പുതിയ നിയമം – ⭐⭐

Puthiya Niyamam

അര്‍ത്ഥശൂന്യമായ നിയമങ്ങളുടെ പാളിപ്പോയ അവതരണം – ⭐⭐

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത കുറ്റകൃത്യങ്ങള്‍ സംഭവിച്ച നമ്മുടെ രാജ്യത്ത്, നിയമം അനുശാസിക്കുന്ന ശിക്ഷ വളരെ കുറഞ്ഞതാണെന്നും അവയൊന്നും കുറ്റവാളികളെ യാതൊരു തരത്തിലും ബാധിക്കുന്നില്ലയെന്നും, നമ്മുടെ നിയമങ്ങളില്‍ മാറ്റം വരണമെന്നും കഠിനമായ ശിക്ഷ കുറ്റവാളികള്‍ക്ക് ലഭിക്കണമെന്നുമാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഡിസംബര്‍ 16നു ഡല്‍ഹിയില്‍ നടന്ന കൊടുംക്രൂരതയിലെ പ്രതികളില്‍ ഒരാള്‍ ഇന്ന് നിയമത്തിന്റെ ന്യൂനതകള്‍ കാരണം സ്വതന്ത്രനായി നടക്കുന്നു. സൗമ്യ എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗോവിന്ദചാമി സുഖമായി ജയിലില്‍ കഴിയുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമത്തിലെ കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ വിധിക്കാത്തതിനാലാണ് പീഡനം പോലുള്ള കുറ്റകൃത്യങ്ങള്‍ വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാണു ഈ നിയമത്തില്‍ ഒരു മാറ്റം സംഭവിക്കുന്നത്‌?

ഏ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ മേല്പറഞ്ഞ സംഭവങ്ങള്‍ നടന്നാല്‍ അവര്‍ക്കെതിരെ ജനങ്ങള്‍ തന്നെ വിധിക്കേണ്ട പുതിയ നിയമത്തെ കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. അഭിഭാഷകനും സിനിമ നിരൂപകനുമായ ലൂയിസ് പോത്തനും കഥകളി നടിയായ വാസുകി അയ്യരും അവരുടെ ഏക മകള്‍ ചിന്തയും സന്തോഷകരമായ ജീവിതം നയിക്കുന്നു. അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങള്‍ അവരുടെ കുടുംബത്തെ ബാധിക്കുന്നു. അതിനെതിരെ പ്രതികരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പുതിയ നിയമമാണ് ഈ സിനിമയുടെ കഥ. ലൂയിസ് പോത്തനായി പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിയും, വാസുകി അയ്യരായി നയന്‍താരയും അഭിനയിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമത്തില്‍ വിശ്വാസമില്ലാത്തവര്‍ കുറ്റവാളികള്‍ക്കെതിരെ സ്വയം ശിക്ഷ നടപ്പിലാക്കണമെന്നാണ് സംവിധായകന്‍ അവതരിപ്പിക്കുന്ന പുതിയ നിയമം. 80കളുടെ മദ്ധ്യത്തില്‍ മമ്മൂട്ടി തന്നെ അഭിനയിച്ച നിരവധി സിനിമകളില്‍ ഇതേ തരത്തിലുള്ള പ്രേമയങ്ങള്‍ വിഷയമാക്കിയിട്ടുണ്ട്‌. ആ സിനിമകളുടെ പേര് വെളിപ്പെടുത്തിയാല്‍ പുതിയ നിയമം സിനിമയുടെ കഥയെന്താണെന്ന് ഈ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വായനക്കാര്‍ക്ക് മനസ്സിലാകും. മലയാളത്തില്‍ തന്നെ ഒട്ടനവധി സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ള ഇതേ പ്രമേയം പുതിയ നിയമം എന്ന ലേബലില്‍ വീണ്ടും അവതരിപ്പിക്കുവാന്‍ സംവിധായകന്‍ കാണിച്ച ധൈര്യം അപാരം തന്നെ!

തിരക്കഥ: ⭐⭐
ഗൗരവമുള്ള പ്രമേയങ്ങള്‍ യുക്തിയുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുക എന്നത് ഒട്ടനേകം കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിട്ടുള്ള ഒരു തിരക്കഥകൃത്തിനു ശ്രമകരമായ ഒരു പ്രവര്‍ത്തിയേയല്ല. കാലികപ്രസക്തിയുള്ള ഒരു പ്രമേയത്തെ കഥയുടെ രൂപത്തിലാക്കുന്നതിലും കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയിലും ഏ.കെ.സാജന്‍ പരാജയപെട്ടു. യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കൃത്രിമമായി കെട്ടിച്ചമച്ച കഥാസന്ദര്‍ഭങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന തിരക്കഥ രചനയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളില്‍ ഒന്ന്. ആദ്യ പകുതിയിലെ സംഭാഷണങ്ങള്‍ അരോചകമായതാണ് മറ്റൊന്ന്. അവിഹിത ബന്ധത്തിന്റെയും സംശയത്തിന്റെയും പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്തുവാന്‍ വരുന്ന കക്ഷികളോട് ലൂയിസ് പോത്തനെകൊണ്ട് പറയിപ്പിച്ച നിലവാരമില്ലാത്ത സംഭാഷങ്ങള്‍ തമാശയുള്ള സംഭാഷണങ്ങള്‍ സിനിമയില്‍ വേണമല്ലോ എന്ന തോന്നലുകൊണ്ടാകണം ഉള്‍പ്പെടുത്തിയത്. കഥയുടെ രണ്ടാം പകുതിയിലെത്തുമ്പോള്‍ സംഭാഷണങ്ങള്‍ക്ക് നിലവാരം വന്നതായി അനുഭവപെട്ടു. അതുകൂടാതെ കഥയിലെ ഒന്ന് രണ്ടു വഴിത്തിരുവുകളും ഭേദമായി തോന്നി. കഥാവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി മികച്ചതായി അനുഭവപെട്ടു. പ്രതികാരത്തിനായി തിരഞ്ഞെടുത്ത വഴികള്‍ പുതുമയുള്ളതായി തോന്നിയില്ലെങ്കിലും, വാസുകിയെ സഹായിച്ച രീതിയില്‍ പുതുമയുള്ളതുപോലെ തോന്നി.

സംവിധാനം: ⭐⭐
തിരക്കഥയിലുള്ള പരിമിതികള്‍ ഒരുപരുധിവരെ ഒഴിവാക്കി ചിത്രീകരിക്കുവാന്‍ കഴിവുള്ള ഒരു സംവിധായകന് സാധിച്ചേക്കും. മലയാള സിനിമയിലെ ഒരു സമീപകാല സിനിമയുടെ അവതരണ ശൈലി പകര്‍ത്തിയത്കൊണ്ട് ആ സിനിമ വിജയിച്ചപോലെ ഈ സിനിമയും വിജയിക്കുമെന്ന് സംവിധയകന്‍ കരുതിയെങ്കില്‍ അത് വെറും മിഥ്യാധാരണ മാത്രമാണെന്ന് ഇതിനോടകം തന്നെ സംവിധായകന് ബോധ്യപെട്ടിട്ടുണ്ടാകണം. രണ്ടാം പകുതിയില്‍ 3 മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. സാധാസമയം നഗരത്തില്‍ ചുറ്റിയടിക്കുന്ന പോലിസ് ആ 3 മരണങ്ങളും എന്ത് കാരണത്താലാണ് സാധാരണ മരണമെന്ന് വിധിയെഴുതിയത് എന്ന് സംവിധായകന്‍ മാത്രമറിയാവുന്ന കാര്യമാണ്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫ്ലാറ്റില്‍ വാസുകി അയ്യര്‍ക്ക് നേരിടേണ്ടിവന്നിട്ടുള്ള ദുരന്തം സംഭവിച്ചു എന്നതും അവിശ്വസനീയമായി അനുഭവപെട്ടു. ഈ ന്യൂനതകളൊക്കെ പ്രേക്ഷകര്‍ ക്ഷമിച്ചത് സിനിമയുടെ അവസാന ഭാഗം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും അതിലെ യുക്തിയുമാണ്. മമ്മൂട്ടിയും നയന്‍താരയും ഒഴികെ മറ്റു നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ എന്ന നിലയില്‍ ഏ.കെ.സാജന് അബദ്ധം പറ്റിയിരിക്കുന്നു.

സാങ്കേതികം: ⭐⭐
രാജീവ്‌ മേനോന്‍, ജോമോന്‍ ടി ജോണ്‍ എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ച റോബി വര്‍ഗീസ്‌ രാജാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. പുതുമകളൊന്നും അവകാശപെടാനില്ലെങ്കിലും സംവിധായകന്റെ കഥാവതരണ രീതിയോട് നീതിപുലര്‍ത്തുന്ന വിഷ്വല്‍സ് ഒപ്പിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ട് റോബി വര്‍ഗീസിന്. സിനിമയുടെ ആദ്യപകുതിയില്‍ ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലെ രംഗങ്ങളുടെ സന്നിവേശം ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണെങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്സും മെച്ചപെട്ടതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടത്‌ വിവേക് ഹര്‍ഷന്റെ ചടുലതയോടെയുള്ള സന്നിവേശത്തിനാലാണ്. സിനിമാരംഭം ഉപയോഗിച്ചിരിക്കുന്ന കഥകളി പദം മികച്ചതായിരുന്നു. റഫീക്ക് അഹമ്മദ്-വിനു തോമസ്‌ എന്നിവരാണ് ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയിലുടനീളം ആവശ്യത്തിനും അനാവശ്യത്തിനും ചേര്‍ത്തിരിക്കുന്ന പശ്ചാത്തല സംഗീതം പലപ്പോഴും ആസ്വാദനത്തെ ബാധിച്ചിരുന്നു. ഗോപി സുന്ദര്‍ ആണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ്‌ കോവിലകത്തിന്റെ കലാസംവിധാനം സിനിമയുടെ പ്രമേയത്തോട് ചേര്‍ന്ന് പോകുന്നവയായിരുന്നു. ഷാജി പുല്പള്ളിയാണ് മേക്കപ്പ്.

അഭിനയം: ⭐⭐⭐
വാസുകി അയ്യരായി മികച്ച അഭിനയം കാഴ്ചവെച്ചുകൊണ്ട് നയന്‍‌താര വീണ്ടും മലയാള സിനിമയില്‍ ശക്തമായി സാന്നിധ്യം അറിയിച്ചിരിക്കുന്നു. ലൂയിസ് പോത്തനെ രസകരമായി അവതരിപ്പിക്കുവാന്‍ മമ്മൂട്ടിക്കും സാധിച്ചു. ഇവരെ കൂടാതെ എസ്.എന്‍.സ്വാമി, സോഹന്‍ സിനുലാല്‍, സാദിക്ക്, അജു വര്‍ഗീസ്‌, കോട്ടയം പ്രദീപ്‌, ആര്യന്‍, രചന നാരായണ്‍കുട്ടി, ഷീലു എബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയും നയന്‍താരയും ഒഴികെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ ആരും കഥാപാത്രത്തോട് നീതിപുലര്‍ത്തുന്നതായി അനുഭവപെട്ടില്ല. രചനയും ഷീലുവും സാമാന്യം ബോറന്‍ രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.

വാല്‍ക്കഷണം: മമ്മൂട്ടിയുടെയും നയന്‍താരയുടെയും ആരാധകരെ തൃപ്തിപെടുത്തുന്ന പുതിയ നിയമങ്ങള്‍!

രചന, സംവിധാനം: ഏ.കെ.സാജന്‍
നിര്‍മ്മാണം: പി.വേണുഗോപാല്‍, ജിയോ എബ്രഹാം
ചായാഗ്രഹണം: റോബി വര്‍ഗീസ്‌ രാജ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: വിനു തോമസ്‌
കലാസംവിധാനം: രാജേഷ്‌ കോവിലകം
മേക്കപ്പ്: ഷാജി പുല്പള്ളി
വിതരണം: അബാം