ജല്ലിക്കട്ട് – ⭐️⭐️⭐️⭐️

ജല്ലിക്കട്ട് – മഹിഷവും മനുഷ്യനും ⭐️⭐️⭐️⭐️

ഇരുകാലികൾ കൊലയാളികളാകുമ്പോൾ സ്വയരക്ഷാർത്ഥം ഓടുന്ന ഒരു നാൽക്കാലിയുടെ അതിജീവനത്തിന്റെ പോരാട്ടമാണ് ജല്ലിക്കട്ട്.

ജല്ലിക്കട്ട് എന്ന സിനിമ എല്ലാവർക്കും ഇഷ്ടപെടുന്ന സിനിമയായിരിക്കില്ല. പക്ഷെ, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷരെല്ലാം സംവിധായകനെയും ഛായാഗ്രാഹകനെയും നമിക്കുമെന്നുറപ്പ്!

പ്രമേയം ⭐️⭐️⭐️⭐️
മനസാക്ഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യർ എന്ന ഇരുകാലികൾക്കു നേരെ വിരൽചൂണ്ടുന്ന അതിശക്തമായതും കാലിക പ്രസക്തിയുള്ളതുമായ ഒരു പ്രമേയമാണ് എസ്. ഹരീഷ് എന്ന എഴുത്തുകാരന്റെ ഭാവനായാൽ എഴുതപെട്ട മാവോയിസ്റ്റ് എന്ന ചെറുകഥ. സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി കുറെ മനുഷ്യർ ഒരു പോത്തിനെ വേട്ടയാടുന്നതും, ആ പോത്ത് അതിന്റെ ജീവൻ രക്ഷിക്കാനായി നടത്തുന്ന പോരാട്ടവുമാണ് ഈ സിനിമയുടെ കഥ. ഇത്തരത്തിലുള്ള ഒരു പ്രമേയവും ആ പ്രമേയം അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത കഥയും മലയാള സിനിമയിൽ ഇതാദ്യം. ടോറോന്റോ ഫിലിം ഫെസ്റ്റിവലിലും ബുസാൻ ഫിലിം ഫെസ്റ്റിവലിലും ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും ഈ വർഷം പ്രദർശിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമകളിൽ ഒന്നാണിത്. ആസ്വാദന ചേരുവകൾ ഇല്ലാത്ത സിനിമകൾ നിരാകരിക്കുന്ന പ്രേക്ഷകർ ഈ സിനിമയെ വിമർശിക്കുമെങ്കിലും, ഈ സിനിമ സംവാദിക്കുന്ന വിഷയം മനസ്സിലാക്കുകയെങ്കിലും വേണമെന്ന് അണിയറപ്രവർത്തകർ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

തിരക്കഥ ⭐️⭐️⭐️⭐️
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനാണ് എസ്. ഹരീഷ്. ഹരീഷും ആർ. ജയകുമാറും ചേർന്നാണ് ജല്ലിക്കട്ടിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഈ സിനിമയുടെ കഥയോട് നൂറു ശതമാനം നീതിപുലർത്തുന്ന ഒന്നാണ് ഓരോ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും. കേരളത്തിലെ മലയോര ഗ്രാമപ്രദേശമായ കട്ടപ്പനയിലെ മനുഷ്യരുടെ ജീവിതചര്യകൾ കൃത്യമായി നിരീക്ഷിച്ചതിനു ശേഷമാണ് ഈ സിനിമയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിയത് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, അവയോരോന്നും അത്രമേൽ വിശ്വസനീയമായിരുന്നു. ഓരോ കഥാപാത്രങ്ങളും എന്ത് ഉദ്ദേശത്തോടെയാണ് പാവം നാൽക്കാലിയെ വേട്ടയാടാൻ തീരുമാനിക്കുന്നത് എന്നതാണ് ഈ സിനിമയിലെ ആദ്യ പകുതിയിലെ രംഗങ്ങൾ. വർക്കി(ചെമ്പൻ വിനോദ്) എന്ന കശാപ്പുകാരന്‍റെ ജീവിതമാർഗമാണെങ്കിൽ, ആന്റണി(ആന്റണി വർഗീസ് പെപ്പെ) എന്ന ചെറുപ്പക്കാരന് അയാളുടെ പ്രണയസാഫല്യം എന്നതാണ് ലക്ഷ്യം. കുട്ടിച്ചൻ എന്ന വേട്ടക്കാരന് തന്റെ പ്രതികാരമാണ് നടപ്പിലാക്കേണ്ടതെങ്കിൽ, ആ നാട്ടിലെ ജനങ്ങൾക്ക് അവരുടെ കൃഷിയിടങ്ങളും മുതലും മറ്റും നഷ്ടപ്പെട്ടതിന്റെ പകയും. ആ പരിശ്രമത്തിനൊടുവിൽ എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ രണ്ടാം പകുതിയും ക്‌ളൈമാക്‌സും. എസ്. ഹരീഷിനും ആർ. ജയകുമാറിനും അഭിനന്ദനങ്ങൾ!

സംവിധാനം ⭐️⭐️⭐️⭐️
മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കു ഉയർത്തിയ സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഈ.മ.യൗ.വും ജല്ലിക്കട്ടും അതിനുദാഹരണങ്ങൾ. ഓരോ കഥാസന്ദർഭങ്ങളും അതർഹിക്കുന്ന ആഴത്തിൽ ചിത്രീകരിക്കുക, ഓരോ കഥാപാത്രങ്ങളും നമ്മുടെ കൺമുമ്പിൽ നിൽക്കുന്നത് പോലെ അനുഭവപ്പെടുത്തുക, ഓരോ രംഗങ്ങൾക്കും അർഹിക്കുന്ന വേഗത നൽകുക, ബുദ്ധിജീവികൾ മുതൽ സാധാരണ പ്രേക്ഷകനെ വരെ ഒരേ സമയം ചിന്തിപ്പിക്കുകയും നൊമ്പരപെടുത്തുകയും ചെയ്യുക എന്നത് അസാമാന്യ കഴിവുള്ള ഒരു പ്രതിഭയ്ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്. ആസ്വാദനത്തിനുള്ള ഘടകങ്ങൾ ഒന്നും തന്നെ ഈ സിനിമയിലില്ല എങ്കിലും, ഒരു നിമിഷം പോലും പ്രേക്ഷകനെ ഈ സിനിമ ബോറടിപ്പിക്കുന്നില്ല. ഇതുവരെ കണ്ടുപരിചതമല്ലാത്ത ചിത്രീകരണരീതി, ഇതുവരെ സുപരിചതമല്ലാത്ത ഫ്രയിമുകൾ, കഥ നടക്കുന്ന സ്ഥലത്തു ഓരോ പ്രേക്ഷകനും നിൽക്കുന്നു എന്ന തോന്നൽ ഉളവാക്കുന്ന ശബ്ദസംവിധാനം, ഓരോ അഭിനേതാക്കളും ജീവിക്കുകയാണ് എന്ന രീതിയിലുള്ള പ്രകടനം എന്നിവയെല്ലാം കൃത്യതയോടെ സമന്വയിപ്പിച്ച കഴിവുറ്റ സംവിധാന രീതിയാണ് ലിജോ ജോസ് പെല്ലിശേരിയുടേത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടാവുന്ന ഒരു സിനിമയായിരിക്കും ജല്ലിക്കട്ട് എന്നുറപ്പ്!

സാങ്കേതികം ⭐️⭐️⭐️⭐️
ഗിരീഷ് ഗംഗാധരന്റെ വിഷ്വൽ മാജിക് അനുഭവിച്ചറിയണമെങ്കിൽ ജല്ലിക്കട്ട് തിയറ്ററിൽ തന്നെ കാണേണ്ടിവരും. പുതുമയാർന്ന ഫ്രേയിമുകളും ദൈർഘ്യമേറിയ ഷോട്ടുകളും അതിസാഹസമായ ആങ്കിളുകളും രാത്രി രംഗങ്ങളിലെ ലൈറ്റിങ് രീതികളും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. പോത്തിന്റെ പുറകെ ജനങ്ങൾ ഓടുന്ന രംഗങ്ങൾ അതിഗംഭീരമായി ചിത്രീകരിക്കാൻ ഗിരീഷ് ഗംഗാധരൻ എടുത്ത പ്രയത്നം അഭിനന്ദനാർഹമാണ്. ഓരോ രംഗവും പ്രേക്ഷകർ നേരിട്ട് കാണുന്ന തരത്തിലാണ് ഗിരീഷ് ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ ഈ വർഷം ഗിരീഷിനെ തേടിയെത്തുമെന്നുറപ്പ്! പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതിൽ ദീപു ജോസഫ് എന്ന ചിത്രസന്നിവേശകൻ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിലുള്ള ഒരു കഥ ആവശ്യപ്പെടുന്ന ചടുലത സിനിമയിലുടനീളം കാണപ്പെട്ടു. രംഗനാഥ് രവി നിർവഹിച്ച ശബ്ദ സംവിധാനം മികവ് പുലർത്തി. ഒരു മലയോര ഗ്രാമപ്രദേശത്തെ രാത്രികാലങ്ങളിൽ കേൾക്കുന്ന ഓരോ ശബ്ദങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ഈ സിനിമയിൽ ചേർക്കുവാൻ രംഗനാഥ് രവിക്ക് സാധിച്ചു. ഒരേ സമയം ഭീതി ജനിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ പശ്ചാത്തല സംഗീതം നൽകാൻ പ്രശാന്ത് പിള്ളക്കും സാധിച്ചു. ആൾക്കൂട്ടങ്ങളുള്ള രംഗങ്ങളിലെ ഡബ്ബിങ് ഒരു പോരായ്മായി കാണപ്പെട്ടു. അഭിനേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അവയൊന്നും ശ്രവ്യമാകാതെ വെറും ചുണ്ടനക്കം മാത്രമായി തോന്നുകയായിരുന്നു.

അഭിനയം ⭐️⭐️⭐️⭐️
അഭിനയ പ്രാധാന്യമുള്ള മുഹൂർത്തങ്ങൾ ഈ സിനിമയില്ലെങ്കിലും, ഓരോ കഥാപാത്രവും അവതരിപ്പിച്ച പ്രമുഖ നടന്മാരും പുതുമുഖങ്ങളും അവരവരുടെ റോളുകൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. ചെമ്പൻ വിനോദും ആന്റണി വർഗീസും സാബുമോൻ അബുസമദും(തരികിട സാബു) ജാഫർ ഇടുക്കിയും ശാന്തി ബാലകൃഷ്ണനും ജയശങ്കറും ഒഴികെ മറ്റെല്ലാം പുതുമുഖങ്ങളാണ് അഭിനയിച്ചത്. പുതുമുഖ നടീനടന്മാരെ അഭിനയിപ്പിക്കാനുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഴിവ് അങ്കമാലി ഡയറീസിലും ഈ.മ.യൗ വിലും പ്രേക്ഷകർ കണ്ടതാണ്. ഇത്രയേറെ ആളുകളെ സംഭാഷണങ്ങൾ തെറ്റാതെ അഭിനയിപ്പിച്ചെടുക്കുക എന്നത് പരിശ്രമം നിറഞ്ഞ കാര്യം തന്നെ. ചില രംഗങ്ങളുടെ ദൈർഘ്യം 3ഉം 4ഉം മിനിറ്റുകളാണ്. അവയിൽ പലതിലും ദൈർഘ്യമുള്ള സംഭാഷണങ്ങൾ ഉള്ളതുമാണ്.

വാൽക്കഷ്ണം: മലയാള സിനിമ പ്രേക്ഷകർ ഇന്നോളം കണ്ടിട്ടില്ലാത്ത അവതരണ മികവും ദൃശ്യഭംഗിയും നൽകി ജല്ലിക്കട്ട് ഒരുക്കിയതിനു ലിജോ ജോസ് പെല്ലിശ്ശേരിക്കും ഗിരീഷ് ഗംഗാധരനും ബിഗ് സലൂട്ട്!

സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
കഥ: എസ്. ഹരീഷ്
തിരക്കഥ: എസ്. ഹരീഷ്, ആർ. ജയകുമാർ
നിർമ്മാണം: തോമസ് പണിക്കർ, ലിജോ ജോസ്, ചെമ്പൻ വിനോദ്
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ
ചിത്രസന്നിവേശം: ദീപു ജോസഫ്
പശ്ചാത്തല സംഗീതം: പ്രശാന്ത് പിള്ള
കലാസംവിധാനം: ഗോകുൽ ദാസ്
വസ്ത്രാലങ്കാരം: മാഷർ ഹംസ
ചമയം: റോണക്സ് സേവ്യർ
ശബ്ദ സംവിധാനം: രംഗനാഥ് രവീ
ശബ്ദ മിശ്രണം: കണ്ണൻ ഗണപത്
സംഘട്ടനം: സുപ്രീം സുന്ദർ
വിതരണം: ഫ്രൈഡേ ഫിലിം ഹൌസ്.

കെയർഫുൾ – ⭐⭐


അത്ര ബ്യുട്ടിഫുള്ളല്ല കെയർഫുൾ! – ⭐⭐

കാലികപ്രസക്തിയുള്ളൊരു പ്രമേയത്തിൽ നിന്ന് യു-ടേണെടുത്തു കെയർലെസ്സായി
അവതരിപ്പിച്ച സിനിമയാണ് കെയർഫുൾ.

റോഡപകടങ്ങൾ മൂലം നിത്യേന എത്രയോ ജീവനുകൾ പൊലിഞ്ഞുപോകുന്നു. മദ്യപ്പിച്ചു അമിത വേഗതത്തിൽ അശ്രദ്ധയോടെ വാഹനമോടിക്കുക, പാലത്തിനു മുകളിൽ ഓവർടേക്കിങ് നടത്തുക, ഗതാഗത നിയമങ്ങൾ പാലിക്കാതിരിക്കുക, അനുവദിക്കാത്ത സ്ഥലങ്ങളിൽ യു-ടേണെടുക്കുക തുടങ്ങിയവയാണ് അപകടമുണ്ടാക്കുന്ന പ്രധാന കാരണങ്ങൾ. ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് അസ്തമിക്കുന്നത്. ഈ ഓർമ്മപ്പെടുത്തലാണ് വി.കെ.പി. ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് നൽകുവാൻ ശ്രമിച്ചത്.

കന്നഡ സിനിമ യു-ടേൺ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ലഭിച്ച സിനിമകളിൽ ഒന്നാണ്. യു-ടേണിന്റെ ഔദ്യോഗിക റീമേക്കാണ് വി.കെ.പ്രകാശിന്റെ കെയർഫുൾ. രാജേഷ് ജയരാമനാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. വൈഡ് ആങ്കിൾ ക്രിയേഷൻസിനു വേണ്ടി മോഹൻലാലിന്റെ ഭാര്യ സഹോദരനും പ്രശസ്ത നിർമ്മാതാവുമായ സുരേഷ് ബാലാജിയും, ജോർജ്ജ് പയസും ചേർന്നാണ് കെയർഫുൾ നിർമ്മിച്ചത്.

പ്രമേയം: ⭐⭐
എറണാകുളത്തെ തിരക്കേറിയ ഒരു റോഡിലെ അനുവദനീയമല്ലാത്ത ഒരിടത്തു ഇരുചക്ര വാഹനങ്ങൾ യു-ടേൺ എടുത്തു അശ്രദ്ധയോടെ എതിർവശത്തേക്കു കടക്കുന്നു. അതിലെ ഒരു വാഹനം അപകടത്തിൽ പെടുന്നു. തുടർന്ന്, ആ സ്ഥലത്തു യു-ടേൺ എടുത്തവരെല്ലാം ഓരോ രീതിയിൽ കൊല്ലപ്പെടുന്നു. എങ്ങനെയാണ് ഓരോരുത്തരം കൊല്ലപ്പെടുന്നത്? ആരാണ് അതിനുത്തരവാദി? എന്നതാണ് ഈ സിനിമയുടെ കഥ. ഗൗരവമുള്ളതും ചർച്ചാ വിഷയമാക്കേണ്ടതുമായ ഒരു പ്രമേയമാണ് കെയർഫുൾ എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. അപകടങ്ങൾ പറ്റാതെ വാഹനമോടിക്കണമെങ്കിൽ നിയമലംഘനം ചെയ്യാതിരിക്കുക എന്ന സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഒരുപരിധിവരെ കഥാകൃത്തിനായി എന്നതിൽ കന്നഡ സംവിധായകൻ പവൻകുമാറിന് സന്തോഷിക്കാം. പ്രമേയത്തിൽ നിന്ന് കഥ രൂപപെടുത്തിയെടുത്തപ്പോൾ വിശ്വസനീയത നഷ്ടമായോ എന്നൊരു സംശയമില്ലാതെയില്ല. ഈയൊരു പ്രമേയം സിനിമയാക്കുമ്പോൾ ഇതിലും യുക്തിയുള്ളതും പ്രയോഗികമായതുമായ ഒരു കഥയിലൂടെ അവതരിപ്പിക്കാമായിരുന്നു എന്ന് ചിന്തച്ചവരാണ് ഭൂരിഭാഗം പ്രേക്ഷകരും.

തിരക്കഥ: ⭐⭐
നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച രാജേഷ് ജയരാമനാണ് കെയർഫുള്ളിന്റെ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിയത്. ഓരോ നിയമലംഘന യു-ടേണിനു ശേഷവും മരണങ്ങൾ സംഭവിക്കുന്നു എന്നത് ഉദ്യോഗജനകമായ രംഗങ്ങളിലൂടെ പറഞ്ഞുപോകുവാൻ രാജേഷ് ജയരാമൻ ശ്രമിച്ചിട്ടുണ്ട്. പോലീസിന്റെ അന്വേഷണ രീതിയും മാധ്യമ പ്രവർത്തകയായ ഈ സിനിമയിലെ നായികയെ ചോദ്യം ചെയ്യുന്ന രംഗങ്ങളും സംഭാഷണങ്ങളും കൃത്രിമത്വം നിറഞ്ഞതും യുക്തിക്കു നിരക്കാത്തതുമായി അനുഭവപെട്ടു. സസ്പെൻസ് നിലനിർത്തിയ രീതി ഊഹിക്കാനാവാത്ത രീതിയിലായിരുന്നുവെങ്കിലും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ
കാരണങ്ങളൊക്കെ പ്രേക്ഷകർ വിശ്വസിക്കുമോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അവിശ്വസനീയ കാരണങ്ങളാണെങ്കിലും അതിലൂടെ അർത്ഥവത്തായൊരു സന്ദേശം സമൂഹത്തിനു നൽകുവാൻ സാധിച്ചു.

സംവിധാനം: ⭐⭐
ഒന്നിനൊന്നു വ്യത്യസ്ത സിനിമകൾ സംവിധാനം ചെയ്തൊരാളാണ് വി.കെ.പ്രകാശ്. ഓരോ സിനിമയും പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ ഗൗരവം ചോർന്നു പോകാതെ ആ വിഷയം അവതരിപ്പിക്കുക എന്നത് പ്രയാസമുള്ള ഒരു കാര്യമാണ്. ആസ്വാദനത്തിനുള്ള ചേരുവകൾ ചേർക്കുമ്പോൾ കഥയുടെ ഗൗരവം നഷ്ടപ്പെടുക എന്നത് സംവിധായകന്റെ പരാജയമാണ്. ത്രസിപ്പിക്കുന്ന രംഗങ്ങൾക്ക് വേണ്ടി ഒച്ചയും ബഹളവും എന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തല സംഗീതം നൽകുക, കഥാപാത്രങ്ങൾക്ക് അനിയോജ്യരല്ലാത്തവരെ അഭിനയിപ്പിക്കുക എന്നീ മേഖലകളിലും വി.കെ.പി. എന്ന സംവിധായകൻ അശ്രദ്ധ കാണിച്ചിരിക്കുന്നു. തെറ്റ് സ്വയം മനസിലാക്കി കുറ്റബോധം തോന്നുന്ന കഥാവസാനമുള്ള രംഗങ്ങളും പുനരധിവാസം സിനിമയിലെ പാട്ടും പ്രേക്ഷകരെ സ്വാധീനിച്ചു എന്നതിൽ തർക്കമില്ല. റോക്‌സ്‌റ്റാർ, മരുഭൂമിയിലെ ആന എന്നീ രണ്ടു മോശം സിനിമകൾക്കും ശേഷം തരക്കേടില്ലാത്തൊരു തിരിച്ചുവരവാണ് വി.കെ.പ്രകാശ് നടത്തിയിരിക്കുന്നത്.

സാങ്കേതികം: ⭐⭐
ധനേഷ് രവീന്ദ്രനാഥിന്റെ ഛായാഗ്രഹണം യാതൊരു പുതുമയും സിനിമയ്ക്ക് നൽകുന്നില്ല. ഈ സിനിമയുടെ പ്രമേയം നൽകുന്ന ഭീതി റോഡപകടങ്ങൾ ചിത്രീകരിച്ചപ്പോൾ ലഭിച്ചില്ല എന്നത് ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ട്. തിരക്കേറിയ റോഡിലെ രംഗങ്ങൾ ഡോക്യൂമെന്ററി ചിത്രീകരണം പോലെയും മറ്റുള്ള രംഗങ്ങളുടെ ചിത്രീകരണത്തിൽ നിന്നും വേറിട്ട നിന്നതുപോലെയും അനുഭവപെട്ടു. ബാബു രത്നമാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. അനാവശ്യ കഥാപാത്രങ്ങളോ കഥാസന്ദർഭങ്ങളോ സിനിമയിലില്ല എന്നത് ബാബു രത്നത്തിന്റെ സന്നിവേശ മികവുകൊണ്ട് മാത്രമാണ്. എന്നാൽ, നായിക കിടന്നുറങ്ങുന്നത് പലയാവർത്തി കാണിക്കുന്നതിന്റെ ഔചിത്യമെന്തെന്നു മാത്രം മനസിലായില്ല. അരവിന്ദ് ശങ്കറാണ് പാട്ടുകളുടെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. പാട്ടുകൾ തരക്കേടില്ലാതെ തോന്നിയപ്പോൾ, പശ്ചാത്തല സംഗീതം അരോചകമായി തോന്നി. പൂജ രമേശിന്റെ കലാസംവിധാനം മികവ് പുലർത്തി.

അഭിനയം: ⭐⭐⭐
വിജയ് ബാബു, സന്ധ്യ രാജു, വിനീത് കുമാർ, സൈജു കുറുപ്പ്, ജോമോൾ, പാർവതി നമ്പ്യാർ, അജു വർഗീസ്, അശോകൻ, ശ്രീജിത്ത് രവി, മുകുന്ദൻ, പ്രേം പ്രകാശ്, കൃഷ്ണകുമാർ, ഭദ്ര മേനോൻ, ശ്രീജയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. സൈജു കുറുപ്പും വിജയ് ബാബുവും അവരവർക്കു ലഭിച്ച വേഷങ്ങൾ മികവോടെ അവതരിപ്പിച്ചു. നല്ല അഭിനേതാവിലേക്കുള്ള സൈജു കുറുപ്പിന്റെ വളർച്ച പ്രകടമായ കഥാപാത്രവും അഭിനയവുമായിരുന്നു ഈ സിനിമയിലേത്. വിജയ് ബാബുവിന്റെ പോലീസ് കഥാപാത്രവും നൂറു ശതമാനം വിശ്വസനീയതയോടെ അദ്ദേഹം അവതരിപ്പിച്ചു. പുതുമുഖ നടിയായ സന്ധ്യ രാജുവിനു മലയാള സിനിമയിൽ ലഭിച്ച മികച്ച തുടക്കമാണ് ഈ സിനിമയിലെ നായികാ കഥാപാത്രം. മലയാള ഉച്ഛരണത്തിൽ പോലും ശ്രദ്ധകാണിക്കുവാൻ കന്നഡ നടിയായ സന്ധ്യക്ക്‌ സാധിച്ചു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തിയ ജോമോൾ ഈ സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് അവതരിപ്പിച്ചത്. അശോകനും ശ്രീജിത് രവിയും അജു വർഗീസും പ്രേം പ്രകാശും അവരവരുടെ രംഗങ്ങളിൽ തിളങ്ങി. പാർവതി നമ്പ്യാർ വീണ്ടും അഭിനയ ശേഷിയില്ല എന്ന് തെളിയിച്ചു.

വാൽക്കഷ്ണം: കുടുംബത്തെ കെയർഫുള്ളായി സംരക്ഷിക്കണമെന്ന സന്ദേശം നൽകുന്ന തരക്കേടില്ലാത്ത സിനിമയാണ് വി.കെ.പി.യുടെ യു-ടേൺ.

സംവിധാനം: വി.കെ.പ്രകാശ്
നിർമ്മാണം: സുരേഷ് ബാലാജി, ജോർജ്ജ് പയസ്
ബാനർ: വൈഡ് ആങ്കിൾ ക്രിയേഷൻസ്
തിരക്കഥ, സംഭാഷണം: രാജേഷ് ജയരാമൻ
ഛായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്
ചിത്രസന്നിവേശം: ബാബു രത്നം
സംഗീതം: അരവിന്ദ് ശങ്കർ
ഗാനരചന: രാജീവ് നായർ
കലാസംവിധാനം: പൂജ രമേഷ്
ചമയം: ഷാജി പുൽപ്പള്ളി
വസ്ത്രാലങ്കാരം: ലിജി പ്രേമൻ
വിതരണം: മാക്സ്‌ലാബ് റിലീസ്.

അച്ഛായൻസ് – ⭐


അറുബോറൻ അച്ഛായന്മാർ – ⭐

അറുബോറൻ കാഴ്ച്ചകളിലൂടെ വികസിക്കുന്നതും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതുമായ സിനിമയാണ് അച്ഛായൻസ്. അവർത്തനവിരസമാണെങ്കിലും ഒരു മസാല സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം കൃത്യമായി ചേർക്കപ്പെട്ട തിരക്കഥയുടെ മുഷിപ്പിക്കുന്ന അവതരണമാണ് സംവിധായകൻ കണ്ണൻ താമരക്കുളം സ്വീകരിച്ചത്. ജയറാമിന്റെ സീനിയേഴ്സ് എന്ന സിനിമയുടെ ചുവടുപിടിച്ചു മുൻപോട്ടു നീങ്ങുന്ന കഥാഗതിയാണ് അച്ഛായൻസിലും കാണാൻ കഴിയുന്നത്. സേതുവാണ്‌ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്.

ഡി.എൻ.വി.പി. ക്രിയേഷൻസിനു വേണ്ടി സി.കെ.പത്മകുമാർ നിർമ്മിച്ച അച്ഛായൻസ് വിതരണം ചെയ്തിരിക്കുന്നത് രജപുത്ര ഫിലിംസാണ്. പ്രദീപ് നായർ ഛായാഗ്രഹണവും, രജിത് കെ.ആർ. സന്നിവേശവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും, അൻപ് അറിവ് സംഘട്ടനങ്ങളും, സഹസ് ബാല കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
ജീവിതം ആഘോഷമാക്കി നടക്കുന്ന മൂന്ന് സഹോദരങ്ങളും അവരുടെ സുഹൃത്തും ഒരു പ്രത്യേക സാഹചര്യത്തിൽ ദൂരയാത്ര പോകുന്നു. ആ യാത്രക്കിടയിൽ അച്ഛായൻസ് സംഘം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. സേതു എഴുതിയ ഈ സിനിമയുടെ കഥയിൽ തമാശകൾ, സസ്പെൻസ്, ട്വിസ്റ്റ്, യാത്ര തുടങ്ങിയ ചേരുവകളെല്ലാം കൃത്യമായി ചേർത്തിട്ടുണ്ട്. സീനിയേഴ്‌സിന്റെ കഥാഗതി അതേപടി സ്വീകരിച്ചു അവസാന നിമിഷംവരെ സസ്പെൻസ് നിലനിർത്തിയ കഥയാണ് അച്ഛായൻസിന്റേതും. സസ്പെൻസിനു വേണ്ടി എഴുതിയുണ്ടാക്കിയ സസ്പെൻസും കഥയിലെ പ്രവചിക്കാനാവുന്ന വഴിത്തിരുവകളും കുട്ടികൾക്ക് വരെ ഊഹിക്കാവുന്നതാണ്.

തിരക്കഥ: ⭐
പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളും ദ്വയാർത്ഥ പ്രയോഗമുള്ള സംഭാഷണങ്ങളും ഊഹിക്കാനാവുന്ന സസ്‌പെൻസും മലമുകളിലേക്കുള്ള യാത്രകളും ചിരിവരാത്ത വളിപ്പുകളും കൃത്യമായി തുന്നിച്ചേർത്ത തിരക്കഥയാണ് ഈ സിനിമയുടേത്‌. ഇന്നത്തെ കാലഘട്ടത്തിലെ തട്ടുപൊളിപ്പൻ സിനിമകളിൽ അഭിവാജ്യഘടകമായിരിക്കുന്ന ഒന്നാണ് വെള്ളമടി രംഗങ്ങൾ. അത് ആവശ്യത്തിനും അനാവശ്യത്തിനും കഥാസന്ദർഭങ്ങളിൽ വന്നുപോകുന്നുണ്ട്. ആഘോഷങ്ങൾക്ക് വേണ്ടിയുള്ള അസഭ്യ തമാശകളും, വെള്ളമടിയും, പാട്ടുകളും, ഡാൻസുകളും, യാത്രകളും അങ്ങനെ ഒരു അന്തവും കുന്തവുമില്ലാതെ പോകുന്ന ആദ്യപകുതി. പ്രശ്നങ്ങൾക്ക് നടുവിൽ ചെന്നെത്തുന്ന നാൽവർ സംഘവും അവരെ ചുറ്റിപറ്റി നടക്കുന്ന കുറെ പ്രശ്നങ്ങളും, നിജസ്ഥിതി അറിയുവാനായി നെട്ടോട്ടമോടുന്ന പോലീസും നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന അച്ഛായൻസും. ഒടുവിൽ സത്യം തെളിയിക്കുകയും കുറ്റവാളിയെ കണ്ടെത്തുന്ന രംഗങ്ങളുള്ള രണ്ടാംപകുതിയും. സീനിയേഴ്സ് സിനിമയുടെ തിരക്കഥ മറ്റൊരു രീതിയിലാക്കി നിർമ്മതിവിനെയും അഭിനേതാക്കളെയും പറ്റിക്കാം. പക്ഷെ, പ്രേക്ഷകരെ മണ്ടന്മാരാക്കാൻ സാധിക്കുകയില്ല എന്ന് സേതു മനസിലാക്കിയാൽ നന്ന്!

സംവിധാനം: ⭐
തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ സിനിമകൾക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം നിർവഹിച്ച അച്ഛായൻസ് സംവിധായകന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമാണ്. എല്ലാത്തരം സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ അത് പൂർണ പരാജയമായി. കണ്ടുമടുത്ത പഴഞ്ചൻ അവതരണ ശൈലിയാണ് സിനിമയിലുടനീളം കാണാൻ കഴിഞ്ഞത്. അതിനു മാറ്റുക്കൂട്ടുവാൻ രജിത്തിന്റെ സന്നിവേശവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന് പിഴവുപറ്റി. പ്രകാശ് രാജിനെ പോലെ കഴിവുള്ള ഒരു നടനെ ലഭിച്ചിട്ടും അത് പൂർണമായി ഉപയോഗപ്പെടുത്തുവാൻ കണ്ണൻ താമരക്കുളത്തിനു സാധിച്ചില്ല. സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയും സസ്പെൻസിനു വേണ്ടി കണ്ടെത്തിയ വിഷയവും യാതൊരു പുതുമയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നില്ല. കളർഫുൾ പോസ്റ്ററുകൾ ഒരു വിപണനതന്ത്രം മാത്രമായിരുന്നു എന്ന് പ്രേക്ഷകർ തിരിച്ചറിയുന്ന ഒരു കാലം വിദൂരമല്ല. ഇനിയുള്ള ഒരുമാസക്കാലം വമ്പൻ സിനിമകളൊന്നും പ്രദർശനത്തിന് വരുന്നില്ല എന്നത് ഈ സിനിമയ്ക്ക് ഗുണകരമാകാൻ സാധ്യതയുണ്ട് എന്ന് കരുതി ജയറാമിനും കണ്ണൻ താമരക്കുളത്തിനും സി.കെ.പത്മകുമാറിനും രജപുത്ര രഞ്ജിത്തിനും ആശ്വസിക്കാം.

സാങ്കേതികം: ⭐⭐
കളർഫുൾ വിഷ്വൽസിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പ്രദീപ് നായരുടെ ഛായാഗ്രഹണത്തിനു സാധിച്ചു. പാട്ടുകളുടെ ചിത്രീകരണമായാലും മൂന്നാറിലെ ദുരൂഹത നിറഞ്ഞ രംഗങ്ങളായാലും സംവിധായകന്റെ മനസ്സറിഞ്ഞു രംഗങ്ങൾ ചിത്രീകരിക്കുവാൻ പ്രദീപിന് സാധിച്ചു. രതീഷ് വേഗ ഈണമിട്ട അഞ്ചു പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനമൊഴികെ മറ്റൊന്നും നിലവാരം പുലർത്തിയില്ല. കൈതപ്രം, അനിൽ പനച്ചൂരാൻ, ഹരിനാരായണൻ എന്നിവരാണ് ഗാനരചന. സഹസ് ബാലയുടെ കലാസംവിധാനം കഥയോട് ചേർന്നുപോകുന്നവയായിരുന്നു. ഈ സിനിമയുടെ സന്നിവേശം തലവേദന മാത്രം സൃഷ്ടിച്ച ഒന്നായിരുന്നു. രജിത് കെ.ആർ. എന്ന പുതുമുഖമാണ് സന്നിവേശം നിർവഹിച്ചത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സമ്പൂർണ നിരാശയാണ് സമ്മാനിച്ചത്. തെലുങ്ക് സിനിമകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു പശ്ചാത്തല സംഗീതം. അൻപ് അറിവിന്റെ സംഘട്ടന രംഗങ്ങളും അന്യഭാഷാ സിനിമകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

അഭിനയം ⭐⭐⭐
ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, അമല പോൾ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം, അനു സിത്താര, ശിവദാ നായർ, സിദ്ദിഖ്, രമേശ് പിഷാരടി, പി.സി.ജോർജ്ജ്, ധർമ്മജൻ, സാജു നവോദയ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, ജയൻ ചേർത്തല, സോഹൻ സീനുലാൽ, കുമരകം രഘുനാഥ്, വിജയകൃഷ്ണൻ, കവിയൂർ പൊന്നമ്മ, പൊന്നമ്മ ബാബു, മായാ വിശ്വനാഥ്, തെസ്നി ഖാൻ, സുജ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. കാർത്തിക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം തനതായ അഭിനയ ശൈലികൊണ്ട് വ്യത്യസ്തമാക്കാൻ പ്രകാശ് രാജിന് സാധിച്ചു. ഈ സിനിമയിൽ ഒരല്പം ആശ്വാസമായതും പ്രകാശ് രാജിന്റെ സാന്നിധ്യം മാത്രമാണ്. റോയ് എന്ന കഥാപാത്രത്തെ ജയറാം സ്ഥിരം മാനറിസങ്ങൾ ഉപയോഗിച്ച് അവതരിപ്പിച്ചു. ചെറിയ വേഷമാണെങ്കിലും സിദ്ദിക്കും തന്റെ റോളിൽ തിളങ്ങി. അമല പോളിന് സമീപകാലത്തു ലഭിച്ച മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഈ സിനിമയിലേത്. തനിക്കാവുന്ന വിധം മോശമാക്കാതെ അമല ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ടോണി എന്ന മുഴുകുടിയന്റെ കഥാപാത്രം പോലും നന്നേ കഷ്ടപ്പെട്ട് അഭിനയിച്ചത് പോലെ തോന്നി. ആദിൽ ഇബ്രാഹിമും സഞ്ജു ശിവറാമും നിരാശപ്പെടുത്തിയില്ല. മാലിനിയായി രാമന്റെ ഏദൻതോട്ടത്തിൽ അഭിനയിച്ചത് അനു സിത്താരയായിരുന്നോ എന്ന് തോന്നിപ്പിക്കുന്ന അഭിനയമാണ് ഈ സിനിമയിൽ കണ്ടത്. മറ്റെല്ലാ നടീനടന്മാരും ഒട്ടും താല്പര്യമില്ലാത്ത രീതിയിലാണ് അഭിനയം കാഴ്ചവെച്ചത് എന്ന് തോന്നി.

വാൽക്കഷ്ണം: കേട്ടറിവിനേക്കാൾ വലുതാണ് അച്ഛായൻസ് എന്ന ദുരന്തം!

സംവിധാനം: കണ്ണൻ താമരക്കുളം
നിർമ്മാണം: സി.കെ.പത്മകുമാർ
ബാനർ: ഡി.എൻ.വി.പി. ക്രിയേഷൻസ്
രചന: സേതു
ഛായാഗ്രഹണം: പ്രദീപ് നായർ
ചിത്രസന്നിവേശം: രജിത് കെ.ആർ.
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
സംഗീതം: രതീഷ് വേഗ
ഗാനരചന: കൈതപ്രം, അനിൽ പനച്ചൂരാൻ, ഹരിനാരായണൻ
കലാസംവിധാനം: സഹസ് ബാല
വസ്ത്രാലങ്കാരം: അരുൺ മനോഹർ
ചമയം: സജി കാട്ടാക്കട
സംഘട്ടനം: അൻപ് അറിവ്
ശബ്ദസംവിധാനം: ജിജുമോൻ ടി. ബ്രൂസ്
വിതരണം: രജപുത്ര റിലീസ്.

ലക്ഷ്യം – ⭐


അലക്ഷ്യം അവിശ്വസനീയം! – ⭐

രണ്ടു വ്യക്തികൾ രണ്ടു ലക്ഷ്യങ്ങൾ. ഒരാൾക്ക്‌ തന്റെ നിരപരാധിത്വം തെളിയിക്കണമെന്ന ലക്ഷ്യവും മറ്റൊരാൾക്ക് വിലപിടിപ്പുള്ള ഒരു മോഷണ വസ്തു സ്വന്തമാക്കണമെന്ന ലക്ഷ്യവും. ജീത്തു ജോസഫ് എഴുതിയ കഥാസന്ദർഭങ്ങൾ ആകാംഷ ജനിപ്പിക്കുന്നതായിരുന്നുവെങ്കിലും, കഥാഗതി അവിശ്വസനീയമായിരുന്നു. അത്തരത്തിലുള്ള ഒരു കഥയുടെ അലക്ഷ്യമായ അവതരണമാണ് അൻസാർ ഖാൻ സ്വീകരിച്ചത്.

ജീത്തു ജോസഫും, ടെജി മണലേലിലും, ജോയ് തോമസ് ശക്തികുളങ്ങരയും ചേർന്നാണ് ലക്ഷ്യം നിർമ്മിച്ചത്. നവാഗതനായ അൻസാർ ഖാന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് ജീത്തു ജോസഫാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും, അയൂബ് ഖാൻ സന്നിവേശവും, അനിൽ ജോൺസൺ പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
കൊലപാതകകുറ്റത്തിന് ശിക്ഷ ലഭിച്ച വിമലും മോഷണക്കുറ്റത്തിന് ജയിലടച്ച മുസ്തഫയും പോലീസ് ജീപ്പിൽ സഞ്ചരിച്ചുകൊണ്ടിരിക്കവേ ഒരുപകടം സംഭവിക്കുകയും, ആ ജീപ്പ് കാടിനുള്ളിലെ കൊക്കയിലേക്ക് വീഴുകയും ചെയ്യുന്നു. ഇരുവരെയും ബന്ധിപ്പിക്കുന്ന വിലങ്ങു കൈകളിൽ ഉള്ളതിനാൽ പരസ്പര സഹായത്തോടെ മാത്രമേ ഇരുവർക്കും രക്ഷപെടാൻ സാധിക്കുകയുള്ളു. കൈകളിലുള്ള വിലങ്ങല്ലാത്ത ഇരുവരെയും ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ആ ഘടകമാണ് ഈ സിനിമയുടെ സസ്പെൻസ്. അൻസാർ ഖാന്റേതാണ് കഥ.

തിരക്കഥ: ⭐
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വാണിജ്യവിജയം നേടിയ സിനിമയാണ് ദൃശ്യം. സിനിമ പ്രേമികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ സിനിമയാണ് മെമ്മറീസ്. വേറിട്ട സസ്പെൻസിലൂടെ അവതരിപ്പിച്ച ഒന്നായിരുന്നു ഡിറ്റെക്റ്റിവ്. മേല്പറഞ്ഞ മൂന്ന് സിനിമകളും പ്രേക്ഷകർ സ്വീകരിച്ചരിച്ചതിനു കാരണം ജീത്തു ജോസഫിന്റെ രചനാപാടവം ഒന്നുകൊണ്ടു മാത്രമാണ്. വിശ്വസനീയമായ കഥാഗതിയും സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയുമാണ് മൂന്ന് സിനിമകളുടെയും പ്രത്യേകത. ലക്ഷ്യം എന്ന സിനിമയുടെ തിരക്കഥയിലെ വഴിത്തിരുവുകളിൽ പലതും യുക്തിക്ക് നിരക്കാത്തതായിരുന്നു. ഇന്ദ്രജിത്ത് അവതരിപ്പിച്ച വിമൽ എന്നയാളെ കൊലപാതകിയാണെന്നു കരുതുവാനുള്ള സാഹചര്യ തെളിവുകൾ ഉണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും, അവയൊന്നും കഴമ്പുള്ളതായിരുന്നില്ല. കാമുകിയുടെ കൂട്ടുകാരികൾക്കു മുഴുവനറിയാവുന്ന ഒന്നായിരുന്നു വിമലിന്റെയും ശാലിനിയുടെയും പ്രണയം. ആ അവസരത്തിൽ ശാലിനിയെ വകവരുത്താൻ വിമൽ ശ്രമിക്കുമെന്ന് ഏവരും കരുതും എന്ന സാഹചര്യം അവിശ്വസനീയമായിരുന്നു. അതുപോലെ, കൊലയാളിയാരാണെന്നു പലതവണ സംശയം തോന്നിപ്പിക്കുന്ന സന്ദർഭങ്ങളിലൂടെ വിമൽ കണ്ടന്നുപോകുന്നുണ്ടെങ്കിലും അവയൊന്നും മനസിലാകാത്ത അത്രയും മന്ദബുദ്ധിയല്ല വിമൽ എന്ന കഥാപാത്രം. മേല്പറഞ്ഞവയാണ് യുക്തിയെ ചോദ്യം ചെയ്യുന്ന ഒന്ന് രണ്ടു കഥാസന്ദർഭങ്ങൾ. സിനിമയുടെ ആദ്യാവസാനം സംഭാഷണങ്ങളിൽ കൃത്രിമത്വം നിറഞ്ഞിരുന്നു. കാമുകിയെ കൊന്നയാളെ കണ്ടുപിടിക്കാൻ സഹായിക്കാൻ സമ്മതിക്കുന്ന മുസ്തഫയോട് വിമൽ വിലപേശുന്ന സംഭാഷണങ്ങൾ തന്നെ ഉദാഹരണം. സിനിമയുടെ ആദ്യപകുതിയുടെ അവസാനമുള്ള സസ്പെൻസും, ക്‌ളൈമാക്‌സിനോട് ചേർന്നുള്ള രണ്ടാമത്തെ സസ്‌പെൻസും നിലനിർത്തിയിരുന്ന രീതി മാത്രമാണ് ഏക ആശ്വാസം. ജീത്തുവിന്റെ ഭാവനയിൽ ഉടലെടുക്കുന്ന മറ്റൊരു ദൃശ്യത്തിനായി കാത്തിരിക്കാം.

സംവിധാനം: ⭐⭐
ജീത്തു ജോസഫിന്റെ സഹായിയിരുന്ന അൻസാർ ഖാന്റെ സംവിധാന രീതിയാണ് ഒരുപരിധിവരെ ലക്ഷ്യം എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. സസ്പെൻസ് നിലനിർത്തിയ രീതി പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. ഊഴം എന്ന സിനിമയിലേത് പോലെ നോൺ ലീനിയർ അവതരണമാണ് ഈ സിനിമയിലും. കാടിന്റെ ഭീകരത അവതരിപ്പിക്കാൻ ഗ്രാഫിക്സിന്റെ സഹായത്തോടെ ശ്രമിച്ചിരുന്നുവെങ്കിലും, ആ ശ്രമം പാഴായിപ്പോയി. കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്ന രംഗം അതിനുദാഹരണം. രണ്ടു മണിക്കൂറിൽ കൂടാതെയുള്ള കഥയുടെ അവതരണം പ്രേക്ഷകരിൽ ബോറടി സൃഷ്ടിച്ചില്ല. സംവിധായകന്റെ ആദ്യ സിനിമ എന്ന പരിചയക്കുറവ് സിനിമയിലുടനീളം കണ്ടിരുന്നു. എന്നിരുന്നാലും, സസ്പെൻസ് സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകരെ ത്രിപ്തിപെടുത്തുവാൻ അൻസാർ ഖാന്റെ ലക്ഷ്യത്തിനു സാധിച്ചു എന്ന് കരുതാം.

സാങ്കേതികം: ⭐⭐⭐
കഥയുടെ ഗൗരവം നഷ്ടമാകാതെ കാടിന്റെ വശ്യത മുഴുവൻ ഒപ്പിയെടുത്തുകൊണ്ടു മികച്ച കാഴ്ചകൾ ഒരുക്കിയ ഛായാഗ്രാഹകൻ സിനു സിദ്ധാർഥ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ടോണി മാക്മിത്ത് നിർവഹിച്ച ഗ്രാഫിക്സ് വേണ്ടത്ര വിശ്വസനീയത നൽകാതിരുന്നത് ഒരുപരിധിവരെ മറച്ചുപിടിക്കാൻ സിനു സിദ്ധാർത്ഥിന്റെ ചായഗ്രഹണത്തിനു കഴിഞ്ഞിട്ടുണ്ട്. അയൂബ് ഖാന്റെ സന്നിവേശം ആദ്യപകുതിയിലെ രംഗങ്ങളെ ത്രസിപ്പിക്കുന്ന രീതിയിലാക്കുവാൻ സഹായിച്ചിട്ടുണ്ട്. ഒരു ഹൃസ്വചിത്രത്തിനു മാത്രം സാധ്യതയുള്ള കഥയെ അധികം വലിച്ചുനീട്ടാതെ രണ്ടുമണിക്കൂറിനുള്ളിൽ അവതരിപ്പിച്ചത് ആസ്വാദനത്തിനു ഗുണകരമായി. മാഫിയ ശശിയും അൻപ് അറിവും ചേർന്ന് സംവിധാനം നിർവഹിച്ച സംഘട്ടന രംഗങ്ങൾ ശരാശരിയിലൊതുങ്ങി. സന്തോഷ് വർമ്മ എഴുതി എം.ജയചന്ദ്രൻ ഈണമിട്ട ഒരേയൊരു ഗാനം മാത്രമാണ് ഈ സിനിമയിലുള്ളത്. അനിൽ ജോൺസൺ നിർവഹിച്ച പശ്ചാത്തല സംഗീതം ശ്രദ്ധ നേടുന്നില്ല. ഹസ്സൻ വണ്ടൂരിന്റെ ചമയം കൃത്രിമത്വം നിറഞ്ഞതായിരുന്നു. ജീപ്പപകടം സംഭവിച്ചപ്പോൾ അതിലുണ്ടായിരുന്ന പോലീസുകാരുടെ മുഖത്തും ദേഹത്തും പരിക്കുകൾ സംഭവിച്ചതായി കണ്ടു. എന്നാൽ, ഇന്ദ്രജിത്തിനും ബിജു മേനോനും പരിക്കുകൾ നെറ്റിയിലും മുഖത്തും മാത്രമായി ഒതുങ്ങി. ലിന്റ ജീത്തുവിന്റെ വസ്ത്രാലങ്കാരം കഥാസന്ദർഭങ്ങൾക്കു അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐
വിമൽ എന്ന കഥാപാത്രമായി ഇന്ദ്രജിത്തും മുസ്തഫയായി ബിജു മേനോനും തരക്കേടില്ലാത്ത അഭിനയം കാഴ്ചവെച്ചു. പരുക്കൻ സ്വഭാവമുള്ള ഒരു വ്യക്തിത്വമാണ് വിമലിന്റേത്. സിനിമയിലുടനീളം ആ ഭാവം പ്രകടമാക്കുവാൻ ഇന്ദ്രജിത്തിന് സാധിച്ചു. ആദ്യപകുതിയിൽ ഹാസ്യവും രണ്ടാംപകുതിയിൽ ഗൗരവും ഒരുപോലെ അവതരിപ്പിച്ചു കയ്യടിനേടി മലയാളികളുടെ പ്രിയപ്പെട്ട നായകൻ ബിജു മേനോൻ. ബിജു മേനോന്റെ സംഭാഷണ ശൈലിയാണ് പ്രേക്ഷകരെ ഏറെ രസിപ്പിച്ചത്. ജീപ്പ് മറഞ്ഞു പരുക്കേറ്റവരുടെ കൈകാലുകൾക്ക് പരിക്കൊന്നും സംഭവിച്ചില്ല എന്നത് സംവിധായകൻ പറഞ്ഞുകൊടുത്താൽ മാത്രം ഓർക്കേണ്ട പരിചയസമ്പത്താണോ ഇന്ദ്രജിത്തിനും ബിജു മേനോനും ഉള്ളത് എന്ന സംശയം പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ടെങ്കിൽ അവരെ തെറ്റുപറയാനാകില്ല. അഭിനയ സാദ്ധ്യതകൾ ഏറെയുള്ള കഥാപാത്രമായിരുന്നു ശിവദയുടേത്. സുധി വാല്മീകത്തിൽ കണ്ട ഊർജ്ജമൊന്നും ശിവദയുടെ അഭിനയത്തിൽ കണ്ടില്ല. ഇവരെ കൂടാതെ കിഷോർ സത്യ, ഷമ്മി തിലകൻ, സുധി കോപ്പ, മഹേഷ്, ടോഷ് ക്രിസ്റ്റി എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: യുക്തിയില്ലാത്ത കഥ, ത്രസിപ്പിക്കാത്ത രംഗങ്ങൾ, അവിശ്വസനീയ കഥാഗതി, ലക്ഷ്യത്തിലെത്താത്തൊരു സിനിമ!

കഥ, സംവിധാനം: അൻസാർ ഖാൻ
തിരക്കഥ, സംഭാഷണം: ജീത്തു ജോസഫ്
നിർമ്മാണം: ജോയ് തോമസ്, ടെജി മണലേൽ, ജീത്തു ജോസഫ്
ഛായാഗ്രഹണം: സിനു സിദ്ധാർഥ്
ചിത്രസന്നിവേശം: അയൂബ് ഖാൻ
സംഗീതം: എം.ജയചന്ദ്രൻ
പശ്ചാത്തല സംഗീതം: അനിൽ ജോൺസൺ
ഗാനരചന: സന്തോഷ് വർമ്മ
കലാസംവിധാനം: എം.ബാവ
സംഘട്ടനം: മാഫിയ ശശി, അൻപ് അറിവ്
ചമയം: ഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
ഗ്രാഫിക്സ്: ടോണി മാക്മിത്ത്
വിതരണം: കാസ്, കലാസംഘം, റൈറ്റ് റിലീസ്.

സത്യ – ⭐


ചിന്തിച്ചില്ലാ…ശെരിക്കും ചിന്തിച്ചില്ലാ! – ⭐

സ്നേഹപ്രകാരമുള്ള മുന്നറിയിപ്പ്!

ഈ സിനിമ കാണാൻ പോകുന്നവർ നിർബന്ധമായും അങ്ങേയറ്റം ക്ഷമയുള്ള സുഹൃത്തുക്കളെ കൂടെ കൂട്ടുക!

ചിന്തിച്ചോ, നിങ്ങൾ ചിന്തിച്ചോ? എന്ന് ഈ സിനിമയിലെ പാട്ടിന്റെ വരികളിലൂടെ ഒരു സൂചന നൽകിയ ഗാനരചയ്താവ് ഹരിനാരായണന്റെ വാക്കുകൾ നിർമ്മാതാവ് ഫിറോസ് സഹീദ് ചെവിക്കൊണ്ടില്ല. ഷെഹ്‌നാസ് സിനിമയ്ക്ക് വേണ്ടി ഫിറോസാണ് സത്യ നിർമ്മിച്ചത്. പ്രതിഭ ഫിലിംസാണ് പ്രദർശനത്തിനെത്തിച്ചത്.

അന്തരിച്ച സംവിധായകൻ ദീപന്റെ ഓർമ്മകൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സത്യ തുടങ്ങുന്നത്. ലീഡർ എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ഷാജി കൈലാസ് ശിഷ്യനാണ് ദീപൻ. തുടർന്ന്, പുതിയ മുഖം, ഹീറോ, സിം, ഗ്യാങ്സ് ഓഫ് വടക്കുംനാഥൻ, ഡോൾഫിൻസ് എന്നീ സിനിമകളും സംവിധാനം നിർവഹിച്ചു. ദീപന്റെ അവസാന സിനിമയായ സത്യയുടെ രചന നിർവഹിച്ചത് എ.കെ.സാജനാണ്.

പ്രമേയം: ⭐
പ്രത്യേക ലക്ഷ്യങ്ങളുള്ള ചൂതുകളിക്കാരനാണ് സത്യ ക്രിസ്റ്റഫർ. സത്യ തന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ റോസി എന്ന അഭിസാരികയെ തേടിയിറങ്ങുന്നതാണ് ഈ സിനിമയുടെ കഥ. റോസിയെ തന്റെ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാൻ സത്യയ്ക്കാകുമോ? ലക്ഷ്യത്തിലെത്തുന്നതിനു വേണ്ടി സത്യ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ സത്യയ്ക്കു സാധിക്കുമോ? സങ്കീർണ്ണമായ ഈ കഥയെഴുതുന്നതിനിടയിൽ പ്രമേയമൊന്നും രൂപപെടുത്തിയെടുക്കുവാൻ എ.കെ.സാജൻ ശ്രമിച്ചില്ല എന്നത് ആശ്വാസകരം!

തിരക്കഥ: ⭐
ഉദ്യോഗജനകമായ കഥാസന്ദർഭങ്ങളും ആശ്ചര്യപ്പെടുത്തുന്ന കഥാഗതിയും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ക്‌ളൈമാക്‌സും കഷ്ടപ്പെട്ട് ചിന്തിച്ചു എഴുതിയ എ.കെ.സാജന് പ്രത്യേക പരാമർശം ട്രോളന്മാരുടെ ജ്യൂറി നൽകുവാൻ സാധ്യതയുണ്ട്! മൂത്രശങ്ക തോന്നുന്ന നായികയ്ക്ക് കാര്യം സാധിക്കുവാനായി ബിയർ ബോട്ടിൽ നൽകുക, ബൈക്ക് പൊട്ടിത്തെറിച്ചിട്ടും ഒരു പോറൽപോലും സംഭവിക്കാതെ വില്ലന്മാർ തിരികെയെത്തുക, നൂറു വില്ലന്മാരെ നായകൻ ഇടിച്ചുവീഴ്ത്തുക, കൃത്യമായ ഇടവേളകളിൽ കുത്തിനിറച്ച ഐറ്റെം ഡാൻസുകൾ തുടങ്ങിയവയാണ് ചില ഉദ്യോഗജനക കഥാസന്ദർഭങ്ങൾ. സിനിമ കാണുന്നവരുടെ ആകാംഷ കൂട്ടുവാനായി എഴുതിയ രംഗമാണ് പോലീസ് ഉദ്യോഗസ്ഥനായുള്ള സത്യയുടെ ചീട്ടുകളി. പത്തു മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യത്തിലെത്തേണ്ട സത്യയെ പോലീസ് ചീട്ടുകളിച്ചു ജയിക്കാൻ വെല്ലുവിളിക്കുന്നു. അവിടെ പാലുകാച്ചൽ ഇവിടെ താലികെട്ട് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു മേല്പറഞ്ഞ ആ രംഗം. ക്‌ളൈമാക്‌സിൽ പ്രധാന വില്ലനെ കൊല്ലാതെവിടുന്നത് ഈ സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണോ എന്ന ആശങ്കയും ഭീതിയും പ്രേക്ഷകരുടെ മുഖത്ത് പ്രകടമായിരുന്നു. കഥാവസാനം ലക്ഷ്യത്തിലെത്തുന്ന നായകന് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചു അയാൾ കോടീശ്വരനാകുന്നു. ആ വേദനിക്കുന്ന കോടീശ്വരൻ ഒരു പടുകൂറ്റൻ ചൂത്താട്ടകേന്ദ്രം തുടങ്ങുന്നിടത്തു കഥ അവസാനിക്കുന്നു.

സംവിധാനം: ⭐
ദീപന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്ത അവതരണ രീതിയാണ് സത്യയുടേത്. കഥാഗതിയിലുള്ള വഴിത്തിരിവുകളോ സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയോ ശ്രദ്ധിക്കാതെ, നായകനെ അതിബുദ്ധിമാനായും അതിമാനുഷികനായും അവതരിപ്പിക്കാൻ ശ്രമിച്ചതാണ് സിനിമയ്ക്ക് ദോഷകരമായത്. നായകനും നായികയും കാറിൽ സഞ്ചരിക്കുന്ന രംഗങ്ങളെല്ലാം ചിത്രീകരിച്ച രീതി കൃത്രിമത്വം നിറഞ്ഞതായിരുന്നു. കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത അഭിനേതാക്കളുടെ കാര്യം പറയേണ്ടതില്ല. അത്രയ്ക്കും പരിതാപകരമായിരുന്നു പലരുടെയും പ്രകടനം. കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം ഒരുവശവും കണ്ടുമടുത്ത പഴഞ്ചൻ അവതരണം മറുവശത്തും. സമ്പൂർണ്ണ നിരാശ സമ്മാനിക്കുന്ന സിനിമ എന്നതാണ് ഒറ്റവാചകത്തിൽ ഈ സിനിമയ്ക്ക് നൽക്കാനാവുന്ന വിശേഷണം.

സാങ്കേതികം: ⭐⭐
ട്രോളന്മാർ ആഘോഷമാക്കിയ ഭക്തരതി ഗാനങ്ങളായ ‘ചിലങ്കകൾ’,’ചിന്തിച്ചോ നീ’ എന്നിവ ചിട്ടപ്പെടുത്തിയത് ഗോപി സുന്ദറാണ്. ഹരിനാരായണനും ജിലു ജോസഫുമാണ് ഗാനരചന. ആലാപന മികവുകൊണ്ട് രണ്ടു പാട്ടുകളും കേൾക്കാൻ രസമുള്ളവയാണ് എന്നത് സത്യം. പക്ഷെ, അവ രണ്ടും ഐറ്റെം ഡാൻസിന് ചേരുന്നവയായിരുന്നില്ല. രൗദ്രം എന്ന സിനിമയുടെ പാശ്ചാത്തല സംഗീതം അതേപടി പകർത്തി ജയറാമിന്റെ മാസ്സ് കൂൾ രംഗത്തിനു നൽകിയിട്ടുണ്ട്. സംഘട്ടന രംഗങ്ങൾക്ക് ശബ്ദകോലാഹലങ്ങൾ വേറെയും. ഭരണി കെ. ധരനാണ് ഛായാഗ്രഹണം നിർവഹിച്ചത്. തീർത്തും നിരാശപ്പെടുത്തിയ ഒന്നാണ് ഈ സിനിമയിലെ രംഗങ്ങൾ. റോഡ് മൂവി എന്ന അവകാശവാദത്തോടെ വന്ന ഈ സിനിമയിലെ ഏറ്റവും കൃത്രിമത്വം നിറഞ്ഞതായിരുന്നു റോഡിലെ ഓരോ രംഗങ്ങളും. സംജിത് സന്നിവേശം നിർവഹിച്ച രീതി ഒരല്പം ആശ്വാസകരമായിരുന്നു. സിനിമ രണ്ടു മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചതിനു പ്രത്യേക നന്ദി! ആക്ഷൻ സിനിമകൾ ഇഷ്ടമാകുന്ന പ്രേക്ഷകർക്ക് ആസ്വദിക്കാനാവുന്ന സംഘട്ടനങ്ങളാണ് കനൽ കണ്ണൻ ഒരുക്കിയിരിക്കുന്നത്. കല മാസ്റ്ററാണ് നൃത്ത സംവിധാനം. ചിലങ്കകൾ എന്ന ഗാനത്തിന്റെ നൃത്ത സംവിധാനം മികവ് പുലർത്തി. എസ്. ബി. സതീഷാണ് വസ്ത്രാലങ്കാരം. ആക്ഷൻ സിനിമകൾക്ക് യോജിച്ച സെറ്റുകൾ ഒരുക്കുവാൻ ബോബന് സാധിച്ചു.

അഭിനയം: ⭐⭐
നിത്യഹരിത നായകൻ ജയറാമിന്റെ പ്രിയപ്പെട്ട നടനും സുഹൃത്തുമാണ് കമൽഹാസൻ. കമൽഹാസന്റെ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സത്യ എന്ന കഥാപാത്രം ജയറാം അവതരിപ്പിച്ചത്. സംഭാഷണങ്ങളുടെ ഉച്ചരാണം പോലും കമൽഹാസനെ പോലെയാക്കുവാൻ ജയറാം ശ്രമിച്ചിട്ടുണ്ട്. ഏറെ നാളായി ആക്ഷൻ സിനിമകളിൽ അഭിനയിക്കാതെയിരുന്ന ജയറാം തന്റെ കഴിവ് മുഴുവൻ ഉപയോഗപ്പെടുത്താതെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജയറാമിനെ കൂടാതെ റോമ, പാർവതി നമ്പ്യാർ, സാജു നവോദയ, രാഹുൽ ദേവ്, രോഹിണി, അനിൽ മുരളി, അജു വർഗീസ്, അബു സലിം, സോഹൻ സീനുലാൽ, മൻരാജ്, നളിനി എന്നിവരാണ് സത്യയിലെ പ്രധാന അഭിനേതാക്കൾ. മേല്പറഞ്ഞതിൽ ഒരാൾപോലും ആത്മാർത്ഥതയോടെ കഥാപാത്രത്തെ അവതരിപ്പിച്ചതായി തോന്നിയില്ല എന്നത് ദുഃഖകരമായ സത്യമാണ്.

വാൽക്കഷ്ണം: സമ്പൂർണ്ണ ചലച്ചിത്ര ദുരന്തമാണ് സത്യ!

സംവിധാനം: ദീപൻ
രചന: എ.കെ.സാജൻ
നിർമ്മാണം: ഫിറോസ് സഹീദ്
ഛായാഗ്രഹണം: ഭരണി കെ.ധരൻ
ചിത്രസന്നിവേശം: സംജിത്
ഗാനരചന: ഹരിനാരായണൻ, ജിലു ജോസഫ്
സംഗീതം: ഗോപി സുന്ദർ
സംഘട്ടനം: കനൽ കണ്ണൻ
നൃത്തസംവിധാനം: കല മാസ്റ്റർ
ചമയം: രതീഷ് അമ്പാടി
കലാസംവിധാനം: ബോബൻ
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്
ശബ്ദസംവിധാനം: അജിത് എ.ജോർജ്
എഫറ്റ്‌സ്: മുരുകേഷ്
വിതരണം: പ്രതിഭ ഫിലിംസ്.

ദി ഗ്രേറ്റ് ഫാദർ – ⭐⭐

താരരാജാവിന്റെ താരപ്പകിട്ടിൽ ഒരുവട്ടം കണ്ടിരിക്കാം! – ⭐⭐

കാലികപ്രസക്തിയുള്ള ഒരു പ്രമേയത്തെ കണ്ടുപരിചിതമായ കഥാസന്ദർഭങ്ങളിലൂടെ പ്രവചിക്കാനാവുന്ന കഥാഗതിയിലൂടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. സസ്പെൻസ് നിലനിർത്തിയിരിക്കുന്ന രീതിയും ത്രസിപ്പിക്കുന്ന സംഭാഷണങ്ങളും മമ്മൂട്ടിയുടെ അഭിനയവും അദ്ദേഹത്തിന്റെ ആരാധകരെ ആവേശഭരിതരാക്കും എന്നുറപ്പ് !അതിനപ്പുറത്തേക്കുള്ള മികവൊന്നും ഈ സിനിമയുടെ കഥാസന്ദർഭങ്ങൾക്കോ അവയുടെ അവതരണത്തിനോ ഇല്ല എന്നതാണ് ദൗർഭാഗ്യകരമായ സത്യം.

നവാഗതനായ ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ നിർമ്മിച്ചിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നതും ഓഗസ്റ്റ് സിനിമാസാണ്. പൃഥ്വീരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരാണ് ഈ സിനിമയുടെ നിർമ്മാതാക്കൾ. മമ്മൂട്ടി, ആര്യ, ശാം, സ്നേഹ, ബേബി അനിഘ, മിയ, കലാഭവൻ ഷാജോൺ, സോഹൻ സിനുലാൽ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, കലാഭവൻ പ്രജോദ്, പ്രശാന്ത്, സുനിൽ സുഖദ, വി.കെ.ബൈജു, ഐ.എം.വിജയൻ, ബാലാജി ശർമ്മ, ഡോക്ടർ റോണി ഡേവിഡ്, ഷാജി നടേശൻ, ദീപക് പറമ്പൊൾ, അനീഷ് മേനോൻ, മാളവിക മോഹൻ, അനു ജോസഫ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

പ്രമേയം: ⭐⭐
ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിൽ കഴിഞ്ഞ കുറെ മാസങ്ങളായി കേൾക്കുന്ന പീഡന കഥകൾ ഞെട്ടിക്കുന്നതാണ്. എഴുപതു കഴിഞ്ഞ വൃദ്ധ മുതൽ ഏഴു മാസം പോലും തികയാത്ത കുട്ടികളെ വരെ പീഡിപ്പിക്കുന്ന മാനസിക രോഗികൾ ഉള്ള നാടായി മാറിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ സ്വന്തം കേരളം. അത്തരത്തിലുള്ള പശ്ചാത്തലത്തിൽ ഏറെ ഗൗരവമുള്ള ഒരു വിഷയമാണ് ഹനീഫ് അദേനി ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നത്. കുറച്ചു മാസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള സിനിമയിലും ഇതേ പ്രമേയമാണ് അവതരിപ്പിച്ചത്. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും അതിനൊത്തൊരു കഥയെഴുതുവാൻ ഹനീഫ് അദേനി ശ്രമിച്ചില്ല എന്നിടത്താണ് ഈ സിനിമയുടെ പരാജയം. മമ്മൂട്ടിയുടെ ആരാധകർക്കും കുടുംബകഥകൾ ഇഷ്ടപെടുന്നവർക്കും ആസ്വാദ്യകരമായ ഒരു കഥ കൃത്രിമമായി രൂപപെടുത്തി എടുക്കുകയാണ് ഹനീഫ് അദേനി ചെയ്തത്.

തിരക്കഥ: ⭐⭐
കഴിഞ്ഞ കുറച്ചു നാളുകളായി പ്രേക്ഷകർ കുടുംബത്തോടൊപ്പമാണ് സിനിമ കാണുവാൻ പോകുന്നത്. അതുകൂടാതെ, മമ്മൂട്ടിയുടെ ആരാധകർക്കായി എല്ലാ ചേരുവകളും ചേർത്തൊരു സിനിമ പുറത്തിറങ്ങിയിട്ട് കുറെ മാസങ്ങളുമായി. മേല്പറഞ്ഞ രണ്ടു വസ്തുതകളും മനസ്സിൽ കണ്ടെഴുതിയ കഥാസന്ദർഭങ്ങളാണ് ഈ സിനിമയുടെ തിരക്കഥയിലുടനീളം. കുടുംബ പ്രേക്ഷകർക്കായി എഴുതിയ വൈകാരികത നിറഞ്ഞ രംഗങ്ങളാണ് ആദ്യ പകുതിയിലെങ്കിൽ, കൊലപാതകിയെ തേടിയിറങ്ങുന്ന സസ്പെൻസ് മുഹൂർത്തങ്ങളാണ് രണ്ടാം പകുതിയിൽ. ആദ്യ പകുതിയിലെ രംഗങ്ങൾ ഭൂരിഭാഗവും ഊഹിക്കാനാവുന്നതും കുറെ സിനിമകളിൽ കണ്ടുമടുത്തതുമാണ്. രണ്ടാം പകുതിയിലേക്കു കടക്കുമ്പോൾ, കൊലപാതികയേ തേടിയിറങ്ങുന്ന രംഗങ്ങളിൽ പുതുമയില്ലായെങ്കിലും കൊലപാതകിയെ ആരാണെന്ന സൂചനയൊന്നും നൽകാതെ സസ്പെൻസ് നിലനിർത്തിയിരുന്ന രീതി മികവ് പുലർത്തി. ആസ്വാദനത്തിനു വേണ്ടി എഴുതിയ കഥാസന്ദർഭങ്ങളിൽ അബദ്ധങ്ങൾ വേണ്ടുവോളമുണ്ട്. കൊലപാതകി നിരന്തരം മൊബൈൽ ഫോണിൽ നിന്ന് ഡേവിഡ് നൈനാനെയും മറ്റു പലരെയും ഫോൺ ചെയ്യുന്നുണ്ട്. അത്തരത്തിൽ പെരുമാറുന്ന ഒരാൾ വസിക്കുന്ന സ്ഥലം കണ്ടെത്താൻ ഡേവിഡും ആര്യ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രവും നെട്ടോട്ടമോടുന്നതു കാണുമ്പോൾ പ്രേക്ഷകർക്ക് ചിരിയാണ് വരുന്നത്. കഥാവസാനം കൊലപാതകിയോടു പ്രതികാരവും ചെയ്തു പോകുന്ന നായകനോട് പോലീസിന്റെ വക പ്രശംസയും. ഈ കുറവുകളൊക്കെ ക്ഷമിച്ചു സിനിമ കണ്ടവർക്ക് ആശ്വാസമായത് സംഭാഷണങ്ങളാണ്. ഡേവിഡും ആൻഡ്രുസും തമ്മിലുള്ള സംഭാഷണങ്ങൾ പ്രേക്ഷകരെ ആവേശഭരിതരാക്കുന്നതായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഒരല്പം പുതുമ അർഹിക്കുന്ന കഥാസന്ദർഭങ്ങൾ ഹനീഫ് അദേനി എഴുതാത്തത് ഒരു തിരിച്ചടിയാകുമോ എന്ന് വരും നാളുകളിൽ അറിയാം.

സംവിധാനം: ⭐⭐⭐
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചൂടേറിയ ഒരു വിഷയം, മമ്മൂട്ടി, ആര്യ എന്നിവരുടെ താരമൂല്യം, ഓഗസ്റ്റ് സിനിമാസ് പോലൊരു നിർമ്മാണ കമ്പിനി തുടങ്ങിയ ചേരുവകളൊക്കെ കൂടെയുണ്ടായിട്ടും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ഒരുക്കുവാൻ ഹനീഫ് അദേനിയ്ക്ക് സാധിച്ചില്ല. മമ്മൂട്ടിയുടെ അഭിനയമികവും ആര്യയുടെ താരപ്പകിട്ടും, സസ്പെൻസ് നിലനിർത്തിയ രീതിയും, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവുമാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. തിരക്കഥയിലുള്ള ന്യൂനതകൾ പരിഹരിക്കപ്പെടുന്നത് സാങ്കേതിക മികവോടെയുള്ള അവതരണം ഒന്നുകൊണ്ടു മാത്രമാണ്. മികച്ചൊരു സസ്പെൻസ് സിനിമ ഒരുക്കണോ അതോ മമ്മൂട്ടിയുടെ ആരാധകരെ സന്തോഷിപ്പിക്കണോ എന്ന ആശയകുഴപ്പത്തിലായ ഹനീഫ് അദേനി ആദ്യത്തേത് തിരഞ്ഞെടുത്തിരുന്നുവെങ്കിൽ, യവനികയും ഈ തണുത്ത വെളുപ്പാൻ കാലത്തും ഉത്തരവും പോലെയൊരു ഉഗ്രൻ സസ്പെൻസ് സിനിമ പ്രേക്ഷകർക്ക് ലഭിക്കുമായിരുന്നു. സിനിമ കണ്ടിറങ്ങുന്ന മമ്മൂട്ടിയുടെ ആരാധകർ സംതൃപ്തരായതുകൊണ്ടു ഹനീഫിന് ആശ്വസിക്കാം.

സാങ്കേതികം: ⭐⭐⭐
റോബി വർഗീസ് രാജ് തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. മമ്മൂട്ടിയുടെ ആദ്യ കാർ ജമ്പ് രംഗം മുതൽ ക്‌ളൈമാക്‌സ് സംഘട്ടനം വരെ ആരാധകരെ ആവേശംകൊള്ളിക്കുന്ന രീതിയിലായിരുന്നു ഫ്രേയിമുകൾ. മഴ പെയ്യുന്ന രംഗങ്ങളിൽ കൃത്രിമത്വം തോന്നി എന്നതല്ലാതെ മറ്റൊരു കുറവും ഛായാഗ്രഹണത്തിൽ കണ്ടില്ല. ആദ്യാവസാനം സിനിമയ്ക്ക് ഒരു ഉണർവ്വ് പകരുവാൻ റോബി വർഗീസിന്റെ രംഗങ്ങൾക്കു സാധിച്ചു. ആദ്യ പകുതിയുടെ തുടക്കത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഒരല്പം ഇഴഞ്ഞു നീങ്ങുന്ന രീതിയിലായി രംഗങ്ങളുടെ സന്നിവേശം. പക്ഷെ, കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും ഈ സിനിമയിൽ കണ്ടില്ല എന്നതാണ് നൗഫൽ അബ്ദുള്ളയുടെ മികവ്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ഒരുപരിധിവരെ ആവേശഭരിതരാക്കുവാൻ സഹായിച്ചു. ഈ സിനിമയിലെ മമ്മൂട്ടിയുടെ ആദ്യ രംഗത്തിലെ പശ്ചാത്തല സംഗീതം ഇതിനുദാഹരണം. അതുപോലെ ക്‌ളൈമാക്‌സിൽ കൊലപാതകിക്ക് നൽകിയിരിക്കുന്ന പാശ്ചാത്യ ശൈലിയിലുള്ള പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ഹരി നാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് ഗോപി സുന്ദറാണ്. ഒരുവട്ടം കേട്ടുമറക്കാം എന്നതിനപ്പുറം സവിശേഷതയൊന്നും പാട്ടുകൾക്കില്ല. ജി നിർവഹിച്ച സംഘട്ടന രംഗങ്ങൾ തരക്കേടില്ലായിരുന്നു. കാർ ജമ്പ് രംഗങ്ങളും സിനിമയുടെ തുടക്കത്തിലെ കാർ അപകടവും മികവ് പുലർത്തി. എന്നാൽ, ക്‌ളൈമാക്‌സിലെ സംഘട്ടന രംഗം ശരാശരിയിലൊതുങ്ങി. സുബാഷിഷ് ആണ് കലാസംവിധാനം നിർവഹിച്ചത്. ക്‌ളൈമാക്‌സിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ രൂപം വിശ്വസനീയത നൽകുന്നതായിരുന്നു. അതിനൊപ്പം പ്രതിനായകന്റെ മുഖത്തുള്ള ചമയവും പുതുമയുള്ളതായിരുന്നു. റോണക്സ് സേവര്യറാണ് ചമയം. സ്നേഹയുടെ മുഖത്തെ മേക്കപ് ഒരല്പം കൂടുതലായതു പോലെയും തോന്നി. സ്റ്റെഫി സേവ്യറിന്റെ വസ്ത്രാലങ്കാരത്തിൽ ഡേവിഡ് നൈനാൻ കൂടുതൽ പൗരുഷമുള്ള ഒരാളായി അനുഭവപെട്ടു.

അഭിനയം: ⭐⭐⭐
ഡേവിഡ് നൈനാൻ മമ്മൂട്ടിയുടെ കരങ്ങളിൽ ഭദ്രമായിരുന്നു. ഡേവിഡ് നൈനാന്റെ പകയും സങ്കടവും ഒരുപോലെ ആദ്യാവസാനം മികവോടെ അവതരിപ്പിക്കുവാൻ മമ്മൂട്ടിയ്ക്ക് സാധിച്ചു. ബിലാൽ ജോൺ കുരിശിങ്കൽ ഏറെക്കുറെ ഇതേ മാനസിക വ്യഥ അനുഭവിക്കേണ്ടി വരുന്ന ഒരു കഥാപാത്രമാണ്. അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഡേവിഡ് നൈനാനെ മമ്മൂട്ടി അവതരിപ്പിച്ചത്. പ്രതീക്ഷ തെറ്റിക്കാതെ വളരെ മികവോടെ സാറാ ഡേവിഡിനെ ബേബി അനിഖ അവതരിപ്പിച്ചു. മലയാളത്തിലേക്കുള്ള ആര്യയുടെ രണ്ടാംവാരവും മികവ് പുലർത്തി. കഥാപാത്ര രൂപീകരണത്തിൽ പോരായ്മ ഉണ്ടെങ്കിലും, ആൻഡ്രുഡ് ഈപ്പനെ രസകരമായി ആര്യ അവതരിപ്പിച്ചിട്ടുണ്ട്. കലാഭവൻ ഷാജോണും ബാലാജിയും മിയയും തങ്ങളുടെ വേഷങ്ങളിൽ തിളങ്ങി. ഇവരെ കൂടാതെ ഈ സിനിമയിൽ വേഷമിട്ട എല്ലാവരും അവരവരുടെ വേഷങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: കാലികപ്രസക്തിയുള്ള പ്രമേയത്തിന്റെ കണ്ടുമടുത്ത അവതരണമാണ് ദി ഗ്രേറ്റ് ഫാദർ!

രചന, സംവിധാനം: ഹനീഫ് അദേനി
നിർമ്മാണം: പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ
ബാനർ: ഓഗസ്റ്റ് സിനിമാസ്
ഛായാഗ്രഹണം: റോബി വർഗീസ് രാജ്
ചിത്രസന്നിവേശം: നൗഫൽ അബ്ദുള്ള
പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം
സംഗീതം: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ
കലാസംവിധാനം: സുഭാഷിഷ്‌
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
സംഘട്ടനം: ജി.
നൃത്തസംവിധാനം: ഷോബി പോൾരാജ്
ശബ്ദസംവിധാനം: രംഗനാഥ് രവി
വിതരണം: ഓഗസ്റ്റ് സിനിമ റിലീസ്.

ടേക്ക് ഓഫ് – ⭐⭐⭐⭐


മലയാള സിനിമയുടെ അത്യുജ്വല ടേക്ക് ഓഫ്! – ⭐⭐⭐⭐

“ഒരു ജീവൻ രക്ഷിക്കുന്നവരെ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിൽ, നൂറുകണക്കിന് ജീവൻ രക്ഷിക്കുന്നവരെ നേഴ്‌സുമാർ എന്ന് വിശേഷിപ്പിക്കാം”. നൂറു ശതമാനം അർത്ഥവത്താകുന്നതാണ് മേല്പറഞ്ഞ വാചകങ്ങൾ. ദൈവത്തിന്റെ മാലാഖാമാർക്കു സമർപ്പിക്കുന്ന ടേക്ക് ഓഫ് ഓരോ മലയാളികളും അതിലുപരി ഓരോ സിനിമാ പ്രേമിയും കണ്ടിരിക്കേണ്ടതാണ്!

2014 ജൂലൈ 23നു 58 ഇന്ത്യക്കാരായ നേഴ്‌സുമാരെ ഇറാഖ് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഐ എസ് ഐ എസ് തീവ്രവാദികളിൽ നിന്നും മോചിപ്പിച്ചു. ഈ സംഭവം നടക്കുന്നതിനു ദിവസങ്ങൾക്കു മുമ്പ് 2014 ജൂലൈ 4നു 46 മലയാളി നേഴ്‌സുമാരെ ഇറാഖിലെ മുസോളിലെ സുന്നി ജിഹാദിസ്റ്റ് തീവ്രവാദികളിൽ നിന്നും രക്ഷപെടുത്തിയിരുന്നു. ശ്രിമതി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ സൗദി അറേബ്യ, ലിബിയ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ തിക്രിതി ആശുപത്രിയിൽ ജോലിചെയ്തിരുന്ന നഴ്സുമാരെ രക്ഷപ്പെടുത്തിയ യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ടേക്ക് ഓഫ്.

ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് പുതിയമാനം നൽകിയ യശ്ശശരീരനായ സംവിധായകൻ രാജേഷ് പിള്ളയുടെ ഓർമ്മയ്ക്ക്‌ മുമ്പിൽ സമർപ്പിച്ച ടേക്ക് ഓഫ് നിർമ്മിച്ചത് ആന്റോ ജോസഫും ഷെബിൻ ബെക്കറും ചേർന്നാണ്. പ്രശസ്ത ചിത്രസന്നിവേശകൻ മഹേഷ് നാരായണൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ടേക്ക് ഓഫ് മലയാള സിനിമയുടെ അഭിമാനമായി മാറുമെന്നു നൂറു ശതമാനം ഉറപ്പ്. മഹേഷ് നാരായണനോടൊപ്പം ഷാജികുമാറും ഈ സിനിമയുടെ തിരക്കഥ എഴുത്തിൽ പങ്കാളിയാണ്. സനു ജോൺ വർഗീസ് ഛായാഗ്രഹണവും, മഹേഷ് നാരായണനും അഭിലാഷ് ബാലചന്ദ്രനും ചേർന്ന് സന്നിവേശവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും, രാജശേഖർ സംഘട്ടനവും സന്തോഷ് രാമൻ കലാസംവിധാനവും രഞ്ജിത്ത് അമ്പാടി ചമയവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐⭐
ഇറാഖിലെ തീവ്രവാദികളിൽ നിന്നും മലയാളികളായ നേഴ്‌സുമാരെ മോചിപ്പിക്കുന്ന യഥാർത്ഥ സംഭവം ഇന്ത്യൻ സിനിമയിലെ ഒരു ഭാഷയിലും ഇന്നേവരെ പ്രമേയമാക്കാത്ത ഒന്നാണ്. 2016ൽ രാജകൃഷ്ണൻ മേനോൻ സംവിധാനം നിർവഹിച്ചു, അക്ഷയ്കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എയർലിഫ്റ്റ് എന്ന ഹിന്ദി സിനിമ ചർച്ചചെയ്യുന്ന പ്രമേയം ടേക്ക് ഓഫുമായി സമാനമായ ഒന്നാണ്. കുവൈറ്റും ഇറാഖും തമ്മിലുള്ള തൊണ്ണൂറുകളിലെ യുദ്ധത്തിൽ അകപ്പെട്ടു പോകുന്ന ഭാരതീയരുടെ മോചനമാണ് എയർലിഫ്റ്റ് എന്ന സിനിമയുടെ കഥ. ടേക്ക് ഓഫിന്റെ പ്രമേയവും കഥയും മഹേഷ് നാരായണന്റേതാണ്. ഇറാഖിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ അന്വേഷിച്ചു കണ്ടെത്തി സിനിമയ്ക്ക് അനിയോജ്യമായ കഥ വിശ്വസനീയത നഷ്ടപ്പെടാതെ എഴുതുക എന്നത് ശ്രമകരമായ ഒന്നാണ്. അതിൽ പൂർണമായും വിജയിക്കുവാൻ മഹേഷ് നാരായണനും പി.വി.ഷാജികുമാറിനും സാധിച്ചു.

തിരക്കഥ: ⭐⭐⭐⭐⭐
യഥാർത്ഥ സംഭവകഥയുടെ വൈകാരികത നഷ്ടപ്പെട്ട് പോകാതെയും വിശ്വസനീയത കളയാതെയും കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുക സംഭാഷണങ്ങൾ എഴുതുക എന്നതിൽ സമ്പൂർണ വിജയം നേടുവാൻ മഹേഷ് നാരായണനും പി.വി.ഷാജികുമാറിനും കഴിഞ്ഞിട്ടുണ്ട്. ആദ്യ രംഗം മുതൽ അവസാനത്തെ വിമാനത്തിന്റെ ടേക്ക് ഓഫ് വരെ പ്രേക്ഷകരെ മാനസികമായി വീർപ്പുമുട്ടിക്കാൻ കഥാസന്ദർഭങ്ങൾക്കു സാധിച്ചു. സിനിമ കാണുന്ന പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ഒരു പശ്ചാത്തലമാണ് ഈ സിനിമയുടേത്. അപ്പോൾ, കഥാസന്ദർഭങ്ങൾക്കു വിശ്വസനീയത നൽക്കേണ്ടത് ഏറെ പ്രയാസമുള്ള കാര്യമാണ്. ഒരുപാട് ഗവേഷണം നടത്തിയതിന്റെ തെളിവ് കഥാസന്ദർഭങ്ങളിൽ പ്രകടമാണ്. സമീറയും മറ്റു നേഴ്‌സുമാരും തീവ്രവാദികളുടെ ക്യാമ്പിൽ എത്തിപെടുന്ന രംഗവും, അവരെ അവിടെ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി മനോജ് എബ്രഹാമും സംഘവും നടത്തുന്ന ശ്രമങ്ങളും അത്യുഗ്രൻ കഥാസന്ദർഭങ്ങളിലൂടെ ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. നേഴ്‌സുമാരുടെയും ഇറാഖിലുള്ള സാധാരണക്കാരുടെ ദുരവസ്ഥയും കാണുന്ന പ്രേക്ഷകരുടെ ഹൃദയത്തിൽ നൊമ്പരമുണർത്തുവാൻ തിരക്കഥാകൃത്തുക്കൾക്കു കഴിഞ്ഞു എന്നതാണ് ടേക്ക് ഓഫിന്റെ പ്രത്യേകത. മലയാള സിനിമ പ്രേമികൾക്ക് ഒരു അത്യുജ്വല സിനിമ സമ്മാനിച്ചതിനു മഹേഷ് നാരായണനും പി.വി.ഷാജികുമാറിനും ഒരാരായിരം അഭിനന്ദനങ്ങൾ!

സംവിധാനം: ⭐⭐⭐⭐
ചിത്രസന്നിവേശകൻ എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് മഹേഷ് നാരായണൻ. ആദ്യ സിനിമയാണ് ടേക്ക് ഓഫ് എന്ന തോന്നലുണ്ടാക്കാതെയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങൾ കൃത്രിമത്വം ഇല്ലാതെയും അതിഭാവകത്വം തോന്നിപ്പിക്കാതെയും അവതരിപ്പിച്ചതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. കഥയിൽ പ്രാധാന്യമില്ലാത്ത ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. പ്രേക്ഷകരെ ആകാംഷയോടെ മുൾമുനയിൽ നിർത്തുവാൻ സംവിധായകനു സാധിച്ചു. അതിനു കാരണമായത് സിനിമയുടെ രണ്ടാം പകുതിയിലുള്ള കഥയുടെ വേഗതയുള്ള അവതരണമാണ്. നേഴ്‌സുമാരെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നതു മുതൽ അവർ സുരക്ഷിതരായി ഇന്ത്യയിലെത്തുന്നതു വരെയുള്ള രംഗങ്ങൾ അവതരണ മികവിനാൽ ഗംഭീരമാണ്. ഇത്രയും മികവുറ്റ ഒരു സിനിമയുണ്ടാക്കുവാൻ മഹേഷ് നാരായണനെ സഹായിച്ചത് മികച്ച സാങ്കേതിക പ്രവർത്തികരും അഭിനേതാക്കളാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിക്കുവാൻ വരെ സാധ്യതയുള്ള ഒന്നാണ് ടേക്ക് ഓഫ് എന്നതിൽ യാതൊരു തർക്കവുമില്ല. ഏവർക്കും അഭിനന്ദനങ്ങൾ!

സാങ്കേതികം: ⭐⭐⭐⭐⭐
ഗോപി സുന്ദർ എന്ന സംഗീത മാന്ത്രികൻ നിർവഹിച്ച പശ്ചാത്തല സംഗീതമാണ് ടേക്ക് ഓഫിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന പശ്ചാത്തല സംഗീതം സിനിമയുടെ അവസാനം വരെ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി. അതുപോലെ മികവുറ്റതായിരുന്നു സനു ജോൺ വർഗീസ് നിർവഹിച്ച ഛായാഗ്രഹണം. പ്രേക്ഷകരെ ഓരോരുത്തരെയും ഇറാഖിലെത്തിച്ചു അവർ നേരിട്ട് ആ ദുരിതം അനുഭവിച്ചറിഞ്ഞ പ്രതീതിയാണ് സമ്മാനിച്ചത്. പുതുമ നൽകുന്ന രീതിയിലാണ് മഹേഷ് നാരായണനും അഭിലാഷും ചേർന്ന് രംഗങ്ങൾ സന്നിവേശം ചെയ്തത്. പല സ്ഥലങ്ങളിലായി നടക്കുന്ന രംഗങ്ങൾ മുഷിപ്പില്ലാതെ സന്നിവേശം നിർവഹിച്ചതു പ്രേക്ഷകർക്ക് പുത്തനനുഭവമായി. യുദ്ധ ഭൂമിയുടെ പ്രതീതി നിലനിർത്തുവാൻ സന്തോഷ് രാമൻ ഒരുക്കിയ കലാസംവിധാനം ഗംഭീരമായി. ബോംബ് സ്ഫോടനങ്ങൾ നടന്ന സ്ഥലങ്ങളെല്ലാം യഥാർത്ഥത്തിൽ സ്ഫോടനങ്ങൾ നടന്നതാണോ എന്നുവരെ സംശയം തോന്നിയേക്കാം. ഓരോ കഥാപാത്രങ്ങൾക്കും അനിയോജ്യമായ ചമയമാണ് രഞ്ജിത്ത് അമ്പാടി നിർവഹിച്ചത്. ബോംബ് സ്ഫോടനങ്ങളിൽ അപകടം പറ്റിയവരുടെ ചമയം ഇതിനുദാഹരണം. റഫീഖ് അഹമ്മദും ഹരിനാരായണനും ചേർന്നെഴുതിയ വരികൾക്ക് ഷാൻ റഹ്‌മാനും ഗോപി സുന്ദറുമാണ് ഈണം പകർന്നത്. ശരാശരി നിലവാരം മാത്രമുള്ളതാണ് ഈ സിനിമയിലെ പാട്ടുകൾ. രാജശേഖർ ആണ് സംഘട്ടന സംവിധാനം നിർവഹിച്ചത്. ചെറിയ ശബ്ദങ്ങൾ വരെ ഒപ്പിയെടുത്തുകൊണ്ടു വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും നിർവഹിച്ച ശബ്ദ സംവിധാനം മികവ് പുലർത്തി. ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരം കഥാപാത്രങ്ങൾക്ക് അനിയോജ്യമായിരുന്നു.

അഭിനയം: ⭐⭐⭐⭐
കാഞ്ചനമാലയായും ടെസ്സയായും തകർത്തഭിനയിച്ച പാർവതി തിരുവോത്തിന്റെ അഭിനയ ജീവിതത്തിലേക്ക് പുതിയ പൊൻത്തൂവലാകും സമീറ എന്ന കഥാപാത്രം. ശാരദയ്ക്കും ശോഭനയ്ക്കും മഞ്ജു വാര്യർക്കും ശേഷം മലയാളികളുടെ മനസ്സ് കവർന്ന അഭിനേത്രിയാരാകുമെന്നത്തിനുള്ള ഉത്തരമാണ് പാർവതി തിരുവോത്ത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടാനുള്ള എല്ലാ സാധ്യതകളും പാർവതിയ്ക്കുണ്ടെന്നു നിസംശയം പറയാം. മഹേഷ് ഭാവനയെ പ്രേക്ഷകർ മറക്കുന്നതിനു മുമ്പേ മനോജ് അബ്രാഹമായി ജീവിച്ച ഫഹദ് ഫാസിൽ ഗംഭീരമായ അഭിനയമാണ് കാഴ്ചവെച്ചത്. ഫഹദിന്റെ ഓരോ ഭാവപ്രകടനങ്ങളും കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സത്യനും മോഹൻലാലിനും ശേഷം തന്മയത്വത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള കഴിവുള്ള ഏക നടനാണ് താനെന്നു ഫഹദ് ഫാസിൽ ഒരിക്കൽക്കൂടി തെളിയിച്ചു. കുഞ്ചാക്കോ ബോബന് ഒരുപാട് നാളുകൾക്കു ലഭിച്ച മികച്ച വേഷങ്ങളിൽ ഒന്നാണ് ഈ സിനിമയിലേത്. അത് വിശ്വസനീയമായി ചാക്കോച്ചൻ അവതരിപ്പിക്കുകയും ചെയ്തു. ആസിഫ് അലി, പ്രകാശ് ബെലവാദി, അലൻസിയാർ ലേ ലോപസ്, പ്രേം പ്രകാശ്, ജോജു ജോർജ്, ഷഹീൻ സിദ്ദിഖ്, സിദ്ധാർഥ് ശിവ, അഞ്ജലി അനീഷ്, പാർവതി, ദേവി അജിത് എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഇവരെ കൂടാതെ നേഴ്സുമാരായി അഭിനയിച്ച പുതുമുഖ അഭിനേതാക്കൾവരെ അഭിനയിക്കുന്നതിന് പകരം ജീവിക്കുകയാണെന്നാണ് പ്രേക്ഷകർക്ക് തോന്നിയത്.

വാൽക്കഷ്ണം: മലയാള സിനിമയുടെ യശസ്സ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ടേക്ക് ഓഫിനു ഹാറ്റ്സ് ഓഫ്!!!

സംവിധാനം: മഹേഷ് നാരായണൻ
നിർമ്മാണം: ആന്റോ ജോസഫ്, ഷെബിൻ ബെക്കർ
രചന: മഹേഷ് നാരായണൻ, ഷാജികുമാർ
ഛായാഗ്രഹണം: സനു ജോൺ വർഗീസ്
ചിത്രസന്നിവേശം: മഹേഷ് നാരായണൻ, അഭിലാഷ് ബാലചന്ദ്രൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
സംഗീതം: ഗോപി സുന്ദർ, ഷാൻ റഹ്മാൻ
ഗാനരചന: റഫീഖ് അഹമ്മദ്, ഹരിനാരായണൻ
കലാസംവിധാനം: സന്തോഷ് രാമൻ
ശബ്ദമിശ്രണം: രാജകൃഷ്ണൻ
ശബ്ദ സംവിധാനം: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
ചമയം: രഞ്ജിത്ത് അമ്പാടി
സംഘട്ടനം: രാജശേഖർ
വിതരണം: ആന്റോ ജോസഫ് ഫിലിം കമ്പിനി.

കെയർ ഓഫ് സൈറാ ബാനു – ⭐⭐⭐


പോരാട്ടവീര്യത്തിന്റെ പെൺശബ്ദം – ⭐⭐⭐

ഓരോ മനുഷ്യനും സ്വന്തം ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒന്നായിരിക്കും അമ്മ എന്ന ദൈവതുല്യമായ വിരൽസ്പർശം. നമ്മൾ പോലുമറിയാതെ ആ അജ്ഞാത കരസ്പർശം നമ്മളെ സംരക്ഷിച്ചുകൊണ്ടിരിക്കും. അത്തരത്തിലുള്ള ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ആർ.ജെ.ഷാനും ബിപിൻ ചന്ദ്രനും ചേർന്നെഴുതി ആന്റണി സോണി സംവിധാനം ചെയ്ത കെയർ ഓഫ് സൈറ ബാനു.

മാൿട്രോ പിക്ചേഴ്സും ആർ.വി.ഫിലിംസും ഇറോസ് ഇൻറ്റർനാഷണലും സംയുകതമായി നിർമ്മിച്ചിരിക്കുന്ന കെയർ ഓഫ് സൈറാ ബാനുവിൽ മഞ്ജു വാര്യരും അമല അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബിയുടെ മകൻ ഷെയ്ൻ നിഗമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശബ്ദസാന്നിധ്യത്തിലൂടെ മോഹൻലാലും ഈ സിനിമയുടെ ഭാഗമാകുന്നു. നവാഗതരായ അബ്ദുൾ റഹ്‌മാനും സാഗർ ദാസുമാണ് ഈ സിനിമയുടെ ഛായാഗ്രഹണവും സന്നിവേശവും നിർവഹിച്ചത്. മെജോ ജോസഫാണ് പാട്ടുകളുടെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്.

പ്രമേയം: ⭐⭐⭐
മകന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് കെയർ ഓഫ് സൈറാ ബാനു. ആർ.ജെ.ഷാനിനു ലഭിച്ച പത്രവാർത്തയാണ് ഈ കഥയ്ക്കാണ് ആധാരം. രക്തബന്ധത്തേക്കാൾ വലുതാണ് ആത്മബന്ധം, നിരപരാധികളെ കുറ്റക്കാരാക്കുകയും കുറ്റം ചെയ്തവരെ നിരപരാധികളാക്കുകയും ചെയ്യുന്ന റോഡ് നിയമങ്ങളിലുള്ള പഴുതുകൾ, തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തുടങ്ങിയ വിഷയങ്ങളും ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നു. സമീപകാലത്തിറങ്ങിയ മികച്ച കഥയുള്ള ഒരു സിനിമയാണിത് എന്ന് നിസംശയം പറയാം.

തിരക്കഥ: ⭐⭐⭐
ആർ.ജെ.ഷാനും ബിപിൻ ചന്ദ്രനും ചേർന്നാണ് കഥാസന്ദർഭങ്ങൾ എഴുതിയത്. അമ്മയുടെ കരസ്പർശം ദൈവതുല്യമാണെന്ന് മകൻ ഫോട്ടോയിലൂടെ ആശയവിനിമയം നടത്തുന്ന രംഗമാണ് ഈ സിനിമയിലെ ഏറ്റവും മികച്ചത്. അതുപോലെ മികവുറ്റതായി തോന്നിയത് പീറ്റർ ജോർജ് ആരായിരുന്നുവെന്നും അയാളുടെ ഫോട്ടോഗ്രാഫി ഏതു തരത്തിലുള്ളതായിരുന്നു എന്ന ആദ്യ പകുതിയിലെ രംഗങ്ങളാണ്. സൈറാ ബാനുവിന്റെ ബാല്യവും അവർ ജോഷ്വാ പീറ്ററിന്റെ വളർത്തമ്മയായത് എങ്ങനെയെന്നും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലെ കോടതി രംഗങ്ങൾ ഉദ്യോഗജനമായിരുന്നു. കോടതി മുറിയിലെ സൈറാ ബാനുവിന്റെ വാഗ്‌വാദങ്ങൾക്കു വേണ്ടി എഴുതിയ സംഭാഷണങ്ങളും മികവ് പുലർത്തി. സമകാലീന പ്രശ്നങ്ങളൊക്കെ പരാമർശിക്കുന്ന രംഗങ്ങൾക്കൊപ്പം നമ്മളുടെ നാട്ടിലെ നിയമത്തിലെ പഴുതുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സിനിമയിലെ സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയും പ്രേക്ഷകർക്ക് ഏറെ ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ നിരവധി അവശേഷിപ്പിച്ചുകൊണ്ടു ഏവരെയും ത്രിപ്ത്തിപെടുന്ന ഒരു അവസാനവും സിനിമയ്ക്ക് ലഭിച്ചു. തിരക്കഥയിലെ പോരായ്മകൾ ഒരു പരിധിവരെ മറച്ചുപിടിക്കുന്നതു സംഭാഷണങ്ങളുടെ മികവുകൊണ്ടാണ്. സാധാരണക്കാരിയായ ഒരാൾ നിയമത്തിനു മുമ്പിൽ സത്യം തെളിയിക്കുന്നു എന്നിടത്താണ് ഈ സിനിമയുടെ വിജയം. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചതും. ബിപിൻ ചന്ദ്രൻ എഴുതിയ സംഭാഷണങ്ങൾ മികവ് പുലർത്തിയത് ക്‌ളൈമാക്‌സ് രംഗങ്ങൾക്ക് മാറ്റുകൂട്ടി.

സംവിധാനം: ⭐⭐⭐
ഒരുപിടി നല്ല മുഹൂർത്തങ്ങളുള്ള കഥാസന്ദർഭങ്ങളെ ഏച്ചുകെട്ടലില്ലാതെയും വലിച്ചുനീട്ടാതെയും വിശ്വസനീയതയോടെ അവതരിപ്പിച്ച ആദ്യപകുതി കുടുംബപ്രേക്ഷകർക്കു ഇഷ്ടപെടുന്ന രീതിയിലാണ് ആന്റണി സോണി സംവിധാനം ചെയ്തിരിക്കുന്നത്. ഉദ്യോഗജനകമായ കഥാഗതിയും സസ്പെൻസ് നിലനിർത്തിയിരുന്ന രീതിയും മഞ്ജു വാര്യരുടെ അഭിനയവും കൃത്രിമത്വമില്ലാത്ത അവതരണ രീതിയുംകൊണ്ട് രണ്ടാം പകുതി യുവാക്കളുടെയും സ്ത്രീകളുടെയും കയ്യടി നേടുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കോടതി മുറിയിലെ അവസാന രംഗങ്ങളെല്ലാം കയ്യടക്കത്തോടെ സംവിധാനം ചെയ്യുവാനും ആന്റണി സോണിക്ക് സാധിച്ചു. മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ രണ്ടാം വരവിനു കാരണമായത് ഗുരു റോഷൻ ആൻഡ്രുസ് ആണെങ്കിൽ, രണ്ടാം വരവിന്റെ മാറ്റുകൂട്ടുവാൻ കാരണമായത് ശിഷ്യനായ ആന്റണി സോണിയാണ്. ഈ സിനിമയുടെ ദൂഷ്യവശങ്ങളിലേക്കു കടക്കുമ്പോൾ ആദ്യമായി പറയുവാനുള്ളത് അമല അക്കിനേനിയെ പോലെ മലയാള ഭാഷ വഴങ്ങാത്ത ഒരാളെകൊണ്ട് എന്തിനാണ് പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യിപ്പിച്ചത്? പല രംഗങ്ങളുടെയും തീവ്രത നഷ്ടപ്പെടുത്തുന്ന ഒന്നായിരുന്നു അമലയുടെ അഭിനയം. അതുപോലെ തന്നെ ജോഷ്വായും സൈറാ ബാനുവും തമ്മിലുള്ള ഹാസ്യ രംഗങ്ങൾ അരോചകമായി തോന്നി. മേല്പറഞ്ഞ ഒന്ന് രണ്ടു കുറവുകളൊക്കെ ക്ഷമിച്ചു കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒന്നാണ് കെയർ ഓഫ് സൈറാ ബാനു. സാധാരണക്കാരായ വീട്ടമ്മമാർക്ക്‌ പ്രജോദനമാകുന്ന അവതരണ രീതിയാണ് കെയർ ഓഫ് സൈറാ ബാനുവിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാക്കി മാറ്റുന്നത്.

സാങ്കേതികം: ⭐⭐⭐
അബ്ദുൾ റഹിം പകർത്തിയ രംഗങ്ങൾ സന്നിവേശം ചെയ്തത് സാഗർ ദാസ് ആണ്. ശരാശരി നിലവാരത്തിൽ കൂടുതലൊന്നും പകിട്ട് അബ്ദുൾ റഹിമിന്റെ ഛായാഗ്രഹണത്തിനില്ല. എന്നാൽ തുടക്കക്കാരന്റെ പരിചയക്കുറവുമില്ല. ആദ്യപകുതിയുടെ തുടക്കത്തിൽ കുത്തിനിറച്ച കുറെ രംഗങ്ങളുടെ ആവശ്യകത എന്തെന്ന് സന്നിവേശകനായ സാഗർ ദാസിനും മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. ഗോഡ്സ് ഹാൻഡ് എന്ന ഒരൊറ്റ രംഗം മാത്രം മതിയാകുമായിരുന്നു സൈറാ ബാനുവും ജോഷ്വായും തമ്മിലുള്ള ആത്മബന്ധം പ്രേക്ഷകർക്ക് മനസ്സിലാക്കികൊടുക്കുവാൻ. സിനിമയുടെ ദൈർഘ്യം കൂട്ടുവാൻ സാധിച്ചതല്ലാതെ വേറൊരു പ്രയോജനവും ആദ്യ പതിനഞ്ചു മിനിറ്റുകൾകൊണ്ട് ഈ സിനിമയ്ക്കുണ്ടായിട്ടില്ല. മെജോ ജോസഫ് ഒരുക്കിയ പാട്ടുകൾ ശരാശരിയിലൊതുങ്ങി. ഹരിനാരായണനും ജിലോ ജോസഫുമാണ് ഗാനരചന. എന്നാൽ, മെജോ നിർവഹിച്ച പശ്ചാത്തല സംഗീതം ഓരോ രംഗങ്ങൾക്കും അനിയോജ്യമായിരുന്നു. രണ്ടാം പകുതിയിലെ കോടതി മുറിയിലെ രംഗങ്ങൾ ത്രസിപ്പിക്കുന്ന രീതിയിലാക്കുവാൻ മെജോയുടെ പശ്ചാത്തല സംഗീതം വഹിച്ച പങ്കു ചെറുതല്ല. ഷാജി പുൽപള്ളിയുടെ ചമയം മഞ്ജു വാര്യർക്ക് അനിയോജ്യമായി തോന്നി. മുമ്പ് കണ്ട സിനിമകളിൽ അമിതമായ മേയ്ക്കപ്പ് അനുഭവപ്പെട്ടിരുന്നു. സമീറ സനീഷാണ് വസ്ത്രാലങ്കാരം.

അഭിനയം: ⭐⭐⭐⭐
സൈറാ ബാനുവായി ഉജ്ജ്വല അഭിനയമാണ് മഞ്ജു വാര്യർ കാഴ്ചവെച്ചത്. നിസ്സഹായാവസ്ഥ എന്ന ഭാവം മികവോടെ അവതരിപ്പിച്ച ഒട്ടനവധി സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്. പോലീസ് സ്റ്റേഷനിൽ ജോഷ്വായെ കാണാൻ ചെല്ലുന്ന രംഗവും, കേസിലെ വഴിത്തിരിവാകുന്ന ഒരു വസ്തുത ആനി ജോൺ തറവാടിയോട് ചോദിച്ചു മനസിലാക്കുവാൻ അവരെ കാണാൻ ചെല്ലുന്ന രംഗമൊക്കെ ഇതിനുദാഹരണം. രണ്ടാം വരവിലെ ശ്കതമായ തിരിച്ചുവരവാണ് മഞ്ജു വാര്യർ ഈ സിനിമയിലൂടെ നടത്തിയത്. ആനി ജോൺ തറവാടിയായി അമല അക്കിനേനി അഭിനയിച്ചു കഷ്ടപെടുന്നതായി സിനിമയിലുടനീളം അനുഭവപെട്ടു. ആശാ ശരത്തിനോ വാണി വിശ്വനാഥിനോ നിഷ്പ്രയാസം അവതരിപ്പിക്കുവാൻ സാധിക്കുന്ന ഒന്നായിരുന്നു ഈ കഥാപാത്രം. ജോഷ്വായായി തരക്കേടില്ലാതെ അഭിനയിക്കുവാൻ ഷെയിൻ നിഗത്തിനു സാധിച്ചു. മിതമായി അഭിനയിക്കുക എന്നാൽ സിനിമയിലുണ്ടനീളം ഒരൊറ്റ ഭാവം മാത്രം മുഖത്ത് വരുത്തുക എന്നല്ല അർത്ഥമെന്നു വരുംനാളുകളിൽ ഷെയിന് മനസ്സിലാക്കുവാൻ സാധിക്കട്ടെ. ഉപ്പും മുകളും എന്ന സീരിയിലിലെ ബാബു സോപാനം അഭിഭാഷകന്റെ വേഷത്തിൽ തിളങ്ങി. ഏറെ രസകരമായാണ് ആ കഥാപാത്രത്തെ ബാബു അവതരിപ്പിച്ചത്. ഇവരെ കൂടാതെ ജോൺ പോൾ, ജോയ് മാത്യു, രാഘവൻ, അശ്വിൻ മാത്യു, അമിത് ചക്കാലക്കൽ, കൊച്ചുപ്രേമൻ, ഇന്ദ്രൻസ്, സുജിത് ശങ്കർ, ജഗദീഷ്, ഗണേഷ്‌കുമാർ, അരുന്ധതി എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്.

വാൽക്കഷ്ണം: സ്ത്രീകൾക്ക് പ്രജോദനമാകുന്ന ഈ സിനിമ കേരളത്തിൽ സൈറാ ബാനുമാരെ സൃഷിക്കട്ടെ!

സംവിധാനം: ആന്റണി സോണി
നിർമ്മാണം: മാൿട്രോ പിക്ചേഴ്സ്, ആർ.വി
ഫിലിംസ്, ഇറോസ് ഇൻറ്റർനാഷണൽ
കഥ: ആർ.ജെ.ഷാൻ
തിരക്കഥ: ആർ.ജെ.ഷാൻ, ബിപിൻ ചന്ദ്രൻ
സംഭാഷണം: ബിപിൻ ചന്ദ്രൻ
ഛായാഗ്രഹണം: അബ്ദുൾ റഹിം
ചിത്രസന്നിവേശം: സാഗർ ദാസ്
സംഗീതം: മെജോ ജോസഫ്
ഗാനരചന: ഹരിനാരായണൻ, ജിലോ ജോസഫ്
കലാസംവിധാനം: സിറിൽ കുരുവിള
ചമയം: ഷാജി പുൽപ്പള്ളി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഇറോസ് ഇൻറ്റർനാഷണൽ.

അങ്കമാലി ഡയറീസ് – ⭐⭐⭐

വ്യത്യസ്തയുടെ പുത്തൻ ദൃശ്യാനുഭവം – ⭐⭐⭐

അങ്കമാലി സ്വദേശക്കാരായ കച്ചവടക്കാരുടെയും പന്നിയിറച്ചി വില്പനക്കാരുടെയും കൊട്ടേഷൻ സംഘങ്ങളുടെയും ജീവിതത്തിന്റെ പച്ചയായ ചലച്ചിത്ര ആവിഷ്ക്കാരമാണ് അങ്കമാലി ഡയറീസ്. മലയാള സിനിമയിലും അന്യഭാഷാ സിനിമകളിലും നിരവധി കൊട്ടേഷൻ സംഘങ്ങളുടെ പോരാട്ടത്തിന്റെ കഥ സിനിമയാക്കിയിട്ടുണ്ട്. അവയിൽ നിന്നെല്ലാം വ്യത്യസ്തമായ അവതരണ ശൈലിയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച അങ്കമാലി ഡയറീസിനെ സവിശേഷമാക്കുന്നത്. മലയാള സിനിമ പ്രേമികൾ ഇന്നോളം ആസ്വദിച്ചിട്ടില്ലാത്ത പുത്തൻ ദൃശ്യാനുഭവമാണ് ലിജോ ജോസും ഗിരീഷ് ഗംഗാധരനും ഷമീർ മുഹമ്മദും പ്രശാന്ത് പിള്ളയും ഒരുക്കിയിരിക്കുന്നത്.

വിൻസെന്റ് പെപ്പെയും പോർക്ക് വർക്കിയും അപ്പാനി രവിയും യുക്ലാമ്പ് രാജനും 10 എം.എൽ.തോമസും കണാകുണാ മാർട്ടിയും ലിച്ചിയും സഖിയും തുടങ്ങി അങ്കമാലി ഡയറീസിലെ ഓരോരുത്തരും ഇപ്പോഴും അങ്കമാലിയിലുണ്ടാകും എന്ന് തോന്നിപ്പിക്കുന്ന അവതരണ മികവും അഭിനയ മികവുമാണ് അങ്കമാലി ഡയറീസിനെ വ്യത്യസ്തമാക്കുന്നത്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ 86 പുതുമുഖ നടീനടന്മാരെ കണ്ടെത്തുകയും, അവരെ ഈ സിനിമയിൽ കഥാപാത്രങ്ങളായി ജീവിപ്പിക്കുകയും ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഓരോ നടീനടന്മാരും ഈ സിനിമയിൽ ഗംഭീര അഭിനയ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇത്തരത്തിൽ പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു സിനിമ നിർമ്മിക്കുക എന്ന വെല്ലുവിളി സ്വീകരിച്ച നിർമ്മാതാവ് വിജയ് ബാബുവും അഭിനന്ദനം അർഹിക്കുന്നു.

പ്രമേയം: ⭐
പലവട്ടം പലഭാഷകളിലായി പറഞ്ഞു പഴകിയ ഒന്നാണ് കൊട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള പകപോക്കൽ. ഗാംഗ്സ് ഓഫ് വാസ്സ്യേപ്പൂരും സുബ്രമണ്യപുരവും കമ്മട്ടിപ്പാടവും മേല്പറഞ്ഞ സിനിമകൾ ഉൾപെടുന്നവയാണ്. അതെ ശ്രേണിയിലുള്ള ഒന്നാണ് അങ്കമാലി ഡയറീസ്. കൊട്ടേഷൻ സംഘങ്ങളുടെ ജീവിതത്തിൽ കുടുംബത്തേക്കാൾ പ്രാധാന്യം നൽകുന്നത് സൗഹൃദങ്ങൾക്കാണ്. അങ്കമാലിയിലെ പള്ളിയങ്ങാടി ഗാംഗ്സ് നടത്തുന്ന പന്നിയിറച്ചി കച്ചവടവും ചൂതാട്ടവും കൊട്ടേഷനുമെല്ലാം അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. മറ്റു കൊട്ടേഷൻ സംഘങ്ങളുമായി വാക്ക്പോരും വഴക്കുമാകുന്നു. അങ്കമാലി അങ്ങാടിയിലും പള്ളിയിലും പരിസര പ്രദേശങ്ങളും ജീവിക്കുന്ന അങ്കമാലി കട്ട ലോക്കൽസിന്റെ കഥയാണ് ചെമ്പൻ വിനോദ് ജോസ് എഴുതിയത്. പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ല എങ്കിലും അങ്കമാലിക്കാരായ ലോക്കൽസിന്റെ കഥ സിനിമയാക്കുന്നത് ഇതാദ്യം.

തിരക്കഥ: ⭐⭐
അങ്കമാലിക്കാരനായ ചെമ്പൻ വിനോദ് ജോസ് ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നത്. അദ്ദേഹം ജനിച്ചു വളർന്ന നാടിന്റെ കഥ എന്ന് പറയുമ്പോൾ ഒരുപക്ഷെ നേരിട്ട് കണ്ടു മനസ്സിലാക്കിയ അല്ലെങ്കിൽ സ്വയം അനുഭവിച്ചറിഞ്ഞ സന്ദർഭങ്ങളാകും തിരക്കഥയാക്കിയിരിക്കുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ അങ്കമാലിയിൽ കൊട്ടേഷൻ സംഘങ്ങളുടെ രൂക്ഷ ശല്യമുണ്ടായിരുന്നു. അവരുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചു എഴുതിയതാണ് ഈ സിനിമയുടെ തിരക്കഥ എന്ന് നിസംശയം പറയാം. കാരണം, ഓരോ സന്ദർഭങ്ങളും സംഭാഷണങ്ങളും സിനിമയുടെ പ്രമേയത്തോടും കഥയോടും നീതി പുലർത്തുന്നവയായിരുന്നു. ഏതു ദേശത്തെ ലോക്കൽസിന്റെ ജീവിതമെടുത്താലും അങ്കമാലി ഡയറീസിൽ കണ്ട അതെ കാഴ്ചകളാണ് കാണാൻ സാധിക്കുക. കഥാസന്ദർഭങ്ങൾക്കു മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ലാത്ത ഒന്നായിരിക്കും കൊട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വഴക്കുകൾ. അവയ്ക്കൊന്നും പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ലതാനും. എന്നാൽ, സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് മികവ് പുലർത്തി. കൃത്യമായ നിരീക്ഷണത്തിൽ തന്നെയാണ് ഓരോ സന്ദർഭങ്ങളും കഥാപാത്രങ്ങൾക്കും അനിയോജ്യമായ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ഇനിയും ഇതുപോലുള്ള പച്ചയായ ജീവിതകഥകൾ കണ്ടെത്താൻ ചെമ്പൻ വിനോദിനു സാധിക്കട്ടെ!

സംവിധാനം: ⭐⭐⭐⭐
അവതരണത്തിന്റെ വ്യത്യസ്തയാൽ അതാത് കാലഘട്ടങ്ങളിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു ഭരതന്റെ ചാട്ടയും പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലും. കെ.ജി.ജോർജ് സംവിധാനം ചെയ്തിട്ടുള്ള ഒട്ടുമിക്ക സിനിമകളും യാഥാർഥ്യത്തിൽ സംഭവിച്ചതാണോ എന്ന തോന്നലുണ്ടാക്കും വിധം മികവുറ്റതായിരുന്നു. അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും കെ.ജി.ജോർജും പത്മരാജനും ഭരതനും വേറിട്ട അവതരണത്തിലൂടെ സിനിമ സംവിധാനം ചെയ്തു പ്രഗൽഭരായവരാണ്. ഇന്നത്തെ കാലഘട്ടത്തിൽ അത്തരത്തിലുള്ള സിനിമ സംവിധാനം ചെയ്യുന്നവരിൽ പ്രമുഖനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 11 മിനിറ്റ് ദൈർഘ്യമുള്ള ക്‌ളൈമാക്‌സ് ഒരൊറ്റ ഷോട്ടിലൂടെ അവതരിപ്പിക്കുക, ഒരുപാട് ദൈർഘ്യമുള്ള ഷോട്ടുകളിലൂടെ രംഗങ്ങൾ റിയലസ്റ്റിക്കായി അവതരിപ്പിക്കുക, 86 പുതുമുഖങ്ങളെ സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളാക്കുക എന്നിവയാണ് ഈ സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പരീക്ഷിച്ചു വിജയിപ്പിച്ചത്. മലയാള സിനിമയിലെ റിയലസ്റ്റിക് സിനിമകളുടെ പട്ടികയെടുത്താൽ അവയിൽ ഭൂരിഭാഗം സിനിമകളും പതിഞ്ഞ താളത്തിലായിരിക്കും അവതരിപ്പിച്ചിട്ടുണ്ടാകുക. എന്നാൽ, ആസ്വാദനത്തിനു വേണ്ടിയുള്ള എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർത്തിട്ടാണ് ചടുലമായ രീതിയിൽ ഈ സിനിമ ലിജോ ജോസ് അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് അങ്കമാലി ഡയറീസ് പ്രേക്ഷകർ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചത്. ലിജോ ജോസിനും വിജയ് ബാബുവിനും അഭിനന്ദനങ്ങൾ!

സാങ്കേതികം: ⭐⭐⭐⭐⭐
അങ്കമാലി ഡയറീസിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മൂന്നുപേരാണ് ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, ചിത്രസന്നിവേശകൻ ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം നൽകിയ പ്രശാന്ത് പിള്ള. അതിഗംഭീരമായ ഛായാഗ്രഹണവും അത്യുഗ്രൻ സന്നിവേശവും ഓരോ രംഗങ്ങളുടെയും മാറ്റ് പതിന്മടങ്ങു കൂട്ടുന്ന പശ്ചാത്തല സംഗീതവുമായിരുന്നു സിനിമയിലുടനീളം. ഈ സിനിമയിലെ ദൈർഘ്യമുള്ള രംഗങ്ങൾ എത്രത്തോളം പ്രയത്നിച്ചാണ് ചിത്രീകരിച്ചത് എന്ന വസ്തുത ഇപ്പോഴും പ്രേക്ഷകർക്ക് അത്ഭുതമായി അവശേഷിക്കുന്നു. രംഗങ്ങളുടെ ചടുലമായതും വ്യത്യസ്തമായതുമായ സന്നിവേശവും പ്രേക്ഷർക്ക് പുതുമയുള്ളതായി അനുഭവപെട്ടു. ഇവ രണ്ടിനും പുറമെ പ്രശാന്ത് പിള്ള നൽകിയ പശ്ചാത്തലസംഗീതം പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്ന രീതിയിലായിരുന്നു. പെപ്പെയും ലിച്ചിയും ഇരുവരുടെയും പ്രണയം തിരിച്ചറിയുന്ന രംഗത്തിലെ സംഗീതം കേൾക്കാൻ ഏറെ രസമുള്ളതായിരുന്നു. ജോളി ബാസ്റ്റിൻ സംവിധാനം ചെയ്ത സംഘട്ടന രംഗങ്ങൾ വിശ്വസനീയമായി അനുഭവപെട്ടു. ബാറിൽ നിന്ന് തുടങ്ങി റോഡിൽ അവസാനിച്ച സംഘട്ടനവും, പന്നി ഫാമിന്റെ മുൻവശത്തെ പറമ്പിൽ ചിത്രീകരിച്ച സംഘട്ടന രംഗങ്ങളും, പള്ളി പെരുന്നാളിന്റെ ഇടയിൽവെച്ചു സംഭവിച്ച സംഘട്ടന രംഗങ്ങളും വ്യത്യസ്തവും വിശ്വസനീയവുമായിരുന്നു. ഇന്ദുലാൽ കവാദി നിർവഹിച്ച കലാസംവിധാനം സന്ദർഭങ്ങളോടും, സ്റ്റെഫി സേവ്യറിന്റെ വസ്ത്രാലങ്കാരവും റോണക്സ് സേവ്യറിന്റെ ചമയവും കഥാപാത്രങ്ങൾക്കു ഇണങ്ങുന്നവയായിരുന്നു. രംഗനാഥ് രവിയാണ് ശബ്ദസംവിധാനം നിർവഹിച്ചത്. ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം: ⭐⭐⭐⭐⭐
വിൻസെന്റ് പെപ്പെയായി ആന്റണി വർഗീസ്, പോർക്ക് വർക്കിയായി കിച്ചു ടെല്ലസ്, ലിച്ചിയായി രേഷ്മ രാജൻ, 10 എം.എൽ.തോമസായി ബിട്ടോ ഡേവിസ്, യുക്ലാമ്പ് രാജനായി ടിറ്റോ വിൽ‌സൺ, അപ്പാനി രവിയായി ശരത്കുമാർ, സഖിയായി ബിന്നി റിങ്കി ബെഞ്ചമിൻ, കണകുണ മാർട്ടിയായി അനന്ദു, പരിപ്പ് മാർട്ടിയായി ശ്രീകാന്ത്, കുഞ്ഞൂട്ടിയായി സിനോജ്, ഭീമനായി വിനീത് വിശ്വം, പോലീസ് ഇൻസ്പെക്റ്റർ ആയി ഉല്ലാസ് ജോസ് ചെമ്പൻ, സീമയായി അമൃത അന്ന, ബാബുജിയായി അൻസൺ ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ഇവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നായകനായി അഭിനയിച്ച ആന്റണി മുതൽ ഒരു രംഗത്തിൽ മാത്രം അഭിനയിച്ച നടന്മാർവരെ കഥാപാത്രങ്ങളായി ജീവിക്കുന്ന കാഴ്ചയാണ് കണ്ടത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന് ശേഷം മലയാള സിനിമയിലെ ഏറ്റവും മികച്ച പുതുമുഖ നടന്റെ അഭിനയമേതെന്ന ചോദ്യത്തിന് ഉത്തരമാണ് ആന്റണി വർഗീസ്. അതുപോലെ അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാറും യുക്ലാംബ് രാജനെ അവതരിപ്പിച്ച ടിറ്റോയും സമീപകാലത്തെ ഏറ്റവും മികച്ച വില്ലൻവേഷങ്ങളായിരുന്നു എന്ന് നിസംശയം പറയാം. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: സംവിധാന മികവിൽ സങ്കേത്തികത്തികവിൽ അഭിനയ ചാരുതയിൽ ഒരു റിയലസ്റ്റിക് ആക്ഷൻ എന്റർറ്റെയിനർ!

സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
രചന: ചെമ്പൻ വിനോദ് ജോസ്
നിർമ്മാണം: വിജയ് ബാബു
ബാനർ: ഫ്രൈഡേ ഫിലിംസ്
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ
ചിത്രസന്നിവേശം: ഷമീർ മുഹമ്മദ്
സംഗീതം: പ്രശാന്ത് പിള്ള
കലാസംവിധാനം: ഇന്ദുലാൽ കവാദി
സംഘട്ടനം: ജോളി ബാസ്റ്റിൻ
ശബ്ദസംവിധാനം: രംഗനാഥ് രവി
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
വിതരണം: ഫ്രൈഡേ ടിക്കറ്റ്‌സ്

ഒരു മെക്സിക്കൻ അപാരത – ⭐⭐⭐


അരിവാളും കൈപ്പത്തിയും കട്ടക്കലിപ്പിൽ! – ⭐⭐⭐

ഇന്നത്തെ കലാലയങ്ങൾ സൃഷ്ടിക്കുന്നത് ചങ്കുറപ്പുള്ള വിദ്യാർത്ഥികളെയല്ല, വെറും പുസ്തക പുഴുക്കളെയാണ് എന്നൊരു പ്രശസ്ത നേതാവ് അഭിപ്രായപ്പെട്ടിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയവും പ്രസ്ഥാനങ്ങളും തിരഞ്ഞെടുപ്പും കലാപങ്ങളുമുണ്ടായിരുന്ന കേരളത്തിലെ കലാലയങ്ങൾ അന്നത്തെ തലമുറയ്ക്ക് ഒരു ആവേശമായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ കലാലയങ്ങളിൽ എന്തിനു നിലകൊണ്ടിരുന്നു എന്ന് മനസ്സിലാക്കികൊടുക്കുന്ന ഒരു മെക്സിക്കൻ അപാരത നവയുഗ തലമുറയ്ക്ക് പുത്തൻ അനുഭവം നൽകുകയും പഴയ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. ഏറെ കാലത്തിനു ശേഷം മലയാള സിനിമയിൽ നിർമ്മിക്കപ്പെട്ട ഈ കലാലയ രാഷ്ട്രീയ സിനിമ നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ അനൂപ് കണ്ണനാണ്.

അരിവാളും കൈപ്പത്തിയും തമ്മിലുള്ള പോരാട്ട കഥകൾ മലയാള സിനിമ പ്രേമികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ടതാണ്. അത് ക്യാമ്പസിന്റെ പശ്ചാത്തത്തലത്തിലൂടെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ ആകാംഷ കൂടുന്നു. നവാഗതനായ ടോം ഇമ്മട്ടിയാണ് ഒരു മെക്സിക്കൻ അപാരതയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ എന്നിവരാണ് ഒരു മെക്സിക്കൻ അപാരതയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂവരുടെയും അഭിനയമികവാണ് ഒരു മെക്സിക്കൻ അപരാതയുടെ മാറ്റുകൂട്ടുന്നത്. പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയ്ക്ക് ഉണർവ്വ് പകർന്നിട്ടുണ്ട്.

പ്രമേയം: ⭐⭐
കലാലയങ്ങളിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശക്തമായി പ്രവർത്തിച്ചു തുടങ്ങിയത് കേരളത്തിലെ അടിയന്തരാവസ്ഥ കാലഘട്ടത്തിലായിരുന്നു. അന്ന് മുതൽ രണ്ടായിരമാണ്ട് തുടക്കം വരെ ശക്തമായ നിലയിൽ ഇത് തുടർന്നിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് ഒരു മെക്സിക്കൻ അപാരതയുടെ കഥ നടക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ ഏകാധിപത്യ ഭരണമായിരുന്ന നീല കൊടി താഴ്ത്തി, പകരം അവിടെ ചെങ്കൊടി സ്ഥാപിക്കുവാൻ ഒരുപറ്റം വിദ്യാർത്ഥി സഖാക്കൾ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നതാണ് ഒരു മെക്സിക്കൻ അപാരതയുടെ കഥ.

തിരക്കഥ: ⭐⭐⭐
ടോം ഇമ്മട്ടി തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഈ സിനിമ യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്ര ആവിഷ്കരണമല്ല. മഹാരാജാസിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും അതിന്റെ മുന്നോടിയായി ക്യാമ്പസ്സിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയിലുടനീളം. കെ.എസ്.ക്യൂ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവായ രൂപേഷ് ആണ് നിലവിലെ കോളേജ് യൂണിയൻ ചെയർമാൻ. എസ്.എഫ്.വൈ എന്ന പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കാൻ പോളും സുഭാഷും ജോമിയും കൃഷ്ണനും രാജേഷും മാത്രമാണുള്ളത്. ഈ അഞ്ചംഗ സംഘത്തിന്റെ പ്രയത്നങ്ങൾ മൂലം ആ വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.വൈ മത്സരിക്കാൻ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ ക്‌ളൈമാക്‌സ്. സിനിമയുടെ ആദ്യപകുതിയിലെ രംഗങ്ങൾ പലതും ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സിലും, അൽഫോൻസ് പുത്രന്റെ പ്രേമത്തിലും കണ്ടത് തന്നെയാണ്. ഇത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളിൽ ഒന്ന്. കഥയിൽ പ്രാധാന്യമില്ലാത്ത ഒട്ടനവധി രംഗങ്ങൾ ആദ്യപകുതിയിൽ വന്നുപോകുന്നുണ്ട്. ഒരു ക്യാമ്പസ് സിനിമയാകുമ്പോൾ പ്രണയവും പ്രണയ നൈരാശ്യവും വെള്ളമടിയും എല്ലാം വേണമല്ലോ എന്ന് തോന്നിയതുകൊണ്ടാകും ഇവയെല്ലാം കഥാസന്ദർഭങ്ങളായത്. രണ്ടാം പകുതിയിലെ സന്ദർഭങ്ങൾ ആദ്യ പകുതിയേക്കാൾ മികവ് പുലർത്തിയിരുന്നു. യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലായായിരുന്നു അവയെങ്കിലും, സഖാക്കൾക്ക് ആവേശമുണ്ടാക്കുന്ന ക്‌ളൈമാക്‌സ് സിനിമയുടെ മാറ്റുകൂട്ടുന്നുണ്ട്. പ്രേക്ഷകരെ അപാരതയിലെത്തിച്ചില്ലെങ്കിലും ഒരുപരിധി വരെ ത്രസിപ്പിക്കുവാൻ തിരക്കഥാകൃത്തിനു സാധിച്ചിട്ടുണ്ട്.

സംവിധാനം: ⭐⭐⭐
എല്ലാത്തരം സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകനെയും ആസ്വദിപ്പിക്കുന്ന ഒന്നാകണം തന്റെ ആദ്യ സിനിമ എന്ന വ്യകതമായ ധാരണയോടെയാണ് ടോം ഇമ്മട്ടി ഒരു മെക്സിക്കൻ അപാരത സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ പകുതിയിൽ നർമ്മവും പ്രണയവും രാഷ്ട്രീയവും കലോത്സവവും സമന്വയിപ്പിച്ചു അവതരിപ്പിച്ചപ്പോൾ, രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പിന്റെ ആവേശവും, അടിപിടിയും, ഏകാധിപത്യം അവസാനിപ്പിച്ചു ചെങ്കൊടി നാട്ടുന്ന ക്‌ളൈമാക്‌സും ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചു. സിനിമയുടെ തുടക്കത്തിലുള്ള ഡബ്ബിങ് പ്രശ്നങ്ങളും സിനിമയുടെ ദൈർഘ്യവും ഒഴിച്ച് നിർത്തിയാൽ ഏവർക്കും ആസ്വദിക്കാനാവുന്ന ഘടകങ്ങളെല്ലാം ഈ സിനിമയിലുണ്ട്. ക്ലാസ്സ്മേറ്റ്സ് എന്ന സിനിമയുടെ അവതരണ രീതിയോട് ഏറെ സമാനതകളുള്ള ഒന്നാണ് ഈ സിനിമയുടെ അവതരണ രീതിയും. രോമാഞ്ചമുണർത്തുന്ന രംഗങ്ങൾ എന്ന പ്രതീക്ഷ നൽക്കുന്നവ പലതും അവസാനം തമാശ രംഗങ്ങളാണ് മാറുന്ന കാഴ്ചയാണ് കണ്ടത്. മേല്പറഞ്ഞവ രണ്ടും ഈ സിനിമയുടെ ന്യൂനതകളിൽ ഉൾപ്പെടുന്നു. അമിത പ്രതീക്ഷയുണർത്തുന്ന വിപണന തന്ത്രം ഒരുപരിധിവരെ സിനിമയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആസ്വാദനത്തിനു വേണ്ടിയൊരുക്കിയ സിനിമ എന്നതിലുപരി ഇടതുപക്ഷ ചായ്വുള്ള സിനിമ എന്ന രീതിയിൽ കാണേണ്ട ഒന്നല്ല ഈ സിനിമ. സിനിമയെ സിനിമയായി കാണാൻ കഴിയുന്നവർക്ക് ആസ്വദിക്കാം ഈ മെക്സിക്കൻ അപാരത.

സാങ്കേതികം: ⭐⭐⭐⭐
പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തുവാൻ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ച പങ്ക് ചെറുതല്ല. കട്ടകലിപ്പിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം കൃത്യമായ ഇടവേളകളിൽ പശ്ചാത്തലത്തിൽ ഉപയോഗിച്ചത് ഗുണം ചെയ്തിട്ടുണ്ട്. ഒട്ടനവധി മലയാള സിനിമകൾ എറണാകുളം മഹാരാജാസ് കോളേജിൽ ചിത്രീകരിച്ചിട്ടുണ്ട്. അവയിലൊന്നും കാണാത്ത മഹാരാജാസിലെ മുക്കും മൂലയും ഫ്രയിമുകളാക്കാൻ ഛായാഗ്രാഹകൻ പ്രകാശ് വേലായുധനായത് സിനിമയ്ക്ക് പുതുമ സമ്മാനിച്ചു. പതിനേഴു വർഷങ്ങൾക്കു മുമ്പ് നടന്ന കഥ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുവാനും ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. വൈഡ് ആംഗിൾ ഷോട്ടുകൾ ഉൾപെടുത്താത്തതിന് പ്രത്യേക നന്ദി. കാരണം, സമീപകാലത്തു പുറത്തിറങ്ങിയ എല്ലാ സിനിമകളിലും ആവശ്യത്തിനും അനാവശ്യത്തിനും ക്യാമറ ആകാശത്തുവെച്ച് ചിത്രീകരിച്ചു പ്രേക്ഷകരെ വെറുപ്പിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. പതിഞ്ഞ താളത്തിലുള്ള കഥയുടെ അവതരണം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും ആസ്വാദനത്തിനു വേണ്ടി ഉൾപെടുത്തിയതും പ്രേക്ഷകരെ മുഷിപ്പിച്ചു. രണ്ടു മണിക്കൂറിൽ അവതരിപ്പിക്കേണ്ട കഥയെ വലിച്ചുനീട്ടി ദൈർഘ്യം കൂട്ടിയതിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാകുന്നില്ല. അതുപോലെ സിനിമയുടെ തുടക്കത്തിൽ നായകൻ വീണുകിടക്കുന്നത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് കഥ സഞ്ചരിക്കുന്നത് ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സ് എന്ന സിനിമയെ ഓർമ്മപ്പെടുത്തി. മണികണ്ഠൻ അയ്യപ്പ, രഞ്ജിത് ചിറ്റാടെ എന്നീ പുതുമുഖങ്ങളാണ് പാട്ടുകളുടെ സംഗീതം സംവിധാനം നിർവഹിച്ചത്. ഇവളാരോ, കട്ടക്കലിപ്പ്‌, ഏമാന്മാരെ എന്നീ പാട്ടുകൾ മികവ് പുലർത്തി. റഫീഖ് അഹമ്മദ്, അനിൽ പനച്ചൂരാൻ, ടോം ഇമ്മട്ടി, രഞ്ജിത് ചിറ്റാടെ എന്നിവരാണ് പാട്ടുകളുടെ വരികൾ എഴുതിയത്. നിമേഷ് താനൂരിന്റെ കലാസംവിധാനം രംഗങ്ങൾക്ക് വിശ്വസനീയത തോന്നിപ്പിച്ചു. വർഷങ്ങളായി ഉപയോഗിക്കാത്ത മെക്സിക്കോ എന്ന മുറി മുതൽ കോളേജ് ഹോസ്റ്റലിന്റെയും ബാത്ത്റൂമിന്റെയും മതിലുകളിൽ എഴുതിവെച്ചിരിക്കുന്ന വാചകങ്ങൾ വരെ അതീവ ശ്രദ്ധയോടെയാണ് നിമേഷ് ഒരുക്കിയിരിക്കുന്നത്. കാലഘട്ടത്തിനനുസരിച്ചു കഥാപാത്രങ്ങളുടെ ചമയം നിർവഹിച്ച റോണി വെള്ളത്തൂവലും അഭിനന്ദനം അർഹിക്കുന്നു.

അഭിനയം: ⭐⭐⭐⭐
ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, മനു, സുധി കോപ്പ, വിഷ്ണു ഗോവിന്ദ്, ജിനോ ജോൺ, സുഭീഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ഹരീഷ് പരേഡി, ബാലാജി ശർമ്മ, സുനിൽ സുഖദ, ഗായത്രി സുരേഷ്, മേഘ മാത്യു, അഞ്ജലി നായർ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. തനിക്കു ലഭിച്ച പോൾ എന്ന സഖാവിന്റെ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ ടൊവീനോ തോമസിന് സാധിച്ചു. സുബാഷ് എന്ന സഖാവായി നീരജ് മാധവും അഭിനയ മികവ് പുലർത്തി. എന്നാൽ, ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചത് രൂപേഷ് പീതാംബരനാണ്. ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച എല്ലാ നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങൾ മോശമാക്കാതെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: വിദ്യാർത്ഥി രാഷ്ട്രീയവും പ്രണയവും സൗഹൃദവും ഗൃഹാതുരത്വവും സമന്വയിപ്പിച്ച ക്യാമ്പസ് പൊളിറ്റിക്കൽ ത്രില്ലർ!

രചന, സംവിധാനം: ടോം ഇമ്മട്ടി
നിർമ്മാണം: അനൂപ് കണ്ണൻ
ഛായാഗ്രഹണം: പ്രകാശ് വേലായുധൻ
ചിത്രസന്നിവേശം: ഷമീർ മുഹമ്മദ്
സംഗീതം: മണികണ്ഠൻ അയ്യപ്പ, രഞ്ജിത് ചിറ്റാടെ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
ഗാനരചന: റഫീഖ് അഹമ്മദ്, അനിൽ പനച്ചൂരാൻ, ടോം ഇമ്മട്ടി, രഞ്ജിത് ചിറ്റാടെ
കലാസംവിധാനം: നിമേഷ് താനൂർ
ചമയം: റോണി വെള്ളത്തൂവൽ
വസ്ത്രാലങ്കാരം: ബ്ലൂസി
വിതരണം: അനൂപ് കണ്ണൻ സ്റ്റോറീസ്.