ഗപ്പി – ⭐⭐⭐

നന്മയുള്ള ഗപ്പി – ⭐⭐⭐

ഗപ്പി ഒരു അലങ്കാര മത്സ്യമാണ് എന്ന് ഏവർക്കുമറിയാം. അവയെല്ലാം വരകളും പൊട്ടുകളുമായി വർണ്ണഭംഗിയോടെ കാണപെടുന്നു. ഗപ്പിയെ വളർത്തുന്ന, ഗപ്പി എന്ന് വിളിപേരുള്ള മിഖായേൽ എന്ന കൗമാരക്കാരന്റെ കഥയാണ് നവാഗതനായ ജോൺ പോൾ ജോർജ് സംവിധാനം നിർവഹിച്ച ഗപ്പി എന്ന സിനിമ. കാലുകൾ തളർന്ന പോയ അമ്മയ്ക്ക് ഒരു വീൽചെയർ വാങ്ങണമെന്ന ജീവിതലക്ഷ്യവുമായി ജീവിക്കുന്ന ഗപ്പിയുടെ മുമ്പിൽ പ്രതിസന്ധികൾ ഏറെയാണ്. അതെല്ലാം മറികടന്നു ലക്ഷ്യത്തിലെത്തുമ്പോൾ അവനു പലതും നഷ്ടമാകുന്നു. നൊമ്പരമുണർത്തുന്ന ഹൃദയസ്പർശിയായ ഒട്ടനവധി മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് ഗപ്പി.

സംവിധായകൻ ജോൺ പോൾ ജോർജ് തന്നെയാണ് ഗപ്പിയുടെ രചന നിർവഹിച്ചത്. കലി എന്ന സിനിമയ്ക്ക് ശേഷം ഗിരീഷ്‌ ഗംഗാധരൻ ചായാഗ്രഹണം നിർവഹിച്ച ഗപ്പിയുടെ രംഗങ്ങൾ കോർത്തിണക്കിയത് ദിലീപ് ഡെന്നീസാണ്. വിഷ്ണു വിജയ്‌ ആണ് സംഗീതവും പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചത്. മുകേഷ് ആർ. മേത്ത, എ.വി.അനൂപ്‌, സി.വി.സാരഥി എന്നിവർ ചേർന്നാണ് ഗപ്പി നിർമ്മിച്ചിരിക്കുന്നത്.

പ്രമേയം: ⭐⭐
സംഭവബഹുലമായ ഒരു കഥ എന്നതിലുപരി മിഖായിലിന്റെയും തേജസ് വർക്കിയുടെയും ആ കടലോര പ്രദേശത്തെ നിവാസികളുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളും സന്താപങ്ങളുമാണ് ഗപ്പി എന്ന സിനിമയുടെ പ്രമേയവും കഥയും. ആത്മബദ്ധത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യം മനസ്സിലാക്കികൊടുക്കുന്ന കൊച്ചു കൊച്ചു സന്ദേശങ്ങളും ഈ സിനിമയിലൂടെ കുട്ടികളിലേക്കെത്തുന്നു. നന്മയുള്ള ഒരു കൊച്ചു സിനിമയാണ് ഗപ്പി.

തിരക്കഥ: ⭐⭐⭐
ബന്ധങ്ങളുടെ കെട്ടുപാടിൽ നമ്മളെല്ലാവരും തോറ്റുപോകുന്നവരാണ്. ഒരുപാട് നാളുകൾക്കു ശേഷം അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളിലൂടെ എഴുതിയിരിക്കുന്ന സിനിമയാണ് ഗപ്പി. ശത്രുതയിലൂടെ സൗഹൃദത്തിലെത്തുന്ന ഗപ്പിയും തേജസ് വർക്കിയും തമ്മിലുള്ള ബന്ധവും ആഴത്തിൽ പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനംപിടിക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തതയുണ്ട് അവർക്കും ഓരോ കഥകളുണ്ട്. ഓരോ കഥാപാത്രങ്ങളും ചെയ്യുന്ന കർമ്മത്തിനു അവരവരുടെ ന്യായങ്ങളുണ്ട്. പ്രവചിക്കാനവുന്ന കഥാസന്ദർഭങ്ങളാണെങ്കിലും സംഭാഷണങ്ങളിലെ പുതുമ പ്രേക്ഷകരെ രസിപ്പിച്ചു. ഇനിയും ഇതുപോലെ നല്ല മുഹൂർത്തങ്ങളുള്ള തിരക്കഥകൾ എഴുതുവാൻ ജോൺ പോൾ ജോർജിന് സാധിക്കട്ടെ.

സംവിധാനം: ⭐⭐⭐
ഒരു പുതുമുഖ സംവിധായകന്റെ പരിചയക്കുറവൊന്നും ജോൺ പോൾ ജോർജിലില്ല. സിനിമ കാണുന്ന പ്രേക്ഷകരെ ഒരുപിടി നല്ല കാഴ്ചകളിലൂടെ കൈപിടിച്ച് നടത്തുന്നതുപോലെയാണ് അനുഭവപെട്ടത്‌. ഈ സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ കഥാപശ്ചാത്തലവും സാങ്കേതിക പ്രവർത്തകരെയും അഭിനേതാക്കളെയും കണ്ടെത്തിയപ്പോൾ തന്നെ സംവിധായകൻ വിജയിച്ചിരിക്കുന്നു. കഥ അവതരിപ്പിച്ചിരിക്കുന്നത്‌ മന്ദഗതിയിലാണ് എന്നത് ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായപ്പോൾ സിനിമയിലെ പല രംഗങ്ങളുടെയും ആവശ്യകത എന്നതാണെന്ന് വരെ പ്രേക്ഷകർ ചിന്തിച്ചുപോകും. എന്നിരുന്നാലും, ഗപ്പിയിലൂടെ അഭിനന്ദനമർഹിക്കുന്ന സംവിധാനമികവ് കൈവരിക്കുവാൻ ജോൺ പോളിനു കഴിഞ്ഞു.

സാങ്കേതികം: ⭐⭐⭐⭐
കേരളത്തിലെ കടലോര പ്രദേശത്തെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്തു രണ്ടര മണിക്കൂർ ദൃശ്യവിരുന്നു ഒരുക്കിയ ഗിരീഷ്‌ ഗംഗാധരനു അഭിനന്ദനങ്ങൾ! സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച വിഷ്വൽസ് ഈ സിനിമയുടേതാണെന്നു നിസംശയം പറയാം. ഓരോ രംഗങ്ങൾക്കും മാറ്റുകൂട്ടുന്നത്‌ വിഷ്ണു വിജയ്‌ നൽക്കിയ സംഗീതം ഒന്നുകൊണ്ടു മാത്രമാണ്. ഗപ്പിയെ നമ്മൾ നെഞ്ചോടു ചേർത്തുപിടിക്കുന്നതു പശ്ചാത്തല സംഗീതത്തിലെ മികവുകൊണ്ട് മാത്രമാണ്. വിഷ്ണു വിജയ്‌ ഈണമിട്ട അതിരലിയും എന്ന പാട്ട് മികവു പുലർത്തി. വിജയ്‌ യേശുദാസും ലതികയുമാണ് ഗായകർ. ഗപ്പിയുടെ രംഗങ്ങൾ കോർത്തിണക്കിയത് ദിലീപ് ഡെന്നീസാണ്. ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളാണ് സിനിമയുടെ ആസ്വാദനത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളിൽ ഒന്ന്. കഥയിൽ പ്രാധാന്യമില്ലാത്ത നിരവധി രംഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. ഓരോ ഫ്രേയിമും കളർഫുൾ ആക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ഈ സിനിമയുടെ കലാസംവിധായകനായ ദിൽജിത് എം.ദാസ്. സ്റ്റെഫിയുടെ വസ്ത്രാലങ്കാരവും സിനിമയോട് ചേർന്നുപോകുന്നു.

അഭിനയം: ⭐⭐⭐⭐
മാസ്റ്റർ ചേതൻ, ടൊവീനോ തോമസ്‌, ശ്രീനിവാസൻ, രോഹിണി, അലൻസിയാർ, സുധീർ കരമന, ദിലീഷ് പോത്തൻ, പൂജപ്പുര രവി, നോബി, ചെമ്പിൽ അശോകൻ, ദേവി അജിത്‌ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. മാസ്റ്റർ ചേതൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്നു നിസംശയം പറയാം. മിതത്വമാർന്ന അഭിനയത്തിലൂടെ ഗപ്പി എന്ന കഥാപാത്രത്തെ ചേതൻ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അടുത്ത വർഷത്തെ സംസ്ഥാന ചലച്ചിത്ര അംഗീകാരങ്ങൾ ചേതനെ തേടിയെത്തുമെന്നുറപ്പാണ്. തേജസ് വർക്കി എന്ന കഥാപാത്രത്തെ മികച്ച അഭിനയമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുവാൻ ടൊവീനോ തോമസിനും സാധിച്ചു. ഇവരോടൊപ്പം തന്നെ തനതായ ശൈലിയിൽ ശ്രീനിവാസനും അലൻസിയാറും സുധീർ കരമനയും രോഹിണിയും മറ്റെല്ലാ നടീനടന്മാരും മികച്ച അഭിനയം കാഴ്ചവെച്ച സിനിമയാണ് ഗപ്പി.

വാൽക്കഷ്ണം: ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെ കൊച്ചു കൊച്ചു നന്മകൾ പകരുന്ന വർണ്ണശബളമായ ഗപ്പി കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ്.

രചന, സംവിധാനം: ജോൺ പോൾ ജോർജ്
നിർമ്മാണം: മുകേഷ് ആർ.മേത്ത, എ.വി.അനൂപ്‌, സി.വി.സാരഥി
ചായാഗ്രഹണം: ഗിരീഷ്‌ ഗംഗാധരൻ
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
സംഗീതം: വിഷ്ണു വിജയ്‌
ശബ്ദമിശ്രണം: രാജകൃഷ്ണൻ
കലാസംവിധാനം: ദിൽജിത് എം.ദാസ്
ചമയം: ആർ.ജി.വയനാടൻ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
വിതരണം: ഇ ഫോർ എന്റർറ്റെയിന്മെന്റ്സ്.

പ്രേതം – ⭐⭐⭐

ഹാസ്യരസഭയാനകം ഈ പ്രേതം! – ⭐⭐⭐

ഡോക്ടറാവണം എഞ്ചിനിയറാവണം കളക്ക്റ്ററാവണം എന്നാഗ്രഹിച്ച ആളുകളെല്ലാം ഇപ്പോൾ മെന്റലിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് പ്രേതം എന്ന സിനിമയുടെയും ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രത്തിന്റെയും വിജയം. അയ്യർ ദി ഗ്രെയ്റ്റിലെ സൂര്യനാരായണനെ പോലെയാവാനും, മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയാവാനും, കമ്മീഷ്ണറിലെ ഭരത്ചന്ദ്രനെ പോലെയാവാനും കൊതിച്ച പോലെ, അടുത്ത തലമുറയിലെ കുട്ടികൾ പ്രേതത്തിലെ ജോൺ ഡോൺ ബോസ്‌കോ ആവാൻ ആഗഹിക്കുന്നതിൽ തെറ്റില്ല. കുട്ടികളെ അത്ഭുതപെടുത്തിയും കുടുംബങ്ങളെ ചിരിപ്പിച്ചു ഭയപ്പെടുത്തിയും പ്രേതം പ്രേക്ഷകരുടെ കയ്യടിനേടുന്നു.

സു…സു…സുധി വാൽക്മീകവും പുണ്യാളൻ അഗർബത്തീസും പ്രേതവും വ്യതസ്ഥമായതാണ് രഞ്ജിത്ത് ശങ്കറിനെയും ജയസൂര്യയെയും ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ-നടൻ കൂട്ടികെട്ടാക്കിയത്. ഒരുകാലത്തു ഒരു ജോഷി-മമ്മൂട്ടി സിനിമയോ, പ്രിയദർശൻ-മോഹൻലാൽ സിനിമയോ, ഷാജി കൈലാസ്-സുരേഷ് ഗോപി സിനിമയോ, സത്യൻ അന്തിക്കാട്-ശ്രീനിവാസൻ സിനിമയോ റിലീസാകുവാൻ കാത്തിരുന്നതുപോലെ ഇനിയുള്ള കാലം രഞ്ജിത്ത് ശങ്കർ-ജയസുര്യ സിനിമയ്ക്കായി കാത്തിരിക്കാം.

ഡ്രീംസ് ആൻഡ്‌ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും നടൻ ജയസൂര്യയും നിർമ്മിച്ചിരിക്കുന്ന പ്രേതം വിതരണം ചെയ്തത് സെൻട്രൽ പിക്ചേഴ്സ് ആണ്.

പ്രമേയം:⭐⭐⭐
പ്രേതമുണ്ടോ ഇല്ലയോ? എല്ലാവർക്കുമുള്ള സംശയമായാണ്. പ്രേതമുണ്ടെന്നു വിശ്വസിക്കുന്നവരുമുണ്ട് ഇല്ലാത്തവരുമുണ്ട്. പ്രേതത്തെ കണ്ടവരുമുണ്ട് കാണാത്തവരുമുണ്ട്. ദൈവമുണ്ടെങ്കിൽ അതിനെതിരെ മറ്റൊരു ശക്തിയുണ്ടെന്നു ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുന്നു. പ്രതികാര ദാഹിയായ പ്രേതത്തെ മലയാള സിനിമയിലൂടെ ഒരുപാട് കണ്ടിട്ടുണ്ട് നമ്മൾ. പ്രതികാരം ചെയ്യുന്ന പലവിധങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ, പ്രതികാരത്തിനപ്പുറം സ്വന്തം മരണകാരണം അന്വേഷിച്ചറിയുവാൻ ശ്രമിക്കുന്ന പ്രേതത്തിന്റെ കഥ മലയാള സിനിമയിൽ ഇതാദ്യം. അതിനു നിമിത്തമാകുന്ന കുറെ മനുഷ്യരും ഒരു മെന്റലിസ്റ്റും. സത്യമോ മിഥ്യയോ, പ്രേതമുണ്ടെന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കുവാൻ രഞ്ജിത്ത് ശങ്കറിന്റെ കഥയ്ക്ക്‌ സാധിച്ചു.

തിരക്കഥ:⭐⭐⭐
അവിശ്വസനീയമായ ഒരു കഥ വിശ്വസനീയമായ കഥാസന്ദർഭങ്ങളിലൂടെ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. രഞ്ജിത്ത് ശങ്കർ എന്ന എഴുത്തുകാരന്റെ മികവു വെളിവാകുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ. പ്രേതമുണ്ടെന്നു തോന്നിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ, ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന കഥാഗതി എന്നിവയാണ് തിരക്കഥയുടെ മികവ്. സംഭാഷണങ്ങളിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ മാത്രമാണ് മോശമെന്ന് പറയാനുള്ളത്. ആദ്യ പകുതിയിൽ ഹാസ്യരംഗങ്ങൾക്ക് മാറ്റുക്കൂട്ടുവാൻ ആവശ്യത്തിലധികം അസഭ്യങ്ങൾ എഴുതിവെച്ചിട്ടുണ്ട്. ഷറഫുധീൻ അവതരിപ്പിച്ച പ്രിയൻ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളിൽ ഹാസ്യമുണ്ടായിരുന്നെങ്കിലും കൂടുതലും അസഭ്യമായിരുന്നു. രണ്ടാം പകുതിയിലെ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും മികവു പുലർത്തി. കഥാവസാനം ഒരു കുറ്റാന്വേഷണ സിനിമയുടെ തലത്തിലേക്ക് ഉയരുന്നു ഈ സിനിമ. ഡോൺ ബോസ്‌കോയുടെ കഥാപാത്രരൂപീകരണവും മികച്ചതായിരുന്നു. രഞ്ജിത്ത് ശങ്കറിന് അഭിനന്ദനങ്ങൾ!

സംവിധാനം:⭐⭐⭐⭐
പാസഞ്ചർ മുതൽ സുധി വാൽക്മീകം വരെ സംവിധാനം ചെയ്തിട്ടുള്ള ഓരോ സിനിമകളും കൈകാര്യം ചെയ്ത വിഷയം വ്യതസ്ഥമായിരുന്നു. അവയിൽ നിന്നുമെല്ലാം വ്യതസ്ഥമാണ് പ്രേതം. പുതുമയുള്ള കഥാപശ്ചാത്തലം, ത്രസിപ്പിക്കുന്ന കഥാഗതി, ജയസുര്യ എന്ന നടന്റെ അഭിനയം, അജു വർഗീസ്‌-ഷറഫുധീൻ ടീമിന്റെ ഹാസ്യങ്ങൾ, ജിത്തു ദാമോദറിന്റെ വിഷ്വൽസ്, ജസ്റ്റിൻ ജോസിന്റെ ശബ്ദലേഖനം, ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതം എന്നിവയെല്ലാം കൃത്യമായ അളവിൽ ചേർത്തതുകൊണ്ടു രഞ്ജിത്ത് ശങ്കറിന് മികച്ചൊരു ഹൊറർ-കോമഡി സിനിമ അവതരിപ്പിക്കുവാൻ കഴിഞ്ഞു. മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കൾ നമ്മൾക്ക് ചുറ്റുമുണ്ടെന്നും അവരുമായി സംവദിക്കാനാകുമെന്നും വിശ്വസിപ്പിക്കാൻ രഞ്ജിത്ത് ശങ്കറിനും കൂട്ടർക്കും സാധിച്ചു. ഓരോ കഥയും അവതരിപ്പിക്കുവാൻ അനിയോജ്യമായ ലോക്കെഷനുകൾ, കഥ പറയുന്ന വേഗത, സസ്പെൻസ് നിലനിർത്തിയിരുന്ന രീതി തുടങ്ങിയ എല്ലാ ഘടഗങ്ങളും ചേരുംപടി ചേർക്കുക എന്നത് രഞ്ജിത്ത് ശങ്കറിന്റെ സംവിധാന മികവു തന്നെ.

സാങ്കേതികം:⭐⭐⭐
ജിത്തു ദാമോദർ എന്ന ഛായാഗ്രാഹകന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച വിഷ്വൽസ് പ്രേതം എന്ന സിനിമയിലെതാണ്. ചെറായി കടൽ തീരവും തിരമാലകളും അവിടെ സ്ഥിതി ചെയ്യുന്ന വലിയ വീടും രസാവഹമായ കാഴ്ചകളാണ്. അങ്ങനെയുള്ള ഒരു സ്ഥലത്തിനു ദുരൂഹതയുണ്ടെന്നു പ്രേക്ഷകർക്ക്‌ തോന്നുന്നത് ജിത്തു ദാമോദറിന്റെ ചായഗ്രഹണമികവു ഒന്നുകൊണ്ടു മാത്രമാണ്. പ്രേതത്തിന്റെ രൂപം കാണിക്കാതെ വളരെ കുറച്ചു രംഗങ്ങൾക്കൊണ്ട് ഭീതി ജനിപ്പിക്കുവാൻ ജിത്തുവിനു സാധിച്ചു. ബാഹുബലിയുടെ ശബ്ദലേഖനം നിർവഹിച്ച ജസ്റ്റിൻ ജോസാണ് പ്രേതത്തിന്റെ ശബ്ദലേഖനം നിർവഹിച്ചത്. അത്യുഗ്രൻ എന്നല്ലാതെ മറ്റൊരു വിശേഷണവുമില്ല. പ്രേതമുണ്ടെന്നു വിശ്വസിച്ചുപോകുന്ന രീതിയിലായിരുന്നു അവയോരോന്നും. അതുപോലെ മികവുതോന്നിയ മറ്റൊരു ഘടകം ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതമാണ്. രണ്ടാം പകുതിയിലെ സസ്പെൻസ് രംഗങ്ങളിലൂടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുവാൻ പശ്ചാത്തല സംഗീതത്തിനു സാധിച്ചു. സാജൻ വാസുദേവിന്റെ ചിത്രസന്നിവേശം മികവു പുലർത്തി. കഥയിൽ പ്രാധാന്യമില്ലാത്ത ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. അതുപോലെ ചടുലമായ താളത്തിൽ രംഗങ്ങൾ കോർത്തിണക്കുവാനും സാജനു സാധിച്ചു. കഥയാവശ്യപെടുന്ന തരത്തിലുള്ള ലൊക്കേഷനുകളും അവിടെ വേണ്ടവിധത്തിലുള്ള മാറ്റങ്ങൾ വരുത്തി ദുരൂഹത കൂട്ടാനുളള വസ്തുക്കൾ ഉണ്ടെന്നു ഉറപ്പുവരുത്താനും അജയ് എന്ന കലാസംവിധായകൻ മറന്നില്ല. ജോൺ ഡോൺ ബോസ്‌കോവിന്റെ വേഷവിധാനം വ്യതസ്ഥമായിരുന്നു. വെള്ള സാരിയിൽ നിന്ന് പ്രേതത്തെ മോചിപ്പിചതിനു നന്ദി, ഏവർക്കും അഭിനന്ദനങ്ങൾ!

അഭിനയം:⭐⭐⭐
വ്യതസ്ഥ കഥാപാത്രങ്ങൾ വിശ്വസനീയതയോടെ അഭിനയിച്ചു പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുക എന്നത് എളുപ്പമല്ല. മേല്പറഞ്ഞതിൽ വിജയിച്ച ഒരു നടനാണ്‌ ജയസുര്യ. ജോൺ ഡോൺ ബോസ്‌കോയായി ജയസുര്യ മികച്ച അഭിനയം കാഴ്ചവെച്ചു. ഇത്രയും തന്മയത്വത്തോടെ ഒരു കഥാപാത്രവും ജയസുര്യ അവതരിപ്പിച്ചിട്ടില്ല.അജു വർഗീസ്‌, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീൻ എന്നിവർ അവരവരുടെ കഥാപാത്രങ്ങൾ രസകരമായി അവതരിപ്പിച്ചു. ഹരീഷ് പരേഡിയും, സുനിൽ സുഖദയും, ധർമജൻ ബോൾഗാട്ടിയും, വിജയ്‌ ബാബുവും, ദേവനും, പേർളി മാണിയും, ശ്രുതി രാമകൃഷ്ണനും, ശരണ്യ മേനോനും, സതി പ്രേംജിയും അവരവരുടെ വേഷങ്ങൾ ചെറുതാണെങ്കിലും ഭംഗിയായി അവതരിപ്പിച്ചു. നൈല ഉഷ അതിഥി വേഷത്തിൽ അഭിനയിച്ചു.

വാൽക്കഷ്ണം: ചിരിപ്പിക്കുന്ന ത്രസിപ്പിക്കുന്ന ഭയപ്പെടുത്തുന്ന പ്രേതത്തിന്റെ പുതിയമുഖം!

രചന, സംവിധാനം: രഞ്ജിത്ത് ശങ്കർ
നിർമ്മാണം: രഞ്ജിത്ത് ശങ്കർ-ജയസുര്യ
ചായാഗ്രഹണം: ജിത്തു ദാമോദർ
ചിത്രസന്നിവേശം: സാജൻ വാസുദേവ്
സംഗീതം: ആനന്ദ് മധുസൂദനൻ
ശബ്ദലേഖനം: ജസ്റ്റിൻ ജോസ്
ഗാനരചന: റഫീക്ക് അഹമ്മദ്
കലാസംവിധാനം: അജയ് മാങ്ങാട്
വസ്ത്രാലങ്കാരം: അരുണ്‍ മനോഹർ, സരിത ജയസുര്യ
ചമയം: ശ്രീജിത്ത്‌ ഗുരുവായൂർ
വിതരണം: സെൻട്രൽ പിക്ചേഴ്സ്

മരുഭൂമിയിലെ ആന -⭐⭐

കേരളത്തിലിറങ്ങിയ ചളു ആന! – ⭐⭐

കോമഡി സിനിമകൾ തിയറ്ററിൽ നിറഞ്ഞോടുകയും ബിജു മേനോന്റെ സിനിമ കാണുവാൻ കുടുംബങ്ങൾ കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കഥയെന്തു തന്നെയായാലും കഥാസന്ദർഭങ്ങളിൽ യുക്തിയില്ലായെങ്കിലും സംഭാഷണങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങളുണ്ടെങ്കിലും നിർമ്മാതാക്കൾക്ക് ലാഭം കിട്ടുമെന്ന തെറ്റുധാരണയുടെ അനന്തഫലമാണ് മരുഭൂമിയിലെ ആന.

ഡേവിഡ്‌ കാച്ചപ്പിള്ളി നിർമ്മിച്ച മരുഭൂമിയിലെ ആനയുടെ കഥയെഴുതിയത് ശരത്ചന്ദ്രൻ വയനാടാണ്. സംവിധായകൻ വി.കെ.പ്രകാശിന് വേണ്ടി വൈ.വി.രാജേഷ്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ നാലാമത്തെ സിനിമയാണ് മരുഭൂമിയിലെ ആന. ബിജു മേനോൻ, കൃഷ്ണ ശങ്കർ, ഹരീഷ് പെരുമണ്ണ, ബാലു വർഗീസ്‌, ലാലു അലക്സ്, സാജു നവോദയ, സുനിൽ സുഖദ, സംസ്കൃതി ഷേണായ്, അജയ് ഘോഷ്, റോസ്ലിൻ ജോളി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

പ്രമേയം:⭐⭐
ആൾമാറാട്ടം നടത്തി പണമുണ്ടാക്കുക പ്രശ്നങ്ങൾ പരിഹരിക്കുക എന്ന പ്രമേയം 80കളിലെ ഒട്ടുമിക്ക മലയാള സിനിമകളിലും വിഷയമാക്കിയിട്ടുണ്ട്. ഗിരീഷ്‌ സംവിധാനം ചെയ്ത അക്കര നിന്നൊരു മാരൻ എന്ന സിനിമയിൽ ശ്രീനിവാസനെ അറബിവേഷം കെട്ടിച്ചു കുറെ ആളുകളെ പറ്റിക്കുന്ന രംഗമുണ്ട്. ഈ സിനിമയുടെ പ്രമേയവും ഏകദേശം അതുപോലെ തന്നെ. അറബി കേരളത്തിലെത്താൻ ഒരു കരണമുണ്ടാക്കി എന്നത് മാത്രമാണ് വ്യത്യാസം. അറബിയെ വിറ്റു കാശാക്കുക എന്ന പ്രമേയത്തിന് മാറ്റുകൂട്ടാൻ അറബി ഒരു മലയാളികൂടിയാണ് എന്ന് വരുത്തിത്തീർക്കുന്ന ഒന്ന് രണ്ടു കാരണങ്ങളും എഴുതിച്ചേർത്തു. ശരത്ചന്ദ്രൻ വയനാടാണ് ഈ സിനിമയുടെ കഥയെഴുതിയത്.

തിരക്കഥ:⭐⭐
കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും നിലവാരമില്ലാത്ത കോമഡികളും ഉറക്കമുളച്ചെഴുതിയ വൈ.വി.രാജേഷിനു നമോവാകം. കൊച്ചു കുട്ടികളുടെ കഥാപുസ്തകങ്ങളിൽ കാണുന്ന ട്വിസ്റ്റുകൾ പോലെയാണ് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നിയത്. പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുന്ന പാവപെട്ട നായകൻ. പ്രതിനായകന്റെ സ്ഥാനത്തു കാമുകിയുടെ പണക്കാരനായ അച്ഛൻ. പ്രത്യേക സാഹചര്യത്തിൽ നായകൻ തന്റെ ദുരിതങ്ങൾക്ക് പരിഹാരമായി തരികിടകൾ കാണിച്ചു പിടിച്ചുനിൽക്കുവാൻ ശ്രമിക്കുന്നു. ക്ലൈമാക്സിൽ എല്ലാവരും കള്ളത്തരങ്ങൾ അറിയുന്നു, പക്ഷെ ശുഭപര്യവസായിയായി കഥ അവസാനിക്കുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങൾ കുത്തിനിറച്ചു സമ്പൂർണ്ണ ദുരന്തമാക്കി ഈ സിനിമയുടെ തിരക്കഥ. സലാപ്സ്റ്റിക് കോമഡികളായ ഗുലുമാലും ത്രീ കിംഗ്‌സും ഒരുക്കിയ വൈ.വി.രാജേഷ്‌-വി.കെ.പി.ടീമിനു പറ്റിയ അബദ്ധമാണ് മരുഭൂമിയിലെ ആന.

സംവിധാനം:⭐⭐
യുക്തിയില്ലാത്ത കഥാസന്ദർഭങ്ങളായാലും ബിജു മേനോൻ ഉള്ളതുകൊണ്ട് പ്രേക്ഷകർ കണ്ടിരുന്നോളും എന്ന വി.കെ.പ്രകാശിന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയി. വി.കെ.പി. എന്ന പേരുകേട്ടാൽ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും കഥാനോക്കാതെ സമ്മതംമൂളും എന്നതുകൊണ്ടാണ് മരുഭൂമിയിലെ ആന പോലുള്ള സിനിമകൾക്ക്‌ നിർമ്മാതാക്കളെ ലഭിക്കുന്നത്. പരീക്ഷണ സിനിമകൾ സംവിധാനം ചെയ്യുവാൻ കഴിവുള്ള വി.കെ.പ്രകാശ്‌ ആസ്വാദ്യകരമായ ചേരുവകളെല്ലാം ഉൾപ്പെടുത്തിയാണ് മരുഭൂമിയിലെ ആന സംവിധാനം ചെയ്തിരിക്കുന്നത്. ഒരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ വിജയിച്ചു എന്നതിൽ തർക്കമില്ല. പക്ഷെ ഇത്തരത്തിലുള്ള കഥകളും തമാശകളുമുള്ള മുൻകാല സിനിമകൾ കാണാത്ത ഇന്നത്തെ തലമുറയിലെ പ്രേക്ഷകർ മാത്രമേ ചിരിക്കുന്നുള്ളു എന്ന വസ്തുത വി.കെ.പി. മനസ്സിലാകുന്നില്ല എന്നത് ദൗർഭാഗ്യകാര്യമാണ്.

സാങ്കേതികം:⭐⭐⭐
അജയ് ഡേവിഡ്‌ കാച്ചപ്പിള്ളി പകർത്തിയ ദോഹയിലെ ദൃശ്യങ്ങൾ സമ്പന്നമായിരുന്നു. കേരളത്തിലെ കാഴ്ചകൾ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ലാതെ കഥാസന്ദർഭങ്ങളോട് യോജിച്ചു പോകുന്നവയായിരുന്നു. വി.സാജനാണ് രംഗങ്ങൾ കോർത്തിണക്കിയത്. രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ അവസാനിപ്പിച്ചതിനാൽ സിനിമ കണ്ടിരുന്ന പ്രേക്ഷകരുടെ ക്ഷമ നശിച്ചില്ല. ഹരിനാരായണന്റെ വരികൾക്ക് രതീഷ്‌ വേഗ ഈണമിട്ട മണ്ണപ്പം എന്ന് തുടങ്ങുന്ന പാട്ട് മികവുറ്റതായിരുന്നു. പി.ജയചന്ദ്രനാണ് ഗായകൻ. ആ പാട്ടിന്റെ ചിത്രീകരണവും മികവു പുലർത്തി. ഈ സിനിമയുടെ പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചത് ബിജിബാലാണ്. പ്രത്യേകിച്ചു പുതുമകൾ ഒന്നുമില്ലാതെ സ്ഥിരം കോമഡി സിനിമകളിൽ കേട്ടുമറന്ന പശ്ചാത്തല സംഗീതം തന്നെയായിരുന്നു. സുജിത് രാഘവാണ് കലാസംവിധാനം. പി.എൻ.മണിയുടെ ചമയം പലയിടങ്ങളിലും പാളിപ്പോയി. പരിക്കുപറ്റിയ ബാലു വർഗീസിന്റെ കഥാപാത്രത്തിന്റെ മുഖത്തെ മുറിവുകൾ അടുത്തടുത്ത രംഗങ്ങളിൽ കൂടിയും കുറഞ്ഞുമിരുന്നു. കുമാർ എടപ്പാൾ ആണ് വസ്ത്രാലങ്കാരം.

അഭിനയം:⭐⭐⭐
തനിക്കു ലഭിക്കുന്ന വേഷമേതായാലും കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ബിജു മേനോനുള്ള കഴിവ് പ്രശംസനീയമാണ്. ജയറാമിനും ദിലീപിനും ശേഷം കുടുംബങ്ങളുടെ പ്രിയപ്പെട്ട നായകനായിമാറി ബിജു മേനോൻ. ഈ സിനിമയിലെ അറബി വേഷവും അദ്ദേഹത്തിന്റെ കഴിവുകൊണ്ട് മാത്രമാണ് ശ്രദ്ധനേടാൻ പോകുന്നത്. പ്രേമത്തിലെ കോയക്ക് ശേഷം കൃഷ്ണശങ്കറിന്‌ ലഭിച്ച നായകതുല്യ കഥാപാത്രമാണ് ഈ സിനിമയിലെത്. ആ കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിക്കുവാൻ കൃഷ്ണശങ്കറിന്‌ സാധിച്ചു. ഹരീഷ് പെരുമണ്ണയും സാജു നവോദയയുമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ ഹാസ്യ നടന്മാർ. രണ്ടുപേരും അവരവരുടെ അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. ബാലു വർഗീസ്‌ സ്ഥിരം ശൈലിയിൽ കഥാപാത്രമായി തിളങ്ങി. മരുഭൂമിയിലെ ആനയെ മുഴുവൻ നേരവും പ്രേക്ഷകർ കണ്ടിരിക്കുവാൻ കാരണം അഭിനേതാക്കളുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്.

വാൽക്കഷ്ണം: ഈ ആനയെ ഉടനടി തിരിച്ചു മരുഭൂമിയിലേക്ക് കയറ്റി അയക്കുമെന്നുറപ്പ്!

സംവിധാനം:വി.കെ.പ്രകാശ്‌
നിർമ്മാണം:ഡേവിഡ്‌ കാച്ചപ്പിള്ളി
കഥ:ശരത്ചന്ദ്രൻ വയനാട്
തിരക്കഥ,സംഭാഷണം:വൈ.വി.രാജേഷ്‌
ചായാഗ്രഹണം:അജയ് ഡേവിഡ്‌ കാച്ചപ്പിള്ളി
ചിത്രസന്നിവേശം:വി.സാജൻ
ഗാനരചന:ഹരിനാരായണൻ
സംഗീതം:രതീഷ്‌ വേഗ
പശ്ചാത്തല സംഗീതം:ബിജിബാൽ
കലാസംവിധാനം:സുജിത് രാഘവ്
ചമയം:പി.എൻ.മണി
വസ്ത്രാലങ്കാരം:കുമാർ എടപ്പാൾ
വിതരണം:ചാന്ദ് വി. ക്രിയേഷൻസ് റിലീസ്

ഇടി – ⭐⭐

അസ്ഥാനത്തു കൊള്ളുന്ന ഇടി! – ⭐⭐

കേരള കർണാടക ബോർഡറിലെ കൊളളനഹള്ളി എന്ന ഗ്രാമപ്രദേശം. വികസനം എന്താണെന്നുപോലും അറിഞ്ഞിട്ടില്ലാത്ത ഗ്രാമനിവാസികൾ. അവിടെ പൊളിഞ്ഞുകിടക്കുന്ന ഒരു കെട്ടിടമാണ് കൊള്ളനഹള്ളി പോലീസ് സ്റ്റേഷൻ. കൊലപാതകമോ അടിപിടിയോ കള്ളക്കടത്തോ കഞ്ചാവുവേട്ടയോ ഒന്നുമില്ലാത്ത ഒരു ഓണംകേറാമൂല. അത്തരത്തിലുള്ള ഒരു സ്ഥലത്തേക്ക് സ്വന്തം ആഗ്രഹപ്രകാരം ജോലിക്കെത്തുന്ന കർമ്മനിരധനായ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ഇടി.

നടനും ഗായകനുമായ സാജിദ് യഹിയയാണ് ഇടി സംവിധാനം ചെയ്തിരിക്കുന്നത്.മാജിക് ലാന്റേൺ എന്ന ബാനറിൽ ഡോക്ടർ അജാസ് ഇബ്രാഹിമും അരുണും ചേർന്ന് നിർമ്മിച്ച ഇടി വിതരണം ചെയ്തിരിക്കുന്നത് ഇറോസ് ഇന്റർനാഷണലാണ്.

പ്രമേയം:⭐
പ്രേം നസീർ-ജയൻ കാലഘട്ടം മുതൽ മലയാള സിനിമകളിൽ കണ്ടുമടുത്ത പ്രമേയവും കഥയുമാണ് ഇടിയുടേത്. കർമ്മനിരധനായ പോലീസ് ഉദ്യോഗസ്ഥനും അധോലോകത്തെ കിടുകിടാ വിറപ്പിക്കുന്ന ഒരു വില്ലനും തമ്മിലുള്ള ഏറ്റുമുട്ടൽ. നാട്ടിലെ മോഷ്ടാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു നിമിത്തം പോലെ അധോലോക സംഘത്തലവനും പോലീസ് ഉദ്യോഗസ്ഥന്റെ നോട്ടപുള്ളിയാകുന്നു. കേട്ടുപഴകിയ കഥപോലെ കണ്ടു ബോറടിച്ച സന്ദർഭങ്ങളിലൂടെ കഥാവസാനം പോലീസ് ഉദ്യോഗസ്ഥൻ വിജയിക്കുന്നു. പുതിയ പ്രമേയങ്ങളും കഥകളും പരീക്ഷിച്ചു വിജയിക്കുന്ന കാലഘട്ടത്തിൽ തമിഴ്-തെലുങ്ക്‌ സിനിമകളെ ഓർമ്മിപ്പിക്കുന്ന പോലൊരു കഥ തിരഞ്ഞെടുക്കുവാൻ സാജിദ് യഹിയ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

തിരക്കഥ:⭐
സാജിദ് യഹിയയും അറൂസ് ഇർഫാനും ചേർന്നാണ് ഇടിയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ആദ്യ രംഗം മുതൽ അവസാന രംഗം വരെയുള്ള ഒട്ടുമിക്ക എല്ലാ രംഗങ്ങളും പ്രവചിക്കാനാവുന്നതായിരുന്നു. അറൂസാണ് ഇടിയുടെ സംഭാഷണങ്ങൾ എഴുതിയത്. പഞ്ച് ഡയലോഗുകൾ ഉണ്ടെങ്കിലും അവയൊന്നും പ്രേക്ഷകരെ ആവേശത്തിലാകുന്നില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി സന്ദർഭങ്ങളിലൂടെ എന്തൊക്കയോ കുറെ ബഹളങ്ങൾ സംഭവിക്കുന്നു. ആദ്യ പകുതിയിലെ ഒന്ന് രണ്ടു സംഭാഷണങ്ങൾ ചിരിപടർത്തിയെങ്കിലും അവയൊന്നും ഈ സിനിമയ്ക്ക് ആവശ്യമുള്ളതായിരുന്നില്ല. ഒരു പുതുമുഖ സംരംഭം എന്ന പരിഗണന പോലും ഇടിയ്ക്കു ലഭിക്കുമെന്ന് തോന്നുന്നില്ല.

സംവിധാനം:⭐⭐
ആക്ഷൻ സിനിമകൾക്ക്‌ കെട്ടുറപ്പുള്ള തിരക്കഥയേക്കാൾ പ്രധാനം സാങ്കേതിക മികവാണെന്നുളള തെറ്റുധാരണ പലവർക്കുമുണ്ട്. പല ആംഗിളിൽ ഉള്ള ഷോട്ടുകളും, ചടുലതയുള്ള സന്നിവേശവും, ഇടിമുഴക്കമെന്നു തോന്നിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, സ്‌ലോ മോഷൻ നടത്തവും കൂട്ടിനുണ്ടെങ്കിൽ ആക്ഷൻ സിനിമ എളുപ്പത്തിൽ സംവിധാനം ചെയ്യാമെന്ന സാജിദ് യഹിയയുടെ തീരുമാനം തെറ്റിപ്പോയി. ആദ്യ പകുതിയിലെ സ്വപ്നം കാണുന്ന രണ്ടു സന്ദർഭങ്ങളും പുതുമയുള്ള രീതിയിൽ അവതരിപ്പിച്ചു എന്നത് മാത്രമാണ്‌ സംവിധാന മികവായി തോന്നിയത്. അന്യഭാഷാ സിനിമകൾ കണ്ട ഹാങ്ങ്ഓവറിൽ അവതരിപ്പിച്ച സാധാരണ ഒരു പോലീസ് കഥയാണ് ഇടി. ഒരു ക്ലീഷേ ആക്ഷൻ സിനിമയ്ക്ക് അനിവാര്യമായ എല്ലാ ചേരുവകളും കൃത്യമായി ചേർക്കുവാൻ സംവിധായകൻ മറക്കാത്തതുകൊണ്ടു ഒരുപക്ഷെ ജയസൂര്യ എന്ന നടന്റെ ആരാധകർക്കും, ഇടിപടങ്ങൾ ഇഷ്ടമുള്ള ഇന്നത്തെ തലമുറയ്ക്കും ഇഷ്ടമായേക്കാം ഇടി.

സാങ്കേതികം:⭐⭐⭐⭐
സൂരജ് സാരംഗ്, രാഹുൽ രാജ്, ഷമീർ മുഹമ്മദ്‌, രാജീവ്‌ കോവിലകം, ആക്ഷൻ ജി. എന്നിവരാണ് ഈ സിനിമയുടെ പ്രധാന സാങ്കേതികവശങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതവും ഷമീർ മുഹമ്മദിന്റെ സന്നിവേശവുമാണ് ഇടിയുടെ ഹൈലൈറ്റ്. ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ മികവു പുലർത്തുവാൻ കാരണം പുതുമയുള്ള രീതിയിലുള്ള സംഘട്ടന രംഗങ്ങളും രംഗങ്ങളുടെ സന്നിവേശവും പശ്ചാത്തല സംഗീതവുമാണ്. ആക്ഷൻ ജി. എന്നയാളാണ് ഈ സിനിമയുടെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ഇടി തീക്കനൽ പാറും ഇടി എന്ന പാട്ടും മികവു പുലർത്തി. സിനിമയുടെ ആരംഭം മുതൽ ചടുലതയോടെ ഓരോ രംഗങ്ങളും പുതുമയുള്ള രീതിയിൽ സന്നിവേശം ചെയ്ത ഷമീർ മുഹമ്മദ്‌ അഭിനന്ദനം അർഹിക്കുന്നു. സൂരജ് സാരംഗിന്റെ ചായാഗ്രഹണം ആക്ഷൻ സിനിമയ്ക്ക് ഉതകുന്ന രീതിയിലായിരുന്നു. കാസറഗോഡ് ലൊക്കേഷനും പുതുമ നൽക്കുന്ന ഒന്നായിരുന്നു. രാജീവ്‌ കോവിലകം ഒരുക്കിയ സെറ്റുകൾ മികവു പുലർത്തി. പ്രവീണ്‍ വർമ്മയുടെ വസ്ത്രാലങ്കാരവും റോണക്സ്‌ സേവ്യറുടെ ചമയവും ശരാശരിയിലൊതുങ്ങി.

അഭിനയം:⭐⭐⭐
ജയസൂര്യ, ജോജു ജോർജ്, സൈജു കുറുപ്പ്, യോഗ് ജപീ, സുനിൽ സുഖദ, സുധി കോപ്പ, സാജൻ പള്ളുരുത്തി, വിജയകുമാർ, മധുപാൽ, ഷെബിൻ ബിൻസൺ, ബൈജു എഴുപുന്ന, ശിവദ നായർ, വനിത കൃഷ്ണചന്ദ്രൻ, മോളി കണ്ണമാലി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ജയസൂര്യ ആദ്യമായി അഭിനയിക്കുന്ന മാസ്സ് മസാല ആക്ഷൻ സിനിമയാണ് ഇടി. ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെ തനിക്കാവുന്നവിധം അവതരിപ്പിക്കുവാൻ ജയസൂര്യക്ക് സാധിച്ചു. സിനിമയിലുടനീളം മുംബൈ പൊലീസിലെ ജയസൂര്യയുടെ കഥാപാത്രത്തിന്റെ ഹാങ്ങോവർ അഭിനയ രീതിയിൽ കണ്ടിരുന്നു. വാസു എന്ന മോഷ്ട്ടാവിന്റെ വേഷത്തിൽ ജോജു ജോർജും, യേശു എന്ന വാസുവിന്റെ സഹായിയായി സുധി കോപ്പയും നല്ല അഭിനയം കാഴ്ചവെച്ചു. മറ്റെല്ലാ അഭിനേതാക്കളും മോശമാക്കാതെ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: കേട്ടുപഴകിയൊരു കഥയും കണ്ടുമടുത്ത കഥാപാത്രങ്ങളും സ്ഥിരം അവതരണരീതിയും സമന്വയിപ്പിച്ച സിനിമയാണ് ഇടി.

സംവിധാനം: സാജിദ് യഹിയ
നിർമ്മാണം: അജാസ് ഇബ്രാഹിം, അരുണ്‍
തിരക്കഥ: അറൂസ് ഇർഫാൻ, സാജിദ് യഹിയ
സംഭാഷണം: അറൂസ് ഇർഫാൻ
ചായാഗ്രഹണം: സുജിത് സാരംഗ്
ചിത്രസന്നിവേശം: ഷമീർ മുഹമ്മദ്‌
സംഗീതം: രാഹുൽ രാജ്
കലാസംവിധാനം: രാജീവ്‌ കോവിലകം
സംഘട്ടനം: ആക്ഷൻ ജി.
വസ്ത്രാലങ്കാരം: പ്രവീണ്‍ വർമ്മ
ചമയം: റോണക്സ്‌ സേവ്യർ
ഗാനരചന: മനു മഞ്ചിത്
വിതരണം: ഇറോസ് ഇന്റർനാഷണൽ

ആൻമരിയ കലിപ്പിലാണ് – ⭐⭐

ആസ്വാദ്യകരമായ കലിപ്പത്തരങ്ങൾ – ⭐⭐

ആൻ മരിയ കലിപ്പിലാണ്! ആൻ ആരോടാണ് എന്തിനാണ് കലിപ്പിലാകുന്നത്? അവൾ എങ്ങനെയാണ് കലിപ്പ് തീർക്കുന്നത്? പൂമ്പാറ്റയും ആൻ മരിയയും ഒന്നിക്കുന്നതെന്തിനാണ്? ആൻ മരിയയേ ഏയ്ഞ്ചൽ സഹായിക്കുമോ? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് മിഥുൻ മാനുവൽ തോമസ്‌ അണിയിച്ചൊരുക്കിയ ആൻ മരിയ കലിപ്പിലാണ് എന്ന സിനിമ.

കസബയ്ക്ക് ശേഷം ഗുഡ് വിൽ എന്റർറ്റെയിൻമെന്റ്സിന്റെ ബാനറിൽ ആലീസ് ജോർജ്‌ നിർമ്മിച്ചിരിക്കുന്ന ആൻ മരിയ കലിപ്പിലാണ് വിതരണം ചെയ്തിരിക്കുന്നത് പ്ലേയ്ഹൗസാണ്‌. ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. വിഷ്ണു ശർമ്മ ചായഗ്രഹണവും, ലിജോ പോൾ ചിത്രസന്നിവേശവും, ഷാൻ റഹ്മാൻ സംഗീതവും, സൂരജ് എസ്. കുറുപ്പ് പശ്ചാത്തല സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം:⭐⭐⭐
പുതുതലമുറയിലെ കുട്ടികളുടെ ആഗ്രഹങ്ങളും അതിനുവേണ്ടി പ്രയത്നിക്കാനുള്ള അവരുടെ ഇച്ഛശക്തിയും പഴയതലമുറയിൽ നിന്നും വ്യത്യസ്ഥമാണ്. കുട്ടികളുടെ കാഴ്ചപ്പാടിൽ തന്നെ വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു. നീതി നിഷേധിക്കപ്പെടുമ്പോൾ കുട്ടികളും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. അതിനു അവർ സ്വീകരിക്കുന്ന വഴി അവരുടെ ചുറ്റുപാടിൽ നിന്നും സ്വയം മനസ്സിലാക്കിയെടുക്കുന്ന കാര്യങ്ങൾ വഴിയാണ്. കുട്ടികളുടെ ആഗ്രഹം നടക്കാതെ മനസ്സ് തളരുമ്പോൾ, അവരെ പ്രോത്സാഹിപ്പിക്കുവാൻ കെട്ടുകഥകളിലൂടെ ചില അദിർശ്യ ശക്തികളെ അവർക്കു മനസ്സിലാക്കികൊടുക്കാറുണ്ട്. കുട്ടികൾ അത് വിശ്വസിച്ചു ധൈര്യം സംഭരിച്ചു ആഗ്രഹം സാഫല്യത്തിനായി ഇറങ്ങിത്തിരിക്കും. അത്തരത്തിലുള്ള ഒരു പ്രമേയമാണ് മിഥുൻ മാനുവലിന്റെ ആൻ മരിയ കലിപ്പിലാണ് കൈകാര്യം ചെയ്യുന്ന വിഷയം.

തിരക്കഥ:⭐⭐
കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിച്ചു കണ്ടിരിക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായി സമന്വയിപ്പിച്ചാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ആദ്യ പകുതിയിലെ രംഗങ്ങൾ പലതും ആസ്വദിച്ചു കണ്ടിരിക്കാവുന്നതായിരുന്നു. കഥയിൽ പ്രാധാന്യമില്ലാത്തവയായിരുന്നു അവയിൽ ചിലതെന്ന് പിന്നീട് മനസ്സിലാകുന്നുണ്ട് എന്നത് ഒരു പോരായ്മയായി അനുഭവപ്പെടുന്നുണ്ട്. രണ്ടാം പകുതിയും ക്ലൈമാക്സും ആദ്യ പകുതിയേക്കാൾ വിശ്വസനീയമായിരുന്നു. വിശ്വസനീയതയുണ്ടെങ്കിലും പ്രവചിക്കാനാവുന്ന കഥാഗതിയിലൂടെ സിനിമ അവസാനിക്കുന്നു എന്നത് തിരക്കഥയുടെ മറ്റൊരു പോരായ്മയായി അവശേഷിക്കുന്നു. കൊച്ചു കൊച്ചു സന്ദേശങ്ങൾ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നത് അഭിനന്ദനം അർഹിക്കുന്നതാണ്‌. കുട്ടികളുടെ മനസ്സ് കാണാൻ സമയമില്ലാത്ത മാതാപിതാക്കളുടെ ജോലിത്തിരക്കുകളും, കുട്ടികളുടെ ആഗ്രഹങ്ങൾ നടത്തികൊടുക്കാത്ത അച്ഛനമ്മമാരുടെ പിടിവാശികളും മികച്ച കഥാസന്ദർഭങ്ങളിലൂടെ തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആസ്വാദനത്തിനുള്ള കഥാസന്ദർഭങ്ങൾ എഴുതിവന്നപ്പോൾ ജോണും മിഥുനും വിശ്വസനീയത എന്ന വസ്തുത മറന്നു എന്നതാണ് ഈ സിനിമയുടെ ന്യൂനത.

സംവിധാനം:⭐⭐
രസകരമായ അവതരണത്തിലൂടെ കുടുംബങ്ങളുടെയും കുട്ടികളുടെയും കയ്യടി നേടുവാൻ മിഥുനും കൂട്ടർക്കും സാധിച്ചു. ആൻ മരിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സാറ അർജുനെ തിരഞ്ഞെടുത്തതു തന്നെയാണ് ഈ സിനിമയുടെ വിജയത്തിന് കാരണം. ആദ്യ രംഗം മുതൽ കഥാവസാനം വരെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള രീതിയിലാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പക്ഷെ, ആസ്വാദ്യകരമായ അവതരണ രീതി സ്വീകരിച്ചപ്പോൾ പല രംഗങ്ങളും കൃത്രിമത്വം നിറഞ്ഞതായി അനുഭവപെട്ടു. ആദ്യ പകുതിയിലെ പല രംഗങ്ങളും തമാശക്ക് വേണ്ടി അവതരിപ്പിച്ചതുപോലെ അനുഭവപെട്ടു. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്നും മോശമായ പെരുമാറ്റമുണ്ടാകുന്ന കുട്ടികൾ അവരുടെ മാതാപിതാക്കളോട് തുറന്ന് പറയാതെ എല്ലാം സഹിക്കുന്നു എന്നതൊക്കെ അവിശ്വസനീയമായി തോന്നി. ദുൽഖർ സൽമാന്റെ അതിഥി വേഷം മികവു പുലർത്തിയെങ്കിലും ഒരു മാലാഖയെപോലെ ആൻ മരിയക്ക് ധൈര്യം പകരുന്നതിനു വേണ്ടി ക്ലൈമാക്സിൽ വരുന്നത്‌ അത്ര വിശ്വസനീയമായി തോന്നിയില്ല. അതിനു പ്രധാന കാരണം ദുൽഖറിന്റെ കഥാപാത്രത്തിനു വ്യക്തതയില്ലാത്തതുകൊണ്ടാണ്. ആട് ഒരു ഭീകര ജീവിയുമായി താരതമ്യം ചെയ്യുമ്പോൾ, സംവിധായകൻ എന്ന നിലയിൽ മിഥുൻ മാനുവൽ തോമസ്‌ ഒരുപടി മുന്നിലായി.

സാങ്കേതികം:⭐⭐⭐
ഓരോ രംഗങ്ങളും കളർഫുള്ളാക്കുവാൻ വിഷ്ണു ശർമ്മയ്ക്ക് സാധിച്ചു. ആൻ മരിയയുടെ സ്‌കൂളും വീടും കക്കാടൻ മലയും തുടങ്ങി ഈ സിനിമയിലെ ഒട്ടുമിക്ക എല്ലാ ലോക്കേഷനുകളും കഥയോട് നീതിപുലത്തുന്നവയായിരുന്നു. ഹാസ്യത്തിന് വേണ്ടി ചിത്രീകരിച്ച ഒന്ന് രണ്ടു രംഗങ്ങൾ ഒഴിവാക്കാമായിരുന്നു എന്നത് മാത്രമാണ് ഒരു കല്ലുകടിയായി തോന്നിയത്. ലിജോ പോളിന്റെ ചിത്രസന്നിവേശം വേണ്ടത്ര മികവു പുലർത്തിയില്ല. ആദ്യ പകുതിയിലെ പലയിടങ്ങളിലും ഇഴച്ചിൽ അനുഭവപെട്ടു. കാർട്ടൂൺ രംഗങ്ങൾ ഉൾപെടുത്തിയതൊക്കെ കുട്ടികൾക്ക് വേണ്ടി മാത്രമാണ് എന്നത് വ്യകതമാണ്. പിന്നീടങ്ങോടു കാർട്ടൂൺ അവതരണ രീതി കണ്ടതുമില്ല. മനു മഞ്ചിത് എഴുതി ഷാൻ റഹ്മാൻ ഈണമിട്ട ഒരേയൊരു പാട്ട് മാത്രമാണ് ഈ സിനിമയിലുള്ളത്. ഒരു വട്ടം കേട്ട് മറക്കാം എന്നതിനുമപ്പുറം സവിശേഷതയൊന്നും ആ പാട്ടിനില്ല. സൂരജ് എസ്.കുറുപ്പിന്റെ പശ്ചാത്തല സംഗീതം മികവു പുലർത്തി. ഓരോ രംഗങ്ങളും ആസ്വാദ്യകരമാക്കുവാൻ സൂരജിന്റെ പശ്ചാത്തല സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്. മെഡിക്കൽ ക്യാമ്പ് ഒരുക്കിയ സെറ്റുകൾ കൃത്രിമത്വം തോന്നി എന്നതൊഴികെ ത്യാഗുവിന്റെ കലാസംവിധാനം മോശമായില്ല. സ്റ്റെഫി സേവ്യറിന്റെ വസ്ത്രാലങ്കാരം മികവു പുലർത്തി.

അഭിനയം:⭐⭐⭐
ആൻ മരിയ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ സാറാ അർജുന് സാധിച്ചു. മറ്റൊരു ബാലതാരത്തെയും സങ്കൽപ്പിക്കാൻ പോലും സാധിക്കാത്തവിധത്തിൽ അഭിനയിച്ചു കയ്യടി നേടുവാൻ സാറയ്ക്കു കഴിഞ്ഞു. ബേബിച്ചായൻ എന്ന കഥാപാത്രത്തെ സിദ്ദിക്ക് അനശ്വരമാക്കി. ദുൽഖർ സൽമാന്റെ അതിഥി വേഷം കുട്ടികളെ രസിപ്പിച്ചുവെങ്കിലും ഈ സിനിമയ്ക്ക് വലിയ ഗുണം ചെയ്തിട്ടില്ല. സണ്ണി വെയ്‌നും അജു വർഗീസും അവരവരുടെ കഥാപാത്രങ്ങളെ മോശമാക്കാതെ അവതരിപ്പിച്ചു. വില്ലൻ വേഷത്തിലെത്തിയ ജോൺ കൈപ്പള്ളിൽ എന്ന നടന്റെ അഭിനയം മികവു പുലർത്തി. സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്, അഞ്ജലി അനീഷ്‌, വിജയകുമാർ, ധർമജൻ, സേതുലക്ഷ്മി, ബിജുക്കുട്ടൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

വാൽക്കഷ്ണം: കലിപ്പ് മരിയയെയും പൂമ്പാറ്റ ഗിരീഷിനെയും എയ്ഞ്ചലിനെയും കണ്ട കുട്ടികളും കുടുംബങ്ങളും ഹാപ്പിയാണ്!

സംവിധാനം: മിഥുൻ മാനുവൽ തോമസ്‌
നിർമ്മാണം: ആലീസ് ജോർജ്
ബാനർ: ഗുഡ് വിൽ എന്റർറ്റെയിൻമെന്റസ്
രചന: ജോൺ മന്ത്രിക്കൽ, മിഥുൻ മാനുവൽ
ചായാഗ്രഹണം: വിഷ്ണു ശർമ്മ
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: മനു മഞ്ചിത്
പശ്ചാത്തല സംഗീതം: സൂരജ് എസ്.കുറുപ്പ്
കലാസംവിധാനം: ത്യാഗു തവന്നൂർ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
ചമയം: റോണക്സ്‌ സേവ്യർ
വിതരണം: പ്ലേയ്ഹൗസ് റിലീസ്.