രാമന്റെ ഏദൻതോട്ടം – ⭐⭐


ബന്ധനങ്ങളുടെ ഏദൻതോട്ടം! – ⭐⭐

അനർവചനീയ അനുഭൂതി നൽകുന്ന ഒന്നാണ് പ്രണയം. ഓരോരുത്തർക്കും പ്രണയം തോന്നുന്നത് ജീവിതത്തിലെ ഓരോ കാലഘട്ടത്തിലാകും അതിനു പല കരണങ്ങളുമുണ്ടാകും. പ്രണയത്തിനു പല മുഖങ്ങളുമുണ്ടാകും. ചിലർക്കത് ദിവ്യപ്രണയമാകാം മറ്റുചിലർക്ക് കാമമാകാം. പ്രണയിക്കുന്നയാളിനെ ഒരിക്കലും സ്വന്തമാക്കുവാൻ സാധിക്കുകയില്ല എന്ന തിരിച്ചറിവ് സ്വയം തോന്നുന്ന നിമിഷങ്ങളിലാകും അയാളോടുള്ള പ്രണയം ഏറ്റവും തീവ്രമാകുന്നത്. ചിലർ അതിനു പുറകെ പോകുന്നവരാകും മറ്റുചിലർ അതിനെ ഉള്ളിലൊതുക്കും വേറെചിലർ അതിനെ പറയാതെ പറയുന്ന പ്രണയമെന്നോ സൗഹൃദമെന്നോ വിശേഷിപ്പിക്കും. രാമന്റെ ഏദൻതോട്ടം എന്ന സിനിമ ചർച്ചചെയ്യുന്ന വിഷയവും പ്രണയത്തിന്റെ പലതലങ്ങളാണ്.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമ്മിച്ച്, അദ്ദേഹം തന്നെ എഴുതി സംവിധാനം നിർവഹിച്ച രാമന്റെ ഏദൻതോട്ടം വിതരണം ചെയ്തിരിക്കുന്നത് സെൻട്രൽ പിക്ചേഴ്സ്സാണ്. രാമനായി കുഞ്ചാക്കോ ബോബനും, മാലിനിയായി അനു സിത്താരയും, എൽവിസ്സായി ജോജു ജോർജ്ജും വർമ്മാജിയായി രമേശ് പിഷാരടിയും സലീമായി ശ്രീജിത്ത് രവിയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഇതുവരെ കാണാത്ത മുഖങ്ങളായിരുന്നു പത്മരാജന്റെ തൂവാനത്തുമ്പികളും കമലിന്റെ മേഘമൽഹാറും ശ്യാമപ്രസാദിന്റെ ഒരേ കടലും ബ്ലെസ്സിയുടെ പ്രണയവും നമുക്ക് സമ്മാനിച്ചത്. രഞ്ജിത്ത് ശങ്കറിന്റെ രാമന്റെ ഏദൻതോട്ടവും മേല്പറഞ്ഞ സിനിമകൾ പോലെ പ്രണയത്തിന്റെ വേറിട്ട മുഖം വരച്ചുകാട്ടുന്നു. രാമനും മാലിനിക്കും എൽവിസിനും വർമ്മാജിക്കും സലീമിനും ശത്രുഘ്‌നനും തുടങ്ങി രാമന്റെ ഏദൻതോട്ടത്തിലെ ഓരോ അതിഥികളും പ്രണയം പ്രകടിപ്പിക്കുന്നത് ഓരോ രീതിയിലാണ്. വിവാഹേതര ബന്ധത്തെ അവിഹിതമെന്നു വിളിക്കുന്നവരുമുണ്ട് സൗഹൃദമെന്നു വിളിക്കുന്നവരുമുണ്ട്. ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടുകളെ ആശ്രയിച്ച ഒന്നായിരിക്കും അത്തരത്തിലുള്ള സൗഹൃദങ്ങൾ. അതിർവരമ്പുകൾ ലംഘിക്കാത്ത വിവാഹേതര സൗഹൃദങ്ങളെ സമൂഹം എങ്ങനെ നോക്കിക്കാണുമെന്നും ഈ സിനിമയിൽ വിഷയമാകുന്നു. കുടുംബ ബന്ധം തകരാതിരിക്കുവാനും കുട്ടികളുടെ ഭാവിയും സുരക്ഷയും ഓർത്തുകൊണ്ട് എല്ലാം സഹിച്ചു ആൺമേധാവിത്വത്തിനു മുമ്പിൽ എപ്പോഴും തോറ്റുകൊടുക്കുന്നതിനു പകരം സ്ത്രീകൾ പ്രതികരിക്കണമെന്നും സ്വയം പ്രാപ്തി നേടണമെന്ന പ്രമേയവും ഈ സിനിമയിൽ ചർച്ചാവിഷയമാകുന്നുണ്ട്. സ്ത്രീ സ്വാതന്ത്ര്യം, സ്വപ്നസാക്ഷാത്കാരം തുടങ്ങിയവയും കഥാസന്ദർഭങ്ങളിൽ വന്നുപോകുന്നുണ്ട്. പറഞ്ഞുപഴകിയ പ്രമേയമാണെങ്കിലും കേരളത്തിലെ കുടുംബ പ്രേക്ഷകർക്ക് എന്നും കണ്ടിരിക്കാൻ രസമുള്ള വിഷയമാണ് മേല്പറഞ്ഞവയെല്ലാം.

തിരക്കഥ: ⭐⭐
നഗരങ്ങളിൽ കാടുകൾ സൃഷ്ടിക്കുക എന്ന ആശയം സമൂഹത്തിലെത്തിക്കുന്ന അക്കീര മിയാവാക്കി എന്ന പ്രകൃതിസ്നേഹിയെ പോലെയൊരാളാണ് രാമൻ. അയാളുടെ ഏദൻതോട്ടത്തിൽ അതിഥിയായി എത്തുന്നു നർത്തകി കൂടിയായ മാലിനി. ആൺമേധാവിത്വത്തിനു അടിമയായി ജീവിക്കുന്ന മാലിനിയെ ജീവിതത്തിലെ സ്വപ്ങ്ങൾ യാഥാർഥ്യമാക്കുവാൻ രാമൻ പ്രചോദനം നൽകുന്നു. അതോടെ ഇരുവരും സൗഹൃദത്തിലാകുന്നു. രഞ്ജിത്ത് ശങ്കർ എന്ന എഴുത്തുകാരന്റെ രചനാപാടവം പ്രതിഫലിച്ച കഥാസന്ദർഭങ്ങളായിരുന്നു അവയെല്ലാം. എന്നാൽ, ആ സൗഹൃദം മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കേണ്ട ആവശ്യകതയുണ്ടോ എന്ന ആശയക്കുഴപ്പത്തിലായി രഞ്ജിത്ത് ശങ്കർ എന്ന തിരക്കഥാകൃത്ത്. സൗഹൃദമാണോ പ്രണയമാണോ എന്ന നിർവചിക്കാൻ സാധിക്കാത്ത തരത്തിലായി പിന്നീടുള്ള കഥാസന്ദർഭങ്ങൾ. മാലിനിയും രാമനും തമ്മിലുള്ള ബന്ധമെന്താണ് എന്ന കഥാസന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുവാൻ രഞ്ജിത്ത് ശങ്കറിന് കഴിഞ്ഞില്ല. രാമന്റെയും മാലിനിയുടെയും കഥാപാത്രങ്ങളുടെ സ്വഭാവം ഓരോ അവസരത്തിലും ഓരോ രീതിയിലായി തോന്നി. അവർ തമ്മിലുള്ള സംഭാഷങ്ങളിൽ ഉടനീളം നാടകീയത നിറഞ്ഞുനിന്നിരുന്നു. ഒരേ ചിന്താഗതിയുള്ള രാമന്റെയും മാലിനിയുടെയും അപൂർവ സൗഹൃദം കാണുവാൻ പ്രതീക്ഷിച്ച പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന കഥാഗതിയായിരുന്നു സിനിമയുടേത്. വിവാഹേതര സൗഹൃദത്തിൽ നിലയുറപ്പിക്കുന്നതിനു പകരം പല ഉപവിഷയങ്ങളിലേക്കും കഥാകൃത്ത് പ്രേക്ഷകരെ കൊണ്ടുചെന്നത് അവരെ ആശയകുഴപ്പത്തിലാക്കി. ഈ കുറവുകളൊക്കെയുണ്ടെങ്കിലും ഇന്നത്തെ കുടുംബങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട കുറെ രംഗങ്ങൾ ഈ സിനിമയിലുണ്ട്.

സംവിധാനം: ⭐⭐⭐
പാസഞ്ചർ മുതൽ പ്രേതം വരെ ഒന്നിനൊന്നു വ്യത്യസ്ത സിനിമകൾ സംവിധാനം ചെയ്ത രഞ്ജിത്ത് ശങ്കർ പരീക്ഷിക്കാത്ത ഒരു പ്രമേയമാണ് രാമന്റെ എദൻതോട്ടം. ഇന്നത്തെ കുടുംബങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ റിയലസ്റ്റിക്കായി അവതരിപ്പിക്കുവാൻ രഞ്ജിത്ത് ശങ്കർ പരമാവധി ശ്രമിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ കണ്ടെത്തുന്നതിൽ വിജയിച്ചു. കുഞ്ചാക്കോ ബോബന് സമീപകാലത്തു ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് രാമൻ. മാലിനിയായി പലവരുടെയും മുഖം ഓർമ്മവരുമെങ്കിലും അനു സിത്താരയാണ് ഏറ്റവും അനിയോജ്യമെന്നു സിനിമ കാണുമ്പോൾ ബോധ്യമാകും. ഒഴുക്കൻ മട്ടിലുള്ള അവതരണമാണ് ഈ സിനിമയ്ക്ക് അനിയോജ്യം എന്ന് മനസ്സിലാക്കിയ രഞ്ജിത്ത് ശങ്കർ ആസ്വാദനത്തിനു വേണ്ടിയുള്ള ചേരുവകളായ നർമ്മവും പാട്ടുകളും കൃത്യതയോടെ ചേർക്കുവാൻ മറന്നില്ല. വി. സാജന്റെ സന്നിവേശവും മധു നീലകണ്ഠന്റെ വിഷ്വൽസും അതിനു സംവിധായകനെ സഹായിച്ചു. പതിഞ്ഞ താളത്തിലുള്ള പ്രണയകഥകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് ഒരുതവണ കണ്ടിരിക്കാം ഏദൻതോട്ടത്തിലെ കാഴ്ച്ചകൾ. അശ്രദ്ധയോടെയാണ് പല രംഗങ്ങളിലെയും ഡബ്ബിങ് നിർവഹിച്ചത്. ജോജുവിന്റെയും രമേശ് പിഷാരടിയുടെയും സംഭാഷണങ്ങൾ പലതും ചിത്രീകരണത്തിന് ശേഷം മാറ്റിയെഴുതിയതായി അനുഭവപെട്ടു. മുൻകാല രഞ്ജിത്ത് ശങ്കർ സിനിമകൾ പ്രതീക്ഷിച്ചു പോകുന്നവർക്ക് നിരാശയാകും ഈ സിനിമ സമ്മാനിക്കുന്നത്.

സാങ്കേതികം: ⭐⭐⭐
മധു നീലകണ്ഠന്റെ അത്യുഗ്രൻ ഛായാഗ്രഹണമാണ് ഏദൻതോട്ടത്തിന്റെ ജീവൻ നിലനിർത്തുന്നത്. ആദ്യപകുതിയിൽ ഏദൻതോട്ടത്തിന്റെ പച്ചപ്പ്‌ മുഴുവൻ ഒപ്പിയെടുക്കുവാനും, ഗൗരവമുള്ള ഒരു വിഷയത്തിലേക്കു കഥ സഞ്ചരിച്ചു തുടങ്ങിയപ്പോൾ റിയാലസ്റ്റിക്കായ ഒരു ഫീൽ നൽകുവാൻ മധു നീലകണ്ഠന് സാധിച്ചു. രാമനും മാലിനിയും ഏദൻതോട്ടത്തിൽ കണ്ടുമുട്ടുന്ന രംഗങ്ങളെല്ലാം മികവാർന്ന രീതിയിൽ ചിത്രീകരിക്കുവാൻ മധു നീലകണ്ഠന് കഴിഞ്ഞു. സന്തോഷ് വർമ്മ എഴുതി ബിജിബാൽ ഈണമിട്ട പാട്ടുകളും ശ്രവ്യസുന്ദരമായിരുന്നു. ശ്രേയ ഘോഷാൽ പാടിയ കാടിന്റെ എന്ന തുടങ്ങുന്ന ഗാനത്തിന്റെ വരികളും സംഗീതവും മികവുറ്റതായിരുന്നു. സിനിമയുടെ വേഗതക്കു അനുസരിച്ചുള്ള പശ്ചാത്തല സംഗീതം നൽകുവാൻ ബിജിബാലിന് കഴിഞ്ഞു. പറയാതെ പറയുന്ന പ്രണയത്തിനു അനുസരിച്ചുള്ള പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുവാൻ ബിജിബാലിന് സാധിച്ചില്ല. വി. സാജന്റെ സന്നിവേശം കഥയുടെ ഒഴിക്കിനനുസരിച്ചുള്ളതായിരുന്നു. കഥയിൽ അനിവാര്യമല്ലാത്ത രംഗങ്ങളോ കഥാപാത്രങ്ങളോ ഈ സിനിമയിലില്ല. അജയ് മാങ്ങാടിന്റെ കലാസംവിധാനത്തിൽ ഏദൻതോട്ടം ഗംഭീരമായി. കുതിരയും നായകുട്ടികളും അന്തേവാസികളായതും മികവുപുലർത്തി. കാടിന്റെ ദൃശ്യഭംഗി വിഷ്വൽസിൽ കണ്ടെങ്കിലും കാട്ടിലെ പക്ഷികളുടെയോ മറ്റു ജീവജാലങ്ങളുടെയോ ശബ്ദങ്ങൾ ഉപയോഗപ്പെടുത്താൻ തപസ് നായകിനായില്ല. അരുൺ മനോഹറിന്റെ വസ്ത്രാലങ്കാരവും ശ്രീജിത്തിന്റെ ചമയവും അനു സിത്താരയെ ശാലീനതയുള്ള ഒരാളായി മാറ്റുന്നതിൽ സഹായിച്ചിട്ടുണ്ട്.

അഭിനയം: ⭐⭐⭐⭐
കുഞ്ചാക്കോ ബോബൻ, അനു സിത്താര, ജോജു ജോർജ്ജ്, രമേശ് പിഷാരടി, അജു വർഗീസ്, ശ്രീജിത്ത് രവി, ഗോപാലൻ, മുത്തുമണി എന്നിവരാണ് ഏദൻതോട്ടത്തിലെ അഭിനേതാക്കൾ. മാലിനിയായി മിതത്വമാർന്ന അഭിനയം കാഴ്ചവെച്ചുകൊണ്ട് അനു സിത്താര ഏവരുടെയും പ്രിയ നായികയായി മാറി. ഒരുപാടു വ്യത്യസ്ത മാനസിക ബുദ്ധിമുട്ടുകൾ അവതരിപ്പിക്കേണ്ട രംഗങ്ങളിൽ അമിതാഭിനയം കാഴ്ചവെയ്ക്കാതെ മാലിനിയെ അവതരിപ്പിച്ചു കയ്യടി നേടി. ചാക്കോച്ചനു ലഭിച്ച അഭിനയ സാധ്യതയുള്ള ഒരു വേഷമായിരുന്നു രാമൻ. രാമന്റെ സങ്കടവും ഒറ്റപ്പെടലും നിസ്സഹയാവസ്ഥയും പ്രണയവുമെല്ലാം മികവോടെ അവതരിപ്പിക്കുവാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. എല്ലാത്തരം വേഷങ്ങളും തനിക്കുചേരും എന്ന് ജോജു ജോർജ്ജ് തെളിയിച്ചു. കഥാപാത്രത്തിന് ശബ്ദം നൽകിയപ്പോഴുള്ള അശ്രദ്ധ ഒഴിച്ച് നിർത്തിയാൽ മറ്റൊരു കുറവും ജോജുവിന്റെ അഭിനയത്തിനില്ല. ഹാസ്യരസ സംഭാഷണങ്ങളിലൂടെ രമേശ് പിഷാരടി വർമ്മാജി എന്ന കഥാപാത്രത്തെ ഗംഭീരമാക്കി. ശ്രീജിത്ത് രവിയും മുത്തുമണിയും അജു വർഗീസും ഗോപാലനും അവരവരുടെ രംഗങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ഏദൻതോട്ടത്തിലെ കാഴ്ച്ചകൾ കുടുംബത്തോടൊപ്പം ഒരുവട്ടം കണ്ടിരിക്കാം!

രചന, സംവിധാനം: രഞ്ജിത്ത് ശങ്കർ
നിർമ്മാണം: ഡ്രീംസ് ആൻഡ് ബിയോണ്ട്
ഛായാഗ്രഹണം: മധു നീലകണ്ഠൻ
ചിത്രസന്നിവേശം: വി. സാജൻ
ഗാനരചന: സന്തോഷ് വർമ്മ
സംഗീതം: ബിജിബാൽ
കലാസംവിധാനം: അജയ് മങ്ങാട്
ശബ്ദസംവിധാനം: തപസ് നായക്
ചമയം: ശ്രീജിത്ത് ഗുരുവായൂർ
വസ്ത്രാലങ്കാരം: അരുൺ മനോഹർ
വിതരണം: സെൻട്രൽ പിക്ചേഴ്സ്.