കെയർഫുൾ – ⭐⭐


അത്ര ബ്യുട്ടിഫുള്ളല്ല കെയർഫുൾ! – ⭐⭐

കാലികപ്രസക്തിയുള്ളൊരു പ്രമേയത്തിൽ നിന്ന് യു-ടേണെടുത്തു കെയർലെസ്സായി
അവതരിപ്പിച്ച സിനിമയാണ് കെയർഫുൾ.

റോഡപകടങ്ങൾ മൂലം നിത്യേന എത്രയോ ജീവനുകൾ പൊലിഞ്ഞുപോകുന്നു. മദ്യപ്പിച്ചു അമിത വേഗതത്തിൽ അശ്രദ്ധയോടെ വാഹനമോടിക്കുക, പാലത്തിനു മുകളിൽ ഓവർടേക്കിങ് നടത്തുക, ഗതാഗത നിയമങ്ങൾ പാലിക്കാതിരിക്കുക, അനുവദിക്കാത്ത സ്ഥലങ്ങളിൽ യു-ടേണെടുക്കുക തുടങ്ങിയവയാണ് അപകടമുണ്ടാക്കുന്ന പ്രധാന കാരണങ്ങൾ. ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് അസ്തമിക്കുന്നത്. ഈ ഓർമ്മപ്പെടുത്തലാണ് വി.കെ.പി. ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് നൽകുവാൻ ശ്രമിച്ചത്.

കന്നഡ സിനിമ യു-ടേൺ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ലഭിച്ച സിനിമകളിൽ ഒന്നാണ്. യു-ടേണിന്റെ ഔദ്യോഗിക റീമേക്കാണ് വി.കെ.പ്രകാശിന്റെ കെയർഫുൾ. രാജേഷ് ജയരാമനാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. വൈഡ് ആങ്കിൾ ക്രിയേഷൻസിനു വേണ്ടി മോഹൻലാലിന്റെ ഭാര്യ സഹോദരനും പ്രശസ്ത നിർമ്മാതാവുമായ സുരേഷ് ബാലാജിയും, ജോർജ്ജ് പയസും ചേർന്നാണ് കെയർഫുൾ നിർമ്മിച്ചത്.

പ്രമേയം: ⭐⭐
എറണാകുളത്തെ തിരക്കേറിയ ഒരു റോഡിലെ അനുവദനീയമല്ലാത്ത ഒരിടത്തു ഇരുചക്ര വാഹനങ്ങൾ യു-ടേൺ എടുത്തു അശ്രദ്ധയോടെ എതിർവശത്തേക്കു കടക്കുന്നു. അതിലെ ഒരു വാഹനം അപകടത്തിൽ പെടുന്നു. തുടർന്ന്, ആ സ്ഥലത്തു യു-ടേൺ എടുത്തവരെല്ലാം ഓരോ രീതിയിൽ കൊല്ലപ്പെടുന്നു. എങ്ങനെയാണ് ഓരോരുത്തരം കൊല്ലപ്പെടുന്നത്? ആരാണ് അതിനുത്തരവാദി? എന്നതാണ് ഈ സിനിമയുടെ കഥ. ഗൗരവമുള്ളതും ചർച്ചാ വിഷയമാക്കേണ്ടതുമായ ഒരു പ്രമേയമാണ് കെയർഫുൾ എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. അപകടങ്ങൾ പറ്റാതെ വാഹനമോടിക്കണമെങ്കിൽ നിയമലംഘനം ചെയ്യാതിരിക്കുക എന്ന സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഒരുപരിധിവരെ കഥാകൃത്തിനായി എന്നതിൽ കന്നഡ സംവിധായകൻ പവൻകുമാറിന് സന്തോഷിക്കാം. പ്രമേയത്തിൽ നിന്ന് കഥ രൂപപെടുത്തിയെടുത്തപ്പോൾ വിശ്വസനീയത നഷ്ടമായോ എന്നൊരു സംശയമില്ലാതെയില്ല. ഈയൊരു പ്രമേയം സിനിമയാക്കുമ്പോൾ ഇതിലും യുക്തിയുള്ളതും പ്രയോഗികമായതുമായ ഒരു കഥയിലൂടെ അവതരിപ്പിക്കാമായിരുന്നു എന്ന് ചിന്തച്ചവരാണ് ഭൂരിഭാഗം പ്രേക്ഷകരും.

തിരക്കഥ: ⭐⭐
നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച രാജേഷ് ജയരാമനാണ് കെയർഫുള്ളിന്റെ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിയത്. ഓരോ നിയമലംഘന യു-ടേണിനു ശേഷവും മരണങ്ങൾ സംഭവിക്കുന്നു എന്നത് ഉദ്യോഗജനകമായ രംഗങ്ങളിലൂടെ പറഞ്ഞുപോകുവാൻ രാജേഷ് ജയരാമൻ ശ്രമിച്ചിട്ടുണ്ട്. പോലീസിന്റെ അന്വേഷണ രീതിയും മാധ്യമ പ്രവർത്തകയായ ഈ സിനിമയിലെ നായികയെ ചോദ്യം ചെയ്യുന്ന രംഗങ്ങളും സംഭാഷണങ്ങളും കൃത്രിമത്വം നിറഞ്ഞതും യുക്തിക്കു നിരക്കാത്തതുമായി അനുഭവപെട്ടു. സസ്പെൻസ് നിലനിർത്തിയ രീതി ഊഹിക്കാനാവാത്ത രീതിയിലായിരുന്നുവെങ്കിലും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ
കാരണങ്ങളൊക്കെ പ്രേക്ഷകർ വിശ്വസിക്കുമോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അവിശ്വസനീയ കാരണങ്ങളാണെങ്കിലും അതിലൂടെ അർത്ഥവത്തായൊരു സന്ദേശം സമൂഹത്തിനു നൽകുവാൻ സാധിച്ചു.

സംവിധാനം: ⭐⭐
ഒന്നിനൊന്നു വ്യത്യസ്ത സിനിമകൾ സംവിധാനം ചെയ്തൊരാളാണ് വി.കെ.പ്രകാശ്. ഓരോ സിനിമയും പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ ഗൗരവം ചോർന്നു പോകാതെ ആ വിഷയം അവതരിപ്പിക്കുക എന്നത് പ്രയാസമുള്ള ഒരു കാര്യമാണ്. ആസ്വാദനത്തിനുള്ള ചേരുവകൾ ചേർക്കുമ്പോൾ കഥയുടെ ഗൗരവം നഷ്ടപ്പെടുക എന്നത് സംവിധായകന്റെ പരാജയമാണ്. ത്രസിപ്പിക്കുന്ന രംഗങ്ങൾക്ക് വേണ്ടി ഒച്ചയും ബഹളവും എന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തല സംഗീതം നൽകുക, കഥാപാത്രങ്ങൾക്ക് അനിയോജ്യരല്ലാത്തവരെ അഭിനയിപ്പിക്കുക എന്നീ മേഖലകളിലും വി.കെ.പി. എന്ന സംവിധായകൻ അശ്രദ്ധ കാണിച്ചിരിക്കുന്നു. തെറ്റ് സ്വയം മനസിലാക്കി കുറ്റബോധം തോന്നുന്ന കഥാവസാനമുള്ള രംഗങ്ങളും പുനരധിവാസം സിനിമയിലെ പാട്ടും പ്രേക്ഷകരെ സ്വാധീനിച്ചു എന്നതിൽ തർക്കമില്ല. റോക്‌സ്‌റ്റാർ, മരുഭൂമിയിലെ ആന എന്നീ രണ്ടു മോശം സിനിമകൾക്കും ശേഷം തരക്കേടില്ലാത്തൊരു തിരിച്ചുവരവാണ് വി.കെ.പ്രകാശ് നടത്തിയിരിക്കുന്നത്.

സാങ്കേതികം: ⭐⭐
ധനേഷ് രവീന്ദ്രനാഥിന്റെ ഛായാഗ്രഹണം യാതൊരു പുതുമയും സിനിമയ്ക്ക് നൽകുന്നില്ല. ഈ സിനിമയുടെ പ്രമേയം നൽകുന്ന ഭീതി റോഡപകടങ്ങൾ ചിത്രീകരിച്ചപ്പോൾ ലഭിച്ചില്ല എന്നത് ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ട്. തിരക്കേറിയ റോഡിലെ രംഗങ്ങൾ ഡോക്യൂമെന്ററി ചിത്രീകരണം പോലെയും മറ്റുള്ള രംഗങ്ങളുടെ ചിത്രീകരണത്തിൽ നിന്നും വേറിട്ട നിന്നതുപോലെയും അനുഭവപെട്ടു. ബാബു രത്നമാണ് രംഗങ്ങളുടെ സന്നിവേശം നിർവഹിച്ചത്. അനാവശ്യ കഥാപാത്രങ്ങളോ കഥാസന്ദർഭങ്ങളോ സിനിമയിലില്ല എന്നത് ബാബു രത്നത്തിന്റെ സന്നിവേശ മികവുകൊണ്ട് മാത്രമാണ്. എന്നാൽ, നായിക കിടന്നുറങ്ങുന്നത് പലയാവർത്തി കാണിക്കുന്നതിന്റെ ഔചിത്യമെന്തെന്നു മാത്രം മനസിലായില്ല. അരവിന്ദ് ശങ്കറാണ് പാട്ടുകളുടെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. പാട്ടുകൾ തരക്കേടില്ലാതെ തോന്നിയപ്പോൾ, പശ്ചാത്തല സംഗീതം അരോചകമായി തോന്നി. പൂജ രമേശിന്റെ കലാസംവിധാനം മികവ് പുലർത്തി.

അഭിനയം: ⭐⭐⭐
വിജയ് ബാബു, സന്ധ്യ രാജു, വിനീത് കുമാർ, സൈജു കുറുപ്പ്, ജോമോൾ, പാർവതി നമ്പ്യാർ, അജു വർഗീസ്, അശോകൻ, ശ്രീജിത്ത് രവി, മുകുന്ദൻ, പ്രേം പ്രകാശ്, കൃഷ്ണകുമാർ, ഭദ്ര മേനോൻ, ശ്രീജയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. സൈജു കുറുപ്പും വിജയ് ബാബുവും അവരവർക്കു ലഭിച്ച വേഷങ്ങൾ മികവോടെ അവതരിപ്പിച്ചു. നല്ല അഭിനേതാവിലേക്കുള്ള സൈജു കുറുപ്പിന്റെ വളർച്ച പ്രകടമായ കഥാപാത്രവും അഭിനയവുമായിരുന്നു ഈ സിനിമയിലേത്. വിജയ് ബാബുവിന്റെ പോലീസ് കഥാപാത്രവും നൂറു ശതമാനം വിശ്വസനീയതയോടെ അദ്ദേഹം അവതരിപ്പിച്ചു. പുതുമുഖ നടിയായ സന്ധ്യ രാജുവിനു മലയാള സിനിമയിൽ ലഭിച്ച മികച്ച തുടക്കമാണ് ഈ സിനിമയിലെ നായികാ കഥാപാത്രം. മലയാള ഉച്ഛരണത്തിൽ പോലും ശ്രദ്ധകാണിക്കുവാൻ കന്നഡ നടിയായ സന്ധ്യക്ക്‌ സാധിച്ചു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തിയ ജോമോൾ ഈ സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് അവതരിപ്പിച്ചത്. അശോകനും ശ്രീജിത് രവിയും അജു വർഗീസും പ്രേം പ്രകാശും അവരവരുടെ രംഗങ്ങളിൽ തിളങ്ങി. പാർവതി നമ്പ്യാർ വീണ്ടും അഭിനയ ശേഷിയില്ല എന്ന് തെളിയിച്ചു.

വാൽക്കഷ്ണം: കുടുംബത്തെ കെയർഫുള്ളായി സംരക്ഷിക്കണമെന്ന സന്ദേശം നൽകുന്ന തരക്കേടില്ലാത്ത സിനിമയാണ് വി.കെ.പി.യുടെ യു-ടേൺ.

സംവിധാനം: വി.കെ.പ്രകാശ്
നിർമ്മാണം: സുരേഷ് ബാലാജി, ജോർജ്ജ് പയസ്
ബാനർ: വൈഡ് ആങ്കിൾ ക്രിയേഷൻസ്
തിരക്കഥ, സംഭാഷണം: രാജേഷ് ജയരാമൻ
ഛായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്
ചിത്രസന്നിവേശം: ബാബു രത്നം
സംഗീതം: അരവിന്ദ് ശങ്കർ
ഗാനരചന: രാജീവ് നായർ
കലാസംവിധാനം: പൂജ രമേഷ്
ചമയം: ഷാജി പുൽപ്പള്ളി
വസ്ത്രാലങ്കാരം: ലിജി പ്രേമൻ
വിതരണം: മാക്സ്‌ലാബ് റിലീസ്.

മരുഭൂമിയിലെ ആന -⭐⭐

കേരളത്തിലിറങ്ങിയ ചളു ആന! – ⭐⭐

കോമഡി സിനിമകൾ തിയറ്ററിൽ നിറഞ്ഞോടുകയും ബിജു മേനോന്റെ സിനിമ കാണുവാൻ കുടുംബങ്ങൾ കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കഥയെന്തു തന്നെയായാലും കഥാസന്ദർഭങ്ങളിൽ യുക്തിയില്ലായെങ്കിലും സംഭാഷണങ്ങളിൽ ദ്വയാർത്ഥ പ്രയോഗങ്ങളുണ്ടെങ്കിലും നിർമ്മാതാക്കൾക്ക് ലാഭം കിട്ടുമെന്ന തെറ്റുധാരണയുടെ അനന്തഫലമാണ് മരുഭൂമിയിലെ ആന.

ഡേവിഡ്‌ കാച്ചപ്പിള്ളി നിർമ്മിച്ച മരുഭൂമിയിലെ ആനയുടെ കഥയെഴുതിയത് ശരത്ചന്ദ്രൻ വയനാടാണ്. സംവിധായകൻ വി.കെ.പ്രകാശിന് വേണ്ടി വൈ.വി.രാജേഷ്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ നാലാമത്തെ സിനിമയാണ് മരുഭൂമിയിലെ ആന. ബിജു മേനോൻ, കൃഷ്ണ ശങ്കർ, ഹരീഷ് പെരുമണ്ണ, ബാലു വർഗീസ്‌, ലാലു അലക്സ്, സാജു നവോദയ, സുനിൽ സുഖദ, സംസ്കൃതി ഷേണായ്, അജയ് ഘോഷ്, റോസ്ലിൻ ജോളി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

പ്രമേയം:⭐⭐
ആൾമാറാട്ടം നടത്തി പണമുണ്ടാക്കുക പ്രശ്നങ്ങൾ പരിഹരിക്കുക എന്ന പ്രമേയം 80കളിലെ ഒട്ടുമിക്ക മലയാള സിനിമകളിലും വിഷയമാക്കിയിട്ടുണ്ട്. ഗിരീഷ്‌ സംവിധാനം ചെയ്ത അക്കര നിന്നൊരു മാരൻ എന്ന സിനിമയിൽ ശ്രീനിവാസനെ അറബിവേഷം കെട്ടിച്ചു കുറെ ആളുകളെ പറ്റിക്കുന്ന രംഗമുണ്ട്. ഈ സിനിമയുടെ പ്രമേയവും ഏകദേശം അതുപോലെ തന്നെ. അറബി കേരളത്തിലെത്താൻ ഒരു കരണമുണ്ടാക്കി എന്നത് മാത്രമാണ് വ്യത്യാസം. അറബിയെ വിറ്റു കാശാക്കുക എന്ന പ്രമേയത്തിന് മാറ്റുകൂട്ടാൻ അറബി ഒരു മലയാളികൂടിയാണ് എന്ന് വരുത്തിത്തീർക്കുന്ന ഒന്ന് രണ്ടു കാരണങ്ങളും എഴുതിച്ചേർത്തു. ശരത്ചന്ദ്രൻ വയനാടാണ് ഈ സിനിമയുടെ കഥയെഴുതിയത്.

തിരക്കഥ:⭐⭐
കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളും നിലവാരമില്ലാത്ത കോമഡികളും ഉറക്കമുളച്ചെഴുതിയ വൈ.വി.രാജേഷിനു നമോവാകം. കൊച്ചു കുട്ടികളുടെ കഥാപുസ്തകങ്ങളിൽ കാണുന്ന ട്വിസ്റ്റുകൾ പോലെയാണ് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നിയത്. പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുന്ന പാവപെട്ട നായകൻ. പ്രതിനായകന്റെ സ്ഥാനത്തു കാമുകിയുടെ പണക്കാരനായ അച്ഛൻ. പ്രത്യേക സാഹചര്യത്തിൽ നായകൻ തന്റെ ദുരിതങ്ങൾക്ക് പരിഹാരമായി തരികിടകൾ കാണിച്ചു പിടിച്ചുനിൽക്കുവാൻ ശ്രമിക്കുന്നു. ക്ലൈമാക്സിൽ എല്ലാവരും കള്ളത്തരങ്ങൾ അറിയുന്നു, പക്ഷെ ശുഭപര്യവസായിയായി കഥ അവസാനിക്കുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങൾ കുത്തിനിറച്ചു സമ്പൂർണ്ണ ദുരന്തമാക്കി ഈ സിനിമയുടെ തിരക്കഥ. സലാപ്സ്റ്റിക് കോമഡികളായ ഗുലുമാലും ത്രീ കിംഗ്‌സും ഒരുക്കിയ വൈ.വി.രാജേഷ്‌-വി.കെ.പി.ടീമിനു പറ്റിയ അബദ്ധമാണ് മരുഭൂമിയിലെ ആന.

സംവിധാനം:⭐⭐
യുക്തിയില്ലാത്ത കഥാസന്ദർഭങ്ങളായാലും ബിജു മേനോൻ ഉള്ളതുകൊണ്ട് പ്രേക്ഷകർ കണ്ടിരുന്നോളും എന്ന വി.കെ.പ്രകാശിന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയി. വി.കെ.പി. എന്ന പേരുകേട്ടാൽ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും കഥാനോക്കാതെ സമ്മതംമൂളും എന്നതുകൊണ്ടാണ് മരുഭൂമിയിലെ ആന പോലുള്ള സിനിമകൾക്ക്‌ നിർമ്മാതാക്കളെ ലഭിക്കുന്നത്. പരീക്ഷണ സിനിമകൾ സംവിധാനം ചെയ്യുവാൻ കഴിവുള്ള വി.കെ.പ്രകാശ്‌ ആസ്വാദ്യകരമായ ചേരുവകളെല്ലാം ഉൾപ്പെടുത്തിയാണ് മരുഭൂമിയിലെ ആന സംവിധാനം ചെയ്തിരിക്കുന്നത്. ഒരു എന്റർറ്റെയിനർ ഒരുക്കുന്നതിൽ വിജയിച്ചു എന്നതിൽ തർക്കമില്ല. പക്ഷെ ഇത്തരത്തിലുള്ള കഥകളും തമാശകളുമുള്ള മുൻകാല സിനിമകൾ കാണാത്ത ഇന്നത്തെ തലമുറയിലെ പ്രേക്ഷകർ മാത്രമേ ചിരിക്കുന്നുള്ളു എന്ന വസ്തുത വി.കെ.പി. മനസ്സിലാകുന്നില്ല എന്നത് ദൗർഭാഗ്യകാര്യമാണ്.

സാങ്കേതികം:⭐⭐⭐
അജയ് ഡേവിഡ്‌ കാച്ചപ്പിള്ളി പകർത്തിയ ദോഹയിലെ ദൃശ്യങ്ങൾ സമ്പന്നമായിരുന്നു. കേരളത്തിലെ കാഴ്ചകൾ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ലാതെ കഥാസന്ദർഭങ്ങളോട് യോജിച്ചു പോകുന്നവയായിരുന്നു. വി.സാജനാണ് രംഗങ്ങൾ കോർത്തിണക്കിയത്. രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ അവസാനിപ്പിച്ചതിനാൽ സിനിമ കണ്ടിരുന്ന പ്രേക്ഷകരുടെ ക്ഷമ നശിച്ചില്ല. ഹരിനാരായണന്റെ വരികൾക്ക് രതീഷ്‌ വേഗ ഈണമിട്ട മണ്ണപ്പം എന്ന് തുടങ്ങുന്ന പാട്ട് മികവുറ്റതായിരുന്നു. പി.ജയചന്ദ്രനാണ് ഗായകൻ. ആ പാട്ടിന്റെ ചിത്രീകരണവും മികവു പുലർത്തി. ഈ സിനിമയുടെ പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചത് ബിജിബാലാണ്. പ്രത്യേകിച്ചു പുതുമകൾ ഒന്നുമില്ലാതെ സ്ഥിരം കോമഡി സിനിമകളിൽ കേട്ടുമറന്ന പശ്ചാത്തല സംഗീതം തന്നെയായിരുന്നു. സുജിത് രാഘവാണ് കലാസംവിധാനം. പി.എൻ.മണിയുടെ ചമയം പലയിടങ്ങളിലും പാളിപ്പോയി. പരിക്കുപറ്റിയ ബാലു വർഗീസിന്റെ കഥാപാത്രത്തിന്റെ മുഖത്തെ മുറിവുകൾ അടുത്തടുത്ത രംഗങ്ങളിൽ കൂടിയും കുറഞ്ഞുമിരുന്നു. കുമാർ എടപ്പാൾ ആണ് വസ്ത്രാലങ്കാരം.

അഭിനയം:⭐⭐⭐
തനിക്കു ലഭിക്കുന്ന വേഷമേതായാലും കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ബിജു മേനോനുള്ള കഴിവ് പ്രശംസനീയമാണ്. ജയറാമിനും ദിലീപിനും ശേഷം കുടുംബങ്ങളുടെ പ്രിയപ്പെട്ട നായകനായിമാറി ബിജു മേനോൻ. ഈ സിനിമയിലെ അറബി വേഷവും അദ്ദേഹത്തിന്റെ കഴിവുകൊണ്ട് മാത്രമാണ് ശ്രദ്ധനേടാൻ പോകുന്നത്. പ്രേമത്തിലെ കോയക്ക് ശേഷം കൃഷ്ണശങ്കറിന്‌ ലഭിച്ച നായകതുല്യ കഥാപാത്രമാണ് ഈ സിനിമയിലെത്. ആ കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിക്കുവാൻ കൃഷ്ണശങ്കറിന്‌ സാധിച്ചു. ഹരീഷ് പെരുമണ്ണയും സാജു നവോദയയുമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ ഹാസ്യ നടന്മാർ. രണ്ടുപേരും അവരവരുടെ അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. ബാലു വർഗീസ്‌ സ്ഥിരം ശൈലിയിൽ കഥാപാത്രമായി തിളങ്ങി. മരുഭൂമിയിലെ ആനയെ മുഴുവൻ നേരവും പ്രേക്ഷകർ കണ്ടിരിക്കുവാൻ കാരണം അഭിനേതാക്കളുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്.

വാൽക്കഷ്ണം: ഈ ആനയെ ഉടനടി തിരിച്ചു മരുഭൂമിയിലേക്ക് കയറ്റി അയക്കുമെന്നുറപ്പ്!

സംവിധാനം:വി.കെ.പ്രകാശ്‌
നിർമ്മാണം:ഡേവിഡ്‌ കാച്ചപ്പിള്ളി
കഥ:ശരത്ചന്ദ്രൻ വയനാട്
തിരക്കഥ,സംഭാഷണം:വൈ.വി.രാജേഷ്‌
ചായാഗ്രഹണം:അജയ് ഡേവിഡ്‌ കാച്ചപ്പിള്ളി
ചിത്രസന്നിവേശം:വി.സാജൻ
ഗാനരചന:ഹരിനാരായണൻ
സംഗീതം:രതീഷ്‌ വേഗ
പശ്ചാത്തല സംഗീതം:ബിജിബാൽ
കലാസംവിധാനം:സുജിത് രാഘവ്
ചമയം:പി.എൻ.മണി
വസ്ത്രാലങ്കാരം:കുമാർ എടപ്പാൾ
വിതരണം:ചാന്ദ് വി. ക്രിയേഷൻസ് റിലീസ്