ആടുപുലിയാട്ടം – ⭐⭐

image

ആത്മാവും ദുരാത്മാവും തമ്മിലുള്ള ആടുപുലിയാട്ടക്കളി! – ⭐⭐

വെള്ളി മുതൽ തിങ്കൾ വരെ മാത്രം സിനിമ കൊട്ടകകളിൽ പ്രദർശിപ്പിച്ച തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് ആടുപുലിയാട്ടം. തന്റെ ആദ്യ സിനിമയിലൂടെ കുടുംബകഥകൾ ഇഷ്ടപെടുന്ന സ്ത്രീകളെയും കുട്ടികളെയും കുടുകുടാ ചിരിപ്പിക്കുക എന്നതായിരുന്നു കണ്ണൻ താമരക്കുളത്തിന്റെ ലക്ഷ്യമെങ്കിൽ, രണ്ടാമത്തെ സിനിമയിലൂടെ കുടുംബങ്ങളെയും കുട്ടികളെയും പേടിപ്പിച്ചു വിറപ്പിക്കുക എന്നതായി ലക്ഷ്യം. സംവിധായകന്റെ ആഗ്രഹം സഫലീകരിപ്പിക്കുവാൻ തിരക്കഥകൃത്ത് ദിനേശ് പള്ളത്തും നിർമ്മാതാക്കൾ നൗഷാദും ഹനീഫും അഹോരാത്രം പണിയെടുത്തതിന്റെ അനന്തരഫലമാണ് ആടുപുലിയാട്ടം എന്ന കോമഡി-ഹൊറർ-ഫാമിലി ത്രില്ലർ.

പത്മശ്രീ ജയറാം, പത്മശ്രീ ഓംപുരി, രമ്യ കൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ചേർന്നാണ്. ദിനേശ് പള്ളത്താണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ജിത്തു ദാമോദർ ചായഗ്രഹണവും, സന്ദീപ്‌ നന്ദകുമാർ ചിത്രസന്നിവേശവും, രതീഷ്‌ വേഗ പശ്ചാത്തല സംഗീത സംവിധാനവും, സഹസ് ബാല കലാസംവിധാനവും, മുരുകൻസ് വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
ആടുകളെയും പുലികളെയും ഉപയോഗിച്ച് രണ്ടു വ്യക്തികൾ തമ്മിൽ കളിച്ചിരുന്ന ഒരു കളിയാണ് ആടുപുലിയാട്ടം. തെക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിൽ സജീവമായിരുന്ന ഈ കളി ഇന്ന് നിലവിലില്ല. ഒരു കുടുംബത്തിനു നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു മരണത്തിന്റെ പിന്നിലുള്ള സത്യത്തിന്റെ ചുരുളഴിയുന്ന പ്രമേയമാണ് ഹൊററിന്റെ പശ്ചാത്തലത്തിൽ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌. തമിഴ്നാട് ജില്ലയിലെ ഉൾഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സെമ്പകകോട്ടൈ എന്ന പടുകൂറ്റൻ മാളിക. ആ മാളികയിലേക്ക്‌ ഒരു ലക്ഷ്യം നിറവേറ്റുവാനായി സത്യജിത്ത് എന്നയാൾ എത്തുന്നു. ഗ്രാമവാസികൾ പോലും പോകുവാൻ ഭയക്കുന്ന സെമ്പകകോട്ടയിൽ സത്യജിത്തിനെ കാത്തിരിക്കുന്നത്‌ കുറെ മായക്കാഴ്ചകളാണ്. മഹയോഗിയുടെ നിർദേശ പ്രകാരമാണ് സത്യജിത്ത് സെമ്പകകോട്ടയിൽ എത്തുന്നത്. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ⭐
മലയാള സിനിമയിൽ നിർമ്മിക്കപെട്ട ഒട്ടുമിക്ക പ്രേതകഥകളുടെയും മൂലകഥ എന്നത് വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികാരമായി മരിച്ചയാളുടെ ആത്മാവ്  കൊന്നയാളിനെയോ അവരുടെ പിന്തലമുറക്കാരെയോ കൊന്നൊടുക്കുക എന്നതാണ്. ആ പതിവ് തെറ്റിക്കാതെ ദിനേശ് പള്ളത്ത് കൃത്യമായി ഈ സിനിമയ്ക്ക് വേണ്ടി കഥാസന്ദർഭങ്ങൾ എഴുതിയിട്ടുണ്ട്. പ്രമേയത്തോടോ കഥയോട് നീതിപുലർത്തുന്ന ഒന്നല്ല ഈ സിനിമയുടെ തിരക്കഥ. കഥാരംഭം സത്യജിത്ത് സെമ്പകകോട്ടയിൽ എത്തുന്നത്തിനുള്ള കാരണവും, യോഗിയെ അന്വേഷിച്ചിട്ടുള്ള യാത്രയും, സെമ്പകകോട്ടയിൽ അയാളെ കാത്തിരിക്കുന്ന കാഴ്ചകളും തരക്കേടില്ലാത്ത സന്ദർഭങ്ങളിലൂടെ പറയുവാൻ ദിനേശ് പള്ളത്തിനു സാധിച്ചു. പക്ഷെ, സത്യജിത്തിന്റെ ഫ്ലാഷ് ബാക്ക് രംഗങ്ങളുടെ കഥാസന്ദർഭങ്ങൾ നിരാശപെടുത്തി. പ്രവചിക്കാനാവുന്ന കഥാഗതിയും യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദർഭങ്ങളും വേണ്ടുവോളമുണ്ട് ഈ തിരക്കഥയിൽ. കഥയിൽ യാതൊരു പ്രധാന്യവുമില്ലാത്ത ചില കഥാപാത്രങ്ങൾ വെറുതെ വന്നുപോകുന്നുണ്ട്‌ ഈ സിനിമയിൽ. ഈ സിനിമയിലെ ചില സംഭാഷണങ്ങൾ രസകരമായിരുന്നുവെങ്കിലും കഥയുടെ ഗൗരവം നഷ്ടപെടുത്തുന്ന തരത്തിലായിപ്പോയി എന്നതാണ് പ്രധാന പോരായ്മകളിൽ ഒന്ന്. ഇംഗ്ലീഷ് സിനിമ ദി കോൺജ്യൂറിംഗ് എന്ന സിനിമയുടെ കഥയുമായി സമാനതകൾ ഏറെയുള്ള ഒന്നാണ് ഈ സിനിമയിലെ പ്രേതത്തിന്റെ പ്രതികാരത്തിന്റെ കാരണം എന്നത് തികച്ചും യാദിർശ്ചചികം.

സംവിധാനം: ⭐⭐
വേനലവധി കാലത്ത് സിനിമ കാണാനെത്തുന്ന കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി അവതരിപ്പിച്ചിരിക്കുന്ന സാധാരണ ഹൊറർ-ഫാന്റസി സിനിമ എന്നതിലുപരി ഒന്നും അവകാശപെടനില്ലാത്ത സിനിമയാണ് ആടുപുലിയാട്ടം. ഹാസ്യ രംഗങ്ങളിൽ അഭിനയിച്ച നടന്മാരുടെ അഭിനയമികവും, ആദ്യപകുതിയിലെ രംഗങ്ങളും ബോറടിപ്പിക്കാതെ അവതരിപ്പിക്കുവാൻ കണ്ണൻ താമരക്കുളത്തിനു കഴിഞ്ഞു. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഹൊറർ സിനിമയായിരിക്കും ആടുപുലിയാട്ടം എന്ന പ്രതീക്ഷയോടെ സിനിമ കാണാനെത്തുന്ന പ്രേക്ഷകരെ പേടിപ്പിക്കാനായില്ല എങ്കിൽ അവർ നിരാശപെടുമെന്നുറപ്പ്. ഫാന്റസി സിനിമകളിൽ യുക്തിയേക്കാൾ പ്രാധാന്യം നൽക്കേണ്ടത് വിശ്വസനീയമായി തോന്നിപ്പിക്കുന്ന ഗ്രാഫിക്സ് രംഗങ്ങളാണ്. മേല്പറഞ്ഞ രണ്ടുകാര്യങ്ങളിലും സംവിധായകൻ പരാജയപെട്ടു. തമാശ രംഗങ്ങൾ ആവശ്യത്തിലധികം ഉൾപെടുത്തി സിനിമയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. കണ്ടുമടുത്ത പശ്ചാത്തലമാണ്‌ മറ്റൊരു പ്രശ്നങ്ങിൽ ഒന്ന്. വർഷങ്ങളായി മലയാള സിനിമയിൽ കണ്ടുവരുന്ന സിനിമയുടെ അവതരണത്തിൽ നിന്ന് വ്യത്യാസവുമില്ലാതെയാണ് ആടുപുലിയാട്ടവും അവതരിപ്പിച്ചിരിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം മലയാളത്തിൽ നിർമ്മിക്കപെട്ട ഹൊറർ സിനിമയായതുകൊണ്ട് ഒരു പക്ഷെ പ്രദർശന വിജയം നേടാൻ സാധ്യതയുണ്ട്. 

സാങ്കേതികം: ⭐⭐⭐
തൊടുപുഴയിലെ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ ചിത്രീകരിച്ച ആദ്യ ഗാനരംഗം മനോഹരമായി ചിത്രീകരിക്കുവാൻ ജിത്തു ദാമോദറിനു കഴിഞ്ഞു. സെമ്പകകോട്ടയും പ്രേതങ്ങളും അവ സൃഷ്ടിച്ച ഭീകരതയും, യോഗിയെ അന്വേഷിച്ചുള്ള കാടിലൂടെയുള്ള രംഗങ്ങളും മികവു പുലർത്തി. അതേസമയം മറ്റു ചില രംഗങ്ങൾ ഒരുപാട് സിനിമകളിൽ കണ്ടുമടുത്ത അതെ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. സന്ദീപ്‌ നന്ദകുമാറിന്റെ ചിത്രസന്നിവേശം മന്ദഗതിയിലായത് സിനിമയുടെ ചടുലതയെ ബാധിച്ചിട്ടുണ്ട്. രതീഷ്‌ വേഗ ഈണമിട്ട 4 പാട്ടുകളിൽ നജീം അർഷദും റിമി ടോമിയും ആലപിച്ച ചിലും ചിലും ചിൽ താളമായി, മമ്ത  മോഹൻദാസ്‌ പാടിയ കറുപ്പാന കണ്ണഴഗി എന്നിവ മികവു പുലർത്തി. ഹൊറർ സിനിമകൾക്ക്‌ അനിയോജ്യമായ പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് നൽക്കുവാൻ രതീഷ്‌ വേഗയ്ക്ക് കഴിഞ്ഞു. ഡാൻ ജോസാണ് ശബ്ദമിശ്രണം നിർവഹിച്ചത്. 600 വർഷങ്ങൾക്കു മുമ്പുള്ള കൊട്ടാരമാണെന്നു തോന്നിപ്പിക്കുവാൻ സഹസ് ബാലയുടെ കലാസംവിധാനത്തിനായില്ല. മൊഹമ്മദ്‌ സനീഫിന്റെ മേയ്ക്കപ്പ് പല കഥാപാത്രങ്ങൾക്കും യോജിച്ചതായിരുന്നില്ല. രമ്യ കൃഷ്ണൻ അവതരിപ്പിച്ച മാതംഗിയുടെ മുഖം മാത്രം പ്രായമേറിയ അവസ്ഥയിലും കൈയ്യിലും കഴുത്തിലും പാടുകൾ ഒന്നുമില്ലാതെ തോന്നിപ്പിച്ചതും മേയ്ക്കപ്പിന്റെ അശ്രദ്ധകൊണ്ടാണ്. റബ്ബർ പന്ത് തെറിച്ചു പോകുന്ന പോലെയാണ് സംഘട്ടന രംഗങ്ങളിൽ ഗുണ്ടകൾ ഇടികൊണ്ട്‌ വീഴുന്നത്. മാഫിയ ശശിയാണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

അഭിനയം: ⭐⭐⭐
ജയറാം, രമ്യകൃഷ്ണൻ, ഓംപുരി, സിദ്ദിക്ക്, സമ്പത്ത്, പാഷാണം ഷാജി, എസ്.പി.ശ്രീകുമാർ, രമേശ്‌ പിഷാരടി, കോട്ടയം പ്രദീപ്‌, ബേബി അക്ഷര, ഷീലു എബ്രഹാം, വത്സല മേനോൻ, വീണ നായർ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ജയറാം സ്ഥിരം ശൈലിയിൽ സത്യജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാളം വഴങ്ങാത്ത ഓംപുരി തന്റെ അഭിനയമികവുകൊണ്ട് സാന്നിധ്യം അറിയിച്ചു. ഷോബി തിലകന്റെ ഡബ്ബിംഗ് മികവുപുലർത്തി. രമ്യകൃഷ്ണനും തന്റെ വേഷം മോശമാക്കാതെ അവതരിപ്പിച്ചു. ബേബി അക്ഷര എന്ന കൊച്ചുമിടുക്കി നന്നായി തന്നെ അഭിനയിച്ചു. പാഷാണം ഷാജിയും ശ്രീകുമാറും പിഷാരടിയും ഹാസ്യ രംഗങ്ങൾ നല്ലപോലെ അവതരിപ്പിച്ചു.

വാൽക്കഷ്ണം: ജയറാമിന്റെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന കേട്ടുപഴകിയൊരു പ്രേതകഥ!

സംവിധാനം: കണ്ണൻ താമരക്കുളം
നിർമ്മാണം: നൗഷാദ്‌ ആലത്തൂർ, ഹസീബ് ഹനീഫ്
ബാനർ: ഗ്രാന്റെ ഫിലിം കോർപറേഷൻ
രചന: ദിനേശ് പള്ളത്ത്
ചായാഗ്രഹണം: ജിത്തു ദാമോദർ
ചിത്രസന്നിവേശം: സന്ദീപ്‌ നന്ദകുമാർ
പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
പാട്ടുകളുടെ സംഗീതം: രതീഷ്‌ വേഗ
ഗാനരചന: കൈതപ്രം, ഹരിനാരായണൻ, മോഹൻരാജൻ, ശശികല മേനോൻ
കലാസംവിധാനം: സഹസ് ബാല
വസ്ത്രാലങ്കാരം: മുരുകൻസ്
മേയിക്കപ്പ്: മൊഹമ്മദ്‌ സനീഫ്
സംഘട്ടനം: മാഫിയ ശശി
ശബ്ദമിശ്രണം: ഡാൻ ജോസ്
വിതരണം: ആന്റോ ജോസഫ്‌ ഫിലിം കമ്പനി.