ഊഴം – ⭐⭐


രണ്ടാമൂഴം പിഴച്ച പ്രിഥ്വിരാജും ജീത്തു ജോസഫും – ⭐⭐

മെമ്മറീസ് എന്ന ക്രൈം ത്രില്ലർ സിനിമയ്ക്ക് ശേഷം പ്രിഥ്വിരാജും ജീത്തു ജോസഫും ഒന്നിച്ച സിനിമയാണ് ഊഴം. ട്വിസ്റ്റുകളോ സസ്പെൻസുകളോ ഇല്ലാത്ത പ്രതികാര കഥ എന്ന മുൻ‌കൂർ ജാമ്യവുമായി പുറത്തിറങ്ങിയ 2016ലെ ആദ്യ ഓണചിത്രമായ ഊഴം പറഞ്ഞു പഴകിയ സാധാരണ പ്രതികാര കഥയാണ്. തന്റെ സിനിമയിൽ ട്വിസ്റ്റുകളില്ല സസ്‌പെൻസില്ല എന്നും അമിത പ്രതീക്ഷയില്ലാതെ പ്രേക്ഷകർ സിനിമയെ നോക്കിക്കാണണമെന്നുമുള്ള ജീത്തു ജോസഫിന്റെ വിപണന തന്ത്രം രണ്ടാംവട്ടവും പാഴായി. ജീത്തുവിന്റെ ലൈഫ് ഓഫ് ജോസൂട്ടിയുടെയും പരസ്യവാചകമായിരുന്നു മേല്പറഞ്ഞത്. എന്നിട്ടും ആ സിനിമ കുടുംബപ്രേക്ഷകരെപോലും തൃപ്ത്തിപെടുത്തിയില്ല. അതെ അവസ്ഥയിലാകും ഊഴവും എന്ന് നിസംശയം പറയാം.

ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഊഴത്തിൽ പ്രിഥ്വിരാജ്, നീരജ് മാധവ്, പശുപതി, ജയപ്രകാശ്, ബാലചന്ദ്ര മേനോൻ, കിഷോർ സത്യ, ദിവ്യ പിള്ള, രസ്ന പവിത്രൻ, സീത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഷാംദത്ത് സൈനുദ്ധീൻ ചായഗ്രഹണവും, അയൂബ് ഖാൻ ചിത്രസന്നിവേശവും, അനിൽ ജോൺസൺ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പ്രമേയം: ⭐
പ്രിഥ്വിരാജ് നായകനായ അമൽ നീരദ് ചിത്രം അൻവർ, പ്രിഥ്വിരാജ്-ജോഷി സിനിമ റോബിൻഹുഡ്‌ എന്നീ സിനിമകളുടെ കഥയുമായി ഒരുപാട് സമാനതകളുള്ള കഥയാണ് ഊഴം എന്ന സിനിമയുടേതും. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയവർക്കെതിരെ സൂര്യ കൃഷ്ണമൂർത്തി നടത്തുന്ന പ്രതികാരമാണ് ഊഴം എന്ന സിനിമയുടെ കഥ. പ്രതികാരത്തിനായി സൂര്യ തിരഞ്ഞെടുക്കുന്ന വഴികൾ അവിശ്വസനീയമായി അനുഭവപെട്ടു. ജീത്തു ജോസഫ് തന്നെയാണ് ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.

തിരക്കഥ: ⭐⭐
ജീത്തു ജോസഫിന്റെ തൂലികയാൽ എഴുതപെട്ട ഡിറ്റക്ട്ടീവ്, മെമ്മറീസ്, ദൃശ്യം എന്നീ സസ്പെൻസ് ത്രില്ലർ സിനിമകളിൽ ഒന്നിൽ പോലും യുകതിയെ ചോദ്യം ചെയ്യുന്ന ഒരൊറ്റ രംഗം പോലുമുണ്ടായിരുന്നില്ല. കൃഷ്ണമൂർത്തിയുടെ കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും ആ കൊലപാതകങ്ങൾക്ക് പിന്നിലുള്ള കുറ്റവാളികളെ അന്വേഷിക്കാത്ത പോലീസുകാർ, കൃഷ്ണമൂർത്തിയുടെ മകൻ സൂര്യ നടത്തുന്ന കൊലപാതകങ്ങൾക്ക് പിന്നിലുള്ള ആളുകളെ അന്വേഷിച്ചിറങ്ങുന്ന യുക്തി മനസ്സിലാകുന്നില്ല. സൂര്യ എന്ന കഥാപാത്രം അനായാസേനെ ഓരോ വീടുകളിലും കയറി ബോംബുകൾ സെറ്റ് ചെയ്യുന്നത് അവിശ്വസനീയമായി അനുഭവപെട്ടു. അതുപോലെ, ക്ലൈമാക്സ് രംഗത്തിൽ വില്ലന്മാർ തന്നെയും സുഹൃത്തുക്കളെയും കെട്ടിയിട്ടത്തിനു ശേഷം ബോംബ്‌ ദേഹത്തു ഘടിപ്പിച്ചു തന്നെ കൊല്ലുമെന്ന് മുൻകൂട്ടി കാണുവാൻ എങ്ങനെ സൂര്യക്ക് സാധിച്ചു? ഇത്തരത്തിലുള്ള യുക്തിയെ ചോദ്യം ചെയ്യുന്ന ഒട്ടനവധി സന്ദർഭങ്ങളുള്ള പ്രതികാര കഥയാണ് ഊഴം.

സംവിധാനം: ⭐⭐⭐
ജീത്തു ജോസഫിന്റെ സംവിധാന മികവുകൊണ്ട് മാത്രമാണ് തിരക്കഥയിലുള്ള പിഴവുകൾ ഒരു പരിധിവരെ പ്രേക്ഷകർക്ക് മനസ്സിലാകാതെ അവതരിപ്പിച്ചിരിക്കുന്നത്. പ്രതികാരവും പ്രതികാരത്തിനുളവാക്കിയ സാഹചര്യങ്ങളും അവതരിപ്പിച്ചത് പുതുമയുള്ള രീതിയിലായിരുന്നു. പ്രതികാരത്തിന് സ്വീകരിച്ച വഴികളുടെ ന്യായീകരണം കഥാസന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളുടെയും സഹായത്തോടെ പറഞ്ഞുപോകുന്നുണ്ട്. പക്ഷെ, അവയോരോന്നും നടപ്പിലാക്കുന്ന വഴികൾ അവിശ്വസനീയമായിരുന്നു. ഗ്രാഫിക്സ് സഹായത്തോടെ ബോംബുകൾ പൊട്ടുന്ന രംഗങ്ങൾ കാർട്ടൂൺ സിനിമകളെ ഓർമ്മിപ്പിച്ചു. പ്രിഥ്വിരാജിന്റെ ആരാധകരെ തൃപ്തിപെടുത്തുന്ന ഒരു ശരാശരി സിനിമ എന്നതിലുപരി ഒരു സവിശേഷതയുമില്ലാത്ത ഒന്നാണ് ഊഴം.

സാങ്കേതികം: ⭐⭐⭐
ഷാംദത്ത് സൈനുദ്ധീനാണ് ഊഴത്തിന്റെ ചായാഗ്രഹണം നിർവഹിച്ചത്. സസ്പെൻസില്ലാത്ത ട്വിസ്റ്റുകളില്ലാത്ത ഒരു പ്രതികാര കഥയുടെ വിജയം എന്നത് അതിന്റെ അവതരണമാണ്. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരൊറ്റ രംഗം പോലും ഈ സിനിമയിലില്ല. ക്ലൈമാക്സ് രംഗത്തിലെ ബോംബ്‌ സ്ഫോടനത്തിനു വേണ്ടി മാത്രം മലമുകളിലേക്ക് കഥാപശ്ചാത്തലം മാറ്റിയത് അവിശ്വസനീയതയ്ക്കു ആക്കം കൂട്ടി. അയൂബ് ഖാൻ കൂട്ടിയോജിപ്പിച്ച രീതി രംഗങ്ങൾക്ക് കൂടുതൽ മികവു നൽകി. വർത്തമാനകാലവും ഭൂതകാലവും സന്നിവേശം ചെയ്തിരിക്കുന്ന രീതിയാണ് ഊഴം സിനിമയിലെ ഏക പുതുമ. അനിൽ ജോൺസൺ നൽകിയ പശ്ചാത്തല സംഗീതം ഊഴത്തിനു മാറ്റുകൂട്ടുന്ന രീതിയിലായിരുന്നു. സാബു റാം നിർവഹിച്ച കലാസംവിധാനം മികവു പുലർത്തി. ഗ്രാഫിക്സ് സഹായത്തോടെ അവതരിപ്പിച്ച ബോംബ്‌ പൊട്ടുന്ന രംഗങ്ങൾ നിലവാരമില്ലാത്ത രീതിയിലായി.

അഭിനയം: ⭐⭐⭐
സൂര്യ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ സ്ഥിരം ശൈലിയിൽ പ്രിഥ്വിരാജ് അവതരിപ്പിച്ചു. കൃഷ്ണമൂർത്തിയുടെ വളർത്തു മകൻ അജ്മലായി നീരജ് മാധവും, കാപ്റ്റൻ എന്ന വില്ലൻ കഥാപാത്രമായി പശുപതിയും, വിൽഫ്രഡ് എന്ന മറ്റൊരു വില്ലനായി ജയപ്രകാശും അഭിനയ മികവു പുലർത്തി. കൃഷ്ണമൂർത്തിയായി ബാലചന്ദ്രമേനോൻ അതിമനോഹരമായി അഭിനയിച്ചു. ദിവ്യ പിള്ള, രസ്ന പവിത്രൻ, സീത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങളിലെത്തിയ നടന്മാരുടെ അഭിനയം പരിതാപകരമായിരുന്നു. ഇർഷാദ്, കിഷോർ സത്യ എന്നിവരും ഈ സിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

വാൽക്കഷ്ണം: കണ്ടുമടുത്ത പ്രതികാര വീഥികളിലൂടെ സഞ്ചരിക്കുന്ന പുതുമകളില്ലാത്ത ഒരു സിനിമയാണ് ഊഴം.

രചന, സംവിധാനം: ജീത്തു ജോസഫ്
നിർമ്മാണം: ജി.ജോർജ്, ആന്റോ പടിഞ്ഞാറേക്കര, ജിനു മാത്യു
ചായാഗ്രഹണം: ഷാംദത്ത് സൈനുദ്ധീൻ
ചിത്രസന്നിവേശം: അയൂബ് ഖാൻ
സംഗീതം: അനിൽ ജോൺസൺ
ഗാനരചന: സന്തോഷ് വർമ്മ, അമിത് കുമരൻ
കലാസംവിധാനം: സാബു റാം
ചമയം: റഹിം കൊടുങ്ങല്ലൂർ
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്.