാണം: ബി.രാകേഷ്
ബാനർ: യൂണിവേഴ്‌സൽ സിനിമ
ഛായാഗ്രഹണം: ജോർജ് സി. വില്യംസ്
ചിത്രസന്നിവേശം: വിനീബ് കൃഷ്ണൻ
സംഗീതം, പശ്ചാത്തല സംഗീതം: പ്രശാന്ത് പിള്ള
ഗാനരചന: സന്തോഷ് വർമ്മ, ശബരീഷ് വർമ്മ, സൂരജ് എസ്. കുറുപ്പ്, അൻവർ അലി, സിദ്ധാർഥ് ശിവ
കലാസംവിധാനം: സാബു മോഹൻ
ചമയം: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
സംഘട്ടനം: അൻപറിവ്
വിതരണം: ആന്റോ ജോസഫ്.

സ്കൂൾ ബസ്‌ – ⭐⭐

image

ദിശതെറ്റി സഞ്ചരിക്കുന്ന സ്കൂൾ ബസ്‌ -⭐⭐

“മനുഷ്യന് പ്രകൃതിയുടെ മേൽ ഉള്ളതുപോലെതന്നെ, പ്രകൃതിയ്ക്ക് മനുഷ്യന്റെ മേലും ഒരു തിരഞ്ഞെടുപ്പുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു” – ദത്താപഹാരം(വി.ജെ.ജയിംസ്)

സഹ്യന്റെ വനാന്തരങ്ങളിൽ നിന്ന് ഇനിയും കണ്ടെത്തപെടാത്ത ഒരു കിളിയുടെ ശബ്ദത്തിന് കാതോർത്ത് കാടിന്റെ വന്യസൗന്ദര്യത്തിലേക്ക് കൂപ്പുകുത്തി മറഞ്ഞുപോയ ഫ്രെഡി റോബർട്ട് എന്ന കൗമാരക്കരന്റെ കഥയാണ് വി.ജെ.ജയിംസിന്റെ ദത്താപഹാരം എന്ന നോവലിലൂടെ പറയുന്നത്.

മാതാപിതാക്കളുടെയും സ്കൂളിലെ അധ്യാപകരുടെയും ശകാരം കേട്ടുമടുത്ത അജോയ് ജോസഫ്‌ എന്ന സ്കൂൾ വിദ്യാർഥി ഒരു പ്രത്യേക സാഹചര്യത്തിൽ ഒളിച്ചോടുന്നു. ആ യാത്രയിലൂടെ അവനും, അവനെ നഷ്ടപെടുന്ന അവസ്ഥയിലെത്തുമ്പോൾ അവന്റെ മാതാപിതാക്കളും തിരിച്ചറിയുന്ന വസ്തുതകൾ ഇന്നത്തെ കാലഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന യഥാർത്യങ്ങളാണെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നു.

ബോബി-സഞ്ജയ്‌ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ്‌ എന്ന സിനിമയിലൂടെ കാലികപ്രസകതിയുളള ഒരു വിഷയമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്. ആകാശ് മുരളീധരൻ, അഞ്ജലീന റോഷൻ, ജയസുര്യ, കുഞ്ചാക്കോ ബോബൻ, അപർണ്ണ ഗോപിനാഥ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

പ്രമേയം: ⭐⭐⭐
മാതാപിതാക്കൾ ഏർപ്പെടുത്തുന്ന അമിത നിയന്ത്രണങ്ങളാൾ കുട്ടികൾക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവും, സ്കൂളുകളിലെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് കുട്ടികൾക്ക് നൽക്കുന്ന ശിക്ഷകളും അവരുടെ മനസ്സിനെയും ചിന്തകളെയും മോശമായി ബാധിക്കാറുണ്ട് എന്ന് തിരിച്ചറിയുന്ന എത്ര മാതാപിതാക്കളും സ്കൂൾ അധികൃതരും സമൂഹത്തിലുണ്ട് എന്ന വിഷയമാണ് ഈ സിനിമയിലൂടെ ബോബി-സഞ്ജയ്‌ ടീം അവതരിപ്പിക്കുന്നത്‌. കൗമാര പ്രായമെത്തുന്ന കുട്ടികൾ അവരുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാണോ എന്ന് അന്വേഷിച്ചുനടക്കുന്നത്‌ അറിയുവാനും, അവരുടെ മനസ്സിൽ തോന്നുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം പറഞ്ഞുകൊടുക്കുവാനും മാതാപിതാകൾക്ക് സമയമില്ല. ഇത്തരത്തിലുള്ള ഒരു പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐⭐
ശക്തമായ പ്രമേയങ്ങൾ വിശ്വസനീയമായ കഥയുടെ രൂപത്തിൽ അതിശയോക്തിയില്ലാത്ത  കഥാസന്ദർഭങ്ങളിലൂടെ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുവാൻ ബോബി-സഞ്ജയ്‌മാരോളം കഴിവുള്ള തിരക്കഥരചയ്താക്കൾ നവയുഗ മലയാള സിനിമയിലില്ല. പക്ഷെ, മേല്പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റിപോയ അവസ്ഥയാണ് സ്കൂൾ ബസ്‌ എന്ന സിനിമയുടെ കാര്യത്തിൽ സംഭവിച്ചത്. ഒരു പ്രമേയത്തിൽ ഉറച്ചുനിൽക്കുന്നതിനു പകരം രണ്ടു പ്രമേയങ്ങളിലും കൈവെച്ചു രണ്ടും മുഴുവനാക്കാൻ പറ്റാത്ത പാന്തിവേന്ത അവസ്ഥയിലായി ഈ സിനിമയുടെ തിരക്കഥ. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദർഭങ്ങളിലൂടെ വികസിക്കുന്ന കഥയിൽ ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ബാക്കിയാവുന്നു. സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങൾ അവിശ്വസനീയമായി തോന്നിപ്പിച്ചു. മാതാപിതാക്കൾ എന്ന നിലയിൽ ഇരുവരും ചെയ്ത തെറ്റുകൾ ഏറ്റുപറയുന്ന സംഭാഷണമൊഴികെ വേറൊരു സംഭാഷണം പോലും മികവു പുലർത്തിയില്ല. ബോബി സഞ്ജയ്‌ ടീമിന്റെ സമീപകാലത്തെ ഏറ്റവും മോശം തിരക്കഥകളിൽ ഒന്നാണ് ഈ സിനിമയുടെത്.

സംവിധാനം: ⭐⭐
ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. അദ്ദേഹത്തിന്റെ ഓരോ സിനിമകളിലൂടെ പ്രേക്ഷകർക്ക്‌ ഉൾകൊള്ളുവാനാകുന്ന ഒരു സന്ദേശമുണ്ടായിരിക്കും. കുട്ടികൾക്ക് വേണ്ടി അച്ഛനും അമ്മയും സമയം കണ്ടെത്തണമെന്നും, സ്വാന്ത്ര്യത്തോടെ അവരെ വളർത്തണമെന്നും തുടങ്ങിയ നല്ല സന്ദേശങ്ങൾ ഈ സിനിമയിലുമുണ്ട്. പക്ഷെ ആ സന്ദേശങ്ങൾ പറയുന്നതിനിടയിൽ സംവിധായകന്റെ സ്കൂൾ ബസ്‌ എവിടെയോവെച്ച് ദിശതെറ്റി സഞ്ചരിക്കുവാൻ തുടങ്ങി. രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങൾ കണ്ടപ്പോൾ ഈ സിനിമയിലൂടെ എന്താണ് സംവിധായകൻ പറയുവാനുദ്ദെശിച്ച വിഷയം എന്ന് സംശയിച്ചുപോയി പാവം പ്രേക്ഷകർ. സ്കൂൾ ബസ്‌ എന്ന ടൈറ്റിൽ ഈ സിനിമയ്ക്ക് നൽക്കുവാനുള്ള കാരണവും മനസ്സിലാകുന്നില്ല. ദ്വയാർത്ഥ പ്രയോഗങ്ങലുള്ള തമാശകളോ യുക്തിയെ ചോദ്യം ചെയ്യുന്ന സന്ദർഭങ്ങളോ ഇല്ല എന്നതിനാൽ കുടുംബങ്ങൾക്ക് കുട്ടികളോടൊപ്പം ഒരുവട്ടം സ്കൂൾ ബസ്സിൽ കയറാം.

സാങ്കേതികം: ⭐⭐⭐⭐
3 ഇഡിയറ്റസ്, പി.കെ. എന്നീ സിനിമകളുടെ ചായാഗ്രാഹകൻ സി.കെ.മുരളീധരൻ മലയാളത്തിൽ ആദ്യമായി ക്യാമറചലിപ്പിച്ച സിനിമയാണ് സ്കൂൾ ബസ്‌. സിനിമയുടെ രണ്ടാം പകുതിയിലെ ദൃശ്യങ്ങൾ മികവുറ്റതായിരുന്നു. വയനാടിന്റെ ഉൾക്കാടുകൾ നൽക്കുന്ന ഭീതി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സി.കെ.മുരളീധരന് സാധിച്ചു. വേഗതയോടെ രംഗങ്ങൾ കോർത്തിണക്കി കൃത്യതയോടെ സന്നിവേശം ചെയ്യുവാൻ വിവേക് ഹർഷന് കഴിഞ്ഞു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിലയിടങ്ങളിൽ മികവ് പുലർത്തി. പി.എം.സതീഷിന്റെ ശബ്ദമിശ്രണം ശരാശരിയിലൊതുങ്ങി. കാടിന്റെതായ ഒരു ശബ്ദവും ഒരു രംഗങ്ങളിലും കേട്ടില്ല. കഥാപാത്രങ്ങളുടെ മേയിക്കപ്പും വസ്ത്രാലങ്കാരവും മികവു പുലർത്തി.

അഭിനയം: ⭐⭐⭐
ചായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകൻ ആകാശ് മുരളീധരൻ, റോഷൻ ആൻഡ്രൂസിന്റെ മകൾ അഞ്ജലീന റോഷൻ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു കുട്ടികളും അവരവരുടെ കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ജയസുര്യ, അപർണ്ണ ഗോപിനാഥ്, കുഞ്ചാക്കോ ബോബൻ, സുധീർ കരമന, നിർമ്മാതാവ് എ.വി.അനൂപ്‌, നന്ദു ലാൽ, മേഘ്ന ജാസ്മിൻ എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: സ്കൂൾ ബസ്സിലെ കാഴ്ചകൾ കുട്ടികളെയോ കുടുംബങ്ങളെയോ ഒരു രീതിയിലും സ്വാധീനിക്കുന്നില്ല.

സംവിധാനം: റോഷൻ ആൻഡ്രൂസ്
രചന: ബോബി-സഞ്ജയ്‌
നിർമ്മാണം: എ.വി.അനൂപ്‌
ചായാഗ്രഹണം: സി.കെ.മുരളീധരൻ
ചിത്രസന്നിവേശം: വിവേക് ഹർഷൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: സിറിൽ കുരുവിള
ശബ്ദമിശ്രണം: പി.എം.സതീഷ്‌
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേയിക്കപ്പ്: രഞ്ജിത്ത് അമ്പാടി
വിതരണം: സെൻട്രൽ പിക്ക്ചേഴ്സ്.