അലമാര – ⭐⭐


അലമാര ഒരു നിരുപദ്രവ വസ്തുവാണ്! – ⭐⭐

അലമാരയ്ക്കുളിലെ ഭീകര ജീവിയെ കണ്ടാസ്വദിക്കാൻ പോയ പ്രേക്ഷകർ നിരാശയോടെ മടങ്ങുകയും സംവിധായകനോട് കലിപ്പിലാകുകയും ചെയ്തു എന്നാണു മലയാള സിനിമ ലോകത്തെ പുതിയ വാർത്ത.

ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ് എന്നീ സിനിമകൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാരയ്ക്കുളിലെ കാഴ്ച്ചകൾ കണ്ടുമടുത്തതും കേട്ടുപഴകിയതുമാണ്. തൊണ്ണൂറുകളിലെ ജയറാം-രാജസേനൻ സിനിമകളെ ഓർമ്മിപ്പിക്കുന്ന കഥയും കഥാസന്ദർഭങ്ങളും കഥാഗതിയും അവതരണവുമാണ് ഈ സിനിമയുടേതും. നവദമ്പതികളുടെ കുടുംബ ജീവിതത്തിൽ ഒരു അലമാര മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ജോൺ മന്ത്രിക്കലാണ് അലമാരയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്.

സണ്ണി വെയ്ൻ, പുതുമുഖം അദിതി രവി, രഞ്ജി പണിക്കർ, മണികണ്ഠൻ ആചാരി, അജു വർഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, സാദിഖ്, ഇന്ദ്രൻസ്, സീമ ജി.നായർ എന്നിവരാണ് അലമാരയിലെ അഭിനേതാക്കൾ. ഫുൾ ഓൺ സ്റ്റൂഡിയുസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന അലമാര വിതരണം ചെയ്തിരിക്കുന്നത് ലാൽജോസിന്റെ എൽ.ജെ.ഫിലിംസാണ്.

പ്രമേയം: ⭐⭐
നവയുഗ ദമ്പതിമാരുടെ സ്വകാര്യതയ്ക്കിടയിൽ അമിതമായി ഇടപെടുന്ന മാതാപിതാക്കളും ബന്ധുക്കളും ഒരുപരിധി വരെ ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ വഷളാക്കുകയാണ് ചെയ്യുന്നത്. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മഹേഷ് ഗോപാൽ എഴുതിയ കഥ. പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ല എങ്കിലും എല്ലാ കാലഘട്ടത്തിലും ഒരു ശരാശരി മലയാളി കുടുംബത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു വിഷയമാണ് ഈ സിനിമയിലൂടെ ചർച്ചചെയ്യുന്നത്. അത് ഹാസ്യരൂപേണ അവതരിപ്പിക്കുവാൻ അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തത് ഒരു അലമാരയായിരുന്നു.

തിരക്കഥ: ⭐⭐
ജോൺ മന്ത്രിക്കൽ എഴുതിയ കഥാസന്ദർഭങ്ങൾ ലവലേശം കഴമ്പില്ലാത്ത ഒന്നായിട്ടാണ് പ്രേക്ഷകർക്ക് തോന്നിയത്. ജയറാം അഭിനയിച്ച നിരവധി സിനിമകളിലും മലയാള ടെലിവിഷൻ സീരിയലുകളും നമ്മൾ കണ്ടിട്ടുള്ള കഥാസന്ദർഭങ്ങൾ അതേപടി തിരക്കഥയിൽ ഉൾപെടുത്തിയതുപോലെ അനുഭവപെട്ടു. ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകളുണ്ടോ എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് സിനിമയിലുടനീളം. സംഭാഷണങ്ങളിലുള്ള നർമ്മമാണ് ഒരല്പമെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്നത്. അവിശ്വസനീയ രംഗങ്ങൾ കുത്തിനിറച്ച ഈ തിരക്കഥ ഏതു രീതിയിലാണ് സണ്ണി വെയ്‌നിനെ ആകർഷിച്ചത് എന്ന മനസിലാകുന്നില്ല. ഇത്രയും പഠിപ്പും വിവരവുമുള്ള ഒരു ചെറുപ്പക്കാരന് കേവലം ഒരു അലമാര മൂലമുണ്ടാകുന്ന ബാലിശമായ പ്രശനങ്ങൾ ഒത്തുതീർപ്പാക്കാൻ സാധിക്കുന്നില്ല എന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ആക്ഷേപഹാസ്യേനെയുള്ള അവതരണമായിരുന്നുവെങ്കിൽ മേല്പറഞ്ഞ തെറ്റുകുറ്റങ്ങൾ ഒരുപരിധി വരെ പ്രേക്ഷകർ ക്ഷമിക്കുമായിരുന്നു. ഈ അലമാര ഒരു നിരുപദ്രവ ജീവിയാണെന്ന് പ്രേക്ഷകർ വിധിയെഴുതി കഴിഞ്ഞു.

സംവിധാനം: ⭐⭐
അവതരണത്തിന്റെ പുതുമകൊണ്ട് ശ്രദ്ധ നേടിയ ഒന്നാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുള്ള സിനിമയായിരുന്നു ആൻ മരിയ കലിപ്പിലാണ്. മേല്പറഞ്ഞ സിനിമകളിലുള്ള സവിശേഷതകൾ രണ്ടുമില്ലാത്ത സിനിമയാണ് അലമാര. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ നല്ല മുഹൂർത്തങ്ങൾ കണ്ടെത്താൻ പ്രേക്ഷകർ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. കൃത്രിമത്വം നിറഞ്ഞതും ഏച്ചുകെട്ടലുകൾ തോന്നിപ്പിക്കുന്നതുമായ അവതരണ രീതിയാണ് പ്രേക്ഷകരെ ഏറെ മുഷിപ്പിച്ചത്. പെൺവീട്ടുകാർ അലമാര വീടിനകത്തു കൊണ്ടുചെല്ലുമ്പോൾ അവർ കേൾക്കെ പരദൂഷണം പറയുക, അലമാര ബാംഗളൂരിലെ വീട്ടിലേക്കു കൊണ്ടുപോകാത്തതിന് പെൺകുട്ടിയുടെ അച്ഛൻ മരുമകനോട് അത് ആവശ്യപ്പെടുന്ന രീതി, അലമാര തുറക്കാൻ സാധിക്കാത്ത അവസരത്തിൽ ആ ജോലി ഒരു മോഷ്ട്ടാവിനെ ഏൽപ്പിക്കുക തുടങ്ങിയ ഒട്ടനവധി രംഗങ്ങളുടെ അവതരണം അവിശ്വസനീയമായി അനുഭവപെട്ടു. എന്തു കോമാളിത്തരം കാണിച്ചാലും പ്രേക്ഷകർ അത് കണ്ടിരിക്കും എന്ന സംവിധായകന്റെ ചിന്ത അസ്ഥാനത്തായി. ടോറന്റിൽ പ്രദർശന വിജയം നേടിയാലും മതി എന്ന തോന്നലാണോ ഇതിനു പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിലും മികച്ച സിനിമയുമായി മിഥുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നു.

സാങ്കേതികം: ⭐⭐⭐
സതീഷ് കുറുപ്പ് പകർത്തിയ അലമാര കാഴ്ചകൾ ശരാശരി നിലവാരം പുലർത്തി. കണ്ടുമടുത്ത കാഴ്ചകൾക്ക് അപ്പുറത്തേക്ക് സിനിമയുടെ രംഗങ്ങൾ സഞ്ചരിക്കുന്നില്ല. ബാംഗ്ലൂർ നഗരത്തിലെ കാഴ്ച്ചകൾക്കും പുതുമയില്ല. സതീഷ് പകർത്തിയ രംഗങ്ങൾ വേഗതയോടെ കോർത്തിണക്കുവാൻ ലിജോ പോളിന് സാധിച്ചു. പഴയകാല മലയാള സിനിമകളെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു രംഗങ്ങളുടെ ചിത്രീകരണവും സന്നിവേശവും. സമീപകാലത്തെ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നാണ് മനു മഞ്ജിത് എഴുതി സൂരജ് എസ്. കുറുപ്പ് ഈണമിട്ട “പൂവാകും നീയെൻ അരികിൽ ഇല്ലെങ്കിൽ ശലഭമാം ഞാനേകനല്ലേ” എന്ന ഗാനം. നല്ല വരികളും അതിനിണങ്ങിയ സംഗീതവും വിജയ് യേശുദാസ്-അഞ്ജു ജോസഫ് എന്നിവരുടെ ഗാനാലാപനവും മേല്പറഞ്ഞ ഗാനത്തിന്റെ മാറ്റുകൂട്ടി. സൂരജ് എസ്.കുറുപ്പിന്റെ പശ്ചാത്തല സംഗീതമാണ് സംവിധായകനെ സഹായിച്ച പ്രധാന ഘടകം. ഓരോ രംഗങ്ങൾക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നൽകുവാൻ സൂരജിന് സാധിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അരുൺ വെഞ്ഞാറമൂടാണ് അലമാരയുടെ മൂന്ന് കാലഘട്ടങ്ങളിലുള്ള രൂപമാറ്റങ്ങൾ ഒരുക്കിയത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ ചമയവും നിർവഹിച്ചിരിക്കുന്നു.

അഭിനയം: ⭐⭐⭐
പുതുമുഖ നടന്മാരിൽ തനതായ ശൈലികൊണ്ട് വേറിട്ട നിൽക്കുന്ന അഭിനയമാണ് സണ്ണി വെയ്ൻ എന്ന നടന്റെത്. ക്യാമറയ്ക്കു മുമ്പിൽ അഭിനയിക്കുക എന്ന തോന്നലുണ്ടാക്കാത്ത അങ്ങേയറ്റം ലളിതമായിട്ടാണ് സണ്ണി ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച മണികണ്ഠൻ ആചാരി ഈ സിനിമയിൽ സുപ്രൻ എന്ന അമ്മാവൻ കഥാപാത്രത്തെയാണ് ഏറെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ അഭിനയിച്ചതിൽ നിന്നും വ്യത്യസ്തതയുള്ള കഥാപാത്രമായ ഒരു പെൺങ്കോന്തൻ ഭർത്താവിന്റെ റോളിൽ രഞ്ജി പണിക്കർ തിളങ്ങി. പുതുമുഖം അദിതി രവി നായിക കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചു. അജു വർഗീസും, സൈജു കുറുപ്പും, സുധി കോപ്പയും അവരവരുടെ രംഗങ്ങളിൽ മിതത്തോടെയും മികവോടെയും അഭിനയിച്ചു. ഏറെ വ്യത്യസ്തമായ ഒരു വില്ലൻ വേഷത്തിൽ ഇന്ദ്രൻസും മികച്ച പ്രകടനം കാഴ്ചവെച്ചു. സീമ ജി.നായർ തന്റെ സ്വതസിദ്ധമായ രീതിയിൽ അമ്മ വേഷം അവതരിപ്പിച്ചു. ഇവരെ കൂടാതെ ചെറിയ വേഷങ്ങളിൽ പുതുമുഖ നടീനടന്മാരും അഭിനയിച്ചിട്ടുണ്ട്.

വാൽക്കഷ്ണം: പ്രവചിക്കാനാവുന്ന കഥാസന്ദർഭങ്ങളുടെ കൃത്രിമത്വം നിറഞ്ഞ അവതരണമാണ് അലമാര.

സംവിധാനം: മിഥുൻ മാനുവൽ തോമസ്
നിർമ്മാണം: ഫുൾ ഓൺ സ്റ്റൂഡിയോസ്
കഥ: മഹേഷ് ഗോപാൽ
തിരക്കഥ, സംഭാഷണം: ജോൺ മന്ത്രിക്കൽ
ഛായാഗ്രഹണം: സതീഷ് കുറുപ്പ്
ചിത്രസന്നിവേശം: ലിജോ പോൾ
സംഗീതം: സൂരജ് എസ്. കുറുപ്പ്
ഗാനരചന: മനു മഞ്ജിത്
കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്
ചമയം: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: എൽ.ജെ.ഫിലിംസ്.