സ്വർണ്ണ കടുവ – ⭐⭐


വേഗതയില്ലാത്ത കടുവാകഥ ഒരുവട്ടം കണ്ടിരിക്കാം! – ⭐⭐

മലയാള സിനിമയിൽ കാലാകാലങ്ങളായി കണ്ടുവരുന്ന സൽഗുണ സമ്പന്ന നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രരൂപീകരണമാണ് റിനി ഈപ്പൻ മാട്ടുമേൽ. നാളിതുവരെയുള്ള ഏറ്റവും മികച്ച അഭിനയവുമായി ബിജു മേനോൻ റിനി ഈപ്പനായി ജീവിക്കുകയായിരുന്നു. നല്ല നടനുള്ള സംസ്ഥാന പുരസ്കാരത്തിനുവരെ സാധ്യതയുള്ള അഭിനയമികവോടെയാണ് റിനി എന്ന നായക കഥാപാത്രത്തെ ബിജു മേനോൻ അവതരിപ്പിച്ചിരിക്കുന്നത്. മേല്പറഞ്ഞ രണ്ടു വസ്തുതകളാണ് സ്വർണ്ണ കടുവയുടെ പ്രത്യേകതകൾ. അമിത പ്രതീക്ഷയില്ലാതെ ഒരുവട്ടം കുടുംബസമേതം കണ്ടിരിക്കാവുന്ന സിനിമയാണ് സ്വർണ്ണ കടുവ.

ജോബ് ജി. ഫിലിംസിന്റെ ബാനറിൽ ജോബ് ജി. ഉമ്മൻ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരിക്കുന്ന സ്വർണ്ണ കടുവയിൽ ബിജു മേനോൻ, ഇന്നസെന്റ്, ഹരീഷ് പെരുമണ്ണ, ഇനിയ സലാഹുദ്ധീൻ, പൂജിത മേനോൻ, സുരേഷ് കൃഷ്ണ, സുധീർ കരമന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
“എല്ലാ പൊന്നും എല്ലാ മണ്ണും എല്ലാ പെണ്ണും എല്ലാം എല്ലാം എനിക്കായ് എന്നൊരാൾ” എന്നതായിരുന്നു ഈ സിനിമയുടെ പരസ്യ വാചകങ്ങളിൽ ഒന്ന്. പൊന്നും മണ്ണും പെണ്ണും സ്വന്തമാക്കാൻ ഏതറ്റംവരെയും പോകുന്ന ഒരാൾ. ലക്ഷ്യത്തിലെത്തുവാൻ മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും നേടുന്ന നേട്ടങ്ങളും അതിനയാൾ സ്വീകരിക്കുന്ന വഴികളുമാണ് ഈ സിനിമയുടെ പ്രമേയം. എം.ടി.വാസുദേവൻ നായർ എഴുതി ഐ.വി.ശശി സംവിധാനം ചെയ്തു മോഹൻലാൽ നായകനായ ഉയരങ്ങളിൽ എന്ന സിനിമയുടെ പ്രമേയത്തോട് ഏറെ സമാനതകളുള്ള ഒന്നാണ് സ്വർണ്ണ കടുവയുടേത്. നിരവധി മലയാള സിനിമകൾക്ക് തിരക്കഥ എഴുതുകയും മൂന്ന് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ബാബു ജനാർദനനാണ് സ്വർണ്ണ കടുവയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്.

തിരക്കഥ: ⭐⭐⭐
കെട്ടുറപ്പുള്ള തിരക്കഥയുടെ പിൻബലത്തിൽ അവതരിപ്പിച്ചിട്ടുള്ള സിനിമകളെല്ലാം പ്രേക്ഷകർ സ്വീകരിച്ച ചരിത്രമാണ് മലയാള സിനിമയുടേത്. ബാബു ജനാർദ്ദനന്റെ സിനിമകളെല്ലാം സങ്കീർണ്ണമായ കഥാസന്ദർഭങ്ങളുള്ളവയും ശക്തമായ കഥാപാത്രങ്ങളുള്ളവുമായിരുന്നു. സ്വർണ്ണ കടുവയിലെ റിനി ഈപ്പൻ മാട്ടുമ്മേൽ എന്ന കഥാപാത്രവും അയാൾ സഞ്ചരിക്കുന്ന വഴികളും അത്തരത്തിലുള്ളവയായിരുന്നു. ഒരു സത്യം മറച്ചുവെക്കുവാൻ ശ്രമിക്കുന്നതിനിടയിൽ തടസ്സം സൃഷ്ട്ടിച്ചവരെ ചതിച്ചും വഞ്ചിച്ചും കാര്യം സാധിച്ചെടുക്കുന്ന റിനി ഈപ്പൻ എന്ന കഥാപാത്രരൂപീകരണമാണ് ഈ സിനിമയുടെ തിരക്കഥയുടെ പ്രധാന ആകർഷണം. കഥയിലുടനീളം അവിശ്വസനീയമായ സന്ദർഭങ്ങളോ യുക്തിയെ ചോദ്യം ചെയ്യുന്ന കഥാഗതിയോ ഒന്നുമില്ലാതയാണ് ബാബു ജനാർദ്ദനൻ ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരുപാട് കഥാസന്ദർഭങ്ങളിലൂടെ വികസിക്കുന്ന ഒരു കഥയാണ് ഈ സിനിമയുടേത്. അതിനനിയോജ്യമായ സംഭാഷണങ്ങളും ബാബു ജനാർദ്ദനൻ എഴുതിയിട്ടുണ്ട്. നർമ്മ മുഹൂർത്തങ്ങളും സംഭാഷണങ്ങളും, സമകാലീന രാഷ്ട്രീയ സംഭവങ്ങളും, കുടുംബ ബന്ധങ്ങളിലെ പാകപ്പിഴകളും, തെറ്റും ശരിയും തിരിച്ചറിയുന്ന രീതിയും കൃത്യമായി തിരക്കഥയിലാക്കുവാൻ ബാബു ജനാർദ്ദനന് സാധിച്ചു. ഇനിയും ഇത്തരത്തിലുള്ള തിരക്കഥൾ എഴുതുവാൻ ബാബു ജനാർദ്ദനന് സാധിക്കട്ടെ.

സംവിധാനം: ⭐⭐
ഉദയപുരം സുൽത്താൻ, സുന്ദരപുരുഷൻ, മായാമോഹിനി, ശൃംഗാരവേലൻ എന്നീ സിനിമകളുടെ സംവിധായകൻ ജോസ് തോമസാണ് സ്വർണ്ണ കടുവയുടെ സംവിധായകൻ. ശരാശരിയ്ക്കു മുകളിൽ നിൽക്കുന്ന തിരക്കഥ ലഭിച്ചിട്ടും അതിനെ പൂർണമായി ഉൾക്കൊണ്ട് സിനിമ സംവിധാനം ചെയ്യുവാൻ ജോസ് തോമസിനായില്ല. ഇന്നത്തെ സിനിമ ആസ്വാദകരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാതെയാണ് ഈ സിനിമ ജോസ് തോമസ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ പകുതിയിൽ ഏറെക്കുറെ രസകരമായ അവതരണം സ്വീകരിച്ച സംവിധായകൻ രണ്ടാം പകുതി കൈവിട്ടു കളഞ്ഞ അവസ്ഥയാണ് കണ്ടത്‌. ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും പ്രവചിക്കാനാവുന്ന അവതരണവും തീർത്തും നിരാശമാത്രം സമ്മാനിച്ചു. കെട്ടുറപ്പുള്ള തിരക്കഥയും നല്ല അഭിനേതാക്കളുടെ സാന്നിധ്യവുമാണ് ഒരുപരിധിവരെ ഈ സിനിമയെ രക്ഷപെടുത്തിയത്. എന്നിരുന്നാലും, മായാമോഹിനിയും ശൃങ്കാരവേലനും പോലുള്ള ദുരന്തങ്ങൾ സമ്മാനിച്ച സംവിധായകനിൽ അമിത പ്രതീക്ഷയില്ലാത്തതിനാൽ പ്രേക്ഷകർക്ക് ഒരു ബോറൻ അനുഭവമാകില്ല സ്വർണ്ണ കടുവ.

സാങ്കേതികം: ⭐⭐
സ്വർണ്ണ കടുവയുടെ കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് മനോജ് പിള്ളയാണ്. റിയലസ്റ്റിക്കായ ഛായാഗ്രഹണമാണ് ഈ സിനിമയ്ക്ക് വേണ്ടി മനോജ് പിള്ള സ്വീകരിച്ചിരിക്കുന്നത്. ശരാശരിയിലൊതുങ്ങുന്ന വിഷ്വൽസ് എന്നതിനപ്പുറം പുതുമയൊന്നും സമ്മാനിക്കുവാൻ മനോജ് പിള്ളയ്ക്കായില്ല. ജോൺ കുട്ടിയാണ് രംഗങ്ങൾ സന്നിവേശം ചെയ്തിരിക്കുന്നത്. ആദ്യ പകുതിയേക്കാൾ കഥാസന്ദർഭങ്ങൾ ഏറെയുള്ള രണ്ടാം പകുതി പതിഞ്ഞ താളത്തിലാണ് സന്നിവേശം ചെയ്തിരിക്കുന്നത്. രണ്ടു മണിക്കൂറിൽ പറഞ്ഞുതീർക്കാവുന്ന കഥയെ വലിച്ചുനീട്ടി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സന്തോഷ് വർമ്മയും ഹരിനാരായണനും എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ബിജിബാലാണ്. ഈ സിനിമയിലെ പാട്ടുകൾ രണ്ടും നിരാശപ്പെടുത്തുന്നു. ഗോപി സുന്ദർ നിർവഹിച്ച പശ്ചാത്തല സംഗീതം അദ്ദേഹത്തിന്റെ മുൻകാല സിനിമകളെ അപേക്ഷിച്ചു ശോകമായിരുന്നു. ഇന്നസെൻറ് ഉൾപ്പടെ പല കഥാപാത്രങ്ങളും ഉപയോഗിച്ചിരിക്കുന്ന വിഗ് തലമുടി പോലും കൃത്രിമത്വം തോന്നിപ്പിക്കുന്നതായിരുന്നു. ഹസ്സൻ വണ്ടൂരാണ് ചമയം.

അഭിനയം: ⭐⭐⭐
റിനി ഈപ്പനായി നിറഞ്ഞാടുകയായിരുന്നു ബിജു മേനോൻ. ഹാസ്യവും വില്ലത്തരവും ഒരേപോലെ അവതരിപ്പിച്ചു ഫലിപ്പിക്കുവാൻ ബിജു മേനോന് സാധിച്ചു. ഇന്നസെന്റും തനിക്കു ലഭിച്ച കഥാപാത്രം വിശ്വസനീയതയോടെ അവതരിപ്പിച്ചു. ബിജു മേനോന്റെ കഥാപാത്രത്തിന്റെ സന്തത സഹചാരിയായി ഹരീഷ് പെരുമണ്ണയും അഭിനയ മികവ് പുലർത്തി. ഇനിയയും പൂജിതയും നായികമാരുടെ വേഷം ഭംഗിയായി അവതരിപ്പിച്ചു. സുരേഷ് കൃഷ്ണ, സുധീർ കരമന, ബൈജു, കിഷോർ സത്യാ, സന്തോഷ് കീഴാറ്റൂർ, കോട്ടയം നസീർ, നസീർ സംക്രാന്തി, കലാഭവൻ ജിന്റോ, സാജു കൊടിയൻ, വിനോദ് കെടാമംഗലം, സ്വസിക, ചിന്നു കുരുവിള, റോസ്‌ലിൻ ജോളി, സീമ ജി. നായർ, അഞ്ജു അരവിന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാൽക്കഷ്ണം: സ്വർണ്ണം കവർന്ന കടുവയുടെ കഥയും പ്രേക്ഷക ഹൃദയം കവർന്ന ബിജു മേനോന്റെ അഭിനയവും ഒരുവട്ടം കണ്ടിരിക്കാം.

സംവിധാനം: ജോസ് തോമസ്
നിർമ്മാണം: ജോബ് ജി. ഉമ്മൻ
രചന: ബാബു ജനാർദനൻ
ഛായാഗ്രഹണം: മനോജ് പിള്ള
ചിത്രസന്നിവേശം: ജോൺകുട്ടി
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
ഗാനരചന: സന്തോഷ് വർമ്മ, ഹരിനാരായണൻ
സംഗീതം: ബിജിബാൽ
കലാസംവിധാനം: അരുൺ
ചമയം: ഹസ്സൻ വണ്ടൂർ
സംഘട്ടനം: മാഫിയ ശശി
വിതരണം: ജോ ആൻഡ് ജോ റിലീസ്.