എസ്ര – ⭐⭐


സാങ്കേതിക മികവിലൊരു ജൂതമത പ്രേതകഥ! – ⭐⭐

ജൂതമതക്കാരുടെ ആചാരപ്രകാരം മരിച്ചവരുടെ ആത്മാക്കളെ ഡിബുക് എന്ന് വിളിക്കുന്നു. ഡിബുകുകളെ ആവാഹിച്ചു ഡിബുക് ബോക്സിലാക്കി തളയ്ക്കുന്നതാണ് ജൂതമതക്കാരുടെ ആചാരം. ആ ഡിബുക് ബോക്സ് ആരാൽ തുറക്കപെടുന്നുവോ, അതിൽ ആവാഹിച്ചിട്ടുള്ള ജൂതന്റെ ആത്മാവ് അയാളിലേക്ക് പ്രവേശിക്കുമെന്നാണ് ഐതിഹ്യം.

പ്രേതകഥകൾ പ്രമേയമാക്കിയ സിനിമകളിൽ ഏവരെയും വിസ്മയിപ്പിച്ച ഒന്നാണ് കൺജ്യൂറിംഗ്‌. യഥാർത്ഥ സംഭവത്തിൽ നിന്നും പ്രജോദനമുൾക്കൊണ്ടാണ് ആ സിനിമ അവതരിപ്പിച്ചിത്. അത്രയുമധികം വിശ്വസനീയതയോടെയാണ് ആ സിനിമയിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചത്. അതെ ശ്രേണിയിൽ ഒരു മലയാള സിനിമ എന്ന പ്രതീക്ഷ നൽകിക്കൊണ്ടാണ് എസ്ര പ്രദർശനത്തിനെത്തിയത്. കഥാപരമായി പുതുമ സമ്മാനിക്കുന്നില്ലായെങ്കിലും, സാങ്കേതികത്തികവോടെയുള്ള അവതരണത്താൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ എസ്രക്കു സാധിച്ചു.

നവാഗതനായ ജയ് ആർ. കൃഷ്ണൻ എന്ന ജയ് കെ. രചനയും സംവിധാനവും നിർവഹിച്ച എസ്ര നിർമ്മിച്ചിരിക്കുന്നത് മുകേഷ് ആർ.മേത്ത, സി.വി.സാരഥി, എ.വി.അനൂപ് എന്നിവർ ചേർന്നാണ്. ഇ ഫോർ എന്റർറ്റെയിന്മെന്റ്സ് ആണ് എസ്ര പ്രദർശനത്തിനെത്തിച്ചത്. സുജിത് വാസുദേവ് ഛായാഗ്രഹണവും, വിവേക് ഹർഷൻ സന്നിവേശവും, സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐⭐
കെട്ടുകഥകളേക്കാൾ അവിശ്വസനീയമാണ് ചില സത്യങ്ങൾ. അത്തരത്തിലുള്ള അവിശ്വസനീയമായ ചില സത്യങ്ങളുടെ വിശ്വസനീയമായ അവതരണമാണ് എസ്ര എന്ന ജൂതന്റെ കഥ. മലയാളികൾക്ക് സുപരിചിതമല്ലാത്ത ഒന്നാണ് ജൂതമതത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും. അതുകൊണ്ടു തന്നെ എസ്ര സിനിമയുടെ പ്രമേയം എല്ലാക്കാലവും പുതുമ സമ്മാനിക്കുന്നതാണ്. എന്നാൽ, പുതുമയുള്ള ഈ പ്രമേയത്തെ അടിസ്ഥാനമാക്കി എഴുതിയ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകർ കണ്ടുമടുത്ത കേട്ടുപഴകിയ പ്രേതകഥയ്ക്കു മുകളിൽ പോകുന്നില്ല. പ്രമേയപരമായി നോക്കിയാൽ ജൂതമതക്കാരുടെ വിശ്വാസങ്ങൾ ചർച്ചചെയ്ത സിനിമകൾ മലയാളത്തിലോ മറ്റു ഇന്ത്യൻ ഭാഷകളിലോ നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.

തിരക്കഥ: ⭐⭐
നൂറ്റിയമ്പത് കോടി ലാഭം നേടുന്ന സിനിമയായാലും പുരസ്‌കാരങ്ങൾ വാരിക്കൂട്ടുന്ന സിനിമയായാലും പ്രേക്ഷകാരുടെ അംഗീകാരം വേണമെങ്കിൽ സിനിമയിൽ പ്രധാനമായും കെട്ടുറപ്പുള്ള കഥയും കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും വേണം. സംവിധായകൻ ജയ് കെ. എഴുതിയ കഥയും കഥാസന്ദർഭങ്ങളും പ്രേക്ഷകർ കണ്ടുമടുത്ത പഴഞ്ചൻ പ്രേതകഥയെ അനുസ്മരിപ്പിക്കുന്ന ഒന്നായതാണ് ഈ സിനിമയുടെ ന്യൂനതകളിൽ പ്രധാനം. പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളിലൂടെ മുൻപോട്ടു നീങ്ങുന്ന കഥയിൽ ഒരു അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടെങ്കിലും, അത് പ്രേക്ഷകർക്ക് ഊഹിക്കാനാവുന്നതിനുപ്പുറമല്ല. കാലാകാലങ്ങളായി കണ്ടുവരുന്ന പ്രേത കഥയിൽ നിന്നും ഈ സിനിമയെ വ്യത്യസ്ഥമാക്കുന്ന ഒരു ഘടകവും തിരക്കഥയിലില്ല. മനു ഗോപാലും ജയ് കെ.യും ചേർന്നെഴുതിയ സംഭാഷണങ്ങൾ മികവുപുലർത്തി. ജൂതന്മാരുടെ വർത്തമാന ശൈലിയും അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ സംഭാഷണ രീതിയും മികവോടെ സംഭാഷണങ്ങളാക്കിയിരിക്കുന്നു. കഥാവസാനമുള്ള ബാധയൊഴിപ്പിക്കുന്ന രംഗങ്ങൾ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമല്ല എന്നതും ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സംവിധാനം: ⭐⭐⭐
നവാഗത സംവിധായകർ മലയാള സിനിമയിൽ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഒരു നവാഗത സംവിധായകൻ ഏറ്റെടുക്കാൻ മടിക്കുന്ന ഏറെ വെല്ലുവിളികളുള്ള ഒരു കഥയാണ് എസ്ര. ക്ളൈമാക്സ് രംഗങ്ങളുടെ അവതരണതിലോ ജൂതമതക്കാരുടെ അനുഷ്ടാനങ്ങൾ കാണിക്കുന്ന രംഗങ്ങളോ പ്രേക്ഷകരെ എത്രത്തോളം സ്വാധീനിച്ചു എന്നതാണ് സംശയം. ഇത്രയും ഭീകരത സൃഷ്‌ടിച്ച പ്രേതത്തിനെ ഒഴിപ്പിക്കാൻ ഇത്രയും ലളിതമായ കാര്യങ്ങൾ മതിയോ എന്നതായിരുന്നു പ്രേക്ഷകന്റെ ചോദ്യം. പറഞ്ഞു പഴകിയ ഒരു തിരക്കഥയെ അവതരണ മികവുകൊണ്ട് മികച്ചതാക്കുവാൻ സംവിധായകൻ ജയ് കെ.ക്കു സാധിച്ചു. ഒരല്പം ഇഴഞ്ഞു നീങ്ങുന്ന അവതരണ ശൈലി മാറ്റിനിർത്തിയാൽ മികച്ചൊരു ത്രില്ലർ സിനിമ തന്നെയാണ് എസ്ര. ഛായാഗ്രാഹകനും കലാസംവിധായകനും സംഗീത സംവിധായകനും ശബ്ദ രൂപീകരണം നിയന്ത്രിച്ചയാളും അഭിനേതാക്കളും മികച്ച പിന്തുണ നൽകിയതിനാൽ ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു ഹൊറർ സിനിമയൊരുക്കുവാൻ ജയ് കെ.യെ സഹായിച്ചു.

സാങ്കേതികം: ⭐⭐⭐⭐
ഭയം പ്രേക്ഷകരിലേക്ക് എത്തണമെങ്കിൽ അവർ കാണുന്ന കാഴ്ചകളും കേൾക്കുന്ന ശബ്ദങ്ങളും ഭീതി ജനിപ്പിക്കുന്നതാകണം. എസ്രയിലെ മായകാഴ്ചകൾ ചിത്രീകരിച്ചത് സുജിത് വാസുദേവും പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ചത് സുഷിൻ ശ്യാമും, ശബ്ദരൂപീകരണം നിർവഹിച്ചത് അനീഷ് ജോണും ചേർന്നാണ്. മെമ്മറീസിനു ശേഷം സുജിത് വാസുദേവിന്റെ ഏറ്റവും മികച്ച ഛായാഗ്രഹണമികവ് കണ്ടത് ഈ സിനിമയിലാണ്. അനാവശ്യമായ ക്യാമറ ഗിമ്മിക്‌സുകൾ ഒന്നുമില്ലാതെ, കളർ ടോണിലെ വ്യത്യസ്ഥതയും പുതുമയുള്ള ക്യാമറ ആംഗിളുകളും ഉപയോഗിച്ച് പ്രേക്ഷകരെ ഭയപെടുത്തുവാൻ സുജിത് വാസുദേവന് കഴിഞ്ഞിട്ടുണ്ട്. ഏബ്രാഹം എസ്രയുടെ കഥ പറയുന്ന പഴയ കാലഘട്ടത്തിലെ ഓരോ രംഗങ്ങളും മികച്ചതായിരുന്നു. ലൈലാകമേ എന്ന പാട്ടിന്റെ ചിത്രീകരണവും എടുത്തു പറയേണ്ട ഘടങ്ങളിൽ ഒന്നായിരുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം മുഴുനീള ഹൊറർ ഫീൽ കൊണ്ടുവരുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും ജോൺസൺ ഈണമിട്ട മണിച്ചിത്രത്താഴിലെ ഭീതിപരത്തുന്ന സംഗീതം പോലെ പ്രേക്ഷകർക്ക് ഓർത്തുവെയ്ക്കുവാനുള്ള ഒന്നും തന്നെ എസ്രയിലെ പശ്ചാത്തല സംഗീതത്തിനില്ല. ശബ്ദരൂപീകരണം നിർവഹിച്ച അനീഷ് ജോണും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കഥയിലുടനീളം ഒരുപാട് രംഗങ്ങൾ വലിച്ചുനീട്ടി അവതരിപ്പിച്ചതിന് ആവശ്യകത എന്തെന്ന് മനസ്സിലാകുന്നില്ല. പഴയ കാലഘട്ടത്തിൽ എസ്ര എങ്ങനെ മരിച്ചു എന്നത് മാത്രമേ പ്രസക്തിയുള്ളൂ. അയാളുടെ പ്രണയവും കൊലപാതകത്തിനു വേണ്ടിയുള്ള സാഹചര്യവും കാണിക്കേണ്ട ആവശ്യകത ഈ സിനിമയെ സംബന്ധിച്ചു പ്രസക്തിയില്ല എന്നത് ചിത്രസന്നിവേശകൻ മറന്നു. വിവേക് ഹർഷനാണ് സന്നിവേശം. ഇഴഞ്ഞു നീങ്ങുന്ന പ്രതീതി ചില രംഗങ്ങൾക്ക് തോന്നിപ്പിച്ചത് ഇതുമൂലമാണ്‌. ലൈലാകമേ എന്ന മനോഹരമായ യുഗ്മ ഗാനത്തിന് ഈണമിട്ടത് രാഹുൽ രാജാണ്. എസ്രയിലെ കലാസംവിധാനം നിർവഹിച്ചത് ഗോകുൽ ദാസാണ്. പകൽ സമയങ്ങളിൽ പോലും ഇത്രയും ഇരുട്ടുള്ള ഒരു വീട് ചില രംഗങ്ങളിൽ അവിശ്വസനീയമായി അനുഭവപെട്ടു. എന്നിരുന്നാലും, ഹൊറർ സിനിമയ്ക്ക് അനിവാര്യമായി ഘടകങ്ങളെല്ലാം ആ വീടിനുള്ളിൽ ഉപയോഗിക്കുവാൻ ഗോകുൽ ദാസ് മറന്നില്ല. പഴയ കാലഘട്ടത്തിലെ കലാസംവിധാനം ഗംഭീരമായിരുന്നു. ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്രയും മികച്ചതായിരുന്നു എസ്രയുടെ കാലഘട്ടം. ആ കാലഘട്ടത്തിലെ കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരവും മികവ് പുലർത്തി. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോഷനാണ് ചമയം.

അഭിനയം: ⭐⭐⭐
പ്രിഥ്വീരാജ്, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുദേവ് നായർ, വിജയരാഘവൻ, ബാബു ആന്റണി, സുജിത് ശങ്കർ, പ്രതാപ് പോത്തൻ, അലൻസിയാർ, അനു ശീതൾ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. രഞ്ജൻ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ പ്രിഥ്വീരാജ് ശ്രമിച്ചിട്ടുണ്ട്. ക്ലൈമാക്സ് രംഗങ്ങളിലെ അഭിനയം എടുത്തുപറയേണ്ട സവിശേഷത ഒന്നുമില്ലായില്ലെങ്കിലും, പ്രേക്ഷകർക്ക് വിശ്വസനീയമായ അളവിൽ ആ രംഗങ്ങൾ അവതരിപ്പിക്കുവാൻ അദ്ദേഹത്തിലെ നടന് സാധിച്ചു. പ്രിയ ആനന്ദും, ടോവിനോയും, സുദേവ് നായരും, വിജയരാഘവനും അവരവർക്കു ലഭിച്ച കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ സുജിത് ശങ്കർ വേണ്ടുവോളം മികവ് പുലർത്തിയില്ലെങ്കിലും, ആ കഥാപാത്രത്തിന് ശബ്ദം നൽകിയ സണ്ണി വെയ്‌‌ൻ അഭിനന്ദനം അർഹിക്കുന്നു. പ്രതാപ് പോത്തനെ പോലെയുള്ള നടന്മാരെ പ്രസക്തിയില്ലാത്ത കഥാപാത്രങ്ങളാക്കി പൂർണമായി ഉപയോഗപ്പെടുത്തുവാൻ സംവിധായകനായില്ല. ഇവരെ കൂടാതെ ചെറുതും വലുതുമായി ഒരുപിടി പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

വാൽക്കഷ്ണം: സാങ്കേതിക മികവിൽ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന എസ്രയെ ഒരുവട്ടം കണ്ടിരിക്കാം!

രചന, സംവിധാനം: ജയ് കെ.
സംഭാഷണം: മനു ഗോപാൽ
നിർമ്മാണം: മുകേഷ് ആർ.മേത്ത, സി.വി.സാരഥി, എ.വി.അനൂപ്
ഛായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: വിവേക് ഹർഷൻ
പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം
ഗാനരചന: ബി.കെ.ഹരിനാരായണൻ, വിനായക് ശശികുമാർ, അൻവർ അലി
സംഗീതം: രാഹുൽ രാജ്, സുഷിൻ ശ്യാം
കലാസംവിധാനം: ഗോകുൽ ദാസ്
ചമയം: റോഷൻ ജി.
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
സംഘട്ടനം: മിറാക്കിൽ മൈക്കൽ
ശബ്ദരൂപീകരണം: അനീഷ് ജോൺ
വിതരണം: ഇ ഫോർ എന്റർറ്റെയിന്മെന്റ്സ്.

കരിങ്കുന്നം സിക്സസ് -⭐⭐

കരിങ്കുന്നം ക്ലീഷേ സ്മാഷസ് – ⭐⭐

വോളിബോൾ ഇതിഹാസം ജിമ്മി ജോർജ് മരണമടഞ്ഞിട്ട് 30 വർഷങ്ങളാകുന്നു. ഇന്ത്യൻ വോളിബോൾ ടീമിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയതും ഏഷ്യൻ ഗെയിമ്സിൽ വെങ്കലം നേടിയതും ജിമ്മി ജോർജിന്റെ പരിശ്രമത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് വോളിബോൾ കളി പ്രമേയമാക്കിയിട്ടുള്ള മലയാളത്തിലെ ആദ്യത്തെ സിനിമയായ കരിങ്കുന്നം സിക്സസ് അവസാനിക്കുന്നത്.

ബാക്ക് വാട്ടർ സ്റ്റൂഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനും അനിൽ ബിശ്വാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന കരിങ്കുന്നം സിക്സസ് വിതരണം ചെയ്തിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിമസാണ്‌. ഫയർമാൻ എന്ന സിനിമയ്ക്ക് ശേഷം ദീപു കരുണാകരൻ സംവിധാനം നിർവഹിച്ചിരിക്കുന്ന കരിങ്കുന്നം സിക്സസിൽ മലയാള സിനിമയിലെ ഒരു നീണ്ട താരനിര അഭിനയിച്ചിരിക്കുന്നു.

മഞ്ജു വാര്യർ, അനൂപ്‌ മേനോൻ, ബാബു ആന്റണി, സുധീർ കരമന, സമുദ്രക്കനി, ബൈജു, സുരാജ് വെഞ്ഞറമൂട്, മേജർ രവി, ശ്യാമപ്രസാദ്, സുദേവ് നായർ, പത്മരാജ് രതീഷ്‌, ഗ്രിഗറി, കെവിൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദു, കോട്ടയം പ്രദീപ്‌, ശ്രീജിത്ത്‌ രവി, ഷാജി നടേശൻ, മണിയൻപിള്ള രാജു, ജഗദീഷ്, ഹരീഷ് പരേടി, വിജയകുമാർ, ബാലാജി, ഡോക്ടർ അരുണ്‍ ഡേവിഡ്‌, മണിക്കുട്ടൻ, വിവേക് ഗോപൻ, ലെന അഭിലാഷ്, അംബിക മോഹൻ, ഗായത്രി സുരേഷ്, ടാനിയ സ്റ്റാൻലി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ.

പ്രമേയം: ⭐⭐
വോളിബോൾ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിനായി തയ്യാറെടുക്കുന്ന കരിങ്കുന്നം സിക്സസ് എന്ന ടീമും ടീമംഗങ്ങളും പരിശീലകയും തമ്മിലുള്ള ആത്മബദ്ധവും, പരീശീലനവും ടൂർണമെൻറ്റും നടക്കുമ്പോൾ അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പ്രമേയമാക്കിയിട്ടുള്ള സിനിമയാണ് കരിങ്കുന്നം സിക്സസ്. ജയിലിലെ വോളിബോൾ കളിക്കുന്ന 8 കളിക്കാരെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചു വോളിബോൾ പ്രീമിയർ ലീഗിൽ കളിപ്പിക്കുന്നതിനിടയിൽ അനുഭവിക്കുന്ന വെല്ലുവിളികൾ സധൈര്യം നേരിട്ട് വിജയിക്കുന്നതാണ് ഈ സിനിമയുടെ കഥ. ഈ കഥപറയുന്നതിനിടയിയിൽ ജയിലിലെ അന്തരീക്ഷവും, വാതുവെപ്പും, നല്ല ടീമിനെ കുതന്ത്രങ്ങൾ പയറ്റി തോൽപ്പിക്കുന്നതും ചർച്ചചെയ്യുന്നുണ്ട്. അരുണ്‍ ലാൽ രാമചന്ദ്രനാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐⭐
വേട്ട എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ലാൽ ഈ വർഷമെഴുതുന്ന രണ്ടാമത്തെ ത്രില്ലർ സിനിമയാണ് കരിങ്കുന്നം സിക്സസ്. കായിക വിനോദത്തിൽ പങ്കെടുക്കുന്ന ടീമിനെയും ടീം അംഗങ്ങളെയും അവരുടെ പരിശീലനവും അവർ നേരിടുന്ന പ്രശ്നങ്ങളും അവസാനം വിജയിക്കുന്നതും ഇന്ത്യൻ സിനിമകളിലെ പല ഭാഷകളിലായി പ്രേക്ഷകർ കണ്ടുമടുത്ത കഥാസന്ദർഭങ്ങളാണ്. ആമിർ ഖാന്റെ ലഗാനും, ഷാറുഖ് ഖാന്റെ ചക്ദേ ഇന്ത്യയും, മാധവന്റെ ഇരുധി സുട്രവും പോലെ തോന്നിപ്പിക്കുന്ന കഥാസന്ദർഭങ്ങളാണ് ഈ സിനിമയിലും. കഥാപശ്ചാത്തലത്തിലും അഭിനേതാക്കളിലും അവർ കളിക്കുന്ന ഗെയിമിലും മാത്രം വ്യത്യാസം. ഒട്ടനവധി സംഭവങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമയുടെ അവസാന മിനിറ്റുകൾ വോളിബോൾ കളി കാണിക്കുന്നതും, പ്രതിസന്ധികൾക്കൊടുവിൽ കരിങ്കുന്നം സിക്സസ് ജയിക്കുന്നതെങ്ങനെ എന്ന് കാണിക്കുന്നതും വ്യതസ്ഥതപുലർത്തി. എന്നിരുന്നാലും സിനിമ കാണുന്ന പ്രേക്ഷകർക്ക്‌ സ്ഥിരം കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും കണ്ടു ബോറടിമാത്രമാണ് ബാക്കിയാവുന്നത്.

സംവിധാനം: ⭐⭐
ഒരു ത്രില്ലർ സിനിമ സംവിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സിനിമയെടുത്ത ദീപു കരുണാകരൻ എന്ന സംവിധായകൻ അക്ഷരാർത്ഥത്തിൽ വോളിബോൾ കളിയിൽ പാലിക്കേണ്ടിയിരുന്ന നിയമങ്ങൾ മറന്നിരിക്കുന്നു. പോയിന്റ് സ്‌കോർ ചെയ്യുന്ന സമയം വലയിൽ കൈകൊണ്ടു തൊടരുതെന്നും, എതിർ ടീമിലെ അംഗങ്ങളുടെ ദേഹത്തു മനപ്പൂർവമിടിച്ചാൽ ഫൗൾ ആണെന്നും വോളിബോൾ കായികവിനോദം അറിയാവുന്ന കൊച്ചുകുട്ടികൾക്കു വരെ സുപരിചിതമാണ്‌. അത്തരത്തിലുള്ള വിവരക്കേടുകൾ വോളിബോൾ പ്രീമിയർ ലീഗിൽ നടക്കുന്നു എന്നതാണോ ഇനി സംവിധായകൻ ഉദ്ദേശിച്ചത്? വോളിബോൾ കളിയറിയാത്ത പ്രേക്ഷകർക്ക്‌ ത്രില്ലടിച്ചു കണ്ടിരിക്കാവുന്ന ചേരുവകളൊക്കെ കൃത്യമായി ചേർത്തൊരുക്കുവാൻ സംവിധായകൻ മറന്നിട്ടില്ല. അതുകൊണ്ട് തന്നെ മഞ്ജു വാര്യരുടെ ആരാധകർക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ഒന്നായിരിക്കും കരിങ്കുന്നം സിക്സസ്.

സാങ്കേതികം: ⭐⭐⭐
ദീപു കരുണാകരൻ തന്നെ സംവിധാനം നിർവഹിച്ച വിൻറ്റർ എന്ന സിനിമയുടെ ഛായാഗ്രാഹകനായി മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ ജയകൃഷ്ണ ഗുമ്മാടി ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ വീണ്ടുമെത്തുന്നു സിനിമയാണിത്. വോളിബോൾ കളിയറിയാവുന്ന ഒരു ഛായാഗ്രാഹകനായിരുന്നു ജയകൃഷ്ണനെങ്കിൽ മേല്പറഞ്ഞ അബദ്ധങ്ങളൊന്നും ഈ സിനിമയിൽ സംഭവിക്കില്ലായിരുന്നു. ഏതൊരു ചായഗ്രാഹകനും ഏറെ വെല്ലുവിളികളുള്ള ഒന്നാണ് ഒരു ഗെയിം ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുക എന്നത്. ആ വിഷയത്തിൽ വിജയിക്കുവാൻ ജയകൃഷ്ണന് സാധിച്ചു. വി. സാജനാണ് രംഗങ്ങൾ കോർത്തിണക്കിയത്. കഥയിൽ പ്രാധാന്യമില്ലാത്ത രംഗങ്ങളൊന്നും തന്നെ ഈ സിനിമയിലില്ല. സിനിമയുടെ അവസാന നിമിഷങ്ങൾ വോളിബോൾ ഗെയിമടങ്ങുന്ന രംഗങ്ങൾ ചടുലമായ രീതിയിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. രാഹുൽരാജിന്റെ പാട്ടുകൾ ശ്രദ്ധ ആകർഷിക്കുന്നില്ലയെങ്കിലും പശ്ചാത്തല സംഗീതം രംഗങ്ങളോട് ചേർന്നുപോകുന്നവയായിരുന്നു. സാബു മോഹനാണ് കലാസംവിധാനം. ജയിലും വോളിബോൾ സ്റ്റേഡിയവും യഥാർത്ഥ സ്ഥലങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതുകൊണ്ടു കലാസംവിധായകന്റെ ജോലി എളുപ്പമായി.

അഭിനയം: ⭐⭐⭐
ബാബു ആന്റണി, സുധീർ കരമന, ബൈജു, ഗ്രിഗറി, സന്തോഷ്‌ കീഴാറ്റൂർ, സുദേവ് നായർ, കെവിൻ, പത്മരാജ് രതീഷ്‌ എന്നിവരാണ് കരിങ്കുന്നം സിക്സസ് ടീമിലെ അംഗങ്ങൾ. അവരുടെ പരിശീലകയായി മഞ്ജു വാര്യരും. വന്ദന എന്ന കഥാപാത്രത്തെ മഞ്ജു വാര്യർ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അനൂപ്‌ മേനോനും സുരാജ് വെഞ്ഞാറമൂടും, സുധീർ കരമനയും വ്യതസ്ഥ അഭിനയമാണ് ഈ സിനിമയിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. സമുദ്രക്കനി, മേജർ രവി തുടങ്ങിയ താരങ്ങൾ ഈ സിനിമയിൽ അതിഥി വേഷങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് വരെ പ്രമുഖ താരങ്ങളാണ്.

വാൽക്കഷ്ണം: കായിക വിനോദങ്ങൾ പ്രമേയമാക്കിയ സിനിമകൾ ഇഷ്ടപെടുന്നവർക്ക്‌ കണ്ടിരിക്കാവുന്ന സിനിമ.

സംവിധാനം: ദീപു കരുണാകരൻ
രചന: അരുണ്‍ ലാൽ രാമചന്ദ്രൻ
നിർമ്മാണം: ജയലാൽ, അനിൽ ബിശ്വാസ്
ചായാഗ്രഹണം: ജയകൃഷ്ണ ഗുമ്മടി
ചിത്രസന്നിവേശം: വി.സാജൻ
സംഗീതം: രാഹുൽ രാജ്
കലാസംവിധാനം: സാബു മോഹൻ
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ
വിതരണം: മാജിക് ഫ്രയിമസ് ത്രു മസ്തി റിലീസ്.