സോളോ – ⭐️⭐️⭐️

സോളോ – പഞ്ചഭൂത ഏകഭാവം! ⭐️⭐️⭐️

പഞ്ചഭൂതങ്ങളിലെ ജലം, വായു, അഗ്നി, ഭൂമി എന്നീ നാല് പ്രതിഭാസങ്ങളെ ആസ്‍പദമാക്കി ശിവന്റെ ഭാവങ്ങളോട് സമന്വയിപ്പിച്ചു അവതരിപ്പിച്ച നാല് സിനിമകളുടെ ആന്തോളജിയാണ് ബിജോയ് നമ്പ്യാരുടെ സോളോ. ഭാര്യയാൽ, കാമുകിയാൽ, അമ്മയാൽ, സഹോദരിയാൽ ഒറ്റപ്പെടുന്ന ഒരു പുരുഷന്റെ അവസ്ഥയാണ് സോളോ എന്ന ശീർഷകതിനർത്ഥം.

ഓരോ സാഹചര്യത്തിനനുസരിച്ചു സ്വന്തം രൂപം മാറാൻ സാധിക്കുന്ന വസ്തുവാണ് ജലം. കാമുകിയോട് സ്നേഹവും, ഭാര്യയോട് ദേഷ്യവും, മകളോട് വാത്സല്യവും പ്രകടിപ്പിക്കുന്ന ജലം പോലെയായ ശേഖറിന്റെ കഥയാണ് വേൾഡ് ഓഫ് ശേഖർ. ജലം പോലെ ഒരിക്കൽ ശാന്തവും മറ്റൊരിക്കൽ അശാന്തവുമാകുന്ന ശേഖറും അയാളുടെ പ്രണയിനി രാധികയുടെയും കഥയാണ് സോളോയിലെ ആദ്യ ചെറു-സിനിമ. മൂന്ന് ലോകങ്ങളായ ആകാശം, ഭൂമി, നരകം എന്നിവയുടെ പ്രതീകമായ ത്രിലോകിന്റെ പ്രതികാര കഥയാണ് വേൾഡ് ഓഫ് ത്രിലോക് എന്ന ചെറു-സിനിമയുടെ പ്രമേയം. പഞ്ചഭൂതങ്ങളിളെ വായുവിനോട് ഉപമിച്ചാണ് ത്രിലോകിന്റെ കഥ അവതരിപ്പിച്ചത്.ശിവന്റെ രൗദ്രഭാവത്തിൽ എല്ലാത്തിനെയും നശിപ്പിക്കാനുള്ള, അഗ്നിയോളം ശക്തിയുള്ള ശിവയുടെ പ്രതികാരത്തിന്റെ കഥയാണ് സോളോയിലെ മൂന്നാമത്തെ ചെറു-സിനിമ വേൾഡ് ഓഫ് ശിവയുടെ പ്രമേയം. ബാല്യത്തിൽ അമ്മയാൽ ഒറ്റപ്പെടുന്ന ശിവ, അച്ഛനെ കൊന്നവരോടുള്ള പ്രതികാരം വീട്ടുന്നതാണ് ഈ ചെറു-സിനിമയിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. പ്രണയവും, വിരഹവും ഒരുപോലെ വിഷയമാകുന്ന സോളോയിലെ അവസാന ചെറു-സിനിമയാണ് വേൾഡ് ഓഫ് രുദ്ര. ഭൂമിയോളം ക്ഷമയുള്ള രുദ്രയുടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും സഹനത്തിന്റെയും കഥ, ആശയത്തിലും അവതരണത്തിലും വ്യത്യസ്തമായിരുന്നു.

പ്രമേയം: ⭐⭐⭐
പ്രമേയപരമായി ഏറെ പുതുമകൾ സമ്മാനിച്ച സോളോയിലൂടെ ശിവന്റെ ഭാവങ്ങൾ നായക കഥാപാത്രത്തിനും, പഞ്ചഭൂതങ്ങളിളെ നാല് പ്രതിഭാസങ്ങൾ കഥാപശ്ചാത്തലമാവുകയും അവ കഥാപാത്രത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്രയും ശക്തമായ ഒരു പ്രമേയത്തിന്റെ പിന്തുണയോടെയാണ് നാല് സിനിമകളെയും സംവിധായകൻ ബന്ധിപ്പിച്ചത് എന്നത് ആന്തോളജി സിനിമകളെ അപേക്ഷിച്ചു മികവാണ്. കേരള കഫെയിലും, അഞ്ചു സുന്ദരികളിലും, പോപ്പിൻസിലും, ഡി കമ്പനിയിലും, ഒരേ യാത്രയിലും, നാല് പെണ്ണുങ്ങളിലും പ്രത്യക്ഷത്തിൽ ചെറു സിനിമകളിൽ തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ, സോളോയിൽ അത്തരത്തിലുള്ള പ്രമേയപരമായി ബന്ധം ഉൾപെടുത്താൻ ബിജോയ് നമ്പ്യാരിനു കഴിഞ്ഞിട്ടുണ്ട്.

തിരക്കഥ: ⭐⭐
സംവിധായകൻ ബിജോയ് നമ്പ്യാരാണ് സോളോയുടെ കഥയും തിരക്കഥയും എഴുതിയത്. ധന്യ സുരേഷിന്റേതാണ് സംഭാഷണങ്ങൾ. മികവുറ്റ ഒരു പ്രമേയം ലഭിച്ചിട്ടും പ്രേക്ഷരെ തൃപ്തിപ്പെടുത്തുന്ന കഥയോ കഥാസന്ദർഭങ്ങളോ രചിക്കുവാൻ ബിജോയ്‌ക്കു സാധിച്ചില്ല എന്നിടത്താണ് സോളോ നിരാശപ്പെടുത്തുന്നത്. ശേഖറിന്റെ കഥ പ്രവചിക്കാവുന്ന വഴിയിലൂടെ തന്നെ സഞ്ചരിച്ചു. തമിഴ് മൊഴിമാറ്റ സിനിമകളിലെ സംഭാഷണങ്ങൾ പോലെ പലയിടങ്ങളിലും സംഭാഷണങ്ങൾ മുഴച്ചുനിന്നിരുന്നു. ജലം എന്ന പ്രതിഭാസത്തോടു നീതി പുലർത്തുന്നതായിരുന്നു കഥാസന്ദർഭങ്ങൾ.ത്രിലോകിന്റെ കഥ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച പ്രതികാര കഥയായിരുന്നു. ആദ്യാവസാനം പ്രേക്ഷകരിൽ ആകാംഷ ജനിപ്പിച്ച കഥാസന്ദർഭങ്ങളും കഥാഗതിയും സംഭാഷണങ്ങളുമായിരുന്നു. എന്നാൽ, വായുവിനോട് ഉപമിച്ച ഈ കഥയിൽ പ്രത്യക്ഷത്തിൽ വായുവിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ ചർച്ചചെയ്യുന്നില്ല. ശിവയുടെ പ്രതികാര കഥ കഴമ്പില്ലാത്ത പോലെ അനുഭവപെട്ടു. അമ്മയിൽ നിന്ന് ചെറുപ്പത്തിലേ ഒറ്റപ്പെട്ട ശിവ, അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനു വേണ്ടി ബോംബയിലെത്തുന്നു. എന്നാൽ, അച്ഛനോടുള്ള മകന്റെ അടുപ്പം ഒരു രംഗത്തിൽ പോലും കാണിക്കുന്നുമില്ല. ശിവന്റെ രൗദ്രഭാവവും അഗ്നി പോലെ എല്ലാം ചുട്ടെരിക്കാനുള്ള ശക്തിയും കഥാസന്ദർഭങ്ങളാകുന്നു. ശിവയുടെ കഥാപാത്ര രൂപീകരണം മികവുപുലർത്തി. സംഭാഷണങ്ങളും കഥയോട് നീതിപുലർത്തുന്നവയായിരുന്നു. ക്‌ളൈമാക്‌സ് രംഗത്തിലുള്ള ട്വിസ്റ്റ് പ്രവചിക്കാനാവുന്നതുമായിരുന്നു. അവസാന ചെറുകഥയായ രുദ്രയുടെ കഥ സമ്പൂർണ്ണ നിരാശയാണ് സമ്മാനിച്ചത്. കഥയിലെ യുക്തിയില്ലായ്മ്മയാണ് പ്രധാന പ്രശ്നമായത്. ഗൗരവമുള്ള കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകർ പരിഹസിച്ചുതള്ളുന്ന അവസ്ഥയിലായി. ഭൂമിയോളം ക്ഷമയുള്ള രുദ്ര കഥാവസാനം എല്ലാവരോടും ക്ഷമിക്കുന്നു സങ്കടങ്ങൾ സഹിക്കുന്നു എന്നത് പ്രേക്ഷകരിലേക്കുത്തുന്നില്ല. സംഭാഷണങ്ങൾ ഒട്ടുമിക്കതും നാടകീയമായിരുന്നു.

സംവിധാനം: ⭐⭐⭐
സെയ്താൻ, വാസിർ, ഡേവിഡ് എന്നീ സിനിമകൾക്ക് ശേഷം ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോ അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ്. മോഹൻലാൽ നായകനായ റിഫ്ലെക്ഷൻസ് എന്ന ചെറു സിനിമയാണ് ബിജോയിയുടെ ഏക മലയാള സിനിമ ബന്ധം. മണിരത്നത്തിന്റെ മികച്ച ശിഷ്യനാണെന്നു താനെന്നു സോളോയിലൂടെ തെളിയിക്കുവാൻ ബിജോയ്‌ക്കു സാധിച്ചു. സാങ്കേതിക മികവോടെ അവതരണത്തിൽ വ്യത്യസ്തത സൃഷ്ടിക്കുവാൻ ബിജോയ്‌ക്കു കഴിഞ്ഞിട്ടുണ്ട്.പ്രണയം വിഷയമാക്കിയ ആദ്യ സിനിമയും അവസാന സിനിമയും പതിഞ്ഞ താളത്തിലും, പ്രതികാരം വിഷമായ രണ്ടാമത്തേതും മൂന്നാമതെത്തും ചടുലമായ വേഗതയിലുമാണ് അവതരിപ്പിച്ചത്. പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത കഥാസന്ദർഭങ്ങളെ സാങ്കേതികത്തികവോടെ അവതരിപ്പിച്ചു ബിജോയ് കയ്യടി നേടി. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പൂർണ വിജയം കൈവരിക്കാൻ ബിജോയ്‌ക്കു സാധിച്ചില്ല.

സാങ്കേതികം: ⭐⭐⭐
മധു നീലകണ്ഠൻ, ഗിരീഷ് ഗംഗാധരൻ, സെജൽ ഷാ എന്നിവരുടെ ഛായാഗ്രഹണം മികവുറ്റതായിരുന്നു. ഓരോ പ്രമേയത്തോടും ഓരോ കഥയോടും ഓരോ സന്ദർഭങ്ങളോടും നീതിപുലർത്തുന്ന ചിത്രീകരണമായിരുന്നു നാല് സിനിമകളിലും കാണുവാൻ സാധിച്ചത്. പ്രണയ രംഗങ്ങളിൽ മനോഹാരിതയും പ്രതികാര രംഗങ്ങളിൽ തീവ്രതയും സൃഷ്ടിക്കുന്ന ഛായാഗ്രഹമായിരുന്നു മൂവരും കാഴ്ചവെച്ചത്.ശ്രീകർ പ്രസാദിന്റെ സന്നിവേശം അതിഗംഭീരമായിരുന്നു ആദ്യ മൂന്ന് സിനിമകളിലും. പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന രീതിയിലായിരുന്നു രംഗങ്ങൾ കോർത്തിണക്കിയാണ്. ശേഖറിന്റെ പ്രണയകഥയും ശിവയുടെ പ്രതികാര കഥയുമാണ് സന്നിവേശമികവിൽ പ്രേക്ഷകർക്ക് ഇഷ്ടമായത്. രുദ്രയുടെ കഥ പ്രാധാന്യമില്ലാത്ത രംഗങ്ങളിലൂടെ അവതരിപ്പിച്ചു വലിച്ചുനീട്ടി ബോറടിപ്പിച്ചു.

പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, ഗോവിന്ദ് മേനോൻ, തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരവ് ഗോദ്കിന്ദി, രാഗിണി ഭഗവത്, അഭിനവ് ബൻസാൽ, അഗാം, ഫിൽറ്റർ കോഫി, സെസ് ഓൺ ദി ബീറ്റ് എന്നിവരാണ് സോളോയുടെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. ശിവയുടെ കഥയിലെ പശ്ചാത്തല സംഗീതം ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം. അതുപോലെ, രുദ്രയുടെ കഥയിലെ സീത കല്യാണം എന്ന പാട്ടും മനോഹരമായിരുന്നു. പത്തിലധികം പാട്ടും പശ്ചാത്തല സംഗീതവും കഥാസന്ദർഭങ്ങളുടെ മാറ്റു കൂട്ടുന്നവയായിരുന്നു. സമീപകാലത്തു സംഗീതത്തിലൂടെ കഥ പറഞ്ഞ സിനിമയൊന്നും മലയാളത്തിലിറങ്ങിയിട്ടില്ല. ശ്രീ ശങ്കർ-വിഷ്ണു ഗോവിന്ദ് എന്നിവരുടെ ശബ്ദ സംവിധാനം, അമരന്റെ കലാസംവിധാനം, ഗോപിക ഗുൽവാഡിയുടെ വസ്ത്രാലങ്കാരം, ജാവേദിന്‍റെ സംഘട്ടനം എന്നിവയെല്ലാം നാല് കഥകളോടും നീതിപുലർത്തി.

അഭിനയം: ⭐⭐⭐
നാല് കഥാപാത്രങ്ങളെയും വ്യസ്ത്യസ്തമായി അവതരിപ്പിച്ചു ദുൽഖർ സൽമാൻ മികവ് പുലർത്തി. അവയിൽ ഏറ്റവും മികച്ചത് ശിവയുടെ വേഷമായിരുന്നു.സംഭാഷണങ്ങൾ പോലുമില്ലാതെ ശിവയെ ദുൽഖർ ഗംഭീരമാക്കി.ആദ്യ സിനിമയിൽ ധൻസിക, സൗബിൻ ഷാഹിർ, ജോൺ വിജയ്, സതീഷ്, സിദ്ധാർഥ് മേനോൻ,അനുപമ കുമാർ, ഷീലു എബ്രഹാം, നിത്യശ്രീ, കിഷോർ എന്നിവരാണ് അഭിനേതാക്കൾ.രണ്ടാമത്തെ സിനിമയിൽ രഞ്ജി പണിക്കർ, ആർതി വെങ്കടേഷ്, അൻസൻ പോൾ, ആൻ അഗസ്റ്റിൻ എന്നിവരാണ് അഭിനയിച്ചത്.ശിവയുടെ കഥയിൽ മനോജ് കെ. ജയൻ, ശ്രുതി ഹരിഹരൻ, പ്രകാശ് ബെലവാഡി, ഗോവിന്ദ് മേനോൻ, സായി തമൻകാർ, ദിനേശ് പ്രഭാകർ, പീതാംബര മേനോൻ, ആശാ ജയറാം, റോഹൻ മനോജ്, എ.ർ.മണികണ്ഠൻ എന്നിവരാണ് അഭിനേതാക്കൾ.നേഹ ശർമ്മ, ദിനോ മോറിയ, നാസ്സർ, സുഹാസിനി, മാണിത്, ദീപ്തി സതി, സുരേഷ് മേനോൻ, സുജാത സെയ്ഗാൾ എന്നിവരാണ് രുദ്രയുടെ കഥയിൽ അഭിനയിച്ചത്.

വാൽക്കഷ്ണം: അവതരണത്തിന്റെ പുതുമയിലും സാങ്കേതിക മികവിലും സോളോ യുവാക്കളെ ആസ്വദിപ്പിക്കുന്നു.

എഴുത്ത്, സംവിധാനം: ബിജോയ് നമ്പ്യാർ
നിർമ്മാണം: എബ്രഹാം മാത്യു, ബിജോയ് നമ്പ്യാർ
സംഭാഷണങ്ങൾ: ധന്യ സുരേഷ്
ഛായാഗ്രഹണം: മധു നീലകണ്ഠൻ, ഗിരീഷ് ഗംഗാധരൻ, സെജൽ ഷാ
സന്നിവേശം: ശ്രീകർ പ്രസാദ്
സംഗീതം: പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, ഗോവിന്ദ് മേനോൻ, തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരവ് ഗോദ്കിന്ദി, രാഗിണി ഭഗവത്, അഭിനവ് ബൻസാൽ, അഗാം, ഫിൽറ്റർ കോഫി, സെസ് ഓൺ ദി ബീറ്റ്
കലാസംവിധാനം: അമരൻ
വസ്ത്രാലങ്കാരം: ഗോപിക ഗുൽവാഡി
ശബ്ദസംവിധാനം: ശ്രീശങ്കർ, ഗോവിന്ദ്
സംഘട്ടനം: ജാവേദ്
വിതരണം: ഗെറ്റ്എവേ ഫിലിംസ്.

കോമ്രേഡ് ഇൻ അമേരിക്ക – ⭐⭐ 


നിക്കാരഗ്വനാകാശം ഹോണ്ടുറാസ്ഭൂമി മെക്സിക്കൻകടൽ! – ⭐⭐

ദുൽഖർ സൽമാനും ബാഗും യാത്രകളും നവയുഗ സിനിമയിലെ അഭിവാജ്യ ഘടകങ്ങളായിരിക്കുകയാണ്. എ.ബി.സി.ഡി, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി തുടങ്ങിയ ദുൽഖറിന്റെ ആദ്യകാല സിനിമകൾ മുതൽ ചാർളി വരെയുള്ള സിനിമകളിലെ വിജയഘടഗങ്ങളായി ഉൾപ്പെടുത്തിയവയാണ് ബാഗും യാത്രകളും. എൺപതുകളുടെ മദ്ധ്യത്തിൽ നിർമ്മിക്കപ്പെട്ട സിനിമകളിലെ വിജയഘടകങ്ങളായിരുന്നു മമ്മൂട്ടിയും കുട്ടിയും പെട്ടിയും. തൊണ്ണൂറകളിലെ വിജയ ഫോർമുലയായിരുന്നു മോഹൻലാലും മീശപിരിയും വരിക്കാശ്ശേരി മനയും. അതിനു സമാനമായ ഒന്നായിരിക്കുകയാണ് ദുൽഖറും ബാഗും യാത്രകളും.

അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത കോമ്രേഡ് ഇൻ അമേരിക്ക അഥവാ സിയാ എന്ന സിനിമയിലും ദുൽഖർ സൽമാനും ബാഗും യാത്രകളുമാണ് പ്രമേയമാകുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന അജി മാത്യു എന്ന പാലാക്കാരൻ നസ്രാണി ഒരു കാമുകനാണ്. അയാളുടെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ നടത്തേണ്ടിവരുന്ന യാത്രയാണ് അമൽ നീരദ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. സാങ്കേതിക തികവുകൊണ്ടും അഭിനയ മികവുകൊണ്ടും രസകരമായ സംഭാഷണങ്ങളാലും ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമയായി കോമ്രേഡ് ഇൻ അമേരിക്കയെ വിലയിരുത്താം.

പ്രമേയം: ⭐⭐
കോമ്രേഡ് ഇൻ അമേരിക്ക എന്ന ടൈറ്റിൽ കേൾക്കുമ്പോൾ ഇതൊരു ഇടതുപക്ഷ രാഷ്ട്രീയ സിനിമയാണോ എന്ന സംശയം ഏവർക്കും തോന്നാം. പോസ്റ്ററുകളിൽ കാണുന്ന ചിത്രങ്ങൾ കണ്ടാൽ ഇതൊരു സ്പോർട്സ് സിനിമയാണെന്നും തോന്നാം. കണ്ണിൽ കണ്ണിൽ എന്ന പാട്ടിന്റെ ചിത്രീകരണം കണ്ടാൽ ഒരു മുഴുനീള പ്രണയകഥയാണോ എന്നും സംശയിക്കുന്നതിൽ തെറ്റില്ല. എന്നാൽ, മേല്പറഞ്ഞ ഘടകങ്ങളൊക്കെയുള്ള ഒരു യാത്രയാണ് ഈ സിനിമയുടെ പ്രമേയം. ഒരു റോഡ് മൂവി എന്നോ ട്രാവൽ മൂവി എന്നോ ഈ സിനിമയെ വിശേഷിപ്പിക്കാം. ഒറ്റവാചകത്തിൽ കേൾക്കുമ്പോൾ പുതുമയുള്ള പ്രമേയം എന്ന തോന്നിപ്പിക്കുമെങ്കിലും, അതിനോട് നീതിപുലർത്തുന്ന കഥയല്ല ഷിബിൻ ഫ്രാൻസിസ് എഴുതിയത്. അമൽ നീരദിന്റെ വിഷ്വൽ മാജിക്കിന് മുമ്പിൽ കഥയ്ക്കെന്തു പ്രസക്തി എന്ന തോന്നലാണോ ഇതിനു പിന്നിൽ?

തിരക്കഥ: ⭐⭐
പാവാട എന്ന സിനിമയ്ക്ക് ശേഷം ഷിബിൻ ഫ്രാൻസിസ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് കോമ്രേഡ് ഇൻ അമേരിക്ക. ഇടതുപക്ഷ രാഷ്ട്രീയവും സൗഹൃദവും, അപ്പൻ-മകൻ ആത്മബന്ധവും, പ്രണയവും സമന്വയിപ്പിച്ച ആദ്യപകുതിയിലെ കഥാസന്ദർഭങ്ങൾ അത്യന്തം രസകരമായ സംഭാഷണങ്ങളിലൂടെ എഴുതുവാൻ ഷിബിൻ ഫ്രാൻസീസിന് സാധിച്ചിട്ടുണ്ട്. പാർട്ടി ഓഫീസിലെത്തി സങ്കൽപ്പത്തിലെ ചെഗുവേരയോടും ലെനിനോടും കാൾ മാർക്സിനോടും തന്റെ യാത്രയുടെ കാരണം അജി മാത്യു വിശദീകരിക്കുന്ന രംഗവും സംഭാഷണങ്ങളും മികവുപുലർത്തി. അതുപോലെ, രണ്ടാം പകുതിയുടെ അവസാനമുള്ള അപ്പനുമായുള്ള അജി മാത്യുവിന്റെ ഫോൺ സംഭാഷണങ്ങളും ഹൃദയസ്പർശിയായി എഴുതുയിട്ടുണ്ട്. എന്നാൽ, ആദ്യാവസാനമുള്ള കഥാഗതി പ്രവചിക്കാനായതും അവിശ്വസനീയമായതും സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ കഥാസന്ദർഭങ്ങൾ എല്ലാംതന്നെ കണ്ടുമടുത്തവയാണ്. രണ്ടാം പകുതിയിലെ യാത്രകളിലെ സന്ദർഭങ്ങൾ പുതുമനിറഞ്ഞതായിരുന്നുവെങ്കിലും ഒരല്പം അവിശ്വസനീയവുമായിരുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ തിരക്കഥയായിരുന്നുവെങ്കിലും അവയൊന്നും സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ബോധ്യമാകുന്ന രീതിയിൽ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടില്ല. ദുൽഖർ സൽമാൻ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രസചേരുവകളെല്ലാം ഉള്ളതിനാൽ ഈ സിനിമയും വാണിജ്യവിജയം നേടുവാൻ സാധ്യതയുണ്ട്.

സംവിധാനം: ⭐⭐⭐
കുള്ളന്റെ ഭാര്യ എന്ന ലഘു ചിത്രത്തിലൂടെ ഒന്നിച്ച അമൽ നീരദും ദുൽഖർ സൽമാനും ആദ്യമായിട്ടാണ് ഒരു മുഴുനീള സിനിമയ്ക്ക് വേണ്ടി കൈകോർക്കുന്നത്. ദുൽഖർ സൽമാന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും കൃത്യമായി ചേർക്കുവാൻ സംവിധായകൻ മറന്നില്ല എന്നിടത്താണ് ഈ സിനിമ വ്യത്യസ്തമാകുന്നത്. രണദേവ് എന്ന ഛായാഗ്രാഹകന്റെ അത്യുഗ്രൻ വിഷ്വൽസും പ്രവീൺ പ്രഭാകറിന്റെ കൃത്യതയുള്ള സന്നിവേശവും ദുൽഖർ സൽമാൻ എന്ന അഭിനേതാവിന്റെ ഊർജസ്വലമായ അഭിനയവും സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അമൽ നീരദ് സിനിമകളിൽ നിന്നും പ്രതീക്ഷിക്കുന്നതെല്ലാം ഈ സിനിമയിലുണ്ട്. പതിവിനു വിപരീതമായി സ്ലോ മോഷൻ രംഗങ്ങൾ ഇല്ലാത്ത ആദ്യ അമൽ നീരദ് സിനിമകൂടിയാണിത്. അമൽ നീരദിന്റെ മുൻകാല സിനിമകളെ അപേക്ഷിച്ചു പരീക്ഷണാർത്ഥത്തിൽ അവതരിപ്പിച്ച രണ്ടാം പകുതിയാണ് ഈ സിനിമയുടേത്. അവിശ്വസനീയമായ ഒരു കഥാപശ്ചാത്തലം അതിലും അവിശ്വസനീയമായ രീതിയിൽ വളരെ ലാഘവത്തോടെ അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകർക്ക് രസിച്ചില്ല. ആസ്വാദനത്തിനുള്ള എല്ലാ ചേരുവകളുമുള്ള ആദ്യ പകുതിയിൽ നിന്ന് ഒട്ടും രസിപ്പിക്കാത്ത രണ്ടാം പകുതിയിലേക്കു കടന്നപ്പോൾ അവയെല്ലാം സിനിമയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലെ രംഗങ്ങൾ ഭീകരത സൃഷ്ടിക്കുമെന്നു സംഭാഷണങ്ങളിലൂടെ പറയുന്നുണ്ടെങ്കിലും അവയൊക്കെ നിസ്സാരമായതുപോലെ പ്രേക്ഷകർക്ക് അനുഭവപെട്ടു. ഒറ്റവാചകത്തിൽ പറഞ്ഞാൽ ഇതൊരു കോമ്രേഡിന്റെ കഥയുമല്ല അമേരിക്കൻ കാഴ്ചകളുമില്ല!

സാങ്കേതികം: ⭐⭐⭐⭐
രണദേവിന്റെ പുത്തനുണർവ് പകരുന്ന ഫ്രയിമുകൾ സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. കോട്ടയത്തിന്റെ ഗ്രാമീണതയും ലാറ്റിൻ അമേരിക്കയുടെ വരണ്ടഭൂമിയും മികവോടെ ചിത്രീകരിക്കുവാൻ രണദേവനായി. എന്നാൽ, രണ്ടാം പകുതിയിലെ രംഗങ്ങൾക്ക് വേണ്ടത്ര തീവ്രത ലഭിച്ചില്ല. ആക്ഷൻ രംഗങ്ങളോ ദുർകടമായ യാത്രകളോ കഥയാവശ്യപെടുന്ന ഭീതിജനിപ്പിക്കാനായില്ല എന്നതുമാത്രമാണ് ഒരു പോരായ്മയായി തോന്നിയത്. പ്രവീൺ പ്രഭാകറിന്റെ സന്നിവേശം കഥയാവശ്യപെടുന്ന വേഗത സിനിമയ്ക്ക് നൽകുവാനായി. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളോ കഥാപാത്രങ്ങളോ സിനിമയിലുണ്ടായിരുന്നില്ല. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും നിർവഹിച്ചത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചില രംഗങ്ങളിൽ മികവുപുലർത്തി. അജി മാത്യുവിന്റെ രംഗപ്രവേശനത്തിനായി ഉപയോഗിച്ച പശ്ചാത്തല സംഗീതം അതിനുദാഹരണം. റഫീഖ് അഹമ്മദ് എഴുതിയ രണ്ടു പാട്ടുകളിൽ “വാനം തിളതിളയ്ക്കണു” എന്ന മെക്സിക്കൻ പശ്ചാത്തലത്തിലുള്ള ഗാനം മികവുപുലർത്തി. സജി കൊരട്ടിയുടെ ചമയം കഥാപാത്രങ്ങൾക്ക് യോജിച്ചവയായിരുന്നു. രണ്ടാം പകുതിയിലെ യാത്രയ്ക്കിടയിലുള്ളവ പ്രത്യേകിച്ച് മികവുറ്റതായിരുന്നു. ചെഗുവേരയും മാർക്‌സും ലെനിനും സ്റ്റാലിനും അതിഗംഭീരമായി. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും കഥാപാത്രങ്ങൾക്ക് യോജിച്ചവയായി. തപസ് നായ്കിന്റെ ശബ്ദസംവിധാനം മോശമായിരുന്നു. അനിൽ അരസ്സ്‌ നിർവഹിച്ച പാലാ ബസ് സ്റ്റാൻഡിൽ ചിത്രീകരിച്ച സംഘട്ടനം ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്നതായിരുന്നു.

അഭിനയം: ⭐⭐⭐
അജി മാത്യു എന്ന സഖാവിനെയും അജി എന്ന കാമുകനെയും അജിപ്പനെന്ന മകനെയും സുഹൃത്തിനെയും കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ ദുൽഖർ സൽമാന് സാധിച്ചു. ആരാധകർക്ക് ആവേശമുണർത്തുന്ന ആക്ഷൻ രംഗങ്ങളിലും കൗമാരക്കാർക്ക് ഉണർവ്വ് പകരുന്ന കാമുകനായും ദുൽഖർ തിളങ്ങി. ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിക്കാണ്‌. പാലാക്കാരൻ അച്ചായനായും സ്നേഹമുള്ള അപ്പനായും അഭിനയമികവ് പുലർത്താൻ സിദ്ദിഖിനായി. രസകരമായ അഭിനയം കാഴ്ചവെച്ചു ഏവരെയും ചിരിപ്പിക്കാൻ സൗബിൻ ഷാഹിറിനും ദിലീഷ് പോത്തനും ജോൺ വിജയ്ക്കും സാധിച്ചു. പി.കെ., സ്‌കൂൾ ബസ് എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകൾ കാർത്തിക മുരളീധരനാണ് ഈ സിനിമയിലെ നായിക. അമേരിക്കൻ മലയാളി പെൺകുട്ടിയെ മോശമാക്കാതെ അവതരിപ്പിക്കുവാൻ കാർത്തികയ്ക്കു സാധിച്ചു. ഇവരെ കൂടാതെ ചാന്ദിനി ശ്രീധരൻ, ജിനു ജോസഫ്, മണിയൻപിള്ള രാജു, സുജിത് ശങ്കർ, അലൻസിയാർ, വി.കെ.ശ്രീരാമൻ, സുമിത് നവൽ, പാർവതി, സുരഭിലക്ഷ്മി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: എല്ലാത്തരം സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന എന്റർറ്റെയിനറാണ് കോമ്രേഡ് ഇൻ അമേരിക്ക!

നിർമ്മാണം, സംവിധാനം: അമൽ നീരദ്
രചന: ഷിബിൻ ഫ്രാൻസിസ്
ഛായാഗ്രഹണം: രണദേവ്
ചിത്രസന്നിവേശം: പ്രവീൺ പ്രഭാകർ
സംഗീതം: ഗോപി സുന്ദർ
ഗാനരചന: റഫീഖ് അഹമ്മദ്, കരോലിന, മൻസൂർ
കലാസംവിധാനം: പ്രതാപ് രവീന്ദ്രൻ
ചമയം: സജി കൊരട്ടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: അനൽ അരസ്സ്, മാർക്ക്
ശബ്ദസംവിധാനം: തപസ് നായക്
വിതരണം: എ ആൻഡ് എ റിലീസ്.

ജോമോന്റെ സുവിശേഷങ്ങൾ – ⭐⭐

അശേഷം ഗുണമില്ലാത്ത സുവിശേഷങ്ങൾ! – ⭐⭐

ഒരിക്കൽ സംവിധായകൻ സത്യൻ അന്തിക്കാട് തിരുപ്പൂരിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. ‘വിനോദയാത്ര’യ്ക്കിടയിൽ സത്യൻ അന്തിക്കാടിനു ഒരു സിനിമ കാണണമെന്ന മോഹമുണ്ടായി. അദ്ദേഹം അവിടെയുള്ള ഒരു സിനിമ തിയറ്ററിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ‘നിവിൻ പോളി സിനിമ’ കാണുവാനിടയായി. പൂർണമായും വിദേശത്തു ചിത്രീകരിച്ച ആ സിനിമയെ വാനോളം പുകഴ്ത്തി തിരക്കഥാകൃത്ത് ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറം തന്റെ ഫെയിസ്‍ബുക്കിൽ കുറിച്ചിരിക്കുന്നത് സത്യൻ അന്തിക്കാട് വായിക്കുവാനിടയായി. ഒരു ഇന്ത്യൻ പ്രണയകഥയ്ക്കു ശേഷം ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന് സത്യൻ അന്തിക്കാടും ഇക്‌ബാൽ കുറ്റിപ്പുറവും തീരുമാനമെടുത്തു. അങ്ങനെയാണ് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ ആരംഭിക്കുന്നത്. ചില സത്യങ്ങൾ കെട്ടുകഥകളെക്കാൾ അവിശ്വസനീയമാണ്!

ഫുൾ മൂൺ സിനിമാസിനു വേണ്ടി സേതു മണ്ണാർക്കാട് നിർമ്മിച്ചിരിക്കുന്ന ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖർ സൽമാനാണ് ജോമോനായി അഭിനയിച്ചിരിക്കുന്നത്. അച്ഛൻ-മകൻ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ മുകേഷാണ് അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ രാജേഷും അനുപമ പരമേശ്വരനുമാണ് നായികമാരായത്.

പ്രമേയം: ⭐
അച്ഛനും മക്കളുമടങ്ങുന്ന സമ്പന്ന കുടുംബത്തിലെ താന്തോന്നിയായ ഇളയമകൻ ഒരു നിർണ്ണായക ഘട്ടത്തിൽ അച്ഛന്റെ രക്ഷകനായി മാറുന്നു. ബിസിനെസ്സ് തകർന്നടിഞ്ഞു ഒറ്റപ്പെട്ട അച്ഛന്റെ സ്വപ്‌നങ്ങൾ ഓരോന്നും സ്വപ്രയത്നംകൊണ്ട് തിരിച്ചുപിടിക്കുന്ന മകന്റെ സ്നേഹത്തിന്റെ കഥയാണ് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലൂടെ ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറവും സത്യൻ അന്തിക്കാടും അവതരിപ്പിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മുൻകാല സിനിമകളിലൂടെ തന്നെ ഒരുപാട് തവണ പറഞ്ഞു പഴകിയതാണ് ഈ സിനിമയുടെ പ്രമേയം.

തിരക്കഥ: ⭐⭐
നോക്കി നോക്കി നോക്കി നിന്ന്…
കാത്തു കാത്തു കാത്തു നിന്ന്…ഒടുവിൽ പ്രദർശനത്തിനെത്തിയ ജോമോന്റെ സുവിശേഷങ്ങൾ ഓരോന്നും പ്രേക്ഷകർ കണ്ടുമടുത്തതും കേട്ടുപഴകിയതുമാണെന്നും ദൗർഭാഗ്യകരമായ സത്യമാണ്. ഓരോ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും സൃഷ്ടിക്കപ്പെടേണ്ടത് സംവിധായകനു വേണ്ടിയോ നായക നടനു വേണ്ടിയോ ആകരുത് എന്ന വസ്തുത ഇക്‌ബാൽ കുറ്റിപ്പുറം മറന്നിരിക്കുന്നു. അദ്ദേഹത്തിന്റെ മുൻകാല സിനിമകളൊന്നും അത്തരത്തിലുള്ളവ
ആയിരുന്നില്ല. എന്നാൽ, ജോമോന്റെ സുവിശേഷങ്ങൾ കാണുമ്പോൾ അതിലെ ഓരോ രംഗങ്ങളും കഥാപാത്രങ്ങളും സത്യൻ അന്തിക്കാടിന് വേണ്ടിയും ദുൽഖർ സൽ‍‍മാന് വേണ്ടിയും എഴുതപ്പെട്ടതാണെന്നു വ്യക്തമാണ്. നല്ലവരാണെന്നു കരുതിയ മക്കൾ ഒരുനാൾ അച്ഛനെ ഉപേക്ഷിക്കുമ്പോൾ, മോശപെട്ടവനാണെന്നു കരുതിയ മകൻ അച്ഛനെ ഏറ്റെടുക്കുന്നു എന്ന പ്രമേയം എത്രയോ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. തിരക്കഥ രചനയിൽ പുതുമകൾ പ്രതീക്ഷിക്കുമ്പോൾ അവിടെയും പ്രേക്ഷകർ നിരാശരാവുകയാണ്. കാരണം, കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ ഒരു സിനിമയുമായി ഒരുപാട് സാമ്യമുള്ളതാണ് ഈ സിനിമയുടെ കഥാഗതിയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും. ഇതുപോലെയുള്ള അബദ്ധങ്ങളിൽ ചെന്ന് ദുൽഖർ സൽമാൻ എങ്ങനെ തലവെയ്ക്കുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ഒരു ചോദ്യം.

സംവിധാനം: ⭐⭐
ജീവിതം പഠിക്കണമെങ്കിൽ കേരളത്തിൽ സ്ഥലമില്ല എന്നും തമിഴ് നാട്ടിലെ ഉൾഗ്രാമ പ്രദേശത്തു മാത്രമേ പഠനം സാധിക്കുകയുള്ളു എന്ന് കാലാകാലങ്ങളായി സത്യൻ അന്തിക്കാട് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ മഴവിൽകാവടി മുതൽ ഒരുപാട് സിനിമകളിൽ നായകനെ ഉത്തരവാദിത്വമുള്ള ജീവിത പഠനത്തിനായി തമിഴ് നാട്ടിലേക്കു കയറ്റിവിട്ടിട്ടുണ്ട്. വർഷമേറെയായിട്ടും അതിലൊന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. കുറച്ചു വർഷങ്ങളായി സത്യൻ അന്തിക്കാട് എന്ന സംവിധായകൻ ഒരേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ് പോലെയാണെങ്കിലും അവയിൽ ഓരോന്നിലും കഥാപരമായി പുതുമകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ സിനിമയുടെ കാര്യത്തിൽ അതും പഴയ വീഞ്ഞ് തന്നെ. തിലകനും നെടുമുടി വേണുവിനും പകരം മുകേഷ് അച്ഛൻ സ്ഥാനമേറ്റെടുത്തു എന്നതല്ലാതെ മറ്റൊരു പുതുമയും സംവിധായകന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടമാരെ കണ്ടെത്തുകയും, കഥാസന്ദർഭത്തിനു യോജിച്ച പശ്ചാത്തല സംഗീതം നൽകി എന്നത് മാത്രമാണ് സംവിധാനത്തിൽ മികവായി തോന്നിയത്. ഒരുപാട് മികച്ച കുടുംബചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാടിൽ നിന്നും കലാമൂല്യമുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നു.

സാങ്കേതികം: ⭐⭐⭐
തൃശൂർ നഗരത്തിന്റെ സമ്പന്നതയും തിരുപ്പൂർ ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഒപ്പിയെടുത്തുകൊണ്ടു എസ്.കുമാർ വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. ആദ്യ പകുതിയിലെ ‘നോക്കി നോക്കി നിന്ന്’ എന്ന പാട്ടിന്റെ ചിത്രീകരണം നിലവാരം പുലർത്തിയില്ലയെങ്കിലും, രണ്ടാം പകുതിയിലെ ‘പൂങ്കാറ്റേ’ എന്ന പാട്ടിന്റെ ചിത്രീകരണവും ‘നീലാകാശം’ എന്ന പാട്ടിന്റെ ചിത്രീകരണവും മികവ് പുലർത്തി. കെ. രാജഗോപാലാണ് രംഗങ്ങൾ കോർത്തിണക്കിയത്. സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം അവതരണ ശൈലിയിൽ തന്നെയാണ് രംഗങ്ങൾ സന്നിവേശം ചെയ്തിരിക്കുന്നത്. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങൾ ഒന്നും സിനിമയില്ലായെങ്കിലും, ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ് പല രംഗങ്ങളും കോർത്തിണക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട നാല് പാട്ടുകളാണ് സിനിമയിലുള്ളത്. അവയിൽ നജീം അർഷാദും സുജാതയും ആലപിച്ച നീലാകാശം എന്ന പാട്ടു മികവ് പുലർത്തി. രംഗങ്ങളുടെ പശ്ചാത്തല സംഗീതം നൽകിയതും വിദ്യാസാഗറാണ്. ഏറെ നാളുകൾക്കു ശേഷം വിദ്യാസാഗർ പശ്ചാത്തല സംഗീതം നിർവഹിച്ചതിൽ മികവ് പുലർത്തിയ സിനിമയാണിത്. അച്ഛൻ-മകൻ ആത്മബദ്ധം പ്രേക്ഷക ഹൃദയങ്ങളിൽ നൊമ്പരമുണർത്തിയതിനു പ്രധാന കാരണങ്ങളിൽ ഒന്ന് വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതമാണ്. പ്രശാന്ത് മാധവാണ് കലാസംവിധാനം നിർവഹിച്ചത്. നെയ്ത്തുകാരുടെ ഗ്രാമത്തിന്റെ കഥാപശ്ചാത്തലത്തിൽ ഒരുക്കിയ രംഗങ്ങളിൽ പലതും മറ്റേതോ സ്ഥലത്തു ചിത്രീകരിച്ചത് പോലെയാണ് തോന്നിയത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവ് പുലർത്തി. പാണ്ഡ്യനാണ് ചമയം നിർവഹിച്ചത്.

അഭിനയം: ⭐⭐⭐⭐
ജോമോൻ എന്ന കഥാപാത്രത്തെ നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ അത്യന്തം രസകരമായി ജോമോന്റെ കുസൃതികളെ ദുൽഖർ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ അച്ഛനോടുള്ള ആത്മബന്ധമുളവാക്കുന്ന രംഗങ്ങളും തന്മയത്വത്തോടെ ദുൽഖർ അഭിനയിച്ചിട്ടുണ്ട്. വിൻസെന്റ് എന്ന കഥാപാത്രമായി മുകേഷ് മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. മുകേഷ് നാളിതുവരെ അഭിനയിച്ചതിൽ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഈ സിനിമയിലെ വിൻസെന്റ് എന്ന അച്ഛൻ കഥാപാത്രം. തമിഴ് നടൻ മനോബാല തനിക്കു ലഭിച്ച വേഷം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ, ഇന്നസെന്റ്, ശിവജി ഗുരുവായൂർ, വിനു മോഹൻ, ഇർഷാദ്, ഗ്രിഗറി, നന്ദുലാൽ, വിനോദ് കെടാമംഗലം, ഐശ്വര്യ രാജേഷ്, അനുപമ പരമേശ്വരൻ, ഇന്ദു തമ്പി, മുത്തുമണി, രസ്ന പവിത്രൻ എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

വാൽക്കഷ്ണം: പറഞ്ഞു പഴകിയ സുവിശേഷങ്ങളടങ്ങുന്ന ജോമോന്റെ ജീവിത പാഠപുസ്തകത്തിൽ രസിപ്പിക്കുന്നതൊന്നുമില്ല.

സംവിധാനം: സത്യൻ അന്തിക്കാട്
നിർമ്മാണം: സേതു മണ്ണാർക്കാട്
രചന: ഇക്‌ബാൽ കുറ്റിപ്പുറം
ഛായാഗ്രഹണം: എസ്. കുമാർ
ചിത്രസന്നിവേശം: രാജഗോപാൽ
സംഗീതം: വിദ്യസാഗർ
ഗാനരചന: റഫീഖ് അഹമ്മദ്
കലാസംവിധാനം: പ്രശാന്ത് മാധവ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
ചമയം: പാണ്ഡ്യൻ
വിതരണം: കലാസംഘം ത്രൂ എവർഗ്രീൻ.

ആൻമരിയ കലിപ്പിലാണ് – ⭐⭐

ആസ്വാദ്യകരമായ കലിപ്പത്തരങ്ങൾ – ⭐⭐

ആൻ മരിയ കലിപ്പിലാണ്! ആൻ ആരോടാണ് എന്തിനാണ് കലിപ്പിലാകുന്നത്? അവൾ എങ്ങനെയാണ് കലിപ്പ് തീർക്കുന്നത്? പൂമ്പാറ്റയും ആൻ മരിയയും ഒന്നിക്കുന്നതെന്തിനാണ്? ആൻ മരിയയേ ഏയ്ഞ്ചൽ സഹായിക്കുമോ? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് മിഥുൻ മാനുവൽ തോമസ്‌ അണിയിച്ചൊരുക്കിയ ആൻ മരിയ കലിപ്പിലാണ് എന്ന സിനിമ.

കസബയ്ക്ക് ശേഷം ഗുഡ് വിൽ എന്റർറ്റെയിൻമെന്റ്സിന്റെ ബാനറിൽ ആലീസ് ജോർജ്‌ നിർമ്മിച്ചിരിക്കുന്ന ആൻ മരിയ കലിപ്പിലാണ് വിതരണം ചെയ്തിരിക്കുന്നത് പ്ലേയ്ഹൗസാണ്‌. ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. വിഷ്ണു ശർമ്മ ചായഗ്രഹണവും, ലിജോ പോൾ ചിത്രസന്നിവേശവും, ഷാൻ റഹ്മാൻ സംഗീതവും, സൂരജ് എസ്. കുറുപ്പ് പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം:⭐⭐⭐
പുതുതലമുറയിലെ കുട്ടികളുടെ ആഗ്രഹങ്ങളും അതിനുവേണ്ടി പ്രയത്നിക്കാനുള്ള അവരുടെ ഇച്ഛശക്തിയും പഴയതലമുറയിൽ നിന്നും വ്യത്യസ്ഥമാണ്. കുട്ടികളുടെ കാഴ്ചപ്പാടിൽ തന്നെ വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു. നീതി നിഷേധിക്കപ്പെടുമ്പോൾ കുട്ടികളും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. അതിനു അവർ സ്വീകരിക്കുന്ന വഴി അവരുടെ ചുറ്റുപാടിൽ നിന്നും സ്വയം മനസ്സിലാക്കിയെടുക്കുന്ന കാര്യങ്ങൾ വഴിയാണ്. കുട്ടികളുടെ ആഗ്രഹം നടക്കാതെ മനസ്സ് തളരുമ്പോൾ, അവരെ പ്രോത്സാഹിപ്പിക്കുവാൻ കെട്ടുകഥകളിലൂടെ ചില അദിർശ്യ ശക്തികളെ അവർക്കു മനസ്സിലാക്കികൊടുക്കാറുണ്ട്. കുട്ടികൾ അത് വിശ്വസിച്ചു ധൈര്യം സംഭരിച്ചു ആഗ്രഹം സാഫല്യത്തിനായി ഇറങ്ങിത്തിരിക്കും. അത്തരത്തിലുള്ള ഒരു പ്രമേയമാണ് മിഥുൻ മാനുവലിന്റെ ആൻ മരിയ കലിപ്പിലാണ് കൈകാര്യം ചെയ്യുന്ന വിഷയം.

തിരക്കഥ:⭐⭐
കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിച്ചു കണ്ടിരിക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായി സമന്വയിപ്പിച്ചാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ആദ്യ പകുതിയിലെ രംഗങ്ങൾ പലതും ആസ്വദിച്ചു കണ്ടിരിക്കാവുന്നതായിരുന്നു. കഥയിൽ പ്രാധാന്യമില്ലാത്തവയായിരുന്നു അവയിൽ ചിലതെന്ന് പിന്നീട് മനസ്സിലാകുന്നുണ്ട് എന്നത് ഒരു പോരായ്മയായി അനുഭവപ്പെടുന്നുണ്ട്. രണ്ടാം പകുതിയും ക്ലൈമാക്സും ആദ്യ പകുതിയേക്കാൾ വിശ്വസനീയമായിരുന്നു. വിശ്വസനീയതയുണ്ടെങ്കിലും പ്രവചിക്കാനാവുന്ന കഥാഗതിയിലൂടെ സിനിമ അവസാനിക്കുന്നു എന്നത് തിരക്കഥയുടെ മറ്റൊരു പോരായ്മയായി അവശേഷിക്കുന്നു. കൊച്ചു കൊച്ചു സന്ദേശങ്ങൾ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നത് അഭിനന്ദനം അർഹിക്കുന്നതാണ്‌. കുട്ടികളുടെ മനസ്സ് കാണാൻ സമയമില്ലാത്ത മാതാപിതാക്കളുടെ ജോലിത്തിരക്കുകളും, കുട്ടികളുടെ ആഗ്രഹങ്ങൾ നടത്തികൊടുക്കാത്ത അച്ഛനമ്മമാരുടെ പിടിവാശികളും മികച്ച കഥാസന്ദർഭങ്ങളിലൂടെ തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആസ്വാദനത്തിനുള്ള കഥാസന്ദർഭങ്ങൾ എഴുതിവന്നപ്പോൾ ജോണും മിഥുനും വിശ്വസനീയത എന്ന വസ്തുത മറന്നു എന്നതാണ് ഈ സിനിമയുടെ ന്യൂനത.

സംവിധാനം:⭐⭐
രസകരമായ അവതരണത്തിലൂടെ കുടുംബങ്ങളുടെയും കുട്ടികളുടെയും കയ്യടി നേടുവാൻ മിഥുനും കൂട്ടർക്കും സാധിച്ചു. ആൻ മരിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സാറ അർജുനെ തിരഞ്ഞെടുത്തതു തന്നെയാണ് ഈ സിനിമയുടെ വിജയത്തിന് കാരണം. ആദ്യ രംഗം മുതൽ കഥാവസാനം വരെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള രീതിയിലാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പക്ഷെ, ആസ്വാദ്യകരമായ അവതരണ രീതി സ്വീകരിച്ചപ്പോൾ പല രംഗങ്ങളും കൃത്രിമത്വം നിറഞ്ഞതായി അനുഭവപെട്ടു. ആദ്യ പകുതിയിലെ പല രംഗങ്ങളും തമാശക്ക് വേണ്ടി അവതരിപ്പിച്ചതുപോലെ അനുഭവപെട്ടു. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്നും മോശമായ പെരുമാറ്റമുണ്ടാകുന്ന കുട്ടികൾ അവരുടെ മാതാപിതാക്കളോട് തുറന്ന് പറയാതെ എല്ലാം സഹിക്കുന്നു എന്നതൊക്കെ അവിശ്വസനീയമായി തോന്നി. ദുൽഖർ സൽമാന്റെ അതിഥി വേഷം മികവു പുലർത്തിയെങ്കിലും ഒരു മാലാഖയെപോലെ ആൻ മരിയക്ക് ധൈര്യം പകരുന്നതിനു വേണ്ടി ക്ലൈമാക്സിൽ വരുന്നത്‌ അത്ര വിശ്വസനീയമായി തോന്നിയില്ല. അതിനു പ്രധാന കാരണം ദുൽഖറിന്റെ കഥാപാത്രത്തിനു വ്യക്തതയില്ലാത്തതുകൊണ്ടാണ്. ആട് ഒരു ഭീകര ജീവിയുമായി താരതമ്യം ചെയ്യുമ്പോൾ, സംവിധായകൻ എന്ന നിലയിൽ മിഥുൻ മാനുവൽ തോമസ്‌ ഒരുപടി മുന്നിലായി.

സാങ്കേതികം:⭐⭐⭐
ഓരോ രംഗങ്ങളും കളർഫുള്ളാക്കുവാൻ വിഷ്ണു ശർമ്മയ്ക്ക് സാധിച്ചു. ആൻ മരിയയുടെ സ്‌കൂളും വീടും കക്കാടൻ മലയും തുടങ്ങി ഈ സിനിമയിലെ ഒട്ടുമിക്ക എല്ലാ ലോക്കേഷനുകളും കഥയോട് നീതിപുലത്തുന്നവയായിരുന്നു. ഹാസ്യത്തിന് വേണ്ടി ചിത്രീകരിച്ച ഒന്ന് രണ്ടു രംഗങ്ങൾ ഒഴിവാക്കാമായിരുന്നു എന്നത് മാത്രമാണ് ഒരു കല്ലുകടിയായി തോന്നിയത്. ലിജോ പോളിന്റെ ചിത്രസന്നിവേശം വേണ്ടത്ര മികവു പുലർത്തിയില്ല. ആദ്യ പകുതിയിലെ പലയിടങ്ങളിലും ഇഴച്ചിൽ അനുഭവപെട്ടു. കാർട്ടൂൺ രംഗങ്ങൾ ഉൾപെടുത്തിയതൊക്കെ കുട്ടികൾക്ക് വേണ്ടി മാത്രമാണ് എന്നത് വ്യകതമാണ്. പിന്നീടങ്ങോടു കാർട്ടൂൺ അവതരണ രീതി കണ്ടതുമില്ല. മനു മഞ്ചിത് എഴുതി ഷാൻ റഹ്മാൻ ഈണമിട്ട ഒരേയൊരു പാട്ട് മാത്രമാണ് ഈ സിനിമയിലുള്ളത്. ഒരു വട്ടം കേട്ട് മറക്കാം എന്നതിനുമപ്പുറം സവിശേഷതയൊന്നും ആ പാട്ടിനില്ല. സൂരജ് എസ്.കുറുപ്പിന്റെ പശ്ചാത്തല സംഗീതം മികവു പുലർത്തി. ഓരോ രംഗങ്ങളും ആസ്വാദ്യകരമാക്കുവാൻ സൂരജിന്റെ പശ്ചാത്തല സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്. മെഡിക്കൽ ക്യാമ്പ് ഒരുക്കിയ സെറ്റുകൾ കൃത്രിമത്വം തോന്നി എന്നതൊഴികെ ത്യാഗുവിന്റെ കലാസംവിധാനം മോശമായില്ല. സ്റ്റെഫി സേവ്യറിന്റെ വസ്ത്രാലങ്കാരം മികവു പുലർത്തി.

അഭിനയം:⭐⭐⭐
ആൻ മരിയ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ സാറാ അർജുന് സാധിച്ചു. മറ്റൊരു ബാലതാരത്തെയും സങ്കൽപ്പിക്കാൻ പോലും സാധിക്കാത്തവിധത്തിൽ അഭിനയിച്ചു കയ്യടി നേടുവാൻ സാറയ്ക്കു കഴിഞ്ഞു. ബേബിച്ചായൻ എന്ന കഥാപാത്രത്തെ സിദ്ദിക്ക് അനശ്വരമാക്കി. ദുൽഖർ സൽമാന്റെ അതിഥി വേഷം കുട്ടികളെ രസിപ്പിച്ചുവെങ്കിലും ഈ സിനിമയ്ക്ക് വലിയ ഗുണം ചെയ്തിട്ടില്ല. സണ്ണി വെയ്‌നും അജു വർഗീസും അവരവരുടെ കഥാപാത്രങ്ങളെ മോശമാക്കാതെ അവതരിപ്പിച്ചു. വില്ലൻ വേഷത്തിലെത്തിയ ജോൺ കൈപ്പള്ളിൽ എന്ന നടന്റെ അഭിനയം മികവു പുലർത്തി. സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്, അഞ്ജലി അനീഷ്‌, വിജയകുമാർ, ധർമജൻ, സേതുലക്ഷ്മി, ബിജുക്കുട്ടൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: കലിപ്പ് മരിയയെയും പൂമ്പാറ്റ ഗിരീഷിനെയും എയ്ഞ്ചലിനെയും കണ്ട കുട്ടികളും കുടുംബങ്ങളും ഹാപ്പിയാണ്!

സംവിധാനം: മിഥുൻ മാനുവൽ തോമസ്‌
നിർമ്മാണം: ആലീസ് ജോർജ്
ബാനർ: ഗുഡ് വിൽ എന്റർറ്റെയിൻമെന്റസ്
രചന: ജോൺ മന്ത്രിക്കൽ, മിഥുൻ മാനുവൽ
ചായാഗ്രഹണം: വിഷ്ണു ശർമ്മ
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: മനു മഞ്ചിത്
പശ്ചാത്തല സംഗീതം: സൂരജ് എസ്.കുറുപ്പ്
കലാസംവിധാനം: ത്യാഗു തവന്നൂർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
ചമയം: റോണക്സ്‌ സേവ്യർ
വിതരണം: പ്ലേയ്ഹൗസ് റിലീസ്.

കമ്മട്ടിപ്പാടം – ⭐⭐

image

ദി റിയൽ റെഡ് ബ്ലഡ്‌ ഷെഡ്‌! – ⭐⭐

“അക്കാണും മാമാലയോന്നും
നമ്മുടെതല്ലെന്മകനെ
ഇക്കായാൽ കയവും കരയും
ആരുടെയുമല്ലെൻ മകനേ!” – അൻവർ അലി

കമ്മട്ടിപ്പാടത്ത് ജീവിച്ചു മരിച്ച ഒരുപറ്റം ചങ്കൂറ്റമുള്ളവരുടെ ചോരയുടെ മണമുണ്ട് ഇന്ന് കാണുന്ന കൊച്ചി എന്ന മഹാനഗരത്തിന്. ആ മഹാനഗരം അന്നും ഇന്നും കമ്മട്ടിപ്പാടത്തുകാരുടെയല്ല.

എറണാകുളം ജില്ലയിലെ സൗത്ത്  കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാന്റിനു സമീപമുള്ള റെയിൽ പാളത്തിനടുത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് കമ്മട്ടിപ്പാടം. അവിടെ ജനിച്ചു വളർന്ന ബാലനും കൃഷ്ണനും ഗംഗയും ഇന്ന് ജീവനോടെയുണ്ടോ എന്നുപോലുമറിയില്ല. ഗുണ്ടകൾ അഥവാ ക്വട്ടേഷൻ സംഘങ്ങൾ എന്നാണ് ഇവർ അറിയപെട്ടിരുന്നത്. ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ ക്വട്ടേഷൻ സംഘങ്ങളാകം ബാലനും കൃഷ്നനും ഗംഗയും. ഇവരുടെ ജീവിതകഥ വെള്ളിത്തിരയിൽ എത്തിച്ചത് രാജീവ്‌ രവിയാണ്. കമ്മട്ടിപ്പാടം സിനിമയിൽ കൃഷ്ണനായി ദുൽഖർ സൽമാനും, ഗംഗയായി വിനായകനും, ബാലനായി പുതുമുഖം മണികണ്ഠനും അഭിനയിച്ചിരിക്കുന്നു.

ലോർഡ്‌ ലിവിംഗ്സ്റ്റൺ 7000 കണ്ടി എന്ന സിനിമയ്ക്ക് ശേഷം ഗ്ലോബൽ യുണൈറ്റഡ്‌ മീഡിയയുടെ ബാനറിൽ പ്രേം മേനോൻ നിർമ്മിച്ച കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനാണ്. മധു നീലകണ്ഠൻ ചായഗ്രഹണവും, ബി.അജിത്കുമാർ ചിത്രസന്നിവേശവും, നാഗരാജ്-ഗോകുൽദാസ് എന്നിവർ കലാസംവിധാനവും, റോഷൻ മേയിക്കപ്പും, ജോൺ വർക്കി കെ(കൃഷ്ണകുമാർ)എന്നിവർ പശ്ചാത്തല സംഗീത സംവിധാനവും പാട്ടുകളുടെ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐⭐
അധോലോക സംഘങ്ങൾ തമ്മിലുള്ള പകപോക്കൽ പ്രമേയമാക്കിയുള്ള ഒട്ടനവധി സിനിമകൾ ഇന്ത്യയിലെ പല ഭാഷകളിലായി സിനിമയാക്കിയിട്ടുണ്ട്. മലയാള സിനിമയിലും ഇത്തരത്തിലുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരു നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഒരു സ്ഥലവും അവിടെ നിലകൊണ്ടിരുന്ന ഗുണ്ടാസംഘങ്ങൾ ആ നഗരത്തിന്റെ വളർച്ചയുടെ ഭാഗമായിരുന്നു എന്നും പ്രേക്ഷകർക്ക്‌ മനസ്സിലാക്കികൊടുത്ത കഥയുള്ള ഒരു സിനിമ ഇതാദ്യം. സംവിധായകൻ രാജിവ് രവിയാണ് കമ്മട്ടിപ്പാടത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഒരു കഥ എന്നതിലുപരി കഥാപാത്രങ്ങളുടെ ജീവിതത്തിലെ പല കാലഘട്ടങ്ങൾ കാണിച്ചുതരുന്ന ഒരു സിനിമയാണിത്.

തിരക്കഥ: ⭐⭐
ഉള്ളടക്കം എന്ന കമൽ-മോഹൻലാൽ സിനിമ, പവിത്രം എന്ന ടി.കെ.രാജീവ്കുമാർ-മോഹൻലാൽ സിനിമ, വി.കെ.പ്രകാശിന്റെ ആദ്യ മലയാള സിനിമ പുനരധിവാസം എന്നീ സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ട് സിനിമയിലെത്തിയ പി.ബാലചന്ദ്രൻ പിന്നീട് അഭിനയ മേഘലയിലേക്ക് കടന്നു. അദ്ദേഹം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും രചിച്ച തിരക്കഥയാണ് ഈ സിനിമയുടേത്. കമ്മട്ടിപ്പാടത്ത് ജീവിച്ചിരുന്ന കഥാപാത്രങ്ങളെ ഇത്രയും സൂക്ഷ്മതയോടെ പിന്തുടർന്ന് എഴുതിയതാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു. അവരുടെ സംഭാഷണ രീതിയും തനതായ കൊച്ചി ശൈലിയും എല്ലാം കൃത്യമായി സംഭാഷണങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട്. കഥയ്ക്ക് പകരം കഥാപാത്രങ്ങൾ മുൻപോട്ടു നയിക്കുന്ന ഒരു സിനിമയാണിത്. അതുകൊണ്ട് എന്തിനാണ് ഓരോ കഥാപാത്രത്തിന്റെയും വിശദാംശങ്ങളിലേക്ക് ഇത്രയുമധികം കടന്നു ചെന്നത്? കൃഷ്ണന്റെ ബോംബയിലുള്ള ജോലിയും സുഹൃത്തുക്കളും ജയിലിലെ വഴക്കുകൾ എന്നിവയെല്ലാം അനാവശ്യമായി തിരക്കഥയിൽ ഉൾപ്പെടുത്തി സിനിമയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. ഗംഗയെ അന്വേഷിച്ചുള്ള യാത്രയിൽ കൃഷ്ണൻ തന്റെ ബാല്യകാല സംഭവങ്ങൾ ഓർക്കുന്നതായി തിരക്കഥയിലുണ്ട്. കൃഷ്ണന്റെ ബാല്യകാലവും, ഗംഗയും ബാലൻ ചേട്ടനും മറ്റു സുഹൃത്തുക്കളും അടങ്ങുന്ന കമ്മട്ടിപാടത്തെ കാഴ്ചകൾ ഒരുപാട് വലിച്ചുനീട്ടിയതായി തോന്നി. സിനിമയുടെ പ്രമേയവും കഥയും കമ്മട്ടിപ്പാടം എന്ന സ്ഥലത്തിലെ ക്വട്ടേഷൻ സംഘങ്ങളുടെ ഉത്ഭവം എങ്ങനെയായിരുന്നു എന്നായിരുന്നു എങ്കിൽ കുഴപ്പമില്ലായിരുന്നു. സുഹൃത്തിനെ അന്വേഷിച്ചുള്ള യാത്രയ്ക്ക് കൂടുതൽ പ്രാധാന്യം നൽക്കേണ്ടതായിരുന്നു. പ്രവചിക്കാനവുന്ന കഥാഗതിയും ട്വിസ്റ്റുകളും പ്രേക്ഷകരെ ത്രസിപ്പിക്കുന്നില്ല.

സംവിധാനം: ⭐⭐
അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ സിനിമകൾ പോലെ കമ്മട്ടിപ്പാടവും യാഥാർത്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ്. കഥാപാത്രങ്ങൾക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തിയതിൽ രാജീവ് രവി അഭിനന്ദനം അർഹിക്കുന്നു. സാങ്കേതികത്തികവോടെ അഭിനയമികവോടെ കമ്മട്ടിപ്പാടം അവതരിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞു. പക്ഷെ, പതിഞ്ഞ താളത്തിലുള്ള കഥയുടെ അവതരണം പ്രേക്ഷകരെ ബോറടിപ്പിച്ചു. ഇത്രയും ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയുടെ അവശ്യം എന്തെന്ന് മനസ്സിലാകുന്നില്ല. പ്രവചിക്കാനവുന്ന കഥാസന്ദർഭങ്ങളെ അതിശയോക്തിയില്ലാതെ അവതരിപ്പിച്ചു എന്നത് മാത്രമാണ് ഇതിലെ സംവിധാന മികവ്. വേഗതയോടെ ഈ സിനിമ അവതരിപ്പിക്കാതിരുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സാങ്കേതികം: ⭐⭐⭐
അന്നയും റസൂലും എന്ന സിനിമയിലൂടെ ചായഗ്രഹണത്തിനു സംസ്ഥാന അംഗീകാരം നേടിയ മധു നീലകണ്ഠൻ ഒരിക്കൽ കൂടി തന്റെ കഴിവ് തെളിയിചിരിക്കുകയാണ്. ഗംഭീരമായ ചായഗ്രഹണത്തിലൂടെ സംവിധായകന്റെ മനസ്സിലെ ആശയം പ്രേക്ഷകരിലേക്ക് നൽക്കുവാൻ മധു നീലകണ്ഠനു സാധിച്ചു. കുനാൽ ശർമ്മയുടെ ശബ്ദമിശ്രണവും, ജോൺ വർക്കിയുടെ പശ്ചാത്തല സംഗീതവും മധു നീലകണ്ഠൻ പകർത്തിയ ദൃശ്യങ്ങളുടെ മാറ്റുക്കൂട്ടുന്നു. കൊച്ചിയുടെ ഇരുണ്ടമുഖവും ഭീകരതയും പഴയ കാലഘട്ടവും പുതിയ കാലഘട്ടവും ഒരുക്കിയ കലാസംവിധായകരായ നാഗരാജും ഗോകുൽ ദാസും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അതുപോലെ, മൂന്ന് കാലഘട്ടങ്ങളിൽ വന്നു പോകുന്ന കഥാപാത്രങ്ങളുടെ മേയിക്കപ്പ് മികവു പുലർത്തി. ഈ സവിശേഷതകൾക്ക് കല്ലുകടിയായി അനുഭവപെട്ടത്‌ ബി. അജിത്‌കുമാർ നിർവഹിച്ച രംഗങ്ങളുടെ സന്നിവേശമാണ്. അനാവശ്യമായി വലിച്ചുനീട്ടിയ ഒരുപാട് രംഗങ്ങൾ ഈ സിനിമയിലുണ്ട്. കഥാപാത്രങ്ങളുടെ സ്വഭാവ വിവരണത്തിനായി സമയം കളഞ്ഞത്‌ സിനിമാസ്വാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 3 മണിക്കൂറോളം ദൈർഘ്യമുള്ള ഈ സിനിമയിലെ പല രംഗങ്ങളും കഥയിൽ യാതൊരു അവശ്യവുമില്ലാത്തതാണെന്ന് നിസംശയം പറയാം. അതുകൊണ്ട് പല രംഗങ്ങളും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ് അനുഭവപെട്ടത്‌. ഈ സിനിമയുടെ പ്രധാന ന്യൂനതകളിൽ ഒന്നായിമാറി ബി.അജിത്കുമാറിന്റെ ചിത്രസന്നിവേശം.

അഭിനയം: ⭐⭐⭐⭐
ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ, അനിൽ നെടുമങ്ങാട്, സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, അലൻസിയാർ, പി.ബാലചന്ദ്രൻ, വിനയ് ഫോർട്ട്‌, സിദ്ധാർഥ്, ശ്രീനാഥ് ചന്ദ്രൻ, ഗണപതി, ഷോൺ റോമി, അമാൽദ ലിസ്, മുത്തുമണി, അഞ്ജലി അനീഷ്‌ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. ഓരോ അഭിനേതാക്കളും കഥാപാത്രങ്ങളായി ജീവിക്കുകയാണെന്ന് തോന്നിയ സിനിമയാണിത്. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ഏറ്റവും ഒടുവിലത്തെ നടനാണ്‌ മണികണ്ഠൻ. ബാലൻ എന്ന ഗുണ്ടയുടെ വേഷത്തിൽ അഭിനയിപ്പിക്കുവാൻ ഇതിലും മികച്ച ഒരു നടനെ കണ്ടെത്തുവാനാകില്ല. സംഭാഷണങ്ങൾ ഇല്ലാത്ത രംഗങ്ങളിൽ പോലും ചിരികൊണ്ടും മൂളലുകൾകൊണ്ടും നോട്ടങ്ങൾകൊണ്ട് പോലും അഭിനയിച്ചിട്ടുണ്ട് ഈ പുതുമുഖ നടൻ. ഗംഗ എന്ന കഥാപാത്രമായി വിനായകനും നാളിതുവരെയുള്ള ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങൾ ഈ സിനിമയിലൂടെ കാഴ്ചവെച്ചു. കൃഷ്ണനായി ദുൽഖർ സൽമാനും, സുരേന്ദ്രനാശാനായി അനിൽ നെടുമങ്ങാടും കഥാപാത്രങ്ങളോട് നൂറ്  ശതമാനം നീതി പുലർത്തുന്ന രീതിയിൽ അഭിനയിച്ചു. ഇവരെ കൂടാതെ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പുതുമുഖ നടീനടന്മാർ പോലും അവരവരുടെ രംഗങ്ങൾ മികവുറ്റതാക്കി. ഏവർക്കും അഭിനന്ദനങ്ങൾ!

വാൽക്കഷ്ണം: ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന മഹാനഗരത്തിന്റെ ചുവന്ന മുഖം!

കഥ, സംവിധാനം: രാജീവ്‌ രവി
തിരക്കഥ: പി.ബാലചന്ദ്രൻ
നിർമ്മാണം: പ്രേം മേനോൻ
ചായാഗ്രഹണം: മധു നീലകണ്ഠൻ
ചിത്രസന്നിവേശം: ബി. അജിത്കുമാർ
ഗാനരചന: അൻവർ അലി
സംഗീതം: കെ., ജോൺ വർക്കി, വിനായകൻ
കലാസംവിധാനം: നാഗരാജ്, ഗോകുൽ ദാസ്
മേയിക്കപ്പ്: റോഷൻ
വസ്ത്രാലങ്കാരം: ശുഭ്ര അൻസൂൽ, മഷർ ഹംസ
ശബ്ദമിശ്രണം: കുനാൽ ശർമ്മ
സിങ്ക് സൗണ്ട്: രാധാകൃഷ്ണൻ
വിതരണം: സെഞ്ച്വറി ഫിലിംസ്.

കലി -⭐⭐

image

കലി തുള്ളും യുവത്വം -⭐⭐

“കലി എല്ലാവരിലുമുണ്ട്! കലി തോന്നേണ്ട വ്യക്തിയോട് തോന്നേണ്ട സമയത്ത് തോന്നേണ്ട അളവിൽ തോന്നേണ്ട കാരണത്താൽ തോന്നേണ്ട രീതിയിൽ തോന്നുക എന്നത് എല്ലാവർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യമല്ല.” – അരിസ്റ്റോട്ടിൽ, ഗ്രീക്ക് ഫിലോസഫർ.

ഹാൻഡ്‌ മെയിഡ് ഫിലിംസിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്‌, ആഷിക് ഉസ്മാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്‌, സമീർ താഹിർ സംവിധാനം നിർവഹിച്ച സിനിമയാണ് കലി. നവാഗതനായ രാജേഷ്‌ ഗോപിനാഥനാണ് കലിയുടെ കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ എഴുതിയിരിക്കുന്നത്. ഗിരീഷ്‌ ഗംഗാധരൻ ചായഗ്രഹണവും, വിവേക് ഹർഷൻ ചിത്രസന്നിവേശവും, ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

സിദ്ധാർഥ്-അഞ്ജലി (ദുൽഖർ സൽമാൻ-സായ് പല്ലവി) ദമ്പതികൾ പ്രണയിച്ചു വിവാഹം കഴിച്ചു ഒന്നിച്ചു ജീവിക്കുന്നവരാണ്. ചെറിയ കാര്യങ്ങൾക്ക് പോലും ക്ഷുഭിതനാകുന്ന  പ്രകൃതമാണ് സിദ്ധാർഥന്റെത്‌. ഈ മുൻകോപം കാരണം സ്വകാര്യ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന വ്യക്തിയാണ് സിദ്ധാർഥ്. ഒരിക്കൽ സിദ്ധാർഥ്-അഞ്ജലി ദമ്പതികൾ കൊച്ചിയിൽ നിന്ന് മസനഗുടിയിലേക്ക് യാത്രപോകുന്നു. ആ യാത്രയിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

പ്രമേയം: ⭐⭐
ഏതൊരു വ്യകതിയുടെയും സ്വഭാവ രൂപികരണം അയാളുടെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് ഉണ്ടാകുന്നത് എന്ന വസ്തുത ശരിയാണ്. ചിലരിൽ ചില വികാരങ്ങൾ ജന്മനാൽ തന്നെ ഉണ്ടാകുവാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള വികാരങ്ങൾ സാധാരണ അളവിനേക്കാൾ കൂടുതൽ ചിലരിൽ കാണപെടുന്നു. മുൻകോപികളായ യുവാക്കൾ പക്വതയില്ലാതെ പെരുമാറുന്നതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നത് അവരുടെ കുടുംബങ്ങൾ ആയിരിക്കാം. കലി എന്ന സിനിമയിലൂടെ രാജേഷ്‌ ഗോപിനാഥനും സമീർ താഹിറും ചർച്ചചെയ്യുന്ന പ്രമേയവും ഇതു തന്നെയാണ്.

തിരക്കഥ: ⭐⭐
രാജേഷ്‌ ഗോപിനാഥൻ രചന നിർവഹിക്കുന്ന ആദ്യ സിനിമയാണ് കലി. സിദ്ധാർത്തിന്റെ മുൻകോപവും പക്വതയില്ലാത്ത എടുത്തുചാട്ടവും അയാളുടെ സ്വകാര്യ-ഔദ്യോഗിക ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ ആദ്യ പകുതി. ഒരു ദൂര യാത്രക്കിടയിൽ സിദ്ധാർഥും അഞ്ജലിയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ രണ്ടാം പകുതി. രണ്ടാം പകുതിയിലെ ചില സന്ദർഭങ്ങൾ അവിശ്വസനീയമായി അനുഭവപെട്ടു. ഒരൽപം ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും ചേർന്നപ്പോൾ അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്ന രീതിയിലായി. ഒരുപാട് പ്രതീക്ഷകളോടെ കാത്തിരുന്ന പ്രേക്ഷകർക്ക്‌ നിരാശ നൽകുന്ന സന്ദർഭങ്ങളിലൂടെ കഥ അവസാനിക്കുന്നു. എന്നിരുന്നാലും ഈ സിനിമയിലൂടെ പറയുന്ന പ്രമേയവും, ത്രസിപ്പിക്കുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷർക്കു ഒരു വ്യതസ്ത അനുഭവം നൽക്കുന്നു.

സംവിധാനം: ⭐⭐⭐
ചാപ്പ കുരിശ്, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇഷാ(5 സുന്ദരികൾ)എന്നീ സിനിമകൾക്ക്‌ ശേഷം സമീർ താഹിർ സംവിധാനം ചെയ്ത സിനിമയാണ് കലി. യുവാക്കളുടെ സ്വഭാവത്തിലെ രോഷവും ഒന്ന് പറഞ്ഞാൽ രണ്ടിന് വഴക്കിനു പോകുന്ന പ്രകൃതവും കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ കൃത്രിമത്വമില്ലാത്ത കഥാസന്ദർഭങ്ങളിലൂടെ ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുവാൻ സമീർ താഹിറിന് സാധിച്ചു. മുൻകോപവും രോഷവും എടുത്തുചാട്ടവും വരുത്തിവെയ്ക്കുന്ന പ്രശ്നങ്ങളും അതിനെ അതിജീവിക്കുന്ന വഴികളും സാങ്കേതിക മികവോടെ കഴിവുള്ള അഭിനേതാക്കളുടെ സഹായത്തോടെ അവതരിപ്പിക്കുവാൻ കഴിഞ്ഞത് സിനിമയ്ക്ക് ഗുണം ചെയ്തു. ആദ്യപകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും ഇഴഞ്ഞുനീങ്ങുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയിലെത്തുമ്പോൾ വേഗത കൈവരിക്കുന്ന രംഗങ്ങൾ ത്രസിപ്പിക്കുന്നതാകുന്നു. ശരാശരി നിലവാരം മാത്രമുള്ള ഒരു തിരക്കഥയെ ശരാശരിയ്ക്ക് മുകളിലെത്തിക്കുവാൻ സാധിച്ചത് സംവിധാന മികവു ഒന്നുകൊണ്ടു മാത്രമാണ്.

സാങ്കേതികം: ⭐⭐⭐
ഗിരീഷ്‌ ഗംഗാധരൻ പകർത്തിയ മനോഹരമായ വിഷ്വൽസ് സിനിമയുടെ മുതൽക്കൂട്ടാണ്. ആ വിഷ്വൽസിനെ  വേഗതയോടെ സന്നിവേശം ചെയ്തുകൊണ്ട് വിവേക് ഹർഷനും മികവു പുലർത്തി. കഥയിൽ പ്രാധാന്യമില്ലാത്ത  രംഗങ്ങൾ ഒന്നും തന്നെയില്ല ഈ സിനിമയിൽ. ഓരോ രംഗങ്ങൾക്കും അനിയോജ്യമായ സംഗീതം നൽകി പ്രേക്ഷകരെ ത്രസിപ്പിക്കുവാൻ ഗോപി സുന്ദറിനും കഴിഞ്ഞു. കലാസംവിധാനം നിർവഹിച്ചത് ഗോകുൽ ദാസാണ്. റോണക്സ്‌ സേവ്യർ മേയ്ക്കപ്പും ഹഷാർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.

അഭിനയം: ⭐⭐⭐
സിദ്ധാർഥ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ ദുൽഖർ സൽമാന് സാധിച്ചു. വലിയ അഭിനയ സാധ്യതകളൊന്നും അവകാശപെടാനില്ലാത്ത കഥാപാത്രമാണെങ്കിലും കലിയുള്ള യുവാവായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്ന രീതിയിൽ ദുൽഖർ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ തരംഗം സൃഷ്‌ടിച്ച മലർ എന്ന കഥാപാത്രത്തിന് ശേഷം സായ് പല്ലവി നായികയാവുന്ന സിനിമയാണ് കലി. മലയാള ഉച്ചാരണം അവ്യക്തമായിരുന്നു എന്നതൊഴികെ അഞ്ജലിയായി തിളങ്ങുവാൻ സായ് പല്ലവിക്ക് സാധിച്ചു. ഈ സിനിമയിൽ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ച നടനാണ്‌ ചെമ്പൻ വിനോദ് ജോസ്. ചക്കര എന്ന വില്ലൻ കഥാപാത്രത്തെ അമിതാഭിനയം കാഴ്ചവെയ്ക്കാതെ  വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുവാൻ ചെമ്പന് കഴിഞ്ഞു.  ഒരു ഗൂണ്ടയുടെ വേഷത്തിലും ഭാവത്തിലും വിനായകനും നല്ല അഭിനയം കാഴ്ചവെച്ചു. ഇവരെ കൂടാതെ സൗബിൻ ഷാഹിർ, കുഞ്ചൻ, ദിനേശ് പണിക്കർ, വനിത കൃഷ്ണചന്ദ്രൻ, അഞ്ജലി ഉപാസന എന്നിവരുമുണ്ട് ഈ സിനിമയിൽ.

വാൽക്കഷ്ണം: ഇന്നത്തെ തലമുറയിലെ പക്വതയില്ലാത്ത അക്ഷമരായ യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ.

സംവിധാനം: സമീർ താഹിർ
നിർമ്മാണം: സമീർ താഹിർ, ഷൈജു ഖാലിദ്‌, ആഷിക് ഉസ്മാൻ
രചന: രാജേഷ്‌ ഗോപിനാഥൻ
ചായാഗ്രഹണം: ഗിരീഷ്‌ ഗംഗാധരൻ
ചിത്രസന്നിവേശം: വിവേക് ഹർഷൻ
സംഗീതം: ഗോപി സുന്ദർ
കലാസംവിധാനം: ഗോകുൽ ദാസ്
വസ്ത്രാലങ്കാരം: ഹഷാർ ഹംസ
മേയ്ക്കപ്പ്: റോണക്സ്‌ സേവ്യർ
വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്.